പൈതൃക മാനിയ


എല്ലാം മതവും ‘ശാസ്ത്രീയ’മാകാന്‍ കൊതിക്കുന്നു! മതചാരങ്ങളും ചടങ്ങുകളും നിരര്‍ത്ഥകമായ അനുഷ്ഠാനങ്ങളാണെന്ന് മനസ്സിലാക്കിയ മതചിന്തകര്‍ മതത്തിന് പിന്നില്‍ ‘ശാസ്ത്രീയത’ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനായി ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ ഒന്നാണ് ‘പോസിറ്റീവ് എനര്‍ജി’വാദം. പട്ടാപ്പകല്‍ കണ്‍മുമ്പില്‍ ഒരു ആന വന്നു നിന്നാല്‍ അതെന്താണെന്ന് ആരായുന്നവരും വെടിക്കെട്ട് നടക്കുന്നിടത്ത് ചെന്ന് പുകയുടെ കാരണമന്വേഷിക്കുന്നവരും ‘പോസീറ്റീവ് എനര്‍ജി-നെഗറ്റീവ് എനര്‍ജി’എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചാടിയെഴുന്നേറ്റ് ചുറ്റും നോക്കും! അവര്‍ക്കെല്ലാം മനസ്സിലായി!! നമുക്ക് ഹിതകരവും ഉന്മേഷകരവുമായി തോന്നുന്ന സംഭവങ്ങളും അനുഭവങ്ങളും നിരവധിയുണ്ട്. പൂച്ചയ്ക്ക് പച്ച മീന്‍ കാണുന്നത് ആവേശകരമാണ്. ഭക്തന് ഭജനയും തീര്‍ത്ഥാടനവും ശയനപ്രദക്ഷിണവും സന്തോഷകരം. ഇഷ്ടവിഭവങ്ങളില്‍ ‘പോസിറ്റീവ് എനര്‍ജി’ ധാരാളമുണ്ട്. മലയാളിക്കത് കരിമീനാണെങ്കില്‍ ചൈനക്കാരന് പാമ്പോ നായയോ ആയെന്നുവരാം. ‘സ്ത്രീസാന്നിധ്യം’പോസിറ്റീവ് എനര്‍ജിയുടെ അനുസ്യൂത സ്രോതസ്സാണെന്ന് ആണയിടുന്ന’ഗൈനക്കോളജിസ്റ്റുകളായ’ പുരുഷന്‍മാരും നിരവധി. പുഞ്ചിരിയും ആശ്വാസവചനങ്ങളും സഹായവാഗ്ദാനങ്ങളും പൊതുവെ ആരിലും നല്ല പ്രതികരണമുണ്ടാക്കും.ശുഭവാര്‍ത്തകളും എതിരാളിയുടെ പതനവും മനുഷ്യനെ പൊതുവില്‍ സന്തോഷിപ്പിക്കാറുമുണ്ട്. ഹിതകരവും ആസ്വാദ്യകരവുമായ അനുഭവങ്ങളെ ‘പോസിറ്റീവ് എനര്‍ജി’ നല്‍കുന്നവയെന്നും മോശം അനുഭവം സമ്മാനിക്കുന്നവയെ നെഗറ്റീവ് എനര്‍ജിയെന്നും ആലങ്കാരികമായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.  പക്ഷെ മതം ഇത്തരം പദങ്ങള്‍ വിലക്ഷണമായ തോതില്‍ മതപ്രചരാണത്തിനായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം. മതാചാരങ്ങള്‍ മറ്റ് ഫലങ്ങളൊന്നും നല്‍കിയില്ലെങ്കില്‍ പോലും ‘പോസിറ്റീവ് എനര്‍ജി’തരുമെന്ന വികലവാദമാണ് മതവിശ്വാസി ഉയര്‍ത്തുന്നത്. ഒറ്റനോട്ടത്തില്‍ തട്ടിപ്പാണെന്ന് ബോധ്യപ്പെടുമെങ്കിലും സംഗതി സത്യമാണെന്ന് മനസ്സിലാക്കണം! കാരണം അന്ധവിശ്വാസികള്‍ക്ക് മതാചാരം അനുഷ്ഠിക്കുന്നത് ഹിതകരവും ആസ്വാദ്യകരവുമായിരിക്കും. മുമ്പ് പരാര്‍ശിച്ച കാര്യങ്ങളില്‍ നിന്ന് അക്കാര്യം പകല്‍പോലെ വ്യക്തമാണല്ലോ?! അതല്ലാതെ മറ്റെന്തെങ്കിലും ശാസ്ത്രപ്രതിഭാസമോ ഊര്‍ജ്ജനിയമോ അവിടെ കടന്നുവരുന്നതായി ധരിക്കരുത്. ‘പോസിറ്റീവും നെഗറ്റീവു’മൊക്കെ കേട്ട് ആരും വിജൃംഭിതരാവുകയുമരുത്. മതത്തിന് ശാസ്ത്രീയയുടെ ചായം പൂശാന്‍ കഴിഞ്ഞ ഒന്നുരണ്ട് ദശകമായി ആസൂത്രിതമായി നടത്തപ്പെടുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ കസര്‍ത്തൊക്കെ. പോസിറ്റീവ് എനര്‍ജിയെന്നാല്‍ തൃപ്തിയും സന്തോഷവുമാണെങ്കില്‍ അതങ്ങനെതന്നെ പറയുന്നതല്ലേ അഭികാമ്യം?! ഏയ്, അങ്ങനെ സാധാരണവല്‍ക്കരിച്ചാല്‍ മതം വില്‍ക്കുന്നതെങ്ങനെ?!  മിക്കപ്പോഴും മതാചാരം വ്യര്‍ത്ഥമാണെന്ന് വിശ്വാസിക്കറിയാം. അത് ”വെറും വഴിപാടുപോലെ ആയിപ്പോയി”എന്നു പരാതിപറയുന്ന പലരും നല്ല ഒന്നാന്തരം വഴിപാട് പ്രേമികളായിരിക്കും! ”ഇത് വലിയ കുരിശായല്ലോ?” എന്നു പിറുപിറുക്കന്നവന്റെ മാറത്ത് ഒന്നിലധികം കുരിശ് ഉണ്ടാവുക സാധാരണയാണ്! ”അതങ്ങ് പള്ളിയില്‍പ്പോയി പറഞ്ഞാല്‍ മതി”(നടക്കാന്‍ സാധ്യതയില്ലെന്നര്‍ത്ഥം) എന്ന ഡയലോഗ് അമിതമായി ഉപയോഗിക്കുന്ന പലരും ഭക്തിമൂത്ത് പള്ളിയില്‍ നിന്നിറങ്ങാത്തവരായിരിക്കും. മതാചാരം പ്രഹസനമാണെന്ന് ബോധ്യം വന്നാലും അതില്‍നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് മതവിശ്വാസിക്ക് ചിന്തിക്കാനാവില്ല. അവനെ സംബന്ധിച്ച് അതൊക്കെ ഒരു ശീലത്തിന്റെ ഭാഗം കൂടിയാണ്. ചെയ്യാതിരുന്നാല്‍ അസ്വസ്ഥത തോന്നും. മതേതരജീവിതം നയിക്കാനൊരുങ്ങിയാല്‍ പ്രത്യക്ഷമായും പരോക്ഷമായും മതവിശ്വാസികള്‍ കടുത്ത വെല്ലുവിളികളുയര്‍ത്തും. സ്വഭാവികമായും ആചാരങ്ങള്‍ തുടരാനാഗ്രഹിക്കുന്ന ദുര്‍ബലമനസ്സുകള്‍ ‘തനിക്കത് നല്ലതായി തോന്നുന്നു, വിശ്വാസമല്ല മറിച്ച് ഒക്കെ നമ്മുടെ സംസ്‌ക്കാരത്തിന്റെ, പൈതൃകത്തിന്റെ ഭാഗമാണ്’എന്ന തൊടുന്യായം