യുപിയിലെയും ബീഹാറിലേയും യുവാക്കള്‍ മനുസ്മൃതി കത്തിക്കുയാണ് സഹോ; പി ബി ഹരിദാസന്‍ എഴുതുന്നു


“ഇവിടെ ‘പ്രബുദ്ധ’ മലയാളികള്‍ മനസ്സിലാക്കേണ്ട വേറൊരു കാര്യമുണ്ട്. അവിടെ അങ്ങ് യു പി യിലും ബീഹാറിലും അധഃകൃതന്‍ നിരന്തരം ‘പീഡിപ്പിക്കപ്പെടുന്നു’ ‘ചൂഷണം’ ചെയ്യപ്പെടുന്നവരാണ് എന്ന ഒരു ധാരണ അവര്‍ കൊണ്ടുനടക്കുന്നു. സഹോ, അത് വളയാറിന് പുറത്ത് പോകാത്തവരുടെ പറച്ചിലാണ്. യു പി യിലും ബീഹാറിലേയും യുവാക്കള്‍ മനുസ്മൃതി കത്തിക്കുയാണ് സഹോ, അവര്‍ നിരന്തരം പ്രതിഷേധങ്ങള്‍ നടത്തുകയാണ്. അവിടത്തെ പല പ്രദേശങ്ങളുലും അവര്‍ക്ക് മുന്‍കൈ ഉണ്ട്”- പി ബി ഹരിദാസന്‍ എഴുതുന്നു
പ്രിയാദാസിന്റെ പ്രതിഷേധം

പ്രിയാദാസ് എന്ന പെണ്‍കുട്ടിയുടെ മനുസ്മൃതി കത്തിച്ചുകൊണ്ടുള്ള സിഗരറ്റ് വലിയുടെ വീഡിയോ എല്ലാവരും കണ്ടിരിക്കുമല്ലോ. സോഷ്യല്‍ മീഡിയയില്‍ ബീഹാറിലെ ഈ പെണ്‍കുട്ടിയുടെ വീഡിയോ നിറഞ്ഞു നില്‍ക്കുകയാണ്. അവളുടെ മട്ടും മനോഭാവവും വായിക്കുക. മുഖത്ത് ഭയമില്ല ആശങ്കകളില്ല. കൂട്ടിന് ആരെയും വിളിച്ചിട്ടില്ല. ആ മെലിഞ്ഞ പെണ്‍കുട്ടി അഭ്യസ്ത വിദ്യയാണ്. അവള്‍ ടീച്ചറാകാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്ന കുട്ടിയാണ്. (ബിഹാറിലെ കുട്ടികള്‍ പബ്ലിക് സര്‍വിസുകള്‍ക്ക് വേണ്ടി തയാറെടുക്കുന്നത് അതിവിപുലമായാണ്. മത്സരം കഠിനമാണ്).

ആ മനുസ്മൃതി കത്തിക്കല്‍ ഒരു പ്രഖ്യാപനമാണ്. അതൊരു സൂപ്പര്‍ കോണ്‍ഫിഡന്‍സില്‍ നിന്നാണ് വന്നിരിക്കുന്നത്. ഒരു വെല്ലുവിളിയല്ല. ഒരു ധാര്‍ഷ്ട്യമല്ല, അതൊരു ദൃഢപ്രസ്താവമാണ്. ശാന്തമായൊരു പ്രഖ്യാനമാണ്. We have arrived എന്നൊരു നോട്ടീസ് കൂടിയാണത്. Powers that be we don’t care, എന്നൊരു മനോഭാവം അവളുടെ ആ പെരുമാറ്റത്തില്‍ നിറയെ എഴുതി വെച്ചിട്ടുണ്ട്. ആ പെണ്‍കുട്ടി ഒരു വെജിറ്റേറിയന്‍ ആണെന്നാണ് പറഞ്ഞത്. എന്നാല്‍ അവര്‍ പാകം ചെയ്യുന്നത് കോഴിക്കറിയാണ്. ഒരു ചായ പാത്രവെച്ചും ചെയ്യാമായിരുന്ന പ്രതിഷേധമാണ്. കോഴിക്കറി തീരുമാനത്തില്‍ പോലും ചില ബിംബങ്ങളുടെ തകര്‍ക്കല്‍ അവള്‍ കാണുന്നു. പോരാ അവള്‍ സിഗരറ്റ് കൊളുത്തികൊണ്ടാണ് അത് ചെയ്യുന്നത്. ആ സിഗരറ്റ് വലിയിലൂടെയും അവള്‍ പലതും തകര്‍ക്കുകയാണ്. അവളൊരു പുകവലി ശീലക്കാരിയല്ല. ആ സന്ദര്‍ഭത്തിനു ചെയ്തതാണ് ആ സിഗരറ്റ് പുകക്കല്‍.

ഇതൊക്കെ വരുന്നത്, ശാന്തമായി ചെയ്യുന്നതില്‍, ആത്മവിശ്വാസത്തിന്റെ ധ്വനി അവളില്‍ നിറഞ്ഞു നില്‍ക്കുന്നു. ജാതി വിവേചനം മാത്രമല്ല അവിടെ പ്രതിഷേധിക്കപെട്ടത്. സമൂഹത്തിലെ പല ബിംബങ്ങളെയും ഈ ഒരൊറ്റ പെരുമാറ്റത്തിലൂടെ അവള്‍ തകര്‍ക്കുകയാണ്, പല ചങ്ങലകളെയും അവള്‍ പൊട്ടിക്കുകയാണ്. ഇതിനായി വാങ്ങിവന്ന പുതിയൊരു മനുസ്മൃതി ആണ് കത്തിക്കുന്നത്. ആ പെരുമാറ്റത്തിലെവിടെയും ദേഷ്യമില്ല. ആരെയും കൂട്ടിനു വിളിച്ചിട്ടില്ല. സ്വന്തം വീട്ടില്‍ സ്വയേച്ഛയാല്‍ ഒരു വീഡിയോ എടുത്ത് സമൂഹത്തോട് നടത്തുന്ന ഒരു വന്‍ പ്രഖ്യാപനമാണത്. അതിലൊരു ശക്തിയുണ്ട്. മെലിഞ്ഞ പ്രകൃതക്കാരിയായ അവള്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധത്തിന്റെ ശക്തി.

ബിഹാറിലെയും വടക്കേ ഇന്ത്യയിലെയും അധഃകൃതനെന്ന് വിളിക്കപെടുന്നവന്റെ ശക്തി അവിടെ കാണിക്കപ്പെടുന്നു. ശ്രദ്ധിക്കുക ഇന്നിത്ര ദിവസമായിട്ടും ഒരു സവര്‍ണ പുങ്കവന്മാരും ഇക്കാര്യത്തില്‍ വാ തുറന്നിട്ടില്ല. അവര്‍ ഈ പ്രവര്‍ത്തിയെ തമസ്‌കരിക്കാനേ ശ്രമിക്കൂ. എതിര്‍ക്കാന്‍ ശ്രമിക്കില്ല. അതാണ് ഈ പ്രവര്‍ത്തിയുടെ വിജയവും. കഴിഞ്ഞ തലമുറ അനുഭവിച്ച അപകര്‍ഷതയും അരിശവും അവളുടെ പെരുമാറ്റത്തിലില്ല. ആല്‍മവിശ്വാസത്തോടെ ദൃഢമായ ശാരീരിക ഭാഷയോടെയാണ് അവള്‍ അത് ചെയ്യുന്നത്. അംബേദ്കര്‍ പറഞ്ഞത് പോലെ ഇടക്കിടക്ക് ഇത്തരം പ്രവര്‍ത്തികള്‍ അവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പലരെയും ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു. അവരെ നിശ്ശബ്ദതയിലേക്ക് അയക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഈ പെണ്‍കുട്ടിയുടെ പ്രവൃത്തി പ്രസക്തമാകുന്നത്.

ഇവിടെ ബാബാസാഹിബ് 1927 ഡിസംബര്‍ 25 നു നടത്തിയ, മഹദ് സത്യാഗ്രഹം നടക