പഠിച്ചിട്ട് നിരോധിക്കുക അല്ലെങ്കില്‍ നിരോധിച്ചിട്ട് പഠിക്കുക!


കാസര്‍കോട്ട് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ് നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ കീടനാശിനിപ്രയോഗമാണോ? മുന്നൂറുലധികം രോഗങ്ങള്‍ ദശകങ്ങളോളം സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒന്നാണോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിച്ച എന്‍ഡോസള്‍ഫാന്‍? ആണ് എന്ന് പറയാന്‍ വസ്തുനിഷ്ഠമായ തെളിവുകളോ ആധികാരിക പഠനഫലങ്ങളോ ലഭ്യമല്ല. അങ്ങനെ ആണെന്ന് വിശ്വസിക്കാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നു എന്ന് മാത്രം. ആരോഗ്യപ്രശ്‌നങ്ങളുടെ ശരിയായ കാരണങ്ങള്‍ അന്വേഷിക്കാന്‍ എന്തിന് മടിക്കുന്നു? ഒന്നുകില്‍ നിരോധിച്ചിട്ട് പഠിക്കുക അല്ലെങ്കില്‍ പഠിച്ചിട്ട് നിരോധിക്കുക എന്ന നിലപാടാണ് പിന്തുടരേണ്ടത്. ഇവിടെ, നിരോധനം കഴിഞ്ഞിട്ട് ഒന്നരദശകമായി. എല്ലാം ആചാരവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. ഇനി യാതൊരു പഠനത്തിന്റെയും സ്ഥിരീകരണത്തിന്റെയും ആവശ്യമില്ല എന്നൊക്കെയാണ് നാം പറയുന്നത്! മതവികാരംപോലെ ‘എന്‍ഡോസള്‍ഫാന്‍ വിരുദ്ധവികാര’വും രൂപപെട്ടിരിക്കുന്നു. ആധുനിക കേരള രാഷ്ട്രീയത്തിലെ മറ്റൊരു ‘വിശുദ്ധപശു’വായി എന്‍ഡോസള്‍ഫാന്‍വിരുദ്ധത മാറിയിരിക്കുന്നു- പറയരുത്, കേള്‍ക്കരുത്, മിണ്ടരുത്…. മറ്റെന്തെങ്കിലും കാരണം മൂലമാണ് കാസര്‍കോട് ജില്ലയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ അത് കണ്ടെത്താന്‍ നമുക്ക് ബാധ്യതയില്ലേ? അങ്ങനെയല്ലേ ആത്യന്തികമായ പ്രശ്‌നപരിഹാരം സാധ്യമാകൂ? ഇപ്പോഴും ഒറ്റമൂലി വിശദീകരണവുമായി മുന്നോട്ടുപോകുന്നത് സമാനമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുള്ള ഭാവി തലമുറകളോട് ചെയ്യുന്ന കടുത്ത അനീതിയാണ്. അടിച്ചുകൊന്നത് ചേരയെ ആണോ വിഷപാമ്പിനെ ആയിരുന്നോ എന്ന് തിരിച്ചറിയേണ്ടതായിട്ടുണ്ട്. തെറ്റായ കാരണങ്ങള്‍ അന്ധമായി സ്ഥിരീകരിച്ചു മുന്നോട്ടുപോകുന്നതില്‍ യഥാര്‍ത്ഥ പ്രശ്‌നം അഭിമുഖീകരിക്കാനുള്ള വൈമനസ്യം ആരോപിക്കപ്പെടും. യാഥാര്‍ത്ഥ്യം ആഗ്രഹിച്ച് ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല എന്ന് തിരിച്ചറിയണം. കാസര്‍കോട്ട് കേരളത്തിലെ മറ്റ് ജില്ലകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടോ? ഇത് സംബന്ധിച്ച ദേശീയ ശരാശരിയും കാസര്‍കോട്ടെ ശരാശരിയും തമ്മില്‍ എന്തെങ്കിലും അന്തരമുണ്ടോ? എന്‍ഡോസള്‍ഫാന്‍ തളിച്ചിടത്തെല്ലാം പ്രശ്‌നങ്ങളുണ്ടോ? തളിച്ച ഇടങ്ങളില്‍ തളിക്കാത്ത സ്ഥലങ്ങളെക്കാള്‍ കൂടുതലുണ്ടോ?…. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന ചിത്രം നിലവിലുള്ള പൊതുധാരണയെ പിന്തുണയ്ക്കുന്ന ഒന്നാണെന്ന് തോന്നുന്നില്ല. കാസര്‍കോട്ട് കാണപ്പെടുന്ന മിക്ക ആരോഗ്യപ്രശ്‌നങ്ങളും എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാത്ത ലോകത്തെ മറ്റ് പല സ്ഥലങ്ങളിലും കാണപ്പെടുന്നുമുണ്ട്. എന്‍ഡോസള്‍ഫാനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യുന്നത് ഇപ്പോള്‍ രോഗബാധിതരായവര്‍ക്ക് കിട്ടുന്ന സര്‍ക്കാര്‍ സാമ്പത്തികസഹായം ഇല്ലാതാക്കും, എന്‍ഡോസള്‍ഫാനല്ല കാരണം എന്നുവന്നാലും അവശര്‍ക്ക് സഹായംകിട്ടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനെ പിന്തുണയ്ക്കാനാവില്ല എന്നൊക്കെ വാദിക്കുന്നവരുണ്ട്. അത്തരം ആശങ്കകള്‍ അസ്ഥാനത്താണ്. കാസര്‍കോട്ട് മാത്രമല്ല എവിടെയും അവശര്‍ക്ക് സഹായം കൊടുക്കണം എന്നുതന്നെയാണ് വാദം. വസ്തുതകള്‍ അന്വേഷിച്ചാല്‍ കാസര്‍കോട്ട് ഇത്തരം ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കും എന്ന ആശങ്ക അസ്ഥാനത്താണ്. ജനകീയ ആനുകൂല്യങ്ങള്‍ ഒരിക്കല്‍ തുടങ്ങിവെച്ചുകഴിഞ്ഞാല്‍ പിന്‍വലിക്കുക അത്ര എളുപ്പമല്ല. ജനാധിപത്യഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ അശക്തരായിരിക്കും. ശരിതെറ്റുകളല്ല മറിച്ച് സൗകര്യങ്ങളാണ് രാഷ്ട്രീയത്തില്‍ പ്രധാനം. എന്‍ഡോസള്‍ഫാന്‍പ്രയോഗം മൂലമല്ല കാസര്‍കോട്ട് രോഗികള്‍ ഉണ്ടാകുന്നതെന്ന് വസ്തുനിഷ്ഠമായി തെളിഞ്ഞാലും സഹായം തുടരാതിരിക്കാന്‍ മാറിവരുന്ന സര്‍ക്കാരുകള്‍ക്ക് സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വസ്തുതാപരമായ ഒരു ശാസ്ത്രീയ അവലോകനം ഇതു സംബന്ധിച്ച് പൊതുസമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. അതിനാണ് esSENSE പരിശ്രമിക്കുന്നത്. essentia 2018 ല്‍ ഇത് സംബന്ധിച്ച് ഒരു പ്രസന്റേഷന്‍ ഡോ. ശ്രീകുമാര്‍ ചെയ്തിരുന്നു. ഇതൊരു തുടര്‍ വിദ്യാഭ്യാസപരിപാടിയാണ്. ചില കാര്യങ്ങള്‍ ആരെങ്കിലും പറയുകതന്നെ വേണം, ഭാവിതലമുറ നമ്മെ കുറ്റക്കാരെന്ന് വിധിക്കാതിരിക്കാനെങ്കിലും. വസ്തുതതകളും യാഥാര്‍ത്ഥ്യവുംകൊണ്ട് മുറിവേല്‍ക്കുന്ന സമൂഹം ശാസ്ത്രവിരുദ്ധവും യുക്തിരഹിതവും മാനവികവിരുദ്ധവുമാണ്. Videos
  1. Endosulfan പ്രശ്‍നം ശാസ്ത്ര ദൃഷ്ടിയിൽ Part I – Dr Praveen Gopinath
  2. Endosulfan പ്രശ്‍നം ശാസ്ത്ര ദൃഷ്ടിയിൽ Part 2 – Prof.K.M.SreeKuamr ( Study and statistics )

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *