കേരളത്തിലെ അന്ധവിശ്വാസ വിചാരണകള്‍


അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കക്കറ്റായി നിലകൊള്ളുമ്പോഴും അന്ധവിശ്വാസങ്ങളുടെ സാധുതയും സാമൂഹികമാനങ്ങളും ബൗദ്ധികനാട്യങ്ങളോടെ ചര്‍ച്ച ചെയ്ത് വശംകെടാന്‍ മലയാളിക്ക് വലിയ താല്പര്യമാണ്. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ആധുനിക ജ്ഞാനപരിസരങ്ങളും മാനവികമൂല്യങ്ങളും ഉപയോഗിച്ച് സംരക്ഷിച്ച് നിറുത്താം എന്നതാണ് മിക്ക ചര്‍ച്ചകളുടെയും പൊതു അജണ്ട. കേരളത്തില്‍ കഴിഞ്ഞ 60 വര്‍ഷമായി നടന്ന വിശ്വാസവിചാരണകള്‍ വ്യാജവും കപടവുമായിരുന്നു. അന്ധവിശ്വാസനിര്‍മ്മാര്‍ജ്ജനം ഒരിക്കലും അവയുടെ പരമമായ ലക്ഷ്യമായിരുന്നില്ല. ഇത്തരം സംവാദപരിസരങ്ങളില്‍ നിന്നും അന്ധവിശ്വാസവിരുദ്ധര്‍ കൃത്യമായി ഒഴിവാക്കപ്പെടാറുണ്ട്. മുഴു അന്ധവിശ്വാസികള്‍, അര അന്ധവിശ്വാസികള്‍, കാല്‍ അന്ധവിശ്വാസികള്‍ തുടങ്ങി വിവിധ ഗ്രേഡുകളില്‍പ്പെട്ടവരാണ് സ്ഥിരം അഭിനേതാക്കള്‍. അതുകൊണ്ട് തന്നെ അന്ധവിശ്വാസങ്ങള്‍ കഴുകിയെടുത്ത്, അവയുടെ സത്ത ചോരാതെ കാത്തുരക്ഷിക്കാനുള്ള ബൗദ്ധികവ്യായാമമായി മിക്ക സംവാദങ്ങളും പരിമിതപ്പെട്ടു. അന്ധവിശ്വാസങ്ങള്‍ നശിക്കാന്‍ സാധ്യതയുണ്ടെന്ന് വന്നാല്‍ ഇതേ പരിഷ്‌ക്കരണവാദികള്‍ മുറവിളിയുമായി പ്രത്യക്ഷപ്പെടും. അന്ധവിശ്വാസസംരക്ഷണത്തിന് വേണ്ടിയായിരിക്കും അവര്‍ വേഷമിടുക. പൈതൃകം, സംസ്‌ക്കാരം, ആഘോഷം… തുടങ്ങിയ കമലപദങ്ങളാവും അപ്പോഴവരുടെ നാവില്‍ നിന്നും കൂടുതലും ഉതിര്‍ന്നുവീഴുക. അസഹനീയമായ അന്ധവിശ്വാസങ്ങളെ തള്ളിപ്പറയുക, സമാന അടിത്തറയുള്ള തങ്ങളുടെ ചക്കര അന്ധവിശ്വാസങ്ങളെ എന്തു വില കൊടുത്തും സംരക്ഷിക്കുക-ഇതിനപ്പുറം പരിഷ്‌ക്കരണബോധമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. വിവാദവും സംവാദവും നീങ്ങുമ്പോള്‍ അന്ധവിശ്വാങ്ങളുടെ അടിത്തറ കൂടുതല്‍ പുഷ്ടിപ്പെട്ടതായി കാണപ്പെടുന്നു.
ശബരിമലയിലെ വളകിലുക്കം
ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്! അരുതേ, ഞങ്ങളുടെ വിശ്വാസങ്ങളെ കളിയാക്കരുതേ! അനാചാരങ്ങള്‍ അവസാനിപ്പിക്കരുതേ!! ഞങ്ങടെ അടിമബോധം ദുര്‍ബലപ്പെടുത്തരുതേ!!…… We are ready to wait! ഒരു കൂട്ടം ഭക്തസത്രീകളുടെ മുറവിളിയാണിത്. സോഷ്യല്‍ മീഡിയയിലൊക്കെ ഏറെ വിവാദമായ നിലപാട്. ശബരിമല ക്ഷേത്രത്തില്‍ ഋതുമതികളായ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. പത്തിനും അമ്പതിനും മധ്യേ പ്രായമുള്ളവര്‍ പോകരുത് എന്നൊരു കണക്കും പറഞ്ഞുകേള്‍ക്കാറുണ്ട്. ആര്‍ത്തവത്തിനു മുമ്പും ആര്‍ത്തവവിരാമത്തിനും ശേഷവും കുഴപ്പമില്ല എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. ശബരിമല പ്രതിഷ്ഠയായ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്നതാണത്രെ വിലക്കിന് കാരണം. മതം അനുശാസിക്കുന്ന ആര്‍ത്തവ’അശുദ്ധി’യില്‍ നിന്ന് മോചനം നേടിയിട്ട് അയ്യപ്പനെ പോയി കണ്ടുകൊള്ളാം എന്നാണെങ്കില്‍ കഷ്ടം എന്നല്ലാതെ ഒന്നുംപറയാനില്ല. ആര്‍ത്തവം അശുദ്ധിയാണ് എന്ന പരസ്യപ്രഖ്യാപനമാണ് ഈ വനിതകള്‍ നടത്തുന്നത്. അതല്ല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അകലുന്നത് വരെ കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, ബഹളവും ബലപ്രയോഗവും തങ്ങള്‍ ആഗ്രഹിക്കുന്നില്ല, മാമ്പഴം പഴുത്തടര്‍ന്ന് വീഴുന്നതുപോലെ മാറ്റം വരുമ്പോള്‍ തങ്ങള്‍ സ്വീകരിച്ചുകൊള്ളാം-ഇതാണ് കാത്തിരിക്കാന്‍ തയ്യാറാണ് എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തുന്ന ഭക്തമഹിളകള്‍ പൊതുസമൂഹത്തെ അറിയിക്കാനാഗ്രഹിക്കുന്ന സന്ദേശമെങ്കില്‍ ന്യായമായും ചില ചോദ്യങ്ങള്‍ അവിടെ ഉയര്‍ന്നുവരും. മതാചാരമായതുകൊണ്ടാണ് ഈ ഭവ്യതയും സഹനഭാവവും! വേറെ ഏതൊക്കെ രംഗങ്ങളില്‍ സമാനമായ അനീതി സ്വയം നീങ്ങിപ്പോകുന്നത് വരെ കാത്തിരിക്കാന്‍ ഈ വനിതകള്‍ തയ്യാറാകുമോ എന്ന ചോദ്യം അസ്ഥാനത്തല്ല. മാറ്റം ആഗ്രഹിക്കുന്ന മതഭയമുള്ള വിശ്വാസികള്‍ പണ്ട് മുതല്‍ ഉന്നയിക്കുന്ന ഒരു നാണംകെട്ട ഒഴികഴിവാണിത്. മതത്തിന് വഴങ്ങി സ്വയംപരിമിതപ്പെടുത്തുക, മതാധിപത്യവും പ്രതിലോമചിന്തയും തങ്ങളുടെ ജീവിതകാലത്തേങ്കിലും നിലനിര്‍ത്തുക എന്നതാണ് അവിടെ ഉയരുന്ന താല്പര്യം. രക്തം ചിന്താതെ മാംസം തിന്നണമെന്ന ആഗ്രഹപദ്ധതിയാണ് മിക്കവരും താലോലിക്കുന്നത്. മാറുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണ് എന്നു പറയുമ്പോള്‍ മാറണമെന്ന ആഗ്രഹമുണ്ട് എന്ന് വ്യക്തമാണല്ലോ. അതുകൊണ്ടാണ് കാത്തിരിപ്പ്! പക്ഷെ എങ്ങനെയാണ് മാറ്റം ഉണ്ടാകുന്നത്? കാത്തിരിക്കന്ന ഈ മാറ്റം ആരാണ് കൊണ്ടുവരേണ്ടത്? കാത്തിരിക്കുന്നവര്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാണ്. പിന്തുണയ്ക്കുന്നില്ലെന്ന് മാത്രമല്ല