“മുന്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രമേഹവും, രക്താതിസമ്മര്‍ദ്ദവും, മുട്ടുവേദനയും, മൂലക്കുരുവും, ചൊറിയും അടക്കം 300 ഓളം രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ജന്യമാക്കിയിട്ടുണ്ട്. ആ രോഗികള്‍ക്കായി പ്രതിമാസം 62 ലക്ഷം രൂപ പെന്‍ഷന്‍, കൂടാതെ സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചുലക്ഷം രൂപ വീതവും സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ഈ ഇനത്തില്‍ ഇതുവരെ 500 കോടി രൂപ ചിലവാക്കി കഴിഞ്ഞു. അഞ്ച് എയിംസ് ആശുപത്രി നിര്‍മ്മിക്കേണ്ട തുക” -ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു |
എന്‍ഡോസര്‍ഫാന്‍ ഒരു കറവപ്പശുവോ?
പ്രിയപ്പെട്ട ഡോക്ടര്‍മാരെ, വീണ്ടും എന്‍ഡോസള്‍ഫാന്‍ വിഷബാധിതരെ കണ്ടുപിടിക്കുന്നതിനായി മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിക്കുകയാണല്ലോ. 1980 മുതല്‍ 2000 ഡിസംബര്‍ വരെ 20 കൊല്ലക്കാലം വര്‍ഷം 1.34 ലിറ്റര്‍ എന്ന ഗാഢതയില്‍ 4,696 ഹെക്ടര്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി തളിക്കുക വഴി, 300 തരം രോഗങ്ങളുള്ള 6,728 രോഗികള്‍ ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. അതില്‍ കീടനാശിനി തളി തുടങ്ങിയ 1980നു മുമ്പും തളി നിര്‍ത്തിയ രണ്ടായിരത്തിനു ശേഷവും ജനിച്ചവരുണ്ട്, കശുമാവ് തോട്ടങ്ങള്‍ക്ക് കിലോമീറ്റര്‍ അകലെ താമസിക്കുന്നവരുണ്ട്, ഇന്നലെ ജനിച്ച കുട്ടിയും 102ാംവയസ്സില്‍ മുട്ടുവേദന വന്ന് മരിച്ച ആളും ദുരിതബാധിതനാണ്. കീടങ്ങളെ കൊല്ലാനുള്ള ഗാഢത മനുഷ്യന് തൊലിക്ക് നീറ്റല്‍ പോലും വരുത്തില്ലെന്നിരിക്കെ 734 പേര്‍ എന്‍ഡോസള്‍ഫാന്‍ വിഷബാധ മൂലം മരിച്ചുവെന്നു കണക്കാക്കി അവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷംരൂപ വീതം സര്‍ക്കാര്‍ സഹായം കൊടുത്തു കഴിഞ്ഞു!
ആ പട്ടികയില്‍ തെങ്ങില്‍നിന്നു വീണ് മരിച്ചവരും, ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ മരിച്ചവരും, മദ്യപാനം മൂലം ലിവര്‍ സിറോസിസ് വന്ന് മരിച്ചവരും ഒക്കെ പെടുന്നു. മുന്‍ മെഡിക്കല്‍ ക്യാമ്പുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രമേഹവും, രക്താതിസമ്മര്‍ദ്ദവും, മുട്ടുവേദനയും, മൂലക്കുരുവും, ചൊറിയും അടക്കം 300 ഓളം രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ജന്യമാക്കിയിട്ടുണ്ട്. ആ രോഗികള്‍ക്കായി പ്രതിമാസം 62 ലക്ഷം രൂപ പെന്‍ഷന്‍, കൂടാതെ സുപ്രീംകോടതി നിര്‍ദേശിച്ച അഞ്ചുലക്ഷം രൂപ വീതവും സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. ഈ ഇനത്തില്‍ ഇതുവരെ 500 കോടി രൂപ ചിലവാക്കി കഴിഞ്ഞു. അഞ്ച് എയിംസ് ആശുപത്രി നിര്‍മ്മിക്കേണ്ട തുക. (അത് വിതരണം ചെയ്തു കഴിഞ്ഞപ്പോള്‍ കാസര്‍കോട് എയിംസ് വേണമെന്ന് പറഞ്ഞ് അടുത്ത സമരം).
അങ്ങനെ ലോകമെങ്ങും തളിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്കാര്‍ക്ക് മാത്രം ഒരു നല്ല കറവപ്പശുവായി. ആധുനികവൈദ്യം തെളിവധിഷ്ഠിതം എന്നു മനസ്സിലാക്കാതെ കാര്യ-കാരണ ബന്ധത്തിലുള്ള അതിന്റെ കാര്‍ക്കശ്യം പിന്തുടരാതെ, ഏതു രോഗവും പത്തുകൊല്ലം മുമ്പ് തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് വിധിയെഴുതിയ ഡോക്ടര്‍മാരാണ് ഈ സാഹചര്യം ഉണ്ടാക്കിയത്.
ഒരു സംസ്ഥാനതല മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച മാനദണ്ഡം പോലും ഉണ്ടാക്കിയിരുന്നില്ല. ക്യാമ്പുകളില്‍ പങ്കെടുത്ത എല്ലാവരും എന്‍ഡോസള്‍ഫാന്‍ രോഗികളായി. കാര്യങ്ങള്‍ മാനിപുലേറ്റ് ചെയ്യല്‍ ഇത്ര എളുപ്പമെന്നു മനസ്സിലാക്കിയ പീഢിതമുന്നണികള്‍ കുഞ്ഞുമക്കളെ പ്രദര്‍ശിപ്പിച്ച്, വൈകാരിക വിലപേശല്‍ നടത്തി കൂടുതല്‍ ക്യാമ്പുകള്‍ ഉണ്ടാക്കിയെടുത്തു. കൂടാതെ പട്ടിണി കിടന്നു സമരം ചെയ്യുന്നതില്‍ വലിയ ഉന്മാദം കൊള്ളുന്ന, യുക്തി ബോധം തൊട്ടുതെറിപ്പിച്ചിട്ടില്ലാത്ത ഒരു വനിതയെ മുന്നില്‍ നിര്‍ത്തിയിട്ടായി സമരം കൊണ്ടു മാത്രം ഉപജീവനം നയിക്കുന്ന പീഢിത മാഫിയകളുടെ കളി.
ഗാലറിക്ക് വേണ്ടി മാത്രം കളിച്ചു ശീലമുള്ള സര്‍ക്കാരിന് വഴങ്ങിയല്ലേ പറ്റൂ. അങ്ങനെ അടുത്തഘട്ടം മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആയിരിക്കുന്നു ഇപ്പോള്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മുപ്പതിനായിരം പേരാണ് രജിസ്റ്റര്‍ ചെയ്തു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ സ്ഥലം പിടിക്കാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
എന്‍ഡോസള്‍ഫാന് ഉഷ്ണമേഖലയില്‍ ഇല പരപ്പില്‍ 10- 15 ദിവസവും വെള്ളത്തില്‍ 20- 30 ദിവസവും, മണ്ണില്‍ 40- 60 ദിവസവും മനുഷ്യ രക്തത്തില്‍ 20 ദിവസവും മാത്രമേ അവശിഷ്ടമുണ്ടാകൂ എന്ന് എത്രയോ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കീടനാശക ഗാഢതയില്‍ തളിച്ചു കഴിഞ്ഞാല്‍ (500 1000 പി പി എം) കര്‍ഷക തൊഴിലാളികര്‍ക്കു (പൊതുജനങ്ങള്‍ക്കല്ല) വരാന്‍ അല്പമെങ്കിലും സാധ്യതയുള്ള രോഗങ്ങള്‍ ക്രിപ്‌റ്റോര്‍കിഡിസവും ഹൈപ്പോസ്പാടിയാസും മാത്രമാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതും വര്‍ഷത്തില്‍ പലതവണ തളിക്കുന്ന പോളി ഹൗസ് കൃഷിയില്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ തണുപ്പ് കാലാവസ്ഥയില്‍.
1954 മുതല്‍ 2014 വരെ ലോകമെങ്ങും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, തേയില തുടങ്ങിയ വിളകളില്‍ ടണ്‍ കണക്കിന് ഉപയോഗിച്ചിട്ടുണ്ട്. ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും 20 വര്‍ഷത്തോളം വായു മാര്‍ഗേണ എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ടുണ്ട്. പിന്നീട് അവിടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ മനുഷ്യര്‍ക്ക് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും കണ്ടെത്തിയിട്ടില്ല. ഓസ്‌ട്രേലിയയില്‍ പരുത്തി കൃഷിയിടങ്ങള്‍ക്കു സമീപം താമസിക്കുന്ന ജനങ്ങള്‍ അവിടം രോഗാതുരത കൂടുതലാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചിരുന്നു. പക്ഷേ പിന്നീട് നടത്തിയ പഠനങ്ങള്‍ രോഗാതുരത കൂടുതലില്ലെന്ന് സ്ഥിരീകരിച്ചു (Frager and Temperly, 2008, page 23) എ പി വി എം എ (Australian Pesticides and Veterinary Medicine Authority) യുടെ അവലോകന പഠനം 2005ഉം 2009ഉം പരിശോധിക്കുക.
ഹെലികോപ്റ്ററില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ തളിക്കുമ്പോള്‍ താഴെ പരുത്തി തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് എത്രമാത്രം കീടനാശിനി ഏല്‍ക്കുന്നു, അതില്‍ എത്രമാത്രം ശരീരത്തില്‍ പ്രവേശിക്കുന്നു, എത്ര നാള്‍ക്കകം അത് പുറന്തള്ളപ്പെടുന്നു എന്നൊക്കെയുള്ള വിശദമായ പഠനങ്ങളുടെ ഡാറ്റയും നിഗമനങ്ങളും ഉണ്ട്. അന്ത:സ്രാവ വിഭംഗനം, ന്യൂറോടോക്‌സിസിറ്റി, ഡെവലപ്മെന്റല്‍ ടോക്‌സിസിറ്റി മുതലായവയും വിശദമായി പരിശോധിച്ചിട്ടുണ്ട്. അതേപോലെ അമേരിക്ക, കനഡ, യൂറോപ്യന്‍ യൂണിയന്‍, ന്യൂസിലാന്‍ഡ് തുടങ്ങിയ വിവിധ രാജ്യങ്ങളുടെ കീടനാശിനി / രാസവസ്തു നിയന്ത്രണ ഏജന്‍സികള്‍ വളരെ വിശദമായി എന്‍ഡോസള്‍ഫാന്റെ വിവിധ രാസ,ഭൗതിക ഗുണങ്ങളും മനുഷ്യനും മറ്റു ജീവികള്‍ക്കും പരിസ്ഥിതിക്കും വരുത്തുന്ന പ്രത്യാഘാതങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ വിശദമായി പഠിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. അതില്‍ ഒന്നില്‍ പോലും എന്‍ഡോസള്‍ഫാന്‍ തളിക്കുക വഴി ശാരീരിക, മാനസിക വെല്ലുവിളികളും ജനിതക രോഗങ്ങളും ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല.
എന്റെ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ഗ്രാമപഞ്ചായത്തുകളിലെ കശുമാവ് എസ്റ്റേറ്റുകള്‍ക്ക് അടുത്തുള്ള 48 വാര്‍ഡുകളും, ദൂരെയുള്ള 115 വാര്‍ഡുകളും തമ്മില്‍, 17 തരം ശാരീരിക, മാനസിക വെല്ലുവിളികളുടെ പ്രാബല്യം തുല്യമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ രോഗപ്രാബല്യം കൂടുതലാണെന്ന തോന്നല്‍ പീഢിതമുന്നണികളുടെ ഭിക്ഷാടന മാഫിയ മോഡല്‍ പ്രദര്‍ശന സമരങ്ങള്‍ കൊണ്ടും അതിനു കിട്ടിയ മാധ്യമ പിന്തുണയും കൊണ്ടുമാണെന്ന് വ്യക്തമാണ്.
ഈ പശ്ചാത്തലത്തില്‍ അടുത്തഘട്ടം മെഡിക്കല്‍ ക്യാമ്പുകളില്‍ ഒരു ഡോക്ടര്‍ക്കു ലഭ്യമാകുന്ന നാല് അഞ്ച് മിനിറ്റില്‍ എങ്ങനെയാണ് 22 കൊല്ലം മുമ്പ് കീടനാശക ഗാഢതയില്‍ തളിച്ച എന്‍ഡോസള്‍ഫാനാണ് രോഗകാരി എന്ന് കണ്ടെത്തുക? സാധാരണ ഗതിയില്‍ അതു സാധ്യമേയല്ല. ഡോക്ടര്‍മാരുടെ രോഗികളോടുള്ള ദീനാനുകമ്പ മുതലെടുക്കാനും അതുവഴി ദുരിതബാധിതരുടെ പട്ടികയില്‍ കൂടുതല്‍ ആള്‍ക്കാരെ തിരുകികയറ്റാനും അവരില്‍ നിന്ന് കമ്മീഷന്‍ പിടുങ്ങാനും ഉള്ള ശ്രമമാണ് ഇതെന്ന് വ്യക്തമാണ്. കാര്യ-കാരണ ബന്ധം കണ്ടെത്തുക ഡോക്ടര്‍മാരുടെ പണിയല്ല. രോഗനിര്‍ണയവും ചികിത്സയുമാണ് ഡോക്ടര്‍മാരുടെ തൊഴില്‍.
കാര്യ-കാരണ ബന്ധം കണ്ടെത്തല്‍ ഗവേഷകരുടെ ജോലിയാണ്. 22 കൊല്ലം മുമ്പ് തളിച്ച കീടനാശിനി ഇപ്പോള്‍ ഇന്നയിന്ന തരം രോഗങ്ങള്‍ ഉണ്ടാക്കാമെന്ന് ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയിലെയോ, തിരുവനന്തപുരം ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ വിദഗ്ധരോ, ഇതിനായി പ്രത്യേകം ഉണ്ടാക്കിയ വിദഗ്ധരുടെ പാനലോ കൃത്യമായി രേഖപ്പെടുത്തി തരണമെന്ന് കെ ജി എം ഓ എ സര്‍ക്കാരിനോട് ഉടന്‍ ആവശ്യപ്പെടണം.
മുമ്പ് ഡോക്ടര്‍ അഷീലിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ മാനദണ്ഡങ്ങള്‍ അശാസ്ത്രീയവും അസംബന്ധവും ആണെന്ന് ഞാന്‍ കാര്യകാരണസഹിതം എഴുതിയിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കോഡ് ഓഫ് എത്തിക്‌സില്‍ 2002 പാര്‍ട്ട് 7.7 പറയുന്നത് ഡോക്ടര്‍മാര്‍ കൊടുക്കുന്ന റിപ്പോര്‍ട്ടുകള്‍ പരമപ്രധാനമാണെന്നും റിപ്പോര്‍ട്ട് തെറ്റാണെന്നു കണ്ടാല്‍ ഡോക്ടറുടെ പേര് കൗണ്‍സില്‍ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യപ്പെടാം എന്നുമാണ്. അതിനാല്‍ കെ ജി എം ഓ എ ഇത് അര്‍ഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കണം. എന്‍ഡോസള്‍ഫാന്റെ പേരില്‍ ഡോക്ടര്‍മാരെ ബലിയാടാക്കുന്ന പ്രവര്‍ത്തി ഇതോടെ അവസാനിക്കപ്പെടണം.