ഗൗരീലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷുമായി എസ്സൻസ് ഭാരവാഹികളായ സജീവൻ അന്തിക്കാട്, അനീഷ് കുമാർ , കിറ്റ് ജോർജ്ജ് എന്നിവർ നടത്തിയ അഭിമുഖം.
(1) അഛനിൽ നിന്നു തുടങ്ങാം. പി. ലങ്കേഷ്. കവി, വിവർത്തകൻ, തിരക്കഥാകൃത്ത് , സംവിധായകൻ , നിർമ്മാതാവ്. പക്ഷെ കൂടുതൽ അറിയപ്പെട്ടത് പത്രപ്രവർത്തകനായി. കന്നഡക്ക് തീരെ പരിചിതമല്ലാത്ത ഒരു ശൈലിയാണല്ലോ അദ്ദേഹം പത്രപ്രവർത്തരംഗത്ത് സ്വീകരിച്ചത്.?
കവിത ലങ്കേഷ്: കന്നഡയിലുള്ള ഏറെ പ്രചാരമുള്ള പത്രമാണ് പ്രജാവാണി. അഛൻ സ്ഥിരമായി ആ പത്രത്തിൽ എഴുതുമായിരുന്നു. അഛൻ അയച്ചു കൊടുത്ത ഒരു ആർട്ടിക്കിൾ സർക്കാരിനെ പ്രകോപിപ്പിക്കാനിടയുണ്ടെന്ന കാരണം പറഞ്ഞ് ആ പത്രം പ്രസിദ്ധീകരിച്ചില്ല. സ്വതന്ത്രവും നിർഭയവുമായി വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഒരു പുതിയ പത്രത്തിന്റെ ആവശ്യകത അഛന് ബോധ്യപ്പെട്ടത് അന്നാണ്. ലങ്കേഷ് പത്രിക എന്ന പത്രത്തിന് ( Weekly News paper) അങ്ങിനെ 1980 ൽ തുടക്കമായി. ഒരു പരസ്യവുമില്ലാതെയാണ് അഛൻ അതു നടത്തിപ്പോന്നത്. വരിക്കാരിൽ നിന്നുള്ള വരിസംഖ്യ മാത്രമായിരുന്നു വരുമാനം. എല്ലാതരം വാർത്തകളും സെൻസർ ചെയ്യാതെ അതിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അഛന്റെ ജനങ്ങളുമായുള്ള നിരന്തര സമ്പർക്കം പത്രത്തിനു മുതൽക്കൂട്ടായി . ജനം ലങ്കേഷ് പത്രികയെ സ്വീകരിച്ചു . അഴിമതി തുറന്നു കാട്ടുന്ന വാർത്തകൾ നിർഭയം പത്രം പുറത്തുവിട്ടതോടെ പത്രം വായിക്കാൻ ആളുകൾ കാത്തിരിക്കുന്ന അവസ്ഥയായി. ഒരു പത്രം നിരവധി ആളുകൾ ഷെയർ ചെയ്യുന്ന അവസ്ഥ. രണ്ടര ലക്ഷം വരെ വരിക്കാരുണ്ടായിരുന്ന സമയം.(2) സർക്കാരുകളുടെ സമീപനമെന്തായിരുന്നു. അതിനു മാത്രം സഹിഷ്ണുക്കളായിരുന്നോ അവർ?
കവിത ലങ്കേഷ്: . എന്നും പ്രതിപക്ഷത്തു നിൽക്കുക. അതായിരുന്നു അഛന്റെ രീതി. സർക്കാർ ഏതെന്നൊന്നും നോട്ടമില്ല . അഴിമതിയോട് സീറോ ടോളൻസ്. ജെ.എച്ച് . പട്ടീൽ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ഉടനെ തന്നെ അഛനെ കാണാൻ ഒരു ബൊക്കയുമായി വീട്ടിലേക്ക് വന്നതോർക്കുന്നു. “ഇതുവരെയുള്ള സർക്കാരുകൾക്കെതിരെ സ്വീകരിച്ച സമീപനം തന്നെയായിരിക്കും തുടർന്നുമുണ്ടാക്കുക. എന്നെ പ്രതിപക്ഷമായി കണ്ടാൽ മതി” . അഛൻ പട്ടേലിനോട് പറഞ്ഞു.(3) സർക്കാരുകളുടെ സമീപനമെന്തായിരുന്നു. അതിനു മാത്രം സഹിഷ്ണുക്കളായിരുന്നോ അവർ?
