അനാഥമക്കളോടും സ്ത്രീകളോടും അനീതി കാട്ടുന്ന മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം; ബഷീര്‍ പേങ്ങാട്ടിരി എഴുതുന്നു


“ഒരു ഉമ്മയും രണ്ടു മക്കളും കാറില്‍ യാത്ര ചെയ്യുന്നു എന്ന് കരുതുക. രണ്ടാമത്തെ മകന്‍ ഡ്രൈവ് ചെയ്യുന്നു. ഒരു ആക്‌സിഡന്റ് സംഭവിക്കുന്നു. കാര്‍ ഡ്രൈവ് ചെയ്ത മകന്‍ അപ്പോള്‍ തന്നെ മരിക്കുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷംഉമ്മയും, അടുത്ത ദിവസം മൂത്ത മകനും മരിക്കുന്നു. ഇവരുടെ സ്വത്തുക്കള്‍ ഇസ്ലാമിക നിയമം അനുസരിച്ച് ഭാഗിക്കുന്നു. അവകാശികളായി ഉള്ളത് രണ്ടു മക്കളുടേയും ഓരോ ഭാര്യമാരും, ആണും പെണ്ണുമായി ഈരണ്ടു സന്താനങ്ങള്‍ വീതവുമാണ്. മരിച്ച മൂന്ന് പേരും അവശേഷിപ്പിച്ച ധനം ഓരോരുത്തരുടേയും 100 രൂപ വെച്ചാണെന്ന് കരുതുക. അവകാശികള്‍ക്ക് എത്ര കിട്ടും” – ബഷീര്‍ പേങ്ങാട്ടിരി എഴുതുന്നു
മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വിവേചനങ്ങള്‍

ഇന്ത്യയിലെ വ്യക്തിനിയമം എല്ലാവര്‍ക്കും ഒരു പോലെയല്ല. ഇക്കാര്യത്തില്‍ ഹിന്ദുവിന് ഒരു പ്രത്യേക കോഡ് ഉണ്ട്. സെമിറ്റിക് മതങ്ങളൊഴിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്ഭവിച്ച മതങ്ങളില്‍പ്പെടുന്നവര്‍ എല്ലാം തന്നെ ഹിന്ദു മതം എന്ന രീതിയിലാണ് നിയമം കാണുന്നത്. ആയതിനാല്‍ ഹിന്ദുകോഡ് ഈ മതക്കാര്‍ക്കെല്ലാം ബാധകമാണ്. അതുപോലെ ക്രൈസ്തവര്‍ക്കും പാര്‍സികള്‍ക്കും വേറെ നിയമമാണ് ഉള്ളത്. ഈ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെയെല്ലാം കേസുകള്‍ കൈകാര്യം ചെയ്യാന്‍ കോടതികള്‍ക്ക് സാധിക്കുന്നു. എന്നാല്‍ മുസ്ലീമിന്റെ കാര്യത്തില്‍ അങ്ങനെയൊരു നിയമം അഥവാ ആക്റ്റ് ഇല്ല.

മറ്റ് മതക്കാരുടെ വ്യക്തിനിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമം അധികവും ക്രോഡീകരിക്കപ്പെട്ടവയല്ല. അതായത് ഇത് നിയമസഭ ഉണ്ടാക്കിയ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. പകരം, നിരവധി വര്‍ഷങ്ങള്‍ പഴക്കമുള്ള പരമ്പരാഗത നിയമത്തിന്റെ മറ്റ് നിരവധി ഉറവിടങ്ങളില്‍ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ആയത് കൊണ്ട് തന്നെ ഈ നിയമങ്ങളില്‍ വലിയ അപാകങ്ങളും അസമത്വവുമുണ്ടെന്ന് പറയേണ്ടതില്ലല്ലോ. പല നിയമങ്ങളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതും വസ്തുതയാണ്.

അനാഥമക്കളോടുള്ള വിവേചനം

ഇസ്ലാമില്‍ ഒരാളുടെ മരണത്തോടെ ആ വ്യക്തിയുടെ അനന്തരസ്വത്തിന് അവകാശികളായിവരുന്നത് ഭാര്യ /ഭര്‍ത്താവ്, മക്കള്‍ എന്നിവരോടൊപ്പം മാതാവ്, പിതാവ് കൂടിയാണ്; നല്ലകാര്യം തന്നെ. എന്നാല്‍ ഇവിടെ ഒരു പ്രശ്‌നം ഉള്ളത്, ഈ മാതാവ് /പിതാവ് മരിക്കുമ്പോള്‍ ഇവര്‍ക്ക് മറ്റ് പുരുഷ സന്താനങ്ങള്‍ ഉണ്ടായിരുന്നാല്‍ നേരത്തെ മരിച്ച മകന്റെ /മകളുടെ മക്കള്‍ക്ക് ഈ വല്ലുപ്പയുടെ /വല്ലുമ്മയുടെ സ്വത്തില്‍ അവകാശം ഉണ്ടായിരിക്കില്ല എന്നതാണ്. നേരത്തേ മരിച്ച മകന്റെ /മകളുടെ മക്കള്‍ക്ക് കുടുംബസ്വത്തില്‍ അവകാശം ഉണ്ടായിരിക്കില്ലെന്നു മാത്രമല്ല; നേരത്തെയുള്ള മരണം നിമിത്തം വല്ലുമ്മമാരിലേക്കും വല്ലുപ്പമാരിലേക്കും വിഹിതമായി വന്നുചേര്‍ന്ന അവരുടെ മാതാവിന്റ /പിതാവിന്റെ സമ്പത്ത് ഉള്‍പ്പെടയാണ് അനാഥരായ ഈ പേരമക്കളെ ഒഴിവാക്കി വീതം വെക്കുന്നത്.

ഒന്നാലോചിച്ചു നോക്കൂ- മാതാപിതാക്കള്‍ ഒരപകടത്തില്‍ ഒരുമിച്ചു മരിച്ചാല്‍ രണ്ടു പേരുടേയും കുടുംബ സ്വത്തില്‍ ഇവരുടെ മക്കള്‍ക്ക് അവകാശം ലഭിക്കാത്ത അവസ്ഥ! ഒരു പക്ഷേ ഇന്ത്യയിലെ മുസ്‌ളീം വ്യക്തി നിയമത്തില്‍ മാത്രമേ അത്യന്തം അനീതി നിറഞ്ഞ ഇങ്ങനെയൊരു ദായക്രമം ഉണ്ടാകൂ. ഉദാഹരണമായി,ഉമ്മയും രണ്ടു മക്കളും കാറില്‍ യാത്ര ചെയ്യുന്നു. രണ്ടാമത്തെ മകന്‍ കാര്‍ ഡ്രൈവ് ചെയ്യുന്നു. ഒരു ആക്‌സിഡന്റ് സംഭവിക്കുന്നു. കാര്‍ ഡ്രൈവ് ചെയ്ത മകന്‍ അവിടെ വെച്ച് അപ്പോള്‍ തന്നെ മരിക്കുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ഉമ്മയും,അടുത്ത ദിവസം മൂത്ത മകനും മരിക്കുന്നു. ശേഷം ഇവരുടെ സ്വത്തുക്കള്‍ ഇസ്ലാമിക നിയമം അനുസരിച്ച് ജീവിച്ചിരിക്കുന്ന അവകാശികള്‍ക്ക് ഭാഗിക്കുന്നു എന്ന് വെക്കുക. അവകാശികളായി ഉള്ളത്അപകടത്തില്‍ മരിച്ച രണ്ടു മക്കളുടേയും ഓരോ ഭാര്യമാരും, ആണും പെണ്ണുമായി ഈരണ്ടു സന്താനങ്ങള്‍ വീതവുമാണ്. മരിച്ച മൂന്ന് പേരും അവശേഷിപ്പിച്ച ധനം ഓരോരുത്തരുടേയും 100 രൂപ വെച്ചാണെന്ന് കരുതുക. അതായത് ഉമ്മയുടെ 100 രൂപ, മൂത്തമകന്റെ 100 രൂപ, രണ്ടാമത്തെ മകന്റെ 100 രൂപ. അങ്ങനെ മൊത്തം 300 രൂപയാണ് ഇവിടെ ഭാഗിക്കുന്നതെന്ന് കണക്കാക്കിയാല്‍, അവകാശികള്‍ക്ക് ലഭിക്കുന്നത് താഴെ പറയും പ്രകാരമായിരിക്കും.

അപകട സ്ഥലത്ത് മരിച്ച മകന്റെ- ഭാര്യക്ക് 12.5 രൂപ, പുത്രന് 47.2 രൂപ, പുത്രിക്ക് 23.6 രൂപ. മൂത്ത മകന്റെ- ഭാര്യക് 27.1 രൂപ, പുത്രന് 126.4 രൂപ, പുത്രിക്ക് 63.2 രൂപ!
ഒരു ഉമ്മയുടെ രണ്ടു മക്കളുടെ അവകാശികള്‍ക്ക് ലഭിച്ചതിലെ അന്തരങ്ങള്‍ നോക്കൂ. ഒരേ തരം ബന്ധം ആയിരുന്നിട്ടുകൂടി ആദ്യം മരിച്ചവന്റെ അവകാശികള്‍ക്ക് അദ്ദേഹത്തിന്റെ സ്വന്തം സംമ്പാദ്യമായ 100 രൂപ പോലും പൂര്‍ണ്ണമായി കിട്ടിയില്ല. അതായത് ‘മുസ്ലീം കുടുംബത്തിലാണ് ജനിച്ചതെങ്കില്‍ അല്‍പ്പം നേരത്തേ മരിക്കുന്നതും ഒരു കുറ്റമാണ്, ശിക്ഷ അനുഭവിക്കേണ്ടത് അവന്റെ അവകാശികളുമായിരിക്കും!’ ആദ്യം മരിച്ചവന്റെ സന്താനങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്തില്‍നിന്നും രണ്ടാമത് മരിച്ച മകന്റെ അവകാശികള്‍ക്ക് വീതിക്കപ്പെടുന്നു. കൂടാതെ, വല്ലുമ്മയുടെ സ്വത്തില്‍ അവര്‍ക്ക് ഒരുതരിക്ക് അവകാശം ഇല്ലാതെയുമാവുന്നു.

ഇനി ഈ കുടുംബം ഹിന്ദുവോ ക്രിസ്ത്യനോ മറ്റേതു മതക്കാരോ ആണെന്നിരിക്കട്ടെ നിലവില്‍ അവര്‍ക്ക് ബാധകമായ നിയമം അനുസരിച്ച് ജീവിച്ചിരിക്കുന്ന അവകാശികള്‍ക്ക് കിട്ടുന്നത് ഇപ്രകാരം ആയിക്കും: അപകട സ്ഥലത്ത് മരിച്ച മകന്റെ- ഭാര്യക്ക്: 50 രൂപ. പുത്രന്: 50 രൂപ. പുത്രിക്ക്: 50 രൂപ.
മൂത്ത മകന്റെ- ഭാര്യക്ക്: 50 രൂപ. പുത്രന്: 50 രൂപ. പുത്രിക്ക്: 50 രൂപ.

ഇസ്ലാമിക നിയമം ഇവരുടെ ഓഹരി എങ്ങനെയാണ് കണക്കാക്കിയതെന്നു നോക്കാം: അപകടസ്ഥലത്ത് മരിച്ച മകന്റെ 100 രൂപ വീതിക്കുമ്പോള്‍ അവകാശികളായി വരുന്നത്- മാതാവ്, ഭാര്യ, രണ്ടു മക്കള്‍ എന്നിവര്‍ ആണ്. ഇദ്ദേഹം മരിക്കുമ്പോള്‍ മാതാവ് ജീവിച്ചിരിപ്പുണ്ട് എന്നതിനാലാണ് മാതാവ് അവകാശി ആവുന്നത്. ഏറ്റവും അടുത്ത അവകാശിയായി ഇദ്ദേഹത്തിന് പുത്രിയോടൊപ്പം ഒരു പുത്രനും ഉണ്ട് എന്നതിനാല്‍ പിന്നീട് മരിച്ച സഹോദരന് ഇതില്‍ അവകാശം വരുന്നില്ല. (ആദ്യം മരിച്ചവന് ഒരു പുത്രിയോ ഒന്നിലധികം പുത്രിമാരോ ആണെങ്കില്‍ ഈ സഹോദരന്‍ കൂടി അവകാശി ആവും) മരിച്ച ആള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാവിന് ആറില്‍ ഒന്നും (1/6) ഭാര്യക്ക് എട്ടില്‍ ഒന്നിനുമാണ് (1/8)ഓഹരിക്ക് അവകാശം. ബാക്കി വരുന്നതിനെ മൂന്ന് ഭാഗം ആക്കിയാല്‍ ഒരു ഭാഗം പുത്രിക്കും രണ്ട് ഭാഗം പുത്രനും ഉള്ളതാണ്. പെണ്ണിന്റെ ഇരട്ടിയാണല്ലോ ആണിനുള്ള അവകാശം.

ഇനി രണ്ടാമതായി മരിച്ച, മാതാവിന്റെ സ്വത്ത് ഭാഗിക്കുമ്പോള്‍, അവരുടെ നേരത്തെ ഉണ്ടായിരുന്ന 100 രൂപയുടെ കൂടെ ആദ്യം മരിച്ച മകനില്‍ നിന്നും ഓഹരിയായി ലഭിച്ച 1/6 അതായത് 16.6 രൂപയുംകൂടി ചേര്‍ന്നതായിരിക്കും അവരുടെ മൊത്തം സ്വത്ത്. അതായത് 116.6 രൂപ. ഈ സ്വത്തിന് ഒരേ ഒരവകാശിയേ ഉള്ളൂ, ഇരുവര്‍ക്കും ശേഷം മരിച്ച മൂത്ത മകന്‍. നേരത്തെ മരിച്ചവന്റെ അവകാശികള്‍ ഈ സ്വത്തിന് അര്‍ഹരല്ല. കാരണം, ഈ മാതാവ് മരിക്കുമ്പോള്‍ അവര്‍ക്ക് ജീവിച്ചിരിക്കുന്ന ഒരു മകനുണ്ട് എന്നതുതന്നെ. (ഈ മകന് പകരം ആ സ്ഥാനത്ത് ഒരു മകളായിരുന്നെങ്കിലും, ആദ്യം മരിച്ച മകന്റെ സന്താനങ്ങള്‍ക്ക് വല്ല്യമ്മായുടെ സ്വത്തില്‍ അവകാശം ലഭിക്കുമായിരുന്നു.) അതായത് ജീവിച്ചിരിക്കുന്ന ആണ്‍മക്കള്‍ ഉണ്ടെങ്കില്‍ മാത്രമാണ് നേരെത്തെ മരിച്ചവന്റെ സന്താനങ്ങള്‍ക്ക് അവകാശം തീര്‍ത്തും നഷ്ടപ്പെടുന്നത്.

അടുത്തത് മൂന്നാമത് മരിച്ചവന്റെ സ്വത്ത് ഭാഗിക്കുന്നു.ഇദ്ദേഹത്തിന്റെ മൊത്തം സ്വത്ത് എന്നത് മാതാവിന്റെ 100 രൂപയും, മാതാവിന് ആദ്യം മരിച്ച മകനില്‍ നിന്നും ലഭിച്ച 16.6 രൂപയും, പിന്നെ ഇദ്ദേഹത്തിന്റെ സ്വന്തം 100 രൂപയും ചേര്‍ന്നതാണ്.അതായത് മൊത്തം 216.6 രൂപ. ഇതിന്റെ എട്ടിലൊന്ന് ഭാര്യക്കും, ബാക്കിയുള്ളത് സന്താനങ്ങള്‍ക്കും ലഭിക്കും. ഇവര്‍ ആണും പെണ്ണും ഉള്ളതിനാല്‍ രണ്ട് പെണ്ണിന് കിട്ടുന്ന ഓഹരി ഒരു ആണിന് എന്ന അനുപാതത്തില്‍ തന്നെ സ്വത്ത് അവര്‍ക്കിടയില്‍ വീതിക്കുന്നു.

ഇനി ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം എങ്ങനെയാണിത് ഭാഗിക്കുക എന്ന് നോക്കാം: ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരം മരണപ്പെട്ടയാളുടെ സ്വത്തിന്റെ മൂന്നില്‍ ഒരു ഭാഗം ഭാര്യക്കും ബാക്കിയുള്ളത് മക്കളെല്ലാവര്‍ക്കും കൂടി തുല്യമായും വീതിച്ചെടുക്കാം. ഇന്ത്യന്‍ നിയമത്തിലും ഹിന്ദു നിയമത്തിലും ആണ്‍പെണ്‍ വിവേചനം ഇല്ല.

അപകടസ്ഥലത്ത് മരിച്ച മകന്റെ സ്വത്ത് (100 രൂപ) ഭാഗിക്കുന്നു. സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം (66.67%) മക്കള്‍ക്ക് തുല്യമായി വിഭജിക്കപ്പെടും. അതായത് മകന് 33.33%. മകള്‍ക്ക് 33.33%. മൂന്നില്‍ ഒരു ഭാഗം ഭാര്യക്കും (33.33%). അടുത്തത് മാതാവിന്റെ 100 രൂപ ഭാഗിക്കുമ്പോള്‍- അവകാശികള്‍ മൂത്ത മകനും ആദ്യം മരിച്ചവന്റെ മക്കളും ഭാര്യയും. സ്വത്തിനെ രണ്ടു ഭാഗം ആക്കിയാല്‍ 50% (50 രൂപ) മൂത്തമകന് ലഭിക്കുന്നു. 50% നേരത്തെ മരിച്ചവന്റെ മക്കള്‍ക്കും ഭാര്യക്കുമിടയില്‍ തുല്യമായി വീതിക്കുന്നു.

50 നെ 3 തുല്യ ഭാഗം ആക്കിയാല്‍ ഒരു ഭാഗം16.67% (16.67 രൂപ) ഈ മക്കള്‍ക്കും ഭാര്യക്കും നേരത്തെ മരിച്ച അവരുടെ പിതാവില്‍ നിന്നും അനന്തരാവകാശമായി ലഭിച്ചതിനോട് ഈ 16.67 കൂടി ചേര്‍ത്താല്‍- എല്ലാവര്‍ക്കും 50 വീതം ലഭിക്കുന്നു(33.33+16.67=50).

മറ്റൊരു വൈരുദ്ധ്യം കൂടി ഇതുമായി ബന്ധപ്പെട്ട് ഇസ്ലാമിക നിയമത്തിലുണ്ട്: താഴേക്കു കണ്ണി മുറിഞ്ഞതിനാല്‍ പേരക്കുട്ടികള്‍ക്ക് അവകാശം ഇല്ല; എന്നാല്‍ മുകളിലേക്കു കണ്ണി മുറിഞ്ഞാലും അവകാശം ഉണ്ട് എന്നതാണത്. എപ്രകാരമെന്നാല്‍: എ യുടെ മകനാണ്ബി.ബി യുടെ മകനാണ് സി. എ ക്ക് മുമ്പേ ബി മരിച്ചാല്‍ എ എന്ന പിതാമഹന്റെസ്വത്തില്‍ സി ക്ക്് അനന്തരാവകാശം ലഭിക്കില്ല. ആ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ സി എന്ന പേരക്കുട്ടിയുടെ സ്വത്തില്‍ എ എന്ന പിതാമഹന് തിരിച്ച് അനന്തരാവകാശത്തിന് അര്‍ഹതയുണ്ട് താനും. ഒരു പാലം മുറിഞ്ഞാല്‍ അക്കരക്കെന്നപോലെ അവിടുന്ന് ഇക്കരേക്കും യാത്ര അസാധ്യമാണെന്നത് ഒരു
സാമാന്യ ബോധം ആണ്; ഇവിടെ അതും കാണുന്നില്ല.

സംസ്ഥാനങ്ങള്‍ക്കും പരിഷ്‌ക്കരിക്കാം

ഹിന്ദു ക്രിസ്ത്യന്‍ വ്യക്തിനിയമങ്ങളിലെ പോരായ്മകള്‍, വിവിധ പരിഷ്‌കരണത്തിലൂടെ പരിഹരിച്ചു കൊണ്ടിരിക്കുമ്പോഴും ഒരു മാറ്റമില്ലാതെ തുടരുന്നത് മുസ്‌ളീം വ്യക്തി നിയമം മാത്രമാണ്. അത് കൊണ്ട് തന്നെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് കാലത്തിന് തീരേ യോചിക്കാത്ത അവ്യക്തവും അനീതിപൂര്‍വമായ സിവില്‍ നിയമം വെച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യയില്‍ മുസ്ലിംങ്ങള്‍ മാത്രമാണ്.

ഇത്തരം പ്രാകൃത നിയമങ്ങളെ പരിഷ്‌കരിക്കാന്‍ കേന്ദ്രത്തെ തന്നെ കാത്തു നില്ക്കണമെന്നൊന്നുമില്ല; ഇച്ഛാശക്തിയുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ക്കും അതാവാമെന്നതിന്നും ഇവിടെ ഉദാഹരണങ്ങളുണ്ട്. 1956ലെ ഹിന്ദു പിന്തുടര്‍ച്ച ആക്ട് അനുസരിച്ച്, മാതാവ് ജീവിച്ചിരിക്കേ മകന്‍ മരിച്ചാല്‍, ആ മകന്റെ സ്വത്തില്‍ മകന്റെ ഭാര്യക്കും സന്താനങ്ങള്‍ക്കും ഉള്ളതു പോലെ ഒരവകാശം മാതാവിനും ഉണ്ടാകും. പിന്നീട് ഈ മാതാവ് മരിച്ചാല്‍ മാതാവിന് നേരത്തെ മരിച്ച മകനില്‍ നിന്ന് ലഭിച്ച സ്വത്തിന് ഈ മാതാവിന്റെ മറ്റ് മക്കള്‍ കൂടി അവകാശികളായും വരും. എന്നാല്‍ 2015ലെ ഹിന്ദു പിന്‍തുടര്‍ച്ച (കേരള ഭേദഗതി) ആക്ട് അനുസരിച്ച് ഒരു ഹിന്ദു സ്ത്രീക്ക് അവളുടെ മുന്‍പ് മരിച്ച മകനില്‍നിന്നും അനന്തരാവകാശമായി ലഭിച്ച വസ്തു, മുന്‍പ് മരിച്ച ഏത് മകനില്‍ നിന്നാണോ അവള്‍ക്ക് വസ്തു അനന്തരാവകാശമായി ലഭിച്ചത്, ആ മകന്റെ അനന്തരാവകാശികളിലേക്ക് തന്നെ ചേരുന്നു. മരണത്തോടെ അമ്മക്ക് ലഭിക്കുന്ന അവകാശം അമ്മയുടെ മരണത്തോടെ ഇല്ലാതാകും.

അനാഥമക്കളോട് അനീതികാണിക്കുന്ന മുസ്‌ളീം നിയമവും ഇപ്രകാരം പരിഷ്‌കരിക്കുന്നതിലെവിടേയും അത് മതത്തിനെതിരാവുന്നില്ല എന്നതാണ് വസ്തുത. അനാഥകളോട് നീതി പാലിക്കല്‍ ഒരു സുപ്രധാന കാര്യം ആണല്ലോ ഇസ്ലാമില്‍.അനീതി കാണിക്കല്‍ കൊടിയ പാപം ആണെന്നാണ് പറയുന്നത്. ശരിയാണ്, ഖുര്‍ആനിലും സുന്നത്തിലും അനാഥരെ സംബന്ധിച്ച നിരവധി പ്രഖ്യാപനങ്ങള്‍ കാണാം. അവരുടെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ട ശ്രദ്ധയെക്കുറിച്ചും ഖുര്‍ആന്‍ അനേകം സ്ഥലത്ത് വിശദീകരിക്കുന്നുമുണ്ട്.

ഖുറാനിലെ ആകെയുള്ള ആറായിരത്തില്‍ പരം വചനങ്ങളില്‍ കേവലം മൂന്ന് വചനങ്ങളില്‍ മാത്രമേ മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തെക്കുറിച്ച് പറയുന്നുള്ളൂ. ഈ വചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക പിന്തുടര്‍ച്ചാനിയമം രൂപം കൊള്ളുന്നത്. ഈ മൂന്ന് വചനങ്ങളിലും പിതാവ് /മാതാവ് ജീവിച്ചിരിക്കെ മകന്‍ /മകള്‍ മരിക്കുകയാണെങ്കില്‍ മകന്റെ /മകളുടെ മക്കള്‍ക്ക് കുടുംബസ്വത്തില്‍ അവകാശമില്ലെന്ന് പറയുന്നില്ല. അനന്തരാവകാശവുമായി ബന്ധപ്പെട്ട് ആദ്യത്തെ അവകാശികളെ കുറിച്ച് മാത്രമേ ഖുറാനില്‍ പറയുന്നുള്ളൂ; രണ്ടാമത്തെ നിരയെ പറയുന്നില്ല. പറയേണ്ടതും ഇല്ല! ഒരാള്‍ക്കു നാം കടം കൊടുക്കാന്‍ ഉണ്ട് എന്ന് വെക്കുക, അയാള്‍ മരിച്ചു. അപ്പോള്‍ കൊടുക്കാനുള്ളത് അയാളുടെ മക്കള്‍ക്കു കൊടുക്കാന്‍ ഒരു പണ്ഡിതനോടും ചോദിക്കേണ്ട കാര്യമില്ലല്ലോ. അനാഥരോട് ഇങ്ങനെയൊരനീതികാണിക്കാന്‍ ഖുറാനിലെവിടേയും പറഞ്ഞിട്ടില്ലെന്നത് അത് വായിച്ചിട്ടുള്ളവര്‍ക്ക് മനസിലാവേണ്ടതാണ്. പ്രവാചകന്റെ ജീവിതത്തിലും ഇത്തരത്തിലുള്ള ഓഹരി വെപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. അനാഥ ജീവിതാവസ്ഥയിലൂടെ കടന്നു വന്ന പ്രവാചകന്‍ ഇങ്ങനെയൊരപരാധം പറയുമെന്നും കരുതാനാവില്ല. ഇതൊക്കെ കൊണ്ട് തന്നെ മരിച്ച അവകാശിയുടെ മക്കള്‍ക്ക് അവകാശം നിഷേധിക്കല്‍ മതവിശ്വാസിയെ സംബന്ധിച്ചും കടുത്ത അന്യായം ആവാതെ തരമില്ലല്ലോ.

ഖുറാന്‍ പറയാത്ത, പ്രവാചകന്‍ പറയാത്ത, ചര്യയില്‍ ഇല്ലാത്ത, എന്നാല്‍ പ്രഥമ കാഴ്ചയില്‍ തന്നെ അനീതി ആണെന്ന് ഏതൊരാള്‍ക്കും ബോധ്യം ആവുന്ന ഇങ്ങനെ ഒരു കീഴ് വഴക്കം പിന്നെ എവിടെ നിന്ന് വന്നു! ചരിത്രത്തില്‍ ചില പണ്ഡിതന്‍മാര്‍ ചില പ്രത്യേക സാഹചര്യത്തില്‍ എടുത്ത ചില തീരുമാനങ്ങള്‍; ‘ഫത്ത്‌വകള്‍’ എന്നാണവ അറിയപ്പെടുന്നത്. സാഹചര്യം പറയാതെ ആ തീരുമാനം മാത്രം പിന്‍തലമുറയിലേക് കൈമാറുന്നതാണ് രീതി. അത്തരം അഭിപ്രായങ്ങള്‍ എല്ലാ കാലത്തേക്കും ഉള്ള അഭിപ്രായം ആയി മുസ്ലീംങ്ങള്‍ കണക്കാക്കുന്നതാണ് ഇന്ത്യയിലെ ഇസ്ലാം വ്യക്തി നിയമങ്ങള്‍ പ്രത്യേകിച്ചും അനന്തരാവകാശ നിയമങ്ങള്‍ ഇത്ര അനീതി നിറഞ്ഞതാവാനുള്ള ഒരു പ്രധാന കാരണം.

സ്ത്രീകളോടുള്ള വിവേചനം

സ്ത്രീകളോടുള്ള വിവേചനം മുസ്ലീം വ്യക്തി നിയമത്തിലെ വളരെയധികം വിമര്‍ശിക്കപ്പെടുന്ന വിഷയമാണ്. അനന്തരാവകാശ സ്വത്തില്‍ പുരുഷനു ലഭിക്കുന്നതിന്റെ പാതി സ്വത്തിനേ മുസ്ലീം സ്ത്രീക്ക്് അവകാശമുളളൂ. അതായത് ഭാഗം വെക്കുമ്പോള്‍ സഹോദരിക്ക് കിട്ടുന്നതിന്റെ ഇരട്ടിയാണ്സഹോദരന്റെ ഓഹരി. ഒരു പിതാവിന് ഒറ്റ മകള്‍ മാത്രമേ നേര്‍ അവകാശി ആയുളളൂ എങ്കില്‍ പോലും അദ്ദേഹത്തിന്റെ മൊത്തം സ്വത്തിന്റെ പകുതിക്കേ ആ മകള്‍ക്ക് അവകാശം ലഭിക്കൂ.

ബാക്കി പകുതിക്ക് അവകാശികള്‍ അദ്ദേഹത്തിന്റെ സഹോദരീ സഹോദരന്മാരോ അവരാരും ജീവിച്ചിരിപ്പില്ലെങ്കില്‍ സഹോദരന്മാരുടെ പുത്രന്മാരോ, അവരും ഇല്ലാത്ത പക്ഷം അവരുടെ പുത്രന്മാരോ ആയിരിക്കും അവകാശികള്‍.ഇവരാരും ഇല്ലെങ്കില്‍ വളരെ അകന്ന ബന്ധത്തിലുള്ള പുരുഷന്‍മാര്‍ക്ക് വരെയുണ്ടാകും ആ പാതിയുടെ അവകാശം. അങ്ങനേയും ആരും ഇല്ലെങ്കില്‍ ഇസ്ലാമിക രാജ്യത്താണെങ്കില്‍ ഭരണകൂടമായിരിക്കും ആ മുതലിനുടമ.

ഇന്ത്യയിലാണെങ്കില്‍ വഖഫ് ബോര്‍ഡിനാണ് അവകാശം.ഏതായാലും ഇവിടെ വഖഫ് ആ അവകാശം ചോദിച്ചു വരാറില്ല. അതായത്, ഇസ്ലാമിക അനന്തരാവകാശ നിയമമനുസരിച്ച് ഒരു സ്ത്രീക്ക് മുഴുവന്‍ സ്വത്തും ലഭിക്കണമെങ്കില്‍ നാട്ടില്‍ വേറെ മനുഷ്യരാരും ഉണ്ടായിരിക്കരുത് എന്നതാണവസ്ഥ. ഇനി ഇതേ സ്ഥാനത്ത്, അതായത്, മകളുടെ സ്ഥാനത്ത് ഒരു പുത്രനാണ് അവകാശിയായി വരുന്നതെങ്കില്‍ മുഴുവന്‍ സ്വത്തും അവനുള്ളതാണ്.

സംരക്ഷണ സിദ്ധാന്തം:

‘ഇസ്ലാമില്‍ പുരുഷനാണ് കുടുംബത്തിന്റെ സംരക്ഷണ ചുമതല. സ്ത്രീക്ക് അത്തരമൊരു ബാധ്യത ഇല്ല; അവള്‍ സംരക്ഷിക്കപ്പെടേണ്ടവള്‍ ആണ്. ആയത് കൊണ്ട് തന്നെ അവള്‍ക്ക് അനന്തര സ്വത്ത് ഭാഗിക്കുമ്പോള്‍ കുറവ് കൊടുക്കുന്നു. അവള്‍ക്ക് കിട്ടിയത് അവളുടെ ആവശ്യത്തിനു വേണ്ടി പോലും ചെലവാക്കേണ്ടതില്ല. കാരണം അവളുടെ ഉത്തരവാദിത്തം മുഴുവനും പിതാവിന്റെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ അതുമല്ലെങ്കില്‍ അവളുടെ സഹോദരന്റെ ചുമതലയാണ്.’ മുസ്‌ളീം അനന്തരാവകാശ സ്വത്ത് വിഭജനത്തിലെ അനീതിയും അസമത്വങ്ങളും ചൂണ്ടിക്കാണിക്കുമ്പോള്‍ ഈ നിയമത്തെ അനുകൂലിക്കുന്നവരുടെ പ്രധാന വാദമാണിത്.

ഇസ്ലാമില്‍ ഒരു സ്ത്രീയെ സംബന്ധിച്ച് ഭര്‍ത്താവിന്റെ സഹോദരന്‍ അന്യ പുരുഷനാണ്. അന്യപുരുഷനെ സ്ത്രീയുടെ ചുമതല ഏല്‍പ്പിക്കുന്ന ഏര്‍പ്പാട് ഇസ്ലാമിലുള്ളതായി അറിയില്ല. എന്നാല്‍ ചില ഓഹരിക്കണക്കുകള്‍ മുകളില്‍ പറഞ്ഞ വാദവുമായി തട്ടിച്ചു നോക്കിയാല്‍ അങ്ങനെയും ഉണ്ടെന്ന് വേണം കരുതാന്‍. ഉദാഹരണത്തിന് ഒരാള്‍ക്ക്അവകാശികളായി വരുന്നത് മുസ്ലീം നിയമപ്രകാരം ഭാര്യയും അയാളുടെ സഹോദരന്‍മാരും മാത്രമാണെങ്കില്‍ 25% സ്വത്തിനേ ഭാര്യ അര്‍ഹയാകുന്നുള്ളൂ. ബാക്കി മുഴുവന്‍ സ്വത്തിനും അവകാശി ഈ അന്യ പുരുഷന്മാരാണ്. ‘സംരക്ഷണ സിദ്ധാന്തവും’ ബന്ധവും അനുസരിച്ചാണെങ്കില്‍ ഈ വിധവയായ സ്ത്രീയെ തുടര്‍ന്ന് സംരക്ഷിക്കാനുള്ള ബാധ്യത ഇവരുടെ സഹോദരന്മാര്‍ക്കല്ലേ വരേണ്ടത്..

ഇനി ഇവരുടെ സംരക്ഷണ സിദ്ധാന്തം അനുസരിച്ച് ഒരു സാമ്പത്തിക ബാധ്യതയും ഇല്ലെന്ന് ഇവര്‍ തന്നെ പറയുന്ന സ്ത്രീക്കും ‘ബാധ്യത’ വരുന്നത് നോക്കൂ: ഭാര്യ, ഒരു പുത്രി, ഒരു സഹോദരി ഇവര്‍ അവകാശികളായി വരുമ്പോള്‍ ഭാര്യക്ക് 1/8 ന് മാത്രം അവകാശമുള്ളപ്പോള്‍, സഹോദരി കൊണ്ടുപോകുന്നത് 3/8 ഓഹരിയാണ്. അതായത് മൊത്തം ഭാഗിക്കാനുള്ളതിനെ എട്ടു ഓഹരികളാക്കിയാല്‍ 4 ഓഹരികള്‍ പുത്രിക്കും ഒരു ഓഹരി ഭാര്യക്കും, 3 ഓഹരി സഹോദരിക്കും ലഭിക്കുന്നു. ഇവിടെ ഈ സഹോദരിക്ക്് കൊടുക്കുന്നതിന് എന്തു ന്യായം ആണ് പറയാനുള്ളത്? പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ, ചുമ്മാ പെട്ടിയില്‍ വെക്കാനാണോ ഈ സഹോദരി, സഹോദരന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് അവകാശപ്പെട്ടത് കൊണ്ട് പോകുന്നത്?

ആരുടേയും സംരക്ഷണ ബാധ്യതയില്ലാതെ, മറ്റൊരു കുടുംബത്തില്‍ മറ്റൊരാളുടെ സംരക്ഷണയില്‍ കഴിയുന്ന ഈ സഹോദരിക്കെന്തിന് ഭാര്യക്ക് കൊടുക്കുന്നതിന്റെ രണ്ടിരട്ടി കൊടുക്കണം? യഥാര്‍ത്ഥത്തില്‍ ഇവിടെ സംരക്ഷണ ചുമതല ഏല്‍പ്പിക്കേണ്ടത് പുത്രിയുടെ ഭര്‍ത്താവിനെയല്ലേ..

വില്‍പത്രം എഴുതാന്‍ കഴിയില്ല

‘ഒറ്റമകളല്ലേ ഉള്ളൂ, സ്വത്ത് അന്യാധീനപെട്ടുപോകരുതല്ലോ’ എന്ന് ഒരാള്‍ക്ക് തന്റെ ജീവിതകാലത്ത് തോന്നുകയും, അതിന്‍പ്രകാരം പുത്രിയുടെ പേരില്‍ ഒരു വില്‍പത്രം എഴുതിവെക്കുകയും ചെയ്തു എന്നിരിക്കട്ടെ. അതിന് നിയമത്തിന്റെ പിന്‍ബലമില്ലെന്നതാണ് വസ്തുത. ഇസ്ലാമില്‍ വില്‍പത്രം എഴുതിവെക്കുന്ന ഏര്‍പ്പാട് ഇല്ല. മുസ്ലിം വ്യക്തി നിയമമനുസരിച്ച്, വില്‍പത്രം എഴുതിയെന്ന കാരണത്താല്‍ ഒരാളുടെ സ്വത്ത് വില്‍പത്രത്തില്‍ പറയുന്ന വ്യക്തികള്‍ക്ക് മാത്രമായി ലഭിക്കുകയില്ല. എഴുതിവെച്ച വ്യക്തിയുടെ മരണത്തോടെ അനന്തര സ്വത്ത് എന്ന നിലയില്‍ ആരൊക്കെ അവകാശികളായി വരുമോ അവര്‍ക്കെല്ലാം അവകാശമുളള സ്വത്തായി അത് മാറും എന്നാണ് നിയമം. ആയത് കൊണ്ട് തന്നെ ഈ അവകാശികളുടെയെല്ലാം സമ്മതമുണ്ടെങ്കില്‍ മാത്രമേ ഈ വില്‍പത്രത്തിന് നിയമ സാധുത ഉണ്ടാകൂ. അത് അത്ര പ്രായോഗികവുമല്ല.

അനന്തരാവകാശിക്ക് വസീയ്യത്ത് പാടില്ലെന്നതാണ് സുന്നി മുസ്ലീംഗള്‍ക്കിടയിലെ നിയമം. എന്നാല്‍ഒരു ഷിയാമുസ്ലീമിന് ഇത് ബാധകമല്ല. മൊത്തം സ്വത്തിന്റെ മൂന്നിലൊന്നുവരെ അവകാശികള്‍ക്കും ആവാം. അതിന് മറ്റ് അവകാശികളുടെ സമ്മതവും ഷിയകള്‍ക്ക് ആവശ്യമില്ല. അതില്‍ കൂടുതലാണെങ്കില്‍ മാത്രം മറ്റ് അവകാശികളുടെ സമ്മതം വേണം.

വില്‍പത്രവും വസീയ്യത്തും സാങ്കേതികമായ ചില വ്യത്യാസം ഉണ്ട്. ആകെ സ്വത്തിന്റെ മൂന്നില്‍ ഒന്ന് (1/3) മാത്രമേ വസീയ്യത്ത് പാടുള്ളൂ. വസീയ്യത്ത് പ്രകാരം ഒന്നിലധികം മക്കളുളള ഒരാള്‍ക്ക് ഏതെങ്കിലും ഒരാളുടെ പേരില്‍ തന്റെ സ്വത്ത് മുഴുവനായോ കൂടുതലോ കുറച്ചോ എഴുതിവെക്കാനാവില്ല. ജീവിച്ചിരിക്കുമ്പോള്‍ എങ്ങനെ വേണമെങ്കിലും നല്കാം. എന്നാല്‍ മരണ ശേഷം അനന്തരാവകാശ കണക്ക് പ്രകാരം മാത്രമേ ഭാഗിക്കാനധികാരമുളളൂ. അനന്തരാവകാശിയായി വരുന്ന ആള്‍ക്ക് സ്വത്ത് വില്‍ക്കാന്‍ പാടില്ല എന്നതും മുസ്‌ളീമിന് ബാധകമായ നിയമമാണ്.

ജീവിച്ചിരിക്കുന്ന വ്യക്തിക്ക് തന്റെ സ്വത്ത് ആര്‍ക്കു വേണമെങ്കിലും വില്‍ക്കാനോ ഇഷ്ടദാനം കൊടുക്കാനോ അവകാശം ഉണ്ട്. അവകാശികള്‍ക്കാര്‍ക്കും ഇത് ചോദ്യം ചെയ്യാനാവില്ല. ജീവിച്ചിരിക്കുന്ന വ്യക്തി തന്റെ സ്വത്ത് അവകാശിക്കോ മറ്റാര്‍ക്കെങ്കിലുമോ വീതിച്ചു നല്കുന്നതിന് അറബിയില്‍ സാങ്കേതിക മായി ‘ഹിബ’ (ഇഷ്ടദാനം) എന്നാണ് പറയുക. എന്നാല്‍ ഇതില്‍ പ്രത്യേക വ്യവസ്ഥകളൊന്നും തന്നെ ചേര്‍ക്കാന്‍ പാടില്ലെന്നുണ്ട്. പൂര്‍ണ്ണമായും സ്വത്തിന്റെ ഉടമസ്ഥത ഉടമ കൈമാറിയിരിക്കണം എന്ന് നിര്‍ബന്ധമാണ്. പക്ഷേ, അത് ജീവിച്ചിരിക്കുന്ന സ്വത്തിനുടമയായിരുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ ബുദ്ധിമുട്ടാവില്ലെന്ന് ഉറപ്പു പറയാനാവില്ലല്ലോ.

വില്‍പത്രം മുസ്ലീമിന് കൂടി ബാധകമാകുന്നതോടൊപ്പം പ്രാകൃത നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതിന്റേയും ഏകീകരണം നടപ്പിലാക്കേണ്ടതിന്റെയും ആവശ്യം വരുന്നത് ഇവിടെയൊക്കെയാണ്. ഒരു പുരുഷന്റെ മൂല്യം രണ്ട് സ്ത്രീക്ക് തുല്യമാണ് എന്ന് കണക്കാക്കുന്ന ഗോത്രകാല നിയമമാണ് ശരീഅത്ത്. അത് അംഗീകരിക്കുന്നവര്‍ക്ക് അതനുസരിച്ച് കിട്ടിയത് കൊണ്ട് തൃപ്തി പെടാനും അല്ലായെങ്കില്‍ തുല്യതക്ക് വേണ്ടി കോടതിയില്‍ പോകാനും അപ്പോള്‍ സാധ്യവുമാണ്.

വിശ്വാസികളെ ബാധിക്കുമോ?

വ്യക്തി നിയമങ്ങളിലെ പരിഷ്‌ക്കരണം വിശ്വാസങ്ങളെ ബാധിക്കുന്നില്ല. 2000 ല്‍ പാര്‍ലമെന്റ് പാസാക്കിയതും 2015 ല്‍ സമഗ്രമായി ഭേദഗതി ചെയ്തതുമായ ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട് അനുസരിച്ച് ജാതിമതഭേദമെന്യ എല്ലാവര്‍ക്കും കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം വ്യവസ്ഥചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്ലാം ദത്തെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.

ഒരു കുഞ്ഞിനെ ദത്തെടുക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണല്ലോ. ദത്തെടുക്കുക എന്നത് നിയമപരമായ ഒരു നിബന്ധിത കാര്യവുമല്ല. നിങ്ങള്‍ ദത്തെടുത്തേ പറ്റൂ എന്ന് നിയമം വാശിപിടിക്കാത്തത് കൊണ്ട് അത് മതത്തിനെതിരായീ എന്ന് പറയാനാവില്ല. അതേപോലെ തന്നെയാണ് ബാക്കിയുള്ള എല്ലാ വ്യക്തി നിയമങ്ങളുടെ കാര്യവും എന്ന് മനസ്സിലാക്കുക. ഇക്കാര്യത്തില്‍ പരാതി ഉള്ളവര്‍ക്ക് നീതി ലഭിക്കാനാണ് നിയമം പരിഷകരിക്കപ്പെടേണ്ടത്. നിങ്ങളുടെ കുടുംബം വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ക്ക് ദത്തെടുക്കാതിരിക്കാനും മതം പറയുന്ന പോലെ അനന്തരാവകാശം ഓഹരിവെക്കാനും ഇഷ്ടം പോലെ സാധ്യമാണ്. എന്നാല്‍ മുസ്ലീ കുടുംബത്തില്‍ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ദത്തെടുക്കാന്‍ താല്‍പര്യമുള്ള ഒരു ഇന്ത്യന്‍ പൗരന് അതിനുള്ള അവകാശം ഇല്ലാതെയുമാവരുത്.

ഒരു കുടുംബം അവരുടെ സ്വത്ത് ഇസ്ലാമിക അനന്തരാവകാശ നിയമം അനുസരിച്ച് ഭാഗിക്കാന്‍ തീരുമാനിച്ചാല്‍ നിയമം അതില്‍ കൈകടത്താന്‍ വരില്ല, വരേണ്ടതുമില്ല. നിങ്ങള്‍ ഭാഗിച്ചാലും ഭാഗിച്ചില്ലേലും വഴിയെ പോയവന് വെറുതേ കൊടുത്താലും ആര്‍ക്കും ഇവിടെ ഒരു പരാതിയുമുണ്ടാവാന്‍ സാധ്യതയുമില്ല. പക്ഷേ ഇതേകുറിച്ചെല്ലാംവ്യക്തവും ആധുനിക മൂല്യങ്ങള്‍ക്കനുസൃതവുമായ ഒരു നിയമം ഉണ്ടായിരിക്കേണ്ടതുണ്ട്. നിലവില്‍ അതില്ല. അപര്യാപ്തവും അനീതി നിറഞ്ഞതുമായ നിയമങ്ങള്‍ കൊണ്ട് വ്യക്തി നിയമങ്ങളെ കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥയാണ് കോടതികളിലുള്ളത്. തന്മൂലം നീതി നിഷേധിക്കപ്പെടുന്നത് പരിഹരിക്കപ്പെടുകതന്നെ വേണം. പേരെന്തു തന്നെ വിളിച്ചാലും നീതിയലധിഷ്ഠിതമായ വിവേചനമില്ലാത്ത ഒരു സിവില്‍ നിയമം ഉണ്ടാവേണ്ടതുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *