ഡിഡിടി കാളകൂട വിഷമാണോ; മലേറിയ മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദി; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


“ഡിഡിടി എന്നത് കാളകൂടവിഷം പോലെ പരിഗണിക്കപ്പെട്ടെങ്കിലും, ഒരു പക്ഷെ ഒരു യുദ്ധത്തിനെക്കാള്‍ കൂടുതല്‍ ആളുകളെ കൊന്നൊടുക്കിയിരുന്ന മലേറിയക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഡിഡിടി ഫലപ്രദമായ ഒരു ആയുധമായിരുന്നു. 1960 ആയപ്പോഴേക്കും, ഡിഡിടി ഉപയോഗം മൂലം അമേരിക്ക ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് മലേറിയ നീക്കം ചെയ്യപ്പെട്ടു. മലേറിയ നിരക്ക് കുറഞ്ഞപ്പോള്‍, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചു. പക്ഷേ അതിന്റെ തളിക്കല്‍ നിലച്ചതോടെ, ദശലക്ഷക്കണക്കിന് ആളുകളാണ് മലേറിയ ബാധിച്ച് മരിച്ചത്”- രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
പരിസ്ഥിതി സ്‌നേഹികളുടെ തലതൊട്ടമ്മയ്ക്ക് തെറ്റ് പറ്റിയോ?

1907-ല്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജനിച്ച റേച്ചല്‍ ലൂസി കാര്‍സണ്‍ അമേരിക്കന്‍ ഫിഷറീസ് വകുപ്പില്‍ മറൈന്‍ ബയോളജിസ്റ്റ് ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1941-ല്‍ റേച്ചല്‍ കാര്‍സണ്‍ അവരുടെ ആദ്യത്തെ പുസ്തകം, ‘Under the sea wind’ പ്രസിദ്ധീകരിച്ചു. 1951-ല്‍ പ്രസിദ്ധീകരിച്ച അവരുടെ രണ്ടാമത്തെ പുസ്തകം, ‘The sea around us’ 13 ദശലക്ഷം കോപ്പികള്‍ ആണ് വിറ്റഴിച്ചത്. 32 ഭാഷകളിലേക്കും അത് വിവര്‍ത്തനം ചെയ്യപ്പെട്ടു. 1955-ല്‍ പ്രസിദ്ധീകരിച്ച അവരുടെ മൂന്നാമത്തെ പുസ്തകമായ ‘The edge of the sea’ സൂപ്പര്‍ഹിറ്റ് ആയിരുന്നു. ഇതോട് കൂടി അതിപ്രശസ്ത ആയി തീര്‍ന്ന റേച്ചല്‍ അമേരിക്കക്കാര്‍ക്കെല്ലാം സുപരിചിത ആയ ഒരു വ്യക്തി ആയി മാറി.</p >

1962-ല്‍ ആണ് റേച്ചല്‍, ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ പുസ്തകം ആയ ‘Silent spring’ പ്രസിദ്ധീകരിക്കുന്നത്. പോയിസണ്‍ എന്ന് റേച്ചല്‍ തന്നെ സ്വയം വിശേഷിപ്പിച്ച ആ പുസ്തകം കീടനാശിനികള്‍ക്കെതിരെ, പ്രത്യേകിച്ച് ഡിഡിടിക്ക് (Dichlorodiphenyltrichloroethane) എതിരെ കോപാകുലമായ ഒരു എഴുത്തായിരുന്നു. വിളകളിലെ കീടങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ഡിഡിടി പോലുള്ള കീടനാശിനികള്‍ അമിതമായും വിവേചനരഹിതമായും തളിക്കുന്നുണ്ടെന്നും അവ ജലപാതകളിലേക്ക് ഒഴുകുകയും ഭക്ഷണ ശൃംഖലയിലൂടെ നീങ്ങുകയും അതുവഴി പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും ആത്യന്തികമായി മനുഷ്യര്‍ക്കും വേണ്ടിയുള്ള അതിലോലമായ ആവാസവ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. അമേരിക്കയുടെ ദേശീയ പക്ഷിയായ ‘The American bald eagle’ പോലും ബാധിക്കപ്പെട്ടെന്നും, കഴുകന്മാര്‍ DDT കലര്‍ന്ന മത്സ്യങ്ങളെ ഭക്ഷിക്കുകയും അത് കാരണം അവയിടുന്ന മുട്ടയുടെ തോട് നേര്‍ത്തതാകുകയും അത് പൊട്ടിപ്പോകുന്നതായും അവര്‍ അവകാശപ്പെട്ടു.ഈ പുസ്തകത്തിന്റെ ആദ്യ അധ്യായം ആയ ‘A fable for tomorrow’ റേച്ചല്‍ കാര്‍സണ്‍ ഇങ്ങനെ എഴുതി:

”There was once a town in the heart of America where all life seemed to live in harmony with its surroundings. Then a strange blight crept over the area and everything began to change… the cattle and sheep sickened and died… streams were lifeless… everywhere there was the shadow of death. Birds, especially, had fallen victim to this strange evil. In a town that had once throbbed with scores of bird voices there was now no sound, only silence. A silent spr-in-g.”

പക്ഷികളെ മാത്രമല്ല കുട്ടികളെയും ഡിഡിടി ബാധിച്ചു എന്നവര്‍ എഴുതി. പെട്ടെന്നുള്ള മരണം, അപ്ലാസ്റ്റിക് അനീമിയ, ജനന വൈകല്യങ്ങള്‍, കരള്‍ രോഗം, ക്രോമസോം തകരാറുകള്‍, രക്താര്‍ബുദം എന്നിവ കുട്ടികള്‍ക്കും, വന്ധ്യത, ഗര്‍ഭപാത്രത്തില്‍ ക്യാന്‍സര്‍ എന്നിവ സ്ത്രീകളില്‍ ഡിഡിടി കാരണം ഉണ്ടാവുന്നു എന്ന് റേച്ചല്‍ അവകാശപ്പെട്ടു.</p >

1963 മെയ് മാസത്തില്‍, റേച്ചല്‍ കാര്‍സണ്‍ വാണിജ്യ വകുപ്പിന് (Commerce department) മുമ്പാകെ ഹാജരായി, ഡിഡിടിയുടെ അനിയന്ത്രിതമായ ഉപയോഗം നിയന്ത്രിക്കുന്നതിന് ഒരു ‘കീടനാശിനി കമ്മീഷന്‍’ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷത്തിന് ശേഷം ഈ കീടനാശിനി കമ്മീഷന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സിയായി (Environmental protection agency – EPA) മാറി. അവര്‍ ഉടന്‍ തന്നെ ഡിഡിടി നിരോധിച്ചു. യഥാര്‍ത്ഥത്തില്‍ അമേരിക്കയില്‍ അപ്പോള്‍ പൂര്‍ണ്ണമായി നിരോധിച്ചില്ല, പൊതുജനാരോഗ്യം അപകടത്തിലാണെങ്കില്‍ നിരോധനം സ്വീകാര്യമാണെന്ന് EPA പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. എന്നാല്‍ അമേരിക്കയുടെ നിരോധനം പിന്തുടര്‍ന്ന് മറ്റു പല രാജ്യങ്ങളും സ്വന്തം നിലയില്‍ നിരോധനം ഏര്‍പ്പെടുത്തി.

മലേറിയ എന്ന കൊലയാളി

ഡിഡിടി എന്നത് കാളകൂടവിഷം പോലെ പരിഗണിക്കപ്പെട്ടെങ്കിലും, ഒരു പക്ഷെ ഒരു യുദ്ധത്തിനെക്കാള്‍ കൂടുതല്‍ ആളുകളെ കൊന്നൊടുക്കിയിരുന്ന മലേറിയക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഡിഡിടി ഫലപ്രദമായ ഒരു ആയുധമായിരുന്നു. 1960 ആയപ്പോഴേക്കും, ഡിഡിടി ഉപയോഗം മൂലം അമേരിക്ക ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് മലേറിയ നീക്കം ചെയ്യപ്പെട്ടു. മലേറിയ നിരക്ക് കുറഞ്ഞപ്പോള്‍, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചു. ഒപ്പം വിള ഉല്‍പ്പാദനം, ആപേക്ഷിക സമ്പത്ത് എന്നിവയ്ക്ക് ഒക്കെ വര്‍ദ്ധനവുണ്ടായി. 1960-ല്‍ തളിക്കല്‍ ആരംഭിച്ച നേപ്പാള്‍ ആണ് ഡിഡിടി യുടെ ഒരു ഗുണഭോക്താവ്. അക്കാലത്ത്, രണ്ട് ദശലക്ഷത്തിലധികം നേപ്പാളികള്‍ക്ക്, കൂടുതലും കുട്ടികള്‍ക്ക്, മലേറിയ ബാധിച്ചിരുന്നു. 1968 ആയപ്പോഴേക്കും ബാധിതരുടെ എണ്ണം 2,500 ആയി കുറഞ്ഞു. ആയുര്‍ദൈര്‍ഘ്യം 28 നിന്ന് 42 ആയി വര്‍ദ്ധിച്ചു.
ഡിഡിടി നിരോധിച്ചതിനു ശേഷം, ലോകമെമ്പാടും മലേറിയ കേസുകള്‍ പിന്നെയും ഉയര്‍ന്നു.

ഇന്ത്യയില്‍, 1952 തൊട്ട് 1962 വരെ, ഡിഡിടി ഉപയോഗം മൂലം, മലേറിയ കേസുകള്‍ 100 ദശലക്ഷത്തില്‍ നിന്ന് 60,000 ആയി കുറഞ്ഞിരുന്നു. 1970-കളുടെ അവസാനത്തോട് ഇത് കൂടി. ഡിഡിടി ഉപയോഗിക്കാന്‍ കഴിയാതെ വന്നതോടെ കേസുകളുടെ എണ്ണം 6 ദശലക്ഷമായി പിന്നെയും ഉയര്‍ന്നു. ശ്രീലങ്കയില്‍, ഡിഡിടി ഉപയോഗിക്കുന്നതിന് മുമ്പ്, 2.8 ദശലക്ഷം ആളുകള്‍ക്ക് മലേറിയ ബാധിച്ചിരുന്നു. തളിക്കല്‍ നിരോധിച്ച ഉടന്‍ കണക്കെടുത്തപ്പോള്‍, 17 പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചിരുന്നത്. പിന്നീട്, ഡിഡിടി ഉപയോഗിക്കാന്‍ കഴിയാതെ വന്നപ്പോള്‍, ശ്രീലങ്കയില്‍ ഒരു വലിയ മലേറിയ പകര്‍ച്ചവ്യാധി ഉണ്ടായി. 1.5 ദശലക്ഷം ആളുകളെയാണ് മലേറിയ ബാധിച്ചത്.
ദക്ഷിണാഫ്രിക്കയില്‍, ഡിഡിടി ലഭ്യമല്ലാതായതിന് ശേഷം, മലേറിയ കേസുകളുടെ എണ്ണം 8,500 ല്‍ നിന്ന് 42,000 ആയും മലേറിയ മരണങ്ങള്‍ 22 നിന്ന് 320 ആയും വര്‍ദ്ധിച്ചു.

1970-കളുടെ മധ്യത്തില്‍, ആഗോള നിര്‍മ്മാര്‍ജ്ജന ശ്രമങ്ങളില്‍ നിന്ന് ഡിഡിടി ഒഴിവാക്കപ്പെട്ടപ്പോള്‍, അഞ്ച് വയസ്സില്‍ താഴെ ഉള്ള കുട്ടികള്‍ ഉള്‍പ്പടെ ദശലക്ഷക്കണക്കിന് ആളുകള്‍ അനാവശ്യമായി മലേറിയ ബാധിച്ച് മരിക്കേണ്ടി വന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് നിരോധിച്ചത് ന്യായീകരിക്കാമെങ്കിലും, പൊതുജനാരോഗ്യ ഉപയോഗത്തില്‍ നിന്ന് അത് ഒഴിവാക്കിയത് യുക്തിരഹിതമാണ്. രക്താര്‍ബുദം, കരള്‍ രോഗം, ജനന വൈകല്യങ്ങള്‍, മാസം തികയാതെയുള്ള ജനനങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയ്ക്ക് ഡിഡിടി കാരണമാണ് എന്ന് ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാതെ റേച്ചല്‍ അവകാശപ്പെടുമ്പോള്‍ അതൊരു ഭീതി വ്യാപാരം പടര്‍ത്തുന്ന നടപടി ആണ്. രാസ കീടനാശിനികള്‍ ഒരിക്കലും ഉപയോഗിക്കരുത് എന്നത് തന്റെ വാദമല്ല എന്ന് റേച്ചല്‍ തന്റെ പുസ്തകത്തില്‍ എഴുതിയെങ്കിലും വാ വിട്ട വാക്കും തൊടുത്തു വിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല എന്നത് പോലെ, ഇതിന് പ്രത്യാഘാതങ്ങള്‍ ഉണ്ടായി. ”കീമോഫോബിയ” പടര്‍ത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ റേച്ചലിന് പങ്കുണ്ടായി എന്നതാണ്.</p >

യൂറോപ്പിലും അമേരിക്കയിലും കാനഡയിലും നടത്തിയ പഠനങ്ങള്‍ പ്രകാരം റേച്ചല്‍ അവകാശപ്പെട്ട പോലെ മനുഷ്യരോഗങ്ങള്‍ക്ക് ഡിഡിടി കാരണമാകില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഉപയോഗിച്ചിരുന്ന കാലഘട്ടത്തില്‍ അമേരിക്കയില്‍ വര്‍ദ്ധിച്ചു വന്ന ഒരേയൊരു തരം അര്‍ബുദം ശ്വാസകോശ അര്‍ബുദമായിരുന്നു. ഇത് സിഗരറ്റ് വലിക്കുന്നതിലൂടെ ഉണ്ടാവുന്നതാണ്. ഇതു വരെ കണ്ടു പിടിച്ച മിക്കവാറും കീടനാശിനികളെ പോലെ സുരക്ഷിതമായ ഒന്നായിരുന്നു ഡിഡിടിയും.

‘ആ ഭീകരന്‍’ തിരിച്ചുവരുമ്പോള്‍

‘Rhetoric is no substitute for reality. Emotions neither prove nor disprove facts. One of the ways of understanding the consequences of economic decisions is to look at them in terms of the incentives they create, rather than the goals they pursue. This means that consequences matter more than intentions – and not just the immediate consequences, but also the longer run repercussions.’ – Thomas Sowell

അതായത് വാചാടോപങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് പകരമാവില്ല. വികാരങ്ങള്‍ വസ്തുതകളെ തെളിയിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. ആശയങ്ങളുടെ ഉദ്ദേശശുദ്ധി എന്നതിനേക്കാള്‍ ആ ആശയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഉണ്ടാവുന്ന ഫലം വിലയിരുത്തണം. ഉടനെ ഉണ്ടാവുന്ന അനന്തരഫലം മാത്രം അല്ല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കാണാനുള്ള ദൂരകാഴ്ച്ച ഉണ്ടാവണം. ഇതിനര്‍ത്ഥം അനന്തരഫലങ്ങള്‍ ഉദ്ധേശശുദ്ധിയേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നു.
റേച്ചല്‍ കാര്‍സണിന്റെ ഉദ്ധേശശുദ്ധിയില്‍ സംശയം ഒന്നും ഇല്ലെങ്കിലും, എന്തായിരുന്നു അവരുടെ ആശയങ്ങളുടെ അനന്തഫലം?

2006-ല്‍ ലോകാരോഗ്യ സംഘടന മലേറിയ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ഡിഡിടി ഉപയോഗം പുനഃസ്ഥാപിച്ചു. എന്നാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ഡിഡിടി നിരോധിച്ചതിലൂടെ മലേറിയ ബാധിച്ചു മരിക്കേണ്ടി വന്നതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *