(1) സുഖകരവും സ്വസ്ഥവുമായി നിലകൊള്ളാന്‍ സഹായിക്കുന്ന സ്ഥിരാവസ്ഥകളെല്ലാം ആസനങ്ങളാണ് (സ്ഥിര-സുഖം ആസനം)എന്നാണത്രെ പ്രമാണം. യോഗ വൈദികവും പൗരാണികവും ഭാരതീയവും ആണെന്ന് അവകാശപ്പെടുന്നവരുണ്ട്. വാസ്തവത്തില്‍, യോഗയ്ക്കു ഈ മൂന്നു വിശേഷണങ്ങളും ചേരില്ല. വേദങ്ങളില്‍ യോഗയില്ല. വൈദികതയില്‍ നിന്നും വ്യതിരിക്തമായ താന്ത്രിക പാരമ്പര്യത്തില്‍ നിന്നാണ് അത് വരുന്നത്. യോഗ എന്നാല്‍ കേവലം ആസനങ്ങളല്ല. ‘യോഗസൂത്ര’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവായ പതജ്ഞലിയുടെ(രണ്ടാം നൂറ്റാണ്ട്) അഷ്ടാംഗ യോഗയുടെ എട്ടു ശാഖകളില്‍ ഒന്നു മാത്രമാണ് ആസനം. യോഗസൂത്രയില്‍ ആസനങ്ങളെ കുറിച്ചു കഷ്ടിച്ചു മൂന്നോ നാലോ പരാമര്‍ശങ്ങളേയുള്ളു. നാമിന്നു കാണുന്ന ആധുനിക യോഗാവ്യായാമമുറകള്‍ അവിടെയില്ല. (2) ബുദ്ധരും ജൈനരും ധ്യാനവും യോഗയും അനുഷ്ഠിക്കുമായിരുന്നു. ബുദ്ധനും മഹാവീരനും യോഗാസന ഭാവങ്ങളില്‍ കാണപ്പെടുന്ന പ്രതിമകള്‍ ധാരാളമുണ്ട്. ലാമ യേഷെ (Lama Yeshe) പോലുള്ള ബൗദ്ധ താന്ത്രകരും സ്വാമി സത്യാനന്ദ (Swami Sathayananda) പോലുള്ള ഹിന്ദു താന്ത്രികരും യോഗ ഒരു താന്ത്രികക്രിയ ആണെന്നു വാദിക്കുന്നവരാണ്. ആസനം, കുണ്ഡലിനി, ചക്രങ്ങള്‍, പ്രാണായാമം, മന്ത്രം തുടങ്ങിയവയൊക്കെ താന്ത്രിക പുരോഹിതരാണ് വികസിപ്പെച്ചുടുത്തത്. പതഞ്ജലിയുടെ അഷ്ടാംഗ യോഗ(‘രാജയോഗ’) താന്ത്രിക-സാംഖ്യ അടിത്തറയില്‍ കെട്ടിപ്പടുത്തതാണ്. ഹഠയോഗവും രാജയോഗവും കൂടിച്ചേരുമ്പോഴാണ് ശരീരവും മനസ്സും തമ്മിലുള്ള ഐക്യം ജനിക്കുന്നതത്രെ. 16-17 നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്ന ഹഠയോഗ പ്രദീപികയും ഇരുപതോളം ആസനങ്ങളെ കുറിച്ചു പറയുന്നുണ്ട്. ‘ശിവസംഹിത’യിലും ഇവയെക്കുറിച്ച് പരാമര്‍ശമുണ്ട്. (3) യോഗരാജാവായി (the king of Yoga) വിശേഷിപ്പിക്കപ്പെടുന്നത് ശിവനാണ്. പതിനേഴാം നൂറ്റാണ്ടിലെ ഗ്രന്ഥസംഹിതയാണ് (Gheranda Samhita)) ഹഠയോഗ സംബന്ധിച്ച ആദ്യത്തെ ആധികാരികഗ്രന്ഥം. ശിവന്‍ ചിട്ടപ്പെടുത്തിയ 84 യോഗാസനങ്ങളെ കുറിച്ചു പ്രസ്തുത ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പരാമര്‍ശമുണ്ട്. 1896 ല്‍ വിവേകാനന്ദന്‍ ‘രാജയോഗം’ വ്യാപകമായി പരിചയപ്പെടുത്തുകയും വിദേശത്ത് പ്രചരിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. പക്ഷെ അദ്ദേഹം ആസനങ്ങളെ കുറിച്ചു കാര്യമായൊന്നും പറയുന്നില്ല എന്ന് മാത്രമല്ല ആദ്ധ്യാത്മിക വളര്‍ച്ചയ്ക്കു ഒട്ടും സഹായിക്കാത്ത ഹഠയോഗത്തെ തള്ളിക്കളയും ചെയ്തു. യോഗ ശാരീരിക വ്യായാമമാണെന്ന സങ്കല്‍പ്പത്തെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. (4) യൂജിന്‍ സാന്‍ഡോ (Eugene Sando/1867-1925) എന്ന പ്രഷ്യക്കാരനായ ബോഡി ബില്‍ഡറാണ് ഇന്നു നാം കാണുന്ന ആധുനിക ‘ആസനമുറ’കളില്‍ പലതിന്റെയും ഉപജ്ഞാതാവ്. ഇരുപതാം നൂറ്റാണ്ടില്‍ സാന്‍ഡോയുടെ അനുയായിയ ഔന്തിലെ രാജാവാണ് (Raja BHAVAN RAO SHRINIVAS ‘BALA SAHIB’, Pant Pratinidhi of Aundh (1868–1951). He was Raja of Aundh during 1909-1947) ഇന്ത്യയില്‍ ആദ്യമായി ‘സൂര്യനമസ്‌ക്കാരം’ ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആസനമുറകള്‍ പ്രദര്‍ശനമായി ഇന്ത്യന്‍ യോഗികള്‍ കാണിച്ചു തുടങ്ങി. ആധുനിക ആസന യോഗയ്ക്ക് പരമാവധി ഒന്നര നൂറ്റാണ്ട് പഴക്കമേയുള്ളൂ. മൈസൂര്‍ രാജാവായ കൃഷ്ണരാജ വോഡയാറിന്റെ കൊട്ടാരത്തില്‍ സദസ്സിനെ രസിപ്പിക്കാന്‍ ടി. കൃഷ്ണമാചാരിയും നടത്തിയ അഭ്യാസപ്രകടനങ്ങളാണ് ആധുനിക യോഗയുടെ അടിസ്ഥാനം. ഇവയൊക്കെ യോഗയുടെ പരമ്പരാഗത ആസനമുറകളെ മറികടക്കുന്നവയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ബി.കെ.എസ്സ് അയ്യങ്കാര്‍ (BKS. Iyenkar) രചിച്ച, ഇരുനൂറില്‍പ്പരം ആസനങ്ങളെ കുറിച്ചു പറയുന്ന ലൈറ്റ് ഓണ്‍ യോഗ (Light on Yoga/1966) എന്ന ഗ്രന്ഥമാണ് ആധുനിക ആസനയോഗ സംബന്ധിച്ച ആധികാരികഗ്രന്ഥം. 1980 കള്‍ മുതലാണ് ഇന്നത്തെ ആസനയോഗ പാശ്ചാത്യലോകത്ത് പ്രചരിച്ചു തുടങ്ങിയത്. അടിസ്ഥാനപരമായി നിലവിലുള്ള യോഗാ പാക്കേജ് ഭാരതീയമെന്നതിനെക്കാള്‍ പാശ്ചാത്യമാണ്. ഹഠയോഗം, ആധുനിക സ്‌ക്കൗട്ട് ഡ്രില്‍, ജിംനാസ്റ്റിക്‌സ് എന്നിവയുടെ സങ്കരമാണത്. (5) യോഗയെ ഒരു ലഘുവ്യായാമമായി കാണുന്നവരുണ്ട്. ശരീരത്തിനു ദോഷകരമല്ലാത്ത രീതിയില്‍ ചെയ്യുന്ന എല്ലാ വ്യായാമങ്ങളും നല്ലതാണ്. ഓട്ടം, സൈക്കളിംഗ്, നീന്തല്‍ തുടങ്ങിയ വ്യായാമമുറകള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗുണം യോഗയില്‍ നിന്നും ലഭിക്കില്ലെന്നു വ്യക്തമാണ്. ശീര്‍ഷാസനം പോലുള്ള കഠിനമായ പല യോഗമുറകളും ശരീരത്തിന് ഹാനികരവും അപകടകരവുമാണ്. മനുഷ്യശരീരം സംബന്ധിച്ചു യോഗ അവതരിപ്പിക്കുന്ന പല കാര്യങ്ങളും ശുദ്ധ മതഫലിതങ്ങളാണ്. ഉദാഹരണമായി, കുണ്ഡലിനി, ഇഡ പിംഗള നാഡീകള്‍ സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍. ദേഹമനങ്ങാതെ ജീവിക്കാന്‍ കൊതിക്കുന്ന ഉപരിവര്‍ഗ്ഗത്തിന് യോഗ പ്രിയങ്കരമായേക്കും. മാനസികമായ ഉണര്‍വ്വും സമചിത്തതയും യോഗ പ്രദാനം ചെയ്യുമെന്ന വാദം പൊള്ളയാണ്. കാര്യമായി യോഗ പരിശീലിക്കുന്നവരെ നോക്കിയാലറിയാം, പക്വതയും സഹിഷ്ണുതയും തീരെ കുറഞ്ഞ, മുന്‍കോപം, ആത്മാരാധന, അമിത വൈകാരികത, ബുദ്ധശൂന്യത, അന്ധവിശ്വാസത്വര തുടങ്ങിയ ചപല സ്വഭാവങ്ങളുടെ വിള നിലങ്ങളാണ് മഹാഭൂരിപക്ഷവും. സമചിത്തതയും പക്വതയുമുള്ള ഒരാള്‍ യോഗയ്ക്കു ശേഷവും സമാന സ്വഭാവം പ്രകടിപ്പിച്ചേക്കും. മറിച്ചുള്ളവര്‍ യോഗയിലൂടെ പക്വതയും ശാന്തതയും നേടിയെന്നു പറയുന്നുവെങ്കില്‍ സൂക്ഷിക്കണം. ഇത്തരക്കാരുമായി മുട്ടരുത്. ഒക്കെ, തൊലിപ്പുറത്തെ തൊട്ടു തേപ്പാണ്. (6) പുരാണകഥകള്‍ അനുസരിച്ച് മുന്‍കോപവും ചാപല്യവും മൂലം വിശ്വപ്രസിദ്ധനായി തീന്ന ദുര്‍വാസാവ്, വിശ്വാമിത്രന്‍, അസൂയയുടെ ആള്‍രൂപമായി പല കഥകളിലും പ്രത്യക്ഷപ്പെടുന്ന വസിഷ്ഠന്‍, സ്വന്തം മകനു സ്ത്രീസാമീപ്യം നിഷേധിക്കുന്ന ക്ഷിപ്രകോപിയും വഴക്കാളിയുമായ വിഭാണ്ഡകന്‍, പരശുരാമനോട് സ്വന്തം ഭാര്യയുടെ തലയററക്കാന്‍ പറയുന്ന ജമദഗ്നി മഹര്‍ഷി…….എന്നുവേണ്ട അറിയപ്പെടുന്ന സൂപ്പര്‍ മഹര്‍ഷിമാരൊക്കെ വമ്പന്‍ യോഗികളായിരുന്നിരിക്കണം. ആധുനിക യുഗത്തിലേക്കു വന്നാല്‍ നിരാഹാരത്തിന്റെ രണ്ടാം ദിവസം വിശപ്പു സഹിക്കാനാവാതെ സമ്മേളനവേദിയില്‍ നിന്നും സ്ത്രീവേഷം കെട്ടി ഒളിച്ചോടിയ ബാബാ റാംദേവും അനഭിലഷണീയമായി യോഗ പ്രയോഗിച്ചു അകത്തായ ആശാറാം ബാപ്പുവും ആശ്രമത്തിന്റെ അധികാരത്തിനു വേണ്ടി വിറകു കൊള്ളികൊണ്ട് പരസ്പരം തലയടിച്ചു പൊട്ടിച്ച ശിവഗിരി സ്വാമിമാരും യോഗയിലൂടെ സമചിത്തതയും മനശാന്തിയും നേടിയവരുടെ മുന്‍ നിരയിലാണ്. (7) വ്യായാമമുറകള്‍ നിരവധിയുണ്ട്. പക്ഷെ മതപ്രചരണത്തിനും മതസംരക്ഷണത്തിനും സഹായകരമാണെന്നതാണ് യോഗയെ മതഫാസിസ്റ്റുകളുടെ മുഖ്യ ആയുധമാക്കി മാറ്റുന്നത്. യോഗയെക്കാള്‍ എത്രയോ വഴക്കവും അദ്ധ്വാനവും ആവശ്യമുള്ള വ്യായാമമുറകളാണ് സര്‍ക്കസ് കലാകാരന്‍മാര്‍ ചെയ്യുന്നത്. കളരിപ്പയറ്റ് പോലുള്ള ആയോധനകലകളുടെ കാര്യവും ഭിന്നമല്ല. പക്വതയും സമചിത്തതയും അവര്‍ക്കും അവകാശപ്പെടാവുന്നതേയുള്ളൂ.. വ്യായാമം എന്തായാലും വ്യായാമാനന്തരമുള്ള വിശ്രമം എല്ലായ്‌പ്പോഴും സുഖകരമാണ്. തീര്‍ച്ചയായും അതൊരു രസാനുഭൂതിയാണ്. അര മണിക്കൂര്‍ ഫുട്ബാള്‍ കളിച്ചിട്ടു പുല്‍ത്തകിടിയില്‍ ആകാശം നോക്കി മലര്‍ന്നു കിടന്നു നോക്കൂ. അപ്പോഴുള്ള സുഖം പറഞ്ഞറിയിക്കാനാവില്ല. ചിലപ്പോള്‍ സുഖകരമായ ഒരു മയക്കത്തിലേക്കു വഴുതി വീഴും. കുറെ നേരം നീന്തിയശേഷം വിശ്രമിച്ചാലും സമാനമായ സുഖാനുഭവം ലഭിക്കും. (8) ധ്യാനത്തില്‍ നിങ്ങള്‍ ഏതെങ്കിലും ഒരു വസ്തുവിലേക്കോ വിഷയത്തിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും വിഷയമോ വസ്തുവോ അതിനായി തെരഞ്ഞടുക്കാം. മസ്തിഷ്‌ക്കം നിരവധി വിഷയങ്ങളില്‍ ഒരേ സമയം വ്യാപരിക്കുന്നുണ്ട്. അവിടെയൊരു മുന്‍ഗണനാക്രമ( order of priority)മുണ്ട്. മുന്‍ഗണനാക്രമത്തില്‍ മുകളില്‍ വരുന്നവ മാത്രമാണ് നമ്മെ അലട്ടുക. അല്ലാത്തവ അവഗണിക്കപ്പെടുകയോ മറന്നുപോവുകയും ചെയ്യും. മാനസികസമ്മര്‍ദ്ദം ഉണ്ടാക്കുന്ന വസ്തുത/വിഷയം മുന്‍ഗണനാ പട്ടികയില്‍ താഴോട്ടു പോയാല്‍, ആ സ്ഥാനത്തു മറ്റു വിഷയങ്ങള്‍ വന്നാല്‍ മാനസികസമ്മര്‍ദ്ദം കുറയും. കാലം മുറിവുണക്കുന്നത് അങ്ങനെയാണ്. ഭൂതകാലത്ത് ഹൃദയം തകര്‍ത്ത പല അനുഭവങ്ങളും സമാന തീഷ്ണതയോടെ ഇന്നു വേട്ടയാടത്തതിന്റെ കാരണവും അതാകുന്നു. (9) വിശന്നു വലഞ്ഞിരിക്കുന്ന നിങ്ങള്‍ ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കാനൊരുങ്ങുന്നു. പെട്ടെന്നതാ തിരശ്ശീലയ്ക്കു പിന്നില്‍ ഒരു നിഴല്‍. നിങ്ങളാകെ പരിഭ്രാന്തനാകുന്നു. ശാരീരിക-രാസസമവാക്യങ്ങള്‍ പെട്ടെന്നു മാറി മറിയുന്നു. കയ്യില്‍ കിട്ടിയ ആയുധമെടുത്തു നിങ്ങള്‍ പരിശോധനയ്ക്കു തയ്യാറെടുക്കുന്നു. ഈ സമയത്തു നിങ്ങള്‍ക്കു വിശപ്പില്ല. മുന്‍ഗണനാക്രമത്തില്‍ വിശപ്പു താഴെപ്പോകുകയും സ്വയംപ്രതിരോധത്തിന് മുന്‍കൈ ലഭിക്കുകയും ചെയ്യുന്നതിനാല്‍ നിങ്ങള്‍ വിശപ്പ് താല്‍ക്കാലികമായി മറക്കുകയാണ്. നിഴല്‍ കള്ളന്‍ അല്ലെന്ന് അറിഞ്ഞാല്‍,ആശ്വാസം ലഭിക്കും,ഒപ്പം മറന്നുപോയ വിശപ്പു തിരിച്ചെത്തും. യോഗയും ധ്യാനവും അനുഷ്ഠിക്കുന്നവരുടെ കാര്യവും സമാനമാണ്. അവര്‍ കൈവരിക്കുന്നതായി അവകാശപ്പെടുന്ന ഏകാഗ്രതയും സമചിത്തതയും കൃത്രിമമായ തൊട്ടുതേപ്പാണ്. ചെറുതായൊന്നു ചുരണ്ടി നോക്കിയാല്‍ തനിക്കൊണം പുറത്തുവരും, യോഗി ‘മണിച്ചിത്രത്താഴി’ലെ ”ഗംഗ’യായി പൂത്തുലയും. 🙂 (10) പ്രണയവിഷാദമോ മാനസികസംഘര്‍ഷമോ ഉള്ളവര്‍ കടല്‍ക്കരയില്‍ പോയിരുന്നാല്‍ കുറച്ചു ആശ്വാസം ലഭിക്കും. കടലിന്റെ ബീഭത്സതയും തിരമാലകലുടെ ഇരമ്പലും അനുബന്ധ ദൃശ്യകാഴ്ചകളും മസ്തിഷ്‌ക്കം നിര്‍ധാരണം ചെയ്യുമ്പോള്‍ മുഖ്യപ്രശ്‌നമായ പ്രണയപരാജയം മുന്‍ഗണനാക്രമത്തില്‍ താഴോട്ടുപോകുകയും നിങ്ങള്‍ക്ക് അതിന്റെ ശല്യം കുറഞ്ഞതായി തോന്നുകയും ചെയ്യും. പക്ഷെ കടല്‍ക്കര വിട്ടുപോകുമ്പോള്‍ കടല്‍ മാഞ്ഞുപോകുകയും വിഷാദം തിരിച്ചെത്തുകയും ചെയ്യും. യാഥാര്‍ത്ഥ്യബോധത്തില്‍ (sense of reality) അധിഷ്ഠിതമായ വസ്തുതാപരമായ തിരിച്ചറിവിലൂടെയാണ് സമചിത്തതയും വൈകാരിക ഭദ്രതയും ആര്‍ജ്ജിക്കേണ്ടത്. പ്രകോപനങ്ങളെയും സമ്മര്‍ദ്ദങ്ങളെയും വിജയകരമായി അതിജീവിക്കാന്‍ അതു സഹായിക്കും. ധ്യാനവും യോഗാസനവുമൊന്നും ഇക്കാര്യത്തില്‍ സഹായകരമല്ല-കാരണം അവിടെ വിഷയത്തിന്റെ വേരുകള്‍ ഒരിക്കലും അറുക്കപ്പെടുന്നില്ല. (11) യോഗ രോഗസൗഖ്യം ഉണ്ടാക്കുമെന്ന ധാരണ പ്രാര്‍ത്ഥിച്ചു രോഗംമാറ്റാമെന്ന പോട്ട വിശ്വാസം പോലെയാണ്. സ്‌ക്കിസോഫ്രെനിയ, അര്‍ബുദം ഹൃദയാഘോതം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കു യോഗ സൗഖ്യം കൊണ്ടുവരുമെന്ന വാദത്തിന് കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെ പിന്‍ബലമില്ല. ലഭ്യമായ പഠനഫലങ്ങളില്‍ പലതും അവ്യക്തമോ പ്രതികൂലമോ ആണ്. ചെറിയ ശാരീരിക വിഷമതകള്‍ വ്യായാമത്തിലൂടെ മാറുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഗുരുതരമായ രോഗങ്ങള്‍ക്കു ശരിയായി ചികിത്സ നിഷേധിച്ച് രോഗികളെ അപകടത്തിലേക്ക് പറഞ്ഞുവിടുന്ന യോഗ കച്ചവടക്കാര്‍ വിചാരണ ചെയ്യപ്പെടണം. മതവ്യായാമമായി കെട്ടിഘോഷിക്കപ്പെടുന്നതാണ് യോഗയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്; ചില മതഗ്രൂപ്പുകള്‍ അതിനെ എതിര്‍ക്കുന്നതിന്റ കാരണവും മറ്റൊന്നല്ല. കരിഷ്മാറ്റിക് കണ്‍വെന്‍ഷണുകളും പാര്‍ട്ടി സമ്മേളനങ്ങളും വില്പനമേളകളും സിനിമാപരിപാടികളും നടത്താനുള്ള സ്ഥലങ്ങളാണ് സ്റ്റേഡിയങ്ങള്‍ എന്നു പഠിച്ചുവെച്ചിരിക്കുന്ന മലയാളിക്ക് വ്യായാമത്തോട് പെട്ടെന്ന് പൂതി തോന്നുന്നത് മനസ്സിലാക്കാന്‍ അത്ര പ്രയാസമുള്ള കാര്യമല്ല! വെയില്‍കൊണ്ട് കറുത്തുപോകും എന്ന് ഭയന്ന് കുട്ടികളെ കളിക്കാന്‍പോലും വിടാത്ത, ഗ്രേസ്മാര്‍ക്ക് വാങ്ങാനായി പാട്ടുംനൃത്തവും മാത്രം അഭ്യസിപ്പിക്കുന്ന മലയാളി മധ്യവര്‍ഗ്ഗത്തിനും യോഗ പ്രിയങ്കരമാകാന്‍ കാരണവും വ്യക്തമാണ്. മതപരമായ എന്തു മഹത്തരവും സ്വീകാര്യവും ശാസ്ത്രീയവുമാണെന്ന അന്ധവിശ്വാസമാണ് അവിടെ തെളിഞ്ഞുകത്തുന്നത്. (12) സൂര്യനമസ്‌ക്കാരവും യുറാനസ് പൂജയുമൊന്നും വ്യായാമത്തിന്റെ ഭാഗമായി വരേണ്ട കാര്യങ്ങളല്ല. ചന്ദ്രന്‍ മനുഷ്യന്റെ തലയിലും സൂര്യന്‍ വയറിലും സ്ഥിതി ചെയ്യുന്നതിനാല്‍ ചന്ദ്രന്‍ പൊഴിക്കുന്ന അമൃത് സൂര്യനില്‍ വീഴുന്നതുകൊണ്ടാണ് വാര്‍ദ്ധക്യം ഉണ്ടാകുന്നതെന്നും അതൊഴിവാക്കിയാല്‍ മരണം വരെ ഒഴിവാക്കാം എന്നൊക്കെ സിദ്ധാന്തിക്കുന്ന യോഗാപ്രമാണങ്ങള്‍ കൂടോത്രത്തില്‍ നിന്നും ഒട്ടും ഭേദമല്ല. യോഗ പല സഹസ്രകോടീശ്വരന്‍മാരെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ യോഗയിലെ പ്രഥമതത്ത്വം തന്നെ യമം (സംഭാവനകള്‍ സ്വീകരിക്കാതിരിക്കുക) ആണെന്നതു വിസ്മരിക്കാന്‍ പാടില്ല. യോഗ ചെയ്യാനും ചെയ്യാതിരിക്കുന്നതും അവനവന്റെ താല്‍പര്യമാണ്. പക്ഷെ അതു സംബന്ധിച്ച അതിശയോക്തിപരമായ പ്രചരണവും (വിശേഷിച്ചും ചികിത്സാ സംബന്ധിയായ) താല്‍പര്യമില്ലാത്തവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും എതിര്‍ക്കപ്പെടേണ്ടതാണ്. — (13) എന്താണ് വ്യവസ്ഥാപിതമായ വ്യായാമത്തിന്റെ മാനദണ്ഡങ്ങള്‍? ശാസ്ത്രീയമായ വ്യായാമത്തില്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ട്. അവയില്‍ എയ്‌റോബിക് (Aerobics)വ്യായാമമാണ് ഏറ്റവും പ്രധാനം. ഓട്ടം, നീന്തല്‍, സൈക്കളിംഗ്, ജോഗിംഗ് …തുടങ്ങി ശരീരമാകെ ഇളകി, വിയര്‍ക്കുന്ന വ്യായാമങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഇവ മൂലം ഹൃദയം, ശ്വാസകോശം, മസ്തിഷ്‌ക്കം, വൃക്കകള്‍, പേശികള്‍, അസ്ഥികള്‍… തുടങ്ങി മിക്ക അവയവങ്ങള്‍ക്കും നല്ലതോതില്‍ വ്യായാമം ലഭിക്കുന്നു. ശരീരം നല്ലതോതില്‍ വിയര്‍ക്കുന്നു, വ്യായാമശേഷം നല്ല തോതില്‍ ശാരീരികസുഖവും മാനസികാനുഭൂതി ലഭിക്കുന്നു. പ്രവര്‍ത്തനക്ഷമതയും കായികക്ഷമതയും കരുത്തും വര്‍ദ്ധിക്കുന്നു. സാധാരണക്കാരനായ ഒരാള്‍ക്ക് എയ്‌റോബിക് വ്യായാമം മാത്രം മതിയാകും. (14) ശരീരത്തെ ശക്തിപ്പെടുത്തുന്ന(strengthen) വ്യായാമമുറകളാണ് രണ്ടാമത്തേത്. പുഷ്-അപ്, പവര്‍ലിഫ്റ്റിംഗ്, ഭാരദ്വഹനം.. തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവയുടെ അനുഷ്ഠാനത്തിലൂടെ ശരീരത്തിന്റെ കരുത്തും ഭാരവാഹകശേഷിയും വര്‍ദ്ധിപ്പിക്കുന്നു. അവയവങ്ങള്‍ക്കും പേശികള്‍ക്കും വഴക്കവും ഇലാസ്തികതയും പകരുന്ന സട്രെച്ചിംഗ് (stretching) വ്യായാമങ്ങളാണ് മൂന്നാമത്തേത്. യോഗ ഉള്‍പ്പെടെയുള്ള ലഘുവ്യായാമങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. സ്‌ട്രെച്ചിംഗ് ചെയ്യുന്നത് ശരീരത്തിന് വഴക്കവും ഉണ്ടാകാന്‍ നല്ലതാണ്. അത് ചെയ്യാന്‍ യോഗക്കാരുടെ ആചാരങ്ങളും മതപരതയും ആവശ്യമില്ല. സാധാരണ കായികതാരങ്ങള്‍ വാമിംഗ് അപ്പിന്റെ ഭാഗമായി സ്‌ട്രെച്ചിംഗ് ചെയ്യാറുള്ളത് ശ്രദ്ധിക്കുക. വ്യായാമത്തിലും മതംകടത്താനും യോഗയ്ക്ക് ഇല്ലാത്ത ഗുണങ്ങള്‍ ആരോപിക്കാനും ശ്രമിക്കുമ്പോഴാണ് അഭംഗി മൂര്‍ച്ഛിക്കുന്നത്. യോഗ മറ്റേത് സ്‌ട്രെച്ചിംഗ് വ്യായമത്തേയുംപോലും ഒരു വ്യായാമം, അത്ര മാത്രം. (15) കായിക ഇനങ്ങള്‍ വ്യായാമത്തോടൊപ്പം ആനന്ദവും ഉല്ലാസവും പകര്‍ന്നു നല്‍കുന്നവയാണ്. ശരിക്കും ജീവിതത്തിന്റെ സിലബസ്സ് തന്നെയാണ് അവിടെയുള്ളത്. മത്സരമുണ്ട്, പോരാട്ടമുണ്ട്, നേട്ടവും നഷ്ടവുമുണ്ട്, വൈകാരികവും മാനസികവുമായ പ്രശ്‌നപരിഹാരങ്ങളുണ്ട്…… മാനസികസമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതില്‍ കായികമത്സരങ്ങള്‍ക്കുള്ള കഴിവ് പതിനായിരങ്ങള്‍ ചെലവിട്ട് പങ്കെടുന്ന കൗണ്‍സിലിംഗ് ക്ലാസ്സുകളിലൂടെയോ ആത്മീയപ്രഭാഷണങ്ങളിലൂടെയോ ലഭിക്കില്ല. ഓടിച്ചാടി കളിക്കേണ്ട കുട്ടികളെ യോഗാ ഡ്രില്ലുകളിലേക്ക് പരിമിതപ്പെടുത്തുന്നത് തെറ്റാണ്. ഉദാഹരണമായി, ദിവസം വൈകിട്ട് 15 മിനിറ്റ് ഫുട്ബാള്‍ കളിക്കുന്ന ഒരാള്‍ക്ക് നല്ല തോതില്‍ ശാരീരിക വ്യായാമം ലഭിക്കുന്നുവെന്ന് മാത്രമല്ല മെച്ചപ്പെട്ട തോതില്‍ മാനസികസംതുലനം നേടാനും മികച്ച സമൂഹജീവിയായി തീരാനും സഹായകരമാണ്. മുറിയില്‍ അടച്ചിരുന്ന്, എന്തൊക്കയോ നിഗൂഢത ആരോപിച്ച് ചെയ്യുന്ന യോഗയിലൂടെ ഈ ഗുണങ്ങള്‍ ആര്‍ജ്ജിക്കാനാവില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് നാം ചുറ്റും കാണുന്ന യോഗാചാര്യന്‍മാരും യോഗാപ്രേമികളും തന്നെയാണ്. വ്യായാമം എന്ന നിലയില്‍ അപൂര്‍ണ്ണവുമാണ് എന്ന് മാത്രമല്ല മനുഷ്യനെ മാനസികമായി മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ യോഗ പരാജയവുമാണ്. (16) മാനസികസംതുലനമുള്ള, സഹിഷ്ണുതയുള്ള, സംസ്‌ക്കാരചിത്തനായ, വൈകാരിക പക്വതയുള്ള, ബൗദ്ധിക ഉന്നതിയുള്ള യോഗഭ്രമിതാക്കളെ നിത്യജീവിതത്തില്‍ ചൂണ്ടിക്കാട്ടാനാവുമോ? തീര്‍ച്ചായും അത് അത്ര എളുപ്പമായിരിക്കില്ല. യോഗ നിശ്ചയമായും മനുഷ്യനെ മാനസികമായി അധ:പതിപ്പിക്കും എന്ന് കരുതാനാവില്ല. അന്ധവിശ്വാസത്വരയും നിഗൂഢതാപ്രേമവും വര്‍ദ്ധിപ്പിച്ചേക്കാം എന്നതില്‍ കവിഞ്ഞ് മറ്റൊരു മാനസികനേട്ടവും അവിടെ ഉണ്ടാകുന്നില്ല എന്ന് സൂചിപ്പിച്ചെന്ന് മാത്രം. മാനസികസംതുലനവും ആത്മനിയന്ത്രണവും സഹിഷ്ണുതയും ഉള്ളവര്‍ യോഗ ചെയ്താലും ഇല്ലെങ്കിലും പ്രസ്തുത ഗുണങ്ങള്‍ നിലനിറുത്താനാണ് സാധ്യത. മറിച്ചുള്ളവരും അവരവരുടെ സ്വത്വം അന്യൂനമായി നിലനിറുത്തുമെന്ന് വേണം പ്രതീക്ഷിക്കാന്‍. അവിടെയൊക്കെ, യോഗ ഏതാണ്ട് നൂറ് ശതമാനം നിസ്സഹായമാണ്.