വിവേകാനന്ദന്‍ ഹിന്ദു മിശിഹയോ?


മാവോവാദികള്‍ മുതല്‍ ബാബാപ്രേമികള്‍ വരെ പോസ്റ്റര്‍ബോയി ആയി കാണുന്ന മതചിന്തകാനാണ് സ്വാമി വിവേകാനന്ദന്‍ (Shami Bibekanondo/12 January 1863 – 4 July 1902). ഇന്ത്യന്‍ കറന്‍സിയില്‍ വിവേകാനന്ദന്റെ ചിത്രം വേണമെന്നോ വിവേകാനന്ദന്റെ ചിത്രമുള്ള കറന്‍സി ഇറക്കണമെന്നോ ഒക്കെയുളള വാദങ്ങളുമായി അല്‍പ്പബുദ്ധികളും മൗലികവാദികളും കളംനിറയുന്ന കാലം. രാഷ്ട്രപിതാവുപോലും വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുന്ന രാജ്യത്ത് ഒരു ഭൂരിപക്ഷ മതപ്രാചാരകന്‍ അവിശ്വസനീയമായ തോതില്‍ ദിവ്യവല്‍ക്കരിക്കപ്പെടുന്നത് ആസൂത്രിതമായ മതവല്‍ക്കരണ അജണ്ടയുടെ ഭാഗമായാണ്. വേദാന്തം വിജയകരമായി വിദേശത്തേക്ക് കയറ്റുമതി ചെയ്തതും ‘ഒരൊറ്റ മതപ്രസംഗത്തിലൂടെ’ ഇന്ത്യയുടെ കീര്‍ത്തി വാനോളമുയര്‍ത്തിയതുമാണ് വിവേകാനന്ദപൂജയുടെ അടിത്തട്ട് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
1893 സെപ്തംബര്‍ മാസം പതിനൊന്നാം തീയതി ഷിക്കാഗോയിലെ ലോക മതസമ്മേളനത്തില്‍ (Parliament of the World’s Religions) വെച്ചായിരുന്നു പ്രസ്തുത പ്രസംഗം. ഇതിന്റെ ശബ്ദരേഖ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇന്റര്‍നെറ്റില്‍ ആറ് ലക്ഷത്തിലധികം പേര്‍ വീക്ഷിച്ചിച്ചതായി കാണുന്നുണ്ട്; ലൈക്ക് അടിച്ച ആയിരങ്ങള്‍ വേറെയും. വിഡിയോയില്‍ ‘വിവേകാനന്ദന്റെ ശബ്ദം’ മാത്രമെ കേള്‍ക്കാനാവൂ. ശബ്ദലേഖന വിദ്യ കണ്ടുപിടിച്ചത് 1897 ല്‍ മാത്രമാണ്. പിന്നെയെങ്ങനെ ഷിക്കാഗോ പ്രസംഗത്തിന്റെ ‘ശബ്ദരേഖ’ ഉണ്ടായി?! ശബ്ദരേഖയില്‍ കേള്‍ക്കുന്നതു വിവേകാനന്ദന്റെ ശബ്ദമാണെന്നു വന്നാലും അത് ഷിക്കാഗോ പ്രസംഗത്തിന്റെ ശബ്ദരേഖയാവാന്‍ സാധ്യത കുറവാണ്. ഷിക്കാഗോ സമ്മേളനത്തിന്റെ ചിത്രങ്ങള്‍ നോക്കിയാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ കാണുന്നതുപോലെ വേദി നിറയെ പ്രാസംഗികരുണ്ട്-കുറഞ്ഞത് അറുപതു പേര്‍! വേദിയിലിരിക്കുമ്പോള്‍ സഭാകമ്പംമൂലം തന്റെ മുട്ടിടിക്കുകയായിരുന്നുവെന്ന് ലോകത്തെ അറിയിച്ചത് വിവേകാനന്ദന്‍ തന്നെയാണ്. പക്ഷെ നാം കേള്‍ക്കുന്ന ശബ്ദരേഖയിലുളളത് ഒരു ഇടിവെട്ട് പ്രസംഗമാണ്. ഷിക്കാഗോ പ്രസംഗം അച്ചടി രൂപത്തില്‍ ലഭ്യമാണ്. പക്ഷെ കൃത്യമായും അതൊക്കെ തന്നെയാണോ  വിവേകാനന്ദന്‍ ഷിക്കാഗോയില്‍ പറഞ്ഞതെന്ന് വ്യക്തമല്ല.
ഷിക്കാഗോയില്‍ ഒരു വിഖ്യാതപ്രസംഗം നടത്തിയെന്ന് പ്രചരിക്കപ്പെടുമ്പോള്‍ വിവേകാനന്ദന്‍ ഒരു നല്ല പ്രാസംഗികനായിരുന്നോ എന്നു ചോദിക്കാനേ പാടില്ലാത്തതാണ്. എന്നാല്‍ സ്വന്തംനിലയില്‍ അദ്ദേഹത്തിനും അങ്ങനെയൊരു സംശയമുണ്ടായിരുന്നു. താനൊരു മോശം പ്രസംഗികനാണെന്ന് മാത്രമല്ല ആള്‍ക്കാരെ അഭിമുഖീകരിച്ച് സംസാരിച്ച് ശീലമില്ലാത്ത ആളാണെന്നും, കൂടെ മത പാര്‍ലമന്റില്‍ പ്രസംഗിച്ചവരുമായി താരതമ്യപ്പെടുത്തിയാല്‍ തന്റെ കാര്യം ദയനീയമായിരുന്നുവെന്നും വിവേകാനന്ദന്‍ സുഹൃത്തുക്കള്‍ക്ക് എഴുതിയിട്ടുണ്ട്.
ഷിക്കാഗോ പ്രസംഗം പിന്നീട് ശബ്ദരൂപത്തില്‍ പുറത്തിറക്കുന്നതില്‍ തെറ്റില്ല. അന്തര്‍ദ്ദേശീയ സമ്മേളനങ്ങളില്‍ പലപ്പോഴും പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ നിര്‍വഹിക്കാനായെന്നു വരില്ല. വിവേകാനന്ദന്‍ തന്നെയാണോ ഇതു ചെയ്തത്? ശബ്ദം അദ്ദേഹത്തിന്റെതാണെന്നു കരുതുന്നവരുണ്ട്. പക്ഷെ ഉച്ചാരണവും ശൈലിയും കുറെക്കൂടി ആധുനികമാണെന്ന് വ്യക്തം. വിവേകാനന്ദന്‍ തന്നെയാണ് ശബ്ദം ആലേഖനം ചെയ്തതെങ്കില്‍ അത് ഷിക്കാഗോപ്രസംഗത്തിന്റെ അസ്സല്‍ ശബ്ദരേഖയല്ലെന്ന് തുറന്നു പറയേണ്ടതുണ്ട്. വിവേകാനന്ദന്റെ ശബ്ദം മറ്റാരെങ്കിലും അനുകരിച്ചതാണെങ്കില്‍ അക്കാര്യം പരസ്യമായി സൂചിപ്പിക്കണം. ഇടയ്ക്കു മാത്രം ശബ്ദമിശ്രണം നടത്തിയെങ്കില്‍ അങ്ങനെ. മൈക്രോഫോണിന് മുന്നില്‍ സ്വരവ്യത്യാസം ക്രമപ്പെടുത്തി സംസാരിക്കാന്‍ പോലും അറിയില്ലെന്ന് തുറന്നു സമ്മതിച്ച ആളാണ് വിവേകാനന്ദന്‍. യു-ട്യൂബ് വീഡിയോയില്‍ ശബ്ദമിശ്രണമുണ്ടെന്നും അസ്സലും വ്യാജവും തമ്മിലുള്ള വ്യത്യാസം സ്പഷ്ടമാണെന്നുമാണ് ചില ആരാധകരുടെ വാദം. വിവേകാനന്ദന്റെ ഒന്നിലധികം പ്രസംഗങ്ങളെ ആധാരമാക്കി മറ്റാരുടെയോ ശബ്ദത്തില്‍ തട്ടിക്കൂട്ടിയതാണ് ഷിക്കാഗോ ശബ്ദരേഖയെന്ന സംശയം കനക്കുന്നത് അങ്ങനെയാണ്.
വിവേകാനന്ദന്റെ ജീവിതവിശദാംശങ്ങള്‍ അറിയുന്നവരാണ് ‘ഷിക്കാഗോ പ്രസംഗം’നിര്‍മ്മിച്ചിരിക്കുന്നത്. തുടക്കത്തിലെ  സദ്ദസ്സിന്റെ ഹര്‍ഷാരവംവരെ അതിലുണ്ട്. ”അമേരിക്കയിലെ സഹോദരീ സഹോദരന്‍മാരെ”എന്നു അഭിവാദ്യം ചെയ്തപ്പോള്‍ സദസ്സ് 2 മിനിറ്റ് നിറുത്താതെ കയ്യടിച്ചെന്ന് വിവേകാന്ദന്‍ ഒരു സ്വകാര്യകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പക്ഷെ ശബ്ദരേഖയില്‍ ഹര്‍ഷാരവവും കയ്യടിയും കഷ്ടിച്ച് അര മിനിറ്റ് പോലുമില്ല. ഹര്‍ഷാരവം പില്‍ക്കാലത്ത് വ്യാജമായി എഡിറ്റു ചെയ്തു ചേര്‍ത്തതാണോ എന്നു സംശയിക്കണം. 1893 ലെ ശബ്ദലേഖന സാങ്കേതികത പരിഗണിക്കുമ്പോള്‍ എഡിറ്റിംഗിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഭാഗത്ത് നടത്തിയ ശബ്ദലേഖനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടെടുക്കുമ്പോള്‍ വല്ലാത്ത ഇരമ്പല്‍ സാധാരണയാണ്. അത് നീക്കംചെയ്യാന്‍ ശ്രമിച്ചാല്‍ ശബ്ദംതന്നെ വികലമാകും. തോമസ് ആല്‍വ എഡിസന്റെ സിലിണ്ടറിക്കല്‍ ശബ്ദലേഖനത്തിന്റെ (Edison cylinder recordings) കാര്യത്തില്‍ ഇതു വളരെ പ്രകടമാണ്. പക്ഷെ വിവേകാനന്ദന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ശബ്ദലേഖനത്തിന് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല!
1893 ലെ ലോകമത സമ്മേളനത്തിലെ പ്രസംഗങ്ങള്‍ ഔദ്യോഗികമായി ശബ്ദലേഖനം ചെയ്തതായി തെളിവില്ല. ഏറിയാല്‍ രണ്ടോ മൂന്നോ മിനിറ്റ് ശബ്ദലേഖനം നടത്താനുള്ള സാങ്കേതിക വിദ്യയേ അന്നു അമേരിക്കയില്‍ പോലും നിലവിലുള്ളു-അതും സ്റ്റുഡിയോ സാഹചര്യങ്ങളില്‍. അന്നവിടെ ചെയ്ത മറ്റ് പ്രസംഗങ്ങള്‍ ശബ്ദലേഖനം ചെയ്തതായി ആരും അവകാശപ്പെട്ടിട്ടില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഷിക്കാഗോ പ്രസംഗത്തിന്റ ശബ്ദലേഖനം നടന്നിട്ടില്ലെന്നാണ്. അത്തരം അവകാശവാദത്തോടെ പ്രചരിപ്പിക്കപ്പെടുന്ന ശബ്ദരേഖയും വീഡിയോയും അടിമുടി വ്യാജമാണ്. പില്‍ക്കാലത്ത് ബംഗാളിച്ചുവയുളള ഇംഗ്‌ളീഷില്‍ ആരെങ്കിലും പ്രസ്തുത പ്രസംഗം ശബ്ദരൂപത്തില്‍ പുനര്‍സൃഷ്ടിച്ചിട്ടുണ്ടാവാം. പക്ഷെ  അത് വിവേകാന്ദന്‍ തന്നെയാവാനുള്ള സാധ്യത ദുര്‍ബലമാണ്. 1902 ല്‍ അന്തരിച്ച അദ്ദേഹം ഇതെപ്പറ്റി അറിഞ്ഞിട്ടുണ്ടാവാന്‍ വഴിയില്ല.
വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം റെക്കോഡ് ചെയ്തിട്ടില്ലെന്ന് അഭിപ്രായമുള്ളവര്‍ രാമകൃഷ്ണാമിഷനില്‍ തന്നെയുണ്ട്. പ്രസിദ്ധ എഴുത്തുകാരനായ എം.എസ്. നഞ്ചുന്‍ദിയ(MS Nanjundiah) അവരിലൊരാളാണ്. ചെന്നെയിലെ ശ്രീരാമകൃഷ്ണാമിഷന്‍ പ്രസിദ്ധീകരിക്കുന്ന വേദാന്ത(The Vedanta) മാഗസിനില്‍ (2010 ഓഗസ്റ്റ്) അദ്ദേഹം ഇതിനെ കുറിച്ചെഴുതിയിട്ടുണ്ട്. വിവേകാനന്ദന്റെ നിര്‍ദ്ദേശപ്രകാരം തുടങ്ങിയ മാഗസിനാണിത്. നഞ്ചുന്‍ദിയ ശ്രീരാമകൃഷ്ണ മിഷനുള്ളില്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയും അവിടുത്തെ ചരിത്രകാരന്‍മാരെയും ലൈബ്രേറേറിയന്‍മാരെയും ബന്ധപ്പെടുകയും ചെയ്തു. സാങ്കേതികപരിമിതികള്‍ പരിഗണിക്കുമ്പോള്‍ 1893 പ്രസംഗത്തിന്റെ ശബ്ദാലേഖനം സാധ്യമല്ലെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേരുന്നത്.
2013 ജനുവരിയില്‍ രാമകൃഷ്ണമിഷന്റെ പ്രസിദ്ധീകരണവിഭാഗമായ അദ്വൈതാശ്രമം (Advaita Ashrama) ഇക്കാര്യം പരസ്യമായി സമ്മതിച്ചിരുന്നു. വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി അവര്‍ ഒരു ഓഡിയോ ബുക്ക് പുറത്തിറക്കിയിരുന്നു. അതില്‍ വിവേകാനന്ദന് ശബ്ദം നല്‍കിയിരിക്കുന്നത് വിപ്‌ളവ് ഗാംഗുലി -(Biplab Ganguli) എന്ന ബംഗാളിയാണ്. അവതരണം മസ്ദുല്‍ ഹഖ് (Masoodul Huq) നിര്‍വഹിച്ചിരിക്കുന്നു. ”ലോകമത പാര്‍ലമെന്റില്‍ വെച്ച് സ്വാമി വിവേകാനന്ദന്റെ അസ്സല്‍ ശബ്ദം ആലേഖനം ചെയ്തിരുന്നെങ്കില്‍ എത്ര വിസ്മയകരമായേനെ. കനത്തതും പൗരുഷമുള്ളതുമായ ആ ശബ്ദം ശരിക്കും ഒരു നിധി തന്നെയാകുകുമായിരുന്നു….പക്ഷെ പക്ഷെ ഇനിയതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല”എന്നാണ് ബേലൂര്‍ അദ്വൈത ആശ്രമത്തിന്റെ അദ്ധ്യക്ഷനായ സ്വാമി ബോധസരാനന്ദ (Swami Bodhasarananda) ഇതെപ്പറ്റി പരിതപിച്ചത്. ഇന്റര്‍നെറ്റിലും മറ്റും പ്രചരിക്കുന്ന വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗം എങ്ങനെ സാധ്യമാകുമെന്ന് തനിക്കറിയില്ലെന്ന് ബോധസരാനന്ദ പറയുന്നുണ്ട്.
ഇന്റര്‍നെറ്റ് ശബ്ദരേഖയില്‍ വിവേകാനന്ദനെ സദസ്സിന് മുമ്പില്‍ അവതരിപ്പിക്കുന്നത് ഒരു വനിതയാണ്. പക്ഷെ മി. ബരോസാണ് (Mr. Barrows) തന്നെ സദസ്സിന് പരിചയപ്പെടുത്തിയതെന്ന് വിവേകാനന്ദന്‍ എഴുതിയിട്ടുണ്ട്(Ref-letter to his admirer Alasinga Perumal dated November 2, 1893). ഹര്‍ഷാരവവും അവതരണവും കൃത്രിമമാണെന്നതിനു കൂടുതല്‍ തെളിവിന്റെ ആവശ്യമില്ലെന്നു സാരം. വിവേകാനന്ദന്റെ പാശ്ചാത്യ സന്ദര്‍ശനങ്ങളെ കുറിച്ചു ഗവേഷണം നടത്തിയ ചരിത്രകാരിയായ മേരി ലൂയി ബര്‍ക്ക് (Marie Louise Burke) 1994 ജനുവരിയില്‍ ബേലൂര്‍ മഠം (Belur Math) സന്ദര്‍ശിച്ച വേളയില്‍ ഷിക്കാഗോ പ്രസംഗം റെക്കോഡ് ചെയ്തിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ആ കാലയളവ് മാത്രം പ്രത്യേകമായെടുത്ത് ഗവേഷണം നടത്തുന്ന രണ്ട് ചരിത്രകാരന്‍മാരുമായി ബന്ധപ്പെട്ട ശേഷമാണ് അവര്‍ അക്കാര്യം സ്ഥിരീകരിച്ചത്. വിവേകാനന്ദന്റെ ശബ്ദം ഇന്ത്യയില്‍വെച്ചും വിദേശത്തു വെച്ചും റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അവയില്‍ ചിലവ വിവേകാനന്ദന്‍ തന്നെ ഇന്ത്യയിലേക്ക് അയച്ചുകൊടുത്തിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. പക്ഷെ അത്തരത്തിലൊന്ന് ഇന്നുവരെ കണ്ടെത്താനായിട്ടില്ലെന്നതാണ് തണുത്ത യാഥാര്‍ത്ഥ്യം(Ref.).
കഷ്ടിച്ച് രണ്ടു മൂന്നു മിനിട്ട് നീണ്ടുനില്‍ക്കുന്ന പൂര്‍ണ്ണപ്രസംഗമാണ് അച്ചടിരൂപത്തില്‍ പ്രചരിക്കുന്നത്. ലോകത്ത് മതങ്ങള്‍ക്കും മതനേതാക്കള്‍ക്കും പഞ്ഞമില്ലാത്തതിനാല്‍ ഏതാനും മിനിറ്റുകള്‍ മാത്രമായിരിക്കണം വിവേകാനന്ദന് സംസാരിക്കാന്‍ ലഭിച്ചിട്ടുണ്ടാവുക. പക്ഷെ ‘ഷിക്കാഗോ പ്രസംഗം’എന്ന പേരില്‍ ലക്ഷക്കണക്കിന് പേര്‍ കാണുകയും ഷെയര്‍ ചെയ്ത വീഡിയോകള്‍ പലതും 21 മുതല്‍ 38 മിനിറ്റു വരെ ദൈര്‍ഘ്യമുള്ളതാണ്!
”ഞാനിന്ന് ദൈവത്തിന്റെ ശബ്ദം കേട്ടു”എന്നാണ് ഈ ശബ്ദരേഖയുടെ കീഴില്‍ കാണാവുന്ന ഒരു വിശ്വാസിയുടെ കമന്റ്!
ഷിക്കാഗോയില്‍ വിവേകാനന്ദന്‍ സംസാരിച്ചുണ്ടെന്ന കാര്യത്തില്‍ ചരിത്രകാരന്‍മാര്‍ക്കിടയില്‍ തര്‍ക്കമില്ല. പില്‍ക്കാലത്ത് ആര്‍ട്ട് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ചിക്കാഗോയുടെ പ്രവേശനദ്വാരത്തിന് വിവേകാനന്ദന്റെ പേര് നല്‍കി(Honarary Swami Vivekananda Way, Chicago) ബഹുമാനിച്ചിട്ടുണ്ട്. 1995 സെപ്തംബര്‍ പതിനൊന്നിനാണ് ഇതു സ്ഥാപിച്ചത്. മതപ്രീണനം എന്നത് ഒരു രാജ്യാന്തര നയതന്ത്രവിനോദം കൂടിയാണ്. രണ്ടു രാജ്യങ്ങള്‍ പരസ്പരബന്ധം മെച്ചപ്പെടുത്താനായി പേരിടലുകളും മതസ്മാരക നിര്‍മ്മാണങ്ങളും നടത്താറുണ്ട്. ജെറുസലേമില്‍ ചെന്നാല്‍ യേശുവുമായി ബന്ധപ്പെട്ട നിരവധി ”അസ്സല്‍ വസ്തുക്കളും സ്ഥലങ്ങളും”കാണാനാവും! വിവേകാനന്ദന്റെ പേര് നല്‍കിയ തെരുവിന്റെ അസ്സല്‍നാമം വേറെയാണ്. ഷിക്കാഗോയിലെ ഏതാണ്ട് 600 തെരുവുകള്‍ക്ക് ബഹുമതിനാമങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹിന്ദു ശക്തികള്‍ ലോബിയിംഗിലൂടെ സാധ്യമാക്കിയതാണ് വിവേകാനന്ദന്റെ പേരിലുള്ള ബോര്‍ഡ്. ഹിന്ദുമതത്തെ സംബന്ധിച്ചും സനാതന ധര്‍മ്മത്തെക്കുറിച്ചും ചിക്കാഗോയില്‍ തന്നെ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയ ഗ്യാനേന്ദ്ര ചക്രവര്‍ത്തിയുടെ (Gyanendra Nath Chakravarti) പേര് ഒഴിവാക്കി വിവേകാനന്ദന്റെ പേര് നല്‍കിയതു പല ചരിത്രകാരന്‍മാരെയും അതിശയിപ്പിച്ചിട്ടുണ്ട്.
കണ്ടവരും കേട്ടവരും
നിലവിലുള്ള രേഖകളനുസരിച്ച് പ്രധാനമായും ആറ് ലഘു പ്രഭാഷണങ്ങളാണ് വിവേകാനന്ദന്‍ ഷിക്കാഗോയിലെ ലോക മതസമ്മേളനത്തില്‍(1893 സെപ്തംബര്‍) നടത്തിയത്. സെപ്റ്റംബര്‍ പതിനൊന്നിലെ ആമുഖപ്രസംഗം, പതിനഞ്ചിന് നടത്തിയ ‘എന്തുകൊണ്ട് ഞങ്ങള്‍ വിയോജിക്കുന്നു'(Why we disagree) എന്ന പേരിലറിയപ്പെടുന്ന ഭാഷണം, സെപ്റ്റംബര്‍ പത്തൊമ്പതിന് അവതരിപ്പിച്ച’ഹിന്ദുമതത്തെ കുറിച്ചുള്ള പ്രബന്ധം'(Paper on Hinduism), സെപ്റ്റംബര്‍ ഇരുപതിലെ ‘ഇന്ത്യയ്ക്ക് ഏറ്റവും അത്യാവശം മതമല്ല'(Religion not the Crying need of India), സെപ്റ്റംപര്‍ ഇരുപത്തിയാറിലെ ‘ബുദ്ധിസം ഹിന്ദുമതത്തിന്റെ പൂര്‍ത്തീകരണം'(Buddhism, the Fulfillment of Hinduism), സമാപനസമ്മേളനത്തില്‍ സെപ്റ്റംബര്‍ 27 ന് നടത്തിയ പ്രസംഗം എന്നിവയാണവ. ലോക കൊളമ്പിയന്‍ പ്രദര്‍ശനത്തോട് അനുബന്ധിച്ച് (World’s Columbian Exposition) 1893 സെപ്തംബര്‍ 11 മുതല്‍ 27 വരെയാണ് ഷിക്കാഗോയിലെ ആര്‍ട്ട് പാലസ് ബില്‍ഡിംഗില്‍ ലോക മതസമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. മുഖ്യ സംഘാടകരില്‍ ഒരാളായ ജോണ്‍ ബരോസിന്റെ വിവരണമമനുസരിച്ച് 4000 പേര്‍ക്കിരിക്കാവുന്ന കൊളമ്പസ് ഹോളായിരുന്നു പ്രധാന വേദി. ഇവിടെയായിരുന്നു വിവേകാനന്ദന്റെ ആരംഭപ്രസംഗം. ഇതിനു പുറമെ 3000-4000 ഇരിപ്പിടങ്ങളുള്ള വാഷിംഗ്ടണ്‍ എന്ന പേരുള്ള മറ്റൊരു വലിയ ഹോളും ഒപ്പം മറ്റ് 12 ചെറിയ ഹോളുകളും ആര്‍ട്ട് പാലസിലുണ്ടായിരുന്നു.
സെപ്റ്റംബര്‍ 14 ന് രണ്ട് വലിയ ഹോളുകളിലായി പരിപാടി നടന്നെന്ന് ബാരോസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷെ ആ ദിവസം വിവേകാനന്ദന്‍ പ്രസംഗിച്ചിട്ടില്ല. സെപ്തംബര്‍ പതിനൊന്നിനായിരുന്നു വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗം. പ്രസംഗസമയത്ത് 7000 പേര്‍ എഴുന്നേറ്റുനിന്നു കയ്യടിച്ചു എന്ന വിവേകാനന്ദന്‍ എഴുതിയതു വസ്തുതാപരമായി ശരിയാകാന്‍ വഴിയില്ല(The World’s Parliament of Religions : an illustrated and popular story of the world’s first parliament of religions, held in Chicago in connection with the Columbian Exposition of 1893 Barrows, John Henry.Vol 1)
മതപാര്‍ലമെന്റ് ഷിക്കാഗോയില്‍ നടക്കുന്നുണ്ടെന്ന് 1892 ലെ കത്തിയവാര്‍ സന്ദര്‍ശനത്തിനിടെ കേട്ടറിഞ്ഞതല്ലാതെ സമ്മേളനത്തിന്റെ കൃത്യമായ തീയതി പോലും വിവേകാനന്ദനറിയില്ലായിരുന്നു. കഥയറിയാതെ അദ്ദേഹം സമ്മേളനത്തീയതിക്കും ഏതാണ്ട് ഒന്നരമാസം മുമ്പ് കപ്പല്‍മാര്‍ഗ്ഗം അമേരിക്കയിലെത്തി. സമ്മേളനം തുടങ്ങുന്നതുവരെ അവിടെ തങ്ങുക എളുപ്പമായിരുന്നില്ല. സ്ഥലപരിചയമില്ലായിരുന്നുവെന്നു മാത്രമല്ല ഹിന്ദുമതത്തെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ട അംഗീകൃത അക്രെഡിറ്റേഷനോ നിര്‍ദ്ദേശപത്രമോ അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നുമില്ല. സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് മോഹിച്ചെങ്കിലും അതില്‍ പ്രസംഗിക്കണമെന്ന് അദ്ദേഹം ലക്ഷ്യമിട്ടിരുന്നുവോ എന്നു സംശയമാണ്. തീവണ്ടിയില്‍ ബോസ്റ്റണിലേക്ക് സഞ്ചരിക്കവെ മിസ്സിസ് സാന്‍ബോണിനെ (Mrs. Sanborn) കണ്ടുമുട്ടിയതാണ് സംഭവഗതിയില്‍ വഴിത്തിരിവുണ്ടാക്കിയത്. അവര്‍ വിവേകാനന്ദന് ബോസ്റ്റണില്‍ താമസസൗകര്യം ഒരുക്കി നല്‍കുക മാത്രമല്ല ഹാര്‍വാഡിലെ ഒരു ഗ്രീക്ക് പ്രൊഫസറായിരുന്ന ഡോ.റെറ്റിനെ(Dr. Wright, a Professor of Greek classics at Harvard University) പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ അടുത്ത സുഹൃത്തുക്കളടങ്ങുന്ന ചെറുസദസ്സുകളുമായി സംവദിക്കാന്‍ പല അവസരങ്ങളും റൈറ്റ് അദ്ദേഹത്തിന് ഒരുക്കികൊടുത്തു. ലോകമതസമ്മേളനത്തില്‍ വേദിയില്‍തന്നെ ഇരിക്കാനുള്ള അവസരം വിവേകാനന്ദന് സൗകര്യപ്പെടുത്തിയതും റൈറ്റാണ്. റൈറ്റിനോട് നന്ദി പ്രകാശിപ്പിച്ച് ഷിക്കാഗോയിലേക്ക് തിരിച്ചുപോയ വിവേകാനന്ദന് ആ മഹാനഗരത്തില്‍ വെച്ച് വഴി തെറ്റി. ഒറ്റപ്പെട്ടവനായി വഴിയറിയാതെ തെരുവില്‍ അലഞ്ഞ വിവേകാനന്ദനെ സമ്മേളനവേദിയിലെത്താന്‍ സഹായിച്ചത് മിസ്സിസ് ജി. ഹെയില്‍(Mrs. G. Hale) എന്ന അമേരിക്കന്‍ വനിതയായിരുന്നു.
മത പാര്‍ലമെന്റിന്റെ ഉത്ഘാടനദിവസം വിവേകാനന്ദന്‍ ഡെലിഗേറ്റ് എന്ന നിലയില്‍ വേദിയിലുണ്ടായിരുന്നു. സമ്മേളനം പുരോഗമിക്കുംതോറും പലപ്പോഴും സദസ്സിന്റെ കനം കൂടിയും കുറഞ്ഞുമിരുന്നു. ആദ്യദിവസം കൊളമ്പസ് ഹോളില്‍ നിറയെ ആളുണ്ടായിരുന്നു. ആദ്യ ദിവസം പ്രഭാതത്തില്‍ സദസ്സും വേദിയും കണ്ട് വിവേകാനന്ദന്‍ വല്ലാതെ പരിഭ്രമിച്ചു. പ്രസംഗിക്കാന്‍ പലകുറി ക്ഷണിച്ചിട്ടും അദ്ദേഹം ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റില്ല. പകരം, സംസാരിക്കാനുള്ള അവസരം മറ്റുള്ളവര്‍ക്ക് കൈമാറികൊണ്ടിരുന്നു. അവസാനം, ഗത്യന്തരമില്ലാതെ എഴുന്നേറ്റ വിവേകാനന്ദന്‍  സഭാകമ്പം കൊണ്ട് വശംകെട്ട് തനിക്കറിയാവുന്ന സ്ഥിരം ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഏതാനും മിനിറ്റ്(ഏറിയാല്‍ 3-4 മിനിറ്റ്) സംസാരിച്ചിട്ടുണ്ടാവാം. ഇന്ത്യയില്‍ നിന്നും പങ്കെടുത്ത മറ്റുള്ളവരെ അപേക്ഷിച്ച് ചെറുപ്പമായിരുന്ന വിവേകാനന്ദനെ സദസ്സില്‍ പലരും ശ്രദ്ധിച്ചുവെന്നത് വാസ്തവമാണ്. പ്രധാനമായും അദ്ദേഹത്തിന്റെ വേഷവിധാനമാണ് കൂടുതല്‍ ശ്രദ്ധനേടിയത്. പൗരസ്ത്യ സുന്ദരന്‍(‘handsome oriental’) എന്നായിരുന്നു വിവേകാനന്ദന് അവിടെ കിട്ടിയ വിളിപ്പേര്. അദ്ദേഹത്തെ കാണാനും സംസാരിക്കാനും എത്തിയ സദസ്യരില്‍ നല്ലൊരു പങ്ക് വനിതകളായിരുന്നുവെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്.
ഷിക്കാഗോ പ്രസംഗത്തെ കുറിച്ച് വിവേകാനന്ദന്‍ തന്നെ പറയുന്നത് ശ്രദ്ധിക്കുക: ”സമ്മേളനത്തിന്റെ ആദ്യദിവസം ഞങ്ങളെല്ലാം ആര്‍ട്ട് പാലസില്‍ ഒത്തുകൂടി. അവിടെ ഒരു കൂറ്റന്‍ വേദിയും ഒപ്പം രണ്ട് താല്‍ക്കാലിക മുറികളും സമ്മേളനത്തിനായി ഒരുക്കിയിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ളവരും അവിടെയുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നും ബ്രഹ്മസമാജത്തെ പ്രതിനിധീകരിച്ച് മസൂംദാറും (Mazoomdar) ബോംബെയില്‍ നിന്ന് നഗാര്‍ക്കറു(Nagarkar)മുണ്ടായിരുന്നു. ജൈനമതത്തെ പ്രതിനിധീകരിച്ചത് മി.ഗാന്ധിയായിരുന്നു. ഒപ്പം തിയോസഫിക്കാരുടെ പ്രതിനിധിയായി ചക്രവര്‍ത്തിയും മിസ്സിസ് ആനിബസന്റും (Mr. Chakravarti&Mrs. Annie Besant). ഇതില്‍ മസുംദാറും ഞാനും പഴയ സുഹൃത്തുക്കളായിരുന്നു. ചക്രവര്‍ത്തിയാകട്ടെ, എന്റെ പേര് കേട്ടറിഞ്ഞിട്ടുണ്ടായിരുന്നു. തുടക്കത്തില്‍ ഒരു ഗംഭീര ഘോഷയാത്ര ഉണ്ടായിരുന്നു. ശേഷം, ഞങ്ങളെല്ലാം വേദിയിലേക്ക് ആനയിക്കപ്പെട്ടു. വേദിക്ക് കീഴെയുള്ള ഗാലറി സദസ്സില്‍ രാജ്യത്തെ ഏറ്റവും മഹത്തായ സംസ്‌ക്കാരത്തെ പ്രതിനിധീകരിക്കുന്ന 6000-7000 സത്രീ-പുരുഷന്‍മാര്‍…….വേദിയിലാകട്ടെ, ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പണ്ഡിതര്‍…ആ രംഗമൊന്നു ഭാവനയില്‍ കണ്ടുനോക്കൂക. അന്നു വരെ ഒരു പരസ്യപ്രസംഗം പോലും നടത്തിയിട്ടില്ലാത്ത ഈ ഞാന്‍ ആ മഹാസദസ്സിനെ അഭിസംബോധന ചെയ്യണമെന്ന അവസ്ഥ!(“And I who never spoke in public in my life to address this august assemblage!!”).
സംഗീതാത്മകമായ പരിപാടികള്‍, പ്രസംഗങ്ങള്‍ എന്നിവയോടെയാണ് ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് വേദിയിലിരുന്ന പ്രതിനിധികളെ ഒന്നൊന്നായി പരിചയപ്പെടുത്തി. അവരെല്ലാം എഴുന്നേറ്റു സംസാരിച്ചു! തീര്‍ച്ചയായും എന്റെ ഹൃദയം വിറയ്ക്കുകയായിരുന്നു..തൊണ്ട ഏതാണ്ട് പൂര്‍ണ്ണമായും വരണ്ടു. എനിക്ക് അങ്ങേയറ്റം സഭാകമ്പമുണ്ടായിരുന്നു. മസുംദാര്‍ വളരെ നല്ല ഒരു പ്രസംഗം നടത്തിയ, ചക്രവര്‍ത്തി കുറെക്കൂടി മെച്ചപ്പെട്ട ഒരെണ്ണം നിര്‍വഹിച്ച, ആ പ്രഭാതത്തില്‍ എനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാനാവുമായിരുന്നില്ല. സ്വഭാവികമായും അവരിരുവരും ഏറെ അഭിനന്ദിക്കപ്പെട്ടു, സത്യത്തില്‍ അവരെല്ലാം പ്രസംഗവുമായി മുന്‍കൂട്ടി ഒരുങ്ങിയാണ് വന്നത്. ഞാനൊരു വിഡ്ഢി, എന്റെ പക്കല്‍ യാതൊന്നുമുണ്ടായിരുന്നില്ല. പക്ഷെ പേരു വിളിച്ചപ്പോള്‍ സരസ്വതിദേവിയെ വണങ്ങിക്കൊണ്ട് എഴുന്നേറ്റു നിന്നു. മി.ബാരോസ് എന്നെ സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് ഞാനൊരു ചെറുപ്രസംഗം നടത്തി. തീര്‍ന്നപ്പോഴെക്കും ആകെ അവശനായിരുന്നു, വികാരാവേശംകൊണ്ട് ക്ഷീണിച്ച് തളര്‍ന്ന് ഞാന്‍ ഇരിപ്പിടത്തിലമര്‍ന്നു.(Letter dated November 2, 1893 to his disciple in Madras, Mr. Alasinga Perumal// http://www.advaitayoga.org/advaitayogaarticles/svchicagoadd.html http://thedisorderofthings.com/2013/03/24/swami-vivekananda-an-outsiders-ramblings/
സഭാകമ്പം ഒരു ന്യൂനതയല്ല. അത്രയും വലിയ സദസ്സ് മുന്നില്‍കാണുന്ന ആര്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന കാര്യമാണത്. ബര്‍നാഡ് ഷോ ഉള്‍പ്പെടെ പല വിശ്വോത്തരപ്രാസംഗികരും ആരംഭത്തില്‍ സഭാകമ്പമുള്ളവരായിരുന്നു. ഇവിടെ വിവേകാനന്ദന്‍ സത്യസന്ധമായി സംസാരിക്കുകയാണ്. പക്ഷെ അത്തരമൊരു പ്രസംഗമല്ല ‘ഷിക്കാഗോ പ്രസംഗം’  എന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന മത നവോത്ഥാനകാഹളം! ഉള്ളടക്കവും ശൈലിയും പരിശോധിച്ചാല്‍ ഷിക്കാഗോയിലെ ഏറ്റവും മികച്ച ഇന്ത്യന്‍പ്രസംഗം വിവേകാന്ദന്റെതായിരുന്നില്ല. വിവേകാനന്ദന്‍ ബദ്ധപ്പെട്ട് ഒപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ”അമേരിക്കയിലെ സഹോദരീ സഹോദരന്‍മാരെ….”എന്നു സംബോധന ചെയ്തപ്പോള്‍ കാണികള്‍ നിറുത്താതെ 2 മിനിറ്റ് കയ്യടിച്ചുവെന്ന് വിവേകാനന്ദന്‍ എഴുതിയിട്ടുണ്ട്. പ്രസംഗം കേള്‍ക്കുന്നതിന് മുമ്പ്, കേവലം പ്രാരംഭ സംബോധനയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് വേണ്ടി 2 മിനിറ്റ് കരഘോഷം മുഴക്കുന്നത് വിചിത്രമെന്നേ പറയാവൂ. ഹിന്ദിയില്‍ സാധാരണ ഉപയോഗിക്കുന്ന ”ഭായിയോം ഓര്‍ ബഹനോം” എന്നതിന്റെ ആംഗലേയ പരിഭാഷയെന്നു പറയാവുന്ന അഭിവാദ്യം വിവേകാനന്ദന്‍ നടത്തിയപ്പോള്‍ സദസ്സ് എഴുന്നേറ്റു നിന്നു കയ്യടിച്ചിട്ടുണ്ടാവും. അദ്ദേഹത്തിനു മാത്രമായി ലഭിച്ച പ്രത്യഭിവാദനമാണതെന്നും കരുതാനാവില്ല. ഇന്നും അമേരിക്കന്‍ സദസ്സുകളില്‍ ഇതൊക്കെ പതിവാണ്.
ഹിന്ദുമതം ഏറെക്കാലം തേടി നടന്ന ഒരു മിശിഹയുടെ രൂപത്തില്‍ വിവേകാനന്ദനെ വളര്‍ത്തിയെടുക്കാന്‍ സുവിശേഷകത്വരയോടെ പലതും മതശക്തികള്‍ വിവേകാനന്ദനു മേല്‍ ആരോപിക്കുന്നുണ്ട്. ‘വിവേകാനന്ദന് പഠിക്കുന്ന’മതബുജികളെ തട്ടി വഴി നടക്കാനാവാത്ത സ്ഥിതി കേരളത്തിലുമുണ്ട്. നിസ്സാരമനുഷ്യരെ ആള്‍ദൈവങ്ങളായി വളര്‍ത്തിയെടുത്ത് പടുകൂറ്റന്‍ കച്ചവട സാമ്രാജ്യങ്ങളുണ്ടാക്കുന്ന ഒരു മതസംസ്‌ക്കാരത്തിന് സാധ്യമായ ഒരു കാര്യം തന്നെയാണ് വിവേകാനന്ദന്റെ കാര്യത്തിലും സംഭവിച്ചത്. ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ നിലനിന്ന ജാതിവ്യവസ്ഥ നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് ഇന്ത്യയുടെ വീഴ്ചയുടെ പ്രധാന കാരണമെന്ന് കൃത്യമായി എണ്ണിപ്പറഞ്ഞ വിവേകാനന്ദന്‍ ജാതിക്കൂത്ത് തിമിര്‍ത്താടിയിരുന്ന ഉത്തരേന്ത്യ മുഴുവന്‍ കടന്നു കേരളത്തിലെത്തി, ഇവിടം ‘ഭ്രാന്താലയ’മാണെന്ന് വിശേഷിപ്പിച്ചതിന് പിന്നിലും ഉപകഥകള്‍ നിരവധിയുണ്ട്. വിസ്താരഭയത്താല്‍ അതിലേക്ക് കടക്കുന്നില്ല.
ഇന്ത്യ മതസഹിഷ്ണുതയുടെ സൂപ്പര്‍മാര്‍ക്കറ്റ് ?!
എന്താണ് ഷിക്കാഗോ പ്രസംഗത്തിന്റെ മഹത്വം? അച്ചടിരൂപമനുസരിച്ചു സഹിഷ്ണുതയുടെ നാട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്ന് വിവേകാനന്ദന്‍ പ്രസ്താവിക്കുന്നുണ്ട്. ഭിന്ന ജാതിവിഭാഗങ്ങളെ, വിശേഷിച്ച് കീഴാളരെ, ഹിന്ദുമതം എങ്ങനെയാണ് കണ്ടിരുന്നതെന്ന് അറിയുന്ന ആര്‍ക്കും ഈ പ്രസ്താവത്തിന്റെ പൊള്ളത്തരം പെട്ടെന്ന് ബോധ്യപ്പെടും. ബുദ്ധന്‍മാരുടെ അജ്ഞേയതാവാദവും ജൈനരുടെ നാസ്തികതയും ഇന്ത്യന്‍ ചിന്തയുടെ ഭാഗമായിരുന്നുവെന്ന് വിവേകാനന്ദന്‍ പറയുന്നു. ചാര്‍വകരെ പച്ചയ്ക്ക് കൊളുത്തുന്ന കഥ മഹാഭാരതത്തിലുണ്ട്. ഇസ്രേലികള്‍ക്ക് ദക്ഷിണേന്ത്യ അഭയം നല്‍കിയെന്നും സൊരാസ്ട്രിയന്‍ മതത്തെ സംരക്ഷിച്ചുവെന്നും പറയുന്ന പ്രസംഗത്തില്‍ എല്ലാം മതങ്ങളും സത്യമാണെന്ന് കരുതുന്ന ഹൈന്ദവ സംസ്‌ക്കാരത്തെ വാഴ്ത്തുന്ന രണ്ടു ഉദ്ധരണികളുമുണ്ട്. മതമൗലികവാദം മൂലം ലോകമെമ്പാടും രക്തച്ചൊരില്‍ ഉണ്ടായിട്ടുണ്ട്-ഷിക്കാഗോ സമ്മേളനം മൗലികവാദത്തിനെതിരെയുള്ള ഐക്യമായി പരിണമിക്കണം എന്ന പ്രത്യാശയോടെ പ്രസംഗം അവസാനിക്കുന്നു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന വൈഷ്ണ-ശൈവ രക്തച്ചൊരിച്ചിലുകളും കൂട്ടക്കൊലകളുമാവണം ഒരുപക്ഷെ വിവേകാനന്ദനെക്കൊണ്ടിത് പറയിപ്പിച്ചത്.
പ്രസംഗത്തിലെ പല വാദങ്ങളെയും ബുദ്ധമതക്കാര്‍ ചോദ്യംചെയ്യും. മുസ്‌ളീങ്ങള്‍ക്കും വേറിട്ട പലതും പറയാനുണ്ടാവും. സാധാരണ മതപ്രചരണസാഹിത്യം മാത്രമാണ് ഷിക്കാഗോ പ്രസംഗത്തിലുമുള്ളത്. ഏകീകൃത രാജ്യമോ സുസംഘടിത മതമോ ഇല്ലാതെ പോയതും ശക്തരായ ഹിന്ദുരാജാക്കന്‍മാരുടെ അഭാവവും ഇന്ത്യന്‍ സമൂഹത്തെ തുറന്നിട്ടു. എണ്ണമറ്റ നാട്ടുരാജ്യങ്ങളുടെ കുടിപ്പകയും അവര്‍ വിദേശശക്തികളെ ഉപയോഗിച്ച് പരസ്പരം നശിപ്പിക്കാന്‍ ശ്രമിച്ചതും അധിനിവേശകര്‍ക്ക് ആരാമമൊരുക്കി. സൈനികസഹായവും കച്ചവടവും കാംക്ഷിച്ച് പള്ളി പണിയാനും മതംപടര്‍ത്താനും അനുവദിച്ചിട്ടുണ്ട്-ഇതൊക്കെയാണ് ‘സഹിഷ്ണുത’യായി നാം പൊതുവെ വ്യാഖ്യാനിക്കുന്നത്!
സ്വന്തം മതത്തില്‍ മനുഷ്യത്വവിരുദ്ധമായ വര്‍ണ്ണ-ജാതി വ്യത്യാസം കൊണ്ടുനടക്കുന്നവര്‍, ഭാരതത്തില്‍ തന്നെ ജനിച്ച് വളര്‍ന്ന മതങ്ങളെ ആട്ടിയോടിച്ചവര്‍, നാസ്തികതയെ വാളുകൊണ്ടു നേരിട്ടവര്‍, ഹിന്ദു-മുസ്‌ളീം സ്പര്‍ദ്ധയുടെ തീക്കനലുകള്‍ വാരിവിതറി ഇന്ത്യന്‍ ഉപഭൂഖണ്ഡം കറുപ്പിച്ചവര്‍… അവരൊക്കെ അപാരമായ സഹിഷ്ണുതയുടെ വക്താക്കളായിരുന്നുവെന്ന് വിദേശത്ത് ചെന്നു തട്ടിവിട്ടതാവണം ഷിക്കാഗോ പ്രസംഗത്തെ മഹത്തരമാക്കുന്നത്. വിവേകാനന്ദന്‍ ഊന്നിപ്പറഞ്ഞത് ഇന്ത്യന്‍ ദേശീയതയെക്കുറിച്ചല്ല മറിച്ച് ഹിന്ദുദേശീയതയെ കുറിച്ചാണ്, ഊറ്റംകൊണ്ടത് വേദപാരമ്പര്യത്തെക്കുറിച്ചാണ്, ഹിന്ദു സംസ്‌ക്കാരത്തെ കുറിച്ചാണ്. പ്രസംഗം ഹിറ്റാവാകാന്‍ വേറെ കാരണം വേണോ?!
സഞ്ചരിക്കുന്ന സന്യാസി
ദീക്ഷ സ്വീകരിച്ചെങ്കിലും ഇന്ത്യയില്‍ ഒതുങ്ങിക്കൂടാന്‍ താല്‍പര്യമില്ലാതിരുന്ന വിവേകാനന്ദന്‍ ഒരു സഞ്ചാരപ്രിയന്‍ ആയിരുന്നുവെന്നാണ് ജീവചരിത്രകാരുടെ നിലപാട്. ഒരു സാധാരണ ഹിന്ദുസന്യാസിയുടെ ലളിതവേഷത്തില്‍ പാശ്ചാത്യരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ വിവേകാനന്ദന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പാശ്ചാത്യവേഷം അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദേശവാസത്തിനിടെ കോട്ടും പൈപ്പുമൊക്കെ വാങ്ങിയതിനെക്കുറിച്ച് ആവേശത്തോടെ അനുയായികള്‍ക്കെഴുതുന്നുണ്ടv(‘ DEAR SISTER (Miss Isabelle McKindley.),…Yesterday I bought a pipe for $13— meerschaum do not tell it to father Pope. The coat will cost $30. I am all right getting food . . . and money enough. Hope very soon to put something in the bank after the coming lecture(NEW YORK, 2nd May, 1894/Complete works of Swami Vivekananda vol 7, Page 263). മൂന്ന് വര്‍ഷത്തിലധികം അമേരിക്കയില്‍ തങ്ങിയ വിവേകാനന്ദന്‍ മാന്‍ഹട്ടനില്‍ സൗജന്യമായി (ഇന്നത്തെ ആള്‍ദൈവങ്ങളറയേണ്ട!) യോഗ പഠിപ്പിച്ചിരുന്നു. പക്ഷെ മുഖ്യവരുമാനം പ്രഭാഷണത്തിന് ലഭിച്ചിരുന്ന ഫീസും ഭക്തരുടെ സഹായങ്ങളും തന്നെയായിരുന്നു.
ആകര്‍ഷകമായ വസ്ത്രങ്ങളണിഞ്ഞ് സ്റ്റുഡിയോ പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാന്‍ വിവേകാനന്ദന്‍ കാണിച്ച താല്‍പര്യം ബേലൂര്‍ മഠത്തിലെ മറ്റു സന്യാസിമാരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നുണ്ട്. ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും ദീര്‍ഘനേരം പോസ് ചെയ്യുന്നതിലും മറ്റും കാട്ടിയ നിഷ്‌ക്കര്‍ഷയും(പ്രസിദ്ധമായ ധ്യാന പോസുകള്‍ തന്നെ ഉദാഹരണം) കൃത്യതയും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്താനുതകുന്ന നിരവധി ചിത്രങ്ങള്‍ക്ക് ഹേതുവായി. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം പാശ്ചാത്യവസ്ത്രധാരണ രീതി തുടരാനാവാത്തതില്‍ അദ്ദേഹത്തിന് ഖേദമുണ്ടായിരുന്നു. ഇന്ത്യയില്‍ പലരും കോണകം (loin cloth) ഉപയോഗിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്നും ഇതുമൂലം തനിക്ക് പ്രമേഹശല്യം ഉണ്ടാകുന്നുവെന്നും വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നു.
1890 ല്‍ ഇരുപത്തിയേഴുകാരനായ വിവേകാനന്ദന്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ചെന്നും ഇന്ത്യയുടെ അപാരതയില്‍ അലിഞ്ഞുചേര്‍ന്ന് അദ്ദേഹം പല പേരുകളില്‍ അലഞ്ഞുവെന്നും അദ്വൈതാശ്രമത്തിന്റെ ജീവചരിത്രത്തില്‍ കാണാം. ഇന്ത്യയാകുന്ന മഹാസമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങി അവിടെ ആയിരക്കണക്കിന് കാവി സന്യാസികളിലൊരുവനായി മുങ്ങിയുംപൊങ്ങിയും വിവേകാനന്ദന്‍ ഒഴുകിനടന്നുവെന്നാണ് റോമന്‍ റൊളാങിന്റെ(Romain Rolland) ഭാഷ്യം. പക്ഷെ 1893 ല്‍ വിദേശപര്യടനത്തിന് പുറപ്പെട്ട് 1897 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം വിവേകാനന്ദന്  മാതൃദേശം കൂടുതല്‍ അസുഖകരമായി തോന്നി. 1899 ല്‍ വീണ്ടും വിദേശത്തേക്ക് പോയ അദ്ദേഹം 1900 അവസാനമാണ് തിരിച്ചെത്തുന്നത്-രോഗബാധിതനായി 1902 ല്‍ മരിക്കുകയും ചെയ്തു.
സത്യത്തില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ വിവേകാനന്ദന് താല്‍പര്യമുണ്ടായിരുന്നില്ല. ‘എന്തിന് ഞാന്‍ വെറുതെ ഇന്ത്യയിലേക്ക് പോകണം, ഇന്ത്യയില്‍ എന്റെ ആശയങ്ങള്‍ക്ക് മേല്‍ഗതിയുണ്ടാവില്ല. ഞാന്‍ പറയുന്ന കാര്യങ്ങളോട് ഈ രാജ്യം കൂടുതല്‍ അനുതാപം കാട്ടുന്നുണ്ടല്ലോ’എന്നായിരുന്നു വിവേകാനന്ദന്റെ ചോദ്യം(“What is the use of going back to India? India cannot further my ideas. This country takes kindly to my ideas’’(complete works of Swami Vivekananda vol 5 Page 95). പാശ്ചാത്യലോകം എന്നും അദ്ദേഹത്തെ മാടി വിളിച്ചുകൊണ്ടിരുന്നു. ഇന്ത്യയില്‍ പൊതുവെയും ബംഗാളില്‍ വിശേഷിച്ചും തനിക്ക് സ്വീകാര്യത കുറവാണെന്ന തിരിച്ചറിവു വിവേകാനന്ദനുണ്ടായിരുന്നു. ബംഗാളിലെ ബ്രാഹ്മണനേതൃത്വം കടല്‍യാത്ര നടത്തി തിരിച്ചെത്തിയ വിവേകാനന്ദനോടുള്ള അമര്‍ഷവും പരിഹാസവും ഒരിക്കലും മറച്ചുവെച്ചിട്ടില്ല. അക്കാലത്ത് പലരുടെയും വീക്ഷണമനുസരിച്ച് പൊങ്ങച്ചക്കാരനും ആഡംബരപ്രിയനും അല്‍പ്പജ്ഞാനിയുമായ സന്യാസിയായിരുന്നു വിവേകാനന്ദനെങ്കില്‍ മരിച്ച് ഏതാനും ദശകങ്ങള്‍ കഴിഞ്ഞപ്പോഴെക്കും അദ്ദേഹം ഭാരതത്തിന്റെ പ്രിയപുത്രനായി തീര്‍ന്നു.
ഖേത്രിയിലെ മഹാരാജ അജിത് സിംഗ് (Maharaja Ajit Singh of Khetri), മൈസൂറിലെ ചാമരാജ വോഡയാര്‍(Chamaraja Wodeyar, maharaja of Mysore), റംനഡിലെ ഭാസ്‌ക്കര സേതുപതി(Bhaskara Setupati, Raja of Ramnad) തുടങ്ങിയ ഭരണാധികാരികളുടെ അടുത്ത സുഹൃത്തായിരുന്നു വിവേകാനന്ദന്‍. ഷിക്കാഗോ സന്ദര്‍ശനത്തിന് കൂടുതലും സഹായിച്ചത് ഭാസ്‌ക്കര സേതുപതിയാണെങ്കില്‍ വിദേശവാസം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ വിവേകാനന്ദന് വീട് വെക്കാന്‍ സാമ്പത്തികസഹായം നല്‍കിയത് നിതാന്തസഹായിയായിരുന്ന ഖേത്രി രാജാവായിരുന്നു. അമ്മയ്ക്ക് വസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനായി ഖേത്രി രാജാവിനോട് അക്ഷരാര്‍ത്ഥത്തില്‍ പതിനായിരം രൂപയ്ക്ക് കെഞ്ചുന്ന വിവേകാനന്ദന്റെ കത്ത് അദ്ദേഹത്തിന്റെ മാതൃസ്‌നേഹവും കുറ്റബോധവും ഒരുപോലെ പ്രകടമാക്കുന്ന ഒന്നാണ്. പരാജയപ്പെട്ട ആ മകന്റെ ആത്മസംഘര്‍ഷം തുടിച്ചു നില്‍ക്കുന്ന പ്രസ്തുത കത്ത് അവസാനിക്കുന്നതിങ്ങനെ:
……..ഞാന്‍ മരണത്തിന്റെ പടിവാതിലില്‍ നില്‍ക്കുകയാണ്. അങ്ങയുടെ ഔദാര്യത്തോടും സൗഹൃദത്തോടും ഞാനപേക്ഷിക്കുകയാണ്. എന്റെ മനസ്സിനെ മഥിക്കുന്ന ഒരു കാര്യമുണ്ട്. ലോകസേവന വ്യഗ്രതയില്‍ ഞാനന്റെ മാതാവിനെ തഴഞ്ഞു. രണ്ടാമത്തെ സഹോദരന്‍ മരിച്ചശേഷം അവര്‍ ദു:ഖത്താല്‍ തളര്‍ന്നുപോയിരിക്കുന്നു. ഇപ്പോള്‍ അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അമ്മയോടൊത്ത് ജീവിക്കണം;വംശനാശം ഒഴിവാക്കണം. ഇതെന്റെ അമ്മയുടെ അവസാന നാളുകള്‍ സുഗമമാക്കും;എന്റെയും. അവരിപ്പോള്‍ ഒരു കുടിലിലാണ് താമസം. അവര്‍ക്ക് ചെറിയ തരക്കേടില്ലാത്ത ഒരു വീടുണ്ടാക്കണം. അനുജന് എന്തെങ്കിലും നല്‍കണം. അവന്‍ സ്വയം എന്തെങ്കിലും സമ്പാദിക്കാന്‍ ശേഷിയില്ലാത്തവനാണ്. ഭഗവാന്‍ രാമചന്ദ്രന്റെ വംശത്തില്‍പ്പിറന്ന, എന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ഇത് നിറവേറ്റിത്തരാനാവില്ലേ? യൂറോപ്പില്‍ നിന്ന് ലഭിച്ച പണം മുഴുവന്‍ ധര്‍മ്മകാര്യത്തിലേക്കായിരുന്നു. അതില്‍ ഏകദേശം മുഴുവന്‍ ഞാന്‍ അക്കാര്യങ്ങള്‍ക്കായി വിനിയോഗിച്ചു. ഞാനെന്റെ കുടുംബകാര്യങ്ങള്‍ അങ്ങയോട് വെളിപ്പെടുത്തി. ഇക്കാര്യം മറ്റാരും അറിയാന്‍ ഇടവരരുത്. വല്ലാതെ ക്ഷീണതനാണ്;ഹൃദയം രോഗഗ്രസ്തവും. ഞാന്‍ മരിക്കുകയാണ്. അങ്ങയുടെ ഔദാര്യപൂര്‍ണ്ണവും മഹത്തരവുമായ പ്രകൃതിക്കനുസരിച്ച് എന്നോട് ഈ അവസാനത്തെ ദയ കാണിക്കണമെന്ന് ഞാനപേക്ഷിക്കുന്നു(Ref-The Monk as Man: The Unknown Life of Swami Vivekananda by Sankar)
ഇന്നത്തെ ആള്‍ദൈവങ്ങള്‍ക്ക് ഇങ്ങനെ പിച്ചക്കാശ് ചോദിച്ച് കെഞ്ചേണ്ടി വരില്ല. അവസാനത്തെ ദയയാണ് വിവേകാനന്ദന്‍ രാജാവിനോടു ചോദിക്കുന്നത്. ജീവിതപ്രതിസന്ധികളൊക്കെ തരണംചെയ്യാന്‍ പൊതുവെ ഭരണാധികാരികളെയും പ്രഭുജനത്തെയുമാണ് വിവേകാനന്ദന്‍ മുഖ്യമായും ആശ്രയിച്ചത്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ സമ്പന്നജനത്തോടാണ് അദ്ദേഹം കൂടുതല്‍ അടുത്തത്;അവരുടെ സഹായങ്ങള്‍ നിര്‍ലോഭം ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. വിവേകാനന്ദന്റെ കടുത്ത ആരാധകനും അദ്ദേഹത്തിന്റെ ജീവിതവിശദാംശങ്ങള്‍ കണ്ടെത്താനായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ചവനുമായ ശങ്കറിന്റെ ‘അറിയപ്പെടാത്ത വിവേകാനന്ദന്‍’അദ്ദേഹത്തിന്റെ വ്യക്തിത്വം കൂടുതലറിയാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് പ്രയോജനപ്രദമാണ്. ശങ്കര്‍ വിവേകാനന്ദന്റെ വിമര്‍ശകനല്ല മറിച്ച് ആജീവനാന്ത ഭക്തനാണ്.
വിവേകാനന്ദന്റെ ജീവിതത്തില്‍ മാതാവായ ഭൂവനേശ്വരിക്ക് നിര്‍ണ്ണായകസ്ഥാനമുണ്ടായിരുന്നു. ദാരിദ്ര്യവും ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള വൈമനസ്യം യുവാവായ വിവേകാനന്ദനെ ബേലൂര്‍ മഠത്തിലെത്തിച്ചതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. കുടംബസ്വത്ത് സംബന്ധിച്ച ദീര്‍ഘമായ വ്യവഹാരങ്ങളും തര്‍ക്കങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. വിദേശത്ത് സഞ്ചരിച്ച് ആറു വര്‍ഷത്തിനുള്ളില്‍ സ്വന്തം അനുജന് ഒരു കത്തു പോലും അയക്കാതിരുന്നത്, സഹോദരിയുടെ ആത്മഹത്യ സംബന്ധിച്ച ദുരൂഹത…ഇവയെ കുറിച്ചൊക്കെ ശങ്കര്‍ അന്വേഷിക്കുന്നുണ്ട്.
പശ്ചാത്യരും പുരോഗതി കൈവരിക്കാന്‍ ദാരിദ്ര്യവും പിന്നാക്കാവസ്ഥയും കാരണം ഇന്ത്യയ്ക്ക് സാധിക്കാത്തതില്‍  വിവേകാന്ദന്‍ സദാ വിലപിച്ചു. പ്രാചീനഭാരതം എല്ലാത്തരത്തിലും മഹത്തരമായിരുന്നുവെന്ന് ഇന്ന് നിര്‍ലജ്ജം പ്രചരപ്പിക്കുന്ന മതശക്തികള്‍ 125 വര്‍ഷത്തിന് മുമ്പ് ഭാരതീയ-പാശ്ചാത്യസമൂഹങ്ങളെ വിവേകാനന്ദന്‍ വിലയിരുത്തുന്നത് ഒന്ന് ശ്രദ്ധിച്ച് വായിക്കണം. കോളോണിയലിസം, ബ്രിട്ടീഷ് സാമ്രാജ്യത്വം എന്നിവയ്‌ക്കെതിരെ വിവേകാനന്ദന്‍ ശബ്ദമുയര്‍ത്തി എന്ന് വാദിക്കുന്നത് അതിഭാവനയാണ്. അതൊന്നും വിവേകാനന്ദന്‍ ശ്രദ്ധിച്ച കാര്യങ്ങളായിരുന്നില്ല.
അടിസ്ഥാനപരമായി, വിവേകാനന്ദന്‍ ഒരു പാരമ്പര്യവാദിയായിരുന്നു. അദ്ദേഹത്തിന്റെ പരിഷ്‌ക്കരണത്വര കെട്ടിലുംമട്ടിലും മാത്രമായിരുന്നു. ബ്രഹ്മസമാജം, ആര്യസമാജം തുടങ്ങിയ സമകാലിത ഹിന്ദു നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച പുരോഗമനാഭിമുഖ്യവും പരിഷ്‌ക്കരണത്വരയും വിവേകാനന്ദന്‍ എന്ന നവവേദാന്തിയില്‍ കാണാനാവില്ല. സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളെക്കാളുപരി മതവികസനം, മതനിര്‍മ്മാണം എന്നിവയാണ് വിവേകാനന്ദനെ കൂടുതല്‍ ആകര്‍ഷിച്ചത്. ഭാരതം ഉണരണം എന്ന് വിവേകാനന്ദന്‍ പറഞ്ഞതിനു ഹിന്ദുമതം ഉണരണം എന്ന അര്‍ത്ഥമേയുള്ളു. ”മതം ഭീരുക്കള്‍ക്കുള്ള സാധനമല്ല”എന്നാണ് വിവേകാനന്ദന്റെ തിരുക്കുറല്‍. ‘അന്ധവിശ്വാസികളും’ ഭീരുക്കളും മതംവിട്ട് പോകണമെന്നും അന്ധവിശ്വാസിയാകുന്നതിനെക്കാള്‍ ഭേദം നാസ്തികനാകുന്നതാണെന്നും പറഞ്ഞ വിവേകാനന്ദന്‍ അന്ധവിശ്വാസം മസ്തിഷ്‌ക്കമരണമായതിനാല്‍ അതു നാസ്തികത പോലെ വര്‍ജ്യമാണെന്നും പ്രഖ്യാപിക്കുന്നുണ്ട്(From Faith or superstition?). നാസ്തികര്‍ അദ്ദേഹത്തിന് അപ്രിയരാകാന്‍ കാരണം നമുക്കൂഹിക്കാം. പക്ഷെ വിവേകാനന്ദന്‍ ഹിന്ദുക്കളുമായി പങ്കുവെക്കാത്ത അന്ധവിശ്വാസങ്ങള്‍ പരിമിതമാണ്-ഒരു പക്ഷെ ജ്യോതിഷമൊഴികെ(അവിടെയും ചില സംശയങ്ങളുണ്ട്).
അന്യന്റെ വിശ്വാസം സമം അന്ധവിശ്വാസം എന്ന പ്രമാണത്തില്‍ മുറുകെപ്പിടിച്ച വിവേകാനന്ദന്‍ തനിക്കിഷ്ടപ്പെട്ട അന്ധവിശ്വാസങ്ങളില്‍ ആഴത്തില്‍ രമിക്കാന്‍ മടിച്ചിട്ടില്ല. 1884 ല്‍ ദക്ഷിണേശ്വര്‍ കാളി ക്ഷേത്രത്തില്‍(Dakshineswar Kali Temple) ക്ഷേത്രപൂജാരി കൂടിയായിരുന്ന രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം മൂന്ന് പ്രാവശ്യം വിവേകാനന്ദന്‍  പ്രാര്‍ത്ഥിക്കാന്‍ പോയത് ധനലബ്ധിക്കായാണ്. കാളിദര്‍ശനത്താല്‍ വിഗ്രഹഭക്തര്‍ക്ക് സാധാരണ ഉണ്ടാകുന്ന തരത്തിലുള്ള വികാരമൂര്‍ച്ഛയ്ക്കും മതോന്മാദത്തിനും അദ്ദേഹം അടിപ്പെടുന്നുണ്ട്. ‘അന്ധവിശ്വാസങ്ങളെ’ നിരാകരിച്ച വിവേകാനന്ദന്‍ കാളിമാതാവിന്റെ വിഗ്രഹത്തിന് മുന്നില്‍ ജ്വരബാധിതനായി!
ബംഗാളി ഭാഷ എഴുതാനും വായിക്കാനും അറിയുമായിരുന്നുവെന്ന് ചില ജീവചരിത്രകാരന്‍മാര്‍ പറയുന്നുണ്ടെങ്കിലും, പന്ത്രണ്ട് വര്‍ഷം ഗ്രാമീണസ്‌ക്കൂളില്‍ പോയെങ്കിലും സ്വന്തം പേരു പോലും നേരെചൊവ്വെ എഴുതാനറിയാത്ത, ഏതാണ്ട് നിരക്ഷരനായി പ്രാകൃതജീവിതം നയിച്ച വ്യക്തിയായിരുന്നു ശ്രീരാമകൃഷ്ണന്‍(Ramakrishna/1836-1886). നവോത്ഥാനശ്രമങ്ങളോടും വിദ്യാഭ്യാസത്തോടും പുറംതിരിഞ്ഞുനിന്ന, ഈശ്വരനെ കണ്ടെത്തുകയാണ് ജീവിതത്തിന്റെ പരമലക്ഷ്യമെന്ന് വിശ്വസിച്ച തീവ്ര കാളിഭക്തനായിരുന്നു അദ്ദേഹം അഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് ശാരദദേവിയെ ഭാര്യയാക്കിയത്. ആ ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ബ്രഹ്മസമാജവുമായുള്ള സമ്പര്‍ക്കം മൂലം രാമകൃഷ്ണന്റെ ജ്വരതുല്യമായ കാളിഭക്തിയോട് തുടക്കത്തില്‍ താല്‍പര്യമില്ലാതിരുന്ന വിവേകാനന്ദന് പക്ഷെ ‘അനുഭവ’മുണ്ടായപ്പോള്‍ വിഗ്രഹരാധനയുടെ ലഹരിസുഖം മനസ്സിലായി!
സാധാരണ വേദാന്തഹിന്ദുക്കള്‍ വിഗ്രഹാരാധനയെ തള്ളിപ്പറയും. പക്ഷെ  രണ്ടു വഞ്ചിയിലും കാല് വെക്കാനായിരുന്നു നവവേദാന്തിയായിരുന്ന(Neo-vedanti) വിവേകാനന്ദന്റെ ശ്രമം ( Vivekannanda on Image Worship )  അജ്മീര്‍ രാജാവ് മംഗല്‍സിംഗുമായുള്ള സംവാദം ഓര്‍ക്കുക. വിഗ്രഹാരാധനയോട് മമതയില്ലെന്നും അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നും ആരാഞ്ഞ രാജാവിനെ അപ്പോള്‍ തന്നെ തിരുത്തുന്ന വിവേകാനന്ദനെയാണ് നാം കാണുന്നത്. ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന രാജാവിന്റെ പടത്തിന് മുകളില്‍ തുപ്പാന്‍ വിവേകാനന്ദന്‍ ദിവാനോട് ആവശ്യപ്പെടുന്നു. ശങ്കപ്പെടുന്ന ദിവാനെ ചൂണ്ടിക്കാട്ടി, ആ തത്ത്വം ഉദ്ധരിച്ച് അദ്ദേഹം വിഗ്രഹാരാധനയെ ന്യായീകരിക്കുന്നു (from “Vedanta Kesari- May 2012”). കാളിയെ പൂജിക്കുകയും വിഗ്രഹാരാധനയെ ന്യായീകരിക്കുകയും ചെയ്യുന്ന വിവേകാനനന്ദനും രാമകൃഷ്ണനും 1880 ല്‍ ഇവ രണ്ടിനേയും എതിര്‍ത്തിരുന്ന ബ്രഹ്മസമാജത്തില്‍ അംഗമായിരുന്നുവെന്ന് വിവേകാനന്ദന്റെ ജീവചരിത്രകാരനായ ക്രിസ്റ്റഫര്‍ ഇഷര്‍വുഡ് എഴുതിയിട്ടുണ്ട്. പിന്നീട് ബ്രഹ്മസമാജത്തില്‍ നിന്ന് തെറ്റിപ്പിരിയുന്ന വിവേകാനന്ദന് അവരുടെ നവോത്ഥാന ആശയങ്ങളും പരിഷ്‌ക്കരണത്വരയും തീരെ ദഹിച്ചില്ലെന്നു വേണം കാണാന്‍.
വിഗ്രഹാരാധനയേയും ശൈശവവിവാഹത്തെയും എതിര്‍ത്തിരുന്ന നരേന്ദ്ര ദത്ത പിന്നീട് പോകുന്നത് ഇതും രണ്ടും സ്വജീവിതത്തില്‍ അനുവര്‍ത്തിച്ച കാളിപൂജാരിയായ രാമകൃഷ്ണന്റെ അടുത്തേക്കും. വിവേകാനന്ദന്റെ കാളിഭ്രമത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അദ്വൈതാശ്രമം പുറത്തിറക്കിയ അദ്ദേഹത്തിന്റെ ജീവചരിത്രത്തിലുണ്ട് (The Life of Swami Vivekananda by His Eastern and Western Disciples, Advaita Ashrama, Calcutta, 1974, (pp 94-96). തന്റെ കാളിഭക്തിയെക്കുറിച്ച് വിവേകാന്ദന് സ്വയം അത്ര മതിപ്പുണ്ടായിരുന്നില്ലെന്ന് സൂചനയുണ്ട്. കാളിഭക്തി തന്റെ രഹസ്യവും സവിശേഷവുമായ വിചിത്രഭ്രമമാണെന്ന് അദ്ദേഹം സിസ്റ്റര്‍ നിവേദിതയ്ക്ക എഴുതിയിട്ടുണ്ട്. പക്ഷെ കാളിഭക്തി നടത്താന്‍ താനാരെയും പ്രേരിപ്പിക്കാറില്ലെന്നും ആരേയുമത് പഠിപ്പിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു (Letters written from New York (June – July) 1900′)
‘ആദ്യം മതം'(പിന്നെ ബാക്കിയെന്തും)-എന്നു പച്ചയായി പറയാന്‍ തയ്യാറായ വിവേകാനന്ദന്‍ ആര്‍ട്ടിക്ക് ധ്രൂവം മുതല്‍ ദക്ഷിണ ധ്രൂവംവരെ ഹൈന്ദവചിന്ത പടര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ശൈശവവിവാഹം വംശശുദ്ധിയുടെ ഉന്നത മാനദണ്ഡങ്ങള്‍ നിലനിറുത്താനായി ഹിന്ദുക്കള്‍ കണ്ടുപിടിച്ചതാണെങ്കിലും ക്രമേണ അത് വംശത്തെ ദുഷിപ്പിക്കുകയാണുണ്ടായതെന്ന് അദ്ദേഹം നിരീക്ഷിച്ചു. എന്നാല്‍ ശൈശവവിവാഹം വംശത്തെ കൂടുതല്‍ ശുദ്ധമായി നിലനിര്‍ത്തുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട് (Complete works of Swami Vivekananda vol2, page 89)
രാമകൃഷ്ണനോടുള്ള വിവേകാനന്ദന്റെ നിലപാട് കൃത്യമായും ആള്‍ദൈവാരാധന തന്നെയായിരുന്നു. ഗുരുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സ്തുതിഗീതത്തില്‍ ഏതൊരു ആള്‍ദൈവ വിശ്വാസിയേയുംപോലെ വികാരാധിക്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഭക്തനെയാണ് കാണാനാവുക(Hail, O Lord of Men! Victory unto you! I surrender myself to my Guru the Man-God, the physician for the malady of this Samsara (relative existence), whose mind ever dwelt on the non-dualistic Truth, whose personality was covered by the cloth of Supreme Devotion, who was ever active (for the good of humanity) and whose actions were all superhuman. Hail, O Lord of Men! Victory unto You!-A hymn to Ramakrishna by Vivekananda). രാമകൃഷ്ണന് ചില അപൂര്‍വ സിദ്ധികളുണ്ടായിരുന്നതായും അദ്ദേഹം അതിമാനുഷശേഷികളുള്ള ആളായിരുന്നുവെന്നും വിവേകാനന്ദന്‍ അന്ധമായി വിശ്വസിച്ചിരുന്നു.
ദയനന്ദ സരസ്വതിയുടെ(Svami Dayanand Sarasvati/1824 –1883) ആര്യസമാജവും ബ്രഹ്മസമാജവും പ്രതിനിധാനം ചെയ്ത നവോത്ഥാനത്വര വിവേകാനന്ദനെ കാര്യമായി തീണ്ടിയില്ലെന്നതാണ് വാസ്തവം. മൃഗബലി, വിഗ്രഹാരാധന, ക്ഷേത്രവഴിപാടുകള്‍, തീര്‍ത്ഥയാത്ര, ശൈശവവിവാഹം, ജന്മാടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥ, പൗരോഹിത്യം, അസ്പൃശ്യത, പിതൃബലി തുടങ്ങിയ ആചാരങ്ങളെ ആര്യസമാജം രൂക്ഷമായി എതിര്‍ത്തു. എന്നാല്‍ ഇവയില്‍ എത്രയെണ്ണം വിവേകാനന്ദന്റെ എതിര്‍പ്പിന് പാത്രീഭവിച്ചു എന്ന ചോദ്യം പ്രസക്തമാണ്. ആര്യസമാജം മുന്നോട്ടുവെച്ച വേദത്തിന്റെ അപ്രമാദിത്വം, വൈദികമതത്തിന്റെ സര്‍വജനീനത, ഹിന്ദുമതം ഒഴികെയുള്ളവയോടുള്ള താല്‍പര്യരാഹിത്യം….തുടങ്ങിയ പ്രതിലോമ മതനിലപാടുകള്‍ വിവേകാനന്ദന്‍ ആവേശപൂര്‍വ്വം പിന്തുടരുകയുംചെയ്തു.
നിഗൂഡ ബന്ധങ്ങള്‍
ഫ്രീ മേസണറി (Freemasonry) എന്നറിയപ്പെടുന്ന നിഗൂഡ മതസംഘവുമായി വിവേകാനന്ദന് ബന്ധമുണ്ടായിരുന്ന കാര്യം സുവിദമാണ്. അവരുട വെബ്‌സൈറ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്. 16-17 നൂറ്റാണ്ടുകളില്‍ ഇംഗ്‌ളണ്ടിലും സ്‌ക്കോട്ട്‌ലന്‍ഡിലുമായി രൂപംകൊണ്ട ഒരു നിഗൂഡ വിശ്വാസസംഘമാണ് (esoteric fraternity) ഫ്രീമേസണുകള്‍. അവരെന്താണ് ചെയ്യുന്നത് എന്നത് സംബന്ധിച്ച് പൊതുസമൂഹത്തില്‍ ദുരൂഹതയുണ്ട്. പ്രത്യക്ഷത്തില്‍ മുഖ്യധാരാ മതവും രാഷ്ട്രീയവുമൊക്കെ നിരാസപൂര്‍വം കൈകാര്യം ചെയ്യുമ്പോഴും പല നിഗൂഡമായ വിശ്വാസസംഹിതകളും അവര്‍ക്കുള്ളതായി കരുതപ്പെടുന്നു. പിശാചിനെ പ്രീതിപ്പെടുത്താനായി പ്രീണനപൂജകള്‍ (Satan worship, demonic rituals) നടത്തുന്ന ഇവര്‍ ആഭിചാരത്തിനായി തലയോട്ടിയും അസ്ഥികളുമൊക്കെ ഉപയോഗിക്കുമെന്ന് മുഖ്യധാരാ ക്രൈസ്തവസഭകള്‍ ആരോപിക്കുന്നു. കൗതുകകരമെന്ന് പറയട്ടെ, പ്രൊട്ടസ്റ്റന്റുകളും കത്തോലിക്കരും കൈ കോര്‍ക്കുന്ന അപൂര്‍വം വിഷയങ്ങളിലൊന്ന് ഫ്രീമേസണുകളോടുള്ള രൂക്ഷമായ എതിര്‍പ്പാണ്. മുസ്‌ളീങ്ങളാകട്ടെ, തങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ആധിപത്യമുള്ള പല രാജ്യങ്ങളിലും ഫ്രീമേസണറി പ്രവര്‍ത്തനംപോലും അനുവദിക്കുന്നില്ല.
വിവേകാനന്ദന്‍ 1884 ഫെബ്രുവരി പത്തൊമ്പതാം തീയതി ആങ്കര്‍ ആന്‍ഡ് ഹോപ്പ് ലോഡ്ജില്‍ (the Anchor and Hope Lodge/No. 234)അംഗമായി ചേര്‍ന്നതായി സംഘം രേഖകള്‍ വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യിലെ ഫ്രീമേസണ്‍ സൊസൈറ്റിയുടെ മേഖലാ ഗ്രാന്‍ഡ് മാസ്റ്ററായ ആര്‍ സുശീല്‍രാജിന്റെ അഭിപ്രായത്തില്‍ ലോകപ്രശസ്തനായ ഒരു ആത്മീയ നേതാവ് ഫ്രീമേസണറിയുമായി സഹകരിച്ചിരുന്നുവെന്നത് അവരെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമായ കാര്യമാണ്. അധികം പ്രചരിച്ചിരുന്നില്ലെങ്കിലും സ്വാമി ഷിക്കാഗോയില്‍ ബുദ്ധിമുട്ടനുഭവിച്ച കാലത്ത് വേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയും യാത്ര സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തത് തങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ജാതിയെ തടയാനും നിര്‍മാര്‍ജ്ജനം ചെയ്യാനും ശ്രമിച്ചതാണ് ഹിന്ദുക്കളുട പതനത്തിന് കാരണമായതെന്ന് അഗാധമായി വിശ്വസിച്ച വിവേകാനന്ദന്‍ ജാതി നിലനിന്നതു കൊണ്ടാണ് 300 ദശലക്ഷം ദരിദ്രര്‍ക്ക് ഒരു നേരത്തെ ആഹാരമെങ്കിലും ഇതുവരെ കിട്ടിക്കൊണ്ടിരുന്നതെന്ന വിചിത്രമായ സാമ്പത്തികസിദ്ധാന്തം മുന്നോട്ടുവെക്കാനും മടിച്ചില്ല(“It is owing to caste that three hundred millions of people can find a piece of bread to eat yet (complete works of Swami Vivekananda vol 5, Page 350). ഹിന്ദുദേശീയതയുടെ ഏറ്റവും മികച്ച ചാലകശക്തിയായി വിവേകാനന്ദന്‍ വര്‍ത്തിച്ചുവെന്ന നിരീക്ഷണമാണ് പ്രസിദ്ധ ചരിത്രകാരനും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായ ജ്യോതിര്‍മയശര്‍മ്മ (Jyotirmaya Sharma) മുന്നോട്ടുവെക്കുന്നത്. സുപ്രിമേസിസിസ്റ്റ് (‘supremacist’) എന്ന തലക്കെട്ടോടെയാണ് ഔട്ട്‌ലുക്ക് മാഗസിന്‍ വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജന്മദിനവേളയില്‍ വിവേകാനന്ദനെ സംബന്ധിച്ച ജ്യോതിര്‍മയ ശര്‍മ്മയുടെ പുസ്തകം(“Cosmic Love and Human Apathy: Swami Vivekananda’s Re-statement of Religion”)അവതരിപ്പിക്കുന്നത്.
ഹിന്ദു ദേശീയത, ഹിന്ദുത്വം തുടങ്ങിയ വിചാരധാരകള്‍ക്ക് ചട്ടക്കൂടൊരുക്കുന്നതില്‍ വിവേകാനന്ദന്റെ വാക്കുകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ശര്‍മ്മ നിരീക്ഷിക്കുന്നു. ബ്രാഹ്മണ്യതയുടെ ഉത്കൃഷ്ടതയില്‍ വിശ്വസിച്ചിരുന്ന ഒരു ബംഗാളിയായിരുന്നു(”the Brahmin being the ideal of humanity.’’/Complete works of Swami Vivekananda vol 5, P. 265)വിവേകാനന്ദന്‍ എന്ന ശര്‍മ്മയുടെ നിരീക്ഷണം പകുതിയിലേറെ ശരിയാണ്. ബ്രാഹ്മണ്യതയുടെ ശ്രേഷ്ഠതയില്‍ ആഴത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും (“It put, theoretically at least, the whole of India under the guidance—not of wealth, nor of the sword—but of intellect—intellect chastened and controlled by spirituality. The leading caste in India is the highest Aryans—the Brahmans.”) ജാതിപരമായി വിവേകാനന്ദന്‍ ക്ഷത്രിയനായിരുന്നു.
പരമത നിലപാടുകള്‍
മുഹമ്മദിനെയും ക്രിസ്തുവിനെയും ദൈവദൂതരായി അംഗീകരിക്കാന്‍ പരമഹംസനും വിവേകാനന്ദനും തയ്യാറാവുന്നുണ്ട്. വേദാന്തവും അദ്വൈതവും പ്രചരിപ്പിച്ച, ബ്രഹ്മവാദിയായ വിവേകാനന്ദന്‍ ആകാശപൗരനായ ഒരു ദൈവം പുസ്തകം പ്രസിദ്ധീകരിച്ചുവെന്നും ടിയാന്‍ പ്രതിനിധികളായി മനുഷ്യരെ നിയമിച്ചിട്ടുണ്ടെന്നുമൊക്കെ അംഗീകരിച്ചെങ്കില്‍ അതു ഇരട്ടത്താപ്പല്ലെങ്കില്‍ പിന്നെയെന്താണ്?! പരിശീലനം സിദ്ധിക്കാത്ത യോഗിയെന്നാണ് (untrained yogi)മുഹമ്മദിനെ വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത് മഹാത്മഗാന്ധിക്ക് മാതൃകയായി തീര്‍ന്ന പൊള്ളയായ മതേതരത്വമാണ് (hollow secularism)ഗുരുശിഷ്യരില്‍ തെളിഞ്ഞുകത്തിയത്.  മറ്റ് മതങ്ങളെ കഴിയുന്നത്ര സഹിഷ്ണുതയോടെ സ്വീകരിക്കണമെന്ന നിലപാടായിരുന്നു വിവേകാനന്ദന്‍ മുന്നോട്ടുവെച്ചത്(“Therefore we must respect all religions and we must try to accept them all as far as we can.”). കഴിയുന്നിടത്തോളം(as far as we can) എന്ന ഉപാധി സത്യത്തില്‍ ഔദാര്യമല്ല മറിച്ച് അനിവാര്യമായ ഒന്നാണ്. സ്വമതശ്രേഷ്ഠതയില്‍ ആഴത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് അതുമാത്രമേ സാധ്യമാവൂ.
”അദ്ദേഹത്തിന്റെ(മുഹമ്മദ്) മതത്തില്‍ എന്ത് നന്മയാണുള്ളതെന്ന് നിങ്ങള്‍ ചോദിക്കുന്നു. യാതൊരു ന്മയും ഇല്ലെങ്കില്‍ ആ മതമെങ്ങനെ നിലനില്‍ക്കുന്നു. നല്ലത് മാത്രമേ അതിജീവിക്കുകയുള്ളൂ. അതു മാത്രമെ അതിജീവിക്കൂ. എന്തെന്നാല്‍ നല്ലതിന് മാത്രമാണ് കരുത്തുള്ളത്, അതുകൊണ്ട് തന്നെ അത് അതിജീവിക്കുന്നു” (Delivered at the Shakespeare Club, Pasadena, California, February 3, 1900)-മുഹമ്മദിന്റെ മതത്തെ കുറിച്ച് വിവേകാനന്ദന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അറബി ജനതയെ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പാഠങ്ങള്‍ പഠിപ്പിച്ചത് മുഹമ്മദാണെന്നും അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. ഇസ്‌ളാമിനെക്കുറിച്ചും മുഹമ്മദിനെ കുറിച്ചും വലിയ മതിപ്പുണ്ടായിരുന്ന വിവേകാനന്ദനെന്ന് സ്ഥാപിക്കുന്ന പോസ്റ്ററുകള്‍ ഇക്കാലത്ത് ഇസ്‌ളാമികപ്രബോധകര്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കാറുണ്ട്. പക്ഷെ വിവേകാനന്ദന്‍ ശരിക്കും ഇസ്‌ളാമിന്റെ ആരാധകനായിരുന്നുവോ എന്ന ചോദ്യം കുഴയ്ക്കുന്ന ഒന്നാണ്. അപകടകരവും മനുഷ്യത്വരഹിതവുമായ ഒരു മതമായാണ് മിക്കപ്പോഴും അദ്ദേഹം ഇസ്‌ളാമിനെ കണ്ടിരുന്നത്.1900 ഫെബ്രുവരി 3  ന് കാലിഫോര്‍ണിയയിലെ പസദേനയില്‍ സ്ഥിതി ചെയ്യുന്ന ഷേക്‌സിപയര്‍ ക്‌ളബില്‍ വെച്ച് ചെയ്ത പ്രസംഗത്തില്‍ നിന്നും:
”ഈ വിഷയത്തില്‍ ഏറ്റവും പ്രാകൃതമെന്ന് പറയാവുന്നത് മുസ്‌ളീങ്ങളാണ്. അവരാണ് ഏറ്റവുമധികം വിഭാഗീയമായിട്ടുള്ളതും. അവരുടെ ആപ്തവാക്യമിതാണ്: ആകെ ഒരു ദൈവമേയുള്ളൂ, മുഹമ്മദാണ് പ്രസ്തുത ദൈവത്തിന്റെ സന്ദേശവാഹകന്‍. അതിനപ്പുറമുള്ളതെല്ലാം തെറ്റാണെന്ന് മാത്രമല്ല ഉടനടി നശിപ്പിക്കപ്പെടുകയും വേണം. ഈ തത്വത്തില്‍ വിശ്വസിക്കാത്ത സ്ത്രീ-പുരുഷന്‍മാരെ ഒരു നിമിഷം കാത്തിരിക്കാതെ കൊന്നുകളയണം; ഈ വിശ്വാസവുമായി പൊരുത്തപ്പെടാത്തതെല്ലാം ഉടനടി തകര്‍ക്കപ്പെടണം; ഈ വിശ്വാസമൊഴികെ മറ്റെന്തെങ്കിലും പഠിപ്പിക്കുന്ന പുസ്തകങ്ങളെല്ലാം കത്തിച്ചുകളയണം. ശാന്ത്രസമുദ്രം മുതല്‍ അത്‌ലാന്റിക് സമുദ്രം വരെ ഏതാണ്ട് അഞ്ഞൂറ് വര്‍ഷത്തോളം രക്തം പരന്നൊഴുകി-അതാണ് മുഹമ്മദീയന്‍ മതം(ഇസ്‌ളാം)”.[‘Swami Vivekananda’s Rousing Call to Hindu Nation’, p. 130].
”ഈ കാര്യത്തില്‍ മുഹമ്മദീയരാണ് മിടുക്കര്‍. മുന്നോട്ടുള്ള ഓരോ പടവുകളിലും അവര്‍ മുന്നേറിയത് ഒരു കയ്യില്‍ കുര്‍-ആനും മറ്റേ കയ്യില്‍ വാളും മുറുകെ പിടിച്ചുകൊണ്ടാണ്. ഒന്നുകില്‍ കുര്‍-ആന്‍ നിങ്ങള്‍ സ്വീകരിക്കുക, അല്ലെങ്കില്‍ മരിക്കുക-മറ്റൊരു മാര്‍ഗ്ഗം ഇല്ല”(1900 ജനുവരി 28 ന് പസദേനയിലെ(കാലിഫോര്‍ണിയ) യൂണിവേഴ്‌സലിസ്റ്റ് ചര്‍ച്ചില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ നിന്ന്)
”മനുഷ്യന്‍ എത്ര സ്വാര്‍ത്ഥനാകുന്നുവോ അത്രമാത്രം അധര്‍മ്മിയുമായിരിക്കും. വംശത്തെ സംബന്ധിച്ചിടത്തോളവും ഇതു ശരിയാണ്. തങ്ങളിലേക്ക് മാത്രം ഒതുങ്ങുന്ന കൂട്ടര്‍ ലോകത്തില്‍ വെച്ച് ഏറ്റവും ക്രൂരവും പൈശാചികവുമായി നിലകൊള്ളും. അറേബ്യയിലെ പ്രവാചകന്‍(മുഹമ്മദ്) സ്ഥാപിച്ച മതത്തോളം(ഇസ്‌ളാം) ഈ ദ്വന്ദാത്മക സത്യത്തെ സാധൂകരിക്കുന്ന മറ്റൊരു മതവുമില്ല. ഇത്രയധികം ചോരപ്പുഴ ഒഴുക്കുകയും അന്യജനത്തോട് ക്രൂരത പ്രവര്‍ത്തിക്കുകയും ചെയ്ത വേറൊരു മതവും ലോകത്തില്ല. തങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരെ കൊന്നുകളയണമെന്ന ശാസനം കുര്‍-ആനിലുണ്ട്. അങ്ങനെയുള്ള ഒരുവനെ കൊല്ലുന്നതുപോലും ദയയാണ്. മാത്രമല്ല സുന്ദരികളായ ഹൂറിമാരും ഇന്ദ്രിയസുഖങ്ങളും ലഭ്യമായ സ്വര്‍ഗ്ഗം കൈവരിക്കാനുള്ള തീര്‍ച്ചപ്പെടുത്തിയ മാര്‍ഗ്ഗം അവിശ്വാസികളെ കൊല്ലുക എന്നതാണ്. അത്തരമൊരു വിശ്വാസത്തിന്റെ(ഇസ്‌ളാം) ഫലമായി ഉണ്ടായ ചോരപ്പുഴകളുടെ കാര്യം ചിന്തിച്ചുനോക്കുക”(1896 നവം 18 ന് ലണ്ടനില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)
ഇതേ പ്രസംഗത്തില്‍ വിവേകാനന്ദന്‍ പറയുന്നു: ”വളരെ പൈശാചികമായി ശാസനങ്ങളടങ്ങിയ ഒരു മതമുണ്ട്. ഉദാഹരണമായി മുഹമ്മദീയരല്ലാത്തവരെയെല്ലാം കൊന്നുകളയാന്‍ മുഹമ്മദീയന്‍മതം അനുശാസിക്കുന്നു. ഇക്കാര്യം ഖുര്‍-ആനില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. മുഹമ്മദീയരാകാത്ത എല്ലാ അവിശ്വാസികളെയും വധിക്കുക. അവരെ ചുട്ടുകളയുകയോ വാളിന്നിരയാക്കുകയോ ചെയ്യണം. ഇങ്ങനെയൊക്കെ പറയുന്നത് തെറ്റാണെന്ന് നാം ഒരു മുഹമ്മദീയനോട് പറയുകയാണെന്നിരിക്കട്ടെ, സ്വഭാവികമായും അവന്‍ തിരിച്ചുചോദിക്കും: നിങ്ങള്‍ക്ക് എങ്ങനെയത് പറയാന്‍ സാധിക്കുന്നു? അതൊന്നും ശരിയല്ലെന്ന് നിങ്ങള്‍ എങ്ങനെ പറയും?  ഒക്കെ ശരിയാണെന്ന് എന്റെ പുസ്തകത്തില്‍ പറയുന്നുണ്ടല്ലോ.”
”ലോക സാഹോദര്യത്തെക്കുറിച്ച് മുഹമ്മദീയര്‍ സംസാരിക്കുന്നു. പക്ഷെ യാഥാര്‍ത്ഥ്യമെന്താണ്?മുഹമ്മദീയനല്ലാത്ത ഒരാളെ ആ കൂട്ടായ്മയിലേക്ക് സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെയൊരാളുടെ കഴുത്തറുക്കപ്പെടാനാണ് കൂടുതല്‍ സാധ്യത.” [“Practical Vedanta’ Part III, p. 380; vol. 2 of the previous book]
”ഏറ്റവും പ്രാചീനനായ ഇസ്‌ളാമിക ചരിത്രകാരനായ ഫെരിഷ്ത പറയുന്നതനുസരിച്ച്് മുഹമ്മദീയര്‍ ഇവിടെ ആദ്യമായി കടന്നുവന്നപ്പോള്‍ ഇവിടെ 600 ദശലക്ഷം ഹിന്ദുക്കളുണ്ടായിരുന്നു.. പക്ഷെ ഇപ്പോള്‍ നാം വെറും 200 ദശലക്ഷം മാത്രം. ഹിന്ദുവിന്റെ തൊട്ടിയില്‍ നിന്ന് ചോരുന്ന ഓരോരുത്തരും ഒരംഗത്തിന്റെ കുറവ് മാത്രമല്ല ഒരു ശത്രുവിനെക്കൂടി സമുദായത്തിന് സംഭവന ചെയ്യുകയാണ്.”(“Practical Vedanta’ Part III, vol. 5, p. 233)
”ഇസ്‌ളാമിലേക്കം ക്രിസ്തുമതത്തിലേക്കും മാറിയ ഓരോ ഹിന്ദുവും വാളുകൊണ്ടോ ഇത്തരക്കാരുടെ പിന്‍ഗാമികളാലോ ആണ് മതമാറ്റത്തിന് വിധേയരാക്കപ്പെട്ടത്.” (“Practical Vedanta’ Part III, vol. 5, p. 233)പവിവേകാനന്ദന്റെ പടം വെച്ചു പാര്‍ട്ടി വളര്‍ത്താമെന്നു മോഹിക്കുന്ന മതേതര വിപ്‌ളവവാദികള്‍ അവശ്യം വായിച്ചിരിക്കേണ്ട സമാനമായ പ്രസ്താവങ്ങള്‍ വേറെയുമുണ്ട്.
ജാതിയുടെ സുഗന്ധം
പുരാണങ്ങളും സ്മൃതികളുമൊക്കെ പരിമിതബുദ്ധിയുള്ളവര്‍ എഴുതിക്കൂട്ടിയവയാണെന്ന് അംഗീകരിക്കാന്‍ വിവേകാന്ദന്‍ തയ്യാറായി. പുസ്തകങ്ങള്‍ വായിക്കുന്നത് തന്നെ പ്രശ്‌നമാണെന്ന് അദ്ദേഹത്തിന് തോന്നിയത് തന്നെ മതസാഹിത്യത്തിന്റെ ദയനീയസ്ഥിതി മൂലമായിരിക്കണം. ശരിയായ മതവിശ്വാസിയാകാന്‍ ആദ്യം പുസ്തകങ്ങളെടുത്ത് പുറത്തെറിയണമെന്നാണ് വിവേകാനന്ദന്‍ ഉപദേശിച്ചത്(vol 4 ,page 30, complete works of Swami Vivekananda). പുസ്തകങ്ങള്‍ നന്മയെക്കാള്‍ തിന്മയാണ് കൊണ്ടുവന്നിട്ടുള്ളതെന്നും പല ക്ഷുദ്രപ്രത്യയശാസ്ത്രങ്ങള്‍ക്കും അവ കാരണമായി തീര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം എഴുതി(that book page 38).
ഹിന്ദുമതത്തിന് കാര്യമായ ചില കുഴപ്പങ്ങളുണ്ടെന്ന് വിവേകാന്ദന്‍ സമ്മതിച്ചിരുന്നു. പക്ഷെ അവയുടെയൊക്കെ ഉത്തരവാദിത്വം പൗരോഹിത്യത്തിനാണെന്ന പരമ്പരാഗത മതവാദമായിരുന്നു അദ്ദേഹത്തിന്റേത്. മാനവികതയുടെ ഉത്കൃഷ്ടത ഉദാത്തമായി പഠിപ്പിക്കുന്നതില്‍ ഹിന്ദുമതത്തിന് സമാനമായി മറ്റൊരു മതമില്ല. അതേസമയം ദരിദ്രന്റെയും നിസ്വന്റെയും കഴുത്ത് ഞെരിച്ച് രസിക്കുന്നതിലും ഹിന്ദുമതത്തിന് തത്തുല്യമായി വേറൊരു മതവും ഈ ഭൂമുഖത്തില്ല. ഇവിടെ തെറ്റ് മതത്തിന്റേതല്ല. മറിച്ച് മതത്തെ ദുഷിപ്പിക്കുന്ന കാപട്യക്കാരാണ്. അവര്‍ പാരമാര്‍ത്ഥിക-വ്യാവാഹാരിക സത്യങ്ങളുടെ പേരില്‍ പലതരം പീഡനയന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നു…കേട്ടു പഴകിച്ച ഇത്തരം മണ്ണുണ്ണിവാദങ്ങള്‍ തന്നെയാണ് വിവേകാനന്ദനും അവതരിപ്പിക്കാനുണ്ടായിരുന്നത്(Letter to Alasinga dated 20th March 1893).
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിഴുപ്പ് ചുമക്കുകയും വേണ്ട-പുരോഗമനചിന്തകരുടെ പന്തിയിലിരുന്ന് ഉണ്ണുകയും ചെയ്യാം-എന്ന തന്ത്രപരമായ, ബൗദ്ധികസത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത സമീപനമാണത്. മതം ചക്കരയാണ്- എന്നാല്‍ ചുരുക്കം ചിലര്‍ ചേര്‍ന്ന് അതിനെ പ്രവര്‍ത്തിച്ചും വ്യാഖ്യാനിച്ചു ഭീകരമാക്കുകയാണ് എന്നാണ് ഇക്കൂട്ടര്‍ പറഞ്ഞുവരുന്നതിന്റെ സംഗ്രഹം. എന്നാല്‍ വാസ്തവത്തില്‍ ഇതൊരു കപടവാദമാണ്. മതം എന്നാല്‍ ലോകത്തെവിടെയും എക്കാലത്തും മതനേതൃത്വം അഥവാ പൗരോഹിത്യം തന്നെയാണ്. അവരാണ് നിയമവും വ്യാഖ്യാനങ്ങളുമുണ്ടാക്കുന്നത്. അവരെ മാറ്റിനിര്‍ത്തി മതത്തെ പരിഗണിക്കാനാവില്ല. മതത്തെ ചാരിയാണ് വിവേകാനന്ദനും നിന്നത്. മതമില്ലെങ്കില്‍ വിവേകാനന്ദനും ഇല്ല.
ജാതിയെ അതിതീവ്രമായും വൈകാരികമായും പിന്തുണച്ചുകൊണ്ട് വിവേകാനന്ദന്‍ എഴുതിയിട്ടുണ്ട്. ജാതിവൈവിധ്യം വൈദികസൃഷ്ടിയുടെ അടിത്തട്ട് സമവാക്യമാണെന്നും ആ വൈവിധ്യം നശിക്കുമ്പോള്‍ അത് സൃഷ്ടി തന്നെ നശിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം വിശ്വസിച്ചു. വൈവിധ്യം നിലച്ചാല്‍ സൃഷ്ടി നശിച്ചു. സ്പീഷിസിനെ സക്രിയമാക്കാന്‍ വൈവിധ്യങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കണം.(letter written by Vivekananda on 3rd January 1895). വൈവിധ്യങ്ങള്‍ നിലയ്ക്കുമ്പോള്‍ സ്പീഷിസ് നശിക്കുന്നു പരിണാമശാസ്ത്രപരമായി കൃത്യമായ നിരീക്ഷണം തന്നെയാണ്. പക്ഷെ വിവേകാന്ദന്‍ സംസാരിക്കുന്നത് ജീവശാസ്ത്രത്തെ കുറിച്ചല്ല മറിച്ച് സാമൂഹികശാസ്ത്രത്തെ കുറിച്ചാണ്. ജീവശാസ്ത്രസിദ്ധാന്തങ്ങള്‍ സാമൂഹികശാസ്ത്രത്തില്‍ പ്രയോഗിക്കുന്നത് ആപല്‍ക്കരമായി തീരാനിടയുണ്ട്.
ഹിന്ദുമതത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ജാതിനിര്‍മ്മാര്‍ജ്ജനം ആണെന്നും അദ്ദേഹം പറഞ്ഞുവെച്ചു(“Then what was the cause of India’s downfall?-the giving up of this idea of caste.”). പക്ഷെ താനുദ്ദേശിക്കുന്ന ‘ജാതി’ ഉച്ചനീച ശ്രേണിബന്ധത്തില്‍ അധിഷ്ഠിതമായ ജാതിയല്ലെന്ന ധ്വനിയും അദ്ദേഹത്തിന്റെ കത്തുകളിലുണ്ട്. നിലവിലുള്ള ജാതിസമ്പ്രദായം പുരോഗതിക്ക് തടസ്സമാണെന്നും(“The present caste is not the real Jati, but a hindrance to its progress. It really has prevented the free action of Jati, i.e., caste or variation.”)അമേരിക്കയും യൂറോപ്പും മുന്നേറിയത് ജാതി നിലനിറുത്തിയാണെന്നും പറയുന്നതില്‍ നിന്ന് ജാതിയെപ്പറ്റി വേറിട്ടൊരു സങ്കല്‍പ്പമാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് കാണാം. പക്ഷെ ഇന്ത്യയില്‍ ജാതിയെന്നാല്‍ ജന്മസിദ്ധമാണ്. വ്യാഖ്യാനകസര്‍ത്ത് നടത്തി ഇല്ലാതാക്കാന്‍ കഴിയാത്ത അനിഷേധ്യ യാഥാര്‍ത്ഥ്യമാണത്. പ്രായോഗികതലത്തില്‍, ജാതി പുതിയതായി ആര്‍ജ്ജിക്കാനോ മാറ്റിമറിക്കാനോ സാധ്യമല്ല. ജാതി എന്നാല്‍ ‘വിവേചനരഹിതമായ തൊഴില്‍വിഭജനം’ എന്നാണ് വിവേകാനന്ദന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ചില തെലുങ്കു സിനിമകളുടെ തിരിക്കഥയേക്കാള്‍ അതിശയോക്തിപരമാണെന്നു പറയേണ്ടതുണ്ട്.
കടല്‍ വാറ്റിയെടുത്ത കടങ്കഥകള്‍
39 വര്‍ഷം ജീവിച്ച വിവേകാനന്ദന്‍ ‘മാതൃകാസന്യാസി’ആണെന്നാണ് മതപ്രചരണം. ഗീത വായിക്കുന്നതിലും ഭേദം ഫുട്‌ബോള്‍ കളിക്കുന്നതാണ് (‘Better to play football than read the Gita’) എന്നു പറഞ്ഞ അദ്ദേഹത്തിന്റെ കായികക്ഷമത ഒരിക്കലും മെച്ചമായിരുന്നില്ല. പ്രമേഹം, ആസ്തമ, മൂത്രയാശത്തിലെ കല്ല്, കടുത്ത വയറിളക്കങ്ങള്‍ തുടങ്ങി നിരവധി രോഗങ്ങള്‍ വിവേകാനന്ദനെ പിന്തുടര്‍ന്നു. കടുത്ത നിദ്രാരാഹിത്യത്തിന് (insomnia) അടിമയായിരുന്ന അദ്ദേഹം കിടക്കയില്‍ കിടാന്നാലുടന്‍ എനിക്ക് ജീവിതത്തിലൊരിക്കലും ഉറക്കം വന്നിട്ടില്ലെന്ന് (‘I never in my life could sleep as soon as I got into bed.’) ശശി ഭൂഷണ്‍ ഗോഷിന് എഴുതിയ കത്തില്‍ (dated May 29, 1897) പറയുന്നുണ്ട്.  1896 ല്‍ ന്യൂയോര്‍ക്കില്‍ ചെന്ന ശേഷം ഒരൊറ്റ ദിവസംപോലും താനുറങ്ങിയിട്ടില്ലെന്ന് വിവേകാനന്ദന്‍ പരിതപിക്കുന്നത് സാറാ ബുള്ളിന് (Sara Bull) അയച്ച കത്തിലാണ്. ”കടലിന് അടിയിലെങ്ങാനും പോയൊളിച്ച് അല്‍പ്പം ഉറങ്ങാനായെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു”എന്നാണ് അദ്ദഹമെഴുതിയത്. ആധുനികവൈദ്യവും ബദല്‍-കപട ചികിത്സകളും ലാടവൈദ്യവും വിവേകാനന്ദന്‍ പ്രയോഗിച്ച് നോക്കിയിട്ടുണ്ട്. ഈജിപ്റ്റിന്റ തലസ്ഥാനമായ കെയ്‌റോവില്‍ നിന്ന് ഒരിക്കല്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചു വരേണ്ടി വന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്.
ഇന്ത്യയുടെ തെക്കെയറ്റത്ത് കന്യാകുമാരിയില്‍ കടലില്‍ വിവേകാനന്ദന്റെ പേരില്‍ ഒരു പാറയുണ്ട്. ഈ പാറ ശരിക്കും ഒരു ദ്വീപാണ്. 1970 ലാണ് ഇവിടെ വിവേകാനന്ദ സ്മൃതികേന്ദ്രം നിര്‍മ്മിച്ച് രാജ്യത്തിന് സമര്‍പ്പിച്ചത്. സ്മൃതിമണ്ഡപത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സമ്മേളനഹോള്‍ വരെയുണ്ട്. ഹിന്ദു നേതാവായ ഏക്‌നാഥ് റാനഡെയാണ് (Eknath Ranade) സ്മാരക നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഇതു സംബന്ധിച്ച് തദ്ദേശിയരായ ക്രൈസ്തവരും ഹിന്ദുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ പാരമ്യതയിലാണ് സ്മാരകമുയര്‍ന്നത്. പല തവണ ക്രൈസ്തവര്‍ ഈ ദ്വീപില്‍ അവകാശം സ്ഥാപിച്ച് കുരിശ് നാട്ടി. രാത്രിയില്‍ ഹിന്ദുക്കള്‍ അവയെടുത്ത് കടലില്‍ തള്ളും. തിരിച്ച് വിവേകാനന്ദന്റെ സ്മാരകം ക്രൈസ്തവരും കടലിലെറിഞ്ഞിട്ടുണ്ട്. ദല്‍ഹിയില്‍ ‘പിടി’ഹിന്ദുക്കള്‍ക്ക് കൂടുതലായതിനാല്‍ അത് മറ്റൊരു ബാബ്‌റി മസ്ജിദായില്ലെന്നുമാത്രം.
1892 ലെ കന്യാകുമാരി സന്ദര്‍ശനവേളയില്‍ വിവേകാനന്ദന്‍ കടല്‍ നീന്തി ഈ പാറമേല്‍ ചെന്നിരുന്ന് മൂന്നു ദിവസം ധ്യാനനിരതനായെന്നും അതിലൂടെ ജ്ഞാനോദയം ലഭിച്ചെന്നുമാണ് മതപ്രചരണം. കത്തോലിക്കരായ തദ്ദേശ മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്നുമതു വിശുദ്ധ സേവ്യറുടെ പാറയാണ്. ഈ പാറക്കെട്ടിന് ദ്രാവിഡ ദേവതയായ കുമരിയുമായും ഐതിഹ്യപരമായ ബന്ധമുണ്ട്. വിവേകാനന്ദ സ്മാരകം നില്‍ക്കുന്ന ദ്വീപ് സമുദ്രതീരത്തുനിന്നും ഏതാണ്ട് 500 മീറ്റര്‍ ദൂരത്താണ്. ഈ ദൂരം വിവേകാനന്ദന്‍ നീന്തിയെന്നാണ് കഥ. വിവേകാനന്ദന്‍ കടലില്‍ അല്‍പ്പദൂരം നീന്തി അടുത്തുകണ്ട പാറയുടെ മുകളില്‍ ചെന്നിരുന്ന് കുറച്ചുനേരം ധ്യാനിച്ചുവെന്നായിരിക്കും മിക്കവരുടെയും ധാരണ. അരക്കിലോമീറ്റര്‍ ദൂരം അലറിത്തിമിര്‍ക്കുന്ന കടലിലൂടെ യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ വിവേകാനന്ദന്‍ നീന്തിക്കയറിയെന്ന് പറഞ്ഞുപരത്തുന്നത് അദ്ദേഹത്തെ അമാനുഷനാക്കാന്‍ തന്നെയാണ്.
”സ്വാമി വിവേകാനന്ദന്‍ ഇന്ത്യയില്‍”(Swami Vivekananda in India – A Corrective Biography’ (page 100, ISBN 81-208-1586-6, Motilal Banarasidass Publishers Private Limited, Delhi) )എന്ന പുസ്തകത്തില്‍ ഈ കഥയുടെ പൊള്ളത്തരം വിവേകാനന്ദന്റെ ജീവചരിത്രകാരനായ രാജഗോപാല്‍ ചതോപാദ്ധ്യായ വിവരിക്കുന്നുണ്ട്. അദ്വൈത ആശ്രമം പ്രസിദ്ധീകരിച്ച വിവേകാനന്ദന്റെ ഒരു ജീവചരിത്രം വഴിയാണ് ഈ കെട്ടുകഥ ആദ്യം പ്രചരിച്ചത്. ”കന്യാകുമാരി മുനമ്പില്‍ കുമരിയമ്മയുടെ ക്ഷേത്രത്തില്‍, ഇന്ത്യയുടെ അങ്ങേ മുനമ്പിലെ ശിലാഖണ്ഡത്തില്‍ ഇരിക്കവെ എനിക്കൊരാശയം തോന്നി….”എന്ന് രാമകൃഷ്ണാനന്ദയ്ക്ക് ഷിക്കാഗോയില്‍ നിന്നും അയച്ച കത്തില്‍ വിവേകാനന്ദന്‍ എഴുതിയ കാര്യം ചതോപാദ്ധ്യായ അനുസ്മരിക്കുന്നു(19th March, 1894; letter written to Ramakrishnananda from Chicago). കടലില്‍ അര കിലോമീറ്റര്‍ നീന്തുക എന്നത് തീര്‍ച്ചയായും മനുഷ്യസാധ്യമാണ്. പക്ഷെ ഇവിടെ പ്രശ്‌നം അതല്ല. കുമരിയുടെ ക്ഷേത്രം ഇന്ത്യയുടെ മാതൃഭൂഖണ്ഡത്തിലാണ്-ദ്വീപിലല്ല. പ്രസ്തുത പാറ കുമരിയുടെ ക്ഷേത്രത്തില്‍ നിന്നും കിഴക്കു മാറിയാണ്. അതായത് ദ്വീപ് ഇന്ത്യയുടെ തെക്കെ അറ്റത്തല്ല. കന്യാകുമാരിയിലേക്കുള്ള യാത്രയിലുടനീളം വിവേകാനന്ദനെ അനുഗമിച്ച മന്‍മഥ ഭട്ടാചാര്യ(ങമിാമവേമ ആവമേേമരവമൃ്യ്യമ) ഒരിക്കല്‍പ്പോലും വിവേകാന്ദന്റെ സാഹസിക നീന്തലിനെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. വിവേകാനന്ദന്റെ താമസ-ഭക്ഷണ-യാത്ര ചെലവുകള്‍ വഹിച്ചിരുന്നത് ഭട്ടാചാര്യയായിരുന്നു. വിവേകാനന്ദന്‍ കടല്‍ നീന്തി മൂന്നു ദിവസം ധ്യാനിച്ചെങ്കില്‍ ഭട്ടാചാര്യയ്ക്ക് എങ്ങനെ മറക്കാനാവും?
ഈ വീരകൃത്യം നടന്നുവെന്ന് പ്രചരിപ്പിക്കുന്ന ദിവസം (24th or 25th December, 1892) നീന്തല്‍ ദുഷ്‌ക്കരമാക്കുന്ന വിധം കടുത്ത തണുപ്പുള്ള ദിവസമായിരുന്നു. മൂന്ന് ദിവസം നനഞ്ഞ വസ്ത്രങ്ങളുമായി ഭക്ഷണമില്ലാതെ മഴയും വെയിലുമേറ്റ് ഒരാള്‍ പാറയുടെ മുകളില്‍ കയറി ധ്യാനമിരിക്കുക അത്ര എളുപ്പമല്ല-അതും മഹാരോഗങ്ങളുടെ തോഴനായി ജീവിച്ച് മൂന്ന് ഹൃദയാഘാതങ്ങള്‍ നേരിട്ട് മുപ്പത്തി ഒന്‍പതാം വയസ്സില്‍ അകാലചരമമടഞ്ഞ ഒരു മനുഷ്യന്‍! തനിക്ക് മദ്രാസിലേക്ക് പെട്ടെന്ന് തിരിച്ചുചെല്ലണമെന്ന് വിവേകാനന്ദന്‍ ഭട്ടാചാര്യയെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന കാര്യവും ചതോപാദ്ധ്യായ ചൂണ്ടിക്കാണിക്കുന്നുണ്ട്. ധിറുതിയില്‍ നില്‍ക്കുന്ന ഒരാള്‍ മൂന്നു ദിവസം ധ്യാനിക്കാനായി കടലില്‍ ചാടുന്നതില്‍ അസ്വാഭാവികതയില്ലേ?! ഈ അത്ഭുതകൃത്യത്തെ കുറിച്ച് തദ്ദേശിയര്‍ക്കും വിവരമില്ല.
വിവേകാനന്ദന്‍ മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ അത്ഭുതകഥ പടരുന്നത്. അദ്വൈതാശ്രമം 1914 ല്‍ പ്രസിദ്ധീകരിച്ച ആത്മകഥയുടെ ആദ്യ എഡിഷനിലാണ് ഈ നീന്തല്‍ കഥയുള്ളത്.”ക്ഷേത്രത്തിലേക്ക് വന്നുകൊണ്ടിരുന്ന നിരവധി സ്രാവുകളെ വകവെക്കാതെ അദ്ദേഹം കടലിലേക്ക് മുറിച്ചു കടന്നു”എന്നാണതില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. കുമരിക്ഷേത്രം കരയില്‍ തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ പ്രസ്തുത ക്ഷേത്രത്തിലെത്താനായി കടലില്‍ ചാടേണ്ട കാര്യമില്ല. കന്യാകുമരിയുടെ ഭൂമിശാസ്ത്രം അറിയാത്ത ആരോ ആണ് കഥ മെനഞ്ഞതെന്ന് വ്യക്തം. അമളി മനസ്സിലായി രണ്ടാമത്തെ എഡിഷനില്‍(1933) ഈ നുണക്കഥ അദ്വൈതാശ്രമം ഒഴിവാക്കിയെങ്കിലും കയ്യില്‍ കിട്ടിയ കഥ കന്യകാഗര്‍ഭം പോലെ, മുഹമ്മദിന്റെ സ്വര്‍ഗ്ഗയാത്രപോലെ ഒരു മിത്താക്കി മാറ്റുന്നതില്‍ മതജീവികള്‍ വിജയിച്ചുകഴിഞ്ഞിരുന്നു. ഇന്ത്യന്‍ സമുദ്രത്തില്‍ സത്യത്തെ മുക്കിക്കൊന്നായാലും വിവേകാനന്ദനെ മാര്‍ക്ക് സ്പിറ്റാക്കാതെ അവര്‍ക്ക് തൃപ്തിവരില്ല. ജലത്തെ കീഴടക്കുക എന്നത് നല്ല പ്രചാരമുള്ള ഒരു മതമിത്താണ്. മോശക്ക് വേണ്ടി കടല്‍ സ്വയം വിഭജിച്ചു, ശ്രീകൃഷ്ണന് വേണ്ടി കാളിന്ദി വഴങ്ങിക്കൊടുത്തു, യേശു വെള്ളത്തിന് മുകളിലൂടെ നടന്നു…. അങ്ങനെ വരുമ്പോള്‍ വിവേകാനന്ദന്‍ കടല്‍ നീന്തിക്കടന്നു എന്നു പറയുമ്പോള്‍ വിഴുങ്ങാന്‍ വലിയ പ്രയാസമില്ല. വിവേകാനന്ദന്റെ ദിവ്യവത്ക്കരണ തിരക്കഥയില്‍ ആള്‍ദൈവനിര്‍മ്മാണത്തിന്റെ ചേരുവകള്‍ക്ക് പ്രാമുഖ്യം കൈവരുന്നത് അങ്ങനെയാണ്.

About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *