ദാരിദ്ര്യത്തിന്റെ തുല്യമായ വിതരണമാണ് കമ്മ്യൂണിസമെന്ന് ക്യൂബ തെളിയിക്കുന്നു; സജീവ് ആല എഴുതുന്നു


‘1970കളിലെ കേരളമാണ് ഇന്നത്തെ ക്യൂബ. സോഷ്യലിസ്റ്റ് ബാനറിനുള്ളില്‍ അറുപഴഞ്ചന്‍ കെട്ടിടങ്ങള്‍ പൊളിഞ്ഞ റോഡുകള്‍ നിറം കെട്ട സ്‌ക്കൂളുകള്‍ ഹോസ്പിറ്റലുകള്‍ 1950 മോഡല്‍ വാഹനങ്ങള്‍ നല്ല വസ്ത്രമോ ആഹാരമോ ഒന്നും ലഭിക്കാതെ നിറം കെട്ട റേഷനിംഗ് ലൈഫ്‌ലെസ്സ് ലൈഫ് അങ്ങനെയങ്ങനെ അരനൂറ്റാണ്ട് പിന്നിലേക്ക് ക്യൂബന്‍ ജനതയെ ഫിഡല്‍ കാസ്‌ട്രോ എന്ന പട്ടാളസേച്ഛാധിപതി തള്ളിയിട്ടു കളഞ്ഞു.’- സജീവ് ആല എഴുതുന്നു
1970കളിലെ കേരളമാണ് ഇന്നത്തെ ക്യൂബ!

വര്‍ഗ്ഗസമരം മൂര്‍ച്ഛിക്കുമ്പോഴല്ല മറിച്ച് പട്ടിണിയും ദാരിദ്ര്യവും ഇല്ലായ്മയും മൂലം ജീവിതം ഒരടി മുന്നോട്ട് പോകാന്‍ കഴിയാതെ വരുമ്പോഴാണ് ജനം തെരുവിലിറങ്ങുന്നത്. നഷ്ടപ്പെടുവാന്‍ മറ്റൊന്നുമില്ലാത്ത അവസ്ഥയില്‍ കാല്‍ച്ചങ്ങലകള്‍ വലിച്ചുപൊട്ടിച്ച് മര്‍ദ്ദിതര്‍ പൊട്ടിത്തെറിക്കും.

ക്യൂബയില്‍ ഇപ്പോള്‍ നടക്കുന്നത് അതിജീവനപ്പോരാട്ടമാണ്. കൂടുതല്‍ സ്വാതന്ത്ര്യത്തിനായുള്ള സമരം ജനാധിപത്യത്തില്‍ മാത്രമേ നടക്കുകയുള്ളു.
ഭയം ഒരു ജനിതകരോഗമായി മാറിക്കഴിഞ്ഞ ഏകാധിപത്യ ഭരണസംവിധാനങ്ങളില്‍ വിശപ്പിന്റെ വിളി സഹിക്കാനാവാതെ വരുമ്പോള്‍ മാത്രമാണ് ജനരോഷം തെരുവുകളില്‍ ആളിപ്പടരുന്നത്.

1970കളിലെ കേരളമാണ് ഇന്നത്തെ ക്യൂബ. സോഷ്യലിസ്റ്റ് ബാനറിനുള്ളില്‍ അറുപഴഞ്ചന്‍ കെട്ടിടങ്ങള്‍ പൊളിഞ്ഞ റോഡുകള്‍ നിറം കെട്ട സ്‌ക്കൂളുകള്‍ ഹോസ്പിറ്റലുകള്‍ 1950 മോഡല്‍ വാഹനങ്ങള്‍ നല്ല വസ്ത്രമോ ആഹാരമോ ഒന്നും ലഭിക്കാതെ നിറം കെട്ട റേഷനിംഗ് ലൈഫ്‌ലെസ്സ് ലൈഫ് അങ്ങനെയങ്ങനെ അരനൂറ്റാണ്ട് പിന്നിലേക്ക് ക്യൂബന്‍ ജനതയെ ഫിഡല്‍ കാസ്‌ട്രോ എന്ന പട്ടാളസേച്ഛാധിപതി തള്ളിയിട്ടു കളഞ്ഞു.

ഒരു സൈനിക അട്ടിമറിയിലുടെ അധികാരത്തിലേറിയ ബാറ്റിസ്റ്റയെ ഗറില്ലാ തന്ത്രമുറയിലൂടെ പുറത്താക്കി ഭരണം പിടിച്ചെടുത്ത ഫിഡല്‍ നടപ്പിലും ഉടുപ്പിലും എന്നും ഒരു പട്ടാളമേധാവി ആയിരുന്നു.യാതൊരുവിധ ജനാധിപത്യ പൗരാവകാശങ്ങളും വിമതസ്വരങ്ങളും വിപ്‌ളവ ക്യൂബയില്‍ അനുവദിക്കപ്പെട്ടിരുന്നില്ല.

സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ സങ്കല്പങ്ങളെ താലോലിക്കാന്‍ ശ്രമിച്ചവര്‍ ജയിലുകളിലേക്ക് വലിച്ചെറിയപ്പെട്ടു. ശീതയുദ്ധ രാഷ്ട്രീയ കാലാവസ്ഥയില്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് ഒരുപരിധിയുമില്ലാതെ ഒഴുകിവന്ന എണ്ണയുടേയും മറ്റ് സഹായങ്ങളുടേയും കാരുണ്യത്തിലാണ് ക്യൂബന്‍ സമ്പദ്ഘടന പിടിച്ചുനിന്നത്.

കേരളത്തിലും അരിയാചനാ ക്യാംപെയ്ന്‍

സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ക്യൂബയ്ക്കായുള്ള അരിയാചനാ ക്യാംപെയ്ന്‍ കേരളത്തില്‍ വരെ നടന്നതില്‍ നിന്ന് എല്ലാം വ്യക്തമാണ്. ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള ഹവാന ലോകത്തിന്റെ ടൂറിസം ഡെസ്റ്റിനേഷനായി മാറേണ്ടതായിരുന്നു. പക്ഷെ തുറന്നവാതിലുകളിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന പ്രകാശരശ്മികളെ മറ്റെല്ലാ സര്‍വാധിപതികളെയും പോലെ കാസ്‌ട്രോയും ഭയപ്പെട്ടു. സ്വന്തം ജനതയെ പൂട്ടിയിട്ട്,താക്കോല്‍ സ്വന്തം പട്ടാളക്കുപ്പായത്തിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച് ചുരുട്ടുവലിച്ചു രസിച്ച കാസ്‌ട്രോ നാടുനീങ്ങിയപ്പോള്‍ ക്യൂബന്‍ജനത ദാരിദ്ര്യത്തിന്റെ ഭീകരാക്രമണത്തില്‍ ഊര്‍ദ്ധശ്വാസം വലിയ്ക്കുകയായിരുന്നു.

എങ്ങനെയെങ്കിലും ഫ്‌ളോറിഡ തീരത്തെത്തണം. ജനിച്ചു വീഴുന്ന ഒരോ ക്യൂബന്‍ കുഞ്ഞിന്റെയും സ്വപ്നം അതാണ്. അതുകൊണ്ടാണ് കയ്യില്‍ കിട്ടുന്ന വള്ളത്തിലും ചങ്ങാടത്തിലും ബോട്ടിലും എല്ലാം 150കി.മി അകലെയുള്ള ഫ്‌ളോറിഡയിലേക്ക് സ്വര്‍ഗ്ഗം തേടി ജനം പലായനം ചെയ്യുന്നത്. അമേരിക്കന്‍ സ്വപ്നത്തിലേക്കുള്ള യാത്രയില്‍ ബോട്ട് തകര്‍ന്നും വള്ളം മറിഞ്ഞും പോലീസിന്റെ വെടിയേറ്റും നൂറുകണക്കിനാളുകള്‍ മരിച്ചുപോയിട്ടുണ്ട്. എന്നിട്ടും അന്തസ്സോടെ ജീവിക്കാനുള്ള കൊതികൊണ്ട് ക്യൂബന്‍ സോഷ്യലിസത്തിന്റെ ഇരകള്‍ ഫ്‌ളോറിഡ കടലിടുക്കിലേക്ക് എടുത്തു ചാടുന്നു.

പഞ്ചസാരയും ചുരുട്ടും കഴിഞ്ഞാല്‍ ഡോക്ടര്‍മാര്‍ അതാണ് ക്യുബയുടെ വരുമാനമാര്‍ഗ്ഗം. ആഭ്യന്തര യുദ്ധവും സംഘര്‍ഷവും മൂലം തകര്‍ന്നുതരിപ്പണമായി കിടക്കുന്ന ഏത് നാട്ടിലും ക്യൂബന്‍ ഡോക്ടര്‍മാരെത്തും. യുഎന്‍ വിലാസത്തില്‍ എത്തുന്ന ഈ ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന വേതനം ലഭിക്കും. ടാക്‌സി ഡ്രൈവറേക്കാള്‍ കുറഞ്ഞ ശമ്പളമാണ് വിപ്ലവം തിളങ്ങുന്ന കാസ്‌ട്രോയുടെ ക്യൂബയില്‍ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്.

കുടുംബത്തിലെ പട്ടിണി മാറ്റാന്‍ ആധുനിക വൈദ്യശാസ്ത്രം പഠിച്ചവര്‍ സിവില്‍വാര്‍ദേശങ്ങള്‍ തേടി അലയുന്ന ലോകത്തെ ഏക രാജ്യം ക്യൂബയായിരിക്കും. ഡോക്ടര്‍മാരെ കയറ്റുമതി ചെയ്ത് കഞ്ഞിവെള്ളം കുടിക്കാനുള്ള ക്യൂബന്‍ശ്രമത്തെയാണ് ഇവിടെ ചിലര്‍ മഹാജീവകാരുണ്യ പ്രവര്‍ത്തനമായി കൊണ്ടാടുന്നത്. നിറയെ ഡോക്ടര്‍മാരുള്ള ക്യൂബയിലെ ആശുപത്രികളില്‍ മരുന്നില്ല ആധുനിക വൈദ്യശാസ്ത്ര ഉപകരണങ്ങളില്ല മറ്റ് അനുബന്ധ സൗകര്യങ്ങളില്ല. അതുകൊണ്ടും കൂടിയാണ് കോവിഡുകാലത്ത് ജനരോഷം തെരുവുകളില്‍ ആളിക്കത്തുന്നത്.

സമ്പത്തിന്റെ തുല്യമായ വിതരണമാണ് സോഷ്യലിസം എന്നൊക്കെ പറയുമെങ്കിലും ദാരിദ്ര്യത്തിന്റെ തുല്യമായ വിതരണമാണ് കമ്മ്യൂണിസം എന്ന് ചരിത്രവും വര്‍ത്തമാനവും തെളിയിക്കുന്നു. സമ്പത്ത് ഉല്പാദിപ്പിക്കാനുള്ള മനുഷ്യന്റെ സ്വാഭാവിക ത്വരയെ അടിച്ചമര്‍ത്തി പതിതരാക്കി മാറ്റുന്ന ഡോഗ്മകള്‍ക്കെതിരെ പൊറുതുമുട്ടിയ ജനം പൊട്ടിത്തെറിക്കുക തന്നെ ചെയ്യും.

ശവകൂടീരങ്ങളില്‍ ഒളിച്ചിരുന്നാലും ഏകാധിപതികളെ കാലം പൊളിച്ചടുക്കുക തന്നെ ചെയ്യും. കാസ്‌ട്രോയുടെ കുറ്റവിചാരണ ക്യബന്‍ജനത തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *