തുളസി, കുറുന്തോട്ടി, അലോപ്പതി… പിന്നെ സൈഡ് ഇഫക്റ്റ് – ചർച്ച @ ചായക്കട


ഗോപാലൻ മാഷ് വികാര വിജ്രംബിതനായി, ചായഗ്ലാസ് അൽ‌പ്പം ആഞ്ഞുതന്നെ മേശപ്പുറത്തുവെച്ചുകൊണ്ടാണ് പറഞ്ഞു നിർത്തിയത്.

“മാഷേ,……….. നിങ്ങളീ പറയുന്നതൊക്കെ ശരിതന്നെ.. എല്ലാ രാജ്യങ്ങളിലും അവിടവിടുത്തെ നാട്ടറിവുകൾ ഉണ്ട്. പ്രാദേശിക ചികിത്സാ രീതികൾ ഉണ്ട്. ഇക്കാലമത്രയും മനുഷ്യർ അതൊക്കെ ഉപയോഗിച്ചുതന്നെയാണ് ജീവിച്ചുപോന്നതും….. എന്നാൽ ഇന്ന് അതിനേക്കാൾ മികച്ച അറിവുകൾ നമുക്ക് ഉണ്ട്. അത് സായിപ്പന്മാർ തന്നതാണൊ ഇന്ത്യക്കാർ തന്നതാണോ എന്ന് നോക്കിയല്ലല്ലോ നമ്മൾ ഉപയോഗിക്കുന്നത്? സയൻസ് അത്രമാത്രം പുരോഗമിച്ചു കഴിഞ്ഞിരിക്കുന്നു. ബസ്സും കാറും ട്രെയിനും വിമാനവും ലഭ്യമാകുമ്പോൾ ആരെങ്കിലും കാ‍ളവണ്ടിയിൽ യാത്ര ചെയ്യാറുണ്ടോ?“

“അപ്പുട്ട്യേ… നിങ്ങൾ ഈ പുരോഗമനക്കാർ എന്തു പറഞ്ഞാലും സയൻസും പറഞ്ഞു വരും. ഈ സയൻസൊക്കെ ഉണ്ടാകുന്നതിനും മുമ്പുള്ളതാണ് ഭാരതത്തിന്റെ വൈദ്യ പാരമ്പര്യം.“- പെട്ടെന്ന് കീശയിൽ നിന്ന് ബെല്ലടിച്ച മൊബൈൽ ഫോൺ എടുത്തൊന്നു നോക്കി ഒന്നമർത്തി റിജക്റ്റ് ബട്ടൻ ഞെക്കിക്കൊണ്ടാന് ഗോപാലൻ മാഷ് പ്രതികരിച്ചത്..

“അതിരിക്കട്ടെ, മനുഷ്യന്മാർ ഭൂമിയിൽ ഉണ്ടായിട്ട് എത്ര കാലമായെന്ന് മാഷ്ക്കറിയുമോ?“- അപ്പുട്ടിയേട്ടൻ ഇടം കണ്ണിട്ട് ഗോപാലൻ മാഷെ നോക്കി…

“അതിപ്പോ…“

“ആ.. എന്നാൽ കേട്ടോ… പുതിയ നിഗമനമനുസരിച്ച് ഏതാണ്ട് രണ്ട് ലക്ഷം വർഷം മുമ്പാണ് മനുഷ്യൻ ഈ ഭൂമുഖത്ത് പരിണമിച്ചത്. അതിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റമ്പതിനായിരത്തി തോള്ളായിരത്തി എൺപത് വർഷത്തിലധികം, അതായത് ഒരു പത്തിരുപതു കൊല്ലം മുമ്പു വരെയും മനുഷ്യൻ മൊബൈൽ ഫോൺ എന്ന് കേട്ടിട്ടുപോലുമുണ്ടാകില്ല. പക്ഷേ, ഗോപാലൻ മാഷുടെ കീശയിൽ പോലും ഇന്ന് 4 ജി ഫോണാണ് കിടന്ന് കിണി കിണി അടിക്കുന്നത്…”

“അതെന്താ? മൊബൈൽ ഫോണ് നിങ്ങള് യുക്തിവാദികള് കണ്ടെത്തിയതാണൊ, ഉപയോഗിക്കാതിരിക്കാൻ?“

ഗോപാലൻ മാഷ് അൽ‌പ്പം അനിഷ്ടത്തൊടെതന്നെയാണ് പ്രതികരിച്ചത്..

“ഇങ്ങള് എഴുതാപ്പുറം വായിക്കാതിരി മാഷേ… പണ്ടൊക്കെ ഒരു മരണം സംഭവിച്ചാൽ കുടുംബക്കാരെയും ബന്ധുക്കാരെയുമൊക്കെ വിവരമറിയിക്കാൻ എന്തു ചെയ്യും? രാത്രിയാണെങ്കിൽ വല്ല ചൂട്ടോ, ടോർച്ചോ ഒക്കെ തപ്പിയെടുത്ത് ആളെ തേടിപ്പോകും. പിന്നീട് കുറെ കാലം കഴിഞ്ഞപ്പോൾ ജീപ്പോ കാറോ ഒക്കെ എടുത്ത് വിവരം പറയാൻ പോകാൻ തുടങ്ങി. അന്ന് അതൊക്കെ ഒരു ആചാരമായിരുന്നു. നേരിൽ ചെന്ന് പറഞ്ഞില്ലെങ്കിൽ അതെന്തോ ആചാര ലംഘനമായി വരെ കണ്ടിരുന്നൊരു കാലമുണ്ടാ‍യിരുന്നു. എന്നാൽ ഇന്നൊ? രണ്ടോ മൂന്നോ മൊബൈൽ ഫോണുമെടുത്ത് മക്കളോ അടുത്ത ബന്ധുക്കളോ വിളി തുടങ്ങും. എല്ലാവരും മിനിറ്റുകൾക്കകം വിവരമറിയും. ആർക്കും പരിഭവമില്ല.. പിണക്കമില്ല. കാലം മാറിയപ്പോൾ കോലം മാറുന്നത് അങ്ങനെയാണ്..“

“അതു ശരിയാണല്ലോ.. ഈ അപ്പുട്ടി പറേണേലും കാര്യമുണ്ട്..“- മീൻ മുറിക്കുന്നിടത്ത് പൂച്ചയിരിക്കുന്നതുപോലെ രണ്ടു പേരെയും മാറിമാറി നോക്കി ഇരുന്ന മമ്മാലിക്ക അപ്പുട്ടിയേട്ടന്റെ പക്ഷം പിടിച്ചു.

“ആ.. അതൊക്കെ ശരിതന്നെ.. എന്നുവെച്ച് അതുപോലെയാണൊ ഭാരതത്തിന്റെ മഹത്തായ വൈദ്യ പാരമ്പര്യം! എല്ലാ ചികിത്സാ രീതികൾക്കും അതിന്റേതായ ഗുണങ്ങളും പരിമിതികളുമുണ്ട്. നിങ്ങൾ ഈ പറയുന്ന അലോപ്പതിയിൽ സൈഡ് ഇഫക്റ്റ് പേടിക്കാതെ കഴിക്കാൻ കഴിയുന്ന വല്ല മുരുന്നുകളുമുണ്ടോ?“

“അതെ. അതാണ് പോയിന്റ്… അതുതന്നെയാണ് പോയിന്റ്… ഇഫക്റ്റ് ഉള്ളതിന് സൈഡ് ഇഫക്റ്റുമുണ്ടാകും. ഇഫക്റ്റ് ഉള്ളതിനേ സൈഡ് ഇഫക്റ്റ് ഉണ്ടാകൂ താനും.. റോഡിലൂടെ നടക്കുമ്പോൾ നിങ്ങളെ ഒരു വണ്ടി ഇടിക്കാൻ വരുന്നു. നിങ്ങൾ സൈഡിലേക്ക് ഓടുകയോ ചാടുകയോ ചെയ്യും. അപ്പോൾ വീണ് പരിക്കുപറ്റാനുള്ള സാധ്യതയുണ്ട്. എന്നുവെച്ച് നമ്മൾ ചാടാതിരിക്കുമോ? അതുപോലെ സൈഡ് ഇഫക്റ്റുണ്ടാകുമെന്ന് കരുതി ആരെങ്കിലും മരുന്ന് ഉപയോഗിക്കതിരിക്കുമോ? ഇന്ന് മരുന്നുകളുടെ സൈഡ് ഇഫക്റ്റ് ഏറ്റവും കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാന് വൈദ്യ ശാസ്ത്രം….”

“ ഹയ്യട… നിങ്ങടെ പാ‍രസെറ്റമോള് ഗുളിക ഒരഞ്ചെണ്ണമെടുത്ത് പൊടിച്ച് എലിക്ക് കൊടുത്താൽ എലി ചത്തുപോകും. എലി വിഷമാ.. അസ്സൽ എലിവിഷം…”

“മനുഷ്യർക്ക് വയസ്സും ശരീരഭാരവുമൊക്കെ പരിഗണിച്ച് അഞ്ഞൂറ് മില്ലിയുടെയോ അറുനൂറ്റമ്പതിന്റെയോ മൂന്നോ നാലോ ഗുളിയകല്ലേ മാഷേ ഡോക്റ്റർമാർ നിർദ്ദേശിക്കുന്നുള്ളു. അത് കഴിച്ചിട്ട് ഇന്നുവരെ ആരും മരിച്ചുപോയിട്ടില്ല. നിങ്ങളെപ്പോലുള്ള കുട്ടികളെ പഠിപ്പിക്കുന്ന മാഷ്മ്മാര് സത്യമൊന്നും പരിശോധിക്കാതെ വല്ല കപട വൈദ്യന്മാരും പ്രചരിപ്പിക്കുന്നതും പൊക്കിപ്പിടിച്ച് നടക്കുന്നത് ശരിയാണൊ? പച്ചവെള്ളം പോലും ആവശ്യത്തിലധികം കുടിച്ചാൽ മനുഷ്യർ തട്ടിപ്പോയെന്നുവരും, പിന്നെയാണോ പാരസെറ്റമോൾ?”

“ ഹെ… അപ്പോൾ ആയുർവേദത്തിലൊന്നും യാതൊരു കാര്യവുമില്ലെന്നാണൊ നിങ്ങൾ പറഞ്ഞുവരുന്നത്? സഹസ്രാബ്ദങ്ങളായി മനുഷ്യർ ഉപയോഗിച്ച് കഴിവു തെളിയിച്ചതാണ് ആയുർവേദം.“

“അതെ…… ആയുർവേദത്തിന് യാതൊരു ഗുണവുമില്ലെന്ന് ഞാ‍ൻ പറഞ്ഞില്ലല്ലോ? നൂറ്റാണ്ടുകൾക്കുമുമ്പേ ട്രയൽ ആന്റ് എറർ മെതേഡിലൂടെ (Trial and error method) തന്നെ മനുഷ്യർ കണ്ടെത്തിയതാകാം ആ ഔഷധങ്ങൾ പലതും. അതിൽ പലതിലും ഔഷധ ഗുണമുണ്ടാകാം. കാലക്രമത്തിൽ അതിന്റെ വളർച്ച മുരടിച്ചുപോയി, തുടക്കത്തിൽ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ പലതും പിന്നീട് അന്ധമായി പിന്തുടരൽ ആയി മാറി. ഇന്ന് വീട്ടിനുള്ളിൽ വളർത്തുന്ന ‘ബോൺസായി‘യെപ്പോലെയാണ് ആയുർവേദം. അത് വളർച്ച മുരടിച്ച ഒരു ചികിത്സാ രീതിയാണ്. പാരമ്പര്യ രീതികളും ഔഷധങ്ങളുമാണ് അത് ഇന്നും ആശ്രയിക്കുന്നത്. മാത്രമല്ല ആയുർവേദത്തിന്റെ ‘വാദം- പിത്തം -കഫം‘ സിദ്ധാന്തവും കാലഹരണപ്പെട്ടതാണ്. വേണ്ടത്ര അറിവില്ലാതിരുന്ന കാലത്ത് മനുഷ്യർ ഊഹിച്ചുണ്ടാക്കിയ സിദ്ധാന്തങ്ങളാണ് അതൊക്കെ. ഒരു ചെടിയിൽ രോഗശമന ശേഷിയുണ്ടെങ്കിൽ ആ ഘടകം ഏതെന്ന് കണ്ടെത്തി അത് വേർതിരിച്ചെടുത്ത് അത് നിശ്ചിത ഡോസിൽ; അതെ, മരുന്നിനു രോഗശമന ശേഷി ഉണ്ടാ‍കണമെങ്കിൽ അത് നിശ്ചിത ഡോസിൽ തന്നെ ഉപയോഗിക്കണം; നൽകുകയാണ് മോഡേൺ മെഡിസിൽ ചെയ്യുന്നത്. എന്നാൽ ആയുർവേദമോ ചെടി വേരടക്കം- സമൂലം കുത്തിപ്പിഴിഞ്ഞ് കഷായം വെച്ച് നൽകുന്നു. അതായത് കൂടുതൽ മെച്ചപ്പെട്ട രീതി കഴിഞ്ഞ ചെറിയ കാലയളവുകൊണ്ട് നമുക്ക് മുന്നിലുണ്ട്. ഇന്ന് കോഴിക്കോട്ട് നിന്ന് കാൽനടയായോ കാളവണ്ടിയിലോ ആരും തിരുവനന്തപുരത്ത് പോകാറില്ല. പണ്ട് അങ്ങനെയായിരുന്നു പോയിരുന്നത്, എന്നാൽ ഇന്ന് പോകാറില്ല. കാരണം ഇന്ന് നമുക്ക് ബസ്സോ കാറോ ട്രെയിനോ ഉണ്ട്. ഇന്നാരും മരവുരി ധരിക്കാറില്ല. കാരണം ഇന്ന് ചുരുങ്ങിയ വിലയ്ക്ക് ലഭ്യമായ വസ്ത്രങ്ങൾ നമുക്ക് ലഭ്യമാണ്. ഇന്ന് ആരും മെതിയടി ഉപയോഗിക്കാറില്ല, കാരണം ചെരിപ്പുകൾ യഥേഷ്ടം ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇന്ന് ആരും ഓല കെട്ടിയതും പുല്ലുമേഞ്ഞതുമായ വീട്ടിൽ കഴിയാറില്ല, കാരണം അതിനേക്കാൾ ലാഭകരവും ഈടുള്ളതുമായ പാർപ്പിടം നമുക്ക് ലഭ്യമാണ്. ഇന്ന് ആരും എഴുത്താണിയോ തൂവലോ ഉപയോഗിച്ച് എഴുതാറില്ല. കാരണം ഇന്ന് കുറഞ്ഞ വിലയ്ക്ക് ഉപയോഗിക്കാവുന്ന പേനകൾ ലഭ്യമാണ്. ഇന്ന് ആരും താളിയോലകളിൽ എഴുതാറില്ലല്ലോ? നമ്മുടെ നിത്യ ജീവിതത്തിൽ ഇതുപോലുള്ള ടെക്നോളജികൾ നമ്മൾ ഉപയോഗിക്കുന്നത് സായിപ്പ് കണ്ടുപിടിച്ചതാണോ ഭാരതീയമാണൊ എന്ന് നോക്കിയല്ല. ഇതൊക്കെ നിങ്ങൾക്ക് ആകാമെങ്കിൽ പിന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മാത്രം എന്തിന് പാരമ്പര്യത്തിന്റെയും പഴമയുടെയും പിറകെ പോകണം?

“ എന്നിട്ടാണോ ഹേ സായിപ്പന്മാരു വരെ കോട്ടക്കൽ ആയുർവേദാശുപത്രിയിൽ ചികിത്സക്കായി വരുന്നത്?”

“സായിപ്പന്മാര് കോട്ടക്കൽ ചികിത്സയ്ക്ക് വരുന്നത് നിങ്ങൾക്ക് പൊക്കിപ്പറയാൻ വലിയ കാര്യമാണ്, പക്ഷേ, സായിപ്പന്മാർ ഉണ്ടാക്കിയ മരുന്ന് പറ്റില്ല. ഗോപാലൻ മാഷ്ക്കറിയ്‌വോ? കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഉൽ‌പ്പന്നങ്ങൾ യൂറോപ്പിൽ മെഡിസിൻ എന്ന പേരിലല്ല മാർക്കറ്റ് ചെയ്യുന്നത്, ഫുഡ് സപ്ലിമെന്റ്സ് എന്ന ലേബലിനാണ്….. എന്താ കാരണം? മരുന്ന് എന്ന നിലയിലുള്ള ആയുർവേദ ഉൽ‌പ്പന്നങ്ങളുടെ ഫലസിദ്ധി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല, അതുതന്നെ.”

“ഏയ്…. അതൊന്നുമല്ല,… ഓരോ രാജ്യത്തിന്റെയും ക്രൈറ്റീരിയ വ്യത്യസ്തമാണ്. യൂറോപ്പ്യൻ രാജ്യങ്ങളുടെ മാനദണ്ഡം വ്യത്യസ്തമായതുകൊണ്ടുമാത്രമാന് ഈ ബിസിനസ് തന്ത്രം അവർ സ്വീകരിച്ചിരിക്കുന്നത്.“

“അതുതന്നെയാണ് പ്രശ്നം.. എന്താണ് യൂറോപ്പിൽ ഒരു ഉൽ‌പ്പന്നം മരുന്നാണോ എന്ന് തീരുമാനിക്കുന്ന ക്രൈറ്റീരിയ? അതിനു കുറെയേറെ കടമ്പകൾ ഉണ്ട്. വർഷങ്ങളുടെ ഗവേഷണ ഫലമായി കണ്ടെത്തുന്ന മരുന്നുകൾ ഗുണമേന്മ പരിശോധിക്കാൻ പല കടമ്പകളും കടക്കണം. കോടിക്കണക്കുനു രൂപയും മനുഷ്യാധ്വാനവും വ്യയം ചെയ്ത് നടത്തുന്ന ഗവേഷണങ്ങളുടെ ഒടുവിൽ നിർമ്മിക്കപ്പെട്ട ഉൽ‌പ്പന്നം ആദ്യം മൃഗങ്ങളിൽ ഉപയോഗിച്ച് ഫലം ഉറപ്പുവരുത്തും. പിന്നീട് “ഡബിൾ ബ്ലൈന്റ്‌ റാണ്ടമൈസ്ട്‌ കണ്ട്രോൾ“ (Double – blinded randomized controlled trial) പഠനം നടത്തി ഫലപ്രാപ്തി തെളിയിക്കണം. ഈ രീതിയിലാണ് മോഡേൺ മെഡിസിനിൽ ഒരു മരുന്ന് അംഗീകാരം നേടുന്നത്. ആയുർവേദം, ഹോമിയോ, യുനാനി ഇവയിലൊന്നും ഈയൊരു രീതിയില്ല. എന്നിട്ടും നമ്മുടെ സർക്കാർ ഇവയെയൊക്കെ അംഗീകരിച്ചിരിക്കുന്നു. അപ്പോൾ യൂറോപ്പിലല്ല പ്രശ്നം. നമ്മുടെ നാട്ടിലെ നിയമങ്ങളിൽ തന്നെയാണ്.. ഹോമിയോപ്പതിയുടെ ആചാര്യൻ സാമുവൽ ഹാണിമാന്റെ നാട്ടിൽ, ജർമ്മനിയിൽ വരെ ഹോമിയോ പ്രാക്റ്റീസ് ചെയ്യണമെങ്കിൽ ‘ഇത് ഒരു ശാസ്ത്രീയ ചികിത്സാരീതിയല്ല‘ എന്ന ബോർഡ് വെക്കണം…”

“എന്റള്ളോ.. ഇപ്പറഞ്ഞതൊക്കെ ശരിയാണോ? വെറുതെയല്ല, ഇന്നാള് ആലിക്കോയ വൈദ്യര് എഴുതിതന്ന ആയുർവേദ ലേഹ്യം കഴിച്ച് എന്റെ പഞ്ചാരന്റെ സൂക്കേട് കൂടിപ്പോയത്.. “ മമ്മാലിക്ക തലയിൽ കൈവെച്ചുപോയി..

“എന്നാലേ.. അപ്പുട്ട്യേ, എനിക്ക് കുറച്ച് തെരക്ക്ണ്ട്… രാമനാട്ട്കര മെഡിക്കൽ ലാബിൽ വരെ ഒന്ന് പോകാനുണ്ട്.. പ്രഷറ്, ഷുഗറ്, കൊൾസ്സ്റ്റ്രോള്, ക്രിയാറ്റിൻ ഒക്കെ ഒന്നുകൂടി നോക്കാൻ ഡോക്റ്റർ ചെല്ലാൻ പറഞ്ഞിട്ട് ഇതുവരെ പോകാൻ പറ്റിയിട്ടില്ല…”

“ഏ.. ഹല്ല മാഷേ.. അപ്പോ ഇങ്ങള് ഇത്രനേരം ഇതൊക്കെ പറഞ്ഞിട്ട് ആയുർവേദക്കാരുടെ അടുത്തേക്കൊന്നും പോണില്ലേ? സ്വന്തം കാര്യത്തിന് “അലോപ്പതി” തന്നെ ശരണം!! “

“ആ.. അതുപിന്നെ…………. എന്നാലും…….. നമ്മുടെ ആർഷ ഭാരത പാരമ്പര്യം… “


Leave a Reply

Your email address will not be published. Required fields are marked *