ഈ ക്രൂരതക്കു മുമ്പിൽ നിശബ്ദമായി നിൽക്കാനാകില്ല


ആക്രമണങ്ങളിലൊക്കെ കൊല്ലപ്പെടുന്നത് സാധാരണക്കാരായ മനുഷ്യരാണെന്ന് ഈ കൂട്ടക്കൊലയും നമ്മെ ബോധ്യപ്പെടുത്തി. ഒറ്റപ്പെട്ട ചെന്നായകളാകട്ടെ, സ്ലീപ്പർ സെൽസാകട്ടെ രാഷ്ട്രീയ പാർട്ടികളുടെ ക്വട്ടേഷൻ ടീമുകളാകട്ടെ – സകല നിഷ്ഠൂരരുടെയും ടാർജറ്റ് ഏറ്റവും എളുപ്പം കൊല്ലാൻ കഴിയുന്ന ഈ പാവം മനുഷ്യരാണ്. മോസ്ക്കിലിരുന്നോ അമ്പലങ്ങളിൽ പോയോ പ്രാർത്ഥിക്കുന്നവർ, ക്ലാസ് മുറിയിലിരുന്ന് പഠിക്കുന്ന കുട്ടികൾ,  അത്യാവശ്യങ്ങൾക്കായി ട്രെയിനിലിരുന്ന് യാത്ര ചെയ്യുന്നവർ, പൊതുകാര്യങ്ങളിലിടപ്പെട്ട് പ്രവർത്തിക്കുന്ന നാട്ടിൻ പുറത്തെ സാദാ രാഷ്ട്രീയ പ്രവർത്തകർ – ഇവരൊക്കെയാണ് എന്നും ടാർജറ്റ്.

മതവിശ്വാസികൾ മതത്തിന്റെ ഇരകളാണ്. പ്രത്യയശാസ്ത്ര വിശ്വാസികൾ പ്രത്യയശാസ്ത്രങ്ങളുടെയും. എന്നാൽ ഈ രണ്ടു വിശ്വാസങ്ങളും തള്ളിക്കളഞ്ഞ രാജ്യങ്ങളിലാണ് മനുഷ്യർ ഏറ്റവും മനസ്സമാധാനത്തോടെ ജീവിക്കുന്നത് എന്നതാണ് സമകാലിക യാഥാർത്ഥ്യം. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആവിഷ്ക്കാര സ്വാതന്ത്ര്യം, ജനാധിപത്യബോധം, ശാസ്ത്രീയ മനോഭാവം, താരതമ്യേന ഭേദമായ സ്ഥിതിസമത്വം, സ്ത്രീസ്വാതന്ത്ര്യം, തുടങ്ങി മനുഷ്യർക്ക് അത്യന്താപേക്ഷിതമായ കാര്യങ്ങളിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന ആ രാജ്യങ്ങൾ തീവ്രവാദികളുടെ ടാർജറ്റായത് ആകസ്മികമല്ല. മതങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും മനുഷ്യർക്ക് വേണ്ടി ചെയ്യാൻ കഴിയാഞ്ഞത് ദൈവങ്ങളുടെയോ “സമത്വത്തിന്റെ ദാർശനികരുടെയോ” പിന്തുണയില്ലാതെ ആ രാജ്യങ്ങൾ ചെയ്തു കാട്ടി. ഗോത്രീയ മതങ്ങളുടെയും ഗോത്രീയ രാഷ്ട്രീയത്തിന്റെയും ടാർജറ്റായി ആ രാജ്യങ്ങൾ മാറാൻ അതും “ഒരു” കാരണമായി.

ഒരു പുതിയ വ്യവസ്ഥയും പഴയ വ്യവസ്ഥയെ പരിപൂർണ്ണമായും ഉന്മൂലനം ചെയ്യുന്നില്ലല്ലോ. വികസിത ജനാധിപത്യം പരാജയപ്പെട്ടവരുടെയും സ്വാതന്ത്ര്യങ്ങൾ കൂടി ഉറപ്പുവരുത്തുന്നു. ജനാധിപത്യത്തിൻറെ ഈ ഉദാരത മുതലെടുത്താണ് പരാജയപ്പെട്ടവർ തങ്ങളുടെ ഗോത്രീയത വളർത്തുന്നത്. ന്യൂനപക്ഷങ്ങളോടും കുടിയേറ്റക്കാരോടും വികസിത ജനാധിപത്യ രാജ്യങ്ങൾ കാണിക്കുന്ന പ്രത്യേക പരിഗണന ഗോത്രീയ ചിന്താഗതിക്കാരായ ദേശീയവാദികളിൽ അസഹിഷ്ണുത സൃഷ്ടിക്കുന്നുണ്ടെന്നത് പരസ്യപ്പെടുത്തപ്പെട്ട സംഗതിയാണ്. അപരർ എന്ന പട്ടികയിൽ ഇവരെപ്പെടുത്തി ശത്രുപട്ടികയിൽ പ്രതിഷ്ഠിച്ചാണ് ഗോത്രീയ ദേശീയവാദം ജനാധിപത്യ രാജ്യങ്ങളിൽ പച്ച പിടിച്ചു വരുന്നത്. ഇന്റർനെറ്റ് വ്യാപനത്തിനു ശേഷം ഇവർക്ക് അവരുടെ പണി എളുപ്പമായി. ഒരു നേതാവോ ആഹ്വാനമോ ഇല്ലാതെ തന്നെ സ്വയം പ്രചോദിതനായി ആയുധം നിർമ്മിക്കുകയും അല്ലെങ്കിൽ സംഘടിപ്പിക്കുകയും ചെയ്യുന്നവർ പെരുകി കൊണ്ടിരിക്കുന്നു. പൊട്ടിത്തെറിക്കാനോ ആൾക്കൂട്ടത്തിൽ വെടിയുതിർത്ത് അരിശം തീർത്ത് ആത്മഹത്യ ചെയ്യാനോ തയ്യാറാകുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നു. ഈയവസ്ഥയിൽ ഭരണകൂടങ്ങൾക്ക് നിസ്സഹായരാകാതെ തരമില്ല, പ്രത്യേകിച്ചും ജനാധിപത്യ ഭരണകൂടങ്ങൾക്ക്.

ഓരോ വ്യക്തിയെയും രഹസ്യമായി നിരീക്ഷിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്ത തന്നെ ഇല്ലാതാക്കുമെന്നതിനാൽ ആ രാജ്യങ്ങൾക്ക് അതിനും സാധ്യമല്ല. തീർച്ചയായും ഒരു വ്യക്തിക്ക് സ്വന്തം മുറിയിലിരുന്നു കൊണ്ട് സ്വയം തീവ്രവാദിയായി മാറാൻ ഒരു തടസ്സവുമില്ല എന്നതാണതിന്റെ അനന്തരഫലം. അതുകൊണ്ട്തന്നെ ഈ നിഷ്ഠൂരതയെ ജനാധിപത്യരീതിയിൽ നേരിടുക ദുഷ്ക്കരമാണ്. വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന സ്റ്റാലിനിസ്റ്റ് – ചൈനീസ് – ഇസ്ലാമിസ്റ്റ് – മിലിട്ടറി രീതികൾ ജനാധിപത്യത്തിന് സ്വീകാര്യമല്ലാത്ത നിലക്ക് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടു തന്നെ ആക്രമകാരികളെ കണ്ടെത്താനും നിയമവാഴ്ചക്കു വിധേയമായി അവരെ ശിക്ഷിക്കാനും കഴിയേണ്ടതുമുണ്ട്. ഒപ്പം തന്നെ “മനുഷ്യന്റെ ചിന്താരീതിയെ ആധുനികതയുടെ ലോകവീക്ഷണത്തിനനുയോജ്യമായ വിധം പരിഷ്ക്കരിച്ചെടുക്കുക” എന്ന ദീർഘകാല എഡുക്കേഷൻ പദ്ധതി ലാർജ് സ്കൈയിലിൽ ചെയ്യുകയും വേണം.

അധികാരത്തിലെത്താനുള്ള ഏറ്റവുമെളുപ്പവഴി “മത പ്രീണനവും ജാതി മേലാളന്മാരുടെ തിണ്ണ നിരങ്ങലും” എന്ന രീതിയിൽ അധ:പതിച്ചു പോയ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഒരിക്കലും നടപ്പാക്കാനാകാത്ത കാര്യമാണ് മേൽപ്പറഞ്ഞ നടപടിയെങ്കിലും യൂറോപ്പിനും കാനഡക്കും ന്യൂസിലാന്റിനുമൊക്കെ തീർത്തും സാധ്യമായ നടപടിയായിരിക്കും അത്.

ഇതുവരെയുള്ള തെളിവുകളെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ ആഫ്രിക്കയിൽ നിന്ന് പ്രയാണമാരംഭിച്ച മനുഷ്യരാണ് ലോകം മുഴുവൻ പരന്ന് ഗോത്രങ്ങളും മഹാ ഗോത്രങ്ങളും ഗ്രാമങ്ങളും രാജ്യങ്ങളും രാജ്യാതിർത്തികളുമൊക്കെ ഉണ്ടാക്കിയത്. എത്തിപ്പെട്ട രാജ്യങ്ങളിൽ ആയിരക്കണക്കിനു വർഷങ്ങൾ അതിജീവിച്ചവരുടെ പരിണാമപരമായ അടയാളങ്ങളാണ് വെളുപ്പും കറുപ്പും തവിട്ടുമൊക്കെ. യുക്തിചിന്ത വികസിക്കാത്ത കാലത്ത് അവരെ കൂടുതൽ ബോധ്യപ്പെടുത്തുന്ന പൊട്ടക്കഥ പറഞ്ഞവരായിരുന്നു അവർക്ക് മതങ്ങൾ ഉണ്ടാക്കി കൊടുത്ത പ്രവാചകന്മാർ. അത് കൊണ്ടു തന്നെ യുക്തിചിന്ത വികസിക്കുന്നതോടെ മതത്തെയും വംശത്തെയും ദേശാതിർത്തികളൊയുമൊക്കെ മറികടന്ന് മനുഷ്യർ ഒന്നാകുമെന്നത് അത്ഭുതത്തിനൊന്നും വക തരാത്ത ഒരു യാഥാർത്ഥ്യമാണ്.

അപ്പോൾ പിന്നെയുള്ളത് ഒറ്റ ചോദ്യമാണ് – “ആധുനികതയുടെ ലോകവീക്ഷണം പേറുന്ന മനുഷ്യർ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ പുതിയ ലോകത്തെ രണ്ടായിരത്തിലും ഏഴാം നൂറ്റാണ്ടിലും മന്വന്തരങ്ങളിലും പോസ്റ്റായി നിൽക്കുന്ന ഈ മത-വംശീയ-തീവ്രദേശീയ വാദികൾക്ക് കൊന്നു തോൽപ്പിക്കാനാകുമോ?”


Leave a Reply

Your email address will not be published. Required fields are marked *