പൗരത്വനിയമത്തിലെ അഴിയാക്കുരുക്കുകള്‍

Ravichandran C

പൗരത്വ ഭേദഗതി ബില്‍ ബി.ജെ.പി ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് 2016 ജൂലെ 15 നാണ് (http://prsindia.org/billtrack/the-citizenship-amendment-bill-2016-4348). രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്‍ നിയമം ആയില്ല. ആസ്സാമിലെ പൗരത്വരജിസ്റ്റര്‍ 2019 ഓഗസ്റ്റിലാണ് പൂര്‍ത്തിയാകുന്നത്. അതായത് മൂന്ന് വര്‍ഷം കഴിഞ്ഞ്. ആസ്സാമിലെ 33 ദശലക്ഷം അപേക്ഷകരില്‍ 2 ദശലക്ഷംപേരെ തള്ളിക്കൊണ്ടാണ് NRC‍ പ്രസിദ്ധീകരിച്ചത്. പൗരത്വ രജിസ്റ്ററില്‍ ഉള്‍പെടാതെ പോയ 13 ലക്ഷം ഹിന്ദുക്കളെ ഉള്‍കൊള്ളിക്കാനാണ് ബി.ജെ.പി ഈ മാസം പൗരത്വനിയമം ഭേദഗതി ചെയ്തത് എന്ന് പറയുന്നത് എത്രമാത്രം ശരിയാണ് ? അതായത് മൂന്ന് വര്‍ഷം കഴിഞ്ഞ് നടക്കാനിടയുള്ള കാര്യം മുന്‍കൂട്ടി കണ്ടാണോ 2016 ജൂലൈയില്‍ ബി.ജെ.പി CAB‍ കൊണ്ടുവന്നത്?

ഒറ്റ നോട്ടത്തില്‍ ശരിയാണെന്ന് തോന്നുന്ന വാദമാണിത്. 2016 ല്‍ പൗരത്വഭേദഗതി ബില്‍ കൊണ്ടുവരുമ്പോള്‍ എത്ര ബംഗാളി ഹിന്ദുക്കള്‍ പുറത്തുപോകേണ്ടിവരുമെന്ന് ബി.ജെ.പി ക്ക് അറിയില്ലായിരുന്നു എന്നത് ശരിയാണ്. പക്ഷെ ഇവിടെ ‘എത്രപേര്‍'(how many) എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്. കാരണം പൗരത്വ രജിസ്റ്റര്‍ എടുത്താല്‍, ഏതുതരം മാനദണ്ഡം ഏര്‍പ്പെടുത്തിയാലും കുടിയേറിയ ബംഗാളി ഹിന്ദുക്കളില്‍ നല്ലൊരു സംഖ്യ പുറത്തുപോകും എന്ന് ആര്‍ക്കുമറിയുന്ന കാര്യം തന്നെയായിരുന്നു. ആസ്സാമില്‍ ഉണ്ടായിരുന്ന പൊതുബോധം അതുതന്നെയായിരുന്നു. All knew that it would be ‘so many’ but did not exactly know ‘how many’. സംഖ്യ കൃത്യമായി എത്രയാകും എന്നതു മാത്രമേ അറിയാന്‍ പറ്റാതെ ഉണ്ടായിരുന്നുള്ളൂ.

ആസ്സാമില്‍ വിദേശികളെ പുറത്താക്കണം എന്ന ആവശ്യവുമായി പ്രക്ഷോഭം നടത്തുന്നവര്‍ 75 ലക്ഷത്തിലധികം വിദേശികള്‍ ആസ്സാമിലുണ്ടെന്നാണ് അവകാശപെടുന്നത്. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ പുറത്തുവന്നു എന്നു പറയപ്പെടുന്ന 19-20 ലക്ഷത്തിന്റെ കണക്ക് വളരെ കുറവാണ്. അതില്‍തന്നെ നല്ലൊരു പങ്ക് ഹിന്ദുക്കളായിരിക്കും എന്നത് ആര്‍ക്കുമറിയുന്ന കാര്യമാണ്. ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ മതങ്ങളില്‍പെട്ട ധാരാളംപേര്‍ ആസ്സാമില്‍ ഉണ്ട് അവരെ പൗരന്‍മാരായി സ്വീകരിക്കണം-എന്നതായിരുന്നു 2016 ല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ ബി.ജെ.പി ഉന്നയിച്ച വാദം. അക്ഷരാര്‍ത്ഥത്തില്‍ അതുതന്നെയാണ് 2019 ഡിസമ്പറിലെ നിയമത്തിലും ആവര്‍ത്തിക്കപ്പെടുന്നത്. ഇവിടെ ഭാവി മുന്‍കൂട്ടി പ്രവചിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു എന്നു പറയുന്നതില്‍ കഥയില്ല. പൊതുജ്ഞാനവും(general knowledge) വിശദാംശങ്ങള്‍ (specific details) അറിയുന്നതും തമ്മിലുള്ള വ്യത്യാസം മാത്രമേയുള്ളൂ. പണ്ടേ അറിയുന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ അറിഞ്ഞതുകൊണ്ട് 2016 ലേത് നിഷ്‌കളങ്ക പ്രവര്‍ത്തനം ആകുന്നില്ല.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാ്ജ്യങ്ങളിലെ Hindus, Sikhs, Buddhists, Jains, Parsis and Christians. തുടങ്ങിയ ആറ് വിഭാഗങ്ങളില്‍ പെട്ട കുടിയേറ്റക്കാരെ മാത്രം പൗരത്വത്തിനായി പരിഗണിക്കണം എന്നാണ് 2016 ലെ ബില്ലിലും ഉണ്ടായിരുന്നത്. അമുസ്ലിം കുടിയേറ്റക്കാരെ സ്വീകരിക്കണം എന്നത് തന്നെയാണ് 2016 ലും 2019 ലും ബി.ജെ.പി ലക്ഷ്യമിട്ട കാര്യം. 13 ലക്ഷം അമുസ്ലിങ്ങളെ ഉള്‍ക്കൊള്ളേണ്ടിവരും എന്നറിഞ്ഞല്ല പുതുക്കിയ നിയമം കൊണ്ടുവന്നത് എന്നുപറയുന്നത് സാങ്കേതികമായ തൊടുന്യായം മാത്രമാണെന്ന് വ്യക്തം.

ആസ്സാമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായതായി പറയപ്പെടുന്ന 19 ലക്ഷംപേരില്‍ എത്ര പേര്‍ക്ക് 2014 ഡിസമ്പര്‍ 31 ന് മുമ്പ് വന്നവരാണെന്ന് തെളിയിക്കാനാവും എന്നറിയില്ല. അതില്‍ 13 ലക്ഷം അമുസ്‌ളിങ്ങളാണെന്ന് പറയപ്പെടുന്നു. എന്തുകൊണ്ടാവും അവര്‍ രജിസ്റ്ററില്‍ ഇടംനേടാതിരുന്നത്? തങ്ങള്‍ ഇന്ത്യാക്കാരാണ് എന്ന് തെളിയിക്കുന്ന രേഖകളായിരിക്കുമല്ലോ രജിസ്റ്ററില്‍ ആളെചേര്‍ക്കുന്ന വേളയില്‍ അവര് ഹാജാരാക്കിയത്. നുണയാവട്ടെ സത്യമാകട്ടെ, അതിനായി അവര്‍ പലതരം രേഖകളും സത്യവാങ്മൂലവും അധികാരികള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുമുണ്ടാകും. അവര്‍ക്കത് രേഖാമൂലം തെളിയിക്കാനാവാത്തതിനാല്‍ പൗരത്വ രജിസ്റ്ററിന് പുറത്തായി. ഇനിയവര്‍ എന്താണ് ചെയ്യേണ്ടത്? ആദ്യം പറഞ്ഞത് കള്ളമായിരുന്നുവെന്നും തങ്ങള്‍ ഒരിക്കലും ഇന്ത്യക്കാരായിരുന്നില്ലെന്നും പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൊന്നില്‍ നിന്നാണ് വരുന്നതെന്നും കാണിച്ച് പുതിയ സത്യവാങ്മൂലവും അനുബന്ധ രേഖകളും സമര്‍പ്പിക്കണം!

എങ്കിലേ പുതുക്കിയ നിയമപ്രകാരം(CAA’19) പൗരത്വത്തിന് പരിഗണിക്കപ്പെടൂ. അപ്പോള്‍ ഏതാണ് സത്യം? ആദ്യംപറഞ്ഞതോ പുതിയതായി പറയുന്നതോ? ആദ്യ സത്യവാങ്മൂലം കള്ളമായിരുന്നുവെങ്കില്‍ കള്ളസത്യവാങ്മൂലം നടത്തുന്നവര്‍ക്ക് രാജ്യത്തെ ശിക്ഷയെന്താണ്? കുറെക്കൂടി നിര്‍ണ്ണായ ചോദ്യം മറ്റൊന്നാണ്- ദശകങ്ങളായി ഇന്ത്യയില്‍ കഴിയുന്ന ജനങ്ങള്‍ ഇന്ത്യക്കാരാണ് എന്നു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പരാജയപ്പെട്ടെങ്കില്‍ വേറെതെങ്കിലും രാജ്യങ്ങളിലെ പൗരന്‍മാരായിരുന്നു എന്ന് തെളിയിക്കാനുള്ള രേഖകള്‍ അവര്‍ക്കെവിടെ നിന്നാണ് ലഭിക്കാന്‍ പോകുന്നത്? ചുരുക്കത്തില്‍ ഈ പറയുന്ന 13 ലക്ഷം(?) അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് എങ്ങനെയാണ് പുതുക്കിയ പൗരത്വബില്ലിന്റെ ആനുകൂല്യം ലഭിക്കുക? ഇവിടെ, ഇന്ത്യക്കാരല്ലെങ്കില്‍ മറ്റേതെങ്കിലും അയല്‍രാജ്യത്ത് നിന്ന് വന്നവരായിരിക്കും എന്നൂഹിക്കുന്നതില്‍ തെറ്റില്ല. കുടിയേറ്റക്കാര്‍ ചൊവ്വാമനുഷ്യരാണെന്ന് പറയാനാവില്ലല്ലോ. പക്ഷെ ‘അയല്‍രാജ്യം’ എന്നു പറഞ്ഞതുകൊണ്ടായില്ല. മേല്‍പ്പറഞ്ഞ മൂന്ന് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ തന്നെ ആയിരിക്കണം. അയല്‍രാജ്യം നേപ്പാളോ ചൈനയോ ഭൂട്ടാനോ ബര്‍മ്മയോ ആയാല്‍ പൗരത്വത്തിന് അര്‍ഹതയില്ല. അതെങ്ങനെ തെളിയിക്കും? ബംഗ്ലാദേശോ പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ഇവര്‍ക്ക് എന്തെങ്കിലും രേഖ നല്‍കിയേ മതിയാകൂ. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ ആസ്സാമിലെ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയെന്ന് പറയുന്ന അമുസ്ലിങ്ങള്‍ക്ക് എങ്ങനെയാണ് പുതുക്കിയ പൗരത്വനിയമത്തിന്റെ ആനുകൂല്യംലഭിക്കുക എന്ന ചോദ്യം തിരിച്ചുവരുന്നു. It looks too complicated.