കേരളത്തിലെ സന്നദ്ധ സംഘടനകൾ
കേരളത്തിന്റെ ഗ്രാമീണ സാംസ്കാരിക ബോധത്തെ രൂപപ്പെടുത്തുന്നതിൽ ഇവിടുത്തെ സന്നദ്ധ സംഘടനകൾ വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രധാനമായും കഴിഞ്ഞ നൂറ്റാണ്ടിനെ രണ്ടാം പകുതിയിലാണ് സന്നദ്ധ സംഘടനകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ സാന്നിധ്യമറിയിച്ച് തുടങ്ങുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്നും, ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ നടന്ന പോരാട്ടങ്ങളിൽ നിന്നും ഉൾക്കൊണ്ട സംഘബോധവും സ്വാതന്ത്യബോധവുമെല്ലാമാണ് ഇത്തരമൊരു മുന്നേറ്റത്തിനു പിൻബലമായത് എന്നതിൽ സംശയമില്ല. എഴുപതുകളും എൺപതുകളുമെല്ലാം സന്നദ്ധ സംഘടനകളുടെ സുവർണകാലമായിരുന്നു. യൂത്ത് ക്ലബുകളായും ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളായും കലാസമിതികളായും വായനശാലകളായും അത് ഉൾനാടുകളിൽ പോലും ജനകീയ കൂട്ടായ്മകൾ തീർത്തു. മതത്തിനും ജാതിക്കും കക്ഷിരാഷ്ട്രീയത്തിനുമെല്ലാം അതീതമായി അവ ഗ്രമീണജനതയുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറി. ചുരുങ്ങിയത് ഒരു അറുപതു വർഷങ്ങൾക്ക് മുമ്പുതന്നെ കൊയ്തുകഴിഞ്ഞ വയലുകളിൽ പെട്രോമാക്സിന്റെ വെളിച്ചത്തിൽ നാടകം കളിക്കുന്ന നാടക സംഘങ്ങൾ സജീവമായിക്കഴിഞ്ഞിരുന്നു. കേരളത്തിൽ നാടകപ്രസ്ഥാനത്തിന്റെ മുടിചൂടാ മന്നന്മാരായിമാറിയ കെ പി എ സി, കായംകുളം ആസ്ഥാനമാക്കി വളർന്നുവന്നത് 1950 കളിലാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആഴത്തിൽ പഠിച്ചതുകൊണ്ടോ മാർക്സിനെയും എംഗത്സിനെയുമൊന്നും വായിച്ചതുകൊണ്ടോ ഒന്നുമല്ല കേരളത്തിൽ സാധാരണക്കാർക്കിടയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വേരോട്ടമുണ്ടായത്, മറിച്ച് അത് കെ പി എ സിയുടെ നാടകങ്ങളിലൂടെയായിരുന്നു എന്നതാണ് സത്യം. കലാസമിതികളും നാടകസംഘങ്ങളുമെല്ലാം അത്രമേൽ ജനങ്ങളുടെ സാംസ്കാരികബോധത്തിൽ സ്വാധീനം ചെലുത്തി. സ്വാതന്ത്ര്യത്തിനും കാൽനൂറ്റാണ്ടുകളിലധികം പഴക്കമുണ്ട് കേരളത്തിനെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനകീയവൽക്കരണത്തിൽ പി എൻ പണിക്കരുടെ നാമം മറക്കാനാകാത്തതാണ്. അക്ഷരവും അറിവും സാധാരണ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിൽ അവ നിസ്സീമമായ പങ്കാണു വഹിച്ചത്. ഇതിനെല്ലാം പുറമെയാണ് കലയും കായികപ്രവർത്തനവും മുഖ്യ അജണ്ടകളായി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകളും കലാസമിതികളും രൂപമെടുക്കുന്നത്. കലാ-കായിക പ്രവർത്തനങ്ങളിലൂടെ വളർത്തിയെടുക്കപ്പെട്ടത് കലയും കായികവും മാത്രമായിരുന്നില്ല, ഗ്രാമീണ ജനതയുടെ സംഘബോധവും സാംസ്കാരിക മണ്ഡലവും കൂടിയായിരുന്നു. മതവിശ്വാസം ഉള്ളിൽ സൂക്ഷിക്കുമ്പോൾ തന്നെ അന്യമതവിദ്വേഷത്തെയും വർഗീയചിന്തകളെയും ഹൃദയത്തിന്റെ വാതായനങ്ങൾക്കപ്പുറത്തു നിർത്തുവാൻ കേരളീയ ജനതയെ പ്രാപ്തമാക്കിയതിൽ ഈ ജനകീയകൂട്ടായ്മകളുടെ പങ്ക് നിസ്തർക്കമെത്രെ. പഴയകാലത്തിന്റെ പ്രതാപവുമായി നാടകസംഘങ്ങൾ ഇന്നും കേരളത്തിലങ്ങോളമിങ്ങോളം ഇന്നും നിലനിൽക്കുന്നുണ്ട്. പക്ഷേ അമെച്വർ നാടകസംഘങ്ങൾ ഒട്ടുമിക്കാലും തിരശ്ശീലയ്ക്കു പിറകിലേക്ക് മറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരു തൊഴിൽ എന്നതിലുപരി ഒരു സാംസ്കാരിക പ്രക്രിയയായി നാടകപ്രവർത്തനം ഇന്ന് നടക്കുന്നുണ്ടോ എന്ന അന്വേഷണത്തിനുള്ള ഉത്തരം നിരാശാ ജനകമായിരിക്കും. കലയെ പ്രോത്സാഹിപ്പിക്കാനായി പുതിയ പുതിയ വാതായനങ്ങൾ തുറക്കപ്പെട്ടു എന്നത് വിസ്മരിക്കാവുന്നതല്ല. സ്കൂൾ കലാമേളകൾ, യുവജനോത്സവങ്ങൾ തുടങ്ങിയവ ഇന്ന് മുമ്പെങ്ങുമില്ലാത്തവിധം ജനശ്രദ്ധയാകർഷിക്കുന്നുണ്ട്. പക്ഷേ, കലാപ്രവർത്തനം ഏറ്റവും ചെലവേറിയ ഒരു പ്രക്രിയയായി മാറിയിരിക്കുന്നു എന്നത് അനന്തരഫലം. സ്കൂൾ യുവജനോത്സവവേദികൾ കുട്ടികളുടെ കലാവാസനയെ പോഷിക്കിക്കാനുള്ള വേദികൾ എന്നതിൽ നിന്നും രക്ഷിതാക്കളുടെ മത്സരവേദിയായി തരം താണിട്ട് കാലമേറെയായല്ലോ? കലകളെ പോഷിപ്പിക്കാൻ ആരോഗ്യകരമായ മത്സരം നല്ലതുതന്നെ, പക്ഷേ, കലയെ നോക്കുകുത്തിയാക്കി മത്സരം പൊടിപൊടിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ഇല്ലായ്മ ചെയ്യപ്പെടുന്നത് കല മനുഷ്യസമൂഹത്തിനു നൽകിയ സാംസ്കാരിക ബോധത്തെ തന്നെയാണ്. വല്ലപ്പോഴും നടക്കുന്ന ഒരു നാടകത്തിനോ കലാപരിപാടികൾക്കോ വേണ്ടി വേഴാമ്പലുകളെപ്പോലെ കാത്തിരിക്കുന്ന ഗ്രാമീണജനതയുടെ കാലം പോയിരിക്കുന്നു. കുടിലുകൾ മുതൽ കൊട്ടാരം വരെ സർവ്വസാധാരണമായി മാറിയ ടെലിവിഷനിൽ സീരിയലുകളുടെയും റിയാലിറ്റി ഷോകളുടെയും കാലമാണിത്. പുതിയ തലമുറക്ക് റിയാലിറ്റി ഷോകളിലൂടെ പുതിയ പുതിയ അവസരങ്ങൾ വരുന്നതിനെ കണ്ടില്ലെന്ന് നടിക്കേണ്ടതില്ലെങ്കിലും റിയാലിറ്റി ഷോകൾ പണക്കൊഴുപ്പിന്റെ വേദിയാണെന്നത് പറയാതിരിക്കാനാവില്ല. സീരിയലുകളാകട്ടെ, മുച്ചൂടും സ്ത്രീവിരുദ്ധവും ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് ഏറെ അകലെയുമാണ്. കല എല്ലാ കാലത്തും ‘ദരിദ്ര‘മായിതന്നെ നിലനിൽക്കണമെന്ന് ശഠിക്കുന്നതിൽ അർത്ഥമില്ല, എന്നാൽ അത് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ വിട്ട് പണക്കൊഴുപ്പിന്റെ വർണകൂട്ടുകളിലേക്ക് പറന്നുയർന്നുപോകുമ്പോൾ അതിൽ നിന്ന് ചോർന്നുപോകുന്നത് കലയുടെ ഉപോൽപ്പന്നമായി ജനഹൃദയങ്ങളെ ആർദ്രമാക്കിയിരുന്ന ഉന്നതമായൊരു സാംസ്കാരിക സരണിയാണെന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു.