സംരക്ഷണവാദം എന്ന സാമ്പത്തിക അന്ധവിശ്വാസം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


”തൊഴില്‍ നഷ്ടപ്പെടും എന്ന് മുറവിളി കൂട്ടി സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഒരുകാലത്തു കേരളത്തില്‍ ഇടതുപക്ഷം നടത്തിയ ട്രാക്ടര്‍ വിരുദ്ധ സമരവും, കമ്പ്യൂട്ടര്‍ വിരുദ്ധ സമരവും ഓര്‍മ്മയുണ്ടാവുമല്ലോ. യഥാര്‍ത്ഥത്തില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് മനസ്സിലാവാന്‍ ദീര്‍ഘവീക്ഷണം വേണം”- രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

‘The philosophy of protectionism is a philosophy of war.’ – Ludwig von Mises

സംരക്ഷണവാദം സ്വതന്ത്രവിപണിക്ക് വിരുദ്ധം

അടുത്ത മാസം നടക്കാന്‍ പോകുന്ന കര്‍ണാടകയിലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ ‘അമുല്‍’ പാല്‍ ഉല്‍പ്പന്നങ്ങള്‍ കര്‍ണാടകയില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാക്കളും കന്നഡ അനുകൂല ഗ്രൂപ്പുകളും അമുല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെ എം എഫ്) ‘നന്ദിനി’ പാല്‍ ബ്രാന്‍ഡിന് ഭീഷണി ആണ് അമുല്‍ എന്നതാണ് പ്രതിപക്ഷ കക്ഷികളുടെ വാദം. 24 ലക്ഷത്തിലധികം കര്‍ഷകര്‍ കെഎംഎഫില്‍ അംഗങ്ങളാണ്, അതില്‍ 10 ലക്ഷം ക്ഷീരകര്‍ഷകര്‍ ദിവസവും പാല്‍ വിതരണം ചെയ്യുന്നു. കെഎംഎഫിന്റെ നന്ദിനി മില്‍ക്ക് കര്‍ണാടകയിലുടനീളമുള്ള 28,000-ലധികം ഗ്രാമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ 15,000-ലധികം ക്ഷീര സഹകരണ സംഘങ്ങളുണ്ട്. ഏതാണ്ട്, 40-50 ലക്ഷത്തിലധികം വോട്ടര്‍മാര്‍ ഈ പ്രക്രിയയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

അത് കൊണ്ട് തന്നെ ഒരു ഭീതിവ്യാപാരം നടത്തി, അമുലും നന്ദിനിയും ലയിക്കുമെന്ന് പറഞ്ഞ് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയാണോ എന്ന് താന്‍ സംശയിക്കുന്നതായി കെഎംഎഫ് ചെയര്‍മാന്‍ ബാലചന്ദ്ര ജാര്‍ക്കി ഹോളി പറയുന്നു. വിരോധാഭാസം എന്തെന്നാല്‍, അമുലിന്റെ മത്സരത്തിന് എതിരെ പ്രക്ഷോഭം നയിക്കുന്ന കന്നഡക്കാര്‍, അവരുടെ ഉല്‍പ്പന്നം കേരളത്തില്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ല. കേരളത്തില്‍ നന്ദിനി പാല്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നതിനെതിരെ ‘മില്‍മ’ രംഗത്ത് വന്നു. കേരളത്തിന്റെ സ്വന്തം പ്രാദേശിക ബ്രാന്‍ഡായ മില്‍മയുടെ ചെയര്‍മാന്‍ കെ.എസ്.മണി കെഎംഎഫിന്റെ ഈ നീക്കം അസാന്മാര്‍ഗികം ആണെന്ന് പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ എല്ലാവര്‍ക്കും സ്വന്തം തട്ടകത്തില്‍ മത്സരത്തിനിന്ന് സംരക്ഷണം വേണം!

ഇതും ഒരു സാമ്പത്തിക അന്ധവിശ്വാസം

കമ്പനികള്‍ തമ്മില്‍ ഉള്ള മത്സരം ഒരേ ഗ്രേഡില്‍ ഉള്ള ഉല്‍പ്പന്നത്തിന്റെ വില കുറയ്ക്കും, ഗുണമേന്മ കൂട്ടും. സംരക്ഷണ വാദം കൊണ്ട് ഉപഭോക്താവിന് കിട്ടേണ്ട ലാഭം ആണ് ഇല്ലാതാവുന്നത്. പ്രൊട്ടക്ഷനിസവും താരിഫുകളും എല്ലായ്പ്പോഴും ഉല്‍പ്പാദകര്‍ക്കുള്ള താല്‍ക്കാലിക നേട്ടത്തേക്കാള്‍ വളരെ കൂടുതലാണ് ഉപഭോക്താക്കള്‍ക്ക് ചെലവ് സൃഷ്ടിക്കുന്നത്. എന്നാല്‍ സമൃദ്ധി നശിപ്പിക്കുന്ന, സാമ്പത്തിക ആത്മഹത്യയുടെ രൂപമായ സംരക്ഷണവാദം, വളരെ ഗൗരവമായി എടുക്കപ്പെടുകയും രാഷ്ട്രീയക്കാര്‍ വോട്ടുകള്‍ക്ക് വേണ്ടി കാര്യമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സംരക്ഷണവാദം എന്തു കൊണ്ട് ഒരു സാമ്പത്തിക അന്ധവിശ്വാസമാണെന്നും അത് ജനകീയമാകുന്നത് എന്തു കൊണ്ടാണെന്നുമുള്ള ചില കാരണങ്ങള്‍ പരിശോധിക്കാം.

ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ട്ടം ആണെന്ന (zero-sum game) സാമ്പത്തിക അന്ധവിശ്വാസം ആണ് സംരക്ഷണവാദത്തിന് ഒരു പ്രധാന കാരണം. രണ്ടു ടീമുകള്‍ തമ്മില്‍ കളിക്കുമ്പോള്‍ ഒരാള്‍ ജയിക്കുകയും മറ്റെയാള്‍ തോല്‍ക്കുകയും ചെയ്യുന്നത് പോലെ. യുദ്ധങ്ങള്‍ negative-sum game ആണ്, എന്തെന്നാല്‍ അതിനൊടുക്കം അതില്‍ പങ്കെടുത്തവര്‍ക്കെല്ലാം നഷ്ട്ടങ്ങള്‍ മാത്രമേ ഉണ്ടാവൂ. പക്ഷെ കച്ചവടം എന്ന് പറഞ്ഞാല്‍ ഒരു positive-sum game ആണ്.

എണ്ണത്തില്‍ കുറവ് വരുന്നതും സംഘടിതരുമായ നിര്‍മ്മാതാക്കള്‍ക്ക് സംരക്ഷണവാദത്തിന്റെ പ്രയോജനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണ്. പക്ഷേ സംരക്ഷണവാദം കൊണ്ട് എണ്ണത്തില്‍ കൂടുതലും, അസംഘടിതരും, വളരെ പരന്ന് കിടക്കുന്നതുമായ ഉപഭോക്താക്കള്‍ക്ക് ഉണ്ടാവുന്ന അധികച്ചിലവുകള്‍ കൂടുതലും മറഞ്ഞിരിക്കുന്നതാണ്, അല്ലെങ്കില്‍ അത് പെട്ടന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളതാണ്. അതേ പോലെ സംരക്ഷണവാദം മൂലം സംരക്ഷിക്കപ്പെടുന്ന തൊഴിലുകള്‍ നിരീക്ഷിക്കാവുന്നതും ദൃശ്യവുമാണ്. എന്നാല്‍ സംരക്ഷണവാദം കൊണ്ടുണ്ടായ തൊഴില്‍ നഷ്ടം പെട്ടന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെടും എന്ന് മുറവിളി കൂട്ടി സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഒരുകാലത്തു കേരളത്തില്‍ ഇടതുപക്ഷം നടത്തിയ ട്രാക്ടര്‍ വിരുദ്ധ സമരവും, കമ്പ്യൂട്ടര്‍ വിരുദ്ധ സമരവും ഓര്‍മ്മയുണ്ടാവുമല്ലോ. യഥാര്‍ത്ഥത്തില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് മനസ്സിലാവാന്‍ ദീര്‍ഘവീക്ഷണം വേണം.

പഞ്ചസാര വിപണി ഉദാഹരണം

2014 മുതല്‍, ഇന്ത്യ ഏതാണ്ട് 3,200 ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്തിയിട്ടുണ്ട്, ശരാശരി 5 ശതമാനം വര്‍ധനവ് എന്ന തോതില്‍. ഇത് ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള സംരക്ഷണ നിലപാടിന്റെ സൂചനയാണ്. എണ്ണത്തില്‍ കുറവുള്ള വ്യക്തിഗത ഉല്‍പ്പാദകര്‍ക്ക് സംരക്ഷണവാദത്തിന്റെ പ്രയോജനങ്ങള്‍ ഉടനടി ലഭിക്കുന്നതും വളരെ ഉയര്‍ന്നതുമാണ്. ഉദാഹരണത്തിന് വിദേശ പഞ്ചസാരയുടെ ഇറക്കുമതിക്ക് തീരുവ കൂട്ടിയാല്‍ അതിന് വിപണിയിലെ തദ്ദേശ പഞ്ചസാരയോട് മത്സരിക്കാനാവാതെ ഇറക്കുമതി കുറയും. സ്വാഭാവികമായും മത്സരം ഇല്ലാത്തത് കൊണ്ട് തദ്ദേശ പഞ്ചസാരയുടെ വിലയും കൂടും. സംരക്ഷിക്കപ്പെട്ടത് കൊണ്ട് പഞ്ചസാര ഫാക്ടറിയുടെ വാര്‍ഷിക വരുമാനത്തില്‍ ഉണ്ടാവുന്ന ലക്ഷക്കണക്കിനോ കോടിക്കണക്കിനോഉള്ള അധികലാഭം എളുപ്പം തിട്ടപ്പെടുത്താന്‍ പറ്റുന്നതാണ്. എന്നാല്‍ വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് സംരക്ഷണവാദത്തിന്റെ ഗുണം ഉല്‍പ്പാദകരെ അപേക്ഷിച്ചു കുറവാണ്.

ഉദാഹരണത്തിന് പഞ്ചസാരക്ക് മത്സരമില്ലാത്തതിനാല്‍ ഒരു വ്യക്തി കൊടുക്കേണ്ടിവരുന്ന അധികവില പ്രതിവര്‍ഷം ഏതാനും ആയിരം രൂപ ആയിരിക്കും. എന്നാല്‍ വ്യക്തിഗത ഉപഭോക്താക്കളെ ഒരൊറ്റ യൂണിറ്റ് ആയി പരിഗണിച്ചാല്‍ മത്സരം ഉണ്ടായിരുന്നെങ്കില്‍ അവര്‍ ചിലവഴിച്ചേക്കാമായിരുന്ന വിലയേക്കാള്‍ വലിയ വില ഈ ഉല്‍പ്പന്നം വാങ്ങിയതിലൂടെ അവര്‍ ചിലവഴിച്ചിട്ടുണ്ടാവും. മാത്രവുമല്ല സംരക്ഷിക്കപ്പെടുന്നതിന് മുമ്പ് ഒരു നിത്യോപയോഗ ഉല്‍പ്പന്നം വാങ്ങാന്‍ ഉപഭോക്താവ് ഒരു വര്‍ഷം ചിലവഴിച്ച തുകയും, സംരക്ഷിക്കപ്പെടുന്നതിന് ശേഷം ആ ഉല്‍പ്പന്നം വാങ്ങാന്‍ ഉപഭോക്താവ് ഒരു വര്‍ഷം ചിലവഴിച്ച അധിക തുകയും, ഉപഭോക്താക്കള്‍ പൊതുവെ ഓര്‍ത്തിരിക്കാറില്ല, അഥവാ അത്രയും ദൂരക്കാഴ്ച്ച പൊതുവെ മനുഷ്യര്‍ക്ക് ഉണ്ടാവാറില്ല.

നഷ്ടം ഉപഭോക്താവിന്

ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിന് ഒപ്പം തന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ട ഉല്‍പ്പന്നം തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം കൂടെ ആണ് പ്രൊട്ടക്ഷനിസം കൊണ്ട് ഇല്ലാതെ ആകുന്നത്. രാഷ്ട്രീയ പ്രേരിതമായി സംരക്ഷിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ മാത്രം വാങ്ങുവാന്‍ അവര്‍ നിര്‍ബന്ധിതരായി മാറുന്നു. കൂടാതെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഭൂരിഭാഗം കര്‍ഷകര്‍ക്കും രാഷ്ട്രീയ സ്വാധീനം ഉള്ള യൂണിയനുകളുടെ കീഴെ തന്നെ നിന്നാല്‍ മാത്രമേ രക്ഷപ്പെടാന്‍ കഴിയൂ എന്ന അവസ്ഥ ഉണ്ടാവുന്നു. അത് വഴി യൂണിയന്‍ നേതാക്കള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും തങ്ങളുടെ ഇഷ്ടക്കര്‍ക്ക് വേണ്ടി മത്സരം ഇല്ലാതെ ആക്കി കൊണ്ട് സ്വജനപക്ഷപാതിത്വം നടത്താന്‍ അവസരം ഉണ്ടാവുന്നു.

സംരക്ഷണവാദത്തിന് വേണ്ടി പ്രക്ഷോഭങ്ങള്‍ നയിക്കുമ്പോള്‍, വോട്ടുകള്‍, രാഷ്ട്രീയ പിന്തുണ, സംരക്ഷിത ആഭ്യന്തര സ്ഥാപനങ്ങളില്‍ നിന്ന് വ്യവസായങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക സംഭാവനകള്‍ എന്നിവയുടെ രൂപത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് വലിയ പ്രതിഫലമുണ്ട്. അതേ സമയം സ്വതന്ത്ര വിപണിക്ക് വേണ്ടി സംസാരിച്ചാല്‍ മേല്‍പ്പറഞ്ഞ പ്രതിഫലം രാഷ്ട്രീയക്കാര്‍ക്ക് നഷ്ടമാകും.

കയറ്റുമതി കൂട്ടണമെന്നും, ഇറക്കുമതികള്‍ കുറയ്ക്കണം എന്നുമുള്ള തെറ്റായ സാമ്പത്തിക അന്ധവിശ്വാസത്തിന് പുറമെ, എല്ലാ ആഭ്യന്തര ഉപഭോഗത്തിന് വേണ്ടുന്ന എല്ലാ ഉല്‍പ്പന്നങ്ങളും സ്വന്തം രാജ്യത്തു നിര്‍മ്മിക്കണം എന്നുള്ള ദേശീയതാ ബോധവും കൂടി ചേരുന്നത് മാരകമായ ഒരു കോമ്പിനേഷന്‍ ആണ്. രാജ്യങ്ങള്‍ തമ്മിലും സ്വതന്ത്ര വിപണി മുന്നോട്ട് കൊണ്ട് പോകുന്നതിന് സുതാര്യത ആവശ്യമാണ്. ഒരു രാജ്യത്തിന് മാത്രമായി സ്വതന്ത്ര വിപണി നയം സ്വീകരിക്കാന്‍ സാധിക്കില്ല. കാരണം അത്തരത്തില്‍ സ്വതന്ത്ര വിപണിയുള്ള രാജ്യങ്ങളിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇറക്കുമതി ചെയ്യുകയും എന്നാല്‍ തനതായ ബ്രാന്‍ഡുകള്‍ക്ക് സംരക്ഷണവാദം നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ പോയി ഇതേ നേട്ടം ഉണ്ടാക്കാന്‍ കഴിയാതെയും വരുന്നു. അമേരിക്ക നടത്തുന്നതു പോലെയുള്ള സാമ്പത്തിക ഉപരോധങ്ങള്‍ സ്വതന്ത്ര വിപണിയുടെ എല്ലാ സാധ്യതകളെയും തകര്‍ക്കുന്നു.

ഒരു ദക്ഷിണ കൊറിയന്‍ അനുഭവം

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക് ‘വിവേചനരഹിതമായി’ ഇറക്കുമതി ചെയ്യുന്നതിനാല്‍, ജപ്പാനും ദക്ഷിണ കൊറിയയുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎ) ഇന്ത്യയ്ക്ക് കോടിക്കണക്കിന് നഷ്ടമുണ്ടാക്കിയെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറയുന്നു. അതായത് ദക്ഷിണ കൊറിയയ്ക്ക് ഇന്ത്യന്‍ വിപണിയും ഇന്ത്യന്‍ കമ്പനികള്‍ക്ക് ദക്ഷിണ കൊറിയയുടെ വിപണിയും തുറന്നു കൊടുത്തിട്ടുണ്ട്. പക്ഷേ കൊറിയക്കാരുടെ കടുത്ത ദേശീയ ബോധം അവരെ വിദേശ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ കയറ്റുമതികളായ സ്റ്റീല്‍, അലുമിനിയം പോലെയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് വാങ്ങാതെ കൂടുതല്‍ പണം കൊടുത്ത് കൊറിയന്‍ കമ്പനികളില്‍ നിന്ന് തന്നെ അവര്‍ വാങ്ങുന്നു. നഷ്ടം സഹിച്ചിട്ടായാലും അവരുടെ ദേശീയതാബോധത്തിന് വലിയ സംതൃപ്തി കിട്ടുന്നു. അതേ സമയം കൊറിയന്‍ കാറുകള്‍ ആയ ഹുണ്ടായി, കിയ ഒക്കെ ഇന്ത്യയില്‍ വലിയ നേട്ടം കൊയ്യുന്നു. അതു കൊണ്ടു തന്നെ വിവിധ രാജ്യങ്ങളില്‍ വിവിധ താല്‍പര്യങ്ങള്‍ ഉള്ള സര്‍ക്കാരുകളും സാമ്പത്തിക നയങ്ങളും നിലവിലിരിക്കെ പൂര്‍ണമായ സ്വതന്ത്ര വിപണി അസാധ്യമാണ്. ഈ വിഷയത്തില്‍ വിശാലമായ ഒരു കാഴ്ച്ചപ്പാട് രാഷ്ട്രീയ നേതൃത്ത്വങ്ങള്‍ക്ക് ആവശ്യമാണ്.

”The first lesson of economics is scarcity: There is never enough of anything to satisfy all those who want it. The first lesson of politics is to disregard the first lesson of economics.’ – Thomas Sowell

സംരക്ഷണവാദം എന്ന വിഷയത്തെ തോമസ് സോവലിന്റെ വീക്ഷണത്തിലൂടെ വ്യാഖ്യാനിക്കുകയാണെങ്കില്‍, സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യ പാഠം സ്വതന്ത്ര വ്യാപാരം നമ്മെ മികച്ചതാക്കുകയും സംരക്ഷണവാദം നമ്മെ കൂടുതല്‍ മോശമാക്കുകയും ചെയ്യുന്നു എന്നതാണ്. രാഷ്ട്രീയത്തിന്റെ ആദ്യ പാഠം എന്തെന്നാല്‍ സാമ്പത്തിക ശാസ്ത്രത്തിന്റെ ആദ്യ പാഠം അവഗണിക്കുകയും, ദീര്‍ഘവീക്ഷണമില്ലാത്ത നിയമസമാജികരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കൊണ്ട് സംരക്ഷണവാദ വ്യാപാര നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുക എന്നതാണ്.


Leave a Reply

Your email address will not be published. Required fields are marked *