അലിബാബയും ഭൂമിപുത്രരും (ഒരു മലേഷ്യന്‍ സംവരണ ചരിത്രം); അഭിലാഷ് കൃഷ്ണൻ എഴുതുന്നു


“ന്യൂനപക്ഷമായ ചൈനീസ് ജനതയിലേക്ക് ഭൂരിഭാഗം സമ്പത്തും, തദ്ദേശീയരായ മലയ വംശത്തിന് രാഷ്ട്രീയ അധികാരവും വന്നു ചേര്‍ന്നപ്പോള്‍ ഉടലെടുത്ത മണ്ണിന്റെ മക്കള്‍ വാദം ആണ് സ്വാതന്ത്ര്യത്തിന് ശേഷം മലേഷ്യയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ പിന്നീട് അങ്ങോട്ട് രൂപപെടുത്തിയത്. ഈ സമയത്ത് ഇറങ്ങിയ ബിന്‍ മുഹമ്മദിന്റ The Malay Dilemma എന്ന പുസ്തകവും മണ്ണിന്റ മക്കള്‍ തീവ്രവാദങ്ങള്‍ നിറഞ്ഞത് ആയിരുന്നു. ഇവ ഗോള്‍വാള്‍ക്കറിന്റെ വാദങ്ങള്‍ക്ക് സമാനമാണ്. ശരിക്കും ഒരു മലേഷ്യന്‍ വിചാരധാര” – അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു
ഒരു മലേഷ്യന്‍ ‘വിചാരധാര’!

ഈ കഥ തുടങ്ങുന്നത് കൊളോണിയല്‍ മലേഷ്യയില്‍ ആണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മലേഷ്യയില്‍ ടിന്‍ മൈനിംഗും, റബര്‍ വ്യവസായവും ആരംഭിച്ചതോട് കൂടിയാണ് ചൈനയില്‍ നിന്നു ധാരാളം തൊഴിലാളികള്‍ പുതിയ അവസരം തേടി മലേഷ്യയില്‍ എത്തുന്നത്. ബ്രിട്ടീഷ് കമ്പിനികളുടെ ഉടമസ്ഥതതയിലുള്ള ഈ രണ്ട് ഇന്‍ഡ്രസ്റ്റികളിലും തൊഴില്‍ എടുക്കാന്‍ തദ്ദേശീയരായ മലയ വംശജര്‍ അധികം താല്‍പ്പര്യം കാണിച്ചില്ല. ഈ അവസരം ചൈനീസ് തൊഴിലാളികള്‍ ഉപയോഗപ്പെടുത്തി. കൂടാതെ ചെറുകിട കച്ചവട സ്ഥാപനങ്ങളിലൂടെ മറ്റു മേഖലകളിലും പതിയെ ചൈനീസ് വംശജര്‍ കൈവെക്കുന്നു. സമ്പാദ്യശീലത്തിലും , പണം ചിലവഴിക്കുന്ന കാര്യത്തിലും എല്ലാം തദ്ദേശീയരെക്കാള്‍ താരതമ്യേന മികച്ച രീതികള്‍ പിന്തുടര്‍ന്ന ചൈനീസ് വംശജര്‍ ബ്രട്ടീഷുകാര്‍ പിന്‍വാങ്ങുന്ന സമയത്ത് മലേഷ്യയിലെ സമ്പത്തിന്റെ സിംഹഭാഗവും സ്വന്തമാക്കി കഴിഞ്ഞിരുന്നു.

ന്യൂനപക്ഷമായ ചൈനീസ് ജനതയിലേക്ക് ഭൂരിഭാഗം സമ്പത്തും, തദ്ദേശീയരായ മലയ വംശത്തിന് രാഷ്ട്രീയ അധികാരവും വന്നു ചേര്‍ന്നപ്പോള്‍ ഉടലെടുത്ത മണ്ണിന്റെ മക്കള്‍ വാദം ആണ് സ്വാതന്ത്ര്യത്തിന് ശേഷം മലേഷ്യയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ പിന്നീട് അങ്ങോട്ട് രൂപപെടുത്തിയത്.

ഈ മണ്ണിന്റ മക്കള്‍ വാദത്തിന്റെ സ്ഥാപിതവല്‍ക്കരണമായിരുന്നു, ഭരണ ഘടനയില്‍ എഴുതി ചേര്‍ത്ത ഭൂമിപുത്ര എന്ന ക്ലാസും അവര്‍ക്കുള്ള പ്രത്യേക പരിഗണനകളും. ആരാണ് ഭൂമിപുത്രര്‍ തന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മലയ വംശജര്‍, മുസ്ലീം മതസ്ഥര്‍ ,മറ്റ് തദ്ദേശീയ വര്‍ഗങ്ങള്‍ ഒക്കെ ചേരുന്നതാണ് പൊതുവില്‍ ഭൂമിപുത്ര. സത്യത്തില്‍ വിദേശികളായ ചൈനീസ് ഇന്ത്യന്‍ ബ്രട്ടീഷ് ജനതയുടെ സമ്പത്ത് കൂടുന്നത് തടയാന്‍ അവരെ എല്ലാവരെയും കൂടി നോണ്‍ ഭൂമിപുത്ര അക്കി എന്നര്‍ത്ഥം.

69 ലെ കലാപം

ഈ കഥയിലെ ഏറ്റവും വലിയ വഴിത്തിരിവ് ആണ് 69 ലെ കലാപം. ചൈനീസ് വംശജര്‍ എല്ലാം കൊണ്ടുപോകുന്നു, മലയ ജനത ദുരിതത്തില്‍ എന്ന ദീര്‍ഘകാല രാഷ്ട്രീയ ഭീതി വ്യാപാരം ആയിരുന്നു കലാപത്തിലേക്ക് നയിച്ചത്. ഒരു കലാപത്തിന് ആയി അവിടുത്തെ രാഷ്ട്രീയക്കാര്‍ കൊതിച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ കലാപത്തിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണം നിസ്സാരമാണ്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്തിയ ചൈനീസ് വംശജര്‍ മലയ ജനതയുടെ മുന്നില്‍ നടത്തിയ ആഘോഷ പരിപാടികളില്‍ ചില പ്രകോപന മുദ്രാവാക്യങ്ങള്‍ ഉണ്ടായത് തദ്ദേശീയരെ ചൊടുപ്പിച്ചു. പിന്നീട് അത് രക്തരൂക്ഷിതമായ കലാപമായി മാറി. ധാരാളം ചൈനീസ് യുവാക്കള്‍ കൊലചെയ്യപ്പെട്ടു.
കലാപത്തിന് ശേഷം ഭൂമിപുത്ര രാഷ്ട്രീയം കൂടുതല്‍ ശക്തിപെട്ടു. തുടര്‍ന്നുള്ള ഭീതി വ്യാപാരം മുഴുവന്‍ കലാപത്തിനെ കേന്ദ്രീകരിച്ചായി.

ഈ സമയത്ത് ഇറങ്ങിയ മഹാതിര്‍ ബിന്‍ മുഹമ്മദിന്റ The Malay Dilemma എന്ന പുസ്തകവും മണ്ണിന്റ മക്കള്‍ തീവ്രവാദങ്ങള്‍ നിറഞ്ഞത് ആയിരുന്നു :

  1. മലായ് വംശം മലേഷ്യയിലെ തദ്ദേശീയരായ ആളുകളാണ് (ഭൂമിപുത്രര്‍), നിര്‍വചനം അനുസരിച്ച് അവര്‍ ഇസ്ലാമാണ്.
  2. ദേശീയ ഭാഷ മലായ് ഭാഷയാണ്, മറ്റെല്ലാ വംശങ്ങളും അത് പഠിക്കണം.
  3. മലയ വംശത്തിന്റെ സഹിഷ്ണുതയും സമാധാന സ്വഭാവവും കാരണം ബ്രിട്ടീഷുകാരുടെ ഒത്തുകളിയോടെ അവരെ സ്വന്തം മണ്ണില്‍ കീഴടക്കാന്‍ മറ്റ് വംശങ്ങള്‍ക്ക് കഴിഞ്ഞു.
  4. ബിസിനസ്സിലെ മലേഷ്യന്‍ ചൈനീസ് ആധിപത്യം തിരുത്താന്‍ അനുകൂലമായ പ്രവര്‍ത്തന പരിപാടി ആവശ്യമാണ്.

മഹാതിറിന്റെ ഈ വാദങ്ങള്‍ ഗോള്‍വാള്‍ക്കറിന്റെ വാദങ്ങള്‍ക്ക് സമാനമാണ്. ശരിക്കും ഒരു മലേഷ്യന്‍ ‘വിചാരധാര ‘

നവ സാമ്പത്തിക നയം വരുന്നു

അങ്ങനെയാണ് 1970 കളില്‍ സമസ്ത മേഖലകളിലും ഭൂമിപുത്രയ്ക്ക് സംവരണം ഏര്‍പെടുത്തിയ NEP (New economic policy) മലേഷ്യയില്‍ ആരംഭിക്കുന്നത്. പുതിയ കമ്പിനികള്‍ തുടങ്ങാന്‍, പുതിയ വീട് വാങ്ങാന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ , തൊഴിലിടങ്ങളില്‍, അങ്ങനെ എല്ലായിടത്തും ഭൂമി പുത്രയ്ക്ക് സംവരണം ഏര്‍പ്പെടുത്തി.

കടലാസില്‍ NEP യുടെ ലക്ഷ്യങ്ങള്‍ ഇതൊക്കെയായിരുന്നു:

1. സാമൂഹിക-സാമ്പത്തിക പുനഃക്രമീകരണത്തിലൂടെ ദേശീയ ഐക്യവും ഐക്യവും അഖണ്ഡതയും കൈവരിക്കുക. 2. ദാരിദ്ര്യ നിര്‍മാര്‍ജനം .

ഭൂമിപുത്ര വിഭാഗത്തിന്റെ സമ്പത്ത് വര്‍ധിച്ചു. സകല മേഖലയിലും ഒരു വിഭാഗത്തിനായി സംവരണം ചെയ്യപെട്ടാല്‍ കാലക്രമേണ ആ വിഭാഗത്തിന്റെ സമ്പത്ത് സ്വാഭാവികമായും വര്‍ധിക്കും. പക്ഷേ ആ വളര്‍ച്ച ആ വിഭാഗത്തിലെ പ്രഭുക്കളില്‍ മാത്രമായി ചുരുങ്ങും. ഈ ആനുകുല്യങ്ങള്‍ കിട്ടാന്‍ സാധ്യതയുള്ള കൈയ്യൂക്കുള്ള പ്രഭു വര്‍ഗം വിഭവങ്ങള്‍ വീണ്ടും വീണ്ടും കൈവശപെടുത്തി. ദരിദ്രന്‍ ദരിദ്രനായി തുടര്‍ന്നു.

മലേഷ്യ സാമ്പത്തിക പുരോഗതി നേടി എന്ന് പറയാമെങ്കിലും അത് ഒരിക്കലും സംവരണത്തിന്റെ റിസല്‍റ്റ് അല്ല. കാരണം അയല്‍ രാജ്യമായ സിങ്കപ്പൂര്‍ മലേഷ്യയെക്കാള്‍ മെച്ചപെട്ട പ്രകടനം ആണ് കാഴ്ചവെച്ചത്. അവിടെ ചൈനീസ് ഭൂരിപക്ഷവും മലയ വംശം ന്യൂനപക്ഷവും ആണ്. യാതൊരു തരത്തിലുള്ള പരിഗണനയും ഭൂരിപക്ഷത്തിന് അവിടെ നല്‍കുന്നില്ല. മലേഷ്യയിലെ മലയ ജനതയെക്കാള്‍ മെച്ചപെട്ട നിലയില്‍ ആണ് സിങ്കപ്പൂരിലെ മലയ ജനത.

NEP തുടങ്ങുന്ന സമയത്ത് നടത്തിയ കണക്കെടുപ്പ് പ്രകാരം വിദ്യാഭ്യാസ രംഗത്ത് ചൈനീസ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തദ്ദേശീയ ജനതയെക്കാള്‍ വളരെ മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്നതായി കാണാം. ചൈനീസ് ജനതയിലേക്ക് സമ്പത്ത് വന്നു ചേരാന്‍ ഇത് ഒരു പ്രധാന കാരണം ആണ്. പക്ഷേ വിദ്യാഭ്യാസത്തിലും തൊഴിലിലും വലിയ തോതിലുള്ള സംവരണം വന്നതോട് കൂടി മിടുക്കരായ ചൈനീസ് യുവത്വം മലേഷ്യേയില്‍ നിന്ന് പുറത്തേക്ക് പോയി. ഉന്നത വിദ്യാഭ്യാസം മലയ ഭാഷയില്‍ ആക്കിയതും വലിയ തോതിലുള്ള ബ്രയിന്‍ ഡ്രയിന്‍ കാരണമായി. മറ്റൊരു പ്രശ്‌നം പല ഒഴിവുകളും നികത്താന്‍ ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഭൂമിപുത്ര വിഭാഗത്തില്‍ ഇല്ലാത്തത് ഗവര്‍ണ്‍മന്റിന്റ കാര്യക്ഷമതയെ ബാധിച്ചു.

ഇവിടെ മനസിലാക്കേണ്ടത് ഭൂമിപുത്ര വിഭാഗത്തിന് ചരിത്രത്തില്‍ എവിടെയും വിവേചനം നേരിടേണ്ടി വന്നിട്ടില്ല. മാത്രമല്ല കൊളോണിയല്‍ കാലം മുതല്‍ ചില പ്രത്യേക സംരക്ഷണങ്ങള്‍ അവര്‍ക്ക് കിട്ടുകയും ചെയ്തിരുന്നു. എന്നിട്ടും ന്യൂനപക്ഷ വിഭാഗങ്ങളായ ചൈനീസ് ഇന്ത്യന്‍ വംശജര്‍ സപ്ലെ ചെയ്ത സ്‌കില്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് ഭൂമിപുത്രയേക്കാള്‍ എത്രയോ കൂടുതല്‍ ആയിരുന്നു എന്നതാണ്.

അലിബാബ കമ്പനികള്‍ വരുന്നു

പുതിയ ഗവര്‍ണ്‍മന്റ് കരാറുകള്‍ , കമ്പനികള്‍, ഷെയറുകള്‍ എല്ലാം ഭൂമിപുത്രയക്ക് മാത്രമായി മാറ്റി വെച്ചപ്പോള്‍ അതില്‍ നിന്ന് ചൈനീസ് ബിസിനസ് സമൂഹം രക്ഷപെടാന്‍ കണ്ടു പിടിച്ച മാര്‍ഗമാണ് അലി ബാബ കമ്പനികള്‍. പേരില്‍ ഭൂമിപുത്ര ആയിരിക്കും (അലി) കരാര്‍ എടുക്കുക. പക്ഷേ യഥാര്‍ത്ഥത്തില്‍ കമ്പനി നടത്തുന്നത് ചൈനക്കാരന്‍ (ബാബ) ആയിരിക്കും.

സിംങ്കപ്പൂരില്‍ പ്രസിദ്ധീകരിച്ച ദ സ്ട്രെയിറ്റ്സ് ടൈംസ് പറയുന്നതനുസരിച്ച്, 2002 ജനുവരിയില്‍ മലേഷ്യയുടെ പ്രധാനമന്ത്രി മഹാതിര്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘മലയ ജനത സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഗൗരവമുള്ളവരല്ല, കാരണം അവര്‍ രണ്ടാമത്തേയും മൂന്നാമത്തെയും നാലാമത്തെയും കക്ഷികള്‍ക്ക് കരാറുകള്‍ മരിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നു.’ പ്രധാനമന്ത്രിയുടെ അഭിപ്രായത്തില്‍ ഏകദേശം 85 ശതമാനം പദ്ധതികളും പൂര്‍ത്തിയായിട്ടില്ല.

ഇവിടെയും നോണ്‍ ഭൂമിപുത്ര വിഭാഗത്തിലെ സമ്പന്ന വിഭാഗവും പുതിയ രാജ്യങ്ങളിലേക്ക് ചേക്കേറിയും അലി ബാബ കമ്പിനികള്‍ ഉണ്ടാക്കിയും ഒക്കെ പ്രതിസന്ധി മറികടക്കുമ്പോള്‍ ദരിദ്രരായ നോണ്‍ ഭൂമിപുത്ര ജനത ദുരിതക്കയത്തില്‍ തുടരുന്നു. ദാരിദ്ര്യ നിര്‍മാജന പദ്ധതികള്‍ അവരെ ഉള്‍ക്കൊള്ളുന്നില്ല.

NEP 1990 ല്‍ അവസാനിച്ചെങ്കിലും സംവരണം അവസാനിച്ചില്ല . പേരുകള്‍ മാറി, പോളിസികള്‍ തുടര്‍ന്നു. വംശത്തിന്റെ പേരിലുള്ള സംവരണം ഒഴിവാക്കി സമ്പത്ത് ഒരു അളവു കോലാക്കി ദാരിദ്ര്യ നിര്‍മാജന പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്നുള്ള വാദം അവിടെ പലരും ഉയര്‍ത്തുന്നുണ്ട്. പക്ഷേ ഒരിക്കല്‍ തുടങ്ങി കഴിഞ്ഞാല്‍ നിര്‍ത്താനാവാത്ത ട്രയിന്‍ ആണ് സംവരണം. അനീതികളുടെ പുതിയ വഴിയിലൂടെ അതിങ്ങനെ സഞ്ചരിച്ചു കൊണ്ടേയിരിക്കും.

‘From the fact that people are very different it follows that, if we treat them equally, the result must be inequality in their actual position, and that the only way to place them in an equal position would be to treat them differently. Equality before the law and material equality are therefore not only different but are in conflict with each other; and we can achieve either one or the other, but not both at the same time’ – Friedrich August von Hayek,The Constitution Of Liberty

Based on:
Race & Economics – Walter E. Williams
Affirmative action around the world -Thomas Sowell
Wikipedia


Leave a Reply

Your email address will not be published. Required fields are marked *