”ഇത്തരം അതിരുകളില്ലാത്ത വിഡ്ഢിത്തം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരുവനായി എന്നെ പരിഗണിക്കുന്നവരോട് പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ സ്വയം അപമാനിക്കുക മാത്രമായിരിക്കും ചെയ്യുന്നത്.” – സുഹൃത്തായ പുലിന്‍ വിഹാരി സെന്നിന് (Pulin Behari Sen) 1937 ല്‍ അയച്ച, ഏറെ ഉദ്ധരിക്കപ്പെടുന്ന, ഒരു സ്വകാര്യ കത്തില്‍ വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോര്‍ എഴുതിയതാണിത്. ടാഗോറിന്റെ ആത്മരോഷത്തിന് ഹേതുവായതാകട്ടെ അദ്ദേഹത്തെ് അവിസ്മരണീയനാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ‘ജനഗണ മന’ എന്നു തുടങ്ങുന്ന രാജ്യത്തിന്റെ ദേശീയഗാനവും(national anthem). ഒരു ശരാശരി ഇന്ത്യാക്കാരന്‍ ബാല്യം മുതല്‍ ചൊല്ലിക്കേള്‍ക്കുകയും പാടി പഠിക്കുകയും ചെയ്യുന്ന ഗാനമെന്ന പദവിക്കര്‍ഹം’ജനഗണ മന’ മാത്രം. എല്ലാ പൊതുചടങ്ങുകളും അവസാനിക്കുന്നത് മാതൃരാജ്യത്തോടുള്ള പൗരന്റെ ഭക്തിയും ആദരവും പ്രകടിപ്പക്കുന്ന ദേശീയഗാനാലാപനത്തോടെയാണ്. തെക്കുകിഴക്ക് ഏഷ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മി(Indian National Army in South-East Asia) സ്വീകരിച്ച ദേശീയഗാനവും ഇതായിരുന്നു. ‘ജനഗണ മന’ കേള്‍ക്കുന്ന ഏതൊരു ഭാരതീയ പൗരനിലും ദേശസ്‌നേഹവും സമരാവേശവും അറിയാതെ ഒഴുകിയെത്തും. നാം ‘ജനഗണ മന’യുടെ നൂറാം വാര്‍ഷികം ആഘോഷിച്ചിട്ട് നാളേറെയായിട്ടില്ല. ദേശപ്രേമത്തിന്റെ അഗ്നിസ്ഫുലിംഗങ്ങള്‍ വിരിയിക്കുന്ന ഈ ഗാനം യഥാര്‍ത്ഥത്തില്‍ ദേശസ്തുതി തന്നെയാണോ എന്ന വിവാദത്തിനും നൂറ് വയസ്സായെന്നതാണ് വിചിത്രമായ കാര്യം. ഇന്ത്യന്‍ റിപ്പബ്‌ളിക്കിന് അനുചിതമായ ദേശീയ ഗാനമാണോ ‘ജനഗണ മന’? അതില്‍ ആഴത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ഭാരതത്തിന്റെ ‘ഭാഗ്യവിധാതാവ്’ ആരാണ്? ‘ജനഗണ മന’യ്ക്ക് എതിരെയുള്ള എല്ലാ വിമര്‍ശനങ്ങളും മിക്കപ്പോഴും അതിദേശീയതയും അമിതവൈകാരികതയും ഉപയോഗിച്ചാണ് പ്രതിരോധിക്കപ്പെടുക. എങ്കിലും വസ്തുതകളെ ‘ആഗ്രഹിച്ച് ഇല്ലാതാക്കാന്‍’ സാധിക്കില്ലെന്ന തണുത്ത യാഥാര്‍ത്ഥം മിക്കപ്പോഴും ഇത്തരം പ്രതിരോധങ്ങളില്‍ തുളയിടുന്നത് കാണാം. ജനഗണ മന അധിനായക ജയഹേ! ഭാരത ഭാഗ്യ വിധാതാ! പഞ്ചാബ് സിന്ധു ഗുജറാത്ത മറാത്ത! ദ്രാവിഡ ഉത്കല ബംഗ! വിന്ധ്യ, ഹിമാചല, യമുനാ, ഗംഗ, ഉച്ചല ജലധി തരംഗ! തവ ശുഭനാമേ ജാഗേ! തവ ശുഭ ആഷിശ മാഗേ! ഗാഹേ തവ ജയ ഗാഥ! ജന ഗണ മംഗളദായക ജയഹേ ഭാരത ഭാഗ്യ വിധാതാ! ജയഹേ! ജയഹേ! ജയഹേ! ജയ ജയ ജയ ജയഹേ! ഭാരത സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരിക്കന്നത് അനുസരിച്ച് ‘ജനഗണ മന’യ്ക്ക് ടാഗോര്‍ നല്‍കുന്ന തര്‍ജമ ഇപ്രകാരമാണ്: ”അങ്ങ് ദേശത്തിലെ ജനങ്ങളുടെ മനസ്സിന്റെ അധിപനും ഭാരതത്തിന്റെ ഭാഗ്യവിധാതാവുമാകുന്നു. പഞ്ചാബ്, സിന്ധുദേശം, ഗുജറാത്ത്, മറാത്ത, ദ്രാവിഡദേശം, ഒഡീസ്സ, ബംഗ്‌ള എന്നീ പ്രദേശങ്ങളുടെ ഹൃദയത്തില്‍ ഉയരുന്ന നാമം അങ്ങയുടേതാണ്. വിന്ധ്യനിലും ഹിമാലയത്തിലും പ്രതിധ്വനിക്കുന്ന ഈ നാമം യമുനയുടേയും ഗംഗയുടേയും സംഗീതത്തിന്റെ അകമ്പടിയോടെ ഇന്ത്യാസമുദ്രത്തിലെ അലമാലകള്‍ ഏറ്റുപാടുന്നു. അവര്‍ അങ്ങയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു, അങ്ങയുടെ മഹത്വം പ്രകീര്‍ത്തിക്കുന്നു. സര്‍വജനത്തിെയയും രക്ഷ അങ്ങയുടെ കരങ്ങളിലാകുന്നു. ഭാരതദേശത്തിന്റെ ഭാഗ്യവിധാതാവായ അങ്ങ് എക്കാലവും വിജയിക്കട്ടെ.” ദേശീയഗാനത്തിന്റെ വരികള്‍ എഴുതപ്പെട്ടത് സംസ്‌കൃതത്തിന്റെ അതിപ്രസരമള്ള ‘തത്സമ'(Tatsama) ബംഗാളി ഭാഷയിലാണ്. ബംഗാളി അറിയാത്ത ഇന്ത്യക്കാര്‍ക്കുപോലും ഈ ഗാനം സുഗ്രാഹ്യവുമെന്ന് തോന്നിക്കുന്നുവെങ്കില്‍ അതിന്റെ മുഖ്യ കാരണം ഈ സംസ്‌കൃതസ്വാധീനമാവണം. ‘ജനഗണ മന’യിലെ മിക്ക പദങ്ങളും ഭാരതത്തിലെ വിവിധ പ്രാദേശികഭാഷകളില്‍ ഏറെക്കുറെ സമാനമായ അര്‍ത്ഥത്തോടെ കടന്നുവരുന്നുണ്ട്. 1911 ഡിസമ്പര്‍ 27 ന് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കൊത്ത സമ്മേളനത്തിലാണ് ‘ജനഗണ മന’ ആദ്യമായി ആലപിക്കപ്പെടുന്നത്. 1950 ജനുവരി 4 ന് ഇന്ത്യയുടെ ദേശീയഗാനമായി ഭരണഘടന അസംബ്‌ളി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. 2011 ഡിസമ്പറില്‍ ദേശീയഗാനത്തിന്റെ പ്രഥമ ആലാപനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കപ്പെട്ടു. അഞ്ചു ഖണ്ഡികകള്‍ (stanza)ഉള്‍ക്കൊള്ളുന്ന ‘ജനഗണമന’യുടെ അസ്സല്‍രൂപം(full version) നാമധികം കേട്ടിട്ടില്ല. ഇതിന്റെ ആലാപനദൈര്‍ഘ്യം 52 സെക്കന്‍ഡാണ്. രാഷ്ട്രപതി, ഗവര്‍ണ്ണമാര്‍ എന്നിവരുടെ സാന്നിധത്തില്‍ മാത്രമേ ഇത് ആലപിക്കപ്പെടാറുള്ളു. ആദ്യത്തെ ഒരു ഖണ്ഡിക (shorter version) മാത്രമാണ് നാം പൊതുവെ പാടാറുള്ളത്;ആലാപനദൈര്‍ഘ്യമാകട്ടെ ഇരുപത് സെക്കന്‍ഡും.’ജനഗണ മന’യുടെ ഇംഗ്‌ളീഷ് തര്‍ജമ നിര്‍വഹിച്ചത് ടാഗോര്‍ തന്നെയാണ്. ആന്ധ്രപ്രദേശിലെ മദനപ്പള്ളെയില്‍ വെച്ച് യൂറോപ്യന്‍ സംഗീത വിദഗ്ധയായ മാര്‍ഗരററ് കസിന്‍സുമായി (Margaret Cousins) ചേര്‍ന്ന് അതിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണാധികാരിയായ ജോര്‍ജ്ജ് അഞ്ചാമനും രാജ്ഞിയും 1911 ഡിസമ്പര്‍ 30 ന് കല്‍ക്കട്ട സന്ദര്‍ശിച്ചതാണ് ‘ജനഗണ മന’യുടെ പിറവിയുടെ ചരിത്രപശ്ചാത്തലം. ചക്രവര്‍ത്തിയെ പുകഴ്ത്തി ഒരു മംഗളഗാനമെഴുതാന്‍ ബ്രിട്ടീഷ് ഭരണകൂടവുമായി ബന്ധപ്പെട്ട ചില പൊതുസുഹൃത്തുക്കള്‍ ടാഗോറിനോട് ആവശ്യപ്പെടുകയുണ്ടായി. ഇതാകട്ടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കൂടി താല്‍പര്യ പ്രകാരമായിരുന്നു. തന്റെ ഗാനത്തെ ചുറ്റിപ്പറ്റി വിവാദം നിലനില്‍ക്കുന്ന കാര്യം ടാഗോറിനും ബോധ്യമുണ്ടായിരുന്നു. പക്ഷെ പരസ്യവിശദീകരണവുമായി രംഗത്ത് വരാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ടാഗോര്‍ അറിയപ്പെടുന്ന കവിയായി മാറിയിരുന്നു. ഇംഗ്‌ളീഷ് ഭാഷയിലെ പ്രാവീണ്യം അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക് പ്രിയങ്കരനാക്കി. ബ്രഹ്മസമാജ നേതാവായിരുന്ന ദേബേന്ദ്ര ടാഗോറിന്റെ പുത്രന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് കുടുംബപരമായിതന്നെ ബ്രിട്ടീഷുകാരുമായി നല്ല ബന്ധമുണ്ടായിരുന്നു. സത്ഭരണത്തിനും ആനുകൂല്യങ്ങള്‍ക്കുമായി ബ്രിട്ടീഷ് അധികാരികളോട് ”പ്രാര്‍ത്ഥിക്കുക, കെഞ്ചുക, ആവലാതിപ്പെടുക” (‘Pray, Plead, Petition’) എന്ന നയപരിപാടിയുമായി കോണ്‍ഗ്രസ്സ് മുന്നോട്ടു പോയിരുന്ന കാലത്താണ് ‘ജനഗണ മന’യുടെ ജനനം. 1911 ലെ കൊല്‍ക്കൊത്ത സമ്മേളനത്തിന്റെ രണ്ടാം ദിനം ജോര്‍ജ്ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ ഇന്ത്യാസന്ദര്‍ശനം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ്സ് വിനിയോഗിച്ചത്. രണ്ടാമത്തെ ദിവസം തന്നെ ‘ജനഗണ മന’ ടാഗോര്‍ ആലപിക്കുകയും ചെയ്തു. ദേശീയബോധം പ്രോജ്ജ്വലിപ്പിക്കുകയല്ല മറിച്ച് ചക്രവര്‍ത്തിയെ സ്തുതിക്കുകയായിരുന്നു ജനഗണമനയുടെ ജന്മനിയോഗമെന്ന വാദം ശക്തിപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ജോര്‍ജ്ജ് അഞ്ചാമന്‍ 1911 ല്‍ ബംഗാള്‍വിഭജനം റദ്ദ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയതിന്റെ (the annulment of the Bengal Partition Act)നന്ദിപ്രകടനം എന്ന നിലയിലായിരുന്നുവത്രെ നൃപസ്തുതി അര്‍പ്പിക്കപ്പെട്ടത്. സമ്മേളനാനന്തരം കൊല്‍ക്കൊത്തയിലെ ബ്രിട്ടീഷ്-ദേശീയ ഇംഗ്‌ളീഷ് പത്രങ്ങളൊക്കെ (Anglo-Indian English press) ബ്രിട്ടീഷ് ചക്രവര്‍ത്തിയെ പുകഴ്ത്തി ടാഗോര്‍ രചിച്ച ബംഗാളിഗാനം സദസ്സിന് മുമ്പാകെ ആലപിക്കപ്പെട്ടെന്ന് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്: ”ചക്രവര്‍ത്തിയെ വരവേല്‍ക്കാനായി സവിശേഷമായി രചിച്ച ഗാനം ബംഗാളി കവി രബീന്ദ്രനാഥ ടാഗോര്‍ ആലപിച്ചു”(സ്റ്റേറ്റ്‌സ്മാന്‍, ഡിസംബര്‍ 28, 1911). ”പരിപാടികള്‍ തുടങ്ങിയത് ചക്രവര്‍ത്തിയുടെ ബഹുമാനാര്‍ത്ഥം സവിശേഷമായി രചിക്കപ്പെട്ട രബീന്ദ്രനാഥ ടാഗോറിന്റെ ഗാനത്തിന്റെ ആലാപനത്തോടു കൂടിയായിരുന്നു”(ഇംഗ്‌ളീഷ്മാന്‍, ഡിസംബര്‍ 28, 1911)”ബുധനാഴ്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനം തുടങ്ങിയപ്പോള്‍ ചക്രവര്‍ത്തിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു ബംഗാളി ഗാനം ആലപിക്കപ്പെട്ടു. ചക്രവര്‍ത്തിയേയും ചക്രവര്‍ത്തിനിയേയും സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു പ്രമേയവും ഏകകണ്ഠമായി പാസ്സാക്കുകയുണ്ടായി”(ഇന്ത്യന്‍, ഡിസംബര്‍ 29, 1911) ”കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സമ്മേളന പരിപാടികള്‍ തുടങ്ങിയത് ബംഗാളി കവി രബീന്ദ്രനാഥ ടാഗോറിന്റെ ഗാനാലാപനത്തോടെയാണ്. ശേഷം ചക്രവര്‍ത്തിയോട് ആദരവ് പ്രകടപ്പിക്കുന്ന ഒരു പ്രമേയവും പാസ്സാക്കപ്പെട്ടു. തുടര്‍ന്ന് ഒരു സംഘം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് ചക്രവര്‍ത്തിക്ക് ഹൃദയംഗമായ സ്വാഗതം ആശംസിക്കുന്ന ഒരു ഗാനം ആലപിക്കപ്പെട്ടു”(ബംഗാളി, ഡിസം. 28, 1911) (http://en.wikipedia.org/wiki/Jana_Gana_Mana_%28hymn%29) ഈ വിഷയത്തില്‍ ഇംഗ്‌ളീഷ് പത്രങ്ങളെ കുറ്റപ്പെടുത്താനാണ് ടാഗോര്‍ ആരാധകര്‍ പൊതുവെ ശ്രമിക്കാറുള്ളത്. ചക്രവര്‍ത്തിയെ വാഴ്ത്തി കൊണ്ട് റാം ബുജ് ചൗധരി (Rambhuj Chaudhary)ഹിന്ദിയില്‍ എഴുതിയ മറ്റൊരു ഗാനവും ഇതേ സദസ്സില്‍ ആലപിച്ചിരുന്നു. ഇംഗ്‌ളീഷ് പത്രങ്ങള്‍ക്ക് ഈ ഗാനങ്ങള്‍ തമ്മില്‍ പരസ്പരം മാറിപ്പോയതാണത്രെ. ഇക്കാര്യം ‘അമൃത് ബസാര്‍ പത്രിക’യില്‍ (28.12.1911) ശരിയായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അവര്‍ വാദിക്കുന്നു. ”ടാഗോര്‍ ദൈവത്തെ പ്രകീര്‍ത്തിച്ച് പാടി”യെന്നാണ് അമൃത് ബസാര്‍ പത്രികയിലുള്ളത്. മാത്രമല്ല, രണ്ടാംദിനം രാവിലെ ടാഗോര്‍ ”ഒരു ദേശഭക്തിഗാനം ആലപിച്ചു” എന്ന് പ്രസ്താവിക്കുന്ന കൊല്‍ക്കൊത്ത സമ്മേളനത്തെ സംബന്ധിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി റിപ്പോര്‍ട്ടും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്‌ളീഷ് പത്രങ്ങളെല്ലാം ഒരുപോലെ തെറ്റിദ്ധരിച്ചു എന്ന വാദം അതേപടി വെട്ടിവിഴുങ്ങാന്‍ വിമര്‍ശകര്‍ തയ്യാറല്ല. അന്ന് ടാഗോറുള്‍പ്പെടെ ആരുംതന്നെ ഈ വാര്‍ത്തകളെ വിമര്‍ശിക്കുകയോ ഖണ്ഡിക്കുകയോ ചെയ്തിട്ടില്ല. ചക്രവര്‍ത്തിയെ പുകഴ്ത്തി ഗാനമെഴുതിയെന്ന റിപ്പോര്‍ട്ട് ഹിതകരമല്ലെങ്കില്‍ പിറ്റേന്ന് തന്നെ ഒരു നിഷേധക്കുറിപ്പ് ഇറക്കാമിയിരുന്നു. ബംഗാളികവിയായ ടാഗോര്‍ രചിച്ച ബംഗാളി ഗാനം ഹിന്ദി ഗാനമായി മിക്ക പത്രങ്ങളും തെറ്റിദ്ധരിച്ചെന്ന വാദം ദുര്‍ബലമാണെന്നര്‍ത്ഥം. ഗായകന്റെ പേരും ഭാഷയും സ്ഥലവും സമയവുമൊക്കെ ശരിയാണ്, പക്ഷെ ആരെ പ്രകീര്‍ത്തിച്ചു എന്നതില്‍ മാത്രമാണ് ഇംഗ്‌ളീഷ് പത്രങ്ങള്‍ക്ക് തെറ്റിയത്! ചക്രവര്‍ത്തിയെ വാഴ്ത്തിപ്പാടുന്നതിനെ വിമര്‍ശിച്ചവര്‍ ഇന്ത്യയില്‍ അന്നുമുണ്ടായിരുന്നു. എന്നാല്‍ ‘ജനഗണ മന’യിലെ ‘ഭാഗ്യവിധാതാവ്’ ബ്രിട്ടീഷ് ചക്രവര്‍ത്തിയാണെന്ന കാര്യത്തില്‍ സംശയമുള്ളവര്‍ കുറവായിരുന്നു. കൊല്‍ക്കൊത്ത സമ്മേളനത്തിന്റെ രണ്ടാംദിനം നടന്നതെല്ലാം ബ്രിട്ടീഷ് രാജാവിനേയും രാജ്ഞിയേയും പ്രീണിപ്പിക്കാനായിരുന്നു എന്ന വാദത്തിനാണ് കൂടുതല്‍ തെളിവുള്ളത്. ഇന്ത്യന്‍ ജനത, ബ്രിട്ടീഷ് ഭരണകൂടം – ഈ രണ്ട് യജമാനരെ ഒരേസമയം തൃപ്തിപ്പെടുത്താന്‍ ടാഗോറും കോണ്‍ഗ്രസ്സും ശ്രമിച്ചുവെന്ന പ്രതീതിയാണിവിടെ സമൃദ്ധമാകുന്നത്. ഒരേസമയം ‘രണ്ട് കഥകള്‍’ വില്‍ക്കാനുള്ള ശ്രമം ഉണ്ടായെന്ന് സംശയിക്കണം. ബ്രിട്ടീഷുകാര്‍ വായിക്കാനിടയുള്ള മിക്ക പത്രങ്ങളിലും നൃപസ്തിയെ കുറിച്ച് വാര്‍ത്ത വന്നപ്പോള്‍ ആരും എതിര്‍ക്കാതിരുന്നതിന്റെ കാരണം മറ്റൊന്നാവാനിടയില്ല. ടാഗോര്‍ ഭാരതത്തെ ഒരു ദേവിയോട് (ഭാരതാംബ) ഉപമിക്കുന്നുവെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ഭാരത’ഭാഗ്യവിധാതാ’ എന്ന വിശേഷണം ഈ കല്‍പ്പനയുമായി പൊരുത്തപ്പെടുന്നില്ല. ഭാരതത്തിന്റെ ഭാഗ്യം നിര്‍ണ്ണിയിക്കുന്ന വ്യക്തി/ശക്തി ഭാരതം തന്നെയാവില്ലല്ലോ! ‘സ്വന്തം ഭാവി സ്വയം നിര്‍ണ്ണിയിക്കുന്ന ഭാരതാംബ’ എന്നത് വികലകല്‍പ്പനയാണ്. ഭാരതത്തിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ ശേഷിയുള്ള ജോര്‍ജ്ജ് അഞ്ചാമനെയാണ് ടാഗോര്‍ ഉദ്ദേശിച്ചതെങ്കില്‍ കവിത തികച്ചും സുഗ്രാഹ്യവും യുക്തിസഹവുമാണ്. ഉപമകളും ചമത്ക്കാരങ്ങളും പരസ്പരപൂരകമായി വര്‍ത്തിക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ ആദ്യന്തമുള്ള വരികള്‍ ദേശസ്തുതിയല്ല മറിച്ച് കറകളഞ്ഞ നൃപസ്തുതിയാണ്. പക്ഷെ ഇതുള്‍കൊള്ളാന്‍ പലര്‍ക്കും സാധ്യമല്ല. കൃത്യമായും 1911 ലെ ബ്രിട്ടീഷ് ഇന്ത്യയുടെ ചിത്രമാണ് ‘ജനഗണ മന’യില്‍ തെളിയുന്നത്. ബ്രിട്ടീഷ് അധീനതയിലുള്ള ഭാരതത്തിന്റെ അതിര്‍ത്തികളും മുഖ്യ പ്രവിശ്യകളും പരാമര്‍ശിക്കപ്പെടുമ്പോള്‍ അവരുടെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ വരാത്ത സ്വതന്ത്രദേശങ്ങളോ സാമന്തരാജ്യങ്ങളും ഗാനത്തില്‍ കടന്നുവരുന്നില്ല. പഞ്ചാബ്, സിന്ധ്, മറാത്ത, ഗുജറാത്ത്, ദ്രാവിഡദേശം, ഒഡിസ്സ തുടങ്ങിയ പ്രദേശങ്ങളൊക്കെ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗം തന്നെ. ‘ഉച്ചല ജലധി തരംഗ’എന്ന വാക്ക് ഇന്ത്യന്‍ സമുദ്രത്തെ കുറിച്ചാണെന്ന് ടാഗോര്‍ തന്നെ തര്‍ജമ ചെയ്യുന്നുണ്ടെങ്കിലും അത് ബംഗാള്‍ ഉള്‍ക്കടലാണെന്ന വ്യാഖ്യാനങ്ങളുമുണ്ട്. സ്വതന്ത്രഭാരതത്തിന്റെ രൂപമോ ഘടനയോ ഭാവനയില്‍ കാണാന്‍ 1911 ല്‍ ടാഗോറിന് സാധിക്കുമായിരുന്നില്ലല്ലോ. സ്വഭാവികമായും സ്വതന്ത്ര ഇന്ത്യയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ അറബിക്കടല്‍ അദ്ദേഹം പരിഗണിക്കുന്നില്ല. വലിയ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയവയും പോര്‍ച്ചുഗീസ് അധീനപ്രദേശങ്ങളും പരാമര്‍ശപരിധിയില്‍ വരുന്നില്ല. ദക്ഷിണേന്ത്യ മുഴുവന്‍ ‘ദ്രാവിഡം’ എന്ന ഒറ്റ വാക്കില്‍ ഒതുക്കിയിരിക്കുമ്പോള്‍ അതിര്‍ത്തിയായി അറബിക്കടലും കാണാനില്ല. ബ്രിട്ടീഷുകാര്‍ അക്കാലത്ത് അറബിക്കടലിലെ അജയ്യശക്തിയായിരുന്നില്ല. പോര്‍ട്ടുഗീസുകാരുടെ ശക്തമായ സ്വാധീനമായിരുന്നു തടസ്സം. അറബിക്കടല്‍ത്തീരത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ വരുന്ന പ്രദേശങ്ങളും കുറവായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഒരു പഞ്ചാബ് സംസ്ഥാനം ഉണ്ടെങ്കിലും ‘ജനഗണ മന’സൂചിപ്പിക്കുന്ന പഞ്ചാവും സിന്ധുമൊക്കെ ഫലത്തില്‍ ഇന്ന് പാകിസ്ഥാനിലാണ്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെ പേരും രാജ്യത്തിന്റെ കൃത്യമായ അതിര്‍ത്തിയും പട്ടികരൂപത്തില്‍ ദേശീയഗാനത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ശഠിക്കുന്നതില്‍ കഥയില്ലെങ്കിലും സ്വതന്ത്ര ഇന്ത്യയിലില്ലാത്ത പ്രദേശങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുകയും പ്രധാന മേഖലകള്‍ അവഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രസ്തുത ഗാനരചനയുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുന്നത് സ്വഭാവികമാണ്. ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതരവും’ ദേശീയഗാനമായ ‘ജനഗണ മനയും’ രചിക്കപ്പെട്ടിരിക്കുന്നത് ബംഗാളി ഭാഷയിലാണ്. ബംഗാളികള്‍ പൊതുവെ തങ്ങളുടെ സാംസ്‌ക്കോരികോന്നതിയില്‍ ഭാഷാമഹിമയിലും വളരെയേറെ അഭിമാനിക്കുന്നവരാണ്. ബംഗാള്‍ രാജ്യത്തിന് തന്നെ വഴികാട്ടിയാണെന്നും ഇന്ന് ബംഗാള്‍ ചിന്തിക്കുന്നത് നാളെ ഭാരതം ചിന്തിക്കുമെന്ന് കരുതാനും അവരിഷ്ടപ്പെട്ടിരുന്നു. സ്വന്തം ഭാഷയും സംസ്‌ക്കാരവും അതിരുകവിഞ്ഞ അഭിമാനത്തോടെ നെഞ്ചിലേറ്റുന്ന മറ്റൊരു ജനത പഞ്ചാബികളാണ്. അതുകൊണ്ടു തന്നെ പഞ്ചാബിനെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ബംഗാളിയില്‍ എഴുതിയ ഗാനത്തിന് ദേശീയഗാനത്തിന്റെ സ്ഥാനം ലഭിച്ചതില്‍ അത്ഭുതമില്ല. ‘ജനഗണ മന’ സംബന്ധിച്ച വിവാദം ഉയര്‍ന്ന് കാല്‍ നൂറ്റാണ്ടിന് ശേഷമാണല്ലോ സ്വകാര്യമായെങ്കിലും ടാഗോര്‍ അതിനെപ്പറ്റി ഒരു സുഹൃത്തിനോട് പ്രതികരിക്കുന്നത്. ന്യായീകരണമൊന്നും ഇല്ലാതിരുന്നതു കൊണ്ടാണോ ടാഗോര്‍ നീണ്ടകാലം മൗനം പാലിച്ചത്? തന്റെ ഭാഗം ശരിയാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ മഹാകവി വിസമ്മതിക്കേണ്ട കാര്യമെന്ത്? ടാഗോര്‍ മരിക്കുന്നത് 1941 ലാണ്. ‘ജനഗണ മന’ ദേശീയഗാനമായി സ്വാതന്ത്ര്യാനന്തര ഇന്ത്യ തെരഞ്ഞെടുക്കുന്നത് പിന്നെയും 9 വര്‍ഷങ്ങള്‍ക്ക് ശേഷം. അതായത് ദേശീയഗാനമെന്ന നിലയില്‍ ‘ജനഗണ മന’യ്ക്കുള്ള ന്യൂനതകള്‍ക്കൊന്നും മഹാകവി ഉത്തരവാദിയല്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഭരണഘടന അസംബ്‌ളിയുമൊക്കെയാണ് അതിന്റെ ഉത്തരവാദികള്‍. പക്ഷെ തന്റെ ഗാനം ദേശീയഗാനമായി കോണ്‍ഗ്രസ്സ് അംഗീകരിക്കുമെന്ന് പ്രതീക്ഷ ജീവിതകാലത്തിലുടനീളം ടാഗോര്‍ പുലര്‍ത്തിയിരുന്നു. ഇന്ന് നാം ദേശീയഗീതമായി കൊണ്ടാടുന്ന ‘വന്ദേമാതരം’ ദേശഭക്തിയും സംഗീതാത്മകതയും കാവ്യലാവണ്യവും കൊണ്ട് ‘ജനഗണ മന’യെ അതിശയിക്കുന്നതായി പൊതുവെ വിലയിരുത്തപ്പെടാറുണ്ട്. രാഷ്ട്ര പിതാവായ ഗാന്ധിജി ദേശീയഗാനത്തിന്റെ ഉത്തമ മാതൃക കണ്ടത് ‘വന്ദേമാതര’ത്തിലാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ‘ജനഗണ മന’ ഒരു ‘മതകാവ്യ’മായിരുന്നു( a religious hymn). ”ഒരര്‍ത്ഥത്തില്‍, ജനഗണമന ദേശീയഗാനത്തെക്കാള്‍ മുഴുവന്‍ മാനവരാശിക്കും വേണ്ടിയുള്ള ഒരു മതകാവ്യമാകുന്നു”(Rabindaranath Tagore, a Centenary Vol.p.152)എന്നാണ് ഗാന്ധിജി അഭിപ്രായപ്പെട്ടത്. ഭരണഘടന അസ്ബ്‌ളിയില്‍ സുചേത കൃപലാനി ആലപിച്ചതും ‘വന്ദേമാതര’മായിരുന്നു. പക്ഷെ പില്‍ക്കാലത്ത് ദേശീയഗാനത്തെ സംബന്ധിച്ച് ഭരണഘടന അസംബ്‌ളിയില്‍ അഭിപ്രായഭിന്നതയുണ്ടായതായി ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയിട്ടുണ്ട്. ‘വന്ദേമാതര’ത്തിന്റെ ഗരിമയും ലാവണ്യവും അനിഷേധ്യമാണെന്നതിലും ഭാരതത്തിലെ ഏറ്റവും ജനകീയമായ ദേശീയഗീതം അതാണെന്നതിലും തര്‍ക്കമുണ്ടായിരുന്നില്ല. എങ്കിലും ഒരു രാജ്യത്തിന്റെ ദേശീയഗാനം രാജ്യത്തിനുള്ളില്‍ എന്നതിനേക്കാള്‍ അന്താരാഷ്ട്രരംഗത്താണ് കൂടുതല്‍ പ്രസക്തം. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് ആലപിക്കപ്പെട്ടതോടെ (1947) ‘ജനഗണ മന’ അന്തരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാശ്ചാത്യസംഗീതത്തിനും ആലാപനരീതിക്കും കുടൂതല്‍ വഴങ്ങുന്നതും ‘ജനഗണ മന’യാണെന്ന അഭിപ്രായം ഭരണഘടന അസംബ്‌ളിയില്‍ ഉയര്‍ന്നു;ബാന്‍ഡ് വാദ്യത്തോടൊപ്പം ആലപിക്കാന്‍ ഉത്തമമാണെന്നും. ‘ജനഗണ മന’യ്ക്ക് അനുകൂലമായ ഔദ്യോഗിക തീരുമാനം ഉരുത്തിരിഞ്ഞതെന്ന് അങ്ങനെയാണെന്ന് പണ്ഡിറ്റ് നെഹ്‌റു നിരീക്ഷിക്കുന്നുണ്ട് (‘Glorious Thoughts of Nehru’, p.139). പൊതുസമൂഹത്തിലും മാധ്യമലോകത്തും നെഹ്‌റുവിന്റെ ഈ ‘യുക്തിസഹമായ മാനദണ്ഡം’രൂക്ഷവിമര്‍ശനത്തിന് വിധേയമാകുകയുണ്ടായി. ചില സംഘടനകള്‍ നടത്തിയ അനൗദ്യോഗിക അഭിപ്രായസര്‍വെകളില്‍’വന്ദേമാതരം’95% വോട്ടുകള്‍ വരെ കരസ്ഥമാക്കിയിരുന്നു! ഭരണഘടന അസബ്‌ളി അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നെഹ്രു പ്രാദേശിക പ്രവിശ്യാ ഗവര്‍ണര്‍മാരോട് ‘ജനഗണ മന’ യുടെ സ്വീകാര്യതയെ കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ ഗവര്‍ണര്‍ ഒഴികെ മറ്റെല്ലാവരും അനുകൂല അഭിപ്രായം അറിയിക്കുകയായിരുന്നു. തന്റെ മരണശേഷം ഭരണഘടനാ അസംബ്‌ളിയെടുത്ത ഈ തീരുമാനത്തെച്ചൊല്ലി ടാഗോറിനെ പ്രതിസ്ഥാനത്ത് നിറുത്താനാവില്ലല്ലോ. വാസ്തവത്തില്‍ ടാഗോര്‍ ‘വന്ദേമാതര’ത്തിന്റെ കടുത്ത ആരാധകനായിരുന്നു. ‘വന്ദേമാതരം’എന്ന വാക്കിന്റെ മാന്ത്രികപ്രഭാവം കല്‍ത്തുറുങ്കുകളേയും സുരക്ഷാമുറികളേയും തകര്‍ത്തെറിയാന്‍ ശേഷിയുള്ളതാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്(Glorious Thoughts of Tagore, p.165). എന്നാല്‍ 1930 കളില്‍ ബങ്കിംചന്ദ്രയുടെ രചന ദേശീയഗീതമാക്കുന്നതിനെ കുറിച്ചുളള ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ‘വന്ദേമാതര’ത്തിന്റെ മതേതരവിശുദ്ധി ചോദ്യം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. ടാഗോര്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെഴുതി:”ദുര്‍ഗ്ഗാദേവിയ്ക്കുള്ള അര്‍ച്ചനയാണ് വന്ദേമാതരത്തിന്റെ ആന്തരികസത്ത. ഇക്കാര്യം സംവാദത്തിന് വിഷയമാക്കാന്‍ കഴിയാത്ത വിധം സുവ്യക്തമാണ്. ദുര്‍ഗ്ഗയേയും ബംഗാളിനേയും വേര്‍തിരിക്കാനാവാത്ത വിധം കൂട്ടിയിണക്കുകയാണ് ബങ്കിംചന്ദ്ര ചെയ്തിരിക്കുന്നതെന്നത് ശരി തന്നെ. പക്ഷെ പത്ത് കൈകളുള്ള ഒരു ആരാധനാമൂര്‍ത്തിയെ സ്വന്തം ദേശമായി പരിഗണിച്ച് ദേശസ്‌നേഹപ്രചോദിതമായി ആരാധിക്കാന്‍ ഏതെങ്കിലും മുസല്‍മാന്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല.”(Letter 314, Selected Letters of Rabindranath Tagore, edited by K. Datta and A. Robinson, Cambridge University Press). ‘വന്ദേമാതരം’ഉള്‍പ്പെടുന്ന ‘ആനന്ദമഠം’എന്ന ബങ്കിംചന്ദ്രയുടെ നോവലില്‍ മുസ്‌ളീം വിരുദ്ധതയുണ്ടെന്ന വാദത്തേയും ടാഗോര്‍ പിന്തുണച്ചിരുന്നു. ‘വന്ദേമാതര’ത്തിലെ ‘ദുര്‍ഗ്ഗ’ ശരിക്കും ഭാരതമാതാവ് തന്നെയാണെന്ന വാദം ഉന്നയിച്ച് അരബിന്ദോയെ പോലുള്ളവര്‍ ‘വന്ദേമാതര’ത്തെ പ്രതിരോധിച്ചുകൊണ്ടിരുന്നപ്പോഴാണ് (Aurobindo, Resurgent India, p.191) ബങ്കിംചന്ദ്രയുടെ വലിയ ആരാധകനായിരുന്ന ടാഗോര്‍ ഈ നിലപാട് സ്വീകരിച്ചത്. അവസാനം, ബ്രിട്ടീഷുകാര്‍ ഏറെക്കുറെ ‘രാജ്യദ്രോഹപര’മായി പരിഗണിച്ചിരുന്ന, സ്വാതന്ത്ര്യസമരത്തില്‍ ചരിത്രപരമായ പങ്ക് വഹിച്ച ‘വന്ദേമാതര’ത്തെ ‘ജനഗണ മന’യുടെ ‘തുല്യപദവി’ നല്‍കി ദേശീയഗാനം അല്ലാതാക്കാന്‍ 1950 ല്‍ ഭരണഘടന അസബ്‌ളി തീരുമാനിക്കുകയായിരുന്നു! വിഭജനത്തിന് ശേഷം പാകിസ്ഥാനിയായി തീര്‍ന്ന മുഹമ്മദ് ഇക്ബാലിന്റെ ‘സാരെ ജഹാം സെ അച്ച’യും ഒഴിവാക്കപ്പെട്ടു. മുസ്‌ളീംവിരുദ്ധ ദേശീയതയെ പിന്തുണച്ച ബങ്കിംചന്ദ്ര മതത്തെ ദേശീയതയായി ആഘോഷിക്കുകയായിരുന്നു എന്ന് പില്‍ക്കാല ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നുണ്ടല്ലോ(‘Bankimchandra converted patriotism into religion and religion into patriotism.’-R.C.Majumdar). മാത്രമല്ല, ‘ആനന്ദമഠം’ഒരു ബ്രിട്ടീഷ് വിരുദ്ധ നോവലുമല്ല. അതുകൊണ്ടുതന്നെ വന്ദേമാതര’ത്തിന് എതിരായ ടാഗോറിന്റെ മതേതരനിലപാടും ന്യായീകരിക്കപ്പെടേണ്ടതാണ്. ടാഗോര്‍ രചിച്ച ബംഗ്‌ളാദേശിന്റെ ദേശീയഗാനമായ ‘അമര്‍ സോനാര്‍ ബംഗ്‌ളാ’യില്‍ (Amar Sonar Bangla) മാതൃരാജ്യത്തെ മാതാവ് (‘Ma’ and ‘Mata’) എന്ന് നിരവധി പ്രാവശ്യം സംബോധന ചെയ്യുന്നുണ്ട്. ‘ജനഗണ മന’യില്‍ അതില്ലെന്ന് മാത്രമല്ല ജോര്‍ജ്ജ് അഞ്ചാമനെ ദ്യോതിപ്പിക്കുന്ന ‘രാജാവ്’ (‘King’) ‘രഥം’ (‘Chariot’) ‘സിംഹാസനം’ (‘Throne’) തുടങ്ങിയ പദങ്ങള്‍ കടന്നുവരുകയും ചെയ്യുന്നു(ഈ പദങ്ങള്‍ നാം സാധാരണ ചൊല്ലാറുള്ള ആദ്യ ഖണ്ഡികയ്ക്ക് ശേഷം വരുന്നവയാണ്) ഇവിടെയും ടാഗോറിന്റെ വിശദീകരണം പരിശോധിക്കേണ്ടതുണ്ട്. പുലന്‍ വിഹാരി ബോസിനെഴുതിയ കത്തില്‍ (10.11.1937) ജോര്‍ജ്ജ് അഞ്ചാമനെയെല്ല മറിച്ച് ദൈവത്തെ തന്നെയാണ് ‘ജനഗണ മന’യില്‍ താന്‍ പരാമര്‍ശിച്ചതെന്ന് ടാഗോര്‍ അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു: ”എന്റെ അടുത്ത സുഹൃത്ത് കൂടിയായ രാജാവ് തിരുമനസ്സിന്റെ ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥന്‍ ചക്രവര്‍ത്തിയെ സ്തുതിച്ചുകൊണ്ട് ഒരു ഗാനം ചമയ്ക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയുണ്ടായി. ഈ നിര്‍ദ്ദേശം എന്നെ ശരിക്കും അതിശയിപ്പിച്ചു. എന്റെ ഹൃദയത്തില്‍ വലിയ വികാരവിക്ഷോഭത്തിന് ഇത് ഹേതുവായി. ആ മാനസിക അസ്യാസ്ഥ്യത്തോടുള്ള പ്രതികരണമെന്ന നിലയില്‍ ഞാന്‍ ‘ജനഗണ മന’യിലൂടെ ഭാരതത്തിന്റെ ഭാഗ്യവിധാതാവിന്റെ (അതായത് ഭാഗ്യം നിര്‍ണ്ണയിക്കുന്ന ദൈവം[Almighty God]) വിജയം ഉദ്‌ഘോഷിച്ചു. കാലങ്ങളായി ഉയര്‍ച്ചയിലും താഴ്ചയിലും നേര്‍വഴിയിലും വക്രഗതിയിലും ഭാരതമാകുന്ന രഥത്തിന്റെ കടിഞ്ഞാണ്‍ മുറുകെ പിടിച്ചിരുന്നത് ആ ഭാഗ്യവിധാതാവാണ്. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന പ്രഭുവും ഇന്ത്യയുടെ മുഴുവന്‍ മനസാക്ഷിയും വായിച്ചറിയുന്നവനും, ആത്യന്തികമായി നയിക്കുന്നവനുമായ ആ ശക്തി ഒരിക്കലും ജോര്‍ജ്ജ് അഞ്ചാമനോ മറ്റേതെങ്കിലും ജോര്‍ജ്ജോ ആകുക സാധ്യമായിരുന്നില്ല. എന്റെ സുഹൃത്തായ ഉന്നതോദ്യഗസ്ഥനും പ്രസ്തുത ഗാനത്തെ കുറിച്ച് മനസ്സിലാക്കിയതും ഇതുതന്നെയായിരുന്നു. ബ്രീട്ടീഷ് ചക്രവര്‍ത്തിയോട് കടുത്ത ആരാധന ഉള്ളവനായിരുന്നുവെങ്കിലും അദ്ദേഹത്തിന് സാമാന്യബുദ്ധിയുടെ കാര്യത്തില്‍ യാതൊരു കുറവുമുണ്ടായിരുന്നില്ല” ടാഗോറിന്റെ ഈ വിശദീകരണത്തോടൊപ്പം അദ്ദേഹത്തിന്റെതന്നെ വിഖ്യാതകൃതിയായ ‘ഗീതാജ്ഞലി’യില്‍ ദൈവത്തെ ‘രാജാവ്’ (King) എന്ന് സംബോധന ചെയ്യുന്നുണ്ടെന്ന വാദവും പരിഗണിക്കണം: ‘I had gone a-begging from door to door in the village path when thy golden chariot appeared in the distance like a gorgeous dream and i wondered who was this King of all Kings!’ (stanza 50, Gitanjali) ‘ജനഗണ മന’ വിവാദം തുടങ്ങി കാല്‍ നൂറ്റാണ്ടിന് ശേഷം ടാഗോര്‍ നടത്തിയ ഈ സ്വകാര്യതലത്തിലുള്ള പ്രത്യാക്രമണം ദുര്‍ബലമാണെന്ന് കാണാന്‍ വിഷമമില്ല. അദ്ദേഹം സൂചിപ്പിക്കുന്നതുപോലെ ‘ജനഗണ മന’ ദൈവസ്തുതിയാണെന്ന് സ്ഥാപിക്കുക ഒട്ടും എളുപ്പമല്ല. താന്‍ ഉദ്ദേശിക്കുന്നത് ‘ദൈവ’ത്തെയാണെന്ന് ഒരു വാക്കുകൊണ്ട് കവിതയില്‍ തന്നെ അദ്ദേഹത്തിന് വ്യക്തമാക്കാമായിരുന്നു. ”ദൈവത്തെ വേണ്ടവര്‍ക്ക് ദൈവം,രാജാവിനെ വേണ്ടവര്‍ക്ക് രാജാവ്”എന്ന സമീപനത്തില്‍ ബൗദ്ധികസത്യസന്ധതയില്ല. ‘ജനഗണ മന’ഒരു കവിതയാണ്; കവിത പ്രതീകാത്മകമാണ്, ബിംബനിബിഡമാണ് എന്നൊക്കെയുള്ള സ്ഥിരം വിശദീകരണങ്ങളും ഇവിടെ വിറ്റുപോകില്ല. കാരണം ‘ജനഗണ മന’യില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന ആള്‍ (one who is glorified) ഒഴികെ ബാക്കി കാര്യങ്ങളൊക്കെ പകല്‍പോലെ സുവ്യക്തമാണ്. ‘ജയഹേ'(അങ്ങ് വിജയിക്കട്ടെ), ‘ജാഗേ തവജയഗാഥ'(ഞങ്ങള്‍ അങ്ങയുടെ വിജയകഥകള്‍ പാടുന്നു) തുടങ്ങിയ വരികള്‍ പ്രപഞ്ചസ്രഷ്ടാവായി മതം വാഴ്ത്തുന്ന സര്‍വേശ്വരനോ ‘പരബ്രഹ്മ’ത്തിനോ ചേര്‍ന്നതല്ല. മതഭക്തര്‍ ശ്രീകൃഷ്ണനോ ശ്രീരാമനോ ജയ് വിളിക്കാറുണ്ടെങ്കിലും ജയ് പരബഹ്മം എന്നോ സര്‍വേശ്വരന്‍ ജയിക്കട്ടെ എന്നോ സാധാരണഗതിയില്‍ പറയാറില്ല. ഇനി, ദേശീയഗാനത്തെ ‘ദൈവസ്തുതി’യാക്കി മാറ്റിയാല്‍ ഭാരതത്തിന്റെ ഭാഗ്യവിധാതാവ് ദൈവമാണെന്ന മതവാദം കടന്നുവരും. ആ നിലയ്ക്ക് ഇന്ത്യയുടെ മാത്രമല്ല സര്‍വ ലോകരാജ്യങ്ങളുടേയും ഭാഗ്യവിധാതാവ് ദൈവം തന്നെ! ഒരേസമയം കോളനിക്കാരുടേയും അധിനിവേശരാഷ്ട്രത്തിന്റേയും ഭാഗ്യം നിര്‍ണ്ണയിച്ചുപോന്നതും മാറ്റാരുമല്ല! ഭാരതത്തിന്റെ ദേശീയഗാനം കേവലം ‘ഭക്തിഗാന’മാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഭക്തിഗാനം ആലപിക്കാനാണോ ബ്രിട്ടീഷ് ചക്രവര്‍ത്തിയെ ആദരിക്കുന്ന ചടങ്ങിലേക്ക് ടാഗോര്‍ പോയത്?! സ്വതന്ത്ര ഇന്ത്യയെ ഒരു മതേതരരാജ്യമായി (secular state) ഭരണഘടന തന്നെ പരിചയപ്പെടുത്തുന്നുവെന്നിരിക്കെ ദേശീയഗാനമായി ഒരു ദൈവസ്തുതി ഉപയോഗിക്കുന്നതിലെ അനൗചിത്യവും കാണാതിരുന്നുകൂടാ. ബ്രിട്ടീഷ് ചക്രവര്‍ത്തിയെ സ്തുതിച്ച് ഗാനം ചമയ്ക്കാന്‍ സുഹൃത്ത് കൂടിയായ ഉന്നതോദ്യഗസ്ഥന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ അതിശയിച്ചു പോയെന്ന് പറയുന്ന ടാഗോര്‍ താല്‍പര്യമില്ലെങ്കില്‍ അത് ചെയ്യേണ്ട കാര്യമെന്ത് എന്ന ചോദ്യം അത്ര എളുപ്പം റദ്ദാക്കിപ്പെടില്ല. ഇവിടെ മഹാകവിയുടെ ധര്‍മ്മസങ്കടം പ്രകടമാണെങ്കിലും ആവശ്യം നിരസിക്കാനുള്ള ആര്‍ജ്ജവം കാട്ടാതെ ദൈവസ്തുതി എഴുതി സ്വന്തം മന:സാക്ഷിയെ തൃപ്തിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തതെങ്കില്‍ അത് ഭീരുത്വവും വിശ്വാസവഞ്ചനയുമാണെന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല. മാത്രമല്ല, പ്രസ്തുത ഉദ്യോഗസ്ഥനും ഇതറിയാമായിരുന്നു എന്ന് പറയുന്നതിലൂടെ ദൈവസ്തുതി എഴുതി നൃപസ്തുതിയാക്കാന്‍ പാകത്തില്‍ ദ്വയാര്‍ത്ഥസൂചനയുള്ള(ambiguous) ഗാനമെഴുതാന്‍ അയാള്‍ ടാഗോറിന് മൗനാനുവാദം നല്‍കിയെന്നും വരുന്നു. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് മംഗളസ്തുതി രചിക്കുന്ന ദൗത്യം ഏറ്റെടുക്കുക, പ്രത്യക്ഷത്തില്‍ ചക്രവര്‍ത്തിയെ പുകഴ്ത്തുന്ന വരികള്‍ എഴുതുക, അത് ചക്രവര്‍ത്തിയെ സ്വാഗതംചെയ്യുന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ആലപിക്കുക, ഗാനത്തിന്റെ ദേശീയത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ കാല്‍ നൂറ്റാണ്ടിന് ശേഷം അത് രാജാവിനെക്കുറിച്ചായിരുന്നില്ലെന്ന് സ്വകാര്യതലത്തില്‍ വ്യാഖ്യാനിക്കുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥനും താനും കൂടി ഒത്തുകളി നടത്തിയെന്ന് സൂചിപ്പിക്കുക……ടാഗോര്‍ മി. ബോസിന് അയച്ച ഈ കത്ത് ഒട്ടും സുഖകരമായ വായനയല്ല പ്രദാനം ചെയ്യുന്നത്. ”ജന ഗണ മംഗളദായക ജയഹേ, ഭാരതഭാഗ്യ വിധാത” എന്ന വരി ‘സര്‍വ ഭാരതീയരുടേയും രക്ഷ അങ്ങയയുടെ കരങ്ങളിലാണ്’ എന്നാണ് ടാഗോര്‍ തന്നെ തര്‍ജമ ചെയ്തിരിക്കുന്നത്. (‘The saving of all people waits in thy hand’). ഇവിടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നുള്ള മോചനമാണ് ടാഗോര്‍ ഉദ്ദേശിച്ചതെന്ന വാദം ഉയര്‍ത്തുന്നവരുണ്ട്. എന്നാല്‍ ഈ വരിക്ക് ഇങ്ങനെയൊരു അര്‍ത്ഥമാണോ ഉള്ളത്? പൊതുവില്‍ ‘മംഗളം’എന്ന വാക്കിന് സംസ്‌കൃതത്തിലോ ബംഗാളിയിലോ ‘മോചനം’ അല്ലെങ്കില്‍ ‘രക്ഷ’ എന്ന അര്‍ത്ഥമല്ലുള്ളത്.ഭാരതത്തിലെ ജനങ്ങള്‍ക്ക് മംഗളകരമായ അവസ്ഥ സമ്മാനിക്കുന്നത് ‘ഭാരതഭാഗ്യവിധാതാവ്’ആയ അങ്ങാണ് എന്ന അര്‍ത്ഥമാണ് ഇവിടെയും പൊരുത്തപ്പെടുക. 1911 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്ന ആവശ്യം ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസ്സ് പോലും ഉയര്‍ത്തിയിരുന്നില്ല എന്നോര്‍ക്കണം. 1929 ലെ ലാഹോര്‍ കോണ്‍ഗ്രസ്സിലാണ് ‘പൂര്‍ണ്ണസ്വരാജ്’ എന്ന ആവശ്യം ആദ്യമായി കോണ്‍ഗ്രസ്സ് ഉന്നയിക്കുന്നത്. ദേശീയപ്രസ്ഥാനത്തേക്കാള്‍ സ്വാതന്ത്ര്യമോഹം അക്കാലത്ത് ഒരു വ്യക്തിയെന്ന നിലയില്‍ ടാഗോറിന് ഉണ്ടായിരുന്നുവെന്ന് വാദിക്കാമെങ്കിലും വസ്തുനിഷഠമായ തെളിവുകളും ചരിത്ര സാഹചര്യങ്ങളും ഇവിടെയും പിണങ്ങി മാറുകയാണ്. ബ്രിട്ടീഷ് ചക്രവര്‍ത്തിയെ പ്രീതിപ്പെടുത്താനും ചക്രവര്‍ത്തിയുടെ മുന്നില്‍ നല്ല കുട്ടി ചമയാനും ടാഗോര്‍ മടിച്ചില്ലെന്ന് വേണം കാണാന്‍. അക്കാലത്ത് അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് അയച്ച കത്തുകളില്‍ സ്വാതന്ത്ര്യദാഹിയെ കണ്ടെത്തുക എളുപ്പവുമല്ല. 1911 ലെ ഈ മംഗളഗാനത്തിന് ശേഷം 1913 ല്‍ ടാഗോറിന് നൊബേല്‍ സമ്മാനം ലഭിക്കുന്നുണ്ട്. അന്നത്തെ ലോകക്രമത്തില്‍ നിര്‍ണ്ണായകശക്തിയായിരുന്ന ബ്രിട്ടന്റെ അനുഗ്രഹാശ്ശിസുകള്‍ ഇല്ലാതെ ഒരു കോളണിക്കാരന് നൊബേല്‍ പുരസ്‌ക്കാരം കിട്ടുമായിരുന്നുവെന്ന് കരുതാനാവില്ല. ഒരിന്ത്യക്കാരന് പിന്നീടൊരിക്കലും ഈ പുരസ്‌ക്കാരം ലഭിച്ചിട്ടില്ലെന്നതും ചരിത്ര വസ്തുതയാണ്. നൊബേല്‍ സമ്മാനത്തിന് ശേഷം 1916 ല്‍ ഇതേ ജോര്‍ജ്ജ് അഞ്ചാമന്‍ ടാഗോറിന് ‘സര്‍’പദവിയും(Knighthood) സമ്മാനിച്ചു. 1919 ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യയിലെങ്ങും രൂക്ഷമായ പ്രതിഷേധം അലയടിച്ചപ്പോള്‍ പ്രതിഷേധപൂര്‍വം ടാഗോര്‍ ‘സര്‍’ പദവി ഉപേക്ഷിച്ചു. പദവി ഉപേക്ഷിച്ച് കൊണ്ട് അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തിനെഴുതിയ കത്ത് അദ്ദേഹത്തിന്റെ ശക്തമായ ദേശീയബോധത്തിന്റെ തെളിവാണ്. അര്‍ത്ഥവും ചരിത്ര സാഹചര്യവും എന്തായിരുന്നാലും ജനഗണമന ഇന്ത്യയുടെ ഐക്യത്തിന്റെയും ദേശീയതയുടേയും അടയാളമായി കഴിഞ്ഞ 65 വര്‍ഷമായി നിലകൊള്ളുന്നു. ദേശീയഗാനം പാടിയില്ലെങ്കിലും ആദരവോടെ എഴുന്നേറ്റ് നിശബ്ദമായി നില്‍ക്കാന്‍ ഏതൊരു ഇന്ത്യന്‍ പൗരനും ബാധ്യസ്ഥനുമാണ്. പക്ഷെ ജനഗണമന തന്നയാണോ സ്വതന്ത്ര ഇന്ത്യയ്ക്ക് ചേര്‍ന്ന ദേശീയത സ്ഫുരപ്പിക്കുന്ന ഗാനമെന്ന ചോദ്യം അതുകൊണ്ടൊന്നും റദ്ദാക്കപ്പെടുന്നില്ല. ബ്രിട്ടണെ താഴ്ത്തിക്കെട്ടിയും ഇന്ത്യയെ പ്രകീര്‍ത്തിച്ചുകൊണ്ടുമുള്ള കവിതകള്‍ ദേശീയവാദിയായിരുന്ന ടാഗോര്‍ ബംഗാളി ഭാഷയില്‍ എഴുതിയിട്ടുണ്ട്. തീര്‍ച്ചയായും ഒരു പ്രത്യേക ചരിത്രമുഹൂര്‍ത്തത്തിലാണ് ടാഗോര്‍ ‘ജനഗണ മന’എഴുതിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പരസ്യമായി പിന്തുണച്ചുകൊണ്ട് എഴുതപ്പെട്ട ഗാനമല്ലത്. കേവല നിഷേധത്തിലൂടെ നീക്കം ചെയ്യാനാവാത്ത പലതും ആ വരികളില്‍ അടങ്ങിയിട്ടുമുണ്ട്. സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയഗാനമായി ദശകങ്ങള്‍ മുമ്പ് വിരചിതമായ ഒരു വിശ്രുതഗാനം തന്നെ വേണമെന്ന രാഷ്ട്രീയനേതൃത്വത്തിന്റെ നിലപാടാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ‘ജനഗണ മന’യില്‍ ടാഗോര്‍ പ്രകീര്‍ത്തിക്കുന്നത് ആരെയാണ് എന്നത് സംബന്ധിച്ച് വ്യഖ്യാനങ്ങള്‍ പലതുണ്ടാകാം. ജോര്‍ജ്ജ് അഞ്ചാമനും ഭാരതാംബയും സ്വാമി വിവേകാനന്ദനും സര്‍വേശ്വരനും പരമാത്മവുമൊക്കെ അവിടെ കടന്നുവരും. ഇത്തരമൊരു സ്പഷ്ടതയില്ലായ്മ ദേശീയഗാനത്തിന്റെ ഖ്യാതിക്ക് സഹായകരമായിട്ടില്ലെന്നതാണ് വസ്തുത. സ്വതന്ത്രഭാരതത്തെ സംബന്ധിച്ച അടിത്തട്ട് യാഥാര്‍ത്ഥ്യങ്ങള്‍ കൂടി പരിഗണിച്ച് അനുയോജ്യമായ ഒരു പുതിയ ദേശീയഗാനം സ്വീകരിക്കാമായിരുന്നു. ‘പുതിയവ’സ്വീകരിക്കാനും മാമൂലുകളെ തിരസ്‌ക്കരിക്കാനുമുള്ള മാനസികമായ തയ്യാറെടുപ്പിന്റെ അഭാവം ഭരണഘടനാനിര്‍മ്മാണത്തില്‍ ആദ്യന്തം പ്രകടമായിരുന്നു. പലതും പകര്‍ത്തിയെടുക്കുന്ന തിരക്കില്‍ ദേശീയഗാനത്തിന്റെ കാര്യത്തിലും മറിച്ച് ചിന്തിക്കാന്‍ ഒരുപക്ഷെ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. ***