കവിത ലങ്കേഷ്: . എന്നും പ്രതിപക്ഷത്തു നിൽക്കുക. അതായിരുന്നു അഛന്റെ രീതി. സർക്കാർ ഏതെന്നൊന്നും നോട്ടമില്ല . അഴിമതിയോട് സീറോ ടോളൻസ്. ജെ.എച്ച് . പട്ടീൽ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ഉടനെ തന്നെ അഛനെ കാണാൻ ഒരു ബൊക്കയുമായി വീട്ടിലേക്ക് വന്നതോർക്കുന്നു. “ഇതുവരെയുള്ള സർക്കാരുകൾക്കെതിരെ സ്വീകരിച്ച സമീപനം തന്നെയായിരിക്കും തുടർന്നുമുണ്ടാക്കുക. എന്നെ പ്രതിപക്ഷമായി കണ്ടാൽ മതി” . അഛൻ പട്ടേലിനോട് പറഞ്ഞു. രാഷ്ടീയക്കാർക്കിടയിൽ ഒരു പാട് ശത്രുക്കളൊക്കെ ഉണ്ടായിരുന്നു. യു.ആർ. അനന്തമൂർത്തിയെ പോലുള്ള ബുദ്ധിജീവികളുമായി അഭിപ്രായ വ്യത്യാസങ്ങളും .പക്ഷെ എല്ലാം എതിർപ്പുകളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള ഒരു അന്തരീക്ഷം അന്നുണ്ടായിരുന്നു. ചിലരൊക്കെ ഇടക്ക് വന്ന് ഓഫീസിന് കല്ലെറിഞ്ഞു പോകും. മാക്സിമം അത്രക്ക്. ”കൊല” യൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.(4) ഇന്ദ്രജിത്ത് ലങ്കേഷ് , കവിത ലങ്കേഷ്, ഗൗരീ ലങ്കേഷ്.
സഹോദരി സഹോദരൻമാരുടെ ബാല്യകാലമൊക്കെ എങ്ങിനെയായിരുന്നു. ? കവിത ലങ്കേഷ്: ഞങ്ങളുടേത് ലോവർ മിഡിൽ ക്ലാസ്സ് കുടുംബമായിരുന്നു. അക്കാലത്ത് വാടക വീട്ടിലായിരുന്നു താമസം. പറ്റു തീർത്താലെ ഇനി നിത്യോപയോഗസാധനങ്ങൾ തരൂ എന്നൊക്കെ പലചരക്കു കടക്കാരൻ പറഞ്ഞത് കേൾക്കാനിടവന്നിട്ടുണ്ട്. പതിമൂന്ന് വയസ്സുള്ളപ്പോൾ ഗൗരിക്ക് ബ്രയിൻ ഫീവർ വന്നു. മൂന്നു ദിവസം കോമ സ്റ്റജിൽ കിടന്നു. ചികിത്സിക്കാൻ പണമില്ലാത്തതിനാൽ മരണത്തിനു വിട്ടുകൊടുക്കേണ്ടി വരുമെന്ന് കരുതിയ നാളുകൾ . ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി കാണുന്നവർ ഇതൊന്നും ആരും വിശ്വസിക്കില്ല. ഗൗരി ചെറുപ്പത്തിലെ വായനയോട് താൽപ്പര്യം കാണിച്ചിരുന്നു. ഞാനും ഇന്ദ്രജിത്തും കളിക്കാൻ വിളിക്കുമ്പോൾ വരാൻ മടി കാണിക്കുന്ന പ്രകൃതം.(5) ഗൗരി യുക്തിചിന്തയിലേക്ക് വരുന്നത് എപ്പോഴാണ് ?
കവിത ലങ്കേഷ്: .ഞങ്ങളുടെ കുടുംബം ഏതെങ്കിലും പ്രത്യേക മതത്തോട് അനുഭാവം കാണിച്ചിരുന്നില്ല. അഛനും അമ്മയും അത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. 2000 ലാണ് ഒരു മതചിഹ്നം അഛനിൽ ഞാൻ കാണുന്നത്. അഛൻ മരിച്ചു കിടക്കുമ്പോൾ ആരോ ലിംഗായത്ത് ആചാരമായ വരകൾ നെറ്റിയിൽ വരച്ചിട്ടിരിക്കുന്നു. ചേട്ടന്റെ വീട്ടിൽ വെച്ചാണ് അച്ഛൻ മരിക്കുന്നത്. ഗൗരി ഡൽഹിയിലായിരുന്നു. വിവരമറിഞ്ഞ് ഞാൻ ചെല്ലുമ്പോൾ ബന്ധുക്കളും മതവിശ്വാസി സുഹൃത്തുക്കളും അഛനെ ലിംഗായത്ത് ആക്കി മാറ്റിയിരുന്നു. പിന്നീട് ഞങ്ങൾ വളരെ ശ്രമിച്ചിട്ടാണ് ആ മതചിഹ്നമൊക്കെ മായ്ച്ചു കളഞ്ഞത്. നിരീശ്വരവാദിയായിരുന്ന അച്ഛന്റെ സ്വാധീനം, ഗൗരിയുടെ പ്രിൻസിപ്പാളും കർണ്ണാടകയിലെ ഏറ്റവും പ്രശസ്തനായിരുന്ന എച്ച്.നരസിംഹയ്യയുമായുള്ള സ്വാധീനം, വീട്ടിലെ മതേതര ജീവിതം . ഇതൊക്കെ ചേർന്നപ്പോഴായിരിക്കാം ഗൗരി യുക്തിവാദിയായി മാറുന്നത്.(6) ഗൗരിയുടെ വിദ്യാഭ്യാസമൊക്കെ ?
കവിത ലങ്കേഷ്: അഛന്റെ പാത പിന്തുടരാനായി മാസ്റ്റേഴ്സ് ഇൻ മാസ് കമ്മൂണിക്കേഷൻ തന്നെ പഠിച്ചു. അമ്മക്ക് ഗൗരി ഡോക്ടറായി കാണണമെന്നുണ്ടായിരുന്നു. അത് നടന്നില്ല. അത് കൊണ്ട് അമ്മ ഒരു ഡോക്ടറുടെ കല്യാണാലോചന ഗൗരിക്ക് കൊണ്ടുവന്നു. ഡോക്ടർക്ക് ഗൗരിയെ ഇഷ്ടമായി. തുടർന്ന് വിവാഹമുറപ്പിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാരെ പറഞ്ഞയക്കുകയും ചെയ്തു. അവർ വന്ന ദിവസമാണ് ഞാൻ ചേച്ചിയിലെ റിബലിനെ ആദ്യമായി കാണുന്നത്. സ്വന്തം കല്യാണം മുടക്കാനായി നല്ല നീളമുള്ള മുടി ബോയ് കട്ട് ചെയ്ത് അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ഒരു ട്രഡീഷണൽ കുടുംബത്തിന് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു അത്. എന്റെ അമ്മാവൻ ചേച്ചിയെ തല്ലി മുറിക്കകത്തിട്ടു പൂട്ടുകയൊക്കെ ചെയ്തു. ഇതൊക്കെയുണ്ടായി എന്നറിഞ്ഞീട്ടും ഡോക്ടർ കല്യാണം കഴിക്കാൻ തയ്യാറായി എന്നതാണ് രസം. പക്ഷെ ഗൗരി സമ്മതിച്ചില്ല. തനിക്ക് മറ്റൊരാളുമായി പ്രേമമുണ്ടെന്ന് ചേച്ചി വെളിപ്പെടുത്തുന്നത് അപ്പോഴാണ്. ഞങ്ങൾക്കാർക്കും അക്കാര്യം അറിയാമായിരുന്നില്ല. കാമുകൻ ഒരു ജേർണ്ണലിസ്റ്റു തന്നെയായിരുന്നു. ആ തെരഞ്ഞെടുപ്പിൽ പോലും അച്ഛന്റെ സ്വാധീനം പ്രകടമായിരുന്നു.(7) ഗൗരിലങ്കേഷ് എന്ന പത്രപ്രവർത്തകയെ പറ്റി?
കവിത ലങ്കേഷ്: 2000 ലാണ് അഛൻ മരിക്കുന്നത്. തീരെ പ്രതീക്ഷിക്കാത്ത സമയത്തുള്ള വിടവാങ്ങലായിരുന്നു അത്. ഗൗരി ആ സമയം ഡൽഹിയിൽ ടൈംസ് ഓഫ് ഇന്ത്യയുടെ സൺഡേ മാഗസിനിലോ ഈ നാട് പത്രത്തിന്റെ ഡൽഹി എഡീഷനിലോ വർക്ക് ചെയ്യുകയായിരുന്നു. ബ്രദർ ഇന്ദ്രജിത്ത് ഒരു സ്പോർട്സ് മാസികയിലും. അഛന്റെ പേര് മോശമാക്കാതെ പത്രം ആരു നടത്തികൊണ്ടു പോകുമെന്ന ഒരു ആശങ്ക മൊത്തത്തിലുണ്ടായി. ഗൗരി ഉത്തരവാദിത്വമേറ്റെടുത്തു മുന്നോട്ടുവന്നു. ചേട്ടൻ ഇന്ദ്രജിത്ത് പത്രത്തിന്റെ ബിസിനസ്സ് കാര്യങ്ങളും നോക്കാമെന്നേറ്റു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഗൗരി പത്രം മുന്നോട്ടു കൊണ്ടുപോയി. സാഹിത്യ അക്കാദമി അവാർഡ് ജേതാവായിരുന്ന അഛന്റെ കന്നഡ ഭാഷയുടെ മനോഹാരിത ആദ്യമാസങ്ങളിൽ പത്രത്തിനുണ്ടായില്ലെങ്കിലും മൂന്നാല് മാസം കൊണ്ട് ഗൗരി ആ കുറവും നികത്തി .(8) സഹോദരൻ ഇന്ദ്രജിത്തുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ പറ്റി ?
കവിത ലങ്കേഷ്: ഗൗരിയുടെ നക്സൽ അനുകൂല നിലപാടിനോട് സഹോദരന് എതിർപ്പുണ്ടായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും മനുഷ്യാവകാശ പ്രവർത്തകനുമായ ദൊരൈസ്വാമിക്കു ഗൗരി കൊടുത്തിരുന്ന പിന്തുണയും ഇന്ദ്രജിത്തിന് ഇഷ്ടമായിരുന്നില്ല. നക്സലുകൾ എന്ന മുദ്രകുത്തി നീതി നിഷേധിക്കപ്പെടുന്നവരുടെ ഒരു ഫോറമുണ്ടാക്കി ദൊരൈസ്വാമിയോടൊപ്പം മുഖ്യമന്ത്രിയെ കാണാൻ പോയത് സഹോദരന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. 2005 ൽ നക്സലൈറ്റുകൾ പോലീസുകാരനെ ആക്രമിച്ച വാർത്ത ഗൗരി എഴുതിയത് നക്സലൈറ്റുകൾക്ക് അനുകൂലമായാണെന്ന് പറഞ്ഞ് ആ വാർത്ത സഹോദരൻ പ്രസിദ്ധീകരിച്ചില്ല. അതിനെ തുടർന്നാണ് പത്രം രണ്ടാകുന്നത്. പുതിയ പത്രത്തിന്റെ പേര് ഗൗരിലങ്കേഷ് പത്രിക . അന്നങ്ങിനെയൊക്കെ ഉണ്ടായെങ്കിലും ഒരാളുടെ പ്രവർത്തനങ്ങളിൽ മറ്റൊരാൾ ഇടപെടുന്ന പ്രവണത പിന്നീടൊരിക്കലും ഉണ്ടായില്ല. ഗൗരി മരിക്കുന്നതു വരേക്കും ഞങ്ങൾ മൂന്നു പേരും വളരെ സ്നേഹത്തിലാണ് ജീവിച്ചത്.. ഗൗരിയെക്കുറിച്ചുള്ള ആശങ്കകൾ സഹോദരൻ പങ്കുവെക്കുക എന്നോടായിരുന്നു. പുലർച്ചെ 3 മണിക്കും നാലു മണിക്കുമൊക്കെയാകും ചേച്ചി പലപ്പോഴും ഫേസ് ബുക്കിൽ പോസ്റ്റുകളിടുക. ഇതു കണ്ടൊരിക്കൽ ചേട്ടൻ എന്നോട് പറഞ്ഞു. ”ഗൗരിക്ക് ഉറക്കമില്ലെന്ന് തോന്നുന്നു. കുറച്ചു വിശ്രമമെടുക്കാൻ അവളോട് പറയണം. ഇത്രക്ക് വേണ്ട.”(9) അമ്മയെ പറ്റി പറഞ്ഞില്ലല്ലോ . അമ്മ ഇത്തരം വിഷയങ്ങളിലൊന്നും ഇടപെടാറില്ലേ?
കവിത ലങ്കേഷ്: ഞാൻ വീട്ടിലെ പണ്ടുണ്ടായിരുന്ന കഷ്ടപ്പാടുകളെ പറ്റി സൂചിപ്പിക്കുകയുണ്ടായല്ലോ . അതൊന്നു തരണം ചെയ്യാനായി വീടിനകത്ത് തന്നെ അമ്മ സാരി ഷോപ്പു തുടങ്ങി. ചെറുതായി തുടങ്ങിയെങ്കിലും ഇന്നത് ബാംഗ്ലൂരിൽ അറിയപ്പെടുന്ന വലിയൊരു ഷോപ്പാണ്. ഹിന്ദുത്വക്കെതിരായുള്ള ഗൗരിയുടെ തീക്ഷണ വിമർശനങ്ങൾ കാണുമ്പോൾ അമ്മ പറയും ”പരിധി വിടരുത് ” .. “എന്താണീ പരിധിക്കപ്പുറം -ഇപ്പുറം എന്നൊക്കെ പറഞ്ഞാൽ ” ഗൗരി അമ്മയോട് ചോദിക്കും. വായ അടച്ചുപിടിച്ചാൽ എങ്ങിനെയാണ് സംസാരിക്കാനാകുക, കനയ്യയെ പോലുള്ളവർ, ഷഹാലയെ പോലുള്ളവർ ; അത്തരം ആളുകളാണ് ഇന്ത്യക്കാവശ്യം . ഗൗരി സ്വന്തം ഭാഗം ന്യായീകരിക്കുമ്പോൾ ഞാൻ പറയാറുള്ളതിതായിരുന്നു. “മറ്റുള്ള ആളുകളെ നോക്കു. അവർ കുറെക്കൂടി ഡിപ്ലോമാറ്റിക് ആയല്ലേ വിമർശനങ്ങൾ നടത്തുന്നത് ? ആക്ടീവിസത്തിൽ ഡിപ്ലോമസി എത്രമാത്രം വർക്ക് ഔട്ട് ആകുമെന്ന് എനിക്കറിയില്ല. അതിനർത്ഥം ഡിപ്ലോമസി പാലിക്കാത്തവരെ കൊന്നു തീർക്കണം എന്നല്ലല്ലോ.(10) തനിക്കു നേരെയുള്ള ഭീഷണികളെ പറ്റി ഗൗരി സൂചിപ്പിച്ചിരുന്നുവോ?
കവിത ലങ്കേഷ്: എല്ലാ വീക്ക് എന്റിലും ഗൗരി എന്റെ വീട്ടിൽ വരുമായിരുന്നു. ഭീഷണിപ്പെടുത്തുന്ന ഇ മെയിലുകളൊക്കെ അപ്പോഴാണ് കാണിച്ചു തരിക. എനിക്കത് നോക്കാൻ തന്നെ പേടിയായിരുന്നു . പക്ഷെ ഇത്തരം ഭീഷണികളോടൊക്കെ ശാന്തത പുലർത്താൻ ഗൗരിക്കാകുമായിരുന്നു. പ്രകോപനപരമായി സംസാരിക്കുന്നവരോട് നമുക്കൊരു ചായ കുടിച്ചു സംസാരിക്കാമെന്നു പറഞ്ഞ് തണുപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ഞായറാഴ്ച എന്റെ വീട്ടിൽ ഞങ്ങൾ ഒത്തു കൂടിയപ്പോൾ ഗൗരി അമ്മയോട് പറഞ്ഞു. അപരിചിതരായ ആളുകൾ സംശയകരമായ രീതിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതായി തോന്നുന്നുവെന്ന്. അപ്പോഴൊന്നും ഇത്രക്കും പ്രതീക്ഷിച്ചില്ല.(11) ഗൗരി മുഖ്യമന്ത്രിയെ കാണാൻ പോകുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നല്ലോ? പ്രൊട്ടക്ഷൻ ആവശ്യപ്പെടാനായിരുന്നോ?
കവിത ലങ്കേഷ്: കൾബുർഗ്ഗി മരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ. ഇക്കാര്യത്തിലുള്ള ആക്ഷൻ കമ്മിറ്റിയുടെ അപ്രീതി അറിയിക്കാനും കേസന്വേഷണത്തിന്റെ പുരോഗതി അന്വേഷിച്ചറിയാനുമാണ് ആ കൂടിക്കാഴ്ച നിശ്ചയിച്ചത്. അതിനിടയിലാണല്ലോ ഈ ദാരുണ സംഭവം.(12) ഗൗരീലങ്കേഷ് വധത്തോടുള്ള പൊതു സമൂഹത്തിന്റെ പ്രതികരണത്തെക്കുറിച്ച്?
കവിത ലങ്കേഷ്: ലോകത്തിന്റെ നാനാഭാഗത്തു നിന്നും നല്ലവരായ മനുഷ്യർ പിന്തുണയറിയിച്ചു. പലയിടത്തും പ്രതിഷേധങ്ങളുണ്ടായി. കുറെ പേർ കാണാൻ വന്നിരുന്നു. ഒരു ശബ്ദത്തെ അമർത്തി പിടിക്കാൻ ശ്രമിച്ചാൽ ആയിരക്കണക്കിനു പേർ ശബ്ദിക്കുമെന്ന കാര്യം ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഒന്നായിരുന്നുവെങ്കിലും ഒരു പറ്റം മൈനർമാരായ യുവാക്കളുടെ കമൻറുകളിലെ അസഹിഷ്ണുത ആശങ്കയുളവാക്കുന്നു. റിപ്പബ്ലിക്ക് ടി.വി.ക്കാരോട് ഷെഹ് ല കടന്നു പോകാൻ പറയുന്ന വീഡിയോക്കടിയിലുള്ള കമന്റുകളും ഉമർ ഖാലിദിനെയും കനയ്യയെയും കുറിച്ചുള്ള കമന്റുകളും ഗൗരിയുടെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുള്ള കമന്റുകളും വായിക്കുമ്പോൾ ശരിക്കും ഭീതി തോന്നുന്നു. ഒരു വിഭാഗം ആളുകൾ തീർക്കുന്ന പ്രതിരോധത്തെ ഭേദിക്കും വിധം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വളർന്നു കൊണ്ടിരിക്കുന്നു.(13) ഗൗരി ലങ്കേഷിന്റെ ശവസംസ്ക്കാര സമയത്ത് നടൻ പ്രകാശ് രാജിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
അഛനുള്ള കാലം മുതലുള്ള അടുപ്പമാണ് ഞങ്ങളുടെ കുടുംബവുമായി പ്രകാശ് രാജിനുള്ളത് . ചേച്ചിയുടെ പ്രവർത്തനങ്ങളോട് അദ്ദേഹം വളരെയധികം അനുഭാവം പ്രകടിപ്പിച്ചിരുന്നു. എന്റെ എല്ലാ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എത്ര തിരക്കുണ്ടായാലും ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹകരിക്കാൻ അദ്ദേഹം സമയം കണ്ടെത്തും.(14) ഗൗരിയുടെ ഘാതകരെ കണ്ടെത്തുന്നതിനുള്ള സർക്കാർ ശ്രമങ്ങളിൽ ആത്മാർത്ഥതയുള്ളതായി തോന്നുന്നുണ്ടോ?
കവിത ലങ്കേഷ്: തീർച്ചയായും . സി.ബി.ഐ അന്വേഷണത്തിനു വിടാൻ പോലും അവർ തയ്യാറാണ്. ഒരു പക്ഷെ പൊതുജനങ്ങളുടെയും മീഡിയയുടെയും സമ്മർദ്ദം കൊണ്ടാകാം. ആര് കൊന്നത് എന്നല്ല, ആരാണ് പിറകിൽ എന്നാണ് കണ്ടെത്തേണ്ടത്. കൊന്ന ആൾക്ക് ഒരു പക്ഷെ ഗൗരി ആരാണെന്നു പോലും അറിഞ്ഞേക്കാനിടയില്ല .(15) മീഡിയയിൽ വരുന്ന വാർത്തകളെ പറ്റി ?
കവിത ലങ്കേഷ്: അധികവും തെറ്റായ വാർത്തകളാണിപ്പോൾ വന്ന് കൊണ്ടിരിക്കുന്നത്. വെടിയേറ്റ് മരിച്ചുവീണിടത്തെ സി.സി.ടി.വി ഫൂട്ടേജ് എന്ന ഒരു വീഡിയോ വരെ ഇറങ്ങി. ആരോ റീ ക്രിയേറ്റ് ചെയ്തു യു ട്യൂബിൽ ഇട്ടതാണ്. ആ ഭാഗത്ത് സി.സി.ടി.വി യൊന്നും ഇല്ല. ഞാൻ ഒരു തവണ മീഡിയക്കു മുന്നിൽ പോയി കുറെ കാര്യങ്ങൾക്കെല്ലാം ഒരു ക്ലാരിഫിക്കേഷൻ കൊടുക്കാൻ ശ്രമിച്ചു. അവർ അങ്ങിനെ പറഞ്ഞല്ലോ , ഇവർ ഇങ്ങിനെ പറഞ്ഞല്ലോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് എന്തു മറുപടി പറയാനാണ്. പോലീസ് എത്രയും വേഗം പ്രതികളെ പിടിക്കട്ടെ എന്നല്ലാതെ . ഫ്രീതിങ്കേഴ്സിനെ എളുപ്പത്തിൽ കൊന്ന് സൂത്രത്തിൽ ഒളിഞ്ഞിരിക്കാമെന്ന അവസ്ഥ മാറിയേ പറ്റൂ.(16) താങ്കളുടേത് ഒരു രാഷ്ട്രീയ കുടുംബമാണെന്നതിലുപരി ഒരു സിനിമാ കുടുംബം കൂടിയാണ്. അഛൻ പി ലങ്കേഷ് മൂന്ന് സിനിമകൾ ചെയ്തു. സഹോദരൻ ഇന്ദ്രജിത്തും ആറേഴ് സിനിമകൾ ചെയ്തീട്ടുണ്ട്. താങ്കളാണെങ്കിൽ 1999ൽ തന്നെ മികച്ച നവാഗത സംവിധായികക്കുള്ള നാഷണൽ അവാർഡ് നേടിയ കന്നഡയിലെ അറിയപ്പെടുന്ന കലാകാരിയും?
കവിത ലങ്കേഷ്: . കന്നഡ സിനിമയിൽ ഗുണപരമായ ചെറു മാറ്റങ്ങൾ ദൃശ്യമാകുന്നുണ്ട്. പക്ഷെ മലയാളത്തിലെ പോലെ അത്ര പ്രകടമല്ല. അവിടെ പുതിയ ചിന്തകൾക്ക് ഇൻഡസ്ട്രിയിൽ കുറെ കൂടി സ്വീകാര്യത കിട്ടുന്നുണ്ട്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളോട് നിർമ്മാതാക്കൾ സഹകരിച്ചില്ലെങ്കിൽ നല്ല സിനിമ ഉണ്ടാകില്ല. 2003 ൽ ഞാൻ സംവിധാനം ചെയ്ത “പ്രീതി പ്രേമ പ്രണയ” എന്ന സിനിമ ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. നൂറു ദിവസത്തിൽ കൂടുതൽ ഓടി. ഇപ്പോഴും മാസത്തിൽ രണ്ടു തവണയെങ്കിലും ചാനലിൽ വരും. എന്നീട്ടു പോലും എനിക്ക് സിനിമ ചെയ്യാൻ പ്രൊഡ്യൂസേഴ്സിനെ കിട്ടാൻ ബുദ്ധിമുട്ടു തന്നെ. മലയാള സിനിമ ഞാനേറെ ഇഷ്ടപ്പെടുന്നു. ഇപ്പോഴും സമയമുണ്ടാക്കി കാണാറുണ്ട്. ഇടക്ക് പറയട്ടെ , അരവിന്ദൻ പുരസ്ക്കാരം എനിക്ക് കിട്ടിയിട്ടുണ്ട്. ഗൗരിക്ക് നിവിൻ പോളിയുടെ ചിത്രങ്ങളാണ് ഇഷ്ടം. ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വരുത്തി നിവിൻ അഭിനയിച്ച സിനിമകൾ ചേച്ചി കാണാറുണ്ടായിരുന്നു. സമ്മർ ഹോളിഡേയ്സ് എന്ന എന്റെ പുതിയ സിനിമയിൽ ഗസ്റ്റ് റോളിലേക്ക് നിവിനെ വിളിക്കട്ടെ എന്ന് ഞാൻ ചേച്ചിയോട് ചോദിച്ചു. “എങ്കിൽ ഞാൻ ആദ്യമായി ഷൂട്ടിങ്ങ് കാണാൻ വരും ” എന്നായിരുന്നു ഗൗരിയുടെ മറുപടി