എന്‍ഡോസള്‍ഫാനാണോ ഈ പ്രശ്‌നത്തിന് പിന്നില്‍; തെളിവധിഷ്ഠിതമായി മറുപടി തരു; ഡോ കെ എം ശ്രീകുമാര്‍ വെല്ലുവിളിക്കുന്നു


“ലോകത്ത് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ടണ്‍ കീടനാശിനികള്‍. പക്ഷേ ഒരിടത്തുനിന്നും കാസര്‍കോട്ട് സംഭവിച്ചുപോലെ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്തുകൊണ്ട് കാസര്‍കോട്ട് മാത്രം മുന്നൂറോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി? എപ്പോഴെങ്കിലും നടക്കുന്ന നരബലികള്‍ മാത്രമല്ല ഇതുമാതിരിയുള്ള കള്ളകഥകളിലുമുള്ള വിശ്വാസവും സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് തിരിച്ചറിയണം.  കഥകള്‍ക്കും കഥപറിച്ചലുകാര്‍ക്കുമല്ല  സമൂഹത്തില്‍ മുന്‍ഗണ ലഭിക്കേണ്ടത്. വസ്തുതകള്‍ക്കും, വസ്തുതാധിഷ്ഠിത നിഗമനങ്ങള്‍ക്കുമാണ്.”- ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു
എന്‍ഡോസള്‍ഫാന്‍ കെട്ടുകഥ!

താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ശ്രീ.എം. എ. റഹ്‌മാന്‍മാഷോ, അംബികാസുതന്‍ മാങ്ങാടോ, പത്ര-മാധ്യമ പ്രവര്‍ത്തകരോ, ഡോക്ടര്‍മാരോ, ശ്രീ.അമ്പലത്തറ കുഞ്ഞികൃഷ്ണനോ, ഭരണാധികാരികളോ, ഡോ: അഷീലോ, ഡോ: ജയകൃഷ്ണനോ,   തണല്‍ എന്ന സന്നദ്ധ സംഘടനയോ,  സംസ്ഥാന ആരോഗ്യവകുപ്പോ, ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വമോ, ഡി വൈ.എഫ്.ഐ  നേതൃത്വമോ മറ്റാരെങ്കിലുമോ  മറുപടി തെളിവധിഷ്ഠിതമായി തരുവാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു.

 1. എന്ത് കൊണ്ട് കാസര്‍കോട് മാത്രം ആരോഗ്യ പ്രശ്നങ്ങള്‍? എന്‍ഡോ സള്‍ഫാന്‍ എന്ന കീടനാശിനി വായുമാര്‍ഗ്ഗേണയും അല്ലാതെയും ആയി 1956-2011 വരെ ലോകമെമ്പാടും ലക്ഷക്കണക്കിന് ഹെക്ടറില്‍  ഉപയോഗിച്ചിട്ടുണ്ട്. ലോകത്ത് എവിടെനിന്നും തളിക്കപ്പെട്ട സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍- പ്രധാനമായും മാനസീക ശാരീരിക ഭിന്നശേഷി പ്രശ്നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല. എന്ത്കൊണ്ട് കാസര്‍കോട്ടു മാത്രം ആരോഗ്യ പ്രശ്നങ്ങള്‍?

 2. കാസര്‍കോട്ട് പി.സി.കെ. കശുമാവ് തോട്ടങ്ങളില്‍ തളിച്ചത് ഒരു വര്‍ഷം ഹെക്ടറിന് 1.34 ലിറ്റര്‍മാത്രം. ഏലത്തോട്ടങ്ങളില്‍ 85 ലിറ്റര്‍, തേയില തോട്ടങ്ങളില്‍ 17.1 ലിറ്റര്‍, പാടശേഖരങ്ങളില്‍ 3.4 ലിറ്റര്‍. പച്ചക്കറികളില്‍ 7.8ലിറ്റര്‍ എന്ന തോതില്‍ തളിക്കുന്നുണ്ട്. കേരള ശരാശരി  600 മില്ലി. എന്നിട്ടും കാസര്‍കോട്ട് മാത്രമെന്തേ ആരോഗ്യപ്രശ്നങ്ങള്‍?

3. ലോകത്ത് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ടണ്‍ കീടനാശിനികള്‍. പക്ഷേ ഒരിടത്തുനിന്നും കാസര്‍കോട്ട് സംഭവിച്ചുപോലെ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്തുകൊണ്ട് കാസര്‍കോട്ട് മാത്രം മുന്നൂറോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി?

 4. ഏത് വിഷയത്തിനും ഒരു മാത്ര-ഫല ബന്ധമുണ്ട്. കീടനാശിനികള്‍ക്കുമതേ. കീടങ്ങളെ കൊല്ലുവാനുള്ള മാത്രയില്‍ (5001000 പി.പി.എം.) തളിച്ചിരുന്ന കീടനാശിനികള്‍ ലോകത്തൊരിടത്തും പൊതുജനങ്ങള്‍ക്ക് സ്ഥിരമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.  കാസര്‍കോട്ടും ആ മാത്രയിലേ തളിച്ചിട്ടുള്ളൂ. എന്നിട്ടും എന്തുകൊണ്ട് കാസര്‍കോട് മാത്രം?

5. ഹെലികോപ്പ്റ്റര്‍ ഉപയോഗിച്ച് കീടനാശിനി തളിക്കുമ്പോള്‍ ഡോസ് കൂടുന്നില്ല. കാറ്റില്‍പെട്ട് കീടനാശിനിയുടെ തുള്ളികള്‍ ലക്ഷ്യസ്ഥാനത്തുനിന്നും ദൂരെയെത്താം. പക്ഷേ ദൂരം കൂടുന്തോറും തുള്ളികളുടെ എണ്ണം കുറയും. ലക്ഷ്യസ്ഥാനത്തുവീഴുന്ന തുള്ളികള്‍ പോലും- നേരിട്ട് ദേഹത്തു വീണാല്‍ പോലും  മനുഷ്യന് ഒരു സ്ഥിരമായ ആരോഗ്യപ്രശ്നവും ഉണ്ടാക്കുവാന്‍ പര്യാപ്തമല്ലെന്നിരിക്കെ എങ്ങനെ കാസര്‍കോട്ട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി? ഓസ്ട്രേലിയയില്‍ അഞ്ചു ലക്ഷം ഹെക്ടറിലും ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളിലും വായു മാര്‍ഗ്ഗേണ ഇരുപതു വര്‍ഷത്തോളം എന്‍ഡോസള്‍ഫാന്‍ തളിച്ചിട്ടുണ്ട്. അവിടങ്ങളില്‍ പിന്നീട് ലോകാരോഗ്യ സംഘടനയുടെയും APVMA (Australian Pesticides and Veterinary Medicines Authority) യുടെയും നേതൃത്വത്തില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു ആരോഗ്യ പ്രശ്‌നം പോലും അധികമായി കണ്ടെത്തിയിട്ടില്ല.

6. എവിടെ നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ ഒരാളെ എങ്ങനെ എന്‍ഡോസള്‍ഫാന്‍ രോഗിയാക്കി? അതിനുള്ള ക്ലിനിക്കല്‍ ബയോകെമിക്കല്‍ മാനദണ്ഡങ്ങള്‍ എന്തൊക്കെ? എന്തടിസ്ഥാനത്തിലാണ് ‘വിദഗ്ധ ഡോകട്ര്‍മാര്‍’ ക്യാമ്പിലെ 5 മിനിറ്റ് സമയം കൊണ്ട് പരിശോധന നടത്തി എന്‍ഡോസള്‍ഫാന്‍ രോഗിയാണെന്ന് തീരുമാനിച്ചത്?

7. എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത  കടല്‍ത്തീര പഞ്ചായത്തായ മൊഗ്രാല്‍ പുത്തൂരിലും  കണ്ണൂരിലെ ചെമ്പിലോടും  മലപ്പുറത്തെ അമരമ്പലത്തും (കേരള കൗമുദി 22 .8 .2005) ആലപ്പുഴയിലെ വടുതലയിലും സമാനമായി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് പത്രറിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായിരിക്കും കാരണം?

8. 1979-1988 കാലഘട്ടത്തില്‍  പത്തുവര്‍ഷക്കാലം മള്‍ട്ടിസ്റ്റേറ്റ് കാഷ്യു പ്രൊജക്ട് പദ്ധതിയില്‍ വടക്കന്‍ കേരളത്തിലെ മുഴുവന്‍ കശുവണ്ടിത്തോട്ടങ്ങളിലും വീട്ടുവളപ്പുകളിലും തേയിലക്കൊതുകു നിയന്ത്രണത്തിനായി എന്‍ഡോസള്‍ഫാന്‍ റോക്കര്‍  സ്പ്രെയര്‍ ഉപയോഗിച്ചു തളിച്ചിരുന്നു. അതുമൂലം ഉത്തരകേരളം മുഴുവനും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവേണ്ടതല്ലേ? എന്ത്കൊണ്ട് കാസര്‍കോട് മാത്രം?

 9. ഉന്നയിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ സംസ്ഥാന ശരാശരി പ്രാബല്ല്യവും ജില്ല ശരാശരി പ്രാബല്യവും ഇത്രയാണ്, കാസര്‍കോട്ട് ഉന്നയിക്കുന്ന രോഗങ്ങളുടെ പ്രാബല്ല്യം/പിടിപെടല്‍ തോത് ഇത്ര ശതമാനം അധികമാണ് എന്നു കാണിക്കുന്ന ഒരൊറ്റ ആധികാരിക രേഖയെങ്കിലും ഇതുവരെ ആരോഗ്യ വകുപ്പ് തെളിവായി  പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുക.

10. എന്‍ഡോസള്‍ഫാന്‍ തളി മൂലം 776 പേര് മരണപ്പെട്ടു എന്ന് കണക്കാക്കിയതെങ്ങനെ? ഒരു കേസിലെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുണ്ടോ? രക്തത്തിലെ /കൊഴുപ്പിലെ എന്‍ഡോസള്‍ഫാന്‍ അവശിഷ്ടവീര്യം പരിശോധിച്ചിട്ടുണ്ടോ?
 
11 . സാമൂഹ്യനീതിവകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്നു വീടുവീടാന്തരം നടത്തിയ ശാരീരിക-മാനസിക അംഗപരിമിതസര്‍വ്വേ 2015 (ഡിസബിലിറ്റി  സെന്‍സസ് കേരള 2015 )യുടെ ഡാറ്റ അടിസ്ഥാനമാക്കി ഞാന്‍ ഇക്കണോമിക് ആന്റ് പൊളിറ്റക്കല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം (ഇ.പി. ഡബ്ലു 2021 oct 9, https://www.researchgate.net/publication/355163854) കൃത്യമായി കാണിക്കുന്നത് കീടനാശിനി തളിക്കപ്പെട്ട കശുമാവിന്‍ തോട്ടങ്ങള്‍ക്ക് സമീപമുള്ള 48 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, തളിക്കപ്പെടാത്ത, ദൂരെയുള്ള 115 വാര്‍ഡുകളിലും എന്‍ഡോസള്‍ഫാന്‍ മൂലമാകാന്‍ അതിവിദൂരമായെങ്കിലും സാധ്യതയുള്ള 17 തരം രോഗങ്ങളുടെ പ്രാബല്ല്യം സംഖ്യാശാസ്ത്രപരമായി തുല്ല്യമാണ് എന്നതാണ്. ഈ ഡാറ്റയെ മറികടന്ന് അധികമായി ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് സംശയാതീതമായി തെളിയിക്കുവാന്‍ വേറെ ഏതു ഡാറ്റാ നിഗമനങ്ങളാണ് നിങ്ങള്‍ക്കുള്ളത്? കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും  സാധാരണയായി കാണപ്പെടുന്ന രോഗങ്ങളെ ഭിക്ഷാടന മാഫിയ മാതൃകയില്‍  നിരന്തര പ്രദര്‍ശന സമരങ്ങള്‍ നടത്തി കാസര്‍കോട് മാത്രം എന്‍ഡോസള്‍ഫാന്‍ ജന്യമാക്കുന്ന തന്ത്രം അല്ല നിങ്ങള്‍ പയറ്റുന്നത് എന്നതിന് എന്ത് തെളിവാണ് നിങ്ങള്‍ക്കുള്ളത് ?

12 .ഡിസ്ബിലിറ്റി സെന്‍സസ് കേരള 2015 കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ശാരീരിക മാനസീക പരിമിതിയുള്ളവര്‍ര്‍ക്ക് കാസര്‍കോട്ട് കിട്ടുന്നതുപോലെ സഹായ ധനം കിട്ടുവാന്‍ അര്‍ഹതയില്ലേ? കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സെല്‍ പൂട്ടി സീല്‍ വെച്ച് അനര്‍ഹരായ ആള്‍ക്കാര്‍ക്ക് കൊടുത്ത തുക മുഴുവന്‍ ഉടന്‍ തിരിച്ചു പിടിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതല്ലേ?. എന്നിട്ട് കേരളത്തിലെ നിര്‍ധനരായ 63,229 കിടപ്പുരോഗികള്‍ക്ക് ഈ തുക വിതരണം ചെയ്യണ്ടതല്ലേ?

13. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ പതിനഞ്ച് പേജ് റിപ്പോര്‍ട്ടാണ് ഡിവൈഎഫ്‌ഐ ആദ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ അങ്ങനെയൊരു റിപ്പോര്‍ട്ടിനെക്കുറിച്ചു അറിയുകയേ ഇല്ല എന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഒപ്പിട്ടു തന്ന വിവരാവകാശ രേഖ കാണിക്കുന്നത്. അതില്‍നിന്നും പല പട്ടികകളും പട്ടികയിലെ കോളങ്ങളും ഒഴിവാക്കിയത് എന്തിനുവേണ്ടി?

സുപ്രിംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ എല്ലാത്തരം ‘എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കും’ അഞ്ചുലക്ഷം രൂപ വീതം കൊടുത്തുകഴിഞ്ഞു. ഇനിയെങ്കിലും വൈകാരികമായി ചിന്തിക്കാതെ വസ്തുതാപരമായി, തെളിവധിഷ്ഠിതമായി ചിന്തിച്ച് സത്യം ഉറക്കെ വിളിച്ചു പറയുക. എപ്പോഴെങ്കിലും നടക്കുന്ന നരബലികള്‍ മാത്രമല്ല ഇതുമാതിരിയുള്ള കള്ളകഥകളിലുമുള്ള വിശ്വാസവും സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് തിരിച്ചറിയണം. പ്രതികരിക്കണം. കഥകള്‍ക്കും കഥപറിച്ചലുകാര്‍ക്കുമല്ല  സമൂഹത്തില്‍ മുന്‍ഗണ ലഭിക്കേണ്ടത്. വസ്തുതകള്‍ക്കും, വസ്തുതാധിഷ്ഠിത നിഗമനങ്ങള്‍ക്കുമാണ്.


Leave a Reply

Your email address will not be published. Required fields are marked *