തട്ടിവിട്ട് തങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന മതഭയവും അന്ധവിശ്വാസത്വരയും പ്രകടമാക്കും. പോസീറ്റീവ് എനര്‍ജി, നെഗറ്റീവ് എനര്‍ജി എന്നിങ്ങനെ രണ്ടു തരം എനര്‍ജിയെപ്പറ്റി ശാസ്ത്രത്തിന് അറിവില്ല. പ്രവര്‍ത്തി ചെയ്യാനുള്ള കഴിവാണ് ഊര്‍ജ്ജം. അതേസമയം മതവാദികള്‍ നെഗറ്റീവ് എനര്‍ജി എന്നാല്‍ പ്രവര്‍ത്തി ചെയ്യാത്ത ഊര്‍ജ്ജമാണ് എന്നൊക്കെ തട്ടിവിട്ടുകളയും. എന്നാല്‍ സംഗതി നേര തിരിച്ചാണ്. മനുഷ്യനില്‍ ഉരുത്തിരിയുന്ന മാനസികസമ്മര്‍ദ്ദം, ആശങ്ക, വെപ്രാളം, പിരിമുറുക്കം തുടങ്ങിയ വികാരങ്ങള്‍ അയാളുടെ സക്രിയത കൂട്ടുകയും പ്രവര്‍ത്തിയുടെ തോത് വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതായത് അത്തരം അസുഖകരമായ അവസ്ഥകളില്‍ പ്രവര്‍ത്തിയുടെ തോത് വര്‍ദ്ധിക്കാനാണ് സാധ്യത. വെപ്രാളം കൊണ്ട് ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ ആഞ്ഞുചവിട്ടി വണ്ടി പപ്പടമാക്കുന്ന സക്രിയതയാണത്. ഇത്തരം നെഗറ്റീവ് വികാരങ്ങളുടെ കാര്യത്തില്‍ മതവിശ്വാസിയുടെ സ്ഥിതി അവിശ്വാസിയെക്കാള്‍ വളരെ മോശമായിരിക്കുമെന്നത് വേറെ കാര്യം. കാരണം മതവിശ്വാസത്തിലൂടെ ഒരാള്‍ ചെയ്യുന്നത് തന്നെ അടിസ്ഥാനപരമായി സ്വയം ദുര്‍ബലപ്പെടുത്തലും സ്വന്തം ശേഷിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തലുമാണല്ലോ.  ശിലയില്‍ തീര്‍ത്ത ദേവിയുടെ ആര്‍ത്തവരക്തം പുരണ്ട തൃപ്പൂത്ത് തുണി സ്വന്തമാക്കുന്നത് ദുരാചാരമായി കാണുന്ന പുരോഗമനം അവകാശപ്പെടുന്ന മതവിശ്വാസി നിലവിളക്ക് കൊളുത്തുന്നതില്‍ അതിഭീകരമായ ശാസ്ത്രീയത കണ്ടെത്തും. സത്യത്തില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്നതും ദേവിയുടെ തൃപ്പൂത്ത് തുണി ലേലം പിടിക്കുന്നതും ഒരേയിനം അന്ധവിശ്വാസമാണ്. സൈദ്ധാന്തികമായി രണ്ടും സമാനം. ഒന്ന് തെറ്റാണെങ്കില്‍ മറ്റേതും തെറ്റുതന്നെ. പണ്ടൊക്കെ സന്ധ്യസമയത്ത് വീട്ടില്‍ ഒരു എണ്ണവിളക്ക് കൊളുത്തിവെക്കുന്നത് രാത്രിയില്‍ വീട്ടിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വഴി കാട്ടാനായിരുന്നു. വീടിനുള്ളില്‍ പൊതുവിലുള്ള അന്ധകാരമകറ്റാനും അത് പ്രയോജനപ്രദമായിരുന്നു. വൈദ്യുതി വിളക്കുകള്‍ വന്നതോടെ ഇത്തരം എണ്ണവിളക്കുകള്‍ തീര്‍ത്തും അപ്രസക്തമായി. എന്നാല്‍ വൈദ്യുതഫാനിന്റെ കീഴിലിരുന്ന് വിശറി ഉപയോഗിക്കണമെന്ന ദുര്‍വാശിയോടെ പലരും ഇന്നും നിലവിളക്കിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത് നിലവിളക്കിനോടുള്ള പ്രേമം കൊണ്ടല്ല. മറിച്ച് മതം സംരക്ഷിക്കാനാണ്. വിളക്കല്ലിവിടെ മതത്തിന് പ്രധാനം;വിളക്ക് കൊളുത്തി നടത്തുന്ന ആരാധനയാണ്. കേവലം സംസ്‌ക്കാരത്തിന്റെ അടയാളമെന്ന നിലിയില്‍ നിലവിളക്ക് കൊളുത്തിവെക്കാന്‍ പറഞ്ഞുനോക്കൂ, മതവിശ്വാസി അതിന് തയ്യാറാവില്ല. നിലവിളക്ക് സംരക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കപ്പെടുന്നത് മതം തന്നെയാണ്. അല്ലെങ്കില്‍ അത് പണ്ടേ നിന്നുപോകുമായിരുന്നു. അതുകൊണ്ട് തന്നെയാണ് മറ്റുചില മതക്കാര്‍ക്ക് അതിനോട് എതിര്‍പ്പുണ്ടാകുന്നതെന്നും വ്യക്തമാണ്. ‌നിലവിളക്കിന്റെ സ്ഥാനത്ത് മെഴുകിതിരി കൊളുത്തുന്നതില്‍ ശാസ്ത്രീയതയും പോസീറ്റീവ് എനര്‍ജിയും കണ്ടെത്താന്‍ മറ്റു ചില വിഭാഗക്കാര്‍ക്കും എളുപ്പമയിരിക്കും. പക്ഷെ ഓര്‍ക്കുക, വിശറി വീശുന്നത് ഒരു മതചാരമല്ല. പണ്ട് നാമത് ചെയ്തിരുന്നുവെങ്കിലും വൈദ്യുതി ഫാന്‍ വന്നതോടെ അതിന്റെ ആവശ്യവുമില്ലെന്നായി. അതുകൊണ്ടുതന്നെ ഇന്നതാരും ”സംസ്‌ക്കാരത്തിന്റെ ഭാഗ”മായി ഉയര്‍ത്തിക്കാട്ടാറില്ല. ആരുമതില്‍ നിന്ന് ഊര്‍ജ്ജം ഉത്പ്പാദിക്കുന്നുമില്ല!  ‌നിലവിളക്കിന്റെ പ്രകാശം അണുക്കളെ നശിപ്പിക്കുമെന്നും ബാക്ടീരിയയെ നീക്കം ചെയ്യുമെന്നൊക്കെ ശാസ്ത്രബോധം തൊട്ടു തീണ്ടിയില്ലാത്ത മതവാദികളെ പറഞ്ഞുപറ്റിക്കുന്നവരുണ്ട്. അന്തരീക്ഷത്തിലെ മുഴുവന്‍ ബാക്റ്റീരികളും അണുക്കളും മനുഷ്യന്റെ ശത്രുക്കളാണെന്ന് ഈ വിരുതന്‍മാര്‍ കരുതിയിട്ടുണ്ടാവും! സഹായകരമായ അണുക്കളും നശിക്കില്ലേ എന്ന ചോദ്യം ഒരിക്കലും മതവിശ്വാസി സ്വയം ചോദിക്കില്ല. ശസ്ത്രക്രിയ മുറികളില്‍ നിലവിളക്ക് കൊളുത്തിവെച്ച് ചുളുവില്‍ അണുബാധയെ ചെറുക്കുന്ന സാങ്കേതികതയും ഉടനെ കണ്ടുപിടിക്കപ്പെട്ടേക്കാം! ”പ്രതിരോധശേഷി കൂട്ടുന്നു” എന്ന വാഗ്ദാനത്തോടെ ആഹാര-ഔഷധ വസ്തുക്കള്‍ വിറ്റഴിക്കുന്നതു പോലെയാണിതൊക്കെ. ഏതൊരു ജീവിയുടേയും പ്രതിരോധശേഷി കൂടിയാല്‍ അത് ഹാനികരമാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഇല്ലാതാവുന്നിടത്താണ് ഇത്തരം പ്രചരണങ്ങള്‍ വിറ്റുപോകുന്നത്. നിലവിളക്കിന്റെ ചെറുവെട്ടത്തില്‍ ഇത്രയധികം ‘അണുനാശം’ഉണ്ടാവുകയാണെങ്കില്‍ വീട്ടിന് മുന്നില്‍ കരിയില കൂട്ടിയിട്ട് തീയിട്ടാല്‍ വീടും പരിസരവും ഏതാണ്ട് പൂര്‍ണ്ണമായും അണുവിമുക്തമാകേണ്ടതാണ്! എങ്കില്‍പ്പിന്നെ അടുക്കളയൊക്കെ അണുവിന്റെ ശ്മശാനഭൂമിയായിരിക്കും! പാവം അണുക്കള്‍!! മറ്റൊന്ന് നിലവിളക്ക് ‘സംസ്‌ക്കാരിക ഫോസിലാ’ണെന്ന(cultural fossil)വാദമാണ്. അത് ഒരര്‍ത്ഥത്തില്‍ ശരി തന്നെ. കാരണം അത് പഴയ ഒരാചാരം തന്നെയാണ്. പക്ഷെ ആ രീതിയില്‍ നോക്കിയാല്‍ എല്ലാ ആചാരനാചാരങ്ങളും സാംസ്‌ക്കാരിക ചിഹ്നങ്ങളാകുന്നു.സതിയും ശൈശവവിവാഹവും നരബലിയും അയിത്തവും അടിമത്തവും നമ്മുടെ സാംസ്‌ക്കാരത്തിന്റെ ഭാഗവും പൈതൃകസമ്പത്തുമായിരുന്നു. മരവുരിയില്‍ നിന്ന് ആധുനിക വസ്ത്രങ്ങളിലെത്തിയ മനുഷ്യന്‍ മരവുരിയിലേക്ക് തിരിച്ചുപോയി സംസ്‌ക്കാരം കാണിക്കണമെന്ന് വാശിപ്പിടിക്കാറില്ല. നഗ്നപാദരായി നടന്ന ചിരിത്രം ഇന്നത്തെ ചെരുപ്പുവില്‍പ്പനയ്ക്ക് തടസ്സവുമല്ല. സ്ത്രീകള്‍ മാറു മറക്കാതിരിക്കുക എന്ന വിശ്രുത സംസ്‌ക്കാരത്തിന്റെ ഭാഗമായ ആചാരത്തിലേക്ക് തിരിച്ചുപോകണമെന്ന് ഇന്ന് കടുത്ത മതവിശ്വാസിക്ക് പോലും ശാഠ്യമില്ല. മാറു മറയ്ക്കാതിരിക്കുമ്പോഴോ സതി അനുഷ്ഠിക്കുമ്പോഴോ പോസിറ്റീവ് എനര്‍ജി കിട്ടുമെന്ന വാദവും ആരുമുയര്‍ത്താറില്ല. അപ്പോള്‍ ആവശ്യമില്ലാത്തതൊക്കെ അനാചാരം, ആവശ്യമുള്ളത് സദാചാരം. പക്ഷെ ‘ആവശ്യം’ മതത്തിന്റെ ആവശ്യമാണെന്നതാണ് ഇവിടെ കൗതുകകരമായ കാര്യം. അതായത് മതത്തിന് ആവശ്യമുള്ള, മതപ്രചരണത്തിന് സഹായകരമായ പഴമകള്‍, അത് സദാചാരമായാലും ദുരാചാരമായാലും, മാത്രമാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്.ബാക്കിയൊക്കെ യുക്തിപൂര്‍വം തള്ളി പുതുമയെ വാരിപ്പുണരുന്നു. മതവിശ്വാസിക്ക് യുക്തി ഉപയോഗിക്കാന്‍ വിലക്കുള്ളത് മതവിഷയത്തില്‍ മാത്രമാണല്ലോ!  കൃത്യമായും മതപ്രചരണവും മതസംരക്ഷണവും ലക്ഷ്യമിട്ടാണ് നിലവിളക്കിന് വേണ്ടിയുള്ള താളംചവിട്ടലൊക്കെ. നിരന്തരമായി സംസ്‌ക്കരിക്കുകയും അനുസ്യൂതം പരിഷ്‌ക്കരിക്കുകയും ചെയ്താണ് മനുഷ്യന്‍ സാംസ്‌ക്കാരികമായി മുന്നേറുന്നത്. അപ്രസക്തമായവ പ്രായോഗികബുദ്ധിയോടെ കയ്യൊഴിയുകയും ചെയ്യുന്നു. പഴമയോടും പട്ടിക്കാടിനോടും നിര്‍ദ്ദയം മുഖംതിരിക്കുന്ന മതവിശ്വാസി മതവുമായി ബന്ധപ്പെട്ട എല്ലാ പ്രാകൃതമാലിന്യങ്ങളും വിശിഷ്ടമായി ഉയര്‍ത്തികാട്ടുന്നത് അവന്റെ അന്ധവിശ്വാസത്വര തന്നെയാണ് പ്രകടമാക്കുന്നത്. മതാചാരങ്ങള്‍ സംരക്ഷിക്കാനായാണ് സാംസ്‌ക്കാരത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ ഈ മുതലക്കണ്ണീരൊഴുക്കല്‍. ഒരു മുന്നാചാരം അത് സംസ്‌ക്കാരത്തിന്റെ ഭാഗമായിക്കൊള്ളട്ടെ, ശാസ്ത്രീയമാകട്ടെ, മതത്തിന്റെ ഭാഗമല്ലെങ്കില്‍ അത് നിലനിറുത്താന്‍ മതവിശ്വാസി യത്‌നിക്കില്ലെന്ന് മാത്രമല്ല,മിക്കപ്പോഴും ആ വശത്തേക്ക് അവന്‍ തിരിഞ്ഞുപോലും നോക്കില്ല. മതാചാരമാണെങ്കില്‍ പൈതൃകബോധം പീലി വിരിച്ചാടും. അല്ലെങ്കില്‍ പ്രായോഗികത തന്നെ പഥ്യം. പ്‌ളാവിലയില്‍ കഞ്ഞികുടിക്കാന്‍ പറഞ്ഞാല്‍ സ്പൂണുണ്ടല്ലോ എന്ന മതയുക്തി വരും, ഓണത്തിന് ഉപ്പേരി വീട്ടിലുണ്ടാക്കാന്‍ പറഞ്ഞാല്‍ മാര്‍ക്കറ്റില്‍ കിട്ടുമല്ലോ എന്നാവും തിരിച്ചടിക്കുക. ഒട്ടകത്തിന്റെ പാല് കുടിച്ച് ഒട്ടകപ്പുറത്ത് സഞ്ചരിച്ച് പനയോലയില്‍ കിടന്നുറങ്ങി സുന്നത്ത് പിടിച്ചൂടേ എന്നു ചോദിച്ചാല്‍ അതിലും എളുപ്പമല്ലേ താടി വളര്‍ത്തുന്നതും പാന്റ്‌സിന്റെ ഇറക്കം കുറയ്ക്കുന്നതും എന്ന മറുന്യായം മതവിശ്വാസി ഉന്നയിക്കുക. ചുരുക്കത്തില്‍ മതവിശ്വാസിയുടെ സംസ്‌ക്കാരപ്രണയവും പൈതൃകമാനിയയുമൊക്കെ ‘മതവിശ്വാസത്തെ പോഷിപ്പിക്കാനായുള്ള ഒരു അടവുനയമാകുന്നു. സംസ്‌ക്കാരത്തിന് വേണ്ടിയുള്ള മുറവിളി മിക്കപ്പോഴും മതത്തിന് വേണ്ടിയുള്ള കൊലവിളിയായി മാറുന്നുവെന്ന് സാരം.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *