ഇസ്രായേൽ ജനത

Avatar

ഇസ്രായേൽ ഒരു യഹൂദരാജ്യം എന്നതിനേക്കാൾ ഉപരി ഒരു മതേതരരാഷ്ട്രം കൂടി ആണ്. ഏകദേശം 75% (74.5%) വരുന്ന ജൂതന്മാർ ലോകത്തിൻറെ പലഭാഗങ്ങളിൽ നിന്നും മതം എന്ന ഒറ്റ വികാരത്തിൽ കുടിയേറിയവരാണ്. 20.9% അറബികൾ ആണ്. അറബിഭാഷ സംസാരിക്കുന്നവരെല്ലാം ഇവിടെ അറബികൾ ആണ്. അതിൽ ക്രിസ്‌ത്യാനികളും മുസ്ലിങ്ങളും ഉൾപ്പെടും. ഇവിടെ ഉള്ള ക്രിസ്ത്യാനികളും, ദ്രുസ് (Druze) ബെദ്വിൻ (Bedouin) വിഭാഗത്തിൽപ്പെട്ട മുസ്ലിങ്ങളും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ജൂതന്മാരോടൊപ്പം ജോലിചെയ്യുന്നുണ്ട്. മിലിട്ടറിയിലും പോലീസിലും ആരോഗ്യരംഗത്തും എല്ലാം ഇവർ തുല്ല്യ പങ്കാളിത്തം വഹിക്കുന്നു. ശതമാനം കണക്കാക്കിയാൽ ഒരുപക്ഷേ ഇവിടെ ജൂതന്മാരേക്കാൾ വിദ്യാസമ്പന്നർ അറബികൾ ആയിരിക്കും. ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് ന്യൂനപക്ഷ ജൂതന് ഇത് സാധ്യമാകുമോ? ഇസ്രായേലിന് അകത്തുള്ള ഒരു മുസ്ലിമും ജൂതനാൽ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല ചുറ്റുമുള്ള ഇസ്ലാമിയ രാജ്യങ്ങളിലെ പൗരന്മാരേക്കാൾ സുരക്ഷിതരുമാണ്. ലോകത്തുള്ള എല്ലാ മുസ്ലിം രാഷ്ട്രങ്ങളിലും സ്ത്രീക്ക് വോട്ടവകാശം ഉണ്ടോ എന്നെനിക്കറിയില്ല, പക്ഷേ യഹൂദ രാജ്യമായ ഇസ്രായേലിൽ മുസ്ലീം സ്ത്രീക്ക് വോട്ടവകാശം ഉണ്ട്. (2 തരത്തിലുള്ള ID കാർഡ് ഉണ്ട്, നീലയും പച്ചയും. നീല കാർഡ് കാർഡ് ആണ് ഇസ്രായേൽ പൗരന്മാർ. ജൂതന്മാർ ഉൾപ്പെടെ എല്ലാവർക്കും നീല കാർഡ് ആണ്. പച്ച കാർഡ് പാലസ്റ്റീനികൾ ആണ് അവർക്ക് വോട്ടവകാശം ഇല്ല). ജൂതന് മാത്രമായി പ്രത്യേക ആനുകൂല്യങ്ങൾ ഒന്നും ഇല്ല. ഇത് കൂടാതെ ഒരു 4.6% മറ്റു മതസ്ഥരും ഇസ്രായേലിൽ ഉണ്ട്. ഹൈഫക്കടുത്തുള്ള (Haifa) കഡ്‌സീർ ഹാരിഷ് (Katzir – Harish) ൽ കൃഷ്ണഭക്തരായ ചെറിയ ശതമാനം ഹിന്ദുക്കളും ഇതിൽ ഉൾപ്പെടും. ഇസ്രായേലിൻറെ ഔദ്യോഗിക ഭാഷകൾ ഹീബ്രുവും അറബിയും ആണെങ്കിലും ഇവിടുത്തെ ജനങ്ങൾ അവർ ഏതു രാജ്യത്തുനിന്നാണോ ഇങ്ങോട്ട് കുടിയേറിയത് അവിടത്തെ മാതൃഭാഷയാണ് സംസാരിക്കുന്നത്. ഉദാഹരണം ഇന്ത്യയിൽ നിന്ന് കുടിയേറിയ യഹൂദർ അവർ ഏതു സംസ്ഥാനത്തു നിന്നാണോ വന്നത് അവിടുത്തെ മാതൃഭാഷകളായ മറാത്തി, ഗുജറാത്തി, ഹിന്ദി, മണിപ്പൂരി, മലയാളം എന്നീ ഭാഷകൾ സംസാരിക്കുന്നു. ഇങ്ങനെ റഷ്യൻ, സ്‌പാനിഷ്‌, എത്യോപ്യൻ, മൊറോക്കോ തുടങ്ങി ഒരുപാട് ഭാഷകൾ… ഇസ്രായേലിൽ സ്ത്രീകൾക്ക് എല്ലാ മേഖലയിലും പ്രാതിനിധ്യം ഉണ്ട്. ടാക്സി ഡ്രൈവർമാർ ബസ് ഡ്രൈവർമാർ ടാങ്ക് ഓപ്പറേറ്റർമാർ (ദെത്തി- കട്ട religious, സ്ത്രീകൾ ഉൾപ്പെടെ) തുടങ്ങി പുരുഷമേധാവിത്വമെന്ന് പറയപ്പെടുന്ന എല്ലായിടത്തും സ്ത്രീ പങ്കാളിത്തം ഉണ്ട്. Transgender എന്ന ഒരു വിഭാഗം ആളുകളുടെ പോരാട്ടം ഒന്നും ഇവിടെ ഇല്ല. അവർ ഇസ്രേയേലിലെ മറ്റ് പൗരന്മാരെപോലെ അവരായിത്തന്നെ ജീവിക്കുന്നു. എനിക്ക് ഇവിടെ ഒരു കൂട്ടുകാരി ഉണ്ട് (അങ്ങനെ പറയാമോ എന്നറിയില്ല). അവൾ Lesbian ആണ്. 2017 മാർച്ച് ൽ അവൾ അവളുടെ കൂട്ടുകാരിയെ കല്യാണം കഴിച്ചു. (ഇവിടെ ഇതൊരുവർത്ത അല്ല. വായിക്കുന്നത് മലയാളികൾ ആയതുകൊണ്ട് എഴുതിയെന്നുമാത്രം).    ഇവിടെ രാത്രി 1 മണിക്കും 2 മണിക്കും എല്ലാം റോഡിൽ ഒറ്റയ്ക്കും കൂട്ടമായും പെൺകുട്ടികൾ പോകുന്നത് കാണാം. ഒരു സദാചാര പോലീസും അവരെ ഓടിക്കാറില്ല. 13 വയസുകഴിഞ്ഞ കുട്ടികൾ ആണെങ്കിൽ അപ്പനും അമ്മക്കും പോലും അറിയില്ല അവർ എവിടാണെന്ന്. കൂട്ടുകാരുടെ കൂടെ പോകുന്നു വരുന്നു അത്രതന്നെ. നിരന്തരം പീഡനവാർത്തകൾ ഒന്നും ഇവിടെ കേൾക്കാനില്ല. പെൺകുട്ടികൾക്കായി വേലിക്കെട്ടുകളൊന്നും ഇല്ല. അവർ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. ഇത് ഒരു വരണ്ട ഭൂമി ആണ് എന്നിരുന്നാലും മരങ്ങളും പൂക്കളും ഇല്ലാത്ത ഒരു റോഡരികുപോലും ഇസ്രായേലിൽ എങ്ങും കാണാൻ കഴിയില്ല. ഇസ്രയേലിന്റെ പകുതിയിലേറെ കൃഷിയോഗ്യമല്ലാത്ത മരുഭൂമി ആണ് എന്നിരുന്നാലും ഭക്ഷ്യോല്പാദനത്തിൽ 95 ശതമാനവും സ്വയം പര്യാപ്‌തമാണ്. കാർഷീകോല്പന്നങ്ങളുടെ കയറ്റുമതിയിലും മുൻപന്തിയിൽ നിൽക്കുന്നു ഈ രാജ്യം. ചായ, കാപ്പി, പഞ്ചസാര, എണ്ണക്കുരുക്കൾ, സുഗന്ധദ്രവ്യങ്ങൾ, ബീഫ് തുടങ്ങിയവ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. കൃഷിസ്ഥലങ്ങൾ കിബുട്സ് (kibbuts), മോശാവ് (moshav) എന്നിങ്ങനെ രണ്ട് വിഭാഗമാണ്. കണ്ണെത്താദൂരത്തോളം കൃഷിസ്ഥലങ്ങൾ കാണാം. കൃഷിസ്ഥലങ്ങൾക്ക് വേലിക്കെട്ടുകൾ ഇല്ല. പലരുടേയും കൈവശമുള്ള 100 കണക്കിന് ഏക്കർ സ്ഥലം ഒന്നിച്ചു ചേർത്ത് കൃഷി ചെയ്യുന്നു. അതിൻറെ ഉടമസ്ഥരെല്ലാം കൂട്ടമായി വീടുവെച്ചു താമസിക്കും. അവിടെ തന്നെ കൃഷിയുടെ അഡ്മിനിസ്ട്രേഷൻ ഓഫീസും ഉണ്ടാകും. ലാഭം ഓരോരുത്തരുടെയും ഭൂമിക്കാനുപാതികമായി വീതിക്കും. (നമ്മുടെ നാട്ടിലെ കൃഷി ഒന്നാലോചിച്ചുനോക്കൂ). ലോകത്തിലെ എട്ടാമത്തെ പവർഫുൾ രാജ്യമാണ്‌ ഇസ്രായേൽ. സമൂഹികമായും സാമ്പത്തികമായും ഒരുപാട് മുന്നിട്ടുനിൽക്കുന്ന രാജ്യം. ജൂതന്മാർ 50 ശതമാനത്തിലേറെ മതവിശ്വാസികൾ ആണ്. മതം എന്നുപറയുമ്പോൾ സ്ത്രീ 6000 വർഷം പിന്നിൽ തന്നെ. മോഡേൺ ഡ്രസ്സ്, കോസ്റ്റലി കാർ, ബ്രാൻഡഡ് മേക്കപ്പ്. ഹൈ ഹീൽഡ്‌ ചെരുപ്പ് എല്ലാം ഉപയോഗിക്കുന്ന ആദിവാസികൾ ആണ് ഇസ്രായേൽ സ്ത്രീകൾ. സിനഗോഗിൽ പോയാൽ രണ്ടാംതരം. പുരുഷന്മാർ പ്രാർത്ഥിക്കുന്നിടത്തു സ്ത്രീ പോകരുത്. പ്രത്യേക മുറിയിലിരുന്ന് കിളിവാതിലിലൂടെ കാണാം. റാബികൾ വീട്ടിൽ വന്നാലും കഴിവതും പുരുഷന്മാരോടെ സംസാരിക്കൂ. ഈ രാജ്യത്തെ ഏക ജീർണത മതം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. 😃 മാതാചാരങ്ങൾ അടുത്ത തവണ… (തുടരും…)