ഹര്‍ത്താലുകള്‍ വരുമ്പോഴെല്ലാം കുറെനേരം അതോര്‍ത്ത് വിലപിക്കാന്‍ നാം തയ്യാറാണ്. ഭൂരിപക്ഷത്തിനും താല്‌പര്യമില്ലെങ്കിലും നേര്‍ച്ചപോലെ അവ വന്നുപോകുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ ആക്രമിച്ചു എന്നൊക്കെ ഇന്നത്തെ മാതൃഭൂമിയിലുണ്ട്. അതൊന്നും നമുക്ക് ഇന്നൊരു വാര്‍ത്തയല്ല. എത്രയെത്ര വാര്‍ത്തകള്‍, ചിത്രങ്ങള്‍…ഇന്ന് ഹര്‍ത്താല്‍ നടത്തുന്നവര്‍ നാളെ ഹര്‍ത്താല്‍ വിരുദ്ധരാവും, തിരിച്ചും. പറയുന്നത് മനോരമ ആയാലും ദേശാഭിമാനി ആയാലും ഹര്‍ത്താല്‍ ജനാധിപത്യവിരുദ്ധവും അപരിഷ്‌കൃതവുമാണെന്നതില്‍ സംശയമില്ല. അത് രാഷ്‌ട്രീയമല്ല, മരിച്ച് നൂറ് ശതമാനം അരാഷ്‌ട്രീയമാണ്, പ്രാകൃതവും മാനവികവിരുദ്ധവുമാണ്. ഏതൊരു ന്യൂനപക്ഷത്തിനും അക്രമവും ഭീഷണിയും വിതറി പൊതുസമൂഹത്തെ നിശ്ചലമാക്കാനാവും. പേനാക്കത്തി കാട്ടി ഒരു മതഭീകരന്‍ വിമാനംറാഞ്ചുന്നത് പോലെയാണത്. അക്രമാസക്തമായ ഹര്‍ത്താലുകള്‍ സ്‌മൃതിപഥത്തില്‍ സജീവമായതുകൊണ്ടാണ് ചില ഹര്‍ത്താലുകള്‍ സമാധാനപരമായി അനുഭവപ്പെടുന്നത്. നിരാഹാരംപോലെയുള്ള സമരമാതൃകകള്‍ അധികാരികളില്‍ ധാര്‍മ്മികസമ്മര്‍ദ്ദം ചെലുത്തിയേക്കാം. പക്ഷെ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ എന്ന രീതിയില്‍ ആണ്ടുതോറും അമ്പതെണ്ണം എന്ന നിരക്കില്‍ നടത്തുന്ന ഹര്‍ത്താല്‍ വഴിപാടുകള്‍ ശരിക്കും അര്‍ത്ഥശൂന്യമായ ക്ഷുദ്രാചാരങ്ങളാണ്. ഹര്‍ത്താല്‍ ഫലംകൊണ്ടുവരുമെന്ന് നടത്തുന്നവരോ എതിരാളികളോ കണ്ടുനില്‍ക്കുന്നവരോ പ്രതീക്ഷിക്കുന്നില്ല. ഹര്‍ത്താലിന് ശേഷം സ്വാഭാവികമായി സംഭവിക്കുന്ന നല്ല കാര്യങ്ങളൊക്കെ അനുകൂലികള്‍ ഹര്‍ത്താലിന്റെ അക്കൗണ്ടില്‍ പെടുത്താറുണ്ടെന്ന് മാത്രം. ഹര്‍ത്താല്‍ നിറുത്താം, പകരംവെക്കാന്‍ എന്തുണ്ട് എന്ന് ചോദിക്കുന്നവരുണ്ട്. മതവുംജാതിയും വംശീയതയും അയിത്തവും സ്‌ത്രീവിരുദ്ധതയും പുകവലിയും മദ്യപാനവും മയക്കുമരുന്നും ഒക്കെ അവസാനിപ്പിച്ചാല്‍ പകരം എന്തുണ്ട് എന്ന് ചോദിക്കുമ്പോഴും സമാനമായ നിഷ്‌ക്കളങ്കത ഇവരില്‍ കളിയാടും. ഉപേക്ഷിക്കപ്പെടുന്ന തിന്മകള്‍ക്ക് പകരം മറ്റൊന്നും ആവശ്യമില്ലെന്ന തിരിച്ചറിവാണ് നാഗരികതയുടെ അടിസ്ഥാനം. എണ്ണവിലവര്‍ദ്ധനയും വിലക്കയറ്റം വരുമ്പോള്‍, വേറെ മാര്‍ഗ്ഗമില്ല എന്ന അവസ്ഥ സംജാതമാകുമ്പോഴാണ് ഹര്‍ത്താല്‍ നടത്തുന്നത് എന്നൊക്കെ പറയുന്നവരുണ്ട്. കഴമ്പില്ലാത്ത വാദമാണിത്. ഇന്ന് ഭരണത്തിലുള്ളവരും പണ്ട് ഇതൊക്കെ തന്നെ പറഞ്ഞിരുന്നു. എണ്ണവില വര്‍ദ്ധനവും വിലക്കയറ്റവും ഹര്‍ത്താലിലൂടെ നേരിടുമ്പോള്‍ ഭരണകൂടത്തിന് കാര്യങ്ങള്‍ എളുപ്പമായി. ‘ഏറിയാല്‍ ഒന്നോ രണ്ടോ ഹര്‍ത്താല്‍. അത്രയേ ഉള്ളൂ, വേറെ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടാവില്ലല്ലോ’ എന്ന ആശ്വാസമാണ് അതവര്‍ക്ക് സമ്മാനിക്കുന്നത്. ഹര്‍ത്താല്‍ നേരിടുക എന്നത് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന എളുപ്പമായ കാര്യമാണ്. അക്രമം ഉണ്ടായാല്‍ ഹാര്‍ത്താലുകാരെ പ്രതിസ്ഥാനത്ത് നിറുത്താം. ഹര്‍ത്താല്‍ എന്ന വാക്ക് ഉരുവിടുന്നതോടെ എല്ലാ പ്രതിഷേധവും അവിടെ തീര്‍ന്നു. ”ഹര്‍ത്താല്‍വരെ നടത്തി, പിന്നെന്ത് ചെയ്യാനാണ്?-”എന്ന ന്യായമാണ് പിന്നെ കേള്‍ക്കാനാവുക. ആണവായുധം തന്നെ ആദ്യം ഉപയോഗിക്കുമ്പോള്‍പ്പിന്നെ യുദ്ധം അധികം ചെയ്യേണ്ടിവരില്ലല്ലോ. എണ്ണയുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞ അവസ്ഥയില്‍ വിലവര്‍ദ്ധനവ് അനുസരിച്ച ഹര്‍ത്താല്‍ നടത്താന്‍ തുനിഞ്ഞാല്‍ വേറൊന്നിനും സമയം ഉണ്ടാകില്ല. ഹര്‍ത്താല്‍ മൂലം കൂടിയവില കുറയില്ല. ഹര്‍ത്താല്‍മൂലം വിലവര്‍ദ്ധനവ് പിന്‍വലിക്കുന്നത് ഭരണപക്ഷം വാശിക്ക് വൈകിപ്പിക്കാനും സാധ്യതയുണ്ട്.
ബ്രിട്ടീഷ്‌കാരുടെ കാലത്ത് അന്തിമപോംവഴി എന്ന നിലയില്‍ നടത്തിയ ഹര്‍ത്താല്‍മൂലം രാജ്യത്തിനുണ്ടാവുന്ന ഉത്‌പാദനനഷ്‌ടവും മാന്ദ്യവും ബ്രിട്ടീഷുകാരെകൂടി ബാധിക്കുന്നതായിരുന്നു. ഇന്ന് അതാണോ സ്ഥിതി? ഓരോ ഹര്‍ത്താലും ശതകോടികളുടെ നഷ്‌ടമാണ് രാഷ്‌ട്രത്തന് സമ്മാനിക്കുന്നത്. ഏതെങ്കിലും ഒരു അവയത്തിലുണ്ടാകുന്ന വീഴ്‌ചയ്‌ക്ക് രാഷ്‌ട്രശരീരത്തിന്റെ മുഴുവന്‍ ചേതനയും നശിപ്പിക്കപ്പെടുകയാണ്. നിരന്തരമായ ആശയപ്രചരണവും പ്രതിരോധവും ചമയ്‌ക്കാന്‍ ബദ്ധപ്പെടാതെ പാര്‍ട്ടി ഓഫീസുകളുടെ ശീതളിമയില്‍ ഇരുന്ന് നാക്ക് വളച്ച് ജനജീവിതം നിശ്ചലമാക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കപ്പെടണം. തടവിലാക്കപ്പെട്ട കുറ്റവാളികള്‍ ഇത്രയും ദ്രോഹം സമൂഹത്തോട് ചെയ്യുന്നുണ്ടോ?!ഹര്‍ത്താല്‍തേങ്ങ എല്ലായ്‌പ്പോഴും അടിച്ച് പൊട്ടിക്കുന്നത് ജനത്തിന്റെ മണ്ടയിലാണ്. അവരുടെ ജീവിക്കാനുള്ള അവകാശത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെയുമാണ് കക്ഷിരാഷ്‌ട്രീയക്കാര്‍ പരമപുച്ഛത്തോടെ വെല്ലുവിളിക്കുന്നത്. ഗുണ്ടാസംഘങ്ങളും മാഫിയകളും ഇരുളിന്റെ മറവില്‍ ചെയ്യുന്നത് ഇക്കൂട്ടര്‍ പട്ടാപ്പകല്‍ കാട്ടിക്കൂട്ടുന്നു. അധികാരത്തിന്റെയും സമ്പത്തിന്റെയും ധാര്‍ഷ്‌ട്യമാണിത്, ജനത്തോടുള്ള യുദ്ധപ്രഖ്യാപനവും.
ജനജീവിതം സ്‌തംഭിപ്പിക്കുന്നതില്‍ നിന്ന് ഭരണക്കാരും മാറി നില്‍ക്കാറില്ല. കേന്ദ്രംഭരിക്കുന്നവര്‍ സംസ്ഥാനംഭരിക്കുന്നവര്‍ക്കെതിരെ ഹര്‍ത്താല്‍ നടത്തും, പഞ്ചായത്ത് ഭരിക്കുന്നവര്‍ ബ്ലോക്ക് ഭരിക്കുന്നവര്‍ക്കെതിരെയും. രാഷ്‌ട്രീയക്കാര്‍ നടത്തുന്ന പരസ്‌പരഹിംസയും ജനത്തിന് ഹര്‍ത്താല്‍ശിക്ഷ കൊണ്ടുവരും. ജില്ലാഹര്‍ത്താല്‍, തീരദേശഹര്‍ത്താല്‍, താലൂക്ക് ഹര്‍ത്താല്‍ തുടങ്ങിയ നിരവധിയായ കുള്ളന്‍പതിപ്പുകളും പ്രചാരത്തിലുണ്ട്. ജില്ലാഹര്‍ത്താലിന്റെ കാലത്ത് ജില്ലാന്തരയാത്ര നടത്തുന്നവര്‍ക്ക് യാത്ര ഒരു പേക്കിനാവായി മാറാം. നാട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ അതുവഴിയുള്ള ഗതാഗതം തടയുന്നതും പ്രചാരമുള്ള ഒരു നാട്ടാചാരമാണ്. സ്വന്തം പ്രശ്‌നം പരിഹരിക്കാന്‍ അതുമായി ബന്ധമില്ലാത്തവരെ ബന്ദികളാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവിടെ ബന്ദികളുടെ പ്രശ്‌നം എങ്ങനെയാണ് പരിഹരിക്കപ്പെടേണ്ടത്?! തൊട്ടതിനുംപിടിച്ചതിനുമൊക്കെ ദേശീയപാത ഉപരോധിക്കുന്നത് ശീലമാക്കിയ പലരും സ്വയംവിളിക്കുന്നത് ‘ജനാധിപത്യവാദികള്‍’ എന്നാകുന്നു!
ഓര്‍ക്കാപ്പുറത്ത് അടിച്ചേല്‍പ്പിക്കപ്പെടുന്ന ഹര്‍ത്താല്‍ ഒരു ക്രിമിനല്‍കുറ്റമായി തോന്നുന്നില്ലെങ്കില്‍ അതിന്റെ കാരണം ജനാധിപത്യബോധമില്ലായ്‌മയാണ്. മുന്‍കൂട്ടി അറിയിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ സഹനീയമല്ലേ എന്നൊരു ചോദ്യമുണ്ട്. തീര്‍ച്ചയായും ഭേദമാണ്. പക്ഷെ മാറ്റിവെക്കാനാവാത്ത പല കാര്യങ്ങളുമുണ്ട്, മുന്‍കൂട്ടി ക്രമീകരിക്കാനാവാത്ത യാത്രകളും ദൗത്യങ്ങളുമുണ്ട്. അറ്റകൈ എന്ന നിലയ്‌ക്ക് ഹര്‍ത്താല്‍ പ്രയോഗിക്കുന്നതില്‍ തെറ്റുണ്ടോ? തീര്‍ച്ചായായും. ഇവിടെ ഏന്താണ് അറ്റകൈ? അത് പലര്‍ക്കും പലതാകാം. ഞങ്ങള്‍ക്ക് വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു എന്ന് ആര്‍ക്കും തട്ടിവിടാം. ജനം ഹര്‍ത്താല്‍ ഏറ്റെടുത്തു, ജനം ഹര്‍ത്താല്‍ ആഗ്രഹിച്ചിരുന്നു എന്നൊക്കെ തട്ടിവിടുന്നവര്‍ കരയ്‌ക്ക് പിടിച്ചിടുന്ന മത്സ്യത്തിന്റെ പിടച്ചിലില്‍ കുച്ചുപ്പിടിയുടെ ചുവടുകള്‍ കണ്ടെത്തുന്നവരാണ്!
കേരളത്തെ ബാധിച്ച ‘ഹര്‍ത്താല്‍മാനിയ‘ ലോകത്ത് വേറെങ്ങും കാണാനില്ല. അനുകൂലികള്‍ക്കും എതിരാളികള്‍ക്കും ഹര്‍ത്താല്‍ പൊതുവെ സുഖപ്രദമായിരിക്കും. എന്നാല്‍ ദിവസക്കൂലിക്കാര്‍ക്ക് ഹര്‍ത്താല്‍ തൊഴില്‍നിഷേധമാണ്, യാത്രക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യനിഷേധമാണ്, രോഗികള്‍ക്ക് സൗഖ്യനിഷേധമാണ്. സ്ഥിരവരുമാനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപക്ഷെ അവധിദിവസം സുഖപ്രദമായി തോന്നിയേക്കും. കുപ്പിപൊട്ടിച്ചും കോഴിയെ തിന്നും സിനിമ കണ്ടും സാമൂഹിക മാധ്യമങ്ങളില്‍ കമന്റിട്ടും പരിഹരിക്കാവുന്ന പ്രശ്‌നമേ ഒരുപക്ഷെ അവരില്‍ പലര്‍ക്കുമുള്ളൂ. അതിരാവിലെ പട്ടണങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വന്ന് കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടിട്ടില്ലേ. അവിടെവെച്ചാണ് കരാറുകാര്‍ പല ദിക്കുകളിലേക്ക് അവരെ ജോലിക്കായി തരംതിരിച്ച് വിടുന്നത്. ഹര്‍ത്താല്‍ ദിവസം പണിയില്ലെന്ന് അറിയുമ്പോള്‍ നിരാശയോടെ അവര്‍ മടങ്ങിപ്പോകുന്നു. എല്ലാ ദിവസക്കൂലിക്കാര്‍ക്കും അന്ന് വേതനരഹിത അവധിയാണ്. ഹര്‍ത്താല്‍മൂലം കച്ചവടക്കാര്‍ക്കുണ്ടാകുന്ന നഷ്‌ടം ഭീമമാണ്. കടവാടകയും തൊഴിലാളികളുടെ കൂലിയും മാസാടിസ്ഥാനത്തില്‍ കൊടുക്കുന്നവരാണെങ്കില്‍ നഷ്‌ടംവര്‍ദ്ധിക്കും.
‘രാജ്യനന്മ’യ്‌ക്ക് വേണ്ടി ഒരു ദിവസം വീട്ടിലിരുന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഹര്‍ത്താല്‍കൊണ്ട് രാജ്യനന്മയെക്കാള്‍ തിന്മയാണ് ഉണ്ടാകുന്നത് എന്നതുകൊണ്ട് തന്നെ ആ ചോദ്യം സാധുവല്ല. ഹര്‍ത്താലിന് ആശുപത്രി, വിവാഹം, പാല്‍, പത്രവിതരണം….തുടങ്ങി കുറെ ഇനങ്ങള്‍ ഒഴിവാക്കും എന്ന പ്രഖ്യാപനംവരാറുണ്ട്. മിക്കപ്പോഴും ഹര്‍ത്താല്‍ ആക്രമണത്തിന് ഇരയാകുന്നത് ഈ ഔദാര്യം പ്രതീക്ഷിച്ച് റോഡിലിറങ്ങുന്നവരാണ്. ആഹാരം എല്ലിന്റെ ഇടയില്‍ കുത്തിയ അവസ്ഥയില്‍ കൊടിയുംവടിയുമായി മദിച്ച് നടക്കുന്ന ഹര്‍ത്താല്‍ പ്രവര്‍ത്തകരുടെ രോഷം പലപ്പോഴും ഇവര്‍ക്ക് നേരിടേണ്ടിവരുന്നു. അസഭ്യവര്‍ഷം, ഭീഷണി, മര്‍ദ്ദനം, വാഹനം നശിപ്പിക്കല്‍… ഇത്യാദികള്‍ക്ക് മുതിരുന്നവരെ ഭരിക്കുന്ന വികാരം അന്ന് തങ്ങള്‍ക്ക് എന്തുമാകാം എന്ന വികാരമാണ്. വല്ലവനും സ്വന്തം അദ്ധ്വാനഫലം കൊണ്ട് വാങ്ങിയ വാഹനത്തിന് കേടുപാട് വരുത്തുമ്പോള്‍ ഇവര്‍ അനുഭവിക്കുന്ന വികാരമൂര്‍ച്ഛ അനിര്‍വചനീയമാണ്!
ഇനി, മേല്‍പ്പറഞ്ഞ ചോദ്യം മാതൃകയാക്കിയാല്‍, ഒരു ദിവസം പത്രംവായിച്ചില്ലെങ്കില്‍ ലോകം അവസാനിക്കുമോ, ഒരു ദിവസം പാല്‍കുടിച്ചില്ലെങ്കില്‍ കുഴഞ്ഞുവീഴുമോ എന്നൊക്കെ ചോദിക്കാം. മലയാറ്റൂര്‍ തീര്‍ത്ഥാടനംമൂലം ഇന്ന ജില്ലയില്‍ ഹര്‍ത്താല്‍ ഒഴിവാക്കി, ശബരിമല തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് പ്രമാണിച്ച് ഇന്ന ജില്ലയില്‍ ഹര്‍ത്താല്‍ ഉണ്ടാവില്ല, ഫുട്‌ബോള്‍ പ്രേമികളുടെ അസൗകര്യം പരിഗണിച്ച് ഹര്‍ത്താല്‍ മാറ്റിവെച്ചു…. എന്നൊക്കെയുള്ള ഔദാര്യപ്രകടനങ്ങളും കാണാറുണ്ട്. പാലുകുടിക്കുന്നവരെയും പത്രംവായിക്കുന്നവരെയും മതതീര്‍ത്ഥാടനം നടത്തുന്നവരെയും കളികാണുന്നവരെയും ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ ബാക്കി പണികള്‍ എടുക്കുന്നവരെകൂടി എന്തുകൊണ്ട് വെറുതെ വിട്ടുകൂടാ? മതാഘോഷദിനങ്ങളില്‍ ഹര്‍ത്താല്‍ അസംഭവ്യമാണ്. നിസ്സഹായരായ ജനത്തിന് മുകളിലാകുമ്പോള്‍ കുതിരകയറാന്‍ ഒരു പ്രത്യേകസുഖമുണ്ടല്ലോ!
ശരീരത്തിലെ രക്തക്കുഴലുകള്‍ പോലെയാണ് ആധുനികനാഗരികതയില്‍ സഞ്ചാരപാതകള്‍. അത് തടസ്സപ്പെടുത്തുന്നത് സമൂഹശരീരത്തിന്റെ രക്തചംക്രമണം തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. വാഹനപ്പെരുപ്പംകൊണ്ട് വീര്‍പ്പുമുട്ടിയ നമ്മുടെ ഇടുങ്ങിയ റോഡുകളിലേക്ക് മത-രാഷ്‌ട്രീയ മാഫിയകള്‍ കമ്പുംകൊടിയും പെരുമ്പറഘോഷങ്ങളുമായി നിരന്തര ആക്രമണം നടത്തുമ്പോള്‍ ഭരണകൂടവും സമൂഹവും അക്ഷരാര്‍ത്ഥത്തില്‍ നിസ്സഹായമാകുകയാണ്. തനിക്ക് സഹിക്കാന്‍ കഴിയാത്ത ഒന്ന് മറ്റുള്ളവരോട് കാട്ടരുതെന്ന് അന്യന്റെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഓരോരുത്തരും തിരിച്ചറിയുമ്പോഴേ ജനാധിപത്യം സ്ഥാപിതമാകൂ. വഴിതടയുന്നതില്‍ ആനന്ദിക്കുന്നവന്‍ തടയപ്പെടാന്‍ ആഗ്രഹിക്കാത്ത് എന്തുകൊണ്ടായിരിക്കും?
ബലിപെരുന്നാള്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടുന്ന ആടുമാടുകളെപ്പോലെയാണ് രാഷ്‌ട്രീയനേതാക്കള്‍ തെക്കുവടക്ക് ജാഥകള്‍ പ്രഖ്യാപിക്കുമ്പോള്‍ കേരളസമൂഹം ഞെട്ടുന്നത്. അടുത്തിടെ ഒരു ജനരാക്ഷാ യാത്രയുടെ വിളംബരം കൊല്ലം ജില്ലയിലെ കുണ്ടറ എന്ന സ്ഥലത്ത് വെച്ച് കാണാനിടയായി. മറ്റ് വാഹനങ്ങളൊന്നും പോകാന്‍ അനുവദിക്കാതെ സിനിമകളില്‍ ചില മാഫിയ സംഘങ്ങള്‍ ബൈക്കില്‍ ഭീതിവിതറി പ്രകടനം നടത്തുന്ന മാതൃകയില്‍ അട്ടഹാസവും പോര്‍വിളിയും പൊട്ടിച്ചിരിയുമായി യാത്രക്കാരുടെയും വഴിയോരത്ത് നില്‍ക്കുന്നവരുടെയും ദൈന്യത ആസ്വദിച്ച് നീങ്ങിയ ജാഥാസംഘം പലപ്പോഴും വാഹനങ്ങളില്‍ അടിക്കുകയും യാത്രക്കാരെ അസഭ്യംപറയുകയും ചെയ്യുന്നുണ്ടായിരുന്നു. എവിടെയാ തിരക്കിട്ട് പോകുന്നേ, അവിടെകിടക്ക്.. എന്നാക്രോശിച്ച ഒരു ജാഥാംഗം പെട്ടെന്ന് താന്‍ വിളിച്ചുകൊണ്ടിരുന്ന മുദ്രാവാക്യം വീണ്ടെടുത്തു: ”ചുവപ്പ്-ജിഹാദി ഭീകരതയ്‌ക്ക് എതിരെ…..നയിക്കുന്ന…ജാഥ അടുത്ത…. എല്ലാവര്‍ക്കും ഇവിടെ ജീവിക്കണം എന്ന മുദ്രാവാക്യം മുഴക്കി കാസര്‍കോട്ട് നിന്ന് ആരംഭിച്ച് ജാഥ….ചുവപ്പന്‍ അക്രമികളോട് പറയാനുള്ളത് ഇത്രമാത്രം-ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം,….ഞങ്ങള്‍ ഇവിടെ ജീവിക്കുകതന്നെ ചെയ്യും…..!!” 🙂
നിരവധി വാഹനങ്ങള്‍ ഇരുവശവും തടഞ്ഞുനിറുത്തി പോലീസിന്റെ ആശീര്‍വാദത്തോടെ നടത്തിയ ഈ പ്രകടനം അവസാനിച്ചപ്പോള്‍ നൂറ് കണക്കിന് ആള്‍ക്കാര്‍ ബന്ദികളാക്കപ്പെട്ടവരെപോലെ ഒരു മണിക്കൂറോളം തരിച്ചു നിന്നു. ഇതുതന്നെയല്ലേ മാഫിയകളും മനുഷ്യരെ തട്ടിക്കൊണ്ട് പോകുന്ന ക്രിമിനല്‍ സംഘങ്ങളും ചെയ്യുന്നത്? ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നോര്‍ക്കണം. നമ്മുടെ ജനാധിപത്യത്തില്‍ രാഷ്‌ട്രീയകക്ഷികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷെ അതവരുടേത് മാത്രമല്ല. അധികാരത്തില്‍ പങ്കുപറ്റാത്ത, നിയമം പാലിക്കുന്ന എല്ലാ പൗരന്‍മാര്‍ക്കുമുള്ളതാണ്. ജനാധിപത്യം എന്താണെന്ന് കക്ഷി രാഷ്‌ട്രീയക്കാര്‍ തിരിച്ചറിയാത്തതാണ് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും ഗുരുതരമായ രോഗങ്ങളില്‍ ഒന്ന്. പലരെയും സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയപ്രവര്‍ത്തനം എന്നത് മാഫിയാപ്രവര്‍ത്തനത്തിനും ഗുണ്ടായിസത്തിനും മധ്യേയുള്ള ഒരുതരം വികാരവിരേചനമാണ്. രാഷ്ട്രം ആത്യന്തികമായി പരാജയപ്പെടുന്നത് അവിടെയാണ്. 🙁