പെരുമഴക്കാലം


കേരളത്തിൽ മഴ തകർത്ത് പെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടർച്ചയായി അവധി നൽകേണ്ടിവരുന്നു, സർക്കാർ സന്നാഹങ്ങൾ പലതും അതീവ ജാഗ്രതയോടെ അപകടങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നു, മുൻകൂട്ടി പ്ലാൻ ചെയ്ത പദ്ധതികൾ പലതും അവതാളത്തിലായി ജനജീവിതം കഷ്ടത്തിലാകുന്നു… കളക്ടർമാർ അവധി പ്രഖ്യാപിക്കുന്നത് ഒരു അനാവശ്യ കീഴ്വഴക്കമല്ലേ എന്ന് പലരും സംശയം പ്രകടിപ്പിച്ചുകണ്ടു. എന്നാൽ, മഴവെള്ളത്തെ നമ്മൾ വിലകുറച്ച് കാണരുത്. മഴയെങ്ങനെയാണ് ഇത്രയും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്? പലപ്പോഴും മഴയെന്നാൽ മുകളിൽ നിന്ന് വീഴുന്ന വെള്ളം എന്നതിനപ്പുറം, താഴെയെത്തിയ ശേഷം ആ വെള്ളത്തിന് എന്ത് സംഭവിക്കുന്നു എന്ന കാര്യം നമ്മളോർക്കാറില്ല. അതൊരു രസകരമായ കണക്കാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് കൊച്ചിയിൽ ഇന്നത്തെ ദിവസം (16-07-2018) മൊത്തം 23 സെന്റിമീറ്റർ (230 മില്ലിമീറ്റർ) മഴ പെയ്തിട്ടുണ്ട്. ഈ കണക്കനുസരിച്ച് എത്ര വെള്ളം പെയ്തിറങ്ങിയിട്ടുണ്ട് എന്നൊന്ന് കണക്കാക്കി നോക്കിയാലോ? കൊച്ചി നഗരസഭയുടെ വിസ്തീർണം 95 ചതുരശ്ര കിലോമീറ്ററാണ്. പത്തുലക്ഷം ചതുരശ്ര മീറ്ററാണ് ഒരു ചതുരശ്ര കിലോമീറ്റർ. അപ്പോ മഴയത്ത് കൊച്ചി നഗരമെന്നാൽ, 9.5 കോടി ചതുരശ്ര മീറ്റർ വാവട്ടമുള്ള ഒരു പാത്രം തുറന്നുവെച്ചാലെന്നപോലെ മഴവെള്ളം ശേഖരിക്കും. 1 മില്ലിമീറ്റർ മഴ എന്നാൽ ഓരോ ചതുരശ്ര മീറ്റർ സ്ഥലത്തും ഒരു ലിറ്റർ വെള്ളം വച്ച് വീഴുന്നതിന് തുല്യമാണ്. അപ്പോ കൊച്ചി ഇന്നത്തെ ദിവസം ആകാശത്തുനിന്നും ശേഖരിച്ച വെള്ളം ഏതാണ്ട് 2200 കോടി (230 x 9.5 കോടി) ലിറ്റർ ഉണ്ടാകും. ഇതെത്ര വെള്ളം വരും? മറ്റൊരു കണക്ക് വെച്ച് അത് മനസിലാക്കാം. കേരളത്തിലെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ എത്ര വെള്ളം വഹിക്കുന്നുണ്ട് എന്നറിയാമോ? ശരാശരി ഒരു സെക്കൻഡിൽ 161 ഘനമീറ്റർ വെച്ചാണ് അതിലെ ജലപ്രവാഹത്തിന്റെ നിരക്ക്. 1 ഘനമീറ്റർ എന്നാൽ 1000 ലിറ്ററാണ്. അതായത്, ഭാരതപ്പുഴയ്ക്ക് കുറുകേ ഒരു എമണ്ടൻ പാത്രം തുറന്നുപിടിച്ചാൽ അത് ഒരു സെക്കൻഡിൽ 1.61 ലക്ഷം ലിറ്റർ (161 x 1000) വെള്ളം പിടിക്കും. അങ്ങനെയെങ്കിൽ ഒരു ശരാശരി ദിവസം ഭാരതപ്പുഴ ജലം വഹിക്കുന്ന നിരക്കിൽ, കൊച്ചിയിൽ ഇന്ന് പെയ്ത ആ വെള്ളം ഒഴുകിപ്പോയാൽ അത് എത്ര സമയം ഒഴുകുമായിരിക്കും? 2200 കോടിയെ 1.61 ലക്ഷം കൊണ്ട് ഹരിച്ചാൽ മതി. കണക്കാക്കിനോക്കൂ, 38 മണിക്കൂർ ഒഴുകാനുള്ള വെള്ളമുണ്ടത്! ഊഹിക്കാൻ കഴിയുന്നുണ്ടോ? കൊച്ചി നഗരസഭയ്ക്കുള്ളിൽ ഇന്നൊരു ദിവസം പെയ്തുവീണ മഴവെള്ളം, ഭാരതപ്പുഴ പോലെ ഒഴുകിയാൽ പോലും ഒന്നര ദിവസത്തിൽ കൂടുതലെടുക്കും തീരാൻ. ഇത്രയും വെള്ളം ആകാശത്തുനിന്ന് താഴേയ്ക്ക് വന്നാൽ എന്തൊക്കെ സംഭവിക്കാം? ഏറ്റവുമാദ്യം, കനത്ത മഴയാണെങ്കിൽ ആളുകൾക്ക് പുറത്തിറങ്ങാൻ തന്നെ സാധാരണ ദിവസത്തെപ്പോലെ എളുപ്പമല്ല. പുറത്തിറങ്ങിയാൽ തന്നെ സാധാരണപോലെ ഫുട്പാത്തുകളും ബസ് സ്റ്റേഷനുകളിലും സുഗമമായി ഒഴുകിനീങ്ങാനും ജനക്കൂട്ടത്തിന് കഴിയില്ല. സാധാരണഗതിയിൽ ബൈക്കിൽ യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന, കാറുള്ള നഗരവാസികൾ കാറിൽ തന്നെ യാത്ര ചെയ്യും. അതോടെ റോഡുകൾ ഞെരുങ്ങാൻ തുടങ്ങും. ആകാശത്തുനിന്ന് കരയിലേക്ക് പെയ്തുവീഴുന്ന മഴവെള്ളത്തെ സംബന്ധിച്ച്, നീർചാലുകളിലൂടെ ഒഴുകുക (channel run-off), മണ്ണിന് മുകളിലൂടെ ഒഴുകുക (surface run-off), മണ്ണിലേക്ക് ഊർന്നിറങ്ങുക (infiltration) എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് പ്രധാനമായും മുന്നിലുള്ളത്. നഗരങ്ങളിൽ ജലമൊഴുകാനുള്ള ഓടകൾ എല്ലായിടത്തും കൃത്യമായി സജ്ജമാണെങ്കിൽ നല്ലൊരു പങ്ക് വെള്ളത്തിനും സുഗമമായി ഒഴുകി കടലിൽ ചെന്ന് ചേരാനാകും. പക്ഷേ നമ്മുടെ ചാലുകളുടെ അവസ്ഥ അറിയാമല്ലോ. പലയിടത്തും അതില്ല, ഉള്ളയിടത്ത് പലപ്പോഴും ചെടികൾ വളർന്നോ പ്ലാസ്റ്റിക് മാലിന്യം വീണടിഞ്ഞോ ഒക്കെ അത് ബ്ലോക്കായിരിക്കും. മഴ പെയ്തുതുടങ്ങുന്നത് വരെ നമ്മളാ കാര്യം ഗൗനിക്കാനും പോകുന്നില്ല. ടാറിലോ കോൺക്രീറ്റ് തറയിലോ വീഴുന്ന വെള്ളം മണ്ണിലേക്ക് ഊർന്നിറങ്ങാനുള്ള സാധ്യത തീരെ കുറവാണ്. വെറും മണ്ണിലായാൽ തന്നെ, ഒരു പരിധിക്കപ്പുറം ശക്തമായ മഴയാണെങ്കിൽ അത് ഉപരിതലത്തിലൂടെ ഒഴുകിപ്പോകാൻ ശ്രമിക്കും. ചുരുക്കത്തിൽ, നഗരത്തിൽ പെയ്യുന്ന ശക്തമായ മഴയ്ക്ക് ഉപരിതല ഒഴുക്ക് എന്ന മാർഗമാണ് മുഖ്യമായും മുന്നിലുള്ളത്. അത് എവിടം വരെ ഒഴുകും? താഴേയ്ക്കുള്ള ചരിവ് എവിടം വരെയുണ്ടോ, അവിടം വരെ. അതിന്റെ ഫലമായി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നു. അതോടെ പല റോഡുകളും അടയും. ട്രാഫിക് കൂടുതൽ ഞെരുക്കത്തിലാകുന്നു. മുകളിലൂടെ ഒഴുകുന്ന വെള്ളം മണ്ണൊലിപ്പ്, റോഡ് പൊളിയൽ, മരങ്ങളുടെയും പോസ്റ്റുകളുടേയും ചുവട് ദുർബലമാകൽ തുടങ്ങിയ സാധ്യതകളും തുറക്കുന്നു. കാറ്റ് കൂടിയുണ്ടെങ്കിൽ പറയണ്ടല്ലോ. മരങ്ങളും വൈദ്യുത പോസ്റ്റുകളും മറിഞ്ഞുവീഴാം. അത് നിരവധിയായ സുരക്ഷാ ഭീഷണികളാണ് ഉയർത്തുന്നത്. മലയോര പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്താൽ, മണ്ണിന് ആഗിരണം ചെയ്യാവുന്നതിൽ കൂടുതൽ വെള്ളമാകുമ്പോൾ അത് മണ്ണിടിച്ചിലിനും, ഉരുൾ പൊട്ടലിനും, താഴ്വാര പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഒക്കെ വഴിവെക്കാം. ഇതിനൊക്കെ പുറമേ, ഒരു അപകടമുണ്ടായാൽ തന്നെ ദുരന്തനിവാരണ പ്രവർത്തനങ്ങളും അതേ ദുരന്തത്തിന്റെ സ്വാധീനത്തിലാണ് എന്ന പ്രശ്നവുമുണ്ട്. റോഡുതടസ്സവും വൈദ്യുതി മുടക്കവും ഒക്കെ കാര്യങ്ങൾ വഷളാക്കും. ഇതൊക്കെ പരിഗണിക്കുമ്പോൾ പൊതു ഇടങ്ങളിലേക്കുള്ള മനുഷ്യ ഒഴുക്ക് കുറയ്ക്കുന്നത് ഒരു നല്ല കാര്യം തന്നെയാണ്. രാവിലെകളിലും വൈകുന്നേരങ്ങളിലും പൊതുവിടങ്ങളിലെ വർദ്ധിച്ച ആൾത്തിരക്കിൽ നല്ലൊരു പങ്കും സ്കൂൾ-കോളജ് വിദ്യാർത്ഥികൾ തന്നെയാണല്ലോ വഹിക്കുന്നത്. എന്തായാലും അപകടങ്ങൾ ഒഴിവാക്കുന്നതിനായി നമുക്ക് ജാഗ്രതയോടെ ഇരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *