സാമ്പത്തിക ദുരന്തത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഉദാരീകരണമാണ്; വിനീത് രാജ് എഴുതുന്നു


‘ഇന്ന് ലോകത്തെ ഒരുവിധം എല്ലാ വന്‍കിട കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. അന്ന് നരസിംഹറാവുവിനെയും, മന്‍മോഹന്‍ സിംഗിനേയും വിപണി തുറന്നു കൊടുത്തതിൽ രൂക്ഷമായി വിമര്‍ശിച്ചവര്‍, ഇന്ന് ആധുനിക വിദേശ നിര്‍മ്മിത കാറില്‍ സഞ്ചരിക്കുന്നു. ഏറ്റവും ന്യൂതനമായ മൊബൈല്‍ ഫോണുകളും മറ്റ് ആധുനിക സുഖ സൗകര്യങ്ങളും ഉപയോഗിക്കുന്നു. 1991 ന് മുന്‍പുള്ള സമ്പത്ത് വ്യവസ്ഥയായിരുന്നു എങ്കില്‍ ഇന്ത്യക്കാരന് ഇതൊന്നും സ്വപ്നം കാണാന്‍ പോലും സാധിക്കുമായിരുന്നില്ല.’- വിനീത് രാജ് എഴുതുന്നു.
ഇന്ത്യയുടെ തലവര മാറ്റിയ ആ ബജറ്റിന് 30 വയസ്സ്

1990 കളുടെ ആദ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുന്ന സമയം. വിദേശ നാണയ കരുതല്‍ ശേഖരം വെറും 3 ആഴ്ച്ചത്തേക്ക് മാത്രം. മറ്റു വഴികള്‍ ഒന്നും തന്നെ ഇല്ലാതെ അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ വിദേശത്ത് സ്വര്‍ണ്ണം കൊണ്ടുപോയി പണയം വച്ച സാഹചര്യം വരെ ഇന്ത്യക്ക് ഉണ്ടായി. ഐ.എം.എഫില്‍ നിന്നും ലോക ബാങ്കില്‍ നിന്നും ഒരു രൂപ പോലും വായ്പ കിട്ടാത്ത അവസ്ഥ. ഇങ്ങനെ പോയാല്‍ ഇന്ത്യയുടെ ഭാവി ഒരു ദുരന്തമായിരിക്കും എന്ന് മനസ്സിലാക്കി, പിന്നീട് അധികാരമേറ്റ പ്രധാനമന്ത്രി നരസിംഹറാവു, ഒരു നല്ല സാമ്പത്തിക വിദഗ്ധനു മാത്രമേ ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണറായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിനെ ധനകാര്യ മന്ത്രിയായി നിയമിക്കുന്നു. അതുവരെ തുടര്‍ന്നു പോന്നിരുന്ന സാമ്പത്തിക നയം പൊളിച്ചെഴുതാന്‍ മന്‍മോഹന്‍ സിംഗ് തീരുമാനിക്കുന്നു.

1991 ജൂലൈ 24 നരസിംഹറാവു സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അവതരിപ്പിക്കുന്നു. അതുവരെയുള്ള സാമ്പത്തിക സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ചുകൊണ്ട് തന്റെ ആദ്യ ബഡ്ജറ്റ് ചരിത്ര സംഭവമാക്കി അദ്ദേഹം. ആ ബജറ്റ് അവതരിപ്പിച്ചതിനു ശേഷം ഇന്ത്യ മറ്റു വന്‍ സാമ്പത്തിക ശക്തികളായ രാജ്യങ്ങളെപ്പോലെ ഇന്ത്യയുടെ വിപണി മറ്റു രാജ്യങ്ങള്‍ക്കായി തുറന്ന് കൊടുത്ത് ആഗോളവല്‍ക്കരണത്തിലും, ഉദാരവല്‍ക്കരണ നയങ്ങളിലേക്കും മാറി.

ആ ബഡ്ജറ്റിന് ശേഷം കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സംഭവിച്ച പ്രധാനപ്പെട്ട മാറ്റങ്ങളില്‍ ചിലത്.

1) ഈ സാമ്പത്തിക നയത്തിന് ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 17 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാന്‍ ഇന്ത്യക്ക് സാധിച്ചു.

2) ജി.ഡി.പി യില്‍ വന്‍ ഉയര്‍ച്ചയും ഇന്ത്യയുടെ ഇക്കോണമി 9 മടങ്ങുമാണ് പിന്നീട് വളര്‍ന്നത്.

3) സോണി, പാനസോണിക്, സാംസങ്ങ് എന്നീ വിദേശ ബ്രാന്റുകളുടെ പേരുകള്‍ കേട്ടുമാത്രം ശീലിച്ച ഇന്ത്യക്കാര്‍ ഇന്ന് വീടുകളില്‍ ഇങ്ങനെയുള്ള ആധുനിക ടെലിവിഷനും, റഫ്രിജേറ്ററുകളും മറ്റും ഉപയോഗിക്കാന്‍ തുടങ്ങി.

4) ഒരു മിഡില്‍ ക്ലാസ്സുകാരന് സ്വന്തമായൊരു കാര്‍ എന്ന സ്വപ്നം അപ്രാപ്യമായ കാലത്തുനിന്നും ഇന്ന് ഒരു ശരാശരി മിഡില്‍ ക്ലാസ്സ് കുടുംബത്തിന് ഒരു കാര്‍ എന്ന നിലയില്‍ ആയി. ബൈക്ക്, സ്‌കൂട്ടര്‍ എന്നത് ഒരു മിഡില്‍ ക്ലാസ്സുകാരന്റെ വീട്ടില്‍ സൈക്കിള്‍ പോലെ സാധാരണയായി.

5) അംബാസിഡര്‍ കാര്‍ മാത്രം ഉപയോഗിച്ചിരുന്ന സമ്പന്ന വിഭാഗം ഇന്ന് ഇന്ത്യയില്‍ നിര്‍മ്മിച്ച വിദേശ അത്യാഢംബര കാറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

6) വിദേശ കാര്‍ ഫാക്ടറിയും, ഇലട്രോണിക്സ് ഫാക്ടറികളും, മറ്റു വിദേശ കമ്പനികളും ഇന്ത്യയില്‍ വന്നതോടുകൂടി തൊഴില്‍ ഇല്ലായ്മ കുറക്കാന്‍ സാധിച്ചു.

7) ഉയര്‍ന്ന വരുമാനമുള്ളവര്‍ മാത്രം ഉപയോഗിച്ചു വന്നിരുന്ന ടെലിഫോണ്‍ സൗകര്യം ഇന്ന് 100 കോടിക്ക് മേല്‍ ജനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

8) ഐ.ടി. മേഖലയില്‍ വിദേശ കമ്പനികള്‍ വന്നതോടുകൂടി വിവര സാങ്കേതിക വിദ്യയില്‍ ലോകത്തിലെ മുന്‍പന്തിയില്‍ എത്തുവാന്‍ ഇന്ത്യക്ക് സാധിച്ചു.

9) വിദേശത്ത് സ്വര്‍ണ്ണം കൊണ്ടുപോയി പണയം വയ്‌ക്കേണ്ട ഗതികേടുണ്ടായ അവസ്ഥയില്‍ നിന്നും 610 ബില്യണ്‍ ഡോളറുമായി ലോകത്തെ ഏറ്റവും കൂടുതല്‍ ഫോറിന്‍ കറന്‍സി റിസര്‍വുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

10) വിദേശ നിക്ഷേപകര്‍ നിക്ഷേപമിറക്കാന്‍ മടിച്ചു നിന്ന സമ്പത്ത് വ്യവസ്ഥയില്‍ നിന്നും ചൈനക്ക് ശേഷം തെക്കന്‍ ഏഷ്യയില്‍ നിക്ഷേപകര്‍ കൂടുതല്‍ മുതല്‍ മുടക്കുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ മാറി.

11) മുരടിച്ചു നിന്ന സമ്പത്ത് വ്യവസ്ഥയില്‍ നിന്നും ജി.ഡി.പി. തുടര്‍ച്ചയായി വളരുന്ന സമ്പത്ത് വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റാന്‍ സാധിച്ചു.

12) 1991 ല്‍ വെറും 27000 കോടി ഡോളര്‍ സമ്പത്ത് വ്യവസ്ഥ യില്‍ നിന്നും ഇന്ന് 3 ലക്ഷം കോടി ഡോളര്‍ സമ്പത്ത് വ്യവസ്ഥയിലേക്ക് ഉയര്‍ന്ന് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ മാറി.

ഈ നയം അന്ന് ആവിഷ്‌ക്കരിച്ചില്ലായിരുന്നു എങ്കില്‍, ഇന്ന് ഇന്ത്യയുടെ ഗതി ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. ഈ രാജ്യം സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായി ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീഴുമായിരുന്നു. ഇന്ന് ലോകത്തെ ഒരുവിധം എല്ലാ വന്‍കിട കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. അന്ന് നരസിംഹറാവുവിനെയും, മന്‍മോഹന്‍ സിംഗിനേയും വിപണി തുറന്നു കൊടുത്തതിൽ രൂക്ഷമായി വിമര്‍ശിച്ചവര്‍, ഇന്ന് ആധുനിക വിദേശ നിര്‍മ്മിത കാറില്‍ സഞ്ചരിക്കുന്നു. ഏറ്റവും ന്യൂതനമായ മൊബൈല്‍ ഫോണുകളും മറ്റ് ആധുനിക സുഖ സൗകര്യങ്ങളും ഉപയോഗിക്കുന്നു. 1991 ന് മുന്‍പുള്ള സമ്പത്ത് വ്യവസ്ഥയായിരുന്നു എങ്കില്‍ ഇന്ത്യക്കാരന് ഇതൊന്നും സ്വപ്നം കാണാന്‍ പോലും സാധിക്കുമായിരുന്നില്ല.

ഈ നയത്തിലൂടെ ഒരു വലിയ സാമ്പത്തിക ദുരന്തത്തില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത് നരസിംഹറാവുവിന്റെയും മന്‍മോഹന്‍സിംഗിന്റെയും ദീര്‍ഘവീക്ഷണം ഒന്നുകൊണ്ടു മാത്രമാണ് ഇന്ത്യ ഇന്നത്തെ ഈ നിലയില്‍ എത്തിയത്. അവര്‍ക്ക് ശേഷം പിന്നീട് വന്ന വാജ്പേയ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാരുകളും ഈ നയം തുടര്‍ന്നു.

അങ്ങനെ തകര്‍ന്ന് തരിപ്പണമാകേണ്ടിവരുമായിരുന്നു ഒരു സാമ്പത്തിക അവസ്ഥയില്‍ നിന്നും ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് കാരണമായി ഇന്ത്യയുടെ തലവര തന്നെ മാറ്റി എഴുതിയ ഇന്ത്യ കണ്ട ഏറ്റവും നല്ല ധനകാര്യ മന്ത്രിയും, ലോകത്തെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞന്മാരില്‍ ഒരാളുമായ ഡോ. മന്‍മോഹന്‍ സിംഗിനെയും, മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെയും ഈ ബഡ്ജറ്റിന്റെ മുപ്പതാം വര്‍ഷത്തില്‍ ഓര്‍മ്മിക്കുന്നു.

(ലേഖകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്)


Leave a Reply

Your email address will not be published. Required fields are marked *