ഉത്തരകൊറിയന്‍ വിനയം
ഉത്തരകൊറിയന്‍ വിനയം (1) ”തര്‍ക്കിക്കരുത്, താല്പര്യമില്ല..” എന്ന് പറയുന്ന ഒരാള്‍ക്ക് ജനാധിപത്യബോധം കുറവാണെന്നേ പറയാന്‍ സാധിക്കൂ. ഇരുവശവുമിരിക്കുന്നവര്‍ക്ക് തുല്യ പ്രാധാന്യവും അവസരവും നല്‍കുന്ന ജനാധിപത്യപ്രക്രിയയാണ് തര്‍ക്കവും സംവാദവുമൊക്കെ. ‘അറിയാനും അറിയിക്കാനും’ എന്നു പറയുന്നവര്‍ അറിയുന്നവരെയും അറിയിക്കുന്നവരെയും വിഭാവനം ചെയ്യുന്നുണ്ട്. അതൊരു ജനാധിപത്യവിരുദ്ധമായ യജമാന മനോഭാവമാണ്. ആരാണ് അറിയിക്കുന്നത്? ആരാണ് അറിയേണ്ടവര്‍? രണ്ടായാലും ഇരുകൂട്ടര്‍ക്കും ഒരുപോലെ അറിയിക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ അറിയിക്കേണ്ടത് ആര് എന്നതു സംബന്ധിച്ച തര്‍ക്കം അനിവാര്യമാകും. ഒരു വിഭാഗം ക്ഷമാപൂര്‍വം കേള്‍ക്കുക, മറ്റേയാള്‍ തന്റെ മനോവിലാസം പ്രതിരോധമില്ലാതെ അവതരിപ്പിക്കുക എന്നതാണ് അവിടെ സംഭവിക്കുന്നത്. അറിവ് തന്നില്‍ നിന്ന് ശ്രോതാക്കളിലേക്ക് ഒഴുകണം എന്ന നിര്‍ബന്ധം പ്രഭാഷകന്റെ ഔന്നത്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. (2) ഇടപെടലുകളും പ്രതിരോധവുമില്ലാതെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഫ്യൂഡല്‍ ചിന്തയാണ് ‘അറിയാനുംഅറിയിക്കാനും’ ബദ്ധപ്പെടുന്ന കൂട്ടര്‍ ഉള്ളില്‍പേറുന്നത്. സംവാദസാധ്യത നിലനില്‍ക്കുന്ന ഇടങ്ങളില്‍ തര്‍ക്കവും സംവാദവും മോശംകാര്യങ്ങളല്ല. ഒരു പൊതുയോഗത്തില്‍ സഹപ്രാസംഗികരുമായി സംവദിക്കേണ്ടതില്ല. എന്നാല്‍ വിഷയാവതരണം നടത്തുന്നവര്‍ അതിന് തയ്യാറാവണം. മറുപടി നല്‍കാന്‍ വിഷയാവതാരകന് അവസരം കൊടുക്കുകയുംവേണം. തര്‍ക്കം മോശമായാല്‍ ലക്ഷ്യം നിറവേറ്റപ്പെടില്ല. ഏത് കാര്യം മോശമായി ചെയ്താലും അതായിരിക്കും ഫലം. തര്‍ക്കശാസ്ത്രം എന്ന വ്യവഹാരരീതി തന്നെ വികസിപ്പിച്ച ചരിത്രം നമുക്കുണ്ട്. ”വരൂ, നമുക്ക് സൗമ്യമായി, യുക്തിഭദ്രമായി സംവദിക്കാം, കൊണ്ടുംകൊടുത്തും പരസ്പരം ഉണര്‍ത്താന്‍ ശ്രമിക്കാം…” എന്നതായിരിക്കണം ഒരു സ്വതന്ത്രചിന്തകന്റെ സമീപനം. സംവാദം ഇഷ്ടപെടുന്നില്ലെങ്കില്‍ അടഞ്ഞ മനുഷ്യനായി തുടരാന്‍ താല്പര്യപ്പെടുന്നു എന്ന അര്‍ത്ഥംകൂടിയുണ്ട്. സംവാദത്തില്‍ തര്‍ക്കമുണ്ടാവാം, തര്‍ക്കം സംവാദാത്മകവുമായിരിക്കണം. (3) ശരിയാണ്, എല്ലായ്‌പ്പോഴും സംവാദത്തിലേര്‍പ്പെടാന്‍ നിങ്ങള്‍ക്ക് സമയമോ സൗകര്യമോ കിട്ടിയേക്കില്ല. നാഗരികബോധം പ്രകടിപ്പിക്കാത്തവരുമായും മനോവിഭ്രാന്തിക്ക് അടിപ്പെട്ടവരുമായും സംവാദം അസാധ്യമായിരിക്കും. വ്യക്തിയുടെ ‘വലുപ്പവും പ്രശസ്തിയും’ നോക്കിയേ സംവദിക്കൂ എന്ന നിലപാട് അല്‍പ്പത്തരമാണ്. പരിശോധനയ്ക്കും വിമര്‍ശനത്തിനും വിധേയമാക്കാന്‍ പാടില്ലാത്ത ഔന്നത്യം ഒരു ദര്‍ശനത്തിനുമില്ല. ജനാധിപത്യബോധമുള്ളവന്‍ വലുപ്പച്ചെറുപ്പം നോക്കാതെ ആശയവിനിമയം നടത്താന്‍ ശ്രമിക്കും. തന്റെ ആശയലോകം പരിശോധിക്കപ്പെടുന്നത് ഇഷ്ടമല്ല എന്നാണ് ഓരോ സംവാദവിരുദ്ധനും പ്രഖ്യാപിക്കുന്നത്. മതവിശ്വാസികളുടെ പൊതുനിലപാടാണ് ഇത്. വെണ്ണത്തലയന്‍ വെയിലത്ത് നടക്കില്ല. സംവാദസന്നദ്ധത എതിരാളിയോട് കാട്ടുന്ന വിനയവും മര്യാദയുമാണ്. (4) സംവാദം കലഹമല്ല, അതൊരു ആശയവിനിമയമാണ്. ഇരുപക്ഷത്തെയും കേട്ട് സ്വന്തംനിലയില്‍ തീരുമാനം എടുക്കാന്‍ സംവാദത്തിന് സാക്ഷ്യംവഹിക്കുന്നവര്‍ക്ക് അവസരംലഭിക്കും. മനോഹരമായ ഒരു ജനാധിപത്യപ്രക്രിയ ആണത്. അറിയിക്കാന്‍ മാത്രം താല്പര്യപ്പെടുന്ന ആളിന്റെ മുന്നിലിരിക്കുമ്പോള്‍ അത്തരം വ്യവഹാരങ്ങള്‍ അസാധ്യമാണ്. എതിരാളിക്ക് തുല്യമായ അവകാശാധികാരങ്ങളും സാധ്യതകളും ഉണ്ടെന്ന തിരിച്ചറിവാണ് സംവാദത്തിന്റെ പൊരുള്‍. സംവദിക്കാന്‍ വിസമ്മതിക്കുമ്പോള്‍ നിങ്ങള്‍ സ്വയം ഉയര്‍ത്തുകയും എതിരാളിയെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. സമത്വബോധമില്ലായ്മയും സ്വയംമഹത്വപ്പെടുത്തലുമാണ് ‘അറിയാനുംഅറിയിക്കാനും’ സമവാക്യത്തിലുള്ളത്. ഇക്കൂട്ടരുടെ വിനയം വെട്ടിയൊട്ടിപ്പാണ്. താനൊരു കലഹപ്രിയനല്ല, പ്രേതസിനിമ സംവിധാനം ചെയ്യുന്നില്ലെങ്കിലും വിനയനാണ്, തര്‍ക്കിച്ച് തീരുമാനിക്കാനാവാത്തവിധം ഭാരമുള്ള കാര്യങ്ങളാണ് പക്കലുള്ളത്….തുടങ്ങിയ ഒരുപിടി ഔന്നത്യബോധചിന്തകള്‍ സംവാദവിരുദ്ധര്‍ ചുമന്നുനടക്കുന്നുണ്ട്. (5) തര്‍ക്കിച്ചുംസംവദിച്ചും എന്തുനേടാനാണ് എന്ന് ചോദിക്കുന്നവര്‍ അങ്ങനെ ചെയ്യാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകടമായ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ബാധ്യസ്ഥരാണ്. നിശ്ചലവും പിന്തിരിപ്പനുമായ സംവാദരഹിതസമൂഹങ്ങള്‍ ഏകാധിപതികളുടെയും ചോദ്യങ്ങള്‍ ഇഷ്ടപെടാത്ത ജ്ഞാനപ്രഭുക്കളുടെയും വിളനിലങ്ങളായിമാറും. ഉത്തരകൊറിയയും മതരാഷ്ട്രങ്ങളും മികച്ച ഉദാഹരണങ്ങളാണ്. ജയിക്കാനായി തര്‍ക്കിക്കരുത് എന്നു വാദിക്കുന്നവരുണ്ട്. സംവാദങ്ങള്‍ക്ക് സ്‌ക്കോര്‍ബോഡുകളില്ല. ഒരാള്‍ ജയിച്ചു-തോറ്റു എന്നൊക്കെയുള്ള വിലയിരുത്തലുകള്‍ വരുന്നത് അതിന് സാക്ഷ്യംവഹിക്കുന്നവരുടെ ഭാഗത്തുനിന്നാണ്. സംവാദകര്‍ക്ക് ഉന്നയിക്കാനുള്ള കാര്യങ്ങള്‍ പ്രസരിപ്പിക്കാനുള്ള അവസരം ലഭ്യമായി എന്നു കണ്ടാല്‍ മതിയാകും. തര്‍ക്കിച്ചു ജയിച്ചു എന്നതുകൊണ്ട് പറഞ്ഞതൊക്കെ നിരര്‍ത്ഥകമാകുന്നില്ല. തര്‍ക്കിക്കാനും ജയിക്കാനും ശ്രമിച്ചില്ല എന്നതുകൊണ്ട് മാത്രം ആരെടെയും ആശയങ്ങള്‍ വിശുദ്ധവുമാകുന്നില്ല. പരിതാപകരമായ തോതില്‍ വികലവും ചപലവുമായ പല ആശയങ്ങളും സംവാദരഹിതമായി സ്വീകരിക്കപ്പെട്ട ദുരന്തകഥകള്‍ മനുഷ്യചരിത്രത്തിലുണ്ട്. ശരിയായ സമയത്തും കാലത്തും പൊട്ടിപ്പുറപ്പെടുന്ന സംവാദങ്ങള്‍ക്ക് പില്‍ക്കാലത്തുണ്ടാകാനിടയുള്ള പല മഹാദുരന്തങ്ങളില്‍ നിന്നും മനുഷ്യരാശിയെ രക്ഷിക്കാനാവും. അങ്ങനെ സംഭവിക്കാതിരുന്നതുമൂലം ജനിച്ച ഇരുട്ടിലാണ് ഇന്നും നമുക്ക് കാഴ്ച നഷ്ടപെടുന്നത്.