എതിര്‍ക്കുകയും എതിര്‍ക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കുകയുംചെയ്യുന്നു! മതബോധം മനുഷ്യന്റെ മസ്തിഷ്‌ക്കബോധത്തെ ആഴത്തില്‍ മരവിപ്പിക്കും. എല്ലാത്തരം അനീതികളെയും അക്രമങ്ങളെയും സുധീരം എതിര്‍ക്കുന്നവര്‍പോലും മതം നിറയ്ക്കുന്ന ഇരുട്ട് കണ്ടില്ലെന്ന് നടിക്കുന്നു. ലൈംഗികപീഡനം ഒരു മതാചാരമായിരുന്നെങ്കില്‍ ‘Ready to be raped’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ച് നില്‍ക്കുന്ന വിദ്യാസമ്പന്നരായ സ്ത്രീകളുടെ ഗ്രൂപ്പ്‌ഫോട്ടോ അസാധ്യമാകുമായിരുന്നില്ല(ലൈംഗികപീഡനവും ചൂഷണവും മതാചരമല്ല എന്നൊന്നും ഇപ്പറഞ്ഞതിന് അര്‍ത്ഥംകാണരുത്, അത്ര വ്യാപകമല്ല എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. ദേവദാസികളെയും മണാളന്‍മാരെയുമൊന്നും അത്ര പെട്ടെന്ന് മറക്കാനാവില്ലല്ലോ! തങ്ങളുടെമതം കാര്യംകണ്ടറിഞ്ഞ് കാലികമായി സ്വയം പരിഷ്‌ക്കരിക്കുമെന്ന് വാദിക്കുന്ന ഹിന്ദുമതവിശ്വാസികളുണ്ട്. മറ്റു മതങ്ങള്‍ക്ക് ഈ ഗുണം കുറവാണെന്നും അവര്‍ ആണയിടും. യാഥാര്‍ത്ഥ്യമെന്ത്? മാറ്റത്തോടുള്ള പ്രതിരോധം(resistance to change)  മതത്തിന്റെ ജനിതകഗുണമാകുന്നു. എങ്കിലും എല്ലാ മതങ്ങളെയും മനുഷ്യന്‍ നന്നാക്കുന്നുണ്ട്. മറ്റ് മേഖലകളില്‍ സാധ്യമായ വേഗത അവിടെ സംഭവ്യമല്ലെന്നുമാത്രം. നേപ്പാളില്‍ ‘സതി’ നിരോധിക്കപ്പെട്ടത് 1920 ല്‍ മാത്രമാണെന്നോര്‍ക്കുക! 1829 ഡിസമ്പര്‍ 24 ന് വില്യം ബന്‍ന്റിക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ ഇന്ത്യന്‍ അധീനപ്രദേശങ്ങളില്‍ സതി നിരോധിച്ചത് മുഖ്യധാരാഹിന്ദുക്കളുടെ ആവശ്യപ്രകാരമായിരുന്നില്ല. കൊല്‍ക്കൊത്തയിലൊക്കെ  വികാരംവ്രണപ്പെട്ട വിശ്വാസികള്‍ പ്രകടിപ്പിച്ച എതിര്‍പ്പും സമര്‍പ്പിച്ച ഭീമഹര്‍ജികളുംകണ്ട് ബ്രിട്ടീഷുകാര്‍ പകച്ചുപോയി. സ്ത്രീകളെ പച്ചജീവനോടെ ചുട്ടുകൊല്ലാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു പ്രസ്തുത ‘മതപ്രതിഷേധം’! തങ്ങള്‍ക്ക് ഭര്‍ത്താവിന് വേണ്ടി തീയില്‍ച്ചാടി ആത്മഹത്യ ചെയ്യാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ് രംഗത്തുവന്നത് സ്ത്രീകള്‍തന്നെയായിരുന്നു. ”കാത്തിരിക്കാന്‍ തയ്യാറാണ്” എന്ന പ്ലക്കാഡുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആധുനികവിശ്വാസികളുടെ ‘സതീരൂപ’മായിരുന്നു അവര്‍. സത്യത്തില്‍ മതം ഒരു മാനസികാവസ്ഥയാണ്. കാലം അതിന് സാരമായ തോതില്‍ പരിക്കേല്‍പ്പിക്കുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉത്തരേന്ത്യയിലും മറ്റും സതി വ്യാപകമായിരുന്നു. വര്‍ഷം ശരാശരി 500-600 മരണങ്ങള്‍! സതി അനുഷ്ഠിക്കുന്ന സ്ത്രീകളെ കുടുംബദേവതകളാക്കി ആരാധിക്കുന്നതും പതിവായിരുന്നു. രക്ഷപ്പെടാന്‍ പല സ്ത്രീകളും ചിതയില്‍നിന്നും ചാടി ഓടിയിട്ടുണ്ട്. അവരെയൊക്കെ തേടിപ്പിടിച്ച് വീണ്ടും ചിതയിലെറിയും. കൊട്ടും കുരവയും മന്ത്രോച്ചാരണങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ഈ നിലവിളികള്‍ ലയിച്ചുചേരും. സതി ഒരു ഉത്തരേന്ത്യന്‍ ആചാരം മാത്രമായിരുന്നില്ല. ദക്ഷിണേന്ത്യയിലും അതിന് വേരുകളുണ്ടായിരുന്നു. റാണി ഗൗരി പാര്‍വതിബായി (1815-1829) തിരുവിതാംകൂറില്‍ റീജ്യന്റായി ഭരണം നടത്തുന്ന കാലത്ത് ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ 1817 ല്‍ തനിക്ക് സതി അനുഷ്ഠിക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് വരികയുണ്ടായി. കേണല്‍ മണ്‍റോ ആയിരുന്നു അന്നത്തെ ബ്രിട്ടീഷ് റസിഡന്റ്. കൊല്ലത്ത് ബ്രിട്ടീഷ് കമ്പനി പട്ടാളത്തിലുണ്ടായിരുന്ന ശിതാരാമന്‍ എന്ന തമിഴ്നാട്ടുകാരന്റെ ഭാര്യ വീരമ്മയാണ് തീയില്‍ ചാടുന്നതിന് അനുവാദം ചോദിച്ചുകൊണ്ട് കേണല്‍ മണ്‍റോയെ സമീപിച്ചത്. ശീതാരാമന്‍ മരിച്ചിട്ട് ഏതാനും മാസങ്ങളായിരുന്നു. അന്ന് ഭര്‍ത്താവിന്റെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കാന്‍ അനുവദിച്ചില്ല. ഇനിയെങ്കിലും ചിതകൂട്ടി അതില്‍ ചാടി മരിക്കാന്‍ അനുവാദം ലഭിക്കണം. അവര്‍ കൊല്ലത്തെ ബ്രിട്ടീഷ് റസിഡന്‍സിക്ക് മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി. ആവശ്യം വിശ്വാസവുമായി ബന്ധപ്പെട്ടതായതിനാല്‍ പരാതിക്കാരിയെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം തയ്യാറായില്ല. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. സതി ആവശ്യം അനുവദിക്കാന്‍ റസിഡന്റ് സമ്മതിക്കാതിരുന്നപ്പോള്‍ തന്റ സ്വദേശമായ പാണ്ടിരാജ്യത്ത് (മദ്രാസ്) അങ്ങനെയൊരു ചടങ്ങുണ്ടെന്ന് വീരമ്മ വാദിച്ചു. എങ്കില്‍ സ്വദേശത്ത് പോയി ചെയ്തുകൊള്ളാന്‍ മണ്‍റോ നിര്‍ദ്ദേശിച്ചു, യാത്രാച്ചെലവും വാഗ്ദാനംചെയ്തു. പക്ഷെ വീരമ്മാള്‍ പോയില്ല, കുത്തിയിരിപ്പ് തുടര്‍ന്നു. മതപരമായ ആചാരമാണിതെന്ന് വാദിച്ച് വീരമ്മയെ പിന്തുണയ്ക്കാനും ആളുകളുണ്ടായിരുന്നു. ഒടുവില്‍ പാണ്ടിനാട്ടിലെ അവരുടെ ബന്ധുക്കളെ വിളിച്ചു വരുത്തി. ചിറ്റപ്പനായ പാപ്പയ്യനെ കൂട്ടി വീരമ്മയെ നാട്ടിലേക്ക് അയക്കുന്നതിന് 500 പണം ഖജനാവില്‍ നിന്നും കൊടുത്തു. ഇതു സംബന്ധിച്ച് ദിവാന് റാണി നല്‍കിയ നീട്ട് (ഉത്തരവ്) സംസ്ഥാന പുരാരേഖ വകുപ്പിന്റെ പക്കലുണ്ട്. ഉത്തരവിന്റെ തീയതി-കൊല്ലവര്‍ഷം 993 മീനം 21 (1817). വീരമ്മാള്‍ സതി അനുഷ്ഠിച്ചോ? ആര്‍ക്കുമറിയില്ല! ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തില്‍ നിന്നും 12 ലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഏജ് ഓഫ് കണ്‍സെന്റ് ബില്‍ (Age of Consent Bill March 19, 1891) ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ കൊണ്ടുവന്നപ്പോള്‍ അതിനെ അതിരൂക്ഷമായി എതിര്‍ത്തവരുടെ മുമ്പന്തിയില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ ബാല ഗംഗാധര തിലകനായിരുന്നു. സ്വന്തംനിലയില്‍ നേരത്തെ വിവാഹംചെയ്യുന്നതിനോട് എതിര്‍പ്പുണ്ടായിരുന്ന, കോണ്‍ഗ്രസ്സിലെ പുരോഗമാനാഭിമുഖ്യവുമുള്ള നേതാവായാണ് തിലകന്‍ അറിയപ്പെട്ടിരുന്നത്! നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തന്റെ മതത്തെ പരിഷ്‌ക്കരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് അവകാശമില്ലെന്ന മതവാദം തന്നെയായിരുന്നു തിലകനും ഉന്നയിച്ചത്. ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായി കടല്‍ കടന്നു വിദേശത്തേക്ക് പോയ ഗാന്ധിജിക്കും വിവേകാനന്ദനും യഥാസ്ഥിതിക ഹിന്ദുക്കളുടെ ഭാഗത്ത് നേരിടേണ്ടിവന്ന നിന്ദയെക്കുറിച്ച് അവര്‍തന്നെ എഴുതിയിട്ടുണ്ട്. അതേസമയം വര്‍ണ്ണവ്യവസ്ഥയെ ന്യായീകരിക്കുന്നതിന് ഗാന്ധിജിക്കോ ജാതിവ്യവസ്ഥ മഹത്തരമാണെന്ന് വിശ്വസിക്കാന്‍ വിവേകാനന്ദനോ പ്രയാസമുണ്ടായിരുന്നില്ലെന്നത് മതമനസ്സിന്റെ പൊതുസ്വഭാവം വിവരിക്കുന്നു. മാറ്റത്തെക്കുറിച്ചോര്‍ത്ത് ‘വ്രണപ്പെടുക’എന്നത് ഏതൊരു മതവിശ്വാസിയുടെയും ജന്മാവകാശമാകുന്നു. മനുഷ്യശരീരവും ശവവും കീറിമുറിക്കുന്ന ഒരു മെഡിക്കല്‍ കോളേജ് ഇന്ത്യയില്‍ ആദ്യമായി കൊല്‍ക്കൊത്തയില്‍  സ്ഥാപിക്കപ്പെട്ടപ്പോള്‍(1835) അത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്നു വാദിച്ച് തുള്ളിവിറച്ച ഹിന്ദുക്കളെക്കുറിച്ച് ഇന്നത്തെ മതനിഷ്‌ക്കളങ്കര്‍ കേട്ടിട്ടുകൂടിയുണ്ടാവില്ല. നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് ശ്രീനാരായണഗുരു തുറന്നടിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരെപ്പോലൊരു ബാഹ്യശക്തിയുടെ സാന്നിധ്യമില്ലായിരുന്നുവെങ്കില്‍ രാജാറാംമോഹന്‍ റോയിയും ശ്രീനാരായണ ഗുരുവുംപോലുള്ള മതപരിഷ്‌ക്കരണവാദികള്‍ അസാധ്യമാകുമായിരുന്നു എന്ന് കാണാന്‍ വിഷമമില്ല. ആധുനിക ജനാധിപത്യയുഗത്തില്‍പ്പോലും സന്ദീപാനന്ദഗിരിയെപോലുള്ളവര്‍ നാടുനീളെ  വാചികമായുംകായികമായും ആക്രമിക്കപ്പെട്ടതിന്റെ വിശദീകരണം അവിടെയുണ്ട്. ഇന്ത്യയില്‍ ആദ്യമായി തീവണ്ടി അവതരിപ്പിച്ചപ്പോള്‍ പൈശാചികത്വം ആരോപിച്ച് നിരന്ന് നിന്ന് തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞ ലക്ഷണമൊത്ത വിശ്വാസികളില്‍ പലരുടെയും പിന്‍ഗാമികള്‍ ഇന്ന് ലോക്കോപൈലറ്റുമാരാണ്!! മരുമക്കത്തായം, അയിത്തം, സംബന്ധം തുടങ്ങിയവയൊക്കെ കേരളത്തില്‍ നിയമംമൂലം നിരോധിക്കപ്പെട്ട കാര്യങ്ങളാണെന്നും മറക്കാതിരിക്കുക. തങ്ങളുടെ മതം ഭയങ്കര പരിഷ്‌ക്കരണത്വരയുള്ളതാണെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നര്‍ക്ക് മിക്കപ്പോഴും ചരിത്രം അനാകര്‍ഷകമായിരിക്കും. അത്ര പരിഷ്‌ക്കരണത്വര ഉള്ള മതമാണെങ്കില്‍ എന്തുകൊണ്ടാണ് ശബരിമലയിലെ  സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത്? ”അത്…പിന്നെ മറ്റുകാര്യങ്ങളിലൊക്കെ മാറാം…ഇക്കാര്യത്തില്‍ പറ്റില്ല…ഇത് ആചാരമാണ്…വിശ്വാസമാണ്…” എന്നൊക്കെയാണോ മറുപടി? മറ്റ് കാര്യങ്ങളിലും എക്കാലത്തും ഇത് തന്നെയായിരുന്നു മതനിലപാടെന്ന് തിരിച്ചറിയുമ്പോള്‍ തീരുന്ന പ്രശ്‌നമേ അവിടെയുള്ളൂ. തീരെ സഹികെടുമ്പോള്‍ മാത്രമാണ് മതം മാറുന്നത്….അത് മാറുകയല്ല, മാറ്റപ്പെടുകയാണ്. സ്വയംപരിഷ്‌ക്കരിക്കാനുള്ള സോഫ്റ്റ്‌വെയര്‍ മതത്തിന്റെ പക്കലില്ല. അത് മാറ്റത്തെ എതിര്‍ക്കുന്ന ഒന്നാണ്, കാലത്തെ നിശ്ചലമാക്കുക എന്നതാണ് അതിന്റെ ജനിതകധര്‍മ്മം. മനുഷ്യന്‍ മുമ്പോട്ട് നോക്കുമ്പോള്‍ മതം സദാ പിറകോട്ട് മാത്രം നോക്കുന്നു. മാറാത്തതെന്തോ അതാണ് മതം. മാറുന്ന മതം അമതം.
ലിംഗനീതി മതത്തിലും പൊതുസമൂഹത്തിലും
മതം പുരുഷന്‍ എഴുതിയ കെട്ടുകഥയാണ്. അത് സ്ത്രീയുടെ സെമിത്തേരി കൂടിയാണ്. മതം വിമര്‍ശിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് അതിന്റെ സഹജമായ സ്ത്രീവിരുദ്ധതയാണ്. മതത്തിന്റെ കണ്ണില്‍ സ്ത്രീ രണ്ടാംകിട പൗരയും വിട്ടുവീഴ്ചയില്ലാത്ത ഭക്തയുമാണ്. പൗരോഹിത്യം, അനുഷ്ഠാനം തുടങ്ങിയ കാര്യങ്ങളില്‍ ഈ വിവേചനം കൂടുതല്‍ പ്രകടമാണ്. മത നിബന്ധനകള്‍ മൂലം അവളുടെ പൗരാവകാശങ്ങളും പരിമിതപ്പെടുന്നുണ്ട്. എല്ലാ മതങ്ങളും ഇക്കാര്യത്തില്‍ പരസ്പരം മത്സരിക്കുന്നത് കാണാം. നിലവില്‍ ഇസ്ലാമിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. നമ്മുടെ സമൂഹത്തിലെ സ്ത്രീകളില്‍ നല്ലൊരുപങ്കും വിശ്വാസികളാണ്. മതത്തിനുള്ളിലെ ലിംഗവിവേചനം പുറത്തും അവളുടെ വിലയിടിക്കും. അതുകൊണ്ടുതന്നെ മതത്തിനുള്ളിലെ ലിംഗവിവേചനം പൊതുസമൂഹം അഭിപ്രായം പറയേണ്ട വിഷയമായിത്തീരുന്നു. മതത്തിനുള്ളില്‍ നിന്നുകൊണ്ട് അതിനെ മാറ്റിതീര്‍ക്കുക എളുപ്പമല്ല. ബാഹ്യവും ആഭ്യന്തരവുമായ സമ്മര്‍ദ്ദം മതപരിഷ്‌ക്കരണത്തിന്റെ അനിവാര്യഘടകങ്ങളാണ്. വിവേചനരഹിതവും ക്ഷുദ്രത കുറഞ്ഞതുമായ കെട്ടുകഥകള്‍ സ്വീകരിച്ചാല്‍ അന്ധവിശ്വാസങ്ങള്‍ കൂടുതല്‍ സഹനീയമായിത്തീരും. ഉദാഹരണമായി, അജബലി ഉപേക്ഷിക്കുക, പകരം അടബലി നടത്തുക! ശബരിമലയിലെ സ്ത്രീകളെ വിലക്കുന്നത് ലിംഗവിവേചനം തന്നെയാണ്. അവര്‍ സ്ത്രീകള്‍ ആയതുകൊണ്ട് മാത്രമാണത് സംഭവിക്കുന്നത്. ആര്‍ത്തവം അശുദ്ധിയാണെന്ന മതചിന്ത അവിടെ പ്രകടമാകുന്നു. അതിനപ്പുറമുള്ള ആത്മീയ നിഗൂഡതയൊന്നും ഇക്കാര്യത്തിലില്ല. പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയും ബാലയോഗിയുമാണെന്ന വാദമൊക്കെ ബാലിശമാണ്. സര്‍വസ്രഷ്ടാവും സര്‍വജ്ഞാനിയും സര്‍വശക്തനുമായ ദൈവത്തിനു ആര്‍ത്തവഘട്ടത്തിലുള്ള സ്ത്രീകളെ കാണുമ്പോള്‍ പ്രയാസമുണ്ടാകും എന്ന ‘ഞരമ്പുരോഗസിദ്ധാന്തം’ മതമനസ്സിന്റെ ചപലതയാണ്. അയ്യപ്പന് വൈകാരിക പ്രശ്‌നമുള്ളതുകൊണ്ട് സ്ത്രീകള്‍ മാറിപ്പോകണം എന്നാണ് വാദം. സംഗതി മാനഭംഗമാണെങ്കിലും ക്ഷേത്രദര്‍ശനമാണെങ്കിലും സ്ത്രീകളാണല്ലോ മാറിപ്പോകേണ്ടത്! മാതാപിതാക്കളുടെ അന്ത്യകര്‍മ്മങ്ങളില്‍ അകന്ന ബന്ധുക്കളായ പുരുഷന്‍മാര്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീ ആയതുകൊണ്ടു മാത്രം അങ്ങോട്ടു കടന്നു ചെല്ലാനാവില്ലെന്ന് തിരിച്ചറിയുന്ന പെണ്‍മക്കളുടെ കാര്യമോര്‍ക്കുക. സ്ത്രീക്ക് ആത്മാവിനെ ഊട്ടാനോ ശവത്തിന് കൊള്ളി വെക്കാനോ അവകാശമില്ല. ശബരിമലയില്‍ തീര്‍ത്ഥാടനത്തിനും അവസരം നിഷേധിച്ചിരിക്കുന്നു. അന്ധവിശ്വാസമാണ്, കഥയാണ് എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാമെങ്കിലും വ്യക്തിതലത്തിലും സാമൂഹികതലത്തിലും സത്രീകള്‍ക്കുണ്ടാകുന്ന അപമാനം അസഹനീയമാണ്. വിവേചനത്തിന് ആധാരം കെട്ടുകഥയായിരിക്കാം, പക്ഷെ അതുമൂലമുള്ള ജീവിതാനുഭവം കെട്ടുകഥയല്ല. അന്ധവിശ്വാസമായാലും ലിംഗപരമായവിവേചനം കുറ്റകരമാണ്. ഭരണഘടനയുടെ 15 മുതല്‍ 20 വരെയുള്ള അനുശ്ചേദങ്ങള്‍ക്കു വിരുദ്ധവുമാണിത്. മണ്ടത്തരങ്ങളും ചെയ്യാനും കബളിപ്പിക്കപ്പെടാനും എല്ലാവര്‍ക്കും തുല്യ അവകാശം ഉണ്ടാവണം. തീയില്‍ ചാടാനും വിഷംകഴിക്കാനും തോട്ടിപ്പണി ചെയ്യാനും മോഷ്ടിക്കാനും മദ്യപിക്കാനും വ്രതമിരിക്കാനും ലിംഗസമത്വം ഉണ്ടാവണം. എന്നുകരുതി അവയൊക്കെ എല്ലാവരും ചെയ്യേണ്ടതാണ് എന്ന അര്‍ത്ഥം വരുന്നുമില്ല. സ്വയമേവ ചെയ്യാതിരിക്കുന്നതും വിലക്കുള്ളത് കൊണ്ടുമാത്രം ചെയ്യാതിരിക്കുന്നതും രണ്ടാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി തന്നെ ധാരാളം. ശവത്തെ അപമാനിക്കുന്നതുപോലും നാഗരികതയുടെ ദൃഷ്ടിയില്‍ അസ്വീകാര്യമാണ്.
ശബരിമലയെ മാത്രം ആക്രമിക്കുന്നു?
ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ട്. ശബരിമലയില്‍ മാത്രമാണ് സ്ത്രീപ്രവേശനത്തിന് വിലക്കുള്ളത്, വേറെ എല്ലായിടത്തും സ്ത്രീകള്‍ക്ക് അനുമതിയുണ്ട്, ശബരിമലയില്‍പോലും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം ഭാഗികമാണ്, അത് സ്ത്രീ ആയതുകൊണ്ടുള്ള വിവേചനമല്ലെന്നറിയണം, 10 നും 50 നും ഇടയ്ക്കുള്ള സ്ത്രീകളെ മാത്രമാണ് വിലക്കിയിട്ടുള്ളത്, മറ്റു ക്ഷേത്രങ്ങളുടെ കാര്യത്തിലും ഇത് സാധുവാണ്. ഭക്തസ്ത്രീകള്‍ ആര്‍ത്തവവേളയില്‍ ക്ഷേത്രസന്ദര്‍ശനം നടത്താറില്ല, ശബരിമലയാത്ര കഠിനവും ദൈര്‍ഘ്യമേറിയതും ആയതിനാലാണ് സ്ത്രീകളെ മൊത്തത്തില്‍ ഒഴിവാക്കിയത്, ഭക്തര്‍ അശുദ്ധിയുള്ളപ്പോള്‍ ക്ഷേത്രദര്‍ശനം ഒഴിവാക്കുമെന്നിരിക്കെ, പിന്നെ ആര്‍ക്കാണ് നിര്‍ബന്ധം?, പ്രവേശനം അനുവദിച്ചാലും ഭക്തകളായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, അവിശ്വാസികളായ സ്ത്രീകള്‍ അല്ലെങ്കില്‍ത്തന്നെ പോകില്ല-പിന്നെ ആര്‍ക്കുവേണ്ടിയാണ് മാറ്റം?, ഭക്തരുടെ കാര്യം ഭക്തര്‍ തീരുമാനിച്ചുകൊള്ളാം…… ഇത്യാദിയാണ് ശബരിമല സ്ത്രീരഹിതമായി നിലനിറുത്താന്‍ പാടുപെടുന്നവരുടെ കൊടുമ്പിരി മതവാദങ്ങള്‍. ആധുനിക നാഗരികതയ്ക്ക് അംഗീകരിക്കാവുന്ന വാദങ്ങളല്ല ഇവയൊന്നും. ആര്‍ത്തവകാലം അശുദ്ധിയുടെ കാലഘട്ടമാണെന്ന നിര്‍ണ്ണയം പുരുഷന്റേതാണ്. ആ പുരുഷവീക്ഷണമാണ് അറിഞ്ഞോ അറിയാതെയോ പല സ്ത്രീകളുടെയും ബോധത്തെ പരുവപ്പെടുതതിയിട്ടുള്ളത്. 295 എ പ്രകാരം ശബരിമലയില്‍ സിനിമ ഷൂട്ട് ചെയ്ത കുറ്റത്തിന് സുധാചന്ദ്രന്‍ എന്ന ചലച്ചിത്ര നടിയേയും സംഘത്തെയും മൂന്നുമാസം തടവ്/ആയിരംരൂപ നല്‍കി ശിക്ഷിച്ച കോടതിയുള്ള നാടാണിത്. പോകണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഭക്തരായ സ്ത്രീകളല്ലേ? തീര്‍ച്ചയായും. വിശ്വാസികളായ സ്ത്രീകള്‍ പോകില്ല, അവിശ്വാസികളായ സ്ത്രീകള്‍ പോകില്ല-പിന്നെ എന്താണ് പ്രശ്‌നം എന്ന ചോദ്യം സാധുവല്ല. ഒരാള്‍ക്കെങ്കിലും പോകാന്‍ താല്പര്യമുണ്ടെങ്കില്‍ അത് സാധ്യമാകണം. തങ്ങള്‍ക്കിഷ്ടമല്ല അതിനാല്‍ ആഗ്രഹിക്കുന്നവരും പോകരുത് എന്ന നിര്‍ബന്ധബുദ്ധി ഫാസിസമാണ്.
പൊട്ടന്‍കളി
ശബരിമലയില്‍ സ്ത്രീപ്രവേശം വിലക്കിയതിന്റെ കാരണമെന്ത്? അശുദ്ധി, യാത്രാദുരിതം, അയ്യപ്പന്റെയും തീത്ഥാടകരുടെയും ലൈംഗികവിചാരം, പാരമ്പര്യം…തുടങ്ങി നിരവധി ചപലന്യായീകരണങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും സംഗതി കൃത്യമായും ലിംഗവിവേചനം തന്നെയാണ്. ആര്‍ത്തവത്തിന്റെയും ലൈംഗിക ആകര്‍ഷണത്തിന്റെയുമൊക്കെ പേരില്‍ നടക്കുന്ന പൊട്ടന്‍കളിക്ക് യുക്തിസഹമായ യാതൊരു ന്യായീകരണവുമില്ല. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കരുത് എന്നു പറഞ്ഞാല്‍ ആ ഘട്ടത്തിന് മുമ്പും പിമ്പും ആര്‍ത്തവം ഉണ്ടായിക്കൂടേ എന്ന ചോദ്യമുയരും. ആര്‍ത്തവം വൈകി വരുന്നവരുടേയും നേരത്തെ അവസാനിപ്പിക്കുന്നവരുടെയും കാര്യത്തില്‍ എന്താണ് ദേവഹിതം? ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്ക് പ്രവേശനമുണ്ടെങ്കില്‍ ആര്‍ത്തവ അശുദ്ധിയാണല്ലോ പ്രശ്‌നം. അങ്ങനെയെങ്കില്‍ ആര്‍ത്തവരഹിത ദിവസങ്ങളില്‍(മാസത്തില്‍ 25-26 ദിവസം) പ്രവേശനം അനുവദിക്കേണ്ടതല്ലേ?! ഗര്‍ഭിണികള്‍ക്ക് ഗര്‍ഭത്തിന്റെ ആദ്യത്തെ ഏതാനുംമാസങ്ങളില്‍ പ്രവേശനം സാധ്യമാകേണ്ടതല്ലേ? യൗവ്വനത്തില്‍തന്നെ ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കംചെയ്ത സ്ത്രീകളുടെ അശുദ്ധി എന്താണ്? ഇനി, ആര്‍ത്തവിരാമത്തിനുശേഷം സ്ത്രീകള്‍ക്ക് ലൈംഗികത അസാധ്യമാണെന്ന വാദമുണ്ടോ? അതോ, അത്തരം സ്ത്രീകളോട് പുരുഷന്‍മാര്‍ക്ക് ലൈംഗിക ആകര്‍ഷണം തോന്നില്ലേ? അങ്ങനെയാണോ എല്ലാം പുരുഷന്‍മാരും?!(അയ്യപ്പനും ഒരു പുരുഷനാണല്ലോ!) സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ തീര്‍ത്ഥാടകരായ പുരുഷന്‍മാര്‍ക്ക് അനാവശ്യമായ ലൈംഗിക ഉത്തേജനം ഉണ്ടാകുമെന്നതാണ് കാരണം(?) എങ്കില്‍ അവര്‍ ആര്‍ത്തവ കാലഘട്ടത്തിന് മുമ്പുംപിമ്പും ഉള്ള സ്ത്രീകളെ വെറുതെവിടുമെന്ന് കരുതാമോ? അതോ ജനനത്തീയതിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമൊക്കെ നോക്കിയാണോ പീഡനവീരന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്?! തീര്‍ത്ഥാടകരുടെ ലൈംഗികഅച്ചടക്കമില്ലായ്മയാണ് കാരണമെങ്കില്‍ ആണ്‍കുട്ടികള്‍ മല കയറുന്നതും തുല്യമായ തോതില്‍ അപകടകരമല്ലേ? യാത്ര നീണ്ടതും ദുഷ്‌ക്കരവുമായതിനാല്‍ കൊച്ചു പെണ്‍കുട്ടികളും വൃദ്ധസ്ത്രീകളും മാത്രം പോയാല്‍ മതിയെന്ന വാദം പല്ലില്ലാത്തവര്‍ മാത്രം എല്ല് തിന്നാല്‍മതിയെന്ന് പറയുന്നതിന് തുല്യമല്ലേ? ഇത്രയും കാലത്തിനുള്ളില്‍ ആര്‍ത്തവിരാമം സംഭവിക്കാത്ത എത്രയോ സ്ത്രീകള്‍ ശബരിമലയില്‍ വന്നുപോയിട്ടുണ്ടാവും! കന്നട ചലച്ചിത്ര നടി ജയമാല തന്നെ ഉദാഹരണം. അതുകൊണ്ട് ക്ഷേത്രത്തിന് കോട്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കച്ചവടം വര്‍ദ്ധിക്കുകയുംചെയ്തു! ഇനി, ചിരപുരാതനമായ ആചാരമാണ് മാറ്റാനാവില്ല എന്നാണ് വാദമെങ്കില്‍ എത്രയിടത്ത് ഈ കടുംപിടുത്തം പാലിക്കാനായിട്ടുണ്ട് എന്ന അന്വേഷണം ആവശ്യമായി വരും. ശബരിമലയില്‍തന്നെ എത്രയോ ആചാരാനുഷ്ഠാനങ്ങള്‍ പരിഷ്‌ക്കരിക്കപ്പെട്ടു! പടികള്‍ പുതുക്കി പണിഞ്ഞു! 41 ദിവസത്തെ വ്രതം അനുഷ്ഠിച്ചാണോ ഇന്ന് ഭക്തര്‍ ശബരിമലയില്‍ പോകുന്നത്? അങ്ങനെ പോകുന്നവരുണ്ടാകാം, പക്ഷെ പോകാത്തവരുമില്ലേ? റോപ് വേ, വി.ഐ.പി ക്യൂ, അപ്പവും അരവണയും നിര്‍മ്മിക്കുന്ന രീതി…. ഇതൊക്കെ ചിരപുരാതനമായവയാണോ? അല്ലെന്ന് പറയുന്നവര്‍ക്കുമറിയാം. ശബരിമലയിലെന്നല്ല എല്ലാ ക്ഷേത്രങ്ങളിലും ആചാരാനുഷ്ഠാനങ്ങളും രീതിക്രമങ്ങളും കാലികമമായി പരിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. അല്ലാതെ മതഭക്തിക്ക് നിലനില്‍പ്പില്ല. അപ്പോഴും, ശബരിമലയിലെ സ്ത്രീപ്രവേശം മാത്രം അനുവദിക്കാനാവില്ല എന്ന വാദം ബാലിശമെന്നേ പറയാവൂ. ഇന്നത്തെ അവസ്ഥയില്‍ കൊപേയില്‍(കൊതിപ്പിക്കല്‍+പേടിപ്പിക്കല്‍) മുങ്ങിക്കിടക്കുന്ന ഭൂരിഭാഗം ഭക്തകളും അനുവാദം കിട്ടിയാലും ശബരിമലയില്‍ പോകില്ലെന്നത് ശരിയാണ്. പുരുഷ മതവിശ്വാസികളെപ്പോലെതന്നെ അവര്‍ക്കും വന്‍തോതില്‍ കൊതിയും പേടിയുമുണ്ടാവും. മതവിരുദ്ധമായി നീങ്ങിയാല്‍ കിട്ടാനുള്ള പലതും നഷ്ടപ്പെടുമെന്നും തിരിച്ചടികള്‍ വരുമെന്നും അവര്‍ ആശങ്കപ്പെടും. മാത്രമല്ല, അവിടെ താത്വിക ന്യായീകരണവും അസാധ്യമാണ്. അയ്യപ്പന്‍ എന്നതു ഒരു ഹാരിപോട്ടര്‍ മതകഥയാണ്. പ്രസ്തുത കഥ ചോദ്യങ്ങളില്ലാതെ വെട്ടിവിഴുങ്ങുന്നവര്‍ക്ക് അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന കഥ കൂടി അംഗീകരിക്കാനുള്ള ബാധ്യതയുണ്ട്. കാരണം അതൊരു പാക്കേജാണ്. അയ്യപ്പന്റെ കഥ നിര്‍മ്മിച്ചവര്‍ തന്നെയാണ് ബ്രഹ്മചര്യത്തിന്റെ കഥയും പടച്ചുണ്ടാക്കിയത്. ഒരു മതകഥയിലെ ഇന്നയിന്ന ഭാഗങ്ങള്‍ സ്വീകാര്യമല്ല, ബാക്കിയൊക്കെ സ്വീകരിച്ചുകൊള്ളാം എന്ന വാദം പരിഹാസ്യമാണ്. അനുവദിച്ചാലും ഭക്തസ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്ന വാദവും പരിശോധിക്കപ്പെടേണ്ടതാണ്. ഉടനടി പോകാനിടയില്ല എന്നുകരുതി എക്കാലത്തും ഇതായിരിക്കും അവസ്ഥയെന്നു പറയാനാവില്ല. കൂടിന്റെ വാതില്‍ തുറന്നുവെച്ചാല്‍ കാലങ്ങളായി അതിനുള്ളില്‍ കഴിഞ്ഞിരുന്ന കിളി പെട്ടെന്ന് പറന്നുപോകണമെന്നില്ല. അത് ഒരു നിമിഷം അമാന്തിച്ചിരിക്കും. പക്ഷെ കുറച്ച് കഴിഞ്ഞ് പറന്നുപോകുക തന്നെ ചെയ്യും. ശബരിമലയില്‍ പോകില്ലെന്ന ഉഗ്രശപഥങ്ങള്‍ക്ക് കാലാന്തരത്തില്‍ ഇളക്കം തട്ടും-അതാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഒരുകാലത്ത് ക്ഷേത്രപ്രവേശനം അനുവദിച്ചാലും കീഴ്ജാതിക്കാര്‍ പോകില്ലെന്ന പ്രചരണമുണ്ടായിരുന്നു. രാജാവ് ഉത്തരവ് ഇറക്കിയിട്ടും ആദ്യമൊന്നും മിക്കവരും പോയിരുന്നുമില്ല. പക്ഷെ ഇന്ന് എന്താണ് സ്ഥിതി? മേല്‍ജാതി ദൈവങ്ങളുടെ സംരക്ഷകരായി കീഴ്ജാതിക്കാര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങളില്‍ സമരക്കാര്‍ക്കെതിരെ അവര്‍ണ്ണ സംഘങ്ങള്‍ അണിനിരന്നത് ചരിത്രസത്യമാണ്. സത്യഗ്രഹികള്‍ പോരാടുന്നത് എന്തിന് വേണ്ടിയാണോ അത് ഞങ്ങള്‍ക്ക് ദോഷകരമാണ്-എന്നതായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. സമരങ്ങള്‍ വിജയിച്ചപ്പോള്‍ നിലപാട് ക്രമേണ മാറി. 1859 ല്‍ ചാന്നാര്‍ ലഹളക്കാലത്ത് ചരിത്രത്തിലാദ്യമായി പരസ്യമായി മാറു മറച്ചു പ്രത്യക്ഷപ്പെട്ട ഏതാനും ചാന്നാര്‍ യുവതികളെ പിറകെ നടന്നു പരിഹസിച്ചരുടെ മുമ്പന്തിയില്‍ അതേ സമുദായത്തില്‍പ്പെട്ട മുതിര്‍ന്ന സ്ത്രീകളുണ്ടായിരുന്നു. അവസാനം അപമാനവും സമ്മര്‍ദ്ദവും താങ്ങാനാവാതെ യുവതികള്‍ മുലക്കച്ചകള്‍ ഉപേക്ഷിച്ച് മുഖ്യധാരയ്‌ക്കൊപ്പംകൂടി! ഭക്തിലഹരിയില്‍ അഭിമാനബോധത്തോടെ സതി അനുഷ്ഠിച്ച സ്ത്രീകളുണ്ടായിരുന്നു. സതിനിരോധനത്തിനെ എതിര്‍ത്ത സ്ത്രീകളുണ്ടായിരുന്നു. പക്ഷെ നിരോധിക്കപ്പെട്ടതോടെ സതിഭക്തി ദുര്‍ബലപ്പെട്ടു. അമേരിക്കയില്‍ ആദ്യകാലത്ത് മോചിപ്പിക്കപ്പെട്ട അടിമകളില്‍ പലരും അലഞ്ഞുതിരിഞ്ഞ് അവസാനം സ്വന്തം യജമാന്‍മാരുടെ വീട്ടിലേക്ക് തന്നെ തിരിച്ചു ചെന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നാരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ? അന്ധവിശ്വാസങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ മാത്രമല്ല, സ്വീകരിക്കുന്ന കാര്യത്തിലും മതവിശ്വാസികള്‍ സമാനമായ ചപലതയും ചാഞ്ചാട്ടവും പ്രകടിപ്പിക്കാറുണ്ട്. ആദ്യമൊക്കെ, അക്ഷയത്രീതിയ ശുദ്ധ മണ്ടത്തരമാണെന്ന് പറഞ്ഞു നടന്ന പലരും പിന്നീട് പ്രസ്തുതദിവസം സ്വര്‍ണ്ണക്കടയ്ക്ക് മുന്നില്‍ വെള്ള കീറുന്നതിന് മുമ്പ് കാത്തു കിടക്കാന്‍ തുടങ്ങി. വളര്‍ച്ചയുടെ ഭ്രൂണഘട്ടത്തില്‍ സുധാമണി എന്ന ആള്‍ദൈവത്തെ അവഹേളിക്കാനും അടിച്ചോടിക്കാനും പരസ്പരം മത്സരിച്ച നാട്ടുകാരില്‍ പലരും ഇന്ന് കടുത്ത അമൃതാനന്ദമയീഭക്തരാണ്! ശബരിമലയില്‍ പ്രവേശനം കിട്ടിയാലും പോകില്ലെന്ന ഭക്തസ്ത്രീകളുടെ വാദത്തിലും ഇതിനപ്പുറം കഥയൊന്നുമില്ല. ആദ്യമൊക്കെ കൊപേ പ്രഭാവത്തില്‍ പേടിച്ച് മാറി നില്‍ക്കും. ക്രമേണ കുറെപ്പേര്‍ മെല്ലെ തുടങ്ങിവെക്കും, പിന്നീട് ഭക്തിക്കോമരങ്ങളാകാന്‍ പരസ്പരം മത്സരിക്കും. ഗതാഗതവും സഞ്ചാരസൗകര്യങ്ങളും വര്‍ദ്ധിച്ച ഇക്കാലത്ത് സ്ത്രീകള്‍ പുരുഷന്‍മാരെ അതിശയിക്കുന്ന തീര്‍ത്ഥാടകരായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. തിരുവിതാംകൂറിലെ അവസാനത്തെ മഹാറാണി ആയിരുന്ന പൂരാടം തിരുന്നാള്‍ സേതുലക്ഷ്മിഭായി 1940 മേയ് പതിമൂന്നിന് അയ്യപ്പദര്‍ശനം നടത്തിയെന്ന് ശബരിമല സംബന്ധിച്ച വിക്കിപീഡിയ പേജ് പറയുന്നു. റാണി തന്റെ യവ്വനകാലത്താണ് ശബരിമലയില്‍ പോയതെന്നോര്‍ക്കണം. 1991 ല്‍ ബഹു. കേരളഹൈക്കോടതി പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് വരെ നിയമപരമായ വിലക്കും നിലവിലുണ്ടായിരുന്നില്ല. ഭക്ത സ്ത്രീകള്‍ക്ക് ആവശ്യമില്ലാത്ത ഒരു കാര്യത്തിനായി കോടതിയും പൊതുസമൂഹവും ഒച്ചവെക്കുന്നത് എന്തിന് എന്ന ചോദ്യം ഈ പശ്ചാത്തലത്തില്‍വേണം വിലയിരുത്താന്‍. മാത്രമല്ല, ഇതിന് മറുവശംകൂടിയുണ്ട്-ന്യൂനപക്ഷമാണെങ്കിലും അയ്യപ്പനെ സംബന്ധിച്ച തിരക്കഥ ഒന്നു പരിഷ്‌ക്കരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഭക്തസ്ത്രീകള്‍ ഇപ്പോള്‍ തന്നെ ധാരാളമുണ്ട്. ആര്‍ത്തവവേളകളില്‍ ക്ഷേത്രദര്‍ശനം നടത്തുന്നവരുമുണ്ട്. വിശ്വാസത്തിന്റെ പേരില്‍ സിവില്‍ അവകാശങ്ങള്‍ ത്യജിക്കാന്‍ തയ്യാറല്ലാത്ത സ്ത്രീകള്‍ ആധുനിക നാഗരികതയുടെ ഉല്പന്നമാണ്. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ്് കോടതി ചൂണ്ടിക്കാട്ടിയത്. ശബരിമല തന്ത്രിപരമ്പരയില്‍ നിന്നും രാഹുല്‍ ഈശ്വര്‍ പുറത്തായത് വംശവഴിയനുസരിച്ച് മകളുടെ മകനായതുകൊണ്ടാണ്. മകന്റെ മകനായിരുന്നുവെങ്കില്‍ ആ പ്രശ്‌നമുണ്ടാകുമായിരുന്നില്ല. ശബരിമലയിലെ വരുമാനം വര്‍ദ്ധിപ്പിക്കാനും സ്ത്രീപ്രവേശനം സഹായകരമായിരിക്കും. ആളെത്ര, വരുമാനമെത്ര എന്നൊക്കെയുള്ള കണക്കു നോക്കിയാണ് വിശ്വാസികള്‍പോലും ഇക്കാലത്ത് തീര്‍ത്ഥാടനമാഹാത്മ്യം വിലയിരുത്തുന്നത്. ശബരിമലയുടെ ലാഭനഷ്ടക്കണക്കുകള്‍ ഉദ്ധരിച്ച് അഭിമാനംകൊള്ളുന്നവരാണ് മതവിശ്വാസികളില്‍ ഭൂരിപക്ഷവും. സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഹിന്ദുമതത്തിന് എതിരെയുള്ള നീക്കമാണെന്ന വാദം മണ്ടത്തരമാണ്. കച്ചവടം വര്‍ദ്ധിച്ചാല്‍ കള്ളുഷാപ്പ് നശിച്ചുപോകുമെന്നു പറയുന്നതുപോലെയാണത്. കൂടുതല്‍പേരെ ഘോരഭക്തിയിലേക്ക് കൊണ്ടുവന്നാല്‍ മതം പുഷ്ടിപ്പെടുകയാണ് ചെയ്യുന്നത്. നാടെങ്ങും പൊങ്കാലമാനിയ പിടിപ്പെട്ടതിന് ശേഷം മതത്തിന്റെ കെട്ടുറപ്പ് വര്‍ദ്ധിച്ചത് മറക്കരുത്. ആര്‍.എസ്.എസ് നേതൃത്വത്തിലെ ഒരു വിഭാഗം ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകള്‍ വരുന്നുണ്ടെങ്കിലും മതമൗലികവാദികള്‍ വികല വാദങ്ങളുമായി കടുംപിടുത്തം തുടരുകയാണ്.
സ്ത്രീപ്രവേശനം അന്ധവിശ്വാസസംരക്ഷണമോ?
എല്ലാ അന്ധവിശ്വാസികള്‍ക്കും ലിംഗഭേദമന്യേ ശബരിമലയില്‍ പോകാനുള്ള അവകാശം ഉണ്ടാകണമെന്ന വാദം ശബരിമല എന്ന അന്ധവിശ്വാസത്തെ പോഷിപ്പിക്കുന്നതല്ലേ എന്ന ചോദ്യമുയരാം. നവോത്ഥാനത്തിന്റെയും പുരോഗമരാഷ്ട്രീയത്തിന്റെയും വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ തികച്ചും സാധുവായ ചോദ്യം തന്നെയാണിത്. ലിംഗസമത്വം ആദ്യമാദ്യം ഏതൊക്കെ മേഖലകളില്‍ സ്ഥാപിച്ചുകിട്ടണമെന്നതു സംബന്ധിച്ച ഒരു മുന്‍ഗണനാക്രമം (ഘശേെ ീള ുൃശീൃശ്യേ) ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ചോദ്യം വിരല്‍ചൂണ്ടുന്നത്. അത്തരത്തില്‍ ഒരു മുന്‍ഗണനാക്രമം ഉണ്ടെങ്കില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അനുഷ്ഠിക്കാനുള്ള അവസരസമത്വം മുന്നില്‍വരാനിടയില്ല. സ്ത്രീകളുടെ സമഗ്രപുരോഗതിയും സാമ്പത്തിക അധികാരവും ഉറപ്പാക്കുന്ന, യാഥാര്‍ത്ഥ്യലോകത്ത് അവളുടെ അവകാശങ്ങളും അവസരങ്ങളും സാധ്യതകളും വര്‍ദ്ധിപ്പിക്കുന്ന, അവള്‍ക്ക് ധനാത്മകനേട്ടം (positive benefit) ഉണ്ടാകുന്ന ലിംഗസമത്വവാദത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. മതസ്വര്‍ഗ്ഗത്ത് മാര്‍ക്ക് കിട്ടുന്ന കെട്ടുകഥകളല്ല മറിച്ച് ഭൂമിയില്‍ നേട്ടമുണ്ടാക്കുന്ന അവകാശാധികാരങ്ങളാണ് പ്രധാനം. ഒരു സമുദായത്തിന്റെ പുരോഗതി അളക്കേണ്ടത് പ്രസ്തുത സമുദായത്തിലെ സ്ത്രീകളുടെ പുരോഗതിയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണമെന്നു വാദിച്ച ആളാണ് ഡോ.ബി.ആര്‍ അംബേദ്ക്കര്‍. 1935 ലെ നാസിക്കിലെ ക്ഷേത്ര ഉപരോധം പരാജയപ്പെട്ടപ്പോള്‍ വിശ്വാസികളായ തന്റെ ജനതയോട് അംബേദ്ക്കര്‍ പറഞ്ഞത് ക്ഷേത്രപ്രവേശനം നേടുന്നതുകൊണ്ട് ദളിതനു വിശേഷിച്ചു ഗുണമൊന്നും ഇല്ലെന്നായിരുന്നു. 1955 ല്‍ ബി.ബി.സി ക്ക് നല്‍കിയ അഭിമുഖത്തിലും ക്ഷേത്രപ്രവേശനം നേടിയെടുക്കാനുള്ള ആവേശത്തില്‍ കഥയില്ലെന്നും അതു പ്രശ്‌നങ്ങള്‍ പരിഹിരിക്കുന്നില്ലെന്നും അംബേദ്ക്കര്‍ തുറന്നടിക്കുന്നുണ്ട്. തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനവിളമ്പരം(1936) ദളിതരെ മഹത്വപ്പെടുത്തിയെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. സ്വസമുദായത്തില്‍നിന്നും പത്ത് ബിരുദക്കാരെ സൃഷ്ടിക്കുന്നതിലാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നായിരുന്നു ഇതേ കാര്യം പറഞ്ഞ് തന്നെ വന്നുകണ്ട ഗാന്ധിജിക്ക് അയ്യന്‍കാളി നല്‍കിയ തണുപ്പന്‍ മറുപടി! പൗരാവകാശങ്ങള്‍, സാമ്പത്തിക-സാമൂഹിക അവകാശങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തിലുള്ള ലിംഗസമത്വത്തിന് ഊന്നല്‍ നല്‍കേണ്ടതുണ്ട് എന്നാണ് അംബേദ്ക്കറും അയ്യന്‍കാളിയും പറഞ്ഞതിന്റെ സാരം. ശരിഅത്ത് പ്രകാരം ഇസ്ലാമിലെ സ്ത്രീ അരപുരുഷനാണ്. ആരാധനയുടെയും പൗരോഹിത്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സ്വത്ത്, പിന്തുടര്‍ച്ചാവകാശം, സാക്ഷിപറയല്‍…തുടങ്ങി നിരവധി മേഖലകളില്‍ അതു പ്രകടമാണ്. ഈ രംഗങ്ങളില്‍ ലിംഗസമത്വം സ്ഥാപിക്കപ്പെടുന്നത് മുസ്‌ളിംസ്ത്രീകള്‍ക്ക് ഗുണകരമാണ്. എല്ലാ മതങ്ങളിലുമുള്ള സ്ത്രീകള്‍ക്കും സമാനമായ അവകാശാധികാരങ്ങളാണ് അനിവാര്യമായും ലഭ്യമാകേണ്ടത്. അന്ധവിശ്വാസം അനുഷ്ഠിക്കാനും അടിമത്തം സ്വീകരിക്കാനും മദ്യപിക്കാനുമുള്ള അവസരസമത്വം ശേഷംവരുന്ന കാര്യങ്ങളാണ്. അതേസമയം, ഒന്ന് മറ്റൊന്നിന് വേണ്ടി മാറ്റിവെക്കേണ്ടതില്ല. പക്ഷെ മുന്‍ഗണനാക്രമത്തില്‍ അവയ്ക്ക് പ്രഥമപരിഗണന ലഭിക്കുന്നത് അഭിലഷണീയമല്ല. മദ്യപാനത്തിന്റെ കാര്യത്തില്‍ ലിംഗസമത്വം ഉണ്ടാകണമെന്നു പറയുമ്പോള്‍തന്നെ മദ്യം നല്ലതല്ല എന്നുകൂടി പറയേണ്ടതുണ്ട്. ശിവനെ ആരാധിക്കാനുളള അവകാശം ഏവര്‍ക്കുമുണ്ടെന്നു വാദിക്കുമ്പോള്‍ ശിവന്‍ ഒരു അന്ധവിശ്വാസമാണെന്ന് കൂടി കൂട്ടിച്ചേര്‍ക്കണം. ശ്രീനാരയാണഗുരു അത് ചെയ്തില്ല. ഈഴവശിവന്‍ അക്കാലത്ത് ഒരു രാഷ്ട്രീയവിപ്ലവം തന്നെയായിരുന്നു. പക്ഷെ ശിവന്‍ എന്ന അന്ധവിശ്വാസം സമൂഹമനസ്സില്‍ ഊട്ടിയുറപ്പിക്കാന്‍കൂടി അത് ഹേതുവായി. വിഗ്രഹപ്രതിഷ്ഠയും ക്ഷേത്രനിര്‍മ്മാണവും അന്ധവിശ്വാസത്വരയും ജാതിബോധവും വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ എന്ന് ഗുരുതന്നെ പിന്നീട് തിരിച്ചറിയുന്നുണ്ട്. ഇന്ന് കേരളത്തിലെ ഹിന്ദു സ്ത്രീകള്‍ ഭക്തിക്കുരിശ് ചുമന്നു അവശ നിലയിലാണ്. വ്യക്തിതലത്തില്‍ പരാശ്രയബോധവും യുക്തിരാഹിത്യവും പ്രോത്സാഹിപ്പിക്കുന്ന മതഭക്തി ഭൗതികആസക്തിയുടെ ആളിക്കത്തല്‍ തന്നെയാണ്. ഭക്തി മൂര്‍ച്ഛിക്കുംതോറും സമൂഹം കൂടുതല്‍ ഇരുളുകയുംചെയ്യുന്നു. പൊങ്കാല, തീര്‍ത്ഥാടനം, ഗീതാപഠനം, ജ്യോതിഷം, വാസ്തു, കൂടോത്രം…. തുടങ്ങിയവയിലൂടെ സമയം, ഊര്‍ജ്ജം, ധനം എന്നിവ ഏറെ നഷ്ടപ്പെടുത്തുന്നവരാണവര്‍. പുതിയതായി അവതരിപ്പിക്കപ്പെട്ട അന്ധവിശ്വാസങ്ങളും കൂഴിതോണ്ടിയെടുത്ത അനാചാരങ്ങളും അനുഷ്ഠിക്കാന്‍ അവര്‍ ബദ്ധപ്പെടുന്നുണ്ട്. വരാനിരിക്കുന്ന നൂറുകണക്കിന് അന്ധവിശ്വാസങ്ങള്‍ തോളിലേറ്റാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്. അതിനൊപ്പം ശബരിമല തീര്‍ത്ഥാടനംകൂടിയാകുമ്പോള്‍ മതപീഡനം രൂക്ഷമാകും. സ്ത്രീകളും പുരുഷന്‍മാരും ശബരിമലയില്‍ പോകാതിരിക്കുമ്പോഴാണ് സമൂഹത്തില്‍ വെളിച്ചംവരുന്നത്.

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *