‘കഥകളെ കുറിച്ചാണ് ഹരാരി കൂടുതലായും ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. നാം കഥയെന്നു കരുതി പൂര്‍ണ്ണ ബോധ്യത്തോടെ വായിക്കുന്ന കഥകളല്ല. മറിച്ച് കഥയാണെന്ന് തിരിച്ചറിയാതെ അവബോധത്തില്‍ എല്ലാവരും വിശ്വസിക്കുന്ന കഥകളെ കുറിച്ച്. ദേശീയതയും, മതവും, ദൈവവും, പണവും എല്ലാവരും വിശ്വസിക്കുന്ന ചോദ്യം ചെയ്യാനാവാത്ത കഥകളാണന്ന് ഹരാരി പറയുന്നു. മനുഷ്യന്‍ എന്ന ഹോമോ സാപിയന് ഏതെങ്കിലും കഥകളില്ലാതെ നിലനില്‍ക്കാനാവില്ലെന്ന് ഹരാരി അടിവരയിടുന്നു. അതു ചിലപ്പോള്‍ ദേശീയത എന്ന കഥയാവാം അല്ലെങ്കില്‍ കമ്മ്യൂണിസം എന്ന കഥയാവാം അതുമല്ലെങ്കില്‍ ലിബറലിസം എന്ന കഥയാവാം.’- പ്രശസ്ത ഇസ്രയേലി ചരിത്രകാരനായ യുവാല്‍ നോവ ഹരാരിയുടെ പുതിയ പുസ്തകമായ ’21-ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍’ എന്ന പുസ്തകത്തെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു |
21-ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍
പ്രശസ്ത ഇസ്രയേലി ചരിത്രകാരനായ യുവാല്‍ നോവ ഹരാരിയുടെ മനുഷ്യരാശിയെ കുറിച്ചുള്ള മൂന്നാമത്തെ പുസ്തകമാണ് ’21-ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍’. ഇതിനു മുന്‍പ് വന്ന രണ്ട് പുസ്തകങ്ങള്‍ ലോകത്ത് എമ്പാടും വായനാ വിപ്ലവം തന്നെ സൃഷ്ടിക്കുകയും, ലോകത്തിന്റെ ചിന്താരീതിയെത്തന്നെ സ്വാധീനിക്കുകയും ചെയ്തവയാണ്. ഹരാരിയുടെ ആദ്യ പുസ്തകമായ ‘സാപിയന്‍സ്’ മനുഷ്യ ചരിത്രത്തെ വിശകലനം ചെയ്യുകയും, നിസ്സാരനായ വാനരന്‍ എങ്ങിനെയാണ് ഭൂമിയുടെ അധിപനായി മാറിയതെന്ന് പരിശോധിക്കുകയുണ്ടായി. രണ്ടാമത്തെ പുസ്തകമായ ‘ ഹോമോ ദിയൂസ്’ ജീവന്റെ വിദൂര ഭാവിയെ കുറിച്ച് ആരായുകയും, മനുഷ്യന്‍ എങ്ങിനെ ദൈവങ്ങളായി മാറുമെന്നും, നമ്മുടെ ബുദ്ധിയുടെയും ബോധത്തിന്റെയും അന്തിമ വിധി എന്തായിരിക്കും എന്നു ചിന്തിക്കുകയും ചെയ്തു.
’21-ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍’ എന്ന പുസ്തകം കഴിഞ്ഞ വര്‍ഷം മെയ് 15 നാണ് മലയാളത്തിലേക്ക് ഡി.സി ബുക്‌സ് പരിഭാഷപ്പെടുത്തുന്നത്. ഡെന്നി തോമസാണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. കൊറോണ എന്ന മഹാമാരി ലോകമെമ്പാടും വ്യാപിച്ചു തുടങ്ങിയ കാലത്തായിരുന്നു ഈ പുസ്തകം മലയാള വായനക്കാര്‍ക്കായി ഉഇ സമര്‍പ്പിക്കുന്നത്. ലോകം നേരിടുന്ന മഹാമാരിക്കാലത്ത് പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശങ്കകള്‍ , ചോദ്യങ്ങള്‍ വര്‍ത്തമാന കാലത്തിന്റെ സാഹചര്യങ്ങളില്‍ ഏറെ ചിന്തനീയമാണ്. കാരണം പുസ്തകം സംസാരിക്കുന്നത് വര്‍ത്തമാനത്തിലെ മനുഷ്യന്‍ എന്ന ജീവിയുടെ സമീപ ഭാവിയെ കുറിച്ചാണ്.
പുതിയ കാലത്തെക്കുറിച്ചുള്ള പുസ്തകം
ആമുഖത്തില്‍ ഹരാരി പറയുന്നു. ‘ ഈ പുസ്തകത്തില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇവിടെ, ഇപ്പോഴത്തെ കാലത്തേയാണ്. എന്റെ ശ്രദ്ധാകേന്ദ്രം സമകാലീന സംഭവങ്ങളെ കുറിച്ചും മനുഷ്യ സമൂഹങ്ങളുടെ സമീപ ഭാവിയെ കുറിച്ചുമാണ്. ഇപ്പോഴെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? വര്‍ത്തമാന കാലത്തിലെ വലിയ വെല്ലുവിളികളും തെരഞ്ഞെടുപ്പുകളും എന്തൊക്കെയാണ്? ഏതു കാര്യങ്ങളിലാണ് നമ്മുടെ ശ്രദ്ധ പതിയേണ്ടത്? നമ്മുടെ കുട്ടികളെ എന്താണ് നാം പഠിപ്പിക്കേണ്ടത്….?
5 ഭാഗങ്ങളായി പുസ്തകത്തെ വേര്‍തിരിക്കുകയും ഓരോ ഭാഗത്തിനും നിരവധി അദ്ധ്യായങ്ങളും അടങ്ങിയ പുസ്തകം 424 പേജുകളുള്ള ഒരു ബൃഹദ് ഗ്രന്ഥമാണ്. സാപിയന്‍സിലും ദിയൂസിലും പറഞ്ഞ കാര്യങ്ങള്‍ ഇവിടെയും പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ചരിത്രവും ഭാവിയും പറയാതെ വര്‍ത്തമാനത്തില്‍ നിലനില്പ് അസാദ്ധ്യമായതിനാല്‍ അതൊരു കല്ലുകടിയായി അനുഭവപ്പെടില്ല.
ലോകത്തെ മനുഷ്യരെ സംബന്ധിച്ച് പ്രസക്തമായ എല്ലാ വിഷയങ്ങളും പുസ്തകം ഏറെകുറെ വിശദമായി തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. തൊഴില്‍, സ്വാതന്ത്യം, സമത്വം, സമൂഹം, സംസ്‌കാരം, ദേശീയത, മതം കുടിയേറ്റം, ഭീകരവാദം, യുദ്ധം, ദൈവം, മത നിരപേക്ഷത, ശാസ്ത്ര സാഹിത്യം, വിദ്യാഭ്യാസം, ജീവിതത്തിന്റെ അര്‍ത്ഥം തുടങ്ങി മനുഷ്യ സമീപ ഭാവിയില്‍ നാം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെയെല്ലാം ഹരാരി ചൂണ്ടിക്കാട്ടുന്നു. അവസാന അധ്യായമായ ധ്യാനത്തില്‍ തന്റെ വ്യക്തിപരമായ ധ്യാനം എന്ന കാഴ്ചപ്പാടിനെ വിശദീകരിക്കുകയും ചെയ്യുന്നു.
ഡോളര്‍ മാത്രം ചുട്ടെരിക്കാത്ത ഐസിസ്
കഥകളെ കുറിച്ചാണ് ഹരാരി കൂടുതലായും ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. നാം കഥയെന്നു കരുതി പൂര്‍ണ്ണ ബോധ്യത്തോടെ വായിക്കുന്ന കഥകളല്ല. മറിച്ച് കഥയാണെന്ന് തിരിച്ചറിയാതെ അവബോധത്തില്‍ എല്ലാവരും വിശ്വസിക്കുന്ന കഥകളെ കുറിച്ച്. ദേശീയതയും, മതവും, ദൈവവും, പണവും എല്ലാവരും വിശ്വസിക്കുന്ന ചോദ്യം ചെയ്യാനാവാത്ത കഥകളാണന്ന് ഹരാരി പറയുന്നു. മനുഷ്യന്‍ എന്ന ഹോമോ സാപിയന് ഏതെങ്കിലും കഥകളില്ലാതെ നിലനില്‍ക്കാനാവില്ലെന്ന് ഹരാരി അടിവരയിടുന്നു. അതു ചിലപ്പോള്‍ ദേശീയത എന്ന കഥയാവാം അല്ലെങ്കില്‍ കമ്മ്യൂണിസം എന്ന കഥയാവാം അതുമല്ലെങ്കില്‍ ലിബറലിസം എന്ന കഥയാവാം.
സിറിയ ആക്രമിച്ച ഐസിസ് ഭീകരവാദികളെ കുറിച്ച് ഹരാരി പുസ്തകത്തില്‍ പറയുന്നു. അവര്‍ നഗരത്തിലെ അമേരിക്കയുടേതായ എല്ലാം ചുട്ടെരിച്ചു. ബാങ്കുകള്‍ ശില്പങ്ങള്‍ നിര്‍മ്മിതികള്‍ .എന്നാല്‍ അമേരിക്ക എന്ന സാമ്രാജ്യത്വ രാജ്യത്തിന്റെ ഏറ്റവും ശക്തമായ വാക്യം എഴുതിയ കെട്ടു കണക്കിന് ഡോളര്‍ നോട്ടുകള്‍ അവര്‍ അഗ്‌നിക്കിരയാക്കിയില്ല. കാരണം ഡോളര്‍ എന്ന പേപ്പര്‍ നിര്‍മ്മിത വസ്തു പറയുന്ന ഒരു കഥയില്‍ അവര്‍ വിശ്വസിച്ചു. ഡോളറിന്റെ മൂല്യം എന്ന കഥയെ തള്ളിക്കളയാന്‍ അവര്‍ക്കായില്ല. ചില കഥകള്‍ നിങ്ങള്‍ പോലുമറിയാതെ നിങ്ങളെ പിന്‍തുടരും.
ഏറ്റവും വലിയ വിപത്ത് തൊഴില്‍ നഷ്ടം
ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിപത്ത് മനുഷ്യരുടെ തൊഴില്‍ നഷ്ടമാണന്ന് ഹരാരി ചൂണ്ടിക്കാട്ടുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ കുതിര വണ്ടി ഓടിച്ചിരുന്നവര്‍ ടാക്‌സിക്കാറിലേക്ക് മാറിയതുപോലെ ഒരു മാറ്റമല്ല മറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ കുതിരകള്‍ക്കുണ്ടായ അവസ്ഥയോടാണ് അതിനെ താരതമ്യം ചെയ്യേണ്ടതെന്നും ഹരാരി പറയുന്നു. ലോകം അല്‍ഗോരിതങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്നും പല വിദഗ്ധ ജോലികളും മനുഷ്യനെക്കാള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ അല്‍ഗോരിതങ്ങള്‍ക്കാവുമെന്നും വസ്തുതാപരമായി ഹരാരി വിവരിക്കുന്നു. ലോകത്ത് നല്ലൊരു ശതമാനം മനുഷ്യര്‍ വരും കാലത്ത് തൊഴില്‍ നഷ്ടപെട്ടവരാകുമെന്ന് അദ്ദേഹം പറയുന്നു. ഇവിടെ ബോധത്തെയും ബുദ്ധിയെയും തമ്മില്‍ കൂട്ടിക്കെട്ടുന്ന മനുഷ്യചിന്തയെ പൊളിച്ചെഴുതുകയും ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസത്തെ കുറിച്ചുള്ള അധ്യായത്തില്‍ ഇന്നത്തെ വിദ്യാഭ്യാസം സമീപ ഭാവിയില്‍ കുട്ടികള്‍ക്ക് ഒരു രീതിയിലും പ്രയോജനം ചെയ്യാന്‍ പോകുന്നില്ലെന്ന് ഹരാരി ആവര്‍ത്തിക്കുന്നു. സ്‌കൂളുകള്‍ കുട്ടികളുടെ തലയിലേക്ക് വിവരങ്ങള്‍ കുത്തി നിറക്കുകയാണ്. വിവരങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടുന്ന പഴയ കാലത്ത് അതു മികച്ചതായിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വിവരങ്ങളുടെ കുത്തിയൊഴുക്കാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ തെറ്റായ വിവരങ്ങളും പ്രൊപ്പഗണ്ടകളും യാതൊരു സെന്‍സര്‍ഷിപ്പുമില്ലാതെ നിങ്ങളിലേക്ക് എത്തിക്കൊണ്ടുമിരിക്കുന്നു. ഇന്ന് ഒരു സ്മാര്‍ട്ട് ഫോണില്‍ ലോകത്തെ ഏതു വിവരവും ഒരു ക്ലിക്കില്‍ നിങ്ങളുടെ മുന്നില്‍ എത്തുമ്പോള്‍ ഒരധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അവസാനം നല്‍കേണ്ട കാര്യം മാത്രമാണ് വിവരങ്ങള്‍ മറിച്ച് വിവരങ്ങളെ ഗ്രഹിക്കാനും പ്രധാനവും അപ്രധാനവുമായവയെ വേര്‍തിരിച്ചറിയാനും പല പല വിവരങ്ങളെ കൂട്ടി ചേര്‍ത്ത് ലോകത്തിന്റെ വിശാലമായ ചിത്രം നിര്‍മ്മിക്കാനുമുള്ള കഴിവാണ് അവര്‍ക്ക് നല്‍കേണ്ടത്.
ട്രംപ് തൊട്ട് മോദിവരെ ചര്‍ച്ചയാവുമ്പോള്‍
മതം, ദേശീയത, ദൈവം എന്നീ മനുഷ്യ ജീവിതത്തിനെ സ്വാധീനിക്കുന്ന കഥകളെ കുറിച്ച് ഹരാരി നിരവധി പേജുകളില്‍ വാചാലനാകുന്നുണ്ട്. രാഷ്ട്രീയ പ്രൊപ്പഗണ്ടകളുടെ അതിപ്രസരവും അവ മനുഷ്യനെ എപ്രകാരം സ്വാധീനിക്കുന്നുവെന്നും തുടര്‍ന്ന് വിശദീകരിക്കുന്നു. ഡൊണാള്‍ഡ് ട്രപും , നരേന്ദ്ര മോദിയുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു. ദൈവത്തെ കുറിച്ചുള്ള അദ്ധ്യായത്തില്‍ പ്രബലമായ മതദൈവങ്ങളെ കുറിച്ചും അതിന്റെ അര്‍ത്ഥശൂന്യതയും അദ്ദേഹം വിശദീകരിക്കുന്നു.
ശാസ്ത്ര സാഹിത്യം എന്ന അദ്ധ്യായത്തില്‍ നമ്മുടെ ശാസ്ത്ര കൃതികളും സിനിമകളും എങ്ങിനെയാണ് മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പറയുന്നു. പുസ്തകത്തിലെ ഏറ്റവും പ്രശസ്തമായ ഭാഗം അര്‍ത്ഥം എന്ന അദ്ധ്യായമാണ്. എന്താണ് ജീവിതത്തിന്റെ അര്‍ത്ഥം എന്ന തത്വചിന്താപരമായ ചോദ്യത്തിനുള്ള ഉത്തരമാണത്. മത കഥയിലെ സ്വര്‍ഗ്ഗ നരകങ്ങളുടെ അര്‍ത്ഥശൂന്യതയെ ചോദ്യം ചെയ്യുകയും എങ്ങിനെയാണ് ജീവിതം അര്‍ത്ഥവത്താകുന്നതെന്നും ഹരാരി നിരീക്ഷിക്കുന്നു.
ഹരാരിയുടെ വിപാസന ധ്യാനം
അവസാന അദ്ധ്യായമായ ധ്യാനത്തില്‍ തന്റെ വ്യക്തിപരമായ ഒരു ധ്യാന രീതിയെ കുറിച്ച് അദ്ദേഹം വിവരിക്കുന്നു. ‘വിപാസന’ എന്നു പേരായ ഈ ധ്യാന രീതി മതപരമായ ഒരു ചടങ്ങല്ലെന്നും ഏകാഗ്രമായി ഒന്നും ചിന്തിക്കാതെ ഇരിക്കുന്ന ഒരവസ്ഥയാണെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തിന്റെ അവസാനം മസ്തിഷ്‌കത്തിനെയും മനസ്സിനെയും അദ്ദേഹം വേറിട്ട് കാണുന്നതായി സൂചിപ്പിക്കുന്നുണ്ട്. ഈ പുസ്തകത്തിന്റെ സ്വഭാവത്തിന് വിരുദ്ധമായി തോന്നിയത് ഇതു മാത്രമാണെന്ന് പറയാതെ വയ്യ.
424 പേജുകളുള്ള ഒരു പുസ്തകത്തെ കുറിച്ച് ഇവിടെ കുറിച്ചതത്രയും ഒരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. അതിന്റെ ബാക്കി ഭാഗങ്ങളത്രയും സമുദ്രത്തിനടിയിയിലാണ്. അതു തേടിച്ചെല്ലുന്നവര്‍ അവരുടെ ചിന്താമണ്ഡലം വികസിപ്പിക്കുക തന്നെ ചെയ്യും എന്നതില്‍ സംശയമില്ല. ചരിത്രം , തത്വചിന്ത, സയന്‍സ്, എന്നിവ കോര്‍ത്തിണക്കി വര്‍ത്തമാന കാലത്തെയും സമീപ ഭാവിയെയും കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ പുസ്തകം ഏതൊരാള്‍ക്കും വായിച്ച് മനസ്സിലാക്കാന്‍ തക്ക ലളിതമായ വിവരണ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ അദ്ധ്യാപകര്‍ ഈ പുസ്തകമൊന്നു വായിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ്.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 450/- രൂപയാണ്. 21-ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഏതു പ്രായത്തിലുള്ളയാളും തുടര്‍വിദ്യാഭ്യാസ ത്തിന്റെ പാതയിലേക്ക് പ്രവേശിക്കുകയാണ്.