ഇന്നലെ വന്നവരും നാളെ വരുന്നവരും


ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആരാണ് കണ്ടുപിടിച്ചത്? ഏതുത്തരം പറഞ്ഞാലും അത് തെറ്റായിരിക്കും. ഈ പ്രദേശങ്ങള്‍ കണ്ടുപിടിച്ച ആദ്യത്തെയാള്‍ ആരെന്ന് നമുക്കറിയില്ല. ഒരുപക്ഷെ അവിടെ എത്തിച്ചേര്‍ന്ന ആദ്യ മനുഷ്യന്‍ അതറിഞ്ഞിട്ടുണ്ടാവില്ല; അയാളെ പുറംലോകവും. ഏറ്റവും അവസാനത്തെ ഹിമയുഗത്തിന്റെ പ്രഹരത്തില്‍നിന്നും ബ്രീട്ടീഷ് ദ്വീപുകള്‍ പുറത്തുവരുന്നത് കഷ്ടിച്ച് പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 45000-50000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോമോസാപിയന്‍സ് എത്തിച്ചേര്‍ന്ന ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ബ്രിട്ടീഷുകാരുടേതാണെന്ന് പലരും വിശ്വസിക്കുന്നു!

ഹോമോ സാപിയന്‍സ് ഓസ്‌ട്രേലിയന്‍ ദ്വീപുകളിലേക്ക് ആദ്യമെത്തുന്നത് ഇന്തോനേഷ്യ, പാപ്പു-ന്യൂഗിനി പ്രദേശങ്ങളില്‍ നിന്നാവാം. ശേഷം നാല്‍പ്പതിനായിരം വര്‍ഷങ്ങളോളം പുറംനാഗരികതയ്ക്ക് അവര്‍ അപരിചിതരായിരുന്നു. ഏകദേശം 4500 വര്‍ഷങ്ങള്‍ക്ക് മുമ്പ്(ബി.സി.ഇ 2600-1900) തമിഴ് സമുദ്ര സഞ്ചാരികള്‍ ഈ പ്രദേശത്ത് എത്തിയിട്ടുണ്ടാവാം എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയിലും മറ്റും കാണപ്പെടുന്ന ഇന്ത്യന്‍ ജനിതകചരിത്രമുള്ള ഡിംഗോ എന്ന പരുക്കന്‍ നായകള്‍ ഈ സംശയം ബലപ്പെടുത്തുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍(1421) ഷെംഗ് ഹെ ഓസ്‌ട്രേലിയ കണ്ടുപിടിച്ചിരുന്നു എന്നൊരു അവകാശവാദം ഉണ്ട്. വലിയൊരു സൈനികസംഘത്തേയും ചൈനക്കാര്‍ അങ്ങോട്ട് അയച്ചിരുന്നുവത്രെ. ഇന്നും ഈ രാജ്യങ്ങളിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം ചൈനീസ് വംശജരാണെന്നോര്‍ക്കുക. 1605 ല്‍ പോര്‍ട്ടുഗീസ് സമുദ്രസഞ്ചാരിയായ പെഡ്രോ ഫെര്‍ണാണ്ടസ് ഡി ക്വിറോസ് ഓസ്‌ട്രേലിയില്‍ എത്തിയെന്നും പറയപ്പെടുന്നു. പക്ഷെ ഈ ദൗത്യങ്ങള്‍ക്കൊന്നും കൃത്യമായ ചരിത്ര തെളിവുകളില്ല.

1606 ല്‍ വിലം ജാന്‍സൂന്‍ എന്ന ഡച്ചുകാരന്‍ ഈ മേഖലയില്‍ എത്തിച്ചേരുകയും ഈ പ്രദേശത്തെ പൊതുവില്‍ ന്യൂസിലാന്‍ഡ്(neu zealand) എന്ന വിളിക്കുകയും ചെയ്തു. പിന്നെയും ഡച്ച് സംഘങ്ങള്‍ എത്തിയെങ്കിലും അവിടെ കോളനികളൊന്നും സ്ഥാപിച്ചില്ല. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ആത്യന്തികമായി കോളനികളാക്കിയ ബ്രിട്ടീഷ് സാമ്ര്യാജ്യത്വത്തിന്റെ പ്രതിനിധി എന്നു പറയാവുന്ന വില്യം ഡാമ്പിയര്‍ 1699 ല്‍ ആദ്യമായി അവിടെയെത്തുമ്പോള്‍ ആ പ്രദേശം അറിയപ്പെട്ടിരുന്നത് ന്യൂ ഹോളണ്ട് (New Holland) എന്ന പേരിലായിരുന്നു. ലോകംചുറ്റിയുള്ള സഞ്ചാരത്തിനിടെയാണ് ഡാമ്പിയര്‍ അവിടെ ചെല്ലുന്നത്. തുടര്‍ന്ന് ക്യാപ്റ്റന്‍ ജയിംസ് കുക്കിന്റെ (1728-1779) നേതൃത്വത്തിലുള്ള ആദ്യത്തെ ബ്രിട്ടീഷ് നാവികസംഘം ബോട്ടണി ബേ(Botany Bay) എന്നറിയപ്പെടുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നത് 1770 ലാണ്. 1787 ല്‍ ബ്രിട്ടീഷുകാര്‍ ഓസ്‌ട്രേലിയില്‍ കോളനിവല്‍ക്കരണം ആരംഭിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന് അമേരിക്ക നഷ്ടപെട്ട കാലമായിരുന്നു അത്. 1788 ല്‍ സിഡ്‌നി എന്ന പട്ടണം സ്ഥാപിക്കപ്പെട്ടു.

അതേസമയം 700 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മലയ-പോളിനേഷ്യന്‍ വംശജര്‍ ന്യൂസിലന്‍ഡില്‍ എത്തിയിരുന്നു. മയോറികള്‍ എന്നറിയപ്പെടുന്ന അവരുടെ സംസ്‌കാരം ഇന്നും ന്യൂസിലന്‍ഡില്‍ നിലനില്‍ക്കുന്നു. 1642 ഡിസമ്പറില്‍ എത്തിയ ഡച്ച് സഞ്ചാരി ഏബല്‍ ടാസ്മന്‍ ആണ് ന്യൂസിലന്‍ഡിലെത്തിയ ആദ്യത്തെ യൂറോപ്യന്‍. 1769 ല്‍ എത്തിച്ചേര്‍ന്ന ക്യാപ്റ്റന്‍ ജയിംസ് കുക്ക് ന്യൂസിലാന്‍ഡിന്റെ തീരപ്രേദേശങ്ങള്‍ പഠിച്ച് ആ ഭൂവിഭാഗത്തിന്റെ മാപ്പ് ഉണ്ടാക്കി. അവിടെ നിന്നാണ് ജയിംസ് കുക്ക് 1770 ല്‍ ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയില്‍സ് തീരത്ത് എത്തുന്നത്. ചുരുക്കത്തില്‍, ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും യൂറോപ്യന്‍മാര്‍ വരുത്തരാണ്. ഡച്ചുകാര്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഇംഗ്ലിഷുകാര്‍ കൊടി ഉയര്‍ത്തി.

കലര്‍ന്നും പടര്‍ന്നുമാണ് മനുഷ്യര്‍ ലോകമെങ്ങും വ്യാപിച്ചത്. തൊലിയുടെ നിറവ്യത്യാസവും ആകാരപ്രകൃതികളിലെ ഭിന്നതകളുംളുമെല്ലാം ആദിമജനതകള്‍ കൂടുതല്‍കാലം ജീവിച്ചിരുന്ന പ്രദേശങ്ങളില്‍ നിലവിലുണ്ടായിരുന്ന ഭൗതിക അവസ്ഥകളുടെയും ജനിതകസാഹചര്യങ്ങളുടെയും ബാക്കിപത്രം മാത്രം. മനഷ്യന് ഭൂമിയില്‍ എവിടെയും ജീവിക്കാന്‍ അവകാശമുണ്ട് എന്ന അവസ്ഥയില്‍നിന്നും ചില മനുഷ്യര്‍ക്ക് മാത്രമേ ചില സ്ഥലങ്ങളില്‍ വസിക്കാന്‍ അവകാശമുള്ളൂ എന്ന അതിര്‍ത്തിവാദവും ദേശീയബോധവും ഉടലെടുക്കുന്നത് പിന്നീടാണ്. പാസ്‌പോര്‍ട്ടും വിസയും ചോദിച്ച് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.

റഷ്യക്കാര്‍ സൈബീരിയയിലേക്ക് കുറ്റവാളികളെ നാടുകടത്തിയിരുന്നതുപോലെ ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ കുറ്റവാളികളെ നാടുകടത്തിയിരുന്ന സ്ഥലമാണ് ഓസ്‌ട്രേലിയ. 1849 ആകുമ്പോഴേക്കും ഓസ്‌ട്രേലിയ ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ പീനല്‍ കോളനി (penal colony) ആയി മാറിക്കഴിഞ്ഞിരുന്നു. 1850-68 കാലഘട്ടത്തില്‍മാത്രം 9721 കുറ്റവാളികളാണ് 43 കപ്പലുകളിലായി ദക്ഷിണ ഓസ്‌ട്രേലിയയില്‍ എത്തുന്നത്. കുറ്റവാളികളുടെ കയറ്റുമതി അവസാനിക്കുന്നത് 1868 ലാണ്. ചുരുക്കത്തില്‍, ഓസ്‌ട്രേലിയയില്‍ ആദിമവാസികള്‍ ഉള്‍പ്പടെ എല്ലാവരും കുടിയേറിയവരാണ്.

“…ആരാദ്യം വന്നു എന്നതാണ് വര്‍ത്തമാനകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരിഗണിക്കുന്ന മാനദണ്ഡം. ഇന്നലെ വന്നവര്‍ ഇന്നു വരുന്നവരെ തടയുന്നു, ഇരുവരുംകൂടി വരാനിരിക്കുന്നവരെ പ്രതിരോധിക്കുന്നു, ‘മണ്ണിന്റെ മക്കള്‍ ‘വാദം ഉയര്‍ത്തുന്നു. കുടിയേറ്റക്കാരുടെ ഭൂഖണ്ഡത്തില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള വികാരം പുകയുന്നു. അരക്ഷിതാവസ്ഥയും പട്ടിണിയും നടമാടുന്ന രാജ്യങ്ങള്‍ വിട്ട് സമ്പന്നരാജ്യങ്ങളിലേക്ക് കുടിയേറുന്നവരെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടാകുന്നു. ഓസ്‌ട്രേലിയയിലും അമേരിക്കയിലും ന്യൂസിലാന്‍ഡിലുമൊക്കെ പുറത്തുനിന്നും ജനങ്ങള്‍ കുടിയേറുന്നതിനെ സംശയത്തോടെയും അസഹിഷ്ണുതയോടെയും വീക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പണ്ട് ഈ അവസ്ഥ നിലവിലുണ്ടായിരുന്നെങ്കില്‍ തങ്ങളുടെ മുന്‍ഗാമികള്‍ അവിടങ്ങളില്‍ എത്തില്ലായിരുന്നു എന്നവര്‍ ചിന്തിക്കാറില്ല…”

കുടിയേറ്റക്കാര്‍ കുടിയേറ്റത്തെ പ്രതിരോധിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മോസ്‌കുകളിലേക്ക് അഞ്ചോളം തോക്കുകളുമായി ഇരച്ചുകയറി അമ്പതുപേരെ കൊലപ്പെടുത്തിയ ബ്രന്റണ്‍ ഹാരിസണ്‍ ടാറന്റ് എന്ന ഓസ്‌ട്രേലിയക്കാരന്‍ നടത്തിയ കൂട്ടക്കൊല. വെള്ളക്കാരനും നിയോ നാസി വംശീയവാദിയുമാണ് ഈ ഭീകരകൃത്യം നടത്തിയതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പറയുന്നു. 2011 ജൂലെ 22 ന് ആന്‍ഡേഴ്‌സ് ബെറിംഗ് ബ്രെവിക് ഓസ്ലോയിലെ യൂത്ത് സമ്മര്‍ക്യാമ്പില്‍ കടന്നുകയറി 77 പേരെ വെടിവെച്ച് കൊന്ന് സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആളാണ് കൊലയാളി. ന്യൂസിലാന്‍ഡ് സമൂഹം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയെന്ന് അവരുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. തോക്കു ലൈസന്‍സ് നയം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പ്രസിദ്ധമായ ക്രൈസ്‌ററ് ചര്‍ച്ച് ക്രൂസേഡേഴ്‌സ് എന്ന റഗ്ബി ടീമിന്റെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നു.

ന്യൂസിലാന്‍ഡിലും ഭരണകൂടം വളരെ ശുഷ്‌കാന്തിയോടും ആത്മാര്‍ത്ഥതയോടുംകൂടിയാണ് ഈ ദുരന്തത്തെ നേരിടുന്നത്. ഓസ്‌ട്രേലിയ ഇന്ത്യയുടെ രണ്ടര ഇരട്ടിയിലധികം വലുപ്പമുള്ള രാജ്യമാണ്. കഷ്ടിച്ച് കേരളത്തിന്റെ ജനസംഖ്യ മാത്രം. ന്യൂസിലന്‍ഡും ജനസാന്ദ്രത്ര കുറഞ്ഞ രാജ്യമാണ്. പൊതുവെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍പോലെ ശാന്തവും സമൃദ്ധവുമാണ് ഈ സമൂഹങ്ങള്‍. വ്യവസ്ഥകള്‍ക്ക് വിധേയമായി അവര്‍ കുടിയേറ്റക്കാര്‍ക്ക് പൗരത്വവും സംരക്ഷണവും നല്‍കാറുണ്ട്. വംശീയവെറി, കുടിയേറ്റക്കാര്‍ക്കെതിരെയുള്ള പൊതുവികാരം, മുസ്ലീം കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധം ഇവയൊക്കെ സമാസമം ചേര്‍ത്ത അസഹിഷ്ണുത ഇന്ന് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളില്‍ പുകയുന്നുണ്ട്. അപരനെ സഹിക്കാനുള്ള സഹിഷ്ണുതാബോധം ആഗോളമനുഷ്യന്‍ ഇനിയും നേടിയെടുത്തിട്ടില്ല. റോഹിഞ്ച്യര്‍മുതല്‍ കേരളത്തിലെ അന്യസംസ്ഥാന കുടിയേറ്റക്കാര്‍ വരെ ഉദാഹരണമായി മുന്നിലുണ്ട്.

പൗരത്വപ്രശ്‌നങ്ങളും തിരിച്ചറിയല്‍ പട്ടികകളും ഇന്ത്യയില്‍ ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിക്കുന്നു. തങ്ങള്‍ക്ക് ചെയ്യാന്‍ താല്പര്യമില്ലാത്ത തൊഴിലുകളും ദൗത്യങ്ങളും നിര്‍വഹിക്കാന്‍ ശേഷിയുള്ള അന്യരെ മാത്രമാണ് എല്ലാവര്‍ക്കും ആവശ്യം. അമേരിക്കയിലെ ആഫ്രിക്കന്‍ അടിമകള്‍ മുതല്‍ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികള്‍വരെ വരച്ചിടുന്ന ചിത്രമതാണ്. മിക്ക ഗള്‍ഫ് രാജ്യങ്ങളും പുറത്തുനിന്നുള്ളവര്‍ക്ക് പൗരത്വം നല്‍കില്ല. മനുഷ്യവാസമില്ലാത്ത തങ്ങളുടെ പ്രദേശങ്ങള്‍ മുന്നില്‍കണ്ട് കുടിയേറ്റക്കാരോട് ഉദാരനയം സ്വീകരിക്കുന്ന രാജ്യങ്ങളുണ്ട്. അതേസമയം, കുടിയേറ്റക്കാരെ കഴിയുന്നത്ര ഉള്‍കൊള്ളാന്‍ ആധുനിക നാഗരികതകള്‍ ശ്രമിക്കാറുണ്ട്. സിറിയന്‍ അഭയാര്‍ത്ഥികള്‍ പ്രാണനുംകൊണ്ട് പലായനംചെയ്തപ്പോള്‍ അവരില്‍ നല്ലൊരു പങ്കിനേയും സ്വീകരിക്കാന്‍ യൂറോപ്യന്‍രാജ്യങ്ങള്‍ തയ്യാറായത് അതിന്റെ അടയാളമാണ്. അപ്പോഴും തങ്ങള്‍ പടുത്തുയര്‍ത്തിയ നാഗരികജീവിതത്തിന്റെ ഫലങ്ങള്‍ ഭുജിക്കാന്‍ അന്യരെത്തുന്നത് ലോകമെങ്ങും പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നില്ല.

ഇപ്പറഞ്ഞതിന്റെ എതിര്‍വാദവും പരിശോധിക്കേണ്ടതുണ്ട്. അതിര്‍ത്തികളും നിയമങ്ങളുമില്ലാതെ, നാമും മറ്റുള്ളവരും എന്ന ബോധമില്ലാതെ ഏത് സമൂഹത്തിനാണ് മുന്നോട്ടുപോകാനാവുക? ദേശരാഷ്ട്രീയത്തിന്റെയും നിയമങ്ങളുടെയും സമ്പൂര്‍ണ്ണ നിരാകരണം മനുഷ്യനാഗരികതയെ തന്നെ അട്ടിമറിക്കും. ഏതൊരു മനുഷ്യനും പരിധിയില്ലാതെ ലോകത്തെവിടെയും സഞ്ചരിക്കാനും താമസിക്കാനും കഴിയും എന്ന അവസ്ഥ വന്നാല്‍ പഴയതുപോലെ അധിനിവേശങ്ങളും കീഴടക്കലുകളും തുടര്‍ക്കഥയാവും. ശക്തന്റെ ആധിപത്യം വരും. സ്വാഭാവികമായും നിയമങ്ങളും നിയന്ത്രണങ്ങളും തിരികെയെത്തും. ഓരോ രാജ്യത്തും അവിടെ ഇപ്പോഴുള്ള ജനതയ്ക്കാണ് പരാമധികാരവും സ്വയംഭരണവുമുള്ളത്. ചരിത്രം എന്തായിരുന്നു എന്നതല്ല മറിച്ച് വര്‍ത്തമാനം എന്താണ് എന്നതാണ് പ്രസക്തം. എല്ലാവരും വന്നവരാണ്, എല്ലാവരും കുടിയേറ്റക്കാരാണ് എന്നൊക്കെ വാദിച്ചുകൊണ്ടിരുന്നാല്‍ നാഗരികസമൂഹങ്ങള്‍ക്ക് മുന്നോട്ടുപോകാനാവില്ല. അതേസമയം അത്തരം തിരിച്ചറിവുകള്‍ സഹിഷ്ണുത വര്‍ദ്ധിപ്പിച്ചേക്കാം.

ചരിത്രത്തില്‍ ജീവിക്കുക എന്നത് അയഥാര്‍ത്ഥപരവും പരിഹാസ്യമായിരിക്കും. ചരിത്രം ഉദ്ധരിച്ചുള്ള വിലപേശലുകള്‍ പലപ്പോഴും കൂടുതല്‍ കാലുഷ്യംനിര്‍മ്മിക്കും. ചരിത്രഖനനം എത്ര ആഴത്തില്‍ എന്നതും മറ്റൊരു ചോദ്യമാണ്. തങ്ങള്‍ക്ക് ആവശ്യമുള്ളതിലും ആഴത്തിലേക്ക് പോകാന്‍ മിക്കവരും തയ്യാറാവില്ല. ഇന്നത്തെ ഓസ്‌ട്രേലിയന്‍ സമൂഹം അധിനിവേശകരുടെയും കുറ്റവാളികളുടെയും പിന്‍തലമുറ ആയിരിക്കാം. പക്ഷെ അത്തരമൊരു കുറ്റബോധത്തോടെ പെരുമാറാന്‍ ഇന്നത്തെ തലമുറയോട് ആവശ്യപ്പെടാനാവില്ല. തങ്ങളുടെ അസ്തിത്വത്തിനും സുരക്ഷിതത്വത്തിനും നേരെ ഉയരുന്ന ഭീഷണിയായി പിന്നീട് വരുന്നവരെ കാണുന്ന പ്രവണത ജീവിസഹജമാണ്. പക്ഷെ അത്തരം ചോദനകള്‍ നാഗരികമായി പരിഷ്‌കരിക്കാതെ മനുഷ്യന് മുന്നോട്ടുപോകാനാവില്ല. ആദ്യമെത്തിയവര്‍ പിന്നീടെത്തുന്നവരെ സംഘടിതമായി തടയുന്നതും അവര്‍ക്കെതിരെ വെറുപ്പും പകയും ചുരത്തുന്നതും മനുഷ്യാവകാശലംഘനമായി കാണാന്‍ ആധുനിക നാഗരികതയ്ക്ക് കഴിയണം. എങ്കിലേ കുടിയേറ്റപ്രശ്‌നം മനുഷ്യത്വപരമായി പരിഹരിക്കാനാവൂ.

ക്രൈസ്റ്റ് ചര്‍ച്ചിലെ കൂട്ടക്കൊലകളുടെ മറ്റൊരു കാരണമായി കൊലയാളി ആരോപിക്കുന്നത് മുസ്ലീംകുടിയേറ്റമാണ്. കുടിയേറ്റക്കാര്‍ സ്വീകാര്യരല്ല, മുസ്ലീങ്ങള്‍ ഒട്ടും സ്വീകാര്യരല്ല എന്ന നിലപാടാണത്. മുസ്ലീം ആരാധനാലായങ്ങള്‍ തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ രണ്ടുതരം പ്രചരണങ്ങള്‍ കൊഴുക്കുന്നു. ലോകത്തിനാകെ ഇസ്ലാമോഫോബിയ പിടിപെട്ടേ എന്നു വിളിച്ചുകൂവി സ്വയംമഹത്വപ്പെടുത്തുന്ന ഇരവാദമാണ് ഒരുവശത്ത്. വേട്ടക്കാര്‍ വേട്ടയാടപ്പെടുന്നതിലെ ഗൂഢാഹ്‌ളാദമാണ് മറുവശത്ത്. രണ്ടും ഒരുപോലെ അപലപനീയമായ നിലപാടുകള്‍. നോക്കൂ, ഒരു പ്രത്യക കഥയില്‍ വിശ്വസിക്കുന്നു എന്ന ഒരൊറ്റ കാരണമാണ് 50 മുസ്ലീങ്ങള്‍ക്ക് മരണമൊരുക്കിയത്. ഈ ആക്രമണം മനുഷ്യരാശിക്കെതിരെയാണ്. കുട്ടികളടക്കം ഒന്നുമറിയാത്ത നിരപരാധികളാണ് ഒരു വംശീയവെറിയന്റെ മുന്നില്‍ കരിഞ്ഞുവീണത്. മനുഷ്യരുടെ പിടച്ചില്‍ മുന്നില്‍കാണണം.

ദുരന്തങ്ങള്‍ പരനിന്ദയുടെ ഇന്ധനമാക്കുന്നത് സഹായകരമല്ല. ഇസ്ലാമോഫോബിയ ആണ് പ്രശ്‌നകാരണം എന്ന രീതിയിലുള്ള ഉത്തരവാദിത്വബോധമില്ലാത്ത മതതമാശകള്‍ നിര്‍മലമായി അവഗണിക്കപ്പെടണം. മതവിശ്വാസികള്‍ മതത്തിന്റ ഇരകളാണ്, അവര്‍ നിരപരാധികളാണ്. ആധുനികനാഗരികതയുമായി ഐക്യപെടാനും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാനും ഇസ്ലാമിന് ബാധ്യതയുണ്ട്. സമാധാനപൂര്‍ണ്ണമായ സംവാദം പ്രോത്സാഹിക്കപ്പെടണം. കണ്ടുംകേട്ടും മനസ്സിലാക്കിയും ഇസ്ലാമിനെ കൂടെ കൂട്ടാന്‍ മറ്റുള്ളവര്‍ക്ക് കഴിയുന്ന സാഹചര്യമുണ്ടാകണം. ഇസ്ലാമോഫോബിയ എന്ന കുറ്റാരോപണം പ്രശ്‌നപരിഹാരത്തിന് താല്പര്യമില്ലെന്ന പ്രതീതി സൃഷ്ടിക്കും. പേടിക്കുന്നവര്‍ക്കും പേടിപ്പിക്കുന്നവര്‍ക്കും തുല്യതോതില്‍ കുറ്റംവിധിക്കണമെന്ന ശാഠ്യം കയ്യൊഴിയപ്പെടേണ്ടതാണ്.

ഇരവാദവും പീഡനവിഭ്രാന്തിയും പരത്തി വളരുക എന്നത്, ചരിത്രപരമായിതന്നെ, മതങ്ങളുടെ പൊതുതന്ത്രമാണ്. പ്രാരംഭകാലത്ത് ക്രിസ്തുമതം കരളലിയിക്കുന്ന പീഡനകഥകളിലൂടെയാണ് ലോകമെമ്പാടും പടര്‍ന്നത്.പരപീഡ ഏറ്റുവാങ്ങിയ ദൈവത്തെ അവതരിപ്പിച്ചു. അതേ കൂട്ടര്‍ പിന്നീട് കുരിശുയുദ്ധങ്ങളിലും ഇന്‍ക്വിസിഷനുകളിലും ജൂതപീഡനത്തിലും അഭിരമിച്ചു. മുന്‍തൂക്കം ലഭിക്കുന്നിടങ്ങളില്‍ ചാട്ടവാറായും പ്രതികൂലസാഹചര്യങ്ങളില്‍ ഇരവാദമുയര്‍ത്തിയും കളംപിടിക്കുന്ന മതതന്ത്രങ്ങള്‍ തിരിച്ചറിയപ്പെടണം. സാഹചര്യങ്ങള്‍ എന്തുമായികൊള്ളട്ടെ, സഹിഷ്ണതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ബന്ധങ്ങള്‍ നിര്‍മ്മിക്കപ്പെടണം. കൊന്നുതീര്‍ത്തും തുടച്ചുനീക്കിയും ആര്‍ക്കും മുന്നോട്ടുപോകാനാവില്ല. മതസഹിഷ്ണുത മതങ്ങളുടെകൂടി ബാധ്യതയാണ്.

“…ഒരു വിഷയം പരിഹരിക്കാനുള്ള എളുപ്പവഴി അതിന്റെ കാരണങ്ങളെ നേര്‍ക്കുനേര്‍ അഭിസംബോധന ചെയ്യുക എന്നതാണ്. മതം നേര്‍പ്പിക്കുകയോ തീവ്രമതബോധത്തില്‍ നിന്ന് അകലുകയോ അത് പൂര്‍ണ്ണമായി ഉപേക്ഷിക്കുകയോ ചെയ്യുമ്പോള്‍ മതാത്മക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടും. മതം ദുര്‍ബലപ്പെട്ടാലും വംശീയവിദ്വേഷവും അമിതദേശീയബോധവും കെടുതികള്‍ കൊണ്ടുവരാം. അപ്പോഴും മതജന്യമല്ലാത്ത സംഘര്‍ഷങ്ങളിലും മോശം കൂട്ടുകറിയാവാന്‍ മതത്തിന് സാധിക്കാറുണ്ടെന്നത് മറക്കരുത്. വംശീയവെറിയുടെ മുന്നില്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ കരിഞ്ഞുവീണ ജീവനുകള്‍ മനുഷ്യകുലത്തിന്റെ നഷ്ടമാണ്. വെടിയൊച്ചകളും പൊട്ടിത്തെറികളും എവിടെ ആയിരുന്നാലും എതിര്‍വശത്ത് നില്‍ക്കുന്നത് മനുഷ്യരാണെന്ന തിരിച്ചറിവ് ഹിംസയുടെ ചിതയൊരുക്കും…”

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →