ഇസ്‌ലാം ഉപേക്ഷിച്ച് ഈ ഹുദവി സ്വതന്ത്രചിന്തയില്‍; വധഭീഷണി നേരിടുന്ന അസ്‌ക്കര്‍ അലിക്ക് ഐക്യദാര്‍ഢ്യം!


“കുടെ വരില്ല എന്ന് തീര്‍ത്ത് പറഞ്ഞപ്പോള്‍ അവരുടെ സ്വഭാവം മാറി. ഇവര്‍ എന്നെ ഇടിക്കാന്‍ തുടങ്ങി. മുഖത്തൊക്കെ ഇടിച്ചു. ഡ്രസ് വലിച്ചു കീറി. അതിനുമേമ്പെ അവര്‍ എന്റെ ഫോണ്‍ പൊട്ടിച്ച് കളഞ്ഞിരുന്നു. ഇടിച്ചശേഷം ആറുപേര്‍ ചേര്‍ന്ന് എന്നെ വണ്ടിയിലേക്ക് തള്ളിക്കയറ്റി. ‘വലിച്ചുകേറ്റ് അവനെ’ എന്ന് പറഞ്ഞുകൊണ്ടാണ്, അവര്‍ ചെയ്യുന്നത്. തട്ടിക്കൊണ്ടുപോകല്‍ തന്നെയാണ് നടന്നത്. ഇവര്‍ എന്നെ വലിച്ചിട്ട് ഇന്നോവയുടെ ബാക്ക് ഭാഗത്തേക്ക് വെച്ചു. അപ്പറുവും ഇപ്പുറവും ഇരുന്ന് രണ്ട് പേര്‍ എന്റെ ഷോള്‍ഡറില്‍ മുറിക്കിപ്പിടിക്കുന്നുണ്ട്. പിന്നെ ഒരുത്തന്‍ വന്ന് എന്റെ ശരീരത്തെ മറച്ചുപടിക്കുന്ന രീതിയില്‍ എന്റെ പുറത്ത് കയറിയിരുന്നു.”- തനിക്ക് ഏറ്റ ദുരനുഭവം അസ്‌ക്കര്‍ അലി വിശദീകരിക്കുന്നു.
വീണ്ടും സമാധാന വധഭീഷണി!

ഇസ്ലാം ഉപേക്ഷിക്കുന്ന സ്വതന്ത്ര ചിന്തകരായ ചെറുപ്പക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്, അവരെ ഏത് രീതിയിലും ആക്രമിച്ച് തകര്‍ക്കുക എന്നത്. വെറും 24 വയസ്സുള്ള ഒരു വിദ്യാര്‍ഥിക്ക് നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നു. എസ്സന്‍സ് ഗ്ലോബല്‍ കൊല്ലം നടത്തിയ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറായ ലിബറോയില്‍ പങ്കെടുക്കാന്‍ എത്തിയ അസ്‌ക്കര്‍ അലി ആയിരുന്നു, സമാധാനമതക്കാരുടെ ഒടുവിലത്തെ ഇര. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.

സെമിനാറില്‍ പങ്കെടുക്കാനായി തന്റെ ജന്‍മനാടായ മലപ്പുറം തേഞ്ഞിപ്പലത്തുനിന്ന് കൊല്ലത്ത് എത്തിയതായിരുന്നു ഈ യുവാവ്. ‘മതം കടിച്ചിട്ടവര്‍’ എന്ന വിഷയത്തിലാണ് തന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി അസ്‌ക്കര്‍ അലി സംസാരിക്കേണ്ടിയിരുന്നത്. ഈ സമയത്താണ്, സെമിനാറില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ബന്ധുക്കളും ചില നാട്ടുകാരും ചേര്‍ന്ന് നടത്തിയത്. അവര്‍ കൊല്ലത്ത് എത്തി, ഒരു ഫാമിലി മാറ്റര്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അസ്‌ക്കര്‍ അലിയെ ബീച്ചിലേക്ക് കൊണ്ടുപോയി മര്‍ദിച്ച്, ഒരു ഇന്നോവ കാറില്‍ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിക്കുകയായിരുന്നു.

13 വര്‍ഷക്കാലം ഇസ്ലാമിക്ക് സ്റ്റഡീസില്‍ മാത്രം ഫോക്കസ് കൊടുക്കുന്ന, മലപ്പുറം ജില്ലയിലെ ദാറുല്‍ഹുദ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റിയില്‍ ആണ് അസ്‌ക്കര്‍ അലി പഠനം നടത്തിയത്. മലപ്പുറം തേഞ്ഞിപ്പലത്തെ പ്രമുഖമായ ഒരു ഇസ്ലാമിക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഭാവിയില്‍ ഒരു ഇസ്ലാമിക പ്രബോധകന്‍ ആകാനും അതുമൂലം തന്റെയും കുടുംബത്തിന്റെയും ‘ഇഹ പരവിജയം’ കൈവരിക്കാം എന്നതും ലക്ഷ്യമിട്ടായിരുന്നു തന്റെ അക്കാലത്തെ പ്രവര്‍ത്തനം എന്ന് അസ്‌ക്കര്‍ അലി പറഞ്ഞിരുന്നു. നിരവധി വേദികളില്‍ അദ്ദേഹം വെള്ളയും വെള്ളയുമുള്ള വസ്ത്രം ധരിച്ച് ഇസ്ലാമിക പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ സി രവിചന്ദ്രന്‍ അടക്കമുള്ള സ്വതന്ത്രചിന്തകരുടെ പ്രസംഗങ്ങളിലേക്കും എഴുത്തുകളിലേക്കും യാദൃശ്ചിമായി ഈ വിദ്യാര്‍ഥി എത്തിപ്പെടുന്നത്. ആദ്യം സ്വതന്ത്രചിന്തകര്‍ക്ക് മറുപടി കൊടുക്കാന്‍ വേണ്ടി ഇതൊക്കെ കേട്ട് പഠിച്ച താന്‍, ക്രമേണ മതത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുക ആയിരുന്നുവെന്നാണ്, അസ്‌ക്കര്‍ അലി പറയുന്നത്.

കുറേക്കാലം മനസ്സില്‍ ഒളിപ്പിച്ചുവെച്ച ഈ ആശയങ്ങള്‍ ഇനി പരസ്യമായി പറയണമെന്ന് ഈയിടെയാണ് അസ്‌ക്കര്‍ അലി തീരുമാനിക്കുന്നത്. അങ്ങനെയാണ് എസ്സന്‍സ് ഗ്ലോബല്‍ കൊല്ലത്ത് സംഘടിപ്പിച്ച ലിബറോ’22 എന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

മൊബൈല്‍ എറിഞ്ഞുടച്ചു; പുറത്ത് കയറിയിരുന്നു


സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് ലൈവില്‍ അസ്‌ക്കര്‍ അലി ഇങ്ങനെ പറയുന്നു. -”രണ്ടു ദിവസമായി ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായി. ഇന്ന് രാവിലെ എന്റെ നാട്ടില്‍നിന്ന് കുറേ ആളുകള്‍ ഒരു ഇന്നോവയൊക്കെ എടുത്ത് ഇങ്ങോട്ടുപോന്നു. അവരുടെ ലക്ഷ്യം ഞാന്‍ ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പാടില്ല എന്നതാണ്. അറിയാലോ, സമാധാന മതം അല്ലേ. എന്റെ രണ്ട് അളിയന്‍മ്മാര്‍ ഇവിടെ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു, എന്നെ കാണാന്‍ വേണ്ടി. അവര്‍ എന്നോടു പറഞ്ഞത് ഞങ്ങള്‍ നാട്ടില്‍നിന്ന് വന്നതാണെന്നാണ്. ഞാന്‍ ചോദിച്ചു, എങ്ങനെയാണ് വന്നത്, ട്രെയിനില്‍ ആണോ എന്ന്. ഒരു ഫാമിലി മാറ്റര്‍ സംസാരിക്കാന്‍ വേണ്ടി വന്നതാണെന്നാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ ഇത്രയൊക്കെ ദൂരത്ത് നിന്ന് വന്നതല്ലേ എന്ന് കരുതി, ഞാന്‍ പറഞ്ഞു, നമുക്ക് സംസാരിക്കാമെന്ന്. അവര്‍ പറഞ്ഞു, ‘ഞങ്ങള്‍ ഒരുപാട് നടന്നു, നിന്നെ കാണാന്‍ വേണ്ടി. അതുകൊണ്ട് ക്ഷീണിച്ചിരിക്കയാണ് നമുക്ക് ബീച്ചില്‍ പോയിരുന്ന് സംസാരിക്കാം’.

പ്രോഗ്രാം ഉള്ള സ്ഥലത്തുനിന്ന് 50 രൂപ ഓട്ടോക്ക് കൊടുത്ത് ഞങ്ങള്‍ ബീച്ചില്‍ എത്തി. ബീച്ചില്‍ എത്തി സംസാരിക്കവേ എന്റെ നാട്ടുകാരനായ വേറെ ഒരാള്‍ വന്നു. അയാളോട് ഞാന്‍ നിങ്ങള്‍ ആരാണെന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ നിന്റെ കുടുംബമാണ് അതാണ് ഇതാണ് എന്നുള്ള മറുപടിയാണ് കിട്ടിയത്. നിങ്ങള്‍ എങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചപ്പോള്‍ അയാള്‍ കളവാണ് പറഞ്ഞത്. എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ എന്ന്. ഞാന്‍ ‘ഞങ്ങള്‍ ഇവിടെ ഫാമിലി മാറ്റര്‍ സംസാരിക്കയാണ് നിങ്ങള്‍ ഒന്ന് മാറിനിന്നോ’ എന്ന് പറഞ്ഞു.

അപ്പോള്‍ എന്റെ ജ്യേഷ്ഠനെ എന്റെ അടുത്തേക്ക് പറഞ്ഞയച്ചു. അപ്പോഴാണ് ഇവര്‍ ഒക്കെ വന്നിട്ടുണ്ടെന്ന് ഞാന്‍ അറിയുന്നത്. ജ്യേഷ്ഠന്‍ വന്നിട്ട് ‘നിന്റെ ഫോണ്‍ ഒന്ന് നോക്കട്ടെ’ എന്ന് പറഞ്ഞ് വാങ്ങി. ‘പ്രോഗാമിന്റെ ലിസ്റ്റൊക്കെ ഒന്ന് നോക്കട്ടെ, ബ്രോഷര്‍ ഒന്ന് കാണണം’ എന്ന് പറഞ്ഞാണ് ഫോണ്‍ വാങ്ങിയത്. പക്ഷേ ഇദ്ദേഹം അത് കൊണ്ടുപോയി എറിഞ്ഞ് പൊട്ടിച്ചുകളഞ്ഞു. അപ്പോള്‍ ഞാന്‍ പിന്നിലേക്ക് നോക്കിയപ്പോള്‍ ഒരു ഇന്നോവ നിറയെ ആളുകള്‍ ഉണ്ട്. അതില്‍ എന്റെ അമ്മാവന്റെ മക്കള്‍ ഉണ്ട്. നാട്ടുകാര്‍ ഉണ്ട്. ഇവര്‍ എന്നോടു പറഞ്ഞു, നമുക്ക് പ്രോഗ്രാം സ്ഥലത്തേക്ക് പോകാം. നമുക്ക് വണ്ടിയില്‍ പോകാമെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങള്‍ ട്രയിനില്‍ അല്ലേ വന്നത് എന്ന്. ഇവര്‍ പ്രീ പ്ലാന്‍ഡ് ആയിരുന്നെന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്.

പക്ഷേ ഞാന്‍ അവരുടെ വണ്ടിയില്‍ കയറിയില്ല. ഞാന്‍ ഓട്ടോയില്‍ അല്ലേ ഇങ്ങോട്ട് വന്നത്, തിരിച്ച് ഓട്ടോയില്‍ തന്നെ മടങ്ങാം എന്ന് പറഞ്ഞു. ഒരുപാട് ഡിപ്ലോമാറ്റിക്ക് ആയി സംസാരിച്ച് എന്നെ വണ്ടിയില്‍ കയറ്റാനായിരുന്ന അവരുടെ ശ്രമം. എനിക്ക് നിങ്ങളെ വിശ്വാസമില്ലെന്ന് ഞാന്‍ പറഞ്ഞു. കുടെ വരില്ല എന്ന് തീര്‍ത്ത് പറഞ്ഞപ്പോള്‍ അവരുടെ സ്വഭാവം മാറി. ഇവര്‍ എന്നെ ഇടിക്കാന്‍ തുടങ്ങി. മുഖത്തൊക്കെ ഇടിച്ചു. ഡ്രസ് വലിച്ചു കീറി. അതിനു മുമ്പേ അവര്‍ എന്റെ ഫോണ്‍ പൊട്ടിച്ച് കളഞ്ഞിരുന്നു. ഇടിച്ചശേഷം ആറുപേര്‍ ചേര്‍ന്ന് എന്നെ വണ്ടിയിലേക്ക് തള്ളിക്കയറ്റി. ‘വലിച്ചുകേറ്റ് അവനെ’ എന്ന് പറഞ്ഞുകൊണ്ടാണ്, അവര്‍ ചെയ്യുന്നത്. പക്കാ ഫ്രോഡ് പരിപാടി, തട്ടിക്കൊണ്ടുപോകല്‍ തന്നെയാണ് നടന്നത്.

ഞാന്‍ ശബ്ദിച്ച് ബഹളമുണ്ടാക്കി. എന്നാല്‍ ആവുന്നവിധം സെല്‍ഫ് ഡിഫന്‍സ് ഒക്കെയുണ്ടാക്കി. എന്നിട്ട് ഇവര്‍ എന്നെ വലിച്ചിട്ട് ഇന്നോവയുടെ ബായ്ക് ഭാഗത്തേക്ക് വെച്ചു. അപ്പറുവും ഇപ്പുറവും ഇരുന്ന് രണ്ട് പേര്‍ എന്റെ ഷോള്‍ഡറില്‍ മുറിക്കിപ്പിടിക്കുന്നുണ്ട്. പിന്നെ ഒരുത്തന്‍ വന്ന് എന്റെ ശരീരത്തെ മറച്ചുപടിക്കുന്ന രീതിയില്‍ എന്റെ പുറത്ത് കയറിയിരുന്നു. ഇതിന്റെ ഇടയില്‍ എന്നെ മര്‍ദിക്കുന്നുണ്ട്. വലിഞ്ഞ് മുറുക്കുന്നുണ്ട്. ഞാന്‍ പൊലീസിനെ വിളിക്കാന്‍ പറഞ്ഞ് ഉറക്കെ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്.

ഞാന്‍ പ്രോഗാമില്‍ പങ്കെടുക്കാതിരിക്കാന്‍ തേഞ്ഞിപ്പലം പൊലീസില്‍ ഒരു മിസ്സിങ്ങ് പരാതിയും കൊടുത്താണ് ഇവര്‍ വന്നിരിക്കുന്നത്. അതിന്റെ ഫോട്ടോകോപ്പി അവരുടെ കൈയിലുണ്ട്. ഞാന്‍ പൊലീസുമായി ബന്ധപ്പെട്ട് നിജസ്ഥിതി അറിയിച്ചിരുന്നു. ആളുകളോട് ഇവര്‍ പറയുന്നത്, ഇവന്‍ നാടുവിട്ട് വന്നതാണ്, ഞങ്ങള്‍ ഇവനെ കൊണ്ടുപോവുകയാണ് എന്നാണ്. പക്ഷേ അപ്പോഴേക്കും ആളുകള്‍ പൊലീസിനെ വിളിച്ചു. ആ സമയത്ത് നാട്ടുകാരുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് ഞാന്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ ആ ഇന്നോവയില്‍വെച്ച് അവര്‍ എന്നെ കൊല്ലുമായിരുന്നു. അല്ലെങ്കില്‍ എവിടെയെങ്കിലും തള്ളുമായിരുന്നു.

എന്റെ ഡ്രസ് ഒക്കെ വലിച്ചുകീറി. ഞാന്‍ പ്രോഗാമില്‍ പങ്കെടുക്കുന്നതുവരെ അവര്‍ ഇവിടെ റോന്ത് ചുറ്റുന്നുണ്ടായിരുന്നു. ഞാന്‍ ഇത്രയും നേരം പൊലീസ് സ്റ്റേഷനില്‍ തന്നെയാണ്. ഇതിനുശേഷം എന്നെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. നമുക്ക് കേരളാ പൊലീസിനെ കുറിച്ച് ഒരുപാട് അഭിപ്രായ വ്യത്യാസം ഉണ്ടാകും. പക്ഷേ ഐ ലവ് ദെം ആക്ച്വലി. ഒറ്റ ദിവസം കൊണ്ട് ഞാന്‍ അവരെ പഠിച്ചു. അവര്‍ നല്ല കൃത്യമായ പരിചരണമാണ് തരുന്നത്. ഒറ്റക്കാര്യമേ പറയാനുള്ളൂ. മതവിശ്വാസികള്‍ ഇന്നസെന്റാണ്. അവര്‍ ഇതില്‍ പെട്ടുപോയതാണ്. പക്ഷേ അതിനു പുറത്തുള്ള ചില ആളുകള്‍ ഉണ്ടല്ലോ, ഇസ്ലാം സമാധാനമാണ്, മാനവികതയാണ് എന്നൊക്കെ പറയുന്നവര്‍. അവര്‍ ഒന്ന് നിര്‍ത്തണം ഇത്. മതം ഇല്ല എന്ന് പറയുമ്പോള്‍ തന്നെ കുടുംബത്തിന് വേണ്ട, നാട്ടുകാര്‍ക്ക് വേണ്ട, അവനെ കൊല്ലുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് നിങ്ങള്‍ ദയവുചെയ്ത് നിര്‍ത്തൂ. മനുഷ്യര്‍ക്ക് വേണ്ടി സംസാരിക്കൂ. ഇസ്ലാം എന്ന സാധനം ആനമുട്ടയാണ് ചക്കരയാണ് എന്ന് പറയുന്നതൊക്കെ ദയവു ചെയ്ത് നിര്‍ത്തു.” – ഇങ്ങനെയാണ് അസ്‌ക്കര്‍ അലി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയത്.

ആക്രമണം കൂസാതെ സെമിനാറില്‍

എന്നാല്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അസ്‌ക്കര്‍ അലി കൂസാതെ, ലിബറോ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചതോടെ, പൊലീസ് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക ആയിരുന്നു. കാണാനില്ലെന്ന്, അവര്‍ തേഞ്ഞിപ്പലം പൊലീസില്‍ പരാതിപ്പെട്ടതും, ഈ പ്രോഗ്രാം മുടക്കാന്‍ വേണ്ടിയാണെന്ന് സംഘാടകരും പൊലീസിനെ ബോധ്യപ്പെടുത്തി.

കൊല്ലം ചിന്നക്കടയിലെ നാണി ഓഡിറ്റോറിയത്തില്‍ എത്തിയ അസ്‌ക്കര്‍ അലി, അതിഗംഭീരമായ പ്രസംഗമാണ് കാഴ്ച വെച്ചത്. ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മനുഷ്യനെ അന്ധരാക്കുകയാണെന്നും, നിരവധി പീഡനങ്ങള്‍ക്ക് താന്‍ വിധേയനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതപുരോഹിത പാഠശാലയില്‍നിന്ന് താന്‍ എങ്ങനെയാണ് സ്വതന്ത്ര ചിന്തയിലേക്ക് എത്തിയതെന്നുള്ള അസ്‌ക്കര്‍ അലിയുടെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

തന്നെ നിശബ്ദനാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും, സമാധാനമതം എന്ന് പറയുന്ന ഇസ്ലാമിന്റെ തനി നിറം പുറത്തുവന്നിരിക്കയാണെന്നും അസ്‌ക്കര്‍ അലി പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ സ്വതന്ത്രചിന്തകര്‍ ഉയര്‍ത്തിയത്.

അതേസമയം അസ്‌ക്കര്‍ അലിക്കുനേരെയുണ്ടായ ആക്രമണത്തില്‍ മുസ്ലീം സമുദായത്തിലെ ലിബറലുകള്‍ എന്ന് പറയുന്നവരില്‍ നിന്നും ഇടത് ബുദ്ധിജീവികളില്‍നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ചില മത പണ്ഡിതരാവട്ടെ ഈ വിഷയത്തില്‍ വിദ്യാര്‍ഥിയെ അപഹസിച്ചുകൊണ്ടാണ് പോസ്റ്റുകള്‍ ഇടുന്നത്. ഷുഹൈബ് ഹൈത്തമി എന്ന ഇസ്ലാമിക പ്രഭാഷകന്‍ ഇങ്ങനെ എഴുതുന്നു. ” ആ കുട്ടി മതം വിട്ടതല്ല. അല്ലാഹു ഈമാനെ ഊരിയെടുത്തതാണ്. ഒരോ ശ്വാസത്തിലും ആയിരങ്ങള്‍ക്ക് അത് ലഭിക്കുന്നു. പോവുന്നു. അല്ലാഹുവിന്റെ ജോലിയാണത്. ഇസ്ലാം വിശ്വസിക്കുന്നതും അത്രമാത്രം. ഗ്രന്ഥമോ പ്രവാചകന്‍ പോലുമോ അല്ല, അല്ലാഹു മാത്രമാണ്, സന്‍മാര്‍ഗ ദാതാവ്. ഖുര്‍ആന്‍ പഠിച്ചിട്ടും സന്‍മാര്‍ഗം കിട്ടാതെ പോവുന്ന, സുഹൃത്തുക്കള്‍ ഖുറാനിക സത്യതയുടെ പ്രമാണമാവുന്നു. ‘- ഇങ്ങനെ, ആ മര്‍ദനത്തെക്കുറിച്ച് ഒരു വരിപോലും എഴുതാതെ, അസ്‌ക്കര്‍ മതം വിട്ടതിന്റെ ഇസ്ലാമിക ന്യായങ്ങള്‍ ചമക്കുകയാണ് മതപണ്ഡിതര്‍ ചെയ്യുന്നത്.

സെമിനാറിൽ പരിപാടിയിൽ അക്തർ അലി അവതരിപ്പിച്ച പ്രഭാഷണം ഈ ലിങ്കിൽ കാണാം https://youtu.be/3dlzE0giAJQ

 


One Comment on “ഇസ്‌ലാം ഉപേക്ഷിച്ച് ഈ ഹുദവി സ്വതന്ത്രചിന്തയില്‍; വധഭീഷണി നേരിടുന്ന അസ്‌ക്കര്‍ അലിക്ക് ഐക്യദാര്‍ഢ്യം!”

Leave a Reply

Your email address will not be published. Required fields are marked *