കാര്‍ട്ടറുടെ കഴുകന്‍
ശാസ്ത്രവിരുദ്ധതതയും അന്ധവിശ്വാസതിമിരവും സൃഷ്ടിക്കുന്ന ഇരുട്ടില്‍ ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ അവിശ്വസനീയമാംവിധം മാഞ്ഞുപോകും എന്നതിന്റെ സാക്ഷ്യപത്രമാണ് വര്‍ത്തമാനകാല കേരളം ഉയര്‍ത്തിപ്പിടിക്കുന്നത്. ശരീരം കള്ളമാണെന്നും രോഗം ഭാവനയാണെന്നും വാക്‌സിന്‍ വിഷമാണെന്നും പ്രചരിപ്പിക്കുന്ന കപടജന്മങ്ങള്‍ ഉദാരമായി താലോലിക്കപ്പെടുമ്പോള്‍ ശാസ്ത്രീയത സംസ്‌ക്കാരത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം വെക്കുന്നവര്‍ ശാസ്ത്രമാത്രവാദികളായി അധിക്ഷേപിക്കപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങളും ആത്മീയ ശാസ്ത്രജ്ഞരും പക്കമേളമൊരുക്കി രംഗം കൊഴുപ്പിക്കുന്നു. ശാസ്ത്രവിരുദ്ധതയില്‍ അഭിരമിച്ച് ആഴത്തില്‍ മുറിവേറ്റ ചില സമൂഹങ്ങളുടെ ചരിത്രം സയന്‍സിനെ കൊലയാളിയായി ചിത്രീകരിക്കുന്ന ഉത്തരാധുനിക വാചാടോപക്കാരും പ്രത്യയശാസ്ത്രപ്രഭുക്കളും വിസ്മരിക്കാന്‍ പാടില്ലാത്ത ഒന്നാണ്. ശാസ്ത്രസാങ്കേതികരംഗത്തെ സ്‌തോഭജനകമായ മുന്നേറ്റം കൊണ്ട് ഇരുപതാം നൂറ്റാണ്ടിനെ അമ്പരപ്പിച്ച രാജ്യമാണ് സോവിയറ്റ് യൂണിയന്‍. മതത്തെ മയക്കിയിട്ട 75 വര്‍ഷങ്ങളില്‍ സോവിയറ്റ് യൂണിയന്‍ കൈവരിച്ച നേട്ടങ്ങളില്‍ പലതും സമാനതകളില്ലാത്തതായിരുന്നു. പക്ഷെ ശാസ്ത്രത്തെ പ്രത്യയശാസ്ത്രം വിഴുങ്ങിയപ്പോള്‍ സോവിയറ്റ് സമൂഹം അതിനു കനത്ത വില കൊടുക്കേണ്ടിവന്നു. സ്റ്റാലിന്റെ കാലത്ത് ജനിതകശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗര്‍ മെന്‍ഡലിനെ തള്ളിപ്പറഞ്ഞ സോവിയറ്റ് സര്‍ക്കാര്‍ ജനിതകശാസ്ത്രം കപടശാസ്ത്രമാണെന്ന നിലപാടാണ് സ്വീകരിച്ചത്. മാര്‍ക്‌സിന് ഡാര്‍വിനോടുള്ള കടുത്ത ആരാധനയും സ്റ്റാലിന് ശാസ്ത്രത്തോടുണ്ടായിരുന്ന വികലമായ കാഴ്ചപ്പാടുമായിരുന്നു ഈ നിരാസത്തിന്റെ മുഖ്യകാരണം. തന്മാത്രാജീവശാസ്ത്രത്തിലെ മഹാപ്രതിഭകളായിരുന്ന ബയവും (Alexander A. Bayev) വാവിലോവും (Nikolai Ivanovich Vavilov/1887–1943) പരിധികളില്ലാത്ത പീഡനത്തിന് വിധേയരായി. ബയവിന്റെ അദ്ധ്യാപകനായ സ്‌ളെപ്പ്‌ക്കോവിന്റെ സഹോദരന്‍ സ്റ്റാലിന്റെ രാഷ്ട്രീയ എതിരാളിയായിരുന്ന ബുഖാറിന്റെ സുഹൃത്തായിരുന്നുവെന്നതായിരുന്നു. ഇക്കാരണത്താല്‍ ബുഖാറിന്റെ സുഹൃത്തുക്കളെ സോവിയറ്റ് രഹസ്യപ്പോലീസ് വേട്ടയാടി. ബയവിനെ നാടുകടത്തി. സൈബീരിയയിലെ കാരഗൃഹത്തില്‍ കിടന്ന് തണുത്തുറഞ്ഞായിരുന്നു വാവിലോവിന്റെ അന്ത്യം. മെന്‍ഡിലിന്റെ ജനിതകസിദ്ധാന്തത്തെ ആധാരമാക്കി വിത്തുകളുടെ ജനിതകതത്വം ആവിഷ്‌ക്കരിച്ച റഷ്യന്‍ ശാസ്ത്രജ്ഞനായിരുന്നു വാവിലോവ്. സ്റ്റാലിന്റെ മാനസപുത്രനായിരുന്ന ടി.ഡി ലൈസങ്കോവ് (Trochym Denysovyc Lysenko /1898 –1976) ഇതിനെ എതിര്‍ത്തതാണ് വാവിലോവിന്റെ ജീവിതത്തില്‍ കാളിമ പരത്തിയത്. വാവിലോവിന്റെ ശാസ്ത്രം മാര്‍കിസിസ്റ്റ് വിരുദ്ധമാണെന്നാണ് ലൈസങ്കോ സ്റ്റാലിനെ ധരിപ്പിച്ചത്. ലൈസങ്കോയെ സയന്‍സിലെ അവസാന അവസാനവാക്കായി കരുതിയ സ്റ്റാലിന്‍ ജനിതകശാസ്ത്രത്തെ സോവിയറ്റ് പാഠ്യപദ്ധതിയില്‍ നിന്ന് പറിച്ചുകളഞ്ഞു. ജനിതക-പാരമ്പര്യശാസ്ത്രത്തെ സംബന്ധിയായ ഗ്രന്ഥങ്ങള്‍ തിരഞ്ഞുപിടിച്ച് കൂട്ടത്തോടെ കത്തിച്ചു. മാര്‍ക്‌സിസ്റ്റ് അനുകൂല ശാസ്ത്രമെന്നും മാര്‍ക്‌സിസ്റ്റ് വിരുദ്ധ ശാസ്ത്രമെന്നും ഉള്ള കൃത്രിമ ദ്വന്ദം നിര്‍മ്മിക്കപ്പെട്ടതോടെ സോവിയറ്റ് യൂണിയനില്‍ ജനിതകശാസ്ത്രവും കൃഷിഗവേഷണവും കുഴഞ്ഞുവീണു. ലോകമെങ്ങും ഹരിതവിപഌത്തിന്റെ ഗുണപ്രഭാവം അലയടിച്ചപ്പോള്‍ സോവിയറ്റ് റഷ്യയില്‍ പട്ടിണി ഇരമ്പിയാര്‍ത്തു. ഈ തെറ്റു തിരുത്തപ്പെടുന്നത് സ്റ്റാലിന്റെ പിന്‍ഗാമിയായിരുന്ന നികിത ക്രൂഷ്‌ചേവിന്റെ കാലത്താണ്. ഇന്നും ജനിതകശാസ്ത്രത്തില്‍ മറ്റു വികസിതരാജ്യങ്ങളെ അപേക്ഷിച്ച് പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് റഷ്യ. ശാസ്ത്രത്തെ കഥകളെറിഞ്ഞ് തോല്‍പ്പിക്കാന്‍ പ്രയാസമില്ല. ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന കഥകള്‍ പറയണമെന്നു മാത്രം. പക്ഷെ ദുരന്തപര്യവസാനിയായ ഒരു ഹാസ്യനാടകത്തിന്റെ തിരക്കഥയാണത്. കേരളസമൂഹത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ശാസ്ത്രവിരുദ്ധതയുടെയും പ്രത്യയശാസ്ത്ര കോപ്രായങ്ങളുടെയും നവീന ദൃഷ്ടാന്തമാണ് ഇവിടെ വേരുറയ്ക്കുന്ന ജൈവകൃഷി വിഭ്രാന്തി(organic farming delusion). ഭരണാധികാരികള്‍ മുതല്‍ പൂര്‍വ്വാശ്രമത്തില്‍ ഒരു മണ്‍വെട്ടി പോലും കൈകൊണ്ട് പിടിക്കാത്ത സിനിമാദൈവങ്ങള്‍ വരെ ജൈവകൃഷിയുടെ ആരാധകരാണ്. വേരടുയന്ന രാഷ്ട്രീയശക്തികള്‍ മുഖമിനുക്കലിന്റെ ഭാഗമായി ഈ വിഭ്രാന്തി ഏറ്റെടുക്കുന്നു. മുട്ടുവേദന മുതല്‍ കാന്‍സര്‍ വരെ മലയാളി നേരിടുന്ന സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ജൈവകൃഷി വാഴ്‌പ്പെടുകയാണ്. കേരളം 2016 ല്‍ സമ്പൂര്‍ണ്ണ ജൈവകൃഷിയിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം! ജൈവകൃഷി എന്നാല്‍ രാസവളങ്ങളും കീടനാശിനികളും ഒട്ടും തന്നെ ഉപയോഗിക്കാത്ത ‘പ്രകൃതിസൗഹാര്‍ദ്ദ കൃഷി’ എന്നാണ് സങ്കല്‍പ്പം. കൃഷി തന്നെ പ്രകൃതിവിരുദ്ധമാണെന്നിരിക്കെ ‘പ്രകൃതിസൗഹാര്‍ദ്ദ കൃഷി’ എന്ന പദം പോലും അര്‍ത്ഥശൂന്യമാണ്. മനുഷ്യന് സ്ഥിരമായ ഭക്ഷണലഭ്യത ഉറപ്പാക്കാന്‍ ധാന്യസസ്യാദികള്‍ ഒരു പ്രതേ്യക സ്ഥലത്ത് ആസൂത്രിതമായി നട്ടുവളര്‍ത്തുന്ന പ്രക്രിയയാണത്. മണ്ണിലെ പോഷകങ്ങളുടെ ശോഷണത്തിനും പ്രതേ്യകയിടത്ത് പ്രതേ്യകയിനം കീടങ്ങളുടെ വര്‍ദ്ധനവിനും ഹേതുവായേക്കാവുന്ന’പ്രകൃതിവിരുദ്ധ’ പ്രവര്‍ത്തനം കൂടിയാണത്. അന്യജീവികള്‍ക്കോ അന്യസസ്യങ്ങള്‍ക്കോ തന്റെ വിളയുടെ മേല്‍ അവകാശമില്ലെന്നും മനുഷ്യന്‍ പ്രഖ്യാപിക്കുമ്പോള്‍ നെല്ലും പുല്ലും ഉണ്ടാകുന്നു. സ്വാഭാവിക പരിസ്ഥിതിയില്‍ ഇടപെടലുകള്‍ നടത്തി കൊണ്ടുതന്നെയാണ് എക്കാലവും കൃഷി മുന്നേറിയിട്ടുള്ളത്. ‘കെമിക്കല്‍'(chemical) എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടിവിറയ്ക്കുന്ന മലയാളി നൂറം ശതമാനം രാസപദാര്‍ത്ഥങ്ങളുടെ സവിശേഷ സംഘടനയാണ് താനെന്ന ലളിതസത്യം മറന്നുപോകുന്നു. സസ്യജാലങ്ങളും പ്രകൃതിയും പ്രപഞ്ചവുമൊക്കെ രാസസംയുക്തങ്ങളോ മൂലകങ്ങളോ അയോണുകളോ മാത്രമാണ്.ജൈവം രാസമാണ്. രാസപ്രവര്‍ത്തനങ്ങളുടെ അനുസ്യൂതമായ ശൃംഖലയാണ് ജീവന്റെ അടിസ്ഥാനം. നമുക്ക് ആവശ്യമില്ലാത്ത രാസപദാര്‍ത്ഥങ്ങളെയും പ്രവര്‍ത്തനങ്ങളെയും നാം വിഷകരവും ദ്രോഹകരവുമായി വിലയിരുന്നു. അതല്ലാതെ ‘കെമിക്കല്‍’എന്നു കേള്‍ക്കുമ്പോള്‍ നിലവിളിക്കേണ്ട കാര്യമില്ല-കാരണം നിങ്ങള്‍ മറ്റൊന്നല്ല! ആധുനിക കേരളം നിര്‍മ്മിച്ചതില്‍ ഇവിടെ അരങ്ങേറിയ കാര്‍ഷിക വിപ്‌ളവത്തിന് നിര്‍ണ്ണായ പങ്കുണ്ട്. പറമ്പുണ്ട്-കൃഷിയുണ്ട്-പക്ഷെ വിളയില്ല, പാടുമുണ്ട്-പക്ഷെ അരിയില്ല, പശുവുണ്ട്-പക്ഷെ പാലില്ല തുടങ്ങിയ വിലക്ഷണ സമവാക്യങ്ങള്‍ നിര്‍ദ്ദയം തുറിച്ചുനോക്കിയിരുന്ന ഒരു അരണ്ട ഭൂതകാലം നമുക്കുണ്ടായിരുന്നു-കഷ്ടിച്ച് 40 വര്‍ഷങ്ങള്‍ക്കു മുമ്പു വരെ. ക്ഷാമവും പട്ടിണിയും പകര്‍ച്ചവ്യാധിയും ഇരമ്പിയാര്‍ത്ത ഒരു ഭൂതകാലം ഇവിടെ ഉണ്ടായിരുന്നുവെന്നത് പുതുതലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. പക്ഷെ അക്കാലത്തെ കുറിച്ച് കരള്‍ പിളര്‍ന്ന് പാടിയവര്‍ ഇപ്പോഴുമിവിടെയുണ്ട്. ജൈവകൃഷിയും ആയുര്‍വേദവും പ്രകൃതിചികിത്സയും കളംനിറഞ്ഞു നിന്ന കാലം കൂടിയായിരുന്നു അത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അരിയാഹാരവും ബാക്കി ദിവസങ്ങളില്‍ മരച്ചീനിയും ചക്കയും കിഴങ്ങുകളുമായി ശരാശരി മലയാളി മുണ്ടു മുറുക്കിയുടുത്തു. ‘ആറു മാസം കപ്പേം ചക്കേം, ബാക്കി മാസം അങ്ങിനേം ഇങ്ങിനേം’എന്നതായിരുന്നു നാട്ടുചൊല്ല്! ഇന്നു സ്ഥിതി ഭിന്നമാണ്. നിറഞ്ഞു കവിയുന്ന ഭക്ഷ്യശേഖരണശാലകളും പാല്‍, മുട്ട, പച്ചക്കറികള്‍ തുടങ്ങിയവയുടെ വര്‍ദ്ധിച്ച ഉദ്പ്പാദനവും സൃഷ്ടിച്ച ആലസ്യം നമ്മെ പിടികൂടുയിരിക്കുന്നു. ഭൂതകാലത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന തോതില്‍ കാല്‍പ്പനികമായ സങ്കല്‍പ്പങ്ങളാണ് പ്രസരിക്കുന്നത്. വര്‍ത്തമാനകാലം നിരാശാഭരിതമാണെന്നും ചുറ്റും വിഷമാണെന്നുമുള്ള അവിരാമമായ വിലാപങ്ങളുയരുന്നു. കീടനാശിനികള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ലാത്ത ഒരു തലമുറ കീടനാശിനികളെ സര്‍വ്വദോഷകാരിയായി പ്രഖ്യാപിക്കുകയാണ്. ഒരു കാര്യം ശരിയാണ്, കഠിനാദ്ധ്വാനവും കൃഷിയും അലര്‍ജിയായി മാറിയ ഒരു സമൂഹത്തില്‍ ഉള്ള കൃഷി കൂടി നശിപ്പിച്ചിട്ട് ജൈവകൃഷി പോലുള്ള ഫാഷന്‍ പരേഡുകള്‍ നടത്തുന്നത് കൊണ്ട് വലിയ നഷ്ടമൊന്നും ഉടനടി സംഭവിക്കാന്‍ പോകുന്നില്ല. മലയാളിയുടെ വയറു നിറയ്‌ക്കേണ്ട ബാധ്യത അന്യസംസ്ഥാനക്കാരനാണെന്നു വരുമ്പോള്‍ വീട്ടുമുറ്റത്തും ടെറസിലും കൃഷിയറിക്കി ഫോട്ടോ പിടിച്ചു പ്രകൃതിസ്‌നേഹിയായി സ്വയം അടയാളപ്പെടുത്തി കഴിയുന്നതുകൊണ്ട് വിശേഷിച്ച് കുഴപ്പമൊന്നും വരാനില്ല. ‘എന്തെങ്കിലും കൃഷി ചെയ്യുന്നുവല്ലോ’എന്ന ആശ്വാസവും അവിടെയുണ്ട്. അതേസമയം സമ്പൂര്‍ണ്ണ ജൈവകൃഷിയിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെ ചരിത്രപരമായ വിഡ്ഢിത്തമെന്നല്ല മറിച്ചു കുറ്റകരമായ വീഴ്ച എന്നു തന്നെ വിളിക്കേണ്ടി വരും. ശാസ്ത്രീയകൃഷിയുടെ ദുഷ്ഫലങ്ങള്‍ക്കെതിരെയുള്ള ബദല്‍ എന്ന നിലയിലാണ് പലരും ജൈവകൃഷിയെ കുറിച്ച് ആവേശംകൊള്ളുന്നത്. പ്രായോഗികതയും പ്രഹരശേഷിയുമുള്ള ഒരു ബദല്‍ രൂപമായി ജൈവകൃഷിയെ കാണാനാവുമോ? രാസവളം, കീടനാശിനികള്‍, ജലസേചനം, ഉയര്‍ന്ന ഉത്പ്പാദനശേഷിയുള്ള വിത്തുകള്‍, യന്ത്ര-സാങ്കേതിക വിദ്യയുടെ ഉപയോഗം, കാര്‍ഷിക സബ്‌സിഡി…. തുടങ്ങിയ ഭൗതികവും സാങ്കേതികവും സാമൂഹികവുമായി നിരവധി ഘടകങ്ങളുടെ സംഘടിതമായ പ്രയോഗത്തിലൂടെയാണ് ഏതാനും ദശകങ്ങള്‍ക്കു മുമ്പ് നാം നമ്മുടെ കൃഷിയുടെ ഉല്പാദനക്ഷമതയും നിലവാരവും വര്‍ദ്ധിപ്പിച്ചത്. കാലാന്തരത്തില്‍ രാസവളവും കീടനാശിനിയും അമിതമായി ഉപയോഗിച്ചതു മൂലം ചില ദൂഷ്യഫലങ്ങളുണ്ടായിട്ടുണ്ട്. മൂന്നാം ലോകരാജ്യങ്ങള്‍ കയറ്റുമതി ചെയ്ത തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയില്‍ കാണപ്പെട്ട കീടനാശിനി അവശിഷ്ടങ്ങളെ കുറിച്ച് വികസിതരാജ്യങ്ങള്‍ ഉയര്‍ത്തിയ ആശങ്കകളും നിര്‍ണ്ണായകമായി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലെന്നും രാസവളവും കീടനാശിനിയുമാണ് സര്‍വ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നുമുള്ള പ്രചരണം കൊടുമ്പിരിക്കൊണ്ടു. പഴയ രീതിയിലേക്ക് മടങ്ങിയാല്‍ പ്രശ്‌നപരിഹാരം എളുപ്പമാണെന്ന ക്ഷിപ്ര നിഗമനവും പിന്നാലെയെത്തി. ‘ജൈവകൃഷി’ എന്നാല്‍ ശരിക്കും പഴയ കൃഷി തന്നെ. എന്നാല്‍ ‘നവീന ജൈവകൃഷി’യും അത്ര നവീനമല്ല. അത് കേരളത്തിന്റെ മാത്രം പ്രത്യേകതയുമല്ല. ഈ പ്രസ്ഥാനത്തിന് ലോകമെമ്പാടും വേരോട്ടമുണ്ട്. ആധുനിക കൃഷിരീതി മൊത്തത്തില്‍ പരിസ്ഥിതിവിരുദ്ധവും അനാരോഗ്യകരവും ആണെന്ന ആശയപരിസരത്തിലാണ് ജൈവകൃഷിയുടെ ജനിതകം നിര്‍മ്മിക്കപ്പെടുന്നത്. ‘കൃത്രിമ’രീതികള്‍ ഒഴിവാക്കി കൃഷിയും കൃഷിഭൂമിയും സംരക്ഷിക്കാമെന്നാണ് അവകാശവാദം. 4.72 മില്യണ്‍ ഹെക്ടര്‍ സ്ഥലത്തു അഞ്ചര ലക്ഷം കൃഷിക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യയിലെ ജൈവകൃഷി പ്രസ്ഥാനത്തിന് ഏതാണ്ട് മൂന്നു ദശകത്തിന്റെ പ്രായമുണ്ട്. ഇന്ന് 164 രാജ്യങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ജൈവകൃഷി നടത്തപ്പെടുന്നു. 113 രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട സംഘടനകള്‍ ഉണ്ട്. 1972 മുതല്‍ അവയുടെ അന്തര്‍ദേശീയ ഫെഡറേഷനും പ്രവര്‍ത്തിക്കുന്നു. ലോകത്തെ മൊത്തം കൃഷിയിടത്തിന്റെ ഒരു ശതമാനത്തില്‍ ജൈവകൃഷിയാണ് നടക്കുന്നത്. ആഗോളതലത്തില്‍ ജൈവ ഉല്പന്നങ്ങള്‍ക്ക് 6400 കോടി (2012) രൂപയുടെ വിപണിയുമുണ്ട്. 1.6 ലക്ഷം ടണ്‍ ജൈവകൃഷി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയില്‍ ഇതു സംബന്ധിച്ച നിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 18 സ്ഥാപനങ്ങളുമുണ്ട്. ജൈവകര്‍ഷക സംഘടനകള്‍ ദേശീയ കണ്‍വെന്‍ഷന്‍ പതിവായി നടത്തിപ്പോരുന്നു. വിഷം കലര്‍ന്ന വിളകള്‍ക്കും ജനിതകവ്യതിയാനം വരുത്തിയ വിത്തിനങ്ങള്‍ക്കുമെതിരെ കുരിശുയുദ്ധം നയിക്കുന്ന ശ്രീമതി വന്ദന ശിവയെപ്പോലുള്ള ആക്ടിവിസ്റ്റുകളും ഇവിടെയുണ്ട്. വിദേശത്ത് നടത്തുന്ന ഒരോ പരിസ്ഥിതി പ്രഭാഷണത്തിനും 27 ലക്ഷത്തോളം രൂപ ഫീസും ബിസിനസ്സ് ക്ലാസ്സ് വിമാനസൗകര്യവും ഈടാക്കിയിരുന്ന അവര്‍ ശാസ്ത്രീയ കൃഷിയെ പിന്തുണയ്ക്കുന്നവരെ വള-കീടനാശിനി ലോബിയുടെ പിണിയാളുകളായിട്ടാണ് വിലയിരുത്തുന്നത്!(http://www.huffingtonpost.com/jon-entine/ecowarrior-vandana-shiva-_b_6528032.html?ir=India&adsSiteOverride=in) ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ പോലും അവരെ കുറെ നാള്‍ പ്രമോട്ടു ചെയ്തിരുന്നുവെന്നോര്‍ക്കുമ്പോള്‍ ശാസ്ത്രവിരുദ്ധതയ്ക്ക് നമ്മുടെ സമൂഹത്തിലുള്ള വേരോട്ടം അനാവൃതമാകുകയാണ്. തങ്ങളുടേത് സ്വഭാവികവും പ്രകൃതിദത്തവുമായ കൃഷിരീതിയാണെന്നും രാസവളകൃഷി കൃത്രിമവും പ്രകൃതി വിരുദ്ധവുമാണെന്നും കഥ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതില്‍ ജൈവകൃഷിയുടെ വക്താക്കള്‍ അഭിമാനപൂര്‍വം വിശ്വസിക്കുന്നു. വാസ്തവത്തില്‍ രാസം-ജൈവം എന്നൊരു ദ്വന്ദം ഇല്ലാത്തതാണ്. ജൈവശരീരം രാസപദാര്‍ത്ഥങ്ങളുടെ സംഘാതമാകുന്നു. സംയുക്തരൂപത്തിലും മൂലകരൂപത്തിലും അയോണികൃത അവസ്ഥയിലും സ്ഥിതിചെയ്യുന്ന രാസപദാര്‍ത്ഥങ്ങളാണ് ജീവിശരീരങ്ങളെ നിര്‍മ്മിക്കുന്നത്. തന്മാത്രതലത്തിലാണ് നമ്മുടെ ശരീരത്തിലെ ദഹനം ഉള്‍പ്പെടെയുള്ള സൂക്ഷ്മപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജീവശാസ്ത്രം ജീവിശരീരങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ രസതന്ത്രം തന്മാത്രതലബന്ധങ്ങളാണ് അന്വേഷിക്കുന്നത്. തന്മാത്രകളുടെ അടിസ്ഥാനം ആറ്റങ്ങളാണ്, ആറ്റങ്ങള്‍ ക്വാണ്ടം കണങ്ങളെയും ക്ഷേത്രത്തെയും ആധാരമായി വര്‍ത്തിക്കുന്നു. അതായതു, ജീവശാസ്ത്രം രസതന്ത്രവും രസതന്ത്രം ഭൗതികശാസ്ത്രവുമാണ്. Biology is chemistry and chemistry is physics! സങ്കരപ്രജനന വിദ്യകളൊക്കെ പ്രകൃതിവിരുദ്ധമാണെന്ന് വാദിക്കുന്ന ജൈവപ്രചാകരുണ്ട്. എന്നാല്‍ സങ്കര പ്രജനനവിദ്യ പ്രകൃതിയില്‍ സ്വഭാവികമായി സംഭവിക്കുന്ന പ്രക്രിയയാണ്. അതുവഴി പുതിയ വിത്തിനങ്ങളും സസ്യജാതികളും പ്രകൃതിയിലുണ്ടായിട്ടുണ്ടെന്ന് ഇന്നത്തെ സസ്യവൈവിധ്യം സാക്ഷ്യപ്പെടുത്തും. ടിഷ്യൂവില്‍ നിന്നുള്ള പ്രജനനത്തിന്റെ കാര്യം സമാനമാണ്. ലോകമെമ്പാടും കര്‍ഷകര്‍ തങ്ങളുടെ അനുഭവത്തിന്റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട വിത്തിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ കാര്യം കുറഞ്ഞ സമയം കൊണ്ട് കാര്‍ഷിക പരീക്ഷണശാലകളില്‍ ചെയ്യുമ്പോള്‍ അതെങ്ങനെ കൃത്രിമവും പ്രകൃതിവിരുദ്ധവുമാകും?! ‘ജൈവവളം സ്വര്‍ഗ്ഗീയം–രാസവളം ഘോരവിഷം’ ഇതാണ് മറ്റൊരു ജൈവപല്ലവി. ജൈവവളങ്ങള്‍ മണ്ണില്‍ വിഘടിച്ച് രാസതന്മാത്രകളായും (molecules) അയണീകൃത ഘടകങ്ങളായും (ions) മാറുമ്പോഴാണ് വേരുകള്‍ അവ ആഗിരണം ചെയ്യുന്നത്. രാസവളങ്ങള്‍ വെള്ളത്തിലലിഞ്ഞു മണ്ണില്‍ കലരുമ്പോഴും ഇതേ അയണീകൃത ഘടകങ്ങളാണുണ്ടാകുന്നത്. സസ്യ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന ഏതൊരു വസ്തുവും വളമാണ്. വളം ഏതായാലും സസ്യത്തിനു വേണ്ട പോഷകങ്ങള്‍ കിട്ടുന്നുണ്ടോ എന്നതു മാത്രമാണ് പ്രസക്തമായ ചോദ്യം. ആവശ്യമായ മുഴുവന്‍ പോഷണവും നല്‍കാന്‍ രാസവളങ്ങള്‍ക്കാവില്ല. ഏതെങ്കിലും പ്രത്യേക മൂലകങ്ങള്‍ കൂടുതലായി നല്‍കുന്നവയോ അവയുടെ അഭാവം നികത്താന്‍ ലക്ഷ്യമിടുന്നവയോ ആണ് രാസവളങ്ങള്‍. ഉദാഹരണമായി, എന്‍.പി.കെ മിശ്രിതം കൃഷി ഭൂമിയിലെ നൈട്രജന്‍, പൊട്ടാസ്യം, ഫോസ്‌ഫേറ്റ് എന്നിവയുടെ അഭാവം പരിഹരിക്കും. അതുപോലെതന്നെ, ജൈവവളങ്ങള്‍ മാത്രം പ്രയോഗിച്ചാലും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കാനാവില്ല. കാലിവളത്തില്‍ നിന്നും കൂടുതലായി ലഭിക്കുന്നത് നൈട്രജനാണ്-അതും പരമാവധി 1.5% വരെ മാത്രം. മറ്റു പ്രാഥമിക മൂലകങ്ങളായ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അളവ് കാലിവളത്തില്‍ വളരെ നിസ്സാരമാണ്. രാസവളങ്ങളെല്ലാം ‘കൃത്രിമ’മാണെന്ന ധാരണയും ശരിയല്ല. ഫോസ്ഫറസ് വളങ്ങള്‍ (രാജ്‌ഫോസ്) രാജസ്ഥാനില്‍ നിന്നും കുഴിച്ചെടുക്കുന്നതാണ്. ചിലി, റഷ്യ മുതലായ നാടുകളിലെ പാറപൊട്ടിച്ചതാണ് പൊട്ടാഷ്. ബോറാക്‌സ് തുര്‍ക്കിയിലെ പാറപ്പൊടിയാണ്. ഡോളോമൈറ്റ് ഉണ്ടാക്കുന്നത് ചുണ്ണാമ്പ് പാറ പൊട്ടിച്ചാണ്. യൂറിയ, അമോണിയം സള്‍ഫേറ്റ് തുടങ്ങിയവ വ്യവസായികോത്പന്നങ്ങളും. രാസവളങ്ങളുടെ ആഭിര്‍ഭാവ കാലം തൊട്ട് അവ സംബന്ധിച്ച ശാസ്ത്രീയ പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ റോഥാെസ്റ്റഡ് ഗവേഷണ കേന്ദ്രത്തില്‍ (Rothamsted Research, the Institute of Arable Crops Research, Harpenden, England) 1845 ല്‍ ആരംഭിച്ച് ഇന്നും തുടരുന്ന പരീക്ഷണങ്ങള്‍ വിശ്വപ്രസിദ്ധമാണ്. ഉയര്‍ന്ന വിളവിന് ശരിയായ അനുപാതത്തിലുള്ള ജൈവ-രാസവള പ്രയോഗം വേണമെന്ന് ഭൂരിപക്ഷം പഠനങ്ങളും സ്ഥിരീകരിക്കുന്നു. ഒന്നില്‍ നിന്ന് കിട്ടാത്തത് മറ്റേതില്‍ നിന്നു ലഭിക്കും. അയണീകൃതഘടകങ്ങളുടെ ഉറവിടം ജൈവമാണോ രാസമാണോ എന്ന് സസ്യം അന്വേഷിക്കുന്നില്ല. വളവും പോഷകങ്ങളും തന്മാത്രാരൂപത്തില്‍ ലഭിക്കുന്നുണ്ടെങ്കില്‍ രാസവളവും ജൈവവളവും സസ്യത്തിന് ഒരുപോലെയാണ്. അനുസ്യൂതമായ അമിതവളപ്രയോഗം മണ്ണിന്റെ ഉള്ളടക്കവും ഘടനയും മാറ്റി മറിക്കും-രാസവളമായാലും ജൈവവളമായാലും അതാണവസ്ഥ. അതേസമയം സ്വഭാവികമായ പോഷകപുനര്‍നിക്ഷേപം മണ്ണിലുണ്ടാവുകയുംവേണം. വിളകള്‍ ഭക്ഷണമായി, ഭക്ഷിച്ചവ വിസര്‍ജ്യമായി സെപ്ടിക്ക് ടാങ്കിലേക്കു പോകുമ്പോള്‍ മണ്ണില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട പുനര്‍ചംക്രമണം (recycling) കൃഷിയിടത്തില്‍ സംഭവിക്കാതെയാവും. ഒരോ വിളവെടുപ്പിലും മണ്ണിനു പോഷകങ്ങള്‍ നഷ്ടപ്പെടുന്നു. നെല്ലിന്റെ ഉദാഹരണമെടുത്താല്‍ ഒരു ടണ്‍ നെല്ലും ഒരു ടണ്‍ വൈക്കോലും കൊയ്തുമാറ്റുമ്പോള്‍ കൃഷിയിടത്തിനു നഷ്ടപ്പെടുന്ന മൂലകങ്ങളുടെ അളവ് (കിലോഗ്രാമില്‍) : നൈട്രജന്‍- 17.5, ഫോസ്ഫറസ് – 6.9, പൊട്ടാസ്യം- 20.5, കാല്‍സ്യം – 4.0, മഗ്നീഷ്യം – 3.5, സള്‍ഫര്‍-2.0, സിലിക്കണ്‍ – 45, സൂക്ഷ്മമൂലകങ്ങള്‍ – 0.016 എന്നിങ്ങനെയാണ്. അടുത്ത വിളവിറക്കുമ്പോഴേക്ക് ഇത്രയും അളവ് മൂലകങ്ങള്‍ രാസ-ജൈവ സങ്കലനമായി തിരിച്ചു മണ്ണിലെത്തണം. ജൈവാംശം 2 ശതമാനത്തില്‍ കൂടുതല്‍ മണ്ണിലുണ്ടെങ്കിലേ കൃഷി ഫലപ്രദമാകൂ. കേരളത്തിലെ ചുവന്ന മേല്‍മണ്ണില്‍ ഇത് ശരാശരി 1.5% മാത്രമാണ്. ആധുനിക രീതിയില്‍ രാസവളങ്ങള്‍ മാത്രമുപയോഗിച്ചാല്‍ നല്ല വിളവ് കിട്ടിക്കൊണ്ടിരിക്കുമെന്നു തെറ്റിദ്ധരിക്കുന്ന കര്‍ഷകര്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മണ്ണിന്റെ ജൈവാംശം കുറഞ്ഞ് പഴയ ക്ഷമത നഷ്ടമായതായി അനുഭവപ്പെടും. രാസവളപ്രയോഗത്തെ പഴിക്കുകയും ചെയ്യും. പണ്ട് കൃഷിയിടത്തിന് ചുറ്റും മരങ്ങളുണ്ടായിരുന്നു. പരിസരത്ത് കന്നുകാലികളും. അവശ്യമൂലകങ്ങള്‍ കാട്ടുമരങ്ങളുടെ പച്ചിലയിലൂടെയും ചാണകത്തിലൂടെയും പാടത്തേക്ക് സംക്രമിക്കും. തോലും ചാണകവും ചാരവും ഉള്‍പ്പെടെയുള്ള പരമാവധി ജൈവാംശം കൃഷിയിടത്തില്‍ എത്തിച്ചാണ് അന്ന് വിളയിറക്കിയിരുന്നത്. വിത്തിനങ്ങള്‍ അത്ര മികച്ചതായിരുന്നില്ലെങ്കിലും സ്ഥിരമായ വിളവ് അന്നും നമുക്ക് ലഭിച്ചിരുന്നു. പക്ഷെ അന്നത്തെ ചെറിയ ജനസംഖ്യയെ പോലും തീറ്റിപ്പോറ്റാന്‍ പര്യാപ്തമായ ഒന്നായിരുന്നില്ല അത്. ഹെക്ടറിന് ശരാശരി 550 കിലോ നെല്ലാണ് അന്നു നാം ഉത്പ്പാദിപ്പിച്ചിരുന്നത്. പിന്നീട് അത്യുത്പ്പാദനശേഷിയുള്ള വിത്തുകള്‍, രാസവളം, വിള സംരക്ഷിക്കാന്‍ കീടനാശിനികള്‍, സാങ്കേതികവിദ്യ എന്നിവയുടെ ഉപയോഗത്തിലൂടെ കാര്‍ഷികോത്പ്പാദനത്തില്‍ വിപ്‌ളവകരമായ മാറ്റമുണ്ടാക്കി. ഹെക്ടറിന് ശരാശരി 2550 കിലോ എന്ന നിലയില്‍ ഉത്പ്പാദന നിരക്ക് കുതിച്ചു കയറി. കൃഷിസ്ഥലം കുറയുകയും ജനസംഖ്യ വര്‍ദ്ധിക്കുകയും ചെയ്തപ്പോഴും ഈ നിരക്ക് നമുക്ക് ഭക്ഷ്യ സുരക്ഷ സമ്മാനിച്ചു. ഭക്ഷ്യ സാധനങ്ങളുടെ വില കുറഞ്ഞു. ക്ഷാമവും വറുതിയും അപ്രത്യക്ഷമായി. രാസവളം ഉജ്ജ്വലമായ വിളവു സമ്മാനിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ കര്‍ഷകര്‍ മുന്‍പിന്‍ നോക്കാതെ ജൈവവളം അവഗണിച്ച് രാസവളത്തെ മാത്രം ആശ്രയിക്കാന്‍ തുടങ്ങി. അതോടെ ശരിയായ ജൈവ-രാസ അനുപാതം ഇല്ലാതെയായി. വിളവ് അഞ്ചിരട്ടി വര്‍ദ്ധിച്ചപ്പോള്‍ അഞ്ചിരട്ടി അധിക പോഷകങ്ങള്‍ മണ്ണില്‍ നിന്ന് വലിച്ചെടുക്കപ്പെടുകയായിരുന്നു. മരങ്ങള്‍ കൂടുതലായി നശിപ്പിക്കപ്പെടുകയും റബ്ബര്‍ കൃഷി വ്യാപകമാവുകയും ചെയ്തതോടെ സ്വാഭാവികമായി ലഭിക്കേണ്ട പച്ചിളവളത്തിന്റെ അളവ് കുറഞ്ഞു. പശുവിനെ വിട്ട് മില്‍മയിലേക്ക് മാറിയ മലയാളിക്ക് ചാണകം അലര്‍ജിയായി. മണ്ണിലെ ജൈവാംശക്കുറവ് കൃഷിയുടെ ക്ഷമതയെ ബാധിച്ചു. രാസവളം മണ്ണുമായി പ്രവര്‍ത്തിച്ച് അതിനെ വന്ധ്യംകരിച്ചുവെന്ന കഥ വന്നു. ശാസ്ത്ര മുന്നേറ്റങ്ങള്‍ മനുഷ്യന് ഹാനികരമായ ചരിത്രമേ ഉള്ളുവെന്ന മുദ്രാവാക്യങ്ങളുമായി മതവാദികളും ഉത്താരാധുനികരും പ്രകൃതികൃഷിക്കാരും പടര്‍ന്നുകയറി. അമിത ഉപയോഗം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ശരിയായ അളവില്‍ ഉപയോഗിച്ചാല്‍ രാസവളങ്ങള്‍ മണ്ണിനും മനുഷ്യനും സഹായകരമാകും. മണ്ണിന്റെ ഘടന, ഉള്ളടക്കം, ജലം വലിച്ചെടുക്കാനുള്ള ശേഷി എന്നിവ മാറ്റമില്ലാതെ തുടരും. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നടത്തിയ ദീര്‍ഘകാല വിളപരീക്ഷണങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്.ഹരിതവിപ്ലവത്തിന്റെ കളിത്തൊട്ടിലായ പഞ്ചാബില്‍ പോലും അപൂര്‍വ ഇടങ്ങളില്‍ മാത്രമാണ് ഭൂഗര്‍ഭ ജലത്തില്‍ ബ്ലൂബേബി സിന്‍ഡ്രോമിന് (Blue baby syndrome) കാരണമായേക്കാവുന്ന പരിധിയിലപ്പുറമുള്ള നൈട്രേറ്റ് അംശം കണ്ടെത്തിയിട്ടുള്ളൂ. വരള്‍ച്ചയെ നേരിടാന്‍ ജൈവവളത്തിന് കഴിയുമെന്ന പ്രചരണവും നിലവിലുണ്ട്. സസ്യസശരീരത്തില്‍ ജലാംശം നിലനിറുത്താനും തണല്‍പ്രദേശത്ത് നല്ല വിളവു ലഭിക്കാനും ആവശ്യമായ പൊട്ടാഷ് ജൈവവളപ്രയോഗത്തിലൂടെ ലഭിക്കാനുള്ള സാധ്യത നിസ്സാരമാണ്. അതുകൊണ്ട് തന്നെ ജൈവ കൃഷിക്കാര്‍ പൊട്ടാസ്യം സള്‍ഫേറ്റ് എന്ന രാസവളം ഉപയോഗിക്കുന്നു! കിലോയ്ക്ക് 65 രൂപ വിലയുള്ള ഈ വളത്തിന്റെ സ്ഥാനത്ത് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് അഥവാ പൊട്ടാസ്യം ക്ലോറൈഡാണ് ശാസ്ത്രീയ കൃഷിയില്‍ ഉപയോഗിക്കുന്നത്-വില കിലോയ്ക്ക് 18 രൂപ മാത്രം. വിലകൂടിയ രാസവളം ഉപയോഗിച്ചാല്‍ അതു ജൈവമാകുമോ?! ഈ ഇരട്ടത്താപ്പിന് എന്തു പേരിടും?! കേരളത്തില്‍ അമിതമായ രാസവളപ്രയോഗം നടന്നു എന്നൊരു മിത്ത് പ്രചാരത്തിലുണ്ടെങ്കിലും അതിനു തെളിവിന്റെ പിന്‍ബലം തീരെയില്ല. ലഭ്യമായ കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണവും ഉപയോഗിച്ച രാസവളത്തിന്റെ അളവും സംബന്ധിച്ച കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിന്റെ മൂന്നിരട്ടി നിരക്കില്‍ രാസവളം ഉപയോഗിച്ച് ആധുനിക കൃഷി നടത്തുന്ന പഞ്ചാബിലും ഹരിയാനയിലും ഉല്പാദനക്ഷമത കുറഞ്ഞുവരേണ്ടതാണ്. പക്ഷെ കണക്കുകള്‍ പ്രകാരം അവിടെ ഉത്പാദനം വര്‍ദ്ധിച്ചു വരികയാണ്. കേരളത്തില്‍ രാസവളത്തിന്റെ പ്രതിവര്‍ഷ ഉപയോഗം ഹെക്ടറിനു 69.8 കിലോ ആണെങ്കില്‍ പഞ്ചാബിലത് 210 കിലോഗ്രാമാണ്.കേരളത്തില്‍ രാസവള കൃഷിയില്‍ ക്ഷമത കുറഞ്ഞിട്ടുണ്ട്. പക്ഷെ അതിനു കാരണം മണ്ണിലെ ജൈവാംശക്കുറവാണെന്ന് തന്നെയാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പത്ത്പതിനഞ്ച് വര്‍ഷം മുമ്പ് രണ്ടു ശതമാനത്തിലധികം ജൈവകാര്‍ബണ്‍ അംശം നമ്മുടെ മണ്ണിലുണ്ടായിരുന്നു. ഇന്നത് ഒന്നര ശതമാനത്തിലും കുറഞ്ഞിരിക്കുന്നു. വിജയകമായ കൃഷിക്ക് ഇതു പോര. ലാഘവബുദ്ധിയും ശ്രദ്ധയില്ലായ്മയുമാണ് ഇന്നു നമ്മുടെ മണ്ണില്‍ കാണപ്പെടുന്ന പുഷ്ടിക്കുറവിനു കാരണം. ശാസ്ത്രത്തിന്റെ പരാജയമല്ലത്, മറിച്ച് ശാസ്ത്രീയമാകാന്‍ പരാജയപ്പെട്ടതിന്റെ ക്ഷീണമാണ്. രാസവളത്തിന്റെ കാര്യം സഹിക്കാം. അതു മണ്ണിലല്ലേ ചെയ്യുന്നത്. പക്ഷെ ഇല, തണ്ട്, വിത്ത്, പഴം എന്നിവയില്‍ തളിക്കുന്ന വിഷലിപ്തമായ കീടനാശിനികള്‍ എങ്ങനെ സഹിക്കാനാവും? -ഇതാണ് മറ്റൊരു ചോദ്യം. കീടനാശിനികളെ കുറിച്ച് അനുഭാവപൂര്‍വം സംസാരിക്കാന്‍ ഇന്നാരും ധൈര്യപ്പെടില്ല. ആര്‍ക്കും വേണ്ടെങ്കില്‍ എന്തിനാണ് ഈ കീടനാശിനികള്‍ മനുഷ്യന്‍ ഉപയോഗിക്കുന്നതെന്ന ചോദ്യം ബാക്കിയാകുന്നു. അവിടെയും ഉത്തരം തയ്യാറാണ്: കീടനാശിനി കുത്തക-സാമ്ര്യാജ്യത്വ ഗൂഡാലോചനയാകുന്നു! സര്‍ക്കാര്‍ സാമ്രജ്യത്വത്തിന്റെ കോടാലികയ്യാണ്! കീടനാശിനിയുടെ ശാസ്ത്രീയവും പ്രായോഗികപരവുമായ വിശദീകരണം നല്‍കാന്‍ ശ്രമിക്കുന്നവന്‍ വിദേശപ്പണം കൈപ്പറ്റന്നവനും സമൂഹദ്രോഹിയുമാണ്! ഒരു പറ വിതച്ച് മൂന്നു പറ പോലും കൊയ്‌തെടുക്കാനാവാതെ പാടത്തു നിന്നു മടങ്ങുന്ന കര്‍ഷകന്റെ കരള്‍ പിളര്‍ക്കുന്ന വിലാപങ്ങളും വര്‍ദ്ധിച്ചു വന്ന വയറുകളുടെ വിശപ്പിന്റെ നിലവിളിയുമാണ് കീടനാശിനികള്‍ തേടിപ്പോകാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. ഇന്നുമത് വിട്ടു കളയാന്‍ മടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഒരര്‍ത്ഥത്തില്‍ കീടനാശിനികള്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ലാത്ത ഒരു തലമുറയാണ് ഇന്ന് കീടനാശിനികള്‍ക്കെതിരെ തീ തുപ്പുന്നത്. കീടനാശിനികള്‍ അനിവാര്യമായ ഒരു ദോഷമായി കാണണം. പക്ഷെ അതു മനുഷ്യനെ സഹായിച്ചിട്ടുണ്ട്. അര്‍ബുദത്തിനെതിരെ കീമതെറാപ്പിയെന്നപോലെ അവസാന ഉപാധിയായി കീടനാശിനി ഉപയോഗിക്കണമെന്ന് തന്നെയാണ് ശാസ്ത്രീയ കൃഷി വിഭാവനം ചെയ്യുന്നത്. മിക്ക ജീവികള്‍ക്കും ദോഷകരമായ കൊടിയ വിഷങ്ങളായിരുന്നു 1940 കളില്‍ വികസിപ്പിച്ചെടുത്ത കീടനാശിനികള്‍. പ്രാണികളെ നശിപ്പിക്കാനും എന്നാല്‍ മറ്റ് ജീവജാലങ്ങള്‍ക്ക് ഹാനികരമാകാതെയും നേര്‍പ്പിച്ച് കീടനാശിനികള്‍ ഉപയോഗിച്ച് വിളസംരക്ഷണം ഉറപ്പുവരുത്താനായിരുന്നു ആദ്യകാല പരിശ്രമങ്ങള്‍. ആദ്യകാലത്ത് കീടനാശിനികള്‍ കര്‍ഷകനെ ആവേശം കൊള്ളിച്ചുവെന്നത് വാസ്തവമാണ്. സര്‍വ പ്രശ്‌നസംഹാരിയായി കീടനാശിനിയെ കണ്ടതോടെ പരമ്പരാഗത കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അധികപ്പറ്റായി. മണ്ണിലും വെള്ളത്തിലും മനുഷ്യശരീരത്തിലും കീടനാശിനി അവശിഷ്ടങ്ങള്‍ നിക്ഷേപിക്കപ്പെട്ടു. എന്നാല്‍ കാലാന്തരത്തില്‍ മനുഷ്യനും പരിസ്ഥിതിക്കും ഏറെ ദോഷം ചെയ്യാത്ത പെട്ടെന്ന് വിഘടിച്ച് നിര്‍വീര്യമാക്കപ്പെടുന്ന രാസവസ്തുക്കള്‍ പഴയ കീടനാശിനികളുടെ സ്ഥാനത്ത് കടന്നു വന്നു. സൗരവികിരണമാണ് (solar radiation) ഭൗമജീവന്റെ അടിസ്ഥാനം. വികിരണം നമുക്ക് ഹാനികരമായേക്കാമെങ്കിലും ഒരു ഏത്തപ്പഴ പലഹാരമോ മൊബൈല്‍ ഫോണോ ഉണ്ടാക്കുന്ന റേഡിയേഷന്‍ നമ്മെ സംബന്ധിച്ചിടത്തോളം നിസ്സാരമാണ്. കീടനാശിനി വിഷമാണെന്നു പറയുമ്പോള്‍ തന്ന അതിനെ പതിനായിരം ഇരട്ടി നേര്‍പ്പിച്ചാല്‍ നമ്മെ സംബന്ധിച്ചിടത്തോളം ഭീഷണി ഗണ്യമായി കുറയുകയാണ്. അപ്പോഴും കീടങ്ങളെ നശിപ്പിക്കാന്‍ അതു ധാരാളമാണ്. വിഷംതീണ്ടാതെ ജീവിക്കണോ പട്ടിണി കിടന്നു മരിക്കണോ എന്ന ചോദ്യമുയരുമ്പോള്‍ മാത്രമാണ് കീടനാശിനികള്‍ ചിത്രത്തില്‍ വരുന്നത്. മറ്റു വലിയ ജീവികളെ അവ വളരെ കുറഞ്ഞ അളവിലേ ബാധിക്കുന്നുള്ളൂ. വിഷകാരകത്വപഠനങ്ങള്‍ വഴി പരിധിയും സാന്ദ്രതയും പ്രയോഗം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിശ്ചയിക്കപ്പെട്ടതിനു ശേഷമാണ് കീടനാശിനികള്‍ മാര്‍ക്കെറ്റിലെത്തുന്നത്. ഇതു സംബന്ധിച്ച് ശാസ്ത്രീയമായ മേല്‍നോട്ടവും നിയന്ത്രണവും നിര്‍വഹിക്കുന്ന അധികാരകേന്ദ്രങ്ങള്‍ മിക്ക രാജ്യങ്ങളിലുമുണ്ട്. ഓരോ കീടനാശിനിക്കും ജലം, വായു, മണ്ണ് എന്നിവിടങ്ങളിലെ വിഘടിക്കാന്‍ ആവശ്യമായ കാലത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. കീടനാശിനി വിഘടിക്കുകയോ രൂപാന്തരം പ്രാപിക്കുകയോ ചെയ്തു കഴിഞ്ഞാല്‍ അതിന്റെ വിഷസ്വഭാവം കുറയുകയോ നീങ്ങിപ്പോകുകയാണ്. ഇല, തണ്ട്, കായ എന്നിവകളില്‍ തളിക്കുന്ന കീടനാശിനികളില്‍ മിക്കവയും ദിവസങ്ങള്‍ക്കുള്ളില്‍ വിഘടിക്കുന്നവയാണ്. ഏതൊരു വിഷമായാലും ഒരു നിശ്ചിത മാത്രയ്ക്കു താഴെ അപകടരഹിതമാണ്. കീടനാശിനികളുടെ ദോഷ സാധ്യതകളെ കുറിച്ചുള്ള പഠനത്തിന് അവയുടെ വ്യാവസായിക ഉത്പാദനം തുടങ്ങിയതു മുതലുള്ള ചരിത്രമുണ്ട്. പരിസ്ഥിതി സംരക്ഷണം (environmental protection), ഭക്ഷ്യസുരക്ഷ (food safety), തൊഴില്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സൂക്ഷ്മപഠനത്തിന് വിധേയമായിട്ടുണ്ട്. ഉത്പാദന-വിതരണ മേഖലകളിലെ തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തുകയായിരുന്നു പഠനങ്ങളുടെ മുഖ്യ ലക്ഷ്യം. എലികളിലും മറ്റും പരീക്ഷണം നടത്തിയാണ് വിഷ വസ്തുക്കളുടെ പ്രഹരശേഷി നിര്‍ണ്ണയിക്കുന്നത്. എല്‍.ഡി 50 (LD50) എന്നാണ് ഈ പരീക്ഷണം എന്നറിയപ്പെടുന്നത്. ഒരു കിലോഗ്രാം ശരീരത്തെ നശിപ്പിക്കാന്‍ ഇത്ര മില്ലിഗ്രാം വിഷം ആവശ്യമുണ്ട് എന്ന രീതിയിലാണ് ഈ നിരക്ക് (LD50 value) കണക്കാക്കിയിരിക്കുന്നത്. കേവലം 50 മില്ലിഗ്രാം(50 mg/kg) മാത്രം മതിയായവ അത്യന്തം അപകടകാരികളാണ്. അവയുടെ ലേബലില്‍ ‘POISON’ എന്ന് എഴുതിയിട്ടുണ്ടാവും;ഒപ്പം ചുവന്ന നിറവും തലയോട്ടി ചിഹ്നവുമുണ്ടാകും. 50-500 mg/kg പരിധിയിലുള്ളവയുടെ മേല്‍ ‘POISON’ എന്നെഴുതി മഞ്ഞയില്‍ അടയാളപ്പെടുത്തും. 500-5000 mg/kg വരെയുള്ളവയില്‍ അപകടം സൂചിപ്പിക്കുന്ന ‘DANGER’ മുദ്രയും നീല നിറവുമുണ്ടായിരിക്കും. 5000 mgഴ/kg മുകളിലുള്ളവയില്‍ മുന്നറിയിപ്പ് (CAUTION) ഉണ്ടാകും, പച്ച നിറവും. അറുപത് കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് 50 mg/kg ഉള്ള ‘POISON’ന്റെ ദോഷകരമായ മാത്ര 3 ഗ്രാം ആയിരിക്കും. അതായത് ഏതാനും തുള്ളികള്‍ അകത്ത് ചെന്നാല്‍ അതു ‘മാരകമാത്ര’യാണ്. ഇങ്ങനെയുള്ള കീടനാശിനി 500 പി.പി.എം. (ppm – parts per million, ദശലക്ഷത്തിലൊരംശം) ആയി നേര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. അതായത് 5 മില്ലി ലീറ്റര്‍ എടുത്ത് 10 ലിറ്റര്‍ ലായനി ആക്കണം. ഇത്രയും നേര്‍പ്പിക്കപ്പെട്ട ലായനിയാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. ഇത് നാലോ അഞ്ചോ കുപ്പി ഒറ്റയടിക്ക് കുടിച്ചെങ്കിലേ ഒരു മനുഷ്യനു എന്തെങ്കിലും പ്രശ്‌നമുണ്ടാകുന്നുള്ളൂ. കീടനാശിനി പ്രയോഗിച്ച പച്ചക്കറി/പഴം/ധാന്യം കഴിക്കുന്ന ഒരാളുടെ ശരീരത്തിലേക്ക് ഏതാനും നാനോഗ്രാം മാത്രമേ എത്തുന്നുള്ളൂ. മരുന്നുതളിയുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലും മൈക്രോഗ്രാം നിരക്കിലാണത് കാണപ്പെടുന്നത്. മനുഷ്യരില്‍ ദോഷഫലം ഉളവാക്കാത്ത അളവ്(No Observed Adverse Effect Level – NOAEL), ഒരു ദിവസം ഭക്ഷണത്തില്‍ അനുവദനീയമായ പരമാവധി അളവ് (ADI- Allowed/Acceptable Daily Intake) എന്നിവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിലവിലുണ്ട്. ഭക്ഷ്യവിളകളിലെ കീടനാശിനി അവശിഷ്ടങ്ങളുടെ അനുവദനീയപരിധി (Maximum Residue Limit – MRL) പ്രധാനപ്പെട്ട മാനദണ്ഡമാണ്. ഓരോ കീടനാശിനിക്കും അനുവദനീയമായ എം.ആര്‍.എല്‍ ഉണ്ട്. ഈ പരിധി ലംഘിക്കുന്ന വിളകളും ഉത്പ്പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിക്കാനും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. നമുക്ക് ഏറെ പരിചിതവും നിരോധിക്കപ്പെട്ടതുമായ എന്‍ഡോസള്‍ഫന്റെ മാരകമാത്ര 30 മില്ലിഗ്രാമാണ്. കീടത്തെ നശിപ്പിക്കാന്‍ 500 പിപിഎം അളവില്‍ (0.05 %) നേര്‍പ്പിച്ച് ഉപയോഗിക്കണം. അതിന്റെ NOAEL പരിധി 0.15 മില്ലിഗ്രാമും MRL പരിധി 0.006 മില്ലി ഗ്രാം/കിലോഗ്രാമുമാണ്. 500 പിപിഎം നേര്‍പ്പിച്ച് തളിച്ചാല്‍ 2 മുതല്‍ 7 വരെ ദിവസങ്ങള്‍ക്കുള്ളില്‍ ചെടിയുടെ പുറത്തെ അവശിഷ്ട വീര്യം വീണ്ടും ഗണ്യമായി കുറയും. 2005ല്‍ സ്‌പെയിനില്‍ നടന്ന ഒരു പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷബാധ സംശയിച്ച കേസില്‍ രക്തം പരിശോധിച്ചപ്പോള്‍ 9 പി.പി.ബി (parts per billion) ആണ് കണ്ടെത്തിയത്. അതായതു, പത്ത് കോടിയിലൊരംശത്തിലും കുറവ്. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ വിവാദം തുടങ്ങിയ കാലത്ത് (2001) മരുന്നുതളി നടന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ രക്തമെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപ്പേഷണല്‍ നടത്തിയ പഠനത്തില്‍ കണ്ടത് 12.77 പി.പി.ബി മാത്രം. എങ്കിലും നാം എന്‍ഡോസള്‍ഫന്‍ നിരോധിച്ചു എളുപ്പത്തില്‍ ‘പ്രശ്‌നം പരിഹരിച്ചു’-അതുണ്ടാക്കിയതായി അനുമാനിക്കപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരോധിക്കപ്പെട്ടതുമില്ല. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലായി കാണപ്പെടുന്ന രോഗങ്ങള്‍/ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്നതിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ആരോഗ്യവകുപ്പ് ഇന്നും മൗനം ദീക്ഷിക്കുന്നത് സംശയകരമാണ്. ഇന്നുമവിടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അടിച്ചുകൊന്നത് ചേരയെ ആണോ പാമ്പിനെ ആണോ എന്നു പുന:പരിശോധിക്കേണ്ടതല്ലേ? അല്ലാത്തപക്ഷം കാസര്‍കോട്ടെ ജനങ്ങളോട്, ജനിക്കാനിരിക്കുന്ന കുട്ടികളോടു ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമായിരിക്കുമത്. ‘കീടനാശിനി മാത്ര’യിലുള്ള എന്‍ഡോസള്‍ഫാനിലെ ഇന്നയിന്ന ഘടകങ്ങള്‍ ഇന്നയിന്ന ജനിതകപ്രശ്‌നങ്ങള്‍ക്ക് ഇന്നയിന്ന രീതിയില്‍ കാരണമാകുന്നു എന്നു നേര്‍ക്കുനേര്‍ ആവര്‍ത്തിച്ചു സ്ഥിരീകരിക്കുന്ന പഠനങ്ങള്‍ അനിവാര്യമാകുകയാണ്. ഉത്തരവിറക്കി മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ലത്. ഇനിയെന്തിന് പഠനം എന്ന ചോദ്യം ശാസ്ത്രീയമനോവൃത്തിയുടെയും അന്വേഷണത്വരയുടെയും അഭാവത്തില്‍ നിന്നുയരുന്നതാണ്, രോഗബാധിതപ്രദേശങ്ങളിലെ ജനങ്ങളോടുള്ള ക്രൂരമായ വെല്ലുവിളിയാണത്. ഒന്നുകില്‍ പഠിച്ചിട്ട് നിരോധിക്കുക-അല്ലെങ്കില്‍ നിരോധിച്ചിട്ട് പഠിക്കുക-എങ്കിലേ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആത്യന്തികമായി നീതി ലഭിക്കുന്നുളളൂ. ദീര്‍ഘകാലം ചെറിയ ഡോസുകള്‍ നല്‍കിയാല്‍ ഉണ്ടാകുന്ന ഫലം ദീര്‍ഘകാല പരീക്ഷണങ്ങളിലൂടെ (chronic tests) വിലയിരുത്താം. മനുഷ്യനില്‍ നേരിട്ടു പരീക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ എലികള്‍, മുയലുകള്‍, പട്ടികള്‍ എന്നിവയില്‍ പഠനം നടത്തിയ ശേഷം അതിന്റെ ഡേറ്റ മനുഷ്യരുടെ കാര്യത്തിലേക്ക് അതിസംക്രമണം (extrapolation) ചെയ്താണ് വിഷഭീഷണിയുടെ ആഴവുംപരപ്പും അളക്കുന്നത്. ക്രോണിക് ടോക്‌സിസിറ്റി ടെസ്റ്റുകളില്‍ നിരന്തരമായി വിഷവസ്തു നല്‍കി പരീക്ഷണ ജീവി(എലി)കളുടെ വിവിധ ആന്തരാവയവങ്ങളിലെ വിഷനിക്ഷേപവും പ്രവര്‍ത്തനവ്യതിയാനവും പരിശോധിക്കുന്നു. ഒപ്പം ജനിതക വ്യതിയാനസാധ്യതയും ഉല്‍പരിവര്‍ത്തനസാധ്യതയും കാന്‍സര്‍/ട്യൂമര്‍ സാധ്യതയും പരിശോധിക്കപ്പെടുന്നു. പഠനഫലങ്ങള്‍ പോസിറ്റീവാണെങ്കില്‍ വിശദാംശങ്ങള്‍ കീടനാശിനിയോടൊപ്പം നല്‍കുന്ന ഡേറ്റാഷീറ്റില്‍ രേഖപ്പെടുത്തും. മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരഘടനയും പ്രവര്‍ത്തനരീതിയിലും ഭിന്നമായതിനാല്‍ ഈ കണക്കുകള്‍ അന്ധമായി പിന്തുടരാനാവില്ലെന്നത് ഒരു പരിമിതിയാണ്. കീടനാശിനികള്‍ ഒരിക്കല്‍ തളിച്ചു കഴിഞ്ഞാല്‍ കാലാന്തരത്തില്‍ അതു മനുഷ്യശരീരത്തെ ഇഞ്ചിഞ്ചായി നശിപ്പിക്കുമെന്നും ജൈവകൃഷിവാദികള്‍ ആരോപിക്കാറുണ്ട്. മേല്‍ സൂചിപ്പിച്ച വിഷവിശകലന പഠനങ്ങളും നിയമപരമായ മുന്നറിയിപ്പുകളും വക്രീകരിച്ചും ഊതിവീര്‍പ്പിച്ചുമാണ് ഈ പ്രചരണം കൊഴുപ്പിക്കുന്നത്. ജനം സ്വഭാവികമായും ഭയന്നുപോകുന്നു. ഇത്രയിത്ര അളവില്‍ വിഷം ഉള്ളില്‍ ചെന്നാല്‍ ദോഷം ചെയ്യുന്നുവെന്നാണ് വിഷവിശകലന പഠനങ്ങളില്‍ പറയുന്നത്. പക്ഷെ അവിടെ സൂചിപ്പിക്കുന്നതിലും കൂടിയ അളവില്‍ കീടനാശിനിയുടെ അംശം മനുഷ്യശരീരത്തില്‍ എത്താനുള്ള സാധ്യത സാധാരണഗതിയില്‍ വളരെ കുറവാണ്. വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെ കീടനാശിനി കൈകാര്യം ചെയ്താല്‍ അബദ്ധം സംഭവിക്കാം. ആത്മഹത്യ ചെയ്യാന്‍ പരാമര്‍, ഫ്യൂറിഡാന്‍ പോലുള്ള കീടനാശിനികള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കീടനാശിനി നിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളികള്‍, കൃഷിയിടങ്ങളില്‍ തളിക്കുന്നവര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ വിഷബാധയ്ക്കുള്ള സാധ്യത താരതമ്യേന കൂടുതലാണ്. പക്ഷെ സാമാന്യജനത്തെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞതെല്ലാം ഏറെക്കുറെ അസംഭാവ്യമാണ്. അനുവദനീയ പരിധിക്കും അളവിനും ഉപരിയായി ലാഘവബുദ്ധിയോടെ കീടനാശിനികള്‍ പ്രയോഗിക്കുന്നത് തെറ്റാണ്. കീടനാശിനികളുടെ ചരിത്രം പരിശോധിച്ചാല്‍ പല കീടനാശിനികളും ഉപേക്ഷിക്കുകയോ നിരോധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. മെച്ചപ്പെട്ട പ്രഹരശേഷിയും കുറഞ്ഞ ദൂഷ്യഫലങ്ങളുമുള്ള പുതിയ ഇനം കീടനാശിനികള്‍ വികസിപ്പിച്ചെടുക്കുമ്പോള്‍ പഴയവ സ്വഭാവികമായും അരങ്ങൊഴിയും. മനുഷ്യന് ഹാനികരമാണെന്ന് തെളിഞ്ഞതുകൊണ്ടല്ല മറിച്ചു പരിസ്ഥിതിക്കു കോട്ടമുണ്ടാക്കുന്നു എന്ന കാരണംമൂലമാണ് പല കീടനാശിനികളും നിരോധിക്കപ്പെട്ടത്. പഴയ കീടനാശിനികള്‍ ഓര്‍ഗാനോ ക്ലോറിന്‍, ഓര്‍ഗാനോ ഫോസ്‌ഫേറ്റ് ഇനത്തില്‍പ്പെട്ട രൂക്ഷവിഷങ്ങളാണ്. തുടക്കത്തില്‍ ഇവയുടെ അനിയന്ത്രിതമായ ഉപയോഗം നടന്നിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ കാര്‍ബമേറ്റ്, പൈറത്രോയിഡ് ഇനങ്ങളില്‍പ്പെട്ട രൂക്ഷത കുറഞ്ഞതും പെട്ടെന്ന് വിഘടിക്കുന്നതുമായ കീടനാശിനികള്‍ വികസിപ്പിച്ചെടുത്തതോടെ പഴയവ വ്യവസ്ഥാപിതമായ രീതിയില്‍ പിന്‍വലിക്കപ്പെട്ടു. വന്ദന ശിവയെപ്പോലുള്ള ജൈവഭ്രമിതാക്കള്‍ നിരന്തരം താറടിക്കുന്ന ഹരിതവിപ്ലവത്തെ കുറിച്ച് ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. ആധുനിക കാര്‍ഷികശാസ്ത്രം വികസിച്ചത് സമ്പന്നരാജ്യങ്ങളിലാണെന്നു നമുക്കറിയാം. ഉയര്‍ന്ന തോതില്‍ ഉത്പാദിച്ച് കയറ്റുമതി ചെയ്തു ലാഭമുണ്ടാക്കുക എന്നതായിരുന്നു മുഖ്യ പ്രേരണ. 1850 കളില്‍ രാസവളപരീക്ഷണങ്ങള്‍ തുടങ്ങുന്നത്, ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ കീടനാശിനികളുമെത്തി. അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ വരവാണ് കുതിച്ചുചാട്ടമുണ്ടാക്കിയത്. ഒറ്റയടിക്ക് നാലിരട്ടിയോ അതിലേറെയോ ഉല്പാദനം വര്‍ദ്ധിച്ചു. സമ്പന്നരാജ്യങ്ങളെ ആശ്രയിച്ചാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ 1970കള്‍ വരെ അതിജീവിച്ചത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയ്ക്ക് പട്ടിണി മരണം വിധിച്ചവര്‍ നിരവധി. മെക്‌സിക്കോയിലെ ചോളക്കൃഷിയില്‍ അത്ഭുതം പ്രവര്‍ത്തിച്ച കൃഷിശാസ്ത്രജ്ഞന്‍ നോര്‍മന്‍ ബോര്‍ലോഗ് ഇന്ത്യയിലെത്തിയത് വഴിത്തിരിവായി. കാര്‍ഷിക പഠനം, ഗവേഷണ സ്ഥാപനങ്ങള്‍, അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍, നവീന വിളയിറക്കല്‍ രീതികള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ട്രാക്ടറുകള്‍, ജലസേചനം….ഇന്ത്യ എന്ന ക്ഷാമരാജ്യത്തിന്റെ കൃഷിരംഗം സമൂലമായ ഉടച്ചുവാര്‍ക്കലിന് വിധേയമായി. പഞ്ചാബായിരുന്നു മുന്നില്‍ നിന്നു നയിച്ചത്. അവിടെ 1960 ല്‍ ഒരു ഹെക്ടറില്‍ 1009 കിലോ നെല്ലാണ് ഉത്പാദിപ്പിരുന്നത്. അതു 1977 ല്‍ 2240 കിലോയായും 1980 ല്‍ 2730 കിലോയായും വര്‍ദ്ധിച്ചു. 1990(3230 കിലോ) 2000 (3057 കിലോ) എന്നിങ്ങനെ തുടര്‍ന്ന വര്‍ദ്ധന 2008 ല്‍ 4519 കിലോഗ്രാമായി! ഇന്ന് ഹെക്ടറിന് 5000 കിലോഗ്രാമിലധികം നെല്ല് പഞ്ചാബില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഗോതമ്പിന്റെ കാര്യവും സമാനമായിരുന്നു-1960(1244 കിലോ/ഹെക്ടര്‍), 1970(2240) 1980(2730),1990(3710), 2000(4563), 2008(4516)…എന്നിങ്ങനെ ഉത്പാദനം കുതിച്ചു കയറി(അവലംബം-സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ്, പഞ്ചാബ് സര്‍ക്കാര്‍). സമാനമായ ഫലങ്ങള്‍ മറ്റിടങ്ങളിലും ആവര്‍ത്തിച്ചതോടെ ഇന്ത്യ ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത നേടുക മാത്രമല്ല ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യാനും തുടങ്ങി. വിശ്വസിക്കാന്‍ മിറക്കിളുകള്‍ ഇല്ലാത്തവര്‍ക്ക് ‘ഹരിതവിപ്ലവം'(Green Revolution) ശരിക്കുമൊരു അത്താണിയാണ്! ഇന്നു ചൈനയിലും ജപ്പാനിലും നെല്ലുത്പ്പാദനം ഹെക്ടറിന് 6000 കിലോഗ്രാമിനും മുകളിലാണ്; സങ്കരയിനം കൃഷിയില്‍ നിന്നാകട്ടെ 11000 കിലോഗ്രാമാണ് ചൈനക്കാര്‍ ഉത്പാദിപ്പിക്കുന്നത്! മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ മുന്നേറ്റങ്ങളിലൊന്നാണിത്. ഹരിതവിപ്ലവം തീര്‍ത്തും ന്യൂനതാരഹിതമാണെന്ന അഭിപ്രായമില്ല. പക്ഷെ അതിന്റെ കോട്ടങ്ങള്‍ മാത്രമെടുത്തുകാട്ടി അധിക്ഷേപിക്കുന്നതില്‍ അംഭംഗിയുണ്ട്. സാവധാനത്തില്‍ വിഘടിക്കുന്ന വിഷങ്ങളായ DDT, BHC മുതലായവ ആരംഭകാലത്ത് വ്യാപകമായി പ്രയോഗിച്ചതും നൈട്രേറ്റ് വളങ്ങളുടെ ആധിക്യവും പലയിടത്തും പരിസ്ഥിതിക്ക് ഹാനികരമായെന്നത് സത്യമാണ്. മൂന്നാം ലോകരാജ്യങ്ങളിലെ കൃഷിവ്യാപനം വനനശീകരണം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക അസന്തുലനത്തിനും ഹേതുവായി. ഇതിനെല്ലാം പരിഹാരം നേടാനുള്ള പരിശ്രമങ്ങളും ഹരിതവിപ്ലവത്തിന്റെ സിലബസ്സിലുണ്ടായിരുന്നു. ജൈവതിമിരം ബാധിച്ച മനസ്സുകളെ കുറിച്ചുള്ള നോര്‍മന്‍ ബോര്‍ലോഗിന്റെ (Norman Borlaug) മനസ്സില്‍ തട്ടിയ പ്രസ്താവന ഒരിക്കല്‍ കൂടി പ്രസക്തമാകുന്നു: ”പ്രകൃതി-പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭൂമിയുടെ ഉപ്പാണ്. എന്നാല്‍ അവരില്‍ മിക്കയാളുകളും വരേണ്യചിന്തകര്‍ (elitists) ആണെന്നതാണ് എന്നെ അലട്ടുന്നത്. സുഖശീതളമായ ഓഫീസ് മുറികളിലിരുന്ന് എഴുതിയും കോണ്‍ഫറന്‍സ് ഹാളുകളില്‍ പ്രസംഗിച്ചും ‘ലോബിയിംഗ്’ നടത്തി ജനോപകാരികളെന്നും സ്വയം വരുത്തിത്തീര്‍ക്കുന്ന ഇക്കൂട്ടര്‍ ഒരിക്കല്‍ പോലും പട്ടിണിയുടെ ‘സുഖം’ അനുഭവിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. മൂന്നാം ലോകരാജ്യങ്ങളിലെ ക്ഷാമ ദുരിതങ്ങള്‍ക്കിടയില്‍ ഞാന്‍ 50 വര്‍ഷം ചെലവിട്ടപോലെ ഇവര്‍ ഒരു മാസമെങ്കിലും ചെലവിട്ടിരുന്നെങ്കില്‍ തിരികെ വന്ന് ആധുനികകാര്‍ഷിക തന്ത്രങ്ങള്‍ക്കായി മുറവിളി കൂട്ടുകയും സ്വന്തം വരേണ്യചിന്താനാട്യങ്ങളില്‍ പശ്ചാത്തപിക്കുകയും ചെയ്‌തേനേ”. ഹരിതവിപ്ലവത്തിനും രണ്ട് ദശകം മുമ്പേ രംഗത്തുവന്ന പ്രകൃതിവാദിയാണ് ജപ്പാനിലെ മസനോബു ഫുക്കുവോക്ക. കാര്‍ഷിക ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം 1938 മുതല്‍ സ്വന്തം കൃഷി ഭൂമിയില്‍ പരീക്ഷണങ്ങള്‍ നടത്തിത്തുടങ്ങി. കളനിറഞ്ഞു പ്രയോജനശൂന്യമായ പാടത്ത് ആരോഗ്യത്തോടെ വളര്‍ന്നുനിന്ന ഒറ്റനെല്‍ച്ചെടിയാണ് അദ്ദേഹത്തിനു പ്രചോദനമേകിയത്. ഹോമിയോപ്പതിയുടെ പിതാവായ ഹനിമാന് സിങ്കോണ എന്ന പോലെ ഈ നെല്‍ച്ചെടി ഫുക്കുവോക്കയ്ക്ക് വെളിപാടായി. പ്രകൃതിയെ അലോരസപ്പെടുത്താതിരുന്നാല്‍ മനുഷ്യന് വേണ്ടതൊക്കെ അതു നല്‍കുമെന്ന ആഗ്രഹചിന്തയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. രാസവളങ്ങളും കാര്‍ഷികയന്ത്രങ്ങളും ഒഴിവാക്കി നിലമുഴാതെ, കളപറിക്കാതെ, വളം വിതറാതെ ഫുക്കുവോക്ക നെല്ലും ബാര്‍ലിയും വിളയിച്ചു. തന്റെ പരീക്ഷണങ്ങളെ ‘പ്രകൃതികൃഷി’ (Natural Farming) എന്നു വിളിച്ച അദ്ദേഹത്തിന്റെ ‘ഒറ്റവൈക്കോല്‍ വിപ്ലവം’ (One Straw Revolution/1975) എന്ന കൃതിയുടെ പത്ത് ലക്ഷം കോപ്പികളാണ് ലോകമെമ്പാടും വിറ്റുപോയത്. കൃഷിയിലെ രാസിക-യാന്ത്രിക സങ്കേതങ്ങളെ നിരാകരിച്ചപ്പോഴും മണ്ണിനെക്കുറിച്ചും വിളകളെക്കുറിച്ചും ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങള്‍ തന്നെയാണ് സ്വന്തംശൈലിയില്‍ പ്രാവര്‍ത്തികമാക്കിയത്. നിലമുഴലും കളപറിക്കലും വളം ചെയ്യലുമൊക്കെ ആദിമകര്‍ഷകര്‍ കണ്ടെത്തിയ കാര്യങ്ങളാണ്. ആ പാരമ്പര്യത്തെയാണ് അദ്ദേഹം നിഷേധിച്ചത്. ഉഴുതുമറിക്കാതിരുന്നാല്‍ മണ്ണിലെ ഈര്‍പ്പവും ജൈവാംശവും സൂക്ഷ്മ പോഷകങ്ങളും ഉപരിഭാഗത്ത് നിലനില്‍ക്കും. വിളവിപര്യയനത്തിലൂടെ വളപ്രയോഗം നടത്താതെ മുന്നോട്ടുപോകാനുമാവും. പക്ഷെ ഒരിടത്ത് ഒരേ വിള തുടര്‍ച്ചയായി കൃഷി ചെയ്യാന്‍ ഫുക്കവോക്കയുടെ രീതി സഹായകരമല്ല. ആധുനിക കൃഷിരീതിയില്‍ നിന്നും ലഭിക്കുന്നതിന്റെ പകുതി വിളവുപോലും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായതുമില്ല. ഭക്ഷ്യസുരക്ഷയ്ക്കും സ്വയംപര്യാപ്തയും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. നിരന്തര ശ്രദ്ധയും ചിട്ടയും ആവശ്യമുള്ള ഈ കൃഷിരീതി ഇന്ന് ജപ്പാനില്‍പോലും വളരെ പരിമിതമാണ്. സമാനമാണ് പാലക്കാട്ടും മറ്റും ആരാധകരുള്ള സുഭാഷ് പലേക്കറിന്റെ ‘സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗിന്റെ കാര്യവും. കാര്‍ഷികശാസ്ത്ര ബിരുദവും ദാര്‍ശനികഭാവവും സ്വന്തം കൃഷിയിടത്തിലെ പരീക്ഷണങ്ങളുമൊക്കെ പലേക്കറിന്റെ കാര്യത്തിലും ശരിയാണ്. 1972 മുതല്‍ 1985 വരെ സ്വന്തം കൃഷിയിടത്തില്‍ ആധുനീക രീതിയില്‍ കൃഷി ചെയ്തപ്പോള്‍ ക്രമേണ വിളവ് കുറഞ്ഞതായി പലേക്കര്‍ മനസ്സിലാക്കി. പ്രകൃതിയില്‍ മേലുള്ള കടന്നുകയറ്റമാണതിനു കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. പ്രകൃതിയോടും അഹിംസാപരമായി നിലപാട് സ്വീകരിക്കണമെന്ന് ഈ ഗാന്ധിയന് തോന്നി. ഗോത്രവര്‍ഗ്ഗ ഉദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാട്ടുപ്രദേശങ്ങളില്‍ താമസിച്ചപ്പോള്‍ അവിടങ്ങളില്‍ കായ്കനികള്‍ സമൃദ്ധമായി വളരുന്നത് അദ്ദേഹം ശ്രദ്ധിച്ചു. മനുഷ്യന്റെ ഇടപെടലില്ലാതെ വളവും കീടനാശിനിയുമില്ലാതെ പ്രകൃതിയില്‍ സസ്യങ്ങള്‍ തഴച്ചുവളരുമെന്ന എന്ന സങ്കല്‍പ്പമാണ്’സീറോ ബജറ്റ്’ ഫാമിംഗിന്റെ കാതല്‍. അവിടെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് വിത്തും മണ്ണും പാകപ്പെടുത്തുന്നു. ചാണകം പത്തിരട്ടി വെള്ളത്തില്‍ കലക്കി ശര്‍ക്കരയും ധാന്യപ്പൊടിയും ചേര്‍ത്ത് പുളിപ്പിച്ചെടുത്താല്‍ മണ്ണിനുള്ള ‘ജീവാമൃത’മായി. ഒരു പശുഒരു ദിവസത്തെ ചാണകംകൊണ്ട് (ഉദ്ദേശം 10 കിലോ) മാസത്തിലൊരിക്കല്‍ ഒരേക്കര്‍ പുഷ്ടിപ്പെടുത്താം. പുതയിടല്‍, നനക്കല്‍ എന്നിവ ചെലവ് കുറച്ച് ചെയ്യണം. ഗോമൂത്രത്തില്‍ പുകയില, വേപ്പ്, മഞ്ഞള്‍, വെളുത്തുള്ളി ഇവ അരച്ച് ചേര്‍ത്താണ് കീടനാശിനി തയ്യാറാക്കേണ്ടത്. കേരളത്തില്‍ നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയുടെ പുനരാവിഷ്‌കാരമാണ് പലേക്കറുടെ കൃഷിരീതി. സ്വഭാവികമായും ക്ഷമതയില്ലായ്മ ഉള്‍പ്പെടെയുള്ള പരിമിതികള്‍ ഏറെ. ആത്മീയകൃഷികള്‍ ഇന്ത്യയില്‍ തന്നെ പല നിറത്തിലും രൂപത്തിലും ലഭ്യമാണ്. അഗ്നിയുടെ അജ്ജേയ ശേഷി, ജ്യോതിഷ ഗോളങ്ങളുടെ സ്വാധീനം, പ്രകൃതിയുടെ ആത്മാവ്, കോസ്മിക് കമ്പനങ്ങള്‍…തുടങ്ങി പലതിനെപ്പറ്റിയും ആത്മീയകൃഷിക്കാര്‍ വാചാലരാകുന്നത് കാണാം. കുറച്ചുപേര്‍ ജൈവകൃഷിയിലേക്ക് തിരിയുന്നത് കൊണ്ട് എന്തു നഷ്ടമാണ് സംഭവിക്കാന്‍ പോകുന്നത്? ഉത്തരമിതാണ: നാം നേരിടുന്ന വെല്ലുവിളികള്‍ പരിഗണിക്കുമ്പോള്‍ പരമ്പരാഗത കൃഷി പരീക്ഷിച്ച് പരാജയപ്പെട്ട ഒന്നായി കാണേണ്ടിവരും. ക്ഷമതാക്കുറവ് തന്നെയാണ് പ്രധാന പോരായ്മ. വര്‍ദ്ധിച്ച ജനസംഖ്യയും ഭക്ഷണവൈവിധ്യവും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ അതിനാവില്ല. കൂടുതല്‍ ഭൂമി ജൈവകൃഷിക്കായി മാറ്റി വെക്കുമ്പോള്‍ അത്രയും കൂടി സമ്മര്‍ദ്ദം ശാസ്ത്രീയ കൃഷിക്കു മേലുണ്ടാകും. പരീക്ഷണം നടത്തി ക്ഷാമകാലത്തിലേക്ക് തിരിച്ചു നടന്നാല്‍ ജൈവവീരന്‍മാരും അല്ലാത്തവരും ഒരുപോലെ അനുഭവിക്കേണ്ടി വരും. ജൈവകൃഷിയായാലും വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ വിളവെടുക്കാന്‍ തുടങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം കൃഷിഭൂമിയിലുണ്ടാകുമെന്നുറപ്പാണ്. മൂന്നിരട്ടിയും നാലിരട്ടിയും വില നല്‍കി ‘വിഷരഹിതപച്ചക്കറി’ വാങ്ങാന്‍ കഴിയുന്നവനു മാത്രം അനുഗുണമായ കൃഷി പൊതുതാല്‍പര്യത്തിനു അഭികാമ്യമല്ല. ജൈവകൃഷി പ്രകൃതിക്ക് ഇഷ്ടമാണ്, ജൈവവളമാണ് മണ്ണ് കൊതിക്കുന്നത് തുടങ്ങിയ ഉത്തരാധുനിക-മതാത്മക ഭ്രമകല്‍പ്പനകള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ ഭൂമികയില്‍ പ്രസക്തിയൊന്നുമില്ല. വളമിടാതെ കീടനാശിനി തളിക്കാതെ കാട്ടില്‍ കായ്കനികള്‍ വളരുന്നുണ്ടല്ലോ എന്നവര്‍ ചോദിക്കും. ഓര്‍ക്കുക, മനുഷ്യന്‍ ആദ്യം കാട്ടിലായിരുന്നു. അന്നവന് ആവശ്യമായ ഭക്ഷണ ലഭ്യത ഇല്ലാതിരുന്നതാണ് കൃഷിക്ക് കാരണമായത്. പെറുക്കിയും പറിച്ചു തിന്നുന്നത് ഉണ്ടാക്കി തിന്നുന്നതിലും എളുപ്പമാണല്ലോ. മനുഷ്യന്‍ അതിജീവനത്തിനായി കൃഷിയിലേക്ക് തിരിഞ്ഞെങ്കില്‍ നാഗരകതയുടെ അടുത്തഘട്ടത്തില്‍ വര്‍ദ്ധിച്ച ക്ഷമതയും ഉത്പ്പാദനശേഷിയുമുള്ള നവീന കൃഷിക്കേ അവനെ രക്ഷിക്കാന്‍ സാധിക്കൂ എന്ന അവസ്ഥ വന്നു. പ്രകൃതികൃഷിയില്‍ കാട്ടിലെ സ്വാഭാവികരീതിയല്ല പിന്തുടരപ്പെടുന്നത്. അതും കൃത്രമമായ ഒരു ഇടപെടലാണ്. എന്തിനേറെ, പ്രകൃതിജീവനം നടത്തുന്നവര്‍ ഭക്ഷിക്കുന്ന കായ്കനികളും ഫലങ്ങളും പച്ചക്കറികളുമൊക്കെ പ്രകൃതിയില്‍ സഹജമായി വളര്‍ന്നു വന്നവയല്ല. നിറം, സ്വാദ്, മാംസളത, വലുപ്പം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കി മനുഷ്യന്‍ കൃത്രിമനിര്‍ധാരണത്തിലൂടെ തെരെഞ്ഞെടുത്തവയാണവ. ദീര്‍ഘകാലം നീണ്ടു നിന്ന ജനിതക എഞ്ചിനീയറിംഗ് തന്നെയാണത്. വിത്തിനങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ഓരോ പുതിയ വിത്തും മുമ്പു നിലവിലുണ്ടായിരുന്നവയെക്കാള്‍ ഉത്പാദശേഷിയും പ്രതിരോധശേഷിയും കൂടിയവയാണ്. പ്രകൃതിയില്‍ സഹജമായി ഉണ്ടാകുന്നവ മാത്രം മതിയെന്ന തീരുമാനം നമ്മുടെ പൂര്‍വികര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഇന്നു പ്രകൃതി തീവ്രവാദവുമായി നിറമുള്ള മുദ്രാവാക്യങ്ങളും വാചാടോപങ്ങളുമുയര്‍ത്തുന്നവരുടെ തലമുറ പോലും അസാധ്യമാകുമായിരുന്നു. മനുഷ്യനെ പ്രകൃതിക്ക് വിട്ടുകൊടുക്കുന്നതും മനുഷ്യന് പ്രകൃതിയെ അപ്പാടെ തകിടംമറിക്കുന്നതും ഒരുപോലെ അസ്വീകാര്യമാണ്. ‘കൃഷിയിലെ ആത്മീയത’എന്നൊക്കെയുള്ള വാചാടോപങ്ങള്‍ വെറും പടക്കമാണ്. സസ്യവളര്‍ച്ച തികച്ചും ഭൗതികമായ ഒരു കാര്യമാണ്. സഹജമായ ഒരു ജീന്‍ പ്രോഗ്രാമിംഗ് കൂടിയാണത്. വളര്‍ച്ചയ്ക്കാവശ്യമായ മുഖ്യ മൂലകങ്ങള്‍ (കാര്‍ബണ്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍) വായുവില്‍ നിന്നും ജലത്തില്‍ നിന്നും വലിച്ചെടുത്ത് സൂര്യപ്രകാശത്തിന്റെ ഊര്‍ജ്ജം ഉപയോഗപ്പെടുത്തി അവ വളര്‍ന്നുകൊള്ളും. പ്രകാശസംശ്ലഷണവും ഒരു രാസപ്രവര്‍ത്തനമാണ്. അതിലൂടെ ശേഖരിക്കുന്ന പോഷണമാണ് സസ്യം ഇലകളിലും ഫലങ്ങളിലും വേരുകളിലും ശേഖരിച്ച് നമ്മുടെ തീന്‍മേശയിലെത്തിക്കുന്നത്. നാം ഭക്ഷണം കഴിച്ചാല്‍ സംഭവിക്കുന്നതും രാസപ്രവര്‍ത്തനം തന്നെ. ഭൗതിക-രാസ പ്രവര്‍ത്തനങ്ങളുടെ അനന്തമായ ശൃംഖലയിലൂടെയാണ് മനുഷ്യന്‍ അനുനിമിഷം അതിജീവിക്കുന്നത്. സസ്യശരീരത്തിന്റെ 94% കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ തുടങ്ങിയ മൂലകങ്ങളാണ്. ഇവയ്ക്കു പുറമെ, പ്രാഥമികപോഷകങ്ങളായ നൈട്രജന്‍ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K) ഇവ മൊത്തം 3.5 ശതമാനവും ദ്വിതീയ പോഷകങ്ങളായ കാല്‍സ്യം (Ca) സള്‍ഫര്‍ (S), മഗ്നീഷ്യം (Mg) ഇവ മൊത്തം 1 ശതമാനവും സസ്യശരീരത്തിലുണ്ടെങ്കിലേ സസ്യത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചയും മെച്ചപ്പെട്ട ഉത്പാദനം ഉറപ്പുവരുത്തപ്പെടുകയുള്ളൂ. ബാക്കി 1.5% മൂലകങ്ങള്‍ സസ്യത്തിന്റെ ശരീര ധര്‍മ്മം നിര്‍വഹിക്കാന്‍ ആവശ്യമായ സൂക്ഷ്മമൂലകങ്ങളാണ്. കൃഷിഭൂമിയില്‍ ഒരു നിശ്ചിത അളവില്‍ ജൈവാംശവും സൂക്ഷ്മജീവികളും ഈര്‍പ്പവും ഉണ്ടെങ്കിലേ വേരുകള്‍ക്ക് ഫലപ്രദമായി പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ പറ്റൂ. ഇതെല്ലാം പരിഗണിച്ചു വേണം കൃഷി മുന്നോട്ടു കൊണ്ടുപോകാന്‍. അന്ധമായ പ്രകൃതിപരത അവിടെ ആപത്താണ്. അതേസമയം, അമിതമായി പോഷകങ്ങള്‍ നല്‍കുന്നതു വിപരീതഫലമുണ്ടാക്കും. സസ്യശരീരത്തിന്റെ അസന്തുലിത വളര്‍ച്ച മനുഷ്യരുടെ ദുര്‍മേദസ്സു പോലെയാണ്. അത് വിളവിനെ ബാധിക്കുകയും കീടങ്ങളെയും അണുക്കളെയും ക്ഷണിച്ചുവരുത്തുകയും ചെയ്യും. വ്യാപകമായി ഉണ്ടാകുന്ന പല സസ്യരോഗങ്ങളുടെയും കാരണം കൃഷി തന്നെയാണ്. പ്രകൃതിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുമ്പോഴുണ്ടാകുന്നതിലും കൂടിയ അളവില്‍ കൃഷിഭൂമിയിലെ സസ്യങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. രാസവളക്കൃഷി ഉണ്ടാക്കിയ പ്രശ്‌നമല്ലിത്. മറിച്ച് മനുഷ്യന്‍ എന്നു കൃഷി തുടങ്ങിയോ അന്നു മുതല്‍ ഈ പ്രശ്‌നമുണ്ട്. 1850 കളിലാണ് രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി തുടങ്ങിയത്. കീടനാശിനികള്‍ വന്നത് പിന്നെയും ഒരു നൂറ്റാണ്ട് കഴിഞ്ഞാണ്. സസ്യരോഗങ്ങള്‍, കീടങ്ങളുടെ ആക്രമണം, മണ്ണിന്റെ പോഷകശോഷണം……കൃഷിയുടെ ചരിത്രം എക്കാലത്തും ഇങ്ങനെ തന്നെയായിരുന്നു. സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ്ങും മറ്റും വിജയകരവും രാസകൃഷിയെക്കാള്‍ ലാഭകരവും ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന വാര്‍ത്തകള്‍ അച്ചടി-ദൃശ്യമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും കാണാനാവും. കരിഷ്മാറ്റിക്ക് ധ്യാനത്തിനും പ്രാര്‍ത്ഥനചികിത്സയ്ക്കുമെന്ന പോലെ സാക്ഷ്യപത്രങ്ങളുടെ ധാരാളിത്തം പ്രകടമാണ്. ഭക്ഷ്യോത്പാദനവും കാര്‍ഷികവൃത്തിയും സംബന്ധിച്ച പൊതുചിത്രം പരിഗണിക്കാത്ത കാല്‍പ്പനിക വാര്‍ത്തകളാണിവ. കൃഷി ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ചവരോ വിപണനം ഉദ്ദേശിച്ചു വന്‍തോതില്‍ കൃഷി ചെയ്യുന്നവരോ ഫാഷന്‍കൃഷി നടത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നില്ല. ഏതാനും സെന്റ് ഭൂമിയില്‍ കൃഷിയിറക്കിയ ‘മൈക്രോ-കര്‍ഷകരോ’ ടെറസ്സിലെ ചെടിച്ചട്ടിയെ ആശ്രയിക്കുന്ന ‘നാനോ-കര്‍ഷകരോ’ ആണ് ജൈവകൃഷിയുടെ ഗുണഫലം അനുഭവിച്ചു എന്നു പറയുന്നവര്‍. എന്തെങ്കിലുമൊക്കെ ചെയ്തു കൃഷിസ്‌നേഹവും പ്രകൃതിസ്‌നേഹവും പ്രകടിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റണമെന്ന് ശാഠ്യമുള്ളവരും തൊട്ടുതേപ്പിലും ഉപരിപ്ലവ ചിന്തയിലും ആഴത്തില്‍ അഭിരമിക്കുന്നവരുമായ വരേണ്യ വര്‍ഗ്ഗമാണ് ഫാഷന്‍കൃഷി നടത്തി പേരെടുക്കാന്‍ ശ്രമിക്കുന്നത്. ഒഴിവു സമയം കൃഷി ചെയ്യാന്‍ മാറ്റി വെക്കുന്ന കഠിനാദ്ധ്വാനികളും വിശ്രമജീവിതം കൃഷിയില്‍ ചിലവിടുന്നുവരും അടുക്കളത്തോട്ടം പരിപാലിക്കുന്ന വീട്ടമ്മമാരുണ്ട്. അഭിനന്ദനാര്‍ഹമായ താല്‍പര്യമാണ് ഇവര്‍ കൃഷിയില്‍ പ്രകടിപ്പിക്കുന്നത്. പക്ഷെ കൃഷിയുടെ വൈജ്ഞാനിക തലം പഠിച്ചു സമൂഹത്തിന്റെ മൊത്തം താല്‍പര്യം തിരിച്ചറിയാനോ ഇക്കൂട്ടര്‍ക്ക് കഴിയണമെന്നില്ല. ശാസ്ത്രീയ കൃഷിയുടെ ദോഷക്കഥകള്‍ അമിതമായി ഭക്ഷിക്കുന്നതിനാല്‍ ‘മൈക്രോ-നാനോ’ കൃഷിക്കാര്‍ മിക്കപ്പോഴും ജൈവകൃഷിയാണ് പിന്തുടരുക. യഥാര്‍ത്ഥ ആരോഗ്യമുള്ള ചെടികള്‍ ഏതെന്നു കാണാത്ത, ഓരോ ഇനവും പരമാവധി എത്ര വിളവ് തരും എന്നറിയാത്ത ഇവര്‍ക്ക് എന്തു വിളവ് കിട്ടിയാലും നേട്ടമായി തോന്നാം. വിളവ് വിറ്റ് ജീവിതമാര്‍ഗ്ഗം തേടേണ്ട കാര്യമില്ലാത്തതിനാല്‍ എത്ര കിട്ടിയാലും സന്തോഷം. കുറച്ചു മാത്രം കൃഷി ചെയ്താല്‍ വ്യക്തിപരമായ ശ്രദ്ധയും സംരക്ഷണവും നല്‍കി അതിനെ വിജയിപ്പിക്കാനാവും. സമൂഹത്തിന്റെ പൊതു താല്‍പര്യം മുന്‍ നിറുത്തി വന്‍തോതില്‍ കൃഷി ചെയ്യുമ്പോള്‍ സമവാക്യങ്ങള്‍ മാറിമറിയുകയാണ്. ഭക്ഷ്യ സാധനങ്ങളുടെ വില വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരുദാഹരണം ഇവിടെ എഴുതാം. മാവേലിക്കര തഴക്കര പഞ്ചായത്തില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ജൈവകൃഷി നടത്തി ടണ്‍ കക്കിന് വിഷരഹിത പച്ചക്കറി ഉത്പ്പാദിപ്പിക്കുന്നുണ്ടെന്നും പക്ഷെ അത് വാങ്ങാന്‍ ആളില്ലാതെ കര്‍ഷകര്‍ പ്രയാസപ്പെടുന്നുവെന്നും മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ ഈയിടെ(2015 ആഗസ്റ്റ് 18) വാര്‍ത്ത വന്നിരുന്നു. പടവലം, വെണ്ട, പാവല്‍, പയര്‍, വെള്ളരി തുടങ്ങിയ വിഷരഹിത പച്ചക്കറികള്‍ വാങ്ങാന്‍ ആളില്ലെന്നും ജൈവകൃഷിക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന് വീമ്പിളക്കുന്ന സര്‍ക്കാരോ ഹോര്‍ട്ടിക്കോപ്പോ വിള ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല എന്നുമായിരുന്നു വാര്‍ത്തയുടെ മര്‍മ്മം. മൊത്തകച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വിഷരഹിത പച്ചക്കറി വേണ്ട. എന്താണിതിന്റെ കാരണം? കേരളത്തിലാകമാനം അനതിവിദൂരഭാവിയില്‍ സംഭവിക്കാനിടയുള്ള ഒരു സ്ഥിതിവിശേഷം പെട്ടെന്നു മുന്നില്‍ തെളിയും. കിലോയ്ക്ക് മൂന്നുരൂപ നല്‍കിയാല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള വെള്ളരി മാവേലിക്കരയിലെ മൊത്തകച്ചവടക്കാര്‍ക്ക് കിട്ടും. പക്ഷെ മാവേലിക്കരയിലെ ജൈവ വെള്ളരി മാവേലിക്കരയില്‍ കിട്ടണണെങ്കില്‍ കുറഞ്ഞത് എട്ടു രൂപയെങ്കിലും കൊടുക്കണം. അല്ലെങ്കില്‍ കര്‍ഷകര്‍ക്ക് മുതലാവില്ല. മറ്റു ഇനങ്ങളുടെയും കാര്യവും തഥൈവ. മൂന്നിരട്ടിയും നാലിരട്ടിയും വില നല്‍കി ജൈവ കൃഷി ഉത്പന്നങ്ങള്‍ വാങ്ങാന്‍ കയ്യടിക്കാര്‍പോലും തയ്യാറാകുന്നില്ല. പോഷകം, രുചി എന്നിവയുടെ കാര്യത്തില്‍ ജൈവവിളകള്‍ മുമ്പിലാണ് എന്നൊരു പ്രചരണവുമുണ്ട്. രുചി വ്യക്തിപരമായ ഒരനുഭവമാണ്. അതുകൊണ്ടു തന്നെ അതിനു സാര്‍വജനീനതയോ ആധികാരിക സ്വഭാവമോ കല്‍പ്പിക്കാനാവില്ല. ഒരാള്‍ക്ക് രുചികരമായി തോന്നുന്നത് മറ്റൊരാള്‍ ഛര്‍ദ്ദിച്ചെന്ന് വരാം. ജൈവവിളകളില്‍ കൂടുതല്‍ രുചി കണ്ടെത്തിയവരുണ്ടാകാം. എന്നാല്‍ ജൈവ പച്ചക്കറികളും പഴങ്ങളും വാങ്ങി ഉപയോഗിച്ചു നോക്കിയ ഈ ലേഖകന് നേര്‍ വിപരീതമായ അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ജൈവകൃഷിയിലൂടെ ഉണ്ടാക്കിയ പഴത്തിനു രുചിക്കുറവ് ഉണ്ടെന്ന് മാത്രമല്ല ഇടയ്ക്കിടെ കല്ലിപ്പും അനുഭവപ്പെട്ടു. പൊട്ടാസ്യത്തിന്റെയും കാല്‍സ്യത്തിന്റെയും കുറവാണ് പഴത്തില്‍ കല്ലിപ്പ് ഉണ്ടാക്കുന്നത്. അതേസമയം പോഷകങ്ങള്‍ ലയിപ്പിച്ച ജലത്തില്‍ കൃഷി ചെയ്യുന്ന(ഹൈഡ്രോപോണികസ്) തക്കാളിക്ക് മണ്ണിലുണ്ടാക്കുന്ന തക്കാളിയുടെ അതേ രുചിയാണുള്ളത്. എവിടെ കൃഷി ചെയ്യുന്നു, ഏതു വളം നല്‍കുന്ന എന്നതല്ല മറിച്ച് ഏതെല്ലാം പോഷകങ്ങള്‍ സസ്യത്തിനു ലഭിക്കുന്നു എന്നതാണ് രുചിയുടെ കാര്യത്തില്‍ പ്രസക്തം. പൊട്ടാഷും കാല്‍സ്യവും കുറഞ്ഞാല്‍ തക്കാളിയുടെ കായയും കോളിഫഌറിന്റെ പൂവും ചീഞ്ഞുപോകും. സള്‍ഫര്‍ കുറഞ്ഞ മണ്ണില്‍ കൃഷി ചെയ്യുന്ന എണ്ണക്കുരുക്കളുടെ ഗുണമേന്മ കുറവായിരിക്കും. ഹരിതവിപ്ലവ കാലത്തിനുശേഷം കേരളത്തില്‍ കാര്‍ഷികവൃത്തിയില്‍ നിന്നും വന്‍തോതില്‍ കൊഴിഞ്ഞുപോക്കുണ്ടായി, കൃഷിയിടം വന്‍തോതില്‍ പാര്‍പ്പിടാവശ്യത്തിനു മാറ്റി ഉപയോഗിക്കാന്‍ തുടങ്ങി. പാടം നികത്തിയും കുന്നിടിച്ചും പശുവിനെ വിറ്റും മലയാളി പരാശ്രയജീവിതം കൊഴുപ്പിച്ചു. കാര്‍ഷികവിളകള്‍ക്ക് കൃത്യമായ മാര്‍ക്കറ്റ് ലഭിക്കാതെ വന്നത് കര്‍ഷകരില്‍ അരക്ഷിതബോധവും ആശങ്കയും ജനിപ്പിച്ചു. സര്‍ക്കാര്‍ നിലപാടുകളും കര്‍ഷകനെ പ്രയാസത്തിലാക്കി. ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ വഴി സര്‍ക്കാര്‍ വളരെ കുറഞ്ഞ വിലക്ക് അരി വിതരണം ചെയ്ത് മാര്‍ക്കറ്റ് വില ഇടിച്ചിറക്കുമ്പോള്‍ തേങ്ങിയത് കേരളത്തിലെ നെല്‍കര്‍ഷകനാണ്. കര്‍ഷകന്റെയും ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ പലപ്പോഴും ഭിന്നമാണ്. കേരളത്തിലെ ഭൂരിഭാഗം കര്‍ഷകരും തുണ്ടു ഭൂമിയിലാണ് കൃഷിയിറക്കുന്നത്. വ്യാപകമായി കൃഷിയിറക്കുന്നതിന്റെ ഗുണഫലങ്ങള്‍ അവിടെ ഇല്ലാതാവുകയാണ്. മുതല്‍മുടക്കിന്റെയും പരിശ്രമത്തിന്റെയും മുഴുവന്‍ പ്രയോജനം കിട്ടുന്നില്ലെന്ന് മാത്രമല്ല പൊതുമാര്‍ക്കറ്റിലേക്ക് വലിയ തോതില്‍ വിള എത്തുന്നുമില്ല. കൃഷി ചെയ്യാത്തവര്‍ക്ക് കൂടി ഭക്ഷണമെത്തിക്കുന്ന ജോലി ഒരിക്കല്‍ കേരളത്തിലെ കര്‍ഷകന്‍ ചെയ്തിരുന്നു. പക്ഷെ ഇന്നത് ഫലപ്രദമായി നിര്‍വഹിക്കാന്‍ അവനു സാധിക്കുന്നില്ല. അതിര്‍ത്തി കടന്നെത്തുന്ന ചരക്കുലോറികളാണ് ഇന്നു കേരളത്തിന്റെ ഓക്‌സിജന്‍. കര്‍ഷകന്‍ ആദരിക്കപ്പെടാത്ത നാടു കൂടിയാണിത്. അവനു മാന്യതയും പദവിയുമില്ല. ഉണ്ടാക്കുന്നവനല്ല ഉണ്ടത് ഉണ്ണുന്നവനാണ് മഹത്വമെന്ന ചിന്തയാണ് പൊതുസമൂഹത്തെ ഇന്നും ഭരിക്കുന്നത്. കര്‍ഷക ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിലച്ചത് ഈയിടെയാണ്. ഭക്ഷ്യവിളകളായ നെല്ല്, കിഴങ്ങു വര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ ഉല്പാദനം ഗണ്യമായി കുറഞ്ഞു. പക്ഷെ അപ്പോഴും ഉല്പാദനക്ഷമത/നിരക്ക് വര്‍ദ്ധിക്കുകയായിരുന്നു. ഒരു യൂണിറ്റ് കൃഷി ഭൂമിയില്‍ നിന്നും ദേശീയ ശരാശരിയിലും കൂടുതല്‍ ഇന്നും നാം ഉത്പാദിപ്പിക്കുന്നുണ്ട്. നെല്ലിന്റെ ഉല്പാദനക്ഷമത 1960കളില്‍ ഹെക്ടറിന് 550 കിലോ ആയിരുന്നിടത്തു ഇന്നത് 2830 കിലോ ആണ്. മരച്ചീനി 10 ടണ്ണില്‍ നിന്നും 27 ടണ്‍ ആയി വര്‍ദ്ധിച്ചപ്പോള്‍ പച്ചക്കറി ഉത്പാദനം 9 ടണ്ണില്‍ നിന്നും 17 ടണ്‍ ആയി. സങ്കരയിനംകൃഷിയില്‍ ഇതിലും ഉയര്‍ന്ന ക്ഷമതയുണ്ട്. ആധുനിക കൃഷിവിജ്ഞാനത്തിന്റെ വിജയം തന്നെയാണിതൊക്കെ സൂചിപ്പിക്കുന്നത്. കൃഷി ആദായകരമല്ലെന്ന മുറവിളി കേരളത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് രണ്ട് ദശകങ്ങളായി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന മുതല്‍മുടക്കും കൂലിയുമുള്ള കേരളത്തില്‍ കാര്‍ഷികമേഖലയിലെ തൊഴില്‍ ലഭ്യത ഗണ്യമായി കുറഞ്ഞു. ഇന്ന് കേരളം ചലിപ്പിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഏറിയകൂറും നിര്‍മ്മാണ-വ്യാപാര മേഖലകളിലാണ് ചേക്കേറിയിരിക്കുന്നത്. തൊഴില്‍സംരക്ഷണമെന്ന മുദ്രവാക്യമുയര്‍ത്തി കാര്‍ഷികയന്ത്രങ്ങള്‍ക്കെതിരെ പോരടിച്ച ഒരു സമൂഹത്തില്‍ യന്ത്രം ഉപയോഗിക്കാന്‍ പോലും തൊഴിലാളികളെ കിട്ടാത്ത അവസ്ഥ സംജാതമായത് വിരോധാഭാസമായി. കാര്‍ഷിക സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്താനും യന്ത്രനിര്‍മ്മാണം, വിതരണം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനുമുള്ള സുവര്‍ണ്ണ സാധ്യതകളാണ് നാം സ്വയം നശിപ്പിച്ചത്. നമ്മുടെ കൃഷിമേഖല രൂക്ഷമായ പ്രതിസന്ധി നേരിടുന്നുവെന്നതില്‍ തര്‍ക്കമില്ല. അതിനു തൊലിപ്പുറത്തെ ചികിത്സകളോ റോഡ് ഷോകളോ പരിഹാരം കൊണ്ടുവരില്ല. കൈ കഴുകിയാല്‍ കാന്‍സര്‍ പോകില്ലെന്നറിയണം. ശാസ്ത്രീയ നിര്‍ദ്ദേശം മറികടന്ന് രാസവളങ്ങളും കീടനാശിനികളും അമിതമായി ഉപയോഗിച്ച് സ്വയം നഷ്ടം വരുത്തിവെച്ച കര്‍ഷകരുടെ ദുരനുഭവങ്ങള്‍ ഉദാഹരിച്ചുകൊണ്ട് ശാസ്ത്രീയ കൃഷി ഒരു പരാജയമാണെന്നു സ്ഥാപിക്കാനാവില്ല. പരമ്പരാഗത കൃഷി രീതിക്ക് ഏതാണ്ട് സമാനമായ ജൈവകൃഷിയിലൂടെ കുറച്ചു ഭൂമിയില്‍ വ്യക്തിഗത കര്‍ഷകര്‍ ഉണ്ടാക്കുന്ന ലഘുവായ നേട്ടങ്ങള്‍ പെരുപ്പിച്ച് കാട്ടി ‘ഇതാണ് നമ്മുടെ വഴി’എന്ന നിലയില്‍ എടുത്തുചാടുന്നതും ശുഭോദര്‍ക്കമല്ല. ജൈവകൃഷിക്കാര്‍ ഒരു കിലോ നെല്ല് 70-80 രൂപയ്ക്ക് നല്‍കാമെന്ന് പറയുന്നു. അപ്പോള്‍ അരിയുടെ വില ഊഹിക്കാം. ഇത്രയും ഉയര്‍ന്ന വിലയ്ക്ക് വിറ്റുപോയാല്‍ ഉത്പാദനം കുറഞ്ഞാലും കൃഷി ലാഭകരമായിരിക്കും. എന്നാല്‍ ഭക്ഷ്യവിതരണവകുപ്പ് സാധാരണ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നത് 17 രൂപയ്ക്കാണ്. ജൈവകൃഷിക്കാരന്റെ കീശ നിറയുമ്പോള്‍ ‘വിഷരഹിത ഭക്ഷ്യധാന്യം’എന്ന കാല്‍പ്പനിക സിദ്ധാന്തത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഉപഭോക്താവിന്റെ കീശയില്‍ തുള വീഴുന്നു. 2016 ല്‍ കേരളത്തില്‍ മുഴുവന്‍ കൃഷിയും ജൈവകൃഷിയാക്കുമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം! നാട മുറിച്ചും വെളുക്കെ ചിരിച്ചും പത്രത്തില്‍ പടം വരുത്തിയും മന്ത്രികാലം ആഘോഷിക്കുമ്പോള്‍ ചിലരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കും. എന്നാല്‍ സമൂഹത്തിനു എന്തു സംഭവിക്കും എന്ന് അന്വേഷണബുദ്ധിയും ആശങ്കയുമുള്ള ഭരണാധികാരികള്‍ കയ്യടിപ്രസ്താവങ്ങള്‍ക്കു ഉപരിയായി സഞ്ചരിക്കും. കേരളത്തില്‍ ഇന്ന് കെട്ടിഘോഷിക്കപ്പെടുന്ന ജൈവകൃഷി ഒരു വൈജ്ഞാനിക അടിത്തറയുള്ള ഒരു ബദല്‍ കൃഷിരീതിയല്ല. അനുഭവസാക്ഷ്യമാണ് അതിന്റെ താത്ത്വിക അടിത്തറ. എത്രകാലം അതു നീണ്ടു നില്‍ക്കുമെന്നോ ഭാവിയില്‍ അതെങ്ങനെ പരിണമിക്കുമെന്നോ ആര്‍ക്കും നിശ്ചയമില്ല. ജൈവകൃഷിക്കും വളവും കീടനിയന്ത്രണവും ആവശ്യമുണ്ട്. വന്‍തോതിലുള്ള കൃഷി നടത്തുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും. രാസവളത്തിനു പകരം ജൈവവളം! ഇന്ന് ജൈവവളങ്ങള്‍ക്കോ നിവേശങ്ങള്‍ക്കോ ഗുണനിയന്ത്രണങ്ങളോ പൊതുമാനദണ്ഡങ്ങളോ ഉള്ളതായി കാണുന്നില്ല. ‘പരീക്ഷിച്ചും തെറ്റുതിരുത്തിയും’ (trial and error) മുന്നോട്ടു പോകുന്ന ഒരു രീതിയാണ് കാണാനാകുന്നത്. അന്യസംസ്ഥാനക്കാര്‍ ശാസ്ത്രീയമായ കൃഷി ചെയ്ത് വമ്പിച്ച വിളവുണ്ടാക്കി ഇങ്ങോട്ട് കയറ്റി വിടുന്നതു കൊണ്ട് ദേഹമിളകിയാല്‍ ദീനം വരുമെന്ന് വിലപിക്കുന്ന മലയാളിക്ക് ഉത്തരാധുനിക കൃഷിയുമായി വാര്‍ത്തയുണ്ടാക്കി രസിക്കാം. എന്തൊക്കെ അഭ്യാസങ്ങള്‍ കാണിച്ചാലും ജീവിതസൗകര്യങ്ങള്‍ മുഴുവന്‍ സയന്‍സ് ഒരുക്കി തരുമെന്ന അഹങ്കാരത്തില്‍ കുതിര്‍ന്ന ആത്മവിശ്വാസം അവനുണ്ട്. പുറത്തു നിന്നും പച്ചക്കറിയും ഭക്ഷ്യധാന്യങ്ങളും വന്നുകൊണ്ടിരുന്നാല്‍ താരകൃഷിയൊക്കെ കണ്ടുകൊണ്ടിരിക്കാന്‍ നല്ല രസമാണ്. കേരളം മുഴുവന്‍ പഞ്ചനക്ഷത്ര ചികിത്സ ലഭ്യമാണെന്നിരിക്കാന്‍ പച്ചക്കറിയിലെ വിഷം മാറ്റിയിട്ട് കാന്‍സര്‍ സെന്റര്‍ തുടങ്ങിയാല്‍ മതിയെന്നൊക്കെ വിളിച്ചു കൂവുന്ന സിനിമാതാരങ്ങള്‍ നമുക്ക് സഹനീയമായി തോന്നാം. അയല്‍ സംസ്ഥാനക്കാരും ഇമ്മാതിരി കോപ്രായങ്ങളിലേക്ക് തിരിഞ്ഞാല്‍ എന്തായിരിക്കും ഫലം? ആലോചിച്ചു നോക്കിയാല്‍ രസമാണ്. അപ്പോള്‍പ്പിന്നെ അവന് ഇങ്ങോട്ട് അയച്ചു തരാന്‍ ഒന്നുമുണ്ടാവില്ല. ഇനി അഥവാ അയച്ചാല്‍ തന്നെ ഇവിടെ പത്തു രൂപയ്ക്ക് കിട്ടുന്ന സാധനം അവനിവിടെ രണ്ട് രൂപയ്ക്ക് എത്തിക്കും. അതോടെ ജൈവകൃഷിഭ്രമം ആവിയാകും. ഭ്രാന്ത് കുറച്ചു പേര്‍ക്കു മാത്രമായാല്‍ പ്രശ്‌നമില്ലെന്ന് സാരം. പ്രകൃതിയിലുള്ളതൊക്കെ ദോഷരഹിതമാണ് എന്ന വാദവും അബദ്ധമാണ്. സൃഷ്ടിയും നാശവും വിഷവും ഭക്ഷണവും അവിടെയുണ്ട്. പരിണാമചരിത്രത്തില്‍ ദശലക്ഷക്കണക്കിന് സ്പീഷിസുകളെ നിര്‍ദ്ദയം തുടച്ചു നീക്കിയതും ഇതേ പ്രകൃതിയാണ്. ഏറ്റവും കൂടുതല്‍ കീടനാശിനി തളിക്കുന്ന ചീര, കറിവേപ്പില പോലുള്ള വിളകള്‍ മനുഷ്യന് ദോഷകരമായ ബാക്റ്റീരിയകളുടെ അധിവാസകേന്ദ്രം കൂടിയാണ്. കീടനാശിനി പ്രയോഗം അവയെ നശിപ്പിക്കുമെങ്കില്‍ ജൈവകൃഷിയില്‍ അത്തരം കീടങ്ങള്‍ നമുക്കുള്ളിലെത്താനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. ‘ജൈവകൃഷി ഉത്പന്നമല്ലേ പച്ചയ്ക്ക് വേണമെങ്കിലും കഴിക്കാം’എന്ന ധാരണയും ദോഷം ചെയ്യും. ജൈവ ആപ്പിളായാലും കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാന്‍. രാസവളപ്രയോഗം മൂലം സസ്യങ്ങളുടെ വേരുകളുടെ അഗ്രം നശിപ്പിക്കമെന്നും ജൈവകൃഷിയില്‍ അങ്ങനെ സംഭവിക്കാത്തതിനാല്‍ വേരുകള്‍ നല്ല തോതില്‍ ജലവും പോഷണവും വലിച്ചെടുത്ത് താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ വരള്‍ച്ചയെ പ്രതിരോധിക്കുമെന്നും വാദമുണ്ട്. ജൈവകൃഷിക്കാരുടെ വിഷ സങ്കല്‍പ്പങ്ങള്‍ വിചിത്രമാണ്. ഗോമൂത്രം വളമായി ഉപയോഗിക്കുമ്പോള്‍ സസ്യത്തിന് ലഭിക്കുന്നത് യൂറിയ(CH4N2O) ആണ്. ഇതേ യൂറിയ തന്നെയാണ് നാം രാസവളമായി നല്‍കുന്നത്. ജൈവയൂറിയ-രാസയൂറിയ എന്നിങ്ങനെ രണ്ടിനം യൂറിയ ഇല്ല. എല്ലാ ജൈവവളങ്ങളുടെയും കാര്യത്തിലും സംഭവിക്കുന്നത് ഇതുതന്നെ. ജൈവവളത്തിലെ രാസഘടകങ്ങള്‍ മണ്ണ് വിഘടിപ്പിക്കുമ്പോള്‍ ചെടിയുടെ വേരുകള്‍ അത് വലിച്ചെടുക്കുന്നു. എന്നാല്‍ രാസവളം താരതമ്യേന പെട്ടെന്ന് ഇത് സാധ്യമാകുന്നു എന്ന വ്യത്യാസമേ അവിടെയുള്ളൂ. ജൈവകൃഷിയില്‍ കീടനാശിനി ഉപയോഗിക്കാറില്ലെന്ന മിഥ്യാധാരണ വ്യാപകമാണ്. സത്യത്തില്‍ അവിടെയും കീടനാശിനികളും കുമിള്‍നാശിനികളും(fungicides) ഉപയോഗിക്കുന്നുണ്ട്. ചെമ്പും സള്‍ഫറും ചേര്‍ന്ന ബോര്‍ഡോ മിശ്രിതം അവര്‍ക്ക് പഥ്യമാണ്. സസ്യങ്ങളിലുള്ള പല ആല്‍ക്കലോയിഡുകളും കടുത്ത വിഷമാണ്. ഉദാ-കുറാറെ (curare) പോലുള്ള ആല്‍ക്കലോയിഡുകള്‍ അര്‍ബുദരോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. അമാനിറ്റ കൂണുകളിലും കാര്യമായ തോതില്‍ വിഷമുണ്ട്. ഇന്ത്യയില്‍ പലയിടുത്തും ഉപയോഗിക്കുന്ന പുകയിലക്കഷായത്തില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന ആല്‍ക്കലോയിഡ് രക്തം കട്ടപിടിപ്പിക്കും. ഇത് പുകയിലക്കഷായം വഴി സസ്യങ്ങളിലെത്തുന്നു-തുടര്‍ന്ന് മനുഷ്യരിലേക്കും. വേപ്പിന്‍ കഷായത്തിലെ ആല്‍ക്കലോയിഡും ശരീരത്തിന് ഹാനികരമാണ്. രാസ കീടനാശിനികളില്‍ താരതമ്യേന പെട്ടെന്ന് വിഘടിക്കുന്നവയാണ്. എന്നാല്‍ ജൈവകീടനാശിനികള്‍ ഇക്കാര്യത്തില്‍ സമാനമായ ആശ്വാസം നല്‍കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജൈവകൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനികള്‍ ജൈവസ്രോതസ്സുകളില്‍ നിന്ന് ഉദ്പ്പാദിപ്പിക്കുന്നതിനാല്‍ വിഷാംശം കുറവാണ് എന്നാണ് മറ്റൊരു അവകാശവാദം. പരമ്പരഗതമായി രാസകീടനാശിനികള്‍ ഉദ്പ്പാദിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്തമാണിതെന്ന് അവര്‍ പറയും. പക്ഷെ കൃത്രിമമായി ഉദ്പ്പാദിപ്പിച്ചാലും പ്രകൃതിസ്രോതസ്സുകളില്‍ നിന്നു ഉദ്പ്പാദിച്ചാലും വിഷപ്രഭാവത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടാകില്ല എന്നതാണ് വസ്തുത. 2005 വരെ അമേരിക്കയിലെ ജൈവകൃഷിക്കാര്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന റൊട്ടേനണ്‍ (Rotenone) തന്നെ ഉദാഹരണം. ജൈവകോശങ്ങളിലെ മൈറ്റോകോണ്‍ട്രിയയെ ആക്രമിച്ച് നശിപ്പിക്കാന്‍ ശേഷിയുള്ള ഈ ജൈവകീടനാശിനി എലികളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാക്കുന്നതെന്നുപിന്നീട് കണ്ടെത്തുകയുണ്ടായി. പക്ഷെ ദശകങ്ങളോളം ”ജൈവവും സുരക്ഷിത”വുമായ (organic and safe) കീടനാശിനിയായി അമേരിക്കയില്‍ ഉപയോഗിച്ചിരുന്ന റൊട്ടേനണ്‍ 2005 ല്‍ നിരോധിക്കപ്പെടുകയായിരുന്നു. പക്ഷെ ഇപ്പോഴും മത്സ്യനാശിനിയായി അതവിടെ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് രസകരം! ജൈവവിളകള്‍ ആരോഗ്യത്തിന് നല്ലതാണ്,പോഷകഗുണം(nutritional quality) കൂടുതലുണ്ട് എന്നൊക്കെയുള്ള അവകാശവാദങ്ങളും പൊള്ളയാണ്. കഴിഞ്ഞ 50 വര്‍ഷമായി ഈ മേഖലയില്‍ കാര്യമായി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഒന്നില്‍പോലും പ്രസ്തുത അവകാശവാദം സ്ഥിരീകരിക്കാനായിട്ടില്ല. ആകെ തെളിഞ്ഞത് ജൈവഉത്പന്നങ്ങളില്‍ താരതമ്യേന കൊഴുപ്പ് (fat) കൂടുതലുണ്ടെന്ന് മാത്രമാണ്. ഇതാകട്ടെ മനുഷ്യര്‍ക്ക് അത്ര നല്ലതുമല്ല. ജൈവകീടനാശിനികള്‍ പരിസ്ഥിതിക്ക് കുറഞ്ഞ അളവിലുള്ള നാശം മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്ന വാദവും ശരിയല്ല. അമേരിക്കയില്‍ ജൈവകീടനാശിനികള്‍ ഉണ്ടാക്കാനുന്ന വലിയ കമ്പനികള്‍ രാസപദാര്‍ത്ഥങ്ങള്‍ തന്നെ ഉപയോഗിക്കുന്നതായി ദി അമേരിക്കന്‍ സയന്റിസ്റ്റ് പറയുന്നു(വിശദാംശങ്ങള്‍ ഇവിടെ വായിക്കാം-http://blogs.scientificamerican.com/science-sushi/httpblogsscientificamericancomscience-sushi20110718mythbusting-101-organic-farming-conventional-agriculture/) കേരളത്തിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ കാര്‍ഷികോന്നമനം ലക്ഷ്യമാക്കി പല സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ജൈവകൃഷിയിലേക്കുള്ള ചുവടുമാറ്റത്തില്‍ ഈ വിജ്ഞാനത്തിന്റെ സാധ്യതകള്‍ റദ്ദാക്കപ്പെടും. ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ കേരളം ഇന്നും പിന്നാക്കമാണ്. മൊത്തം കൃഷിഭൂമിയുടെ നാലിലൊന്ന് മാത്രമാണ് നാം ഭക്ഷ്യവിളകള്‍ക്കായി ഉപയോഗിക്കുന്നത്. ഇത് തീരെക്കുറവാണെന്ന് പറയേണ്ടതില്ല. ജനസംഖ്യാ വര്‍ദ്ധനയുടെ നിരക്ക് നിയന്ത്രണാധീനമാണെങ്കിലും ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ചുരുങ്ങുന്ന കൃഷിഭൂമിയും അവഗണിക്കപ്പെടുന്ന ഭക്ഷ്യധാന്യ കൃഷിയും അന്യ സംസ്ഥാനങ്ങളെ അമിതമായ ആശ്രയിക്കലും ജനപ്പെരുപ്പവും ഏതു സമയത്തും ഈ സംസ്ഥാനത്തെ ഭക്ഷ്യപ്രതിസന്ധിയിലേക്ക് വലിച്ചെറിഞ്ഞേക്കാം. കേരളത്തില്‍ കാന്‍സര്‍ പെരുകുന്നത് വിഷം തളിച്ച പച്ചക്കറി മൂലമാണെന്ന പ്രചരണം തകൃതിയായി നടക്കുന്നുണ്ട്. ഇതിനു ഉപോത്ബലകമായ തെളിവുകളോ ഡേറ്റകളോ നേര്‍ക്കു നേര്‍ബന്ധം തെളിയിക്കുന്ന ഗവേഷണഫലങ്ങളോ ആരും ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും പൊതുബോധം വിധിയെഴുതിക്കഴിഞ്ഞു. സിനിമാ-സീരിയല്‍ താരങ്ങള്‍ വരെയാണ് അനുഭവസാക്ഷ്യവുമായി തീ തുപ്പുന്നത്. ബഹുവിധ കാരണങ്ങള്‍ കാന്‍സറിനു ഹേതുവാകാം. അര്‍ബുദജനിതകം പേറുന്ന വസ്തുക്കള്‍ പ്രകൃതിയില്‍ തന്നെ ആയിരക്കണക്കിനുണ്ട്. പതിനാലു പ്രോട്ടോ ഓങ്കോ ജീനുകള്‍ സഹജമായി തന്നെ മനുഷ്യരിലുണ്ടെന്നും ഏതു നിമിഷവും അവ സക്രിയമാക്കപ്പെടാമെന്നും സയന്‍സ് സ്ഥിരീകരിക്കുന്നുണ്ട്(http://www.nature.com/scitable/topicpage/proto-oncogenes-to-oncogenes-to-cancer-883) 1901 ലെ തിരുവിതാംകൂര്‍ സെന്‍സസ് പ്രകാരം അവിടുത്തെ ജനസംഖ്യയുടെ ശരാശരി ആയുസ്സ് 27 വയസ്സാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അത് കഷ്ടിച്ച് മുപ്പത് വയസ്സിന് മുകളിലും. പക്ഷെ ഇന്ന് മലയാളിയുടെ ശരാശരി ജീവിത ദൈര്‍ഘ്യം 74-75 വയസ്സാണ്. എന്നാല്‍ പണ്ടത്തെ ആള്‍ക്കാരൊക്കെ ആരോഗ്യദൃഡഗാത്രരും നൂറും നൂറ്റിയിരുപതും വയസ്സുവരെ ജീവിച്ചിരുന്നവരാണെന്ന മിഥ്യാധാരണയാണ് പൊതുവെ വിദ്യാസമ്പന്നരായ പുതു തലമുറ പോലും വെച്ചുപുലര്‍ത്തുന്നത്! Cancer Research UK 2009-11 കാലഘട്ടത്തില്‍ നടത്തിയ പഠനഫലമനുസരിച്ച് 36% കാന്‍സര്‍ രോഗികളും 75 വയസ്സിനു മുകളിലുള്ളവരാണ്;മുക്കാല്‍ പങ്കും 50 വയസ്സ് കഴിഞ്ഞവരും(http://www.cancerresearchuk.org/health-professional/cancer-statistics/incidence/age). പുരുഷന്‍മാരില്‍ രണ്ടിലൊരാളും സ്ത്രീകളില്‍ മൂന്നിലൊന്നും ജീവിതകാലത്തിനിടയ്ക്ക് അര്‍ബുദം വരാനിടയുണ്ടെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത(American Cancer Society, 2008). ഇന്നത്തെ കേരളം പ്രായംകൂടിയ (aged) സമൂഹമാണ്. സ്വഭാവികമായും കാന്‍സറിന്റെ പ്രഭാവം കൂടാനുള്ള സാധ്യത സ്വാഭാവികമാണ്. മാത്രമല്ല, രോഗനിര്‍ണ്ണയത്തിലും അതു രേഖപ്പെടുത്തുന്നതിലും നാം മുന്നിലാണ്. ഈശാനകോണില്‍ സ്‌പെറ്റിക്ക് ടാങ്ക് വന്നാല്‍ കുടുംബത്തിലുള്ളവര്‍ക്ക് കാന്‍സര്‍ ഉറപ്പാണെന്ന് വാസ്തുക്കാരന്‍ പറയും. ജ്യോതിഷിക്കും കൈനോട്ടക്കാരനും കാന്‍സറും മാരകരോഗങ്ങളും വരുന്നതു എങ്ങനെ എന്നത് സംബന്ധിച്ച് തങ്ങളുടേതായ ചക്കര സിദ്ധാന്തങ്ങളുണ്ട്. അവയെല്ലാം തന്നെ ജനത്തിനു പ്രിയങ്കരമാണ്. പച്ചക്കറിയിലെ വിഷാംശമാണ് കാന്‍സര്‍ ഉണ്ടാക്കുന്നതെന്ന വാദവും ശാസ്ത്രബോധവും അന്വേഷണബുദ്ധിയും അസ്തമിക്കുന്ന ഒരു സമൂഹത്തില്‍ സമാനമായ തോതില്‍ ജനകീയമാകുന്നതില്‍ അത്ഭുതമില്ല. അന്യസംസ്ഥാന പച്ചക്കറിയുടെ മേല്‍ കര്‍ശനമായ നിരീക്ഷണവും പരിശോധനയും സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ ഉറപ്പു വരുത്തേണ്ടതുണ്ട്. നിരന്തരമായ ശാസ്ത്രീയ പരിശോധനകള്‍ നിലവാരം ഉയര്‍ത്താന്‍ സഹായിക്കും. നഷ്ടം സഹിച്ചും മലയാളിയെ തീറ്റിപ്പോറ്റാന്‍ തമിഴന് ബാധ്യതയില്ലെന്നറിയണം. അവനുണ്ടാക്കുന്നത് വേണമെങ്കില്‍ അവന്‍ പറയുന്ന വില കൊടുക്കണം, അവന്റെ സാഹചര്യങ്ങള്‍ അംഗീകരിക്കണം-അതല്ലെങ്കില്‍ സ്വയംപര്യാപ്തത നേടണം. സ്വന്തം ഉപഭോഗത്തിനുള്ള പച്ചക്കറിയില്‍ തമിഴര്‍ കീടനാശിനി തളിക്കാറില്ലെന്നു നാം പരിതപിക്കാറുണ്ട്. മുഴുപ്പും നിറവുമുള്ള വിള കിട്ടാന്‍ രാസവളവും കീടനാശിനികളും ആവശ്യമായി വരും. കേരളത്തിലേക്ക് യാത്ര ചെയ്തു കുറഞ്ഞതു ഒരാഴ്ചയോളം കടകളില്‍ കാത്തിരിക്കാനുള്ള കരുത്തുണ്ടാവണമെങ്കില്‍ കീടങ്ങള്‍ക്കെതിരെ മെച്ചപ്പെട്ട പ്രതിരോധം അനിവാര്യമാണ്. തോട്ടത്തില്‍ നിന്നു നേരിട്ടു പറിച്ച് കറി വെക്കുന്ന വിളയില്‍ അതിന്റെ ആവശ്യമില്ല. ‘വിഷം’എന്ന ഓമനപ്പേര് ചാര്‍ത്തി കൊടുത്തിരിക്കുന്ന അന്യസംസ്ഥാന പച്ചക്കറി കഴിച്ച് കേരളത്തിലാരും വയറിളക്കവും ഛര്‍ദ്ദിയും തലക്കറക്കവുമായി ദിനംപ്രതി കുഴഞ്ഞു വീഴുന്നില്ല. ഭക്ഷ്യവിഷബാധകള്‍ ഇവിടെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. കേരളത്തില്‍ എത്തുന്നതിനു മുമ്പ് വിഘടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അംഗീകൃത കീടനാശിനികളാണ് അവര്‍ ഉപയോഗിക്കുന്നവയില്‍ ഭൂരിഭാഗവും. അതേസമയം ജൈവകൃഷിയില്‍ പലപ്പോഴും കീടനാശിനി/നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കര്‍ഷകന്‍ സ്വന്തം നിലയ്ക്ക് പ്രയോഗിക്കുന്നവയാണ്. അന്താരാഷ്ട്ര തലത്തില്‍ വേപ്പ് ഉപയോഗിച്ചുള്ള കീടനിയന്ത്രണത്തിനു വിലക്കുള്ളപ്പോള്‍ ഇന്ത്യയിലെ ജൈവകൃഷിക്കാര്‍ അതു നിര്‍ബാധം ഉപയോഗിക്കുന്നുണ്ടെന്നോര്‍ക്കുക. ഊഹാപാഹങ്ങളിലും ഗൂഡാലോചനാസിദ്ധാന്തങ്ങളിലും വന്യമായി അഭിരമിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ ജൈവവളം, ജൈവകൃഷിയിലെ കീടനിയന്ത്രണമാര്‍ഗ്ഗങ്ങള്‍, ജൈവവളം എന്നിവയ്ക്കും കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് പരിശോധിക്കുന്നതില്‍ തെറ്റില്ലല്ലോ. ബന്ധമുള്ളതായി തോന്നുന്നതെല്ലാം കാരണമായി സ്ഥിരീകരിക്കുന്ന (correlation construed as causation) യുക്തിരാഹിത്യമാണല്ലോ നമുക്ക് പ്രിയങ്കരം! ഇനി, ജൈവകൃഷി വ്യാപകമാകുന്നതുകൊണ്ടാണോ കേരളത്തില്‍ കാന്‍സര്‍രോഗികളുടെ എണ്ണം കൂടുന്നതെന്ന് ആരറിഞ്ഞു! ജൈവകൃഷി നിറുത്തി വെച്ചിട്ട് കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിച്ചാല്‍ മതിയെന്നു വാദിക്കാമോ ആവോ?! ആദ്യകാലത്തുണ്ടായ കീടനാശിനി പ്രയോഗത്തിന്റെ ദുഷ്ഫലങ്ങളാണ് ഇന്നത്തെ കീടനാശിനി ഫോബിയയുടെ മുഖ്യ കാരണം. ഉള്‍പ്പുളകവാര്‍ത്തകള്‍ സൃഷ്ടിക്കാനായി എരിവുംപുളിയും കുത്തി നിറച്ച് പത്രപ്രവര്‍ത്തകര്‍ എഴുതിവിടുന്ന ആശങ്കയും ഭീതിയും കുത്തിനിറച്ച റിപ്പോര്‍ട്ടുകള്‍ ജനത്തെ നടുക്കി കളയുന്നു. ഊഹാപോഹമേത് വാസ്തവമേത് എന്നു പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ വേര്‍തിരിച്ചറിയലാണ് ശാസ്ത്രത്തിന്റെ രീതി. കീടനാശിനികളുടെ അവശിഷ്ടവീര്യം (residue) പരിശോധിക്കാനുള്ള സൗകര്യം തിരുവനന്തപുരത്ത് വെള്ളായണി കാര്‍ഷിക കോളേജിലുണ്ട്. ദേശീയ അംഗീകാരം (NABL Accreditation) ലഭിച്ച പരീക്ഷണശാലയാണത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കേരളത്തിലെ ചന്തകളില്‍ നിന്ന് ശേഖരിച്ച പഴ-പച്ചക്കറി ഇനങ്ങളുടെ പരിശോധനാഫലം ലഭ്യമാണ്. അതില്‍ 84% സാമ്പിളുകളിലും കീടനാശിനി അംശം കണ്ടെത്തിയിട്ടില്ല. ബാക്കി 16% സാമ്പിളുകളില്‍ പകുതിയില്‍ മാത്രമേ കീടനാശിനി അംശം അനുവദനീയ പരിധി കവിയുന്നുള്ളൂ. പക്ഷെ ഇതൊന്നും വാര്‍ത്തയല്ല! മാരകമായേക്കാവുന്ന മാത്രയുടെ വളരെ ചെറിയ അംശമാണിത്. അതായത് കേരളത്തിലെ ചന്തകളില്‍ ലഭിക്കുന്ന 92% പഴങ്ങളും പച്ചക്കറികളും ശങ്കാലേശമന്യേ കഴിക്കാവുന്നതാണെന്നാണ് അവര്‍ പറയുന്നത്(Dr. S. Naseema Beevi. Pesticide residues in market vegetables in Kerala – current scenario. International congress on Kerala studies. Samyojitha krishi vikasanam. papers. Palakkad- April 27, 28 . AKG padana Gaveshana Kerndram, TVPM. Page No. 49-50) കഴുകി വൃത്തിയാക്കുകയോ തൊലി ചെത്തുകയോ ചെയ്താല്‍ വിഷാംശം പിന്നെയും കുറയും. തിളപ്പിച്ച വെള്ളത്തില്‍ പാചകം ചെയ്യുമ്പോഴും പുളി രസമുള്ള കറിയുണ്ടാക്കുമ്പോഴും വിഷാംശം തീരെ നിസ്സാരമായ തോതിലേക്ക് താഴുകയാണ്. ഹോട്ടലുകളില്‍ നിന്നെടുത്ത ഭക്ഷണ സാമ്പിളുകളില്‍ നടത്തിയ പഠനങ്ങളില്‍ വളരെ കുറച്ചെണ്ണത്തില്‍ മാത്രമെ കീടനാശിനിയുടെ അംശം കണ്ടെത്തപ്പെട്ടിട്ടുള്ളൂ. ചുരുക്കത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും ലഭ്യമായ തെളിവുകള്‍ ഇവിടെ നടക്കുന്ന പ്രചരണ കോലാഹലങ്ങളുമായി പൊരുത്തപ്പെടുന്നവയല്ല. ഉചിത അനുപാതത്തില്‍ ജൈവ-രാസവളങ്ങള്‍ സമ്മിശ്രമായി ഉപയോഗിച്ചു കൊണ്ടുള്ള ശാസ്ത്രീയമായ കൃഷി രീതികള്‍ തന്നെയാണ് നാം പിന്തുടരേണ്ടത്. ഒപ്പം ഉത്തമകൃഷിശീലങ്ങള്‍ (Good Agricultural Practices) സ്വായത്തമാക്കുകയുംവേണം. ഒന്നോ രണ്ടോ തലമുറയ്ക്ക് വേണ്ടിയല്ല മറിച്ച് വരാനിരിക്കുന്ന ആയിരക്കണക്കിനു തലമുറകളെ തീറ്റിപ്പോറ്റാന്‍ പര്യാപ്തമായ സുസ്ഥിരവും ശാസ്ത്രീയവുമായ കൃഷിരീതികളാണാവശ്യം. ജൈവവ്യവസ്ഥക്ക് ഏറെയൊന്നും പരിക്കേല്‍പ്പിക്കാത്ത, സംയോജിത കീടനിയന്ത്രണ രീതികളും ശരിയായ അളവിലുള്ള രാസ-ജൈവ വളങ്ങളും ഉന്നത സാങ്കേതികവിദ്യയും അവിടെ അനിവാര്യമാകുന്നുണ്ട്. താരം കൃഷി ചെയ്യുമ്പോഴല്ല മറിച്ച് കൃഷി താരമാകുമ്പോഴാണ് സമൂഹം പരിരക്ഷിക്കപ്പെടുന്നതെന്ന തിരിച്ചറിവുണ്ടാകണം. 1993 മാര്‍ച്ച് 26 നു ക്ഷാമം നക്കിത്തോര്‍ത്തിയ സുഡാനില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് കെവിന്‍ കാര്‍ട്ടര്‍ (Kevin Carter) ഷൂട്ട് ചെയ്തു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ചിത്രം ലോകജനതയെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കുകയുണ്ടായി. അര്‍ദ്ധപ്രാണനുമായി അസ്ഥികൂടംപോലെ ഇഴഞ്ഞു നീങ്ങുന്ന അസ്ഥിഒരു ബാലനു പിന്നില്‍ ഭീതിദമായി കാത്തിരിക്കുന്ന ഒരു നരഭോജി കഴുകന്റെ ചിത്രമായിരുന്നു അത്. പുലിറ്റ്‌സര്‍ സമ്മാനം നേടിയ ഈ ചിത്രം കൊണ്ടുവന്ന ഖ്യാതിയും അപഖ്യാതിയും സൃഷ്ടിച്ച സമ്മര്‍ദ്ദം താങ്ങാനാവാതെ 1994 ജൂലൈയില്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു. ഭക്ഷ്യക്ഷാമം എത്ര നരകീയമായി തീരാമെന്ന് വിവരിക്കുന്ന ഈ ചിത്രം നിശബ്ദമായ ഒരു നിലവിളിയാണ്. ശാസ്ത്രീയ കൃഷി രീതികളോട് ഇന്നും പുറംതിരിഞ്ഞു നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ ക്ഷാമത്തിന്റെ പറുദീസകളാകുന്നതെങ്ങനെയെന്ന് ജൈവതീവ്രവാദികള്‍ അന്വേഷിക്കുമോ? അകലെയെങ്കിലും കാര്‍ട്ടറെ കൊന്ന ചിത്രം മലയാളിയുടെ മുന്നില്‍ തൂങ്ങിയാടുന്നു. കണ്ണടയ്ക്കരുത്. *(Published in Pachakutira, Sept, 2015 (കടപ്പാട്: ഡോ.കെ.എം. ശ്രീകുമാര്‍, അസോ.പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, ഡോ. മനോജ് കോമത്ത്, SCTIMS,തിരുവനന്തപുരം) Related Video: മേരിയുടെ കേക്ക്