“കണ്മുന്നിലില്ലാത്ത ഒരു ശരീരത്തിനുള്ളിലെ മനസ്സിനെയും, അതിന്റെ ആഗ്രഹങ്ങളെയും, ലക്ഷ്യങ്ങളേയും കുറിച്ചൊക്കെ സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ് വെയറിന് ശരീരം തന്നെയില്ലാത്ത ഒരു മനസ്സും സങ്കല്പ്പിക്കാൻ പ്രയാസമില്ല. അവിടെനിന്നു ഒരടി കൂടി വച്ചാൽ ശരീരമില്ലാത്ത, സർവ്വജ്ഞാനിയായ ദൈവത്തിലെത്തും.”
തിയറി ഓഫ് മൈന്‍ഡ്
വസ്തുക്കളെ മനസ്സിലാക്കാൻ നമ്മുടെ തലച്ചോറ് വ്യത്യസ്ഥമായ രണ്ടു അവബോധ പദ്ധതികൾ (cognitive systems) ഉപയോഗപ്പെടുത്തുന്നുണ്ട്. ജീവനുള്ള വസ്തുക്കളെ സംബന്ധിക്കുന്ന ഒന്നും (folk biology and folk psychology), അചേദന വസ്തുക്കളെ സംബന്ധിക്കുന്ന മറ്റൊന്നും (folk physics). അഞ്ചു മാസം പ്രായമുള്ള ശിശുക്കൾക്കു പോലും ഒരു അചേദന വസ്തുവും, സചേദന വസ്തുവും തമ്മിലുള്ള വ്യത്യാസമറിയാം. ഉദാഹരണത്തിന് ഒരു അചേദന വസ്തു സ്വയം ചലിക്കുന്നതു കാണുമ്പോൾ അത്ഭുതം പ്രകടിപ്പിക്കുന്ന കുഞ്ഞ് ജീവനുള്ള ഒരു വസ്തു സ്വയം ചലിക്കുന്നതിൽ ഒരു അത്ഭുതവും കാണില്ല. അചേദനവസ്തുക്കൾ ചലിക്കുന്നത് ബാഹ്യമായ കാരണങ്ങൾ കൊണ്ടാണെങ്കിൽ ജീവനുള്ള വസ്തുക്കൾ അങ്ങനെയല്ല. അതായത് താനടക്കമുള്ള ജീവനുള്ള വസ്തുക്കൾക്ക് ‘മനസ്സ്’ അഥവാ അന്തഃകരണം എന്നൊരു സംഭവം കൂടുതലായുണ്ട് എന്ന് ശിശുക്കൾ പോലും മനസ്സിലാക്കുന്നുണ്ട്.
മറ്റുള്ളവരുടെ ഈ മനസ്സ് തന്നിൽ നിന്നും വ്യത്യസ്തമായിരിക്കും. മറ്റു സാധനങ്ങളേപ്പോലെയല്ല, സ്വന്തമായി മനസ്സുള്ള വസ്തുക്കൾ പ്രവര്‍ത്തിക്കുന്നത്. ലോകത്തെക്കുറിച്ച് അവർക്കുള്ള ചില ധാരണകളുടെ അടിസ്ഥാനത്തിലാണ് എന്നും ശിശുക്കൾ മനസ്സിലാക്കുന്നുണ്ട്. സചേദന വസ്തുക്കളുടെ ചലന കാരണം അവരുടെ ഉള്ളിലായിരിക്കും. അത് മറ്റുള്ളവർക്ക് മനസ്സിലാക്കാന്‍ എളുപ്പമല്ല. ഇതാണ് തിയറി ഓഫ് മൈന്‍ഡ് (Theory of mind – ToM). അന്തഃകരണ ബോധം എന്ന് വേണമെങ്കിൽ മലയാളത്തിൽ പറയാം. ഭൌതിക ലോകത്തെ മനസ്സിലാക്കുന്നതും, ആളുകളുടെ മനസ്സ് മനസ്സിലാക്കുന്നതുമായ രണ്ടു അവബോധ പദ്ധതികളും (cognitive systems) ഏറെക്കുറെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.
അപ്പോൾ എന്തുകൊണ്ട് തിയറി ഓഫ് മൈന്‍ഡ് (‘ToM’)?
ലഘുവായ ഉത്തരം മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്നതാണ്. ഒരു സമൂഹ്യജീവിക്ക് അവശ്യം വേണ്ട ഒരു ധാരണയാണ് മറ്റുള്ളവർക്കും തന്നെപ്പോലെത്തന്നെ ആഗ്രഹങ്ങളും, ആവശ്യങ്ങളും ഉണ്ടെന്നും, അവയ്ക്കനുസരിച്ചാണ് അവരുടെ പ്രവര്‍ത്തനം എന്നും. നല്ലൊരു ചെസ്സ് കളിക്കാരനെപോലെ അപരന്റെ മനസ്സ് വായിക്കാനുള്ള കഴിവും, അതേ പോലെ തന്റെ മനസ്സും, അപരന്‍ വായിക്കുന്നുണ്ടെന്നും, അതിനനുസരിച്ച് അയാള്‍ പെരുമാറുമെന്നും, അത് താൻ മനസ്സിലാക്കുമെന്ന് അയാൾ മനസ്സിലാക്കുമെന്ന് തനിക്ക് മനസ്സിലാകുമെന്ന് അയാൾക്ക് മനസ്സിലാകുമെന്ന് തനിക്ക് മനസ്സിലാകുമെന്ന് ….. ചുരുക്കിപ്പറഞ്ഞാൽ ഇതാണ് തിയറി ഓഫ് മൈന്‍ഡ്.
അപരന്‍ മനസ്സിൽ കാണുന്നത് മാനത്ത് കാണാനുള്ള കഴിവ്. ഇതിനെ ‘നാടൻ മനോജ്ഞാനം’ അഥവാ folk psychology എന്നാണ് Scott Atran വിളിക്കുന്നത്. ‘ToM’എന്നത് സാമൂഹ്യ വഴികാട്ടിയായോ ഒരു അതിജീവനപദ്ധതിയായോ (social navigation and survival tool) പരിണമിച്ചുണ്ടായതായിരിക്കാം. ചലനശേഷിയുള്ള ഏതു ജീവിക്കും വളരെ പ്രാഥമികമായ അവസ്ഥയിലുള്ളതെങ്കിലും ഒരു മനസ്സ് (‘ToM’) ആവശ്യമാണ്. അപകടങ്ങളിൽ നിന്നു രക്ഷപ്പെടാനും, ഭക്ഷണം തേടാനും, മിത്രങ്ങളെയും, ഇണകളെയും കണ്ടെത്താനും ഈ കഴിവ് കൂടിയേ തീരൂ.
ഡാനിയൽ ഡെന്നറ്റിന്റെ Intentional stance ഇതിനോട് സമാനമായ ആശയമാണ്. ‘Intention’ എന്നാല്‍ ആഗ്രഹം, വിശ്വാസം, ഊഹം, അനുമാനം എന്നൊക്കെയാണ് അര്‍ത്ഥം. സ്വന്തം മനസ്സ് മനസ്സിലാക്കാനുള്ള കഴിവ് ‘first order of intentionality’ എന്ന് പറയും. (ഉദാഹരണം:”ഞാന്‍ ഇന്നിന്ന കാര്യങ്ങൾ വിശ്വസിക്കുന്നു/കരുതുന്നു.” മറ്റൊരാളുടെ മനസ്സറിയുന്നത് ‘second order of intentionality’ യാണ്. (ഉദാഹരണം: ”നിങ്ങള്‍ ഇപ്രകാരം കരുതുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.”) ഇനി ‘third order of intentionality’ ആണെങ്കിൽ ‘ഒരാൾ ഇപ്രകാരം വിശ്വസിക്കുന്നുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു’ എന്ന രീതിയിൽ. ഇതങ്ങനെ ഒരു അഞ്ചോ, ആറോ സ്റെപ്പുകളെങ്കിലുമായി വികസിക്കും.അതിൽ കൂടുതൽ മനസ്സിലാക്കാൻ നമുക്ക് സാധാരണ നിലയിൽ കോഗ്നിറ്റീവ് കപ്പാസിറ്റി കാണില്ല. ചിമ്പാന്‍സികള്‍ക്കു പോലും ‘first order of intentionality’ ക്കപ്പുറം മനസ്സിലാകില്ല എന്നാണ് കാണുന്നത്. നിലവില്‍ മനുഷ്യൻ മാത്രമെ ‘second order of intentionality’ കടന്നതിനു പൂര്‍ണമായും തെളിവുകളുള്ളൂ.
സ്വന്തം മനസ്സിലുള്ളതും, മറ്റൊരാളുടെ മനസ്സിലുള്ളതും വ്യത്യസ്തമായിരിക്കാം എന്ന് മനസ്സിലാക്കുന്നതാണ് ഈ Intentional stance എന്ന തിയറി ഓഫ് മൈന്‍ഡ്. നാലു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഈ ധാരണയില്ല. തനിക്കറിയുന്നത് മറ്റുള്ളവർക്കും അറിയാം. ’തെറ്റായ വിശ്വാസം’ എന്നൊരു ആശയം കുട്ടികൾക്കില്ല.
കുട്ടികളുടെ തിയറി ഓഫ് മൈന്‍ഡ് ടെസ്റ്റു ചെയ്യുന്ന സാലി-അന്ന ടെസ്റ്റിനെക്കുറിച്ചുകൂടി പറയാം. സാലി എന്നും അന്ന എന്നും പേരുള്ള രണ്ടു പാവകളുടെ ഒരു പപ്പറ്റ് ഷോ കുട്ടിക്ക് പരിചയപ്പെടുത്തുന്നു. ആദ്യം സാലി ഒരു പന്ത് ഒരു കുട്ടയില്‍ ഒളിച്ചു വച്ച ശേഷം രംഗം വിടുന്നു. പുറകെ വരുന്ന അന്ന ആ പന്തെടുത്ത് മറ്റൊരു സ്ഥലത്ത് ഒളിപ്പിക്കുന്നു. ഇനി സാലി തിരിച്ചു വന്നാല്‍ എവിടെയായിരിക്കും പന്ത് തെരയുക എന്നാതാണ് കുട്ടിയോടുള്ള ചോദ്യം. പന്ത് സ്ഥലം മാറിയത് കുട്ടിക്കറിയാം. എന്നാല്‍ സാലിക്കതറിയില്ല എന്ന് മനസ്സിലാക്കി വേണം ഉത്തരം പറയാന്‍. ശരിയായ ഉത്തരം പറയണമെങ്കില്‍ തന്റെ മനസ്സിലുള്ളതും, സാലിയുടെ മനസ്സിലുള്ളതും വ്യത്യസ്തമാണ് എന്ന ബോധമുണ്ടാകണം. സാലിയുടെ ഭാഗത്തുനിന്ന് ആലോചിക്കണം. നാലു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് തന്റെ മനസ്സും, വേറൊരാളുടെ മനസ്സും വ്യത്യസ്തമാണെന്നറിയില്ല. ആ പ്രായത്തില്‍ കുട്ടിക്ക് എല്ലാവരും സര്‍വ്വജ്ഞരാണ് (omnipotent). അന്ന പന്ത് ഒളിപ്പിച്ച സ്ഥലത്തായിരിക്കും സാലി പന്ത് അന്വേഷിക്കുക, അല്ലാതെ സാലി ആദ്യം പന്ത് വച്ച സ്ഥലത്തല്ല എന്ന് കുട്ടികൾ പറയും. (ഒരു സിനിമയില്‍ കൊച്ചിൻ ഹനീഫയുടെ കഥാപാത്രം ജഗദീഷിന്റെ മണ്ടൻ കഥാപാത്രത്തോട് താക്കോൽ ഒളിപ്പിക്കാന്‍ ആവശ്യപ്പെടുന്നതും ഒളിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അതെവിടെയാണെന്നു തനിക്കറിയില്ലെന്നും മറ്റും പറയുന്ന ഒരു കോമഡി സീനുണ്ട്. ഈ തിയറി ഓഫ് മൈന്‍ഡ് ഇല്ലാത്തവന്റെ അവസ്ഥ അതു തന്നെയാണ്. നമുക്ക് ആ കോമഡി മനസ്സിലാകുന്നത് നമുക്ക് ഒരു തിയറി ഓഫ് മൈന്‍ഡ് ഉള്ളതു കൊണ്ടും.)
കഥകൾ പറയാനും ആസ്വദിക്കാനുമുള്ള നമ്മുടെ കഴിവ് ഈ തിയറി ഓഫ് മൈന്‍ഡ് ഉള്ളതു കൊണ്ടാണ്. (മതം ഇങ്ങനെയുള്ള കഥ പറച്ചിലിന്റെ ഒരു എക്സ്റ്റന്‍ഷനായി ഉണ്ടായതാകാം എന്നൊരു അഭിപ്രായം ആന്ത്രോപ്പോളജിസ്റ്റുകളുടെ ഇടയിലുണ്ട്.) നിങ്ങൾക്ക് ഒഥല്ലോ മനസ്സിലാകണമെങ്കിൽ ഡെസ്ഡിമോണ മറ്റൊരാളെ സ്നേഹിക്കുന്നു(1) എന്ന് ഒഥല്ലോ വിശ്വസിക്കണം (2)എന്ന് ഇയാഗോ ആഗ്രഹിക്കുന്നുണ്ട്(3) എന്ന് നിങ്ങൾ മനസ്സിലാക്കണം (4). ഇപ്പോൾ തന്നെ ‘fourth order of intentionality’ യായി. പരസ്പരം തെറ്റിപ്പോകാതെ ഓരോരുത്തരുടെയും മനസ്സ് വായിച്ചാലെ കഥ പിടികിട്ടൂ. കഥയെഴുതുന്ന ഷേയ്ക്ക്സ്പിയർ ഈ നാലെണ്ണവും കൂടാതെ വായനക്കാരന്റെ മനസ്സ് കൂടി ഈ ഇക്വേഷനില്‍ ചേര്‍ക്കണം. അപ്പോള്‍ അഞ്ചാമത്തെ തലമുറ ഉദ്ദേശവുമായി-fifth order of intentionality.
എന്തെങ്കിലും സങ്കൽപ്പിക്കാനുള്ള നമ്മുടെ കഴിവും ഈ തിയറി ഓഫ് മൈന്‍ഡ് ഉള്ളതു കൊണ്ടാണ്. നടന്നു കഴിഞ്ഞ ഒരു സംഭവത്തെക്കുറിച്ചു പോലും, ‘ഇങ്ങനെ ആയിരുന്നെങ്കിൽ?’, ‘അങ്ങനെ ചെയ്തിരുന്നെങ്കിൽ?’ എന്ന രീതിയില്‍ ചിന്തിക്കാനും, ഭാവിയില്‍ അതനുസരിച്ചു പെരുമാറ്റത്തെ ക്രമീകരിക്കാനും സഹായിക്കും ഈ പ്രോഗ്രാം. Counter factual thinking എന്ന് മനഃശാസ്ത്രജ്ഞന്‍മാര്‍ പറയും. പല പല സാങ്കല്പിക സാഹചര്യങ്ങളിൽ ഒരു അപരന്‍ എങ്ങിനെ പെരുമാറും? അഥവാ അപരൻ എന്നെക്കുറിച്ച് ഇങ്ങനെ ആലോചിച്ചാല്‍ അയാൾ എന്ത് നിഗമനത്തിലണ് എത്തുക? ‘Walk in their shoes’ എന്നും പറയാം. തന്മയീഭാവശക്തി (empathy) എന്നുപറയുന്നതും ഇത് തന്നെ.
പക്ഷേ ഇവിടെ ഈ ആലോചിക്കുന്ന, അല്ലെങ്കിൽ ആലോചിക്കപ്പടുന്ന ഈ ‘ഞാൻ’ ആരാണ്? തീര്‍ച്ചയായും അത് ഈ ശരീരമല്ല. ഒരു ശരീരം എങ്ങിനെ മറ്റൊരു ശരീരത്തിനുള്ളില്‍ സങ്കല്‍പ്പിക്കും? മറ്റൊരാളുടെ ശരീരത്തിനുള്ളില്‍ ഞാനാണെങ്കിൽ എന്ത് ചെയ്യും എന്ന് ആലോചിക്കണമെങ്കിൽ ശരീരമല്ലാത്ത എന്തോ ആയിരിക്കണം ശരിക്കുള്ള ഞാൻ. അതാണ് മനസ്സ്. നേരത്തെ കണ്ടപോലെ ജൈവ വസ്തുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതായി നാം മനസ്സിലാക്കുന്ന, അവരുടെ ഉള്ളിലുള്ള നമുക്കു കാണാനാകാത്ത ആ സാധനം.
ശരീരമില്ലാതെ തന്നെ നിലനില്‍ക്കുന്ന ആത്മാവ് അഥവാ മരണാനന്തരവും നിലനില്‍ക്കുന്ന ജീവൻ എന്ന സങ്കല്‍പ്പം തലച്ചോറിന്റെ സ്വാഭാവികമായ പ്രവര്‍ത്തനമായിരിക്കാമെന്നാണ് നാലു മുതല്‍ പന്ത്രണ്ടു വയസ്സു വരെയുള്ള കുട്ടികളില്‍ നടത്തിയ പഠനങ്ങൾ കാണിക്കുന്നത്.(ഒരു മുതല ഒരു മുയലിനെ ശാപ്പിടുന്ന ഒരു കഥ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. മതങ്ങൾ നല്‍കുന്ന മരണാനന്തര ജീവിതത്തേക്കുറിച്ചുള്ള ആശയങ്ങൾ അറിഞ്ഞുകൂടാത്ത കുട്ടികൾക്ക് പോലും ജൈവീകമായ ശരീര നാശത്തേക്കുറിച്ച് ധാരണയുണ്ടെങ്കിലും, മുതലയുടെ വയറ്റിൽപ്പെട്ട് ചത്തുപോയ മുയലിന്റെ മനസ്സ് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ടായിരിക്കും എന്ന സങ്കല്‍പ്പമാണുള്ളത്.(Jesse Bering and David Bjorklund) കുട്ടികൾ പോലും പരപ്രേരണയില്ലതെ ത്തന്നെ ആത്മാവ് പോലുള്ള കാര്യങ്ങളിൽ വിശ്വസിക്കുന്നുണ്ട് എന്നര്‍ത്ഥം. നമ്മുടെ തലച്ചോറിലെ സോഫ്റ്റ് വെയറിന്റെ പ്രത്യേകത മൂലം നമുക്ക് സ്വയം ഇല്ലാത്ത അവസ്ഥ സങ്കൽപ്പിക്കാനാകില്ല. Bering ഇതിനെ വിളിക്കുന്നത് ‘simulation constraint hypothesis’ എന്നാണ്.
ഒരു വ്യക്തി എന്നാൽ അയാളുടെ ശരീരം മാത്രമല്ലാത്തതു കൊണ്ട് അയാളെക്കുറിച്ചലോചിക്കാൻ അയാള്‍ നമ്മുടെ കണ്‍മുന്നില്‍ ഉണ്ടാവേണ്ട കാര്യമില്ല. ഭൌതികമായ ശരീരവും, കാണാൻ കഴിയാത്ത ഒരു മനസ്സും, രണ്ടും സ്വതന്ത്രമായി നിലനില്‍ക്കുന്നുണ്ട് എന്ന ബോധ്യം നമുക്ക് ജന്മസിദ്ധമാണ്, അഥവാ ഈ ദ്വൈതഭാവം മനുഷ്യന് സ്വാഭാവികമാണെന്നാണ് Paul Bloom അഭിപ്രയപ്പെടുന്നത്.
എന്റെ വീട്, എന്റെ പണം എന്നൊക്കെ പറയുന്നപോലെതന്നെയാണ് നമ്മൾ ‘എന്റെ ശരീരം’, ‘എന്റെ തല’ എന്നൊക്കെ ഉപയോഗിക്കുന്നത്. അതായത് ‘ഞാൻ’ എന്നത് എന്റെ ഭൌതിക ശരീരത്തിൽ നിന്ന് വ്യത്യസ്തമാണെന്ന ഒരു ബോധ്യം നമുക്കുണ്ടെന്നര്‍ത്ഥം. ബാലനായിരുന്ന ‘ഞാൻ‘ പിന്നീട് വൃദ്ധനായാലും ‘ഞാൻ’ തന്നെയാണ്. മാറ്റം വന്നത് ശരീരത്തിന് മാത്രമണ്. എന്റെ ശരീരത്തിൽ നിന്നു വ്യത്യസ്തമായ ഒന്നാണ് ശരിക്കുള്ള ഞാൻ എന്നത് നമ്മുടെ സ്വാഭാവികമായ ഒരു അനുമാനമാകുന്നു. താൻ ശരിക്കും ആരാണ് എന്നത് മനുഷ്യ വംശത്തിന്റെ മാത്രം അകുലതയാണല്ലോ. ശങ്കരൻ മുതൽ കണിമംഗലത്തെ ആറാം തമ്പുരാൻ വരെ അത് അന്വേഷിച്ചു നടന്നിട്ടുണ്ട്.
ഒരു ശരീരമില്ലാതെയും ഒരു മനസ്സുണ്ടാകാം എന്ന സങ്കൽപ്പം മനുഷ്യന് സ്വാഭാവികമാണ്, നമ്മുടെ ‘ഡിഫോള്‍ട്ട് സെറ്റിംഗ്’ അങ്ങനെയാണ്. ആത്മാവ്, കൂടുവിട്ടു കൂടുമാറൽ, പുനര്‍ജ്ജന്മം തുടങ്ങിയ വിശ്വാസങ്ങള്‍ ഇല്ലാത്ത ഒരു മനുഷ്യ സമൂഹവുമില്ല.
കണ്മുന്നിലില്ലാത്ത ഒരു ശരീരത്തിനുള്ളിലെ മനസ്സിനെയും, അതിന്റെ ആഗ്രഹങ്ങളെയും, ലക്ഷ്യങ്ങളേയും കുറിച്ചൊക്കെ സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ് വെയറിന് ശരീരം തന്നെയില്ലാത്ത ഒരു മനസ്സും സങ്കല്പ്പിക്കാൻ പ്രയാസമില്ല. അവിടെനിന്നു ഒരടി കൂടി വച്ചാൽ ശരീരമില്ലാത്ത, സർവ്വജ്ഞാനിയായ ദൈവത്തിലെത്തും.
ഇപ്പോൾ തലക്ക് മുകളിൽ ഒരു ബള്‍ബ് മിന്നി. ഇല്ലെ?:-) ഈ പ്രകൃത്യാതീത ശക്തികൾക്കൊക്കെ മനുഷ്യത്വമുള്ള (മനുഷ്യന്റെ എല്ലാ കുറ്റവും, കുറവുകളുമുള്ള) രീതികളുണ്ടാകാനുള്ള കാരണം ഇതാണ്. ദൈവത്തെ ശരീരമില്ലാത്ത മറ്റൊരു മനുഷ്യനായാണ് തലച്ചോർ മനസ്സിലാക്കുന്നത്. തിയറി ഓഫ് മൈൻഡ് അതിനെ ഉദ്ദേശിക്കാത്തിടത്ത് പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്നതാണ് ദൈവം.
‘God’ in short is ‘the theory of mind’ applied to a different domain where it does not belong.