മതേതരം മനോഹരം


Q: 1947 നവമ്പറിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രമേയം പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരാനിടയുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടെന്ന് പറഞ്ഞിട്ടില്ലേ? പാകിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും ഇന്ത്യ സ്വീകരിക്കുമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ലേ? മതം അടിസ്ഥാനത്തില്‍ അല്ലേ രാജ്യം വിഭജിച്ചത്?

ശരിയാണ്. വിഭജനം മതപരമായിരുന്നു. സ്വാഭാവികമായും മതാടിസ്ഥാനത്തില്‍ വാസസ്ഥലം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം അംഗീകരിച്ചാല്‍ മാത്രമേ വിഭജനം പൂര്‍ത്തിയാകൂ. നൂറ്റാണ്ടുകളായി വേരുപിടിച്ച ജനതയെ അങ്ങോട്ടുമിങ്ങോട്ടും പറിച്ചുനടാന്‍ സമയം എടുക്കും. ആ പ്രക്രിയ പൂര്‍ത്തിയാകുന്നനുസരിച്ച് ഇരു രാജ്യങ്ങളിലും സ്വന്തം ഇച്ഛയ്ക്ക് വിരുദ്ധമായി കുടുങ്ങിപ്പോയവര്‍ക്ക് ഒരവസരം നല്‍കുക എന്നത് സാമാന്യ മര്യാദ മാത്രമാണ്. അമുസ്ലിം ജനങ്ങള്‍ക്ക് ഇന്ത്യയിലേക്കും മുസ്ലിങ്ങള്‍ക്ക് പാകിസ്ഥാനിലും ഇടം ഉണ്ടാവണം എന്നതാണ് വിഭജനവുമായി ബന്ധപെട്ട ഉരുത്തിരിഞ്ഞ രാഷ്ട്രീയ കരാര്‍. കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മറ്റിയും ഗാന്ധിജിയും പറഞ്ഞത് അത് തന്നെയാണ്. അന്ന് ‘സെക്കുലര്‍ ‘ആശയങ്ങള്‍ പിന്തുടരും എന്ന കാര്യത്തില്‍ ധാരണയുണ്ടായിരുന്നുവെങ്കിലും ഭരണഘടനയില്‍ ഉള്‍ചേര്‍ത്തിരുന്നില്ല. രാജ്യം സെക്കുലറായിരിക്കണം എന്ന് നിഷ്‌കര്‍ഷ ഉണ്ടായിരുന്നപ്പോഴും സെക്കുലര്‍ രാഷ്ട്രമായി ഇന്ത്യയെ പ്രഖ്യാപിക്കുന്നതിനെ നെഹ്രു എതിര്‍ത്തു. പില്‍ക്കാലത്ത് 1976 ല്‍ മകളായ ഇന്ദിരഗാന്ധിയാണ് secular എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തത്.

1948 നവമ്പര്‍ പതിനഞ്ചാം തീയതി പ്രഫ കെ.റ്റി ഷാ ഇന്ത്യന്‍ ഭരണഘടനാ അസബ്ലിയില്‍ ഒരു പ്രമേയം അവസാനിപ്പിച്ചു: ‘Sir, I beg to move, that in clause (1) of article 1, after the words ‘shall be a’ the words ‘Secular, Federalist, Socialist’ be included. The amended article or clause shall read as follows: ‘India shall be a Secular, Federalist, Socialist, Union of States’,’ . സെക്കുലര്‍ എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം എന്ന വാദപ്രതിവാദം ഭരണഘടന അസബ്ലിയില്‍ നടന്നുവരികയായിരുന്നു. പ്രൊഫ ഷായുടെ പ്രമേയം ഇത്തരം ശ്രമങ്ങളില്‍ അവസാനത്തേതായിരുന്നു. പ്രമേയം പാസ്സായില്ല. മിക്ക അംഗങ്ങളെയും സംബന്ധിച്ച് സെക്കുലറിസം എന്നത് ഒരു വൈദേശിക ആശയമായിരുന്നു. സെക്കുലര്‍ ആകാതെ ആധുനികത കൈവരിക്കാനാവില്ലെന്ന് വിശ്വസിച്ചിരുന്ന വ്യക്തിയാണ് നെഹ്രു. പക്ഷെ നെഹ്രുവും നീക്കത്തെ അനുകൂലിച്ചില്ല. ഇന്ത്യന്‍ ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യലബ്ധിയും പിന്നിടൂണ്ടായ വിഭജനവുമൊക്കെ മതത്തില്‍ കുഴഞ്ഞ സംഭവങ്ങളായിരുന്നു. ”ഇന്ത്യന്‍ സെക്കുലറിസം വേറെ സെക്കുലറിസമാണ് ”എന്നൊക്കെ ഇന്നും പലരും വാദിക്കുന്നതിന്റെ കാരണം സെക്കുലറിസവും ജനാധിപത്യവും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഇന്ത്യയ്ക്ക് ഇന്നും അന്യമാണ് എന്നത് കൊണ്ടുതന്നെയാണ്. നമ്മുടെ രാഷ്ടീയം അന്നുമിന്നും മതപരമാണ്. മതപരമല്ലാത്തിടത്ത് ജാതിപരമോ വംശപരമോ ആണ്. We don’t cast out votes but we vote our caste എന്നൊക്കെ പ്രാസമൊപ്പിച്ച് പറഞ്ഞു നടക്കുന്നതില്‍ നാം തൃപ്തരാണ്.

നെഹ്രുവും അബേദ്കറും ഇന്ത്യ സെക്കുലര്‍ ആകണമെന്നതിനെ എതിര്‍ത്തതിന്റെ കാരണം വ്യത്യസ്തമാണ്. അംബേദ്കര്‍ സ്വന്തം ജനതയ്ക്ക് പരിരക്ഷണ നടപടികള്‍ ആഗ്രഹിച്ചു. മാത്രമല്ല ഇന്ത്യന്‍ ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതക്രമം എങ്ങനെയാവണം എന്ന് രാജ്യം വളരുന്നതനുസരിച്ച് ഇന്ത്യന്‍ ജനത തന്നെ തീരുമാനിക്കുന്നതാണ് അഭികാമ്യമെന്നും അബേദ്കര്‍ അഭിപ്രായപെട്ടു. എല്ലാം ആദ്യംതന്നെ ഭരണഘടനയില്‍ എഴുതിവെക്കുന്നത് ശരിയായ ജനാധിപത്യരീതിയല്ല. (‘what should be the policy of the State, how the Society should be organized in its social and economic side are matters which must be decided by the people themselves according to time and circumstances. It cannot be laid down in the Constitution itself because that is destroying democracy altogether.’ – BR Ambedkar)

നെഹ്രുവാകട്ടെ വിഭജനത്തിന്റെ മുറിപ്പാടുമായി നില്‍ക്കുന്ന രാജ്യത്തിന് സെക്കുലര്‍ ആയി പെരുമാറാന്‍ കഴിയില്ലെന്ന സത്യം മനസ്സിലാക്കിയിരുന്നു. മതാനുഷ്ഠാനത്തിനുള്ള അവകാശം സംരക്ഷിക്കുകയും മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭൂരിപക്ഷവും ന്യൂനപക്ഷവുമായി തിരിച്ച് അതനുസരിച്ച് പ്രത്യേക അവകാശാധികാരങ്ങള്‍ നല്‍കുകയും ചെയ്യുന്ന(ആര്‍ട്ടിക്കിള്‍ 25, 27,28, 29, 30) ഒരു ഭരണഘടനയ്ക്ക് എങ്ങനെ ശരിയായ അര്‍ത്ഥത്തില്‍ സെക്കുലറാകാനാവും എന്ന ചോദ്യവും പ്രസക്തമായി. മതം അസ്ഥിയില്‍ പിടിച്ച ഇന്ത്യക്കാര്‍ സെക്കുലറിസം പോലൊരു ആശയം ഭരണനിര്‍വഹണത്തിലും രാഷ്ട്രനിര്‍മ്മിതിയിലും എങ്ങനെ നടപ്പിലാക്കാനാണ്? പത്ത് ലക്ഷം പേരാണ് വിഭജനത്തെ തുടര്‍ന്ന് കൊല്ലപെട്ടത്. ഒരു കോടി ആളുകള്‍ പറിച്ചു നടപ്പെട്ടു. ഇന്ത്യയില്‍നിന്നു മുസ്ലിംങ്ങള്‍ പാകിസ്ഥാന്‍ പ്രദേശത്തേക്കും പാകിസ്ഥാനില്‍ നിന്നും ഹിന്ദുക്കള്‍ ഇന്ത്യന്‍ പ്രദേശങ്ങളിലേക്കും യാത്ര ചെയ്തു. യാത്രാവേളയില്‍ അവര്‍ കൊള്ളയ്ക്കും കൊള്ളിവെപ്പിനും ഇരയായി. ഇന്ത്യയില്‍ മുസ്ലിങ്ങളും പാകിസ്ഥാനില്‍ ഹിന്ദുക്കളും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ആരാണ് കൂടുതല്‍ ചെയ്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇവിടെ സ്റ്റേറ്റ് എങ്ങനെയാണ് സെക്കുലര്‍ ആയി പെരുമാറുക?

ഒന്നാമതായി, ദ്വിരാഷ്ട്ര സിദ്ധാന്തം ഉണ്ടാകുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ പലായനം ചെയ്യുന്ന മുസ്ലിങ്ങളെ സ്വീകരിക്കാന്‍ പാകിസ്ഥാനും ഹിന്ദുക്കളെ സ്വീകരിക്കാന്‍ ഇന്ത്യയ്ക്കും ബാധ്യതയുണ്ട്. പൗരത്വത്തിന് മതം അടിസ്ഥാനമാക്കാനാവില്ല എന്ന നിലപാട് സ്വീകരിച്ചാല്‍ വര്‍ഷങ്ങള്‍ നീളുന്ന ഈ പ്രക്രിയ തടസ്സപെടും. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ സംരക്ഷണം നല്‍കണമെന്ന് ഗാന്ധിജി ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞത് രാഷ്ട്ര നിര്‍മ്മാണത്തിന്റെ പ്രാരംഭ കാലഘട്ടത്തിലാണ്. അന്ന് ഇന്ത്യ ഭരണഘടനാപരമായി സെക്കുലര്‍ അല്ല എന്നോര്‍ക്കണം. 1975 ജൂണ്‍ 26 ന് ഇന്ദിരഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള രണ്ട് വര്‍ഷം ഭരണഘടന ഭേദഗതികളുടെ പൂക്കാലമായിരുന്നു. തന്റെ ഭരണം ബലപെടുത്താനായിരുന്നു ഇന്ദിരയുടെ ശ്രമം. മുപ്പത്തിയെട്ടാം ഭരണഘടന ഭേദഗതി അടിയന്തരാവസ്ഥ സംബന്ധിച്ച ജൂഡീഷ്യല്‍ റിവ്യുവിനുള്ള സാധ്യത റദ്ദാക്കി. മുപ്പത്തിയൊമ്പതാം ഭേദഗതി പ്രധാനമന്ത്രിയുടെ ഓഫീസിനെ സുപ്രീംകോടതിക്ക് ചോദ്യംചെയ്യാനോ തിരുത്താനോ കഴിയില്ല എന്ന ചട്ടം കൊണ്ടുവന്നു. പാര്‍ലമെന്റ് രൂപീകരിക്കുന്ന ഒരു കമ്മറ്റിക്ക് മാത്രമേ അതിനുള്ള അവകാശമുള്ളു എന്നായി. നാല്‍പത്തിരണ്ടാം ഭേദഗതിയാകട്ടെ ഭരണഘടനയുടെ ആമുഖം ഉള്‍പ്പടെ തിരുത്തിയെഴുതി. സെക്കുലര്‍ രാജ്യമാണെന്ന് എഴുതിച്ചേര്‍ത്തു. ‘മിനി ഭരണഘടന’ എന്നാണ് ഈ ഭേദഗതി അറിയപ്പെടുന്നത്. ഒരു ഭരണാധികാരി ഇത്രയധികം ഘടനാപരമായ ഭരണഘടനാപരമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു.

ഇന്ന് പൗരത്വനിയമ ഭേദഗതി-2019 ല്‍ വിദേശ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ കൊണ്ടുവന്ന മതപരമായ മാനദണ്ഡം (religious discrimination) 1976 ന് മുമ്പുള്ള ഇന്ത്യയില്‍ ഒരു പ്രശ്‌നമാകേണ്ട കാര്യമില്ല. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ പലായനം ചെയ്യുന്ന അമുസ്ലിങ്ങളെ സ്വകരിച്ച് പൗരത്വം നല്‍കുന്നത് ഒരു മനുഷ്യാവകാശ പ്രവര്‍ത്തിയായിട്ടാണ് കരുതപെട്ടിരുന്നത്. ഇന്ത്യ അങ്ങനെ ചെയ്യണമെന്നും പൊതുവില്‍ കരുതപെട്ടിരുന്നു. എന്നാല്‍ രാജ്യം സെക്കുലര്‍ ആയി മാറിയതോടെ ഇത്തരത്തിലുള്ള ഒരു വിവേചനം ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധവും വിവേചനപരവുമായി തീര്‍ന്നു. ഇതാണ് ഗാന്ധിജിയും നെഹ്രുവും ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സുമൊക്കെ പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് വിഭജനത്തിന് ശേഷമുള്ള രാഷ്ട്രത്തിന്റെ ശൈശവദശയില്‍ പലവുരു പറഞ്ഞിട്ടുള്ളത്. ഇന്ന് അതേ പാര്‍ട്ടിയുടെ പിന്‍തലമുറക്കാര്‍ക്ക് അതേ അഭിപ്രായം പറയാന്‍ സാധിക്കില്ല. അപ്പോള്‍ ചോദിക്കും 2003 ല്‍ ഡോ മന്‍മോഹന്‍ സിംഗ് ഡെപ്യുട്ടി പ്രധാനമന്ത്രിയായ എല്‍.കെ അദ്വാനിയോട് ബംഗ്ലാദേശിലെ മതന്യൂനപക്ഷത്തില്‍പെട്ട അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് പാര്‍ലമെന്റില്‍ വെച്ച് അഭ്യര്‍ത്ഥിച്ചില്ലേ, ഇതേകാര്യം ചൂണ്ടിക്കാട്ടി സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പിന്നീട് മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ കത്തെഴുതിയില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരും. തീര്‍ച്ചയായും അവരത് ചെയ്തിട്ടുണ്ട്. ചെയ്തത് മനുഷ്യാവകാശപരമായി ശരിയുമാണ്. പക്ഷെ സാങ്കേതികമായി അല്ല. മതന്യൂനപക്ഷങ്ങളുടെ കാര്യം മാത്രമായി പറയാന്‍ പാടില്ലായിരുന്നു. സെക്കുലര്‍ ആയ ഒരു രാജ്യത്തിന്റെ നയസമീപനങ്ങള്‍ അത്തരത്തിലാവുക സാധ്യമല്ല. 2019 ഡിസമ്പര്‍ ആകുമ്പോള്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ യാഥാര്‍ത്ഥ്യത്തോട് ഐക്യപെട്ടു എന്നതാണ് പൗരത്വഭേദഗതി ബില്ലിനോടുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. സെക്കുലറിസത്തിന്റെ ശക്തിയും സൗന്ദര്യവും കൊടുംമതവാദികള്‍ക്ക് പോലും ബോധ്യപെടുന്നു എന്നത് നിസ്സാര കാര്യമല്ല. മതവാദം മനുഷ്യവിരുദ്ധം, മതേതരം മനോഹരം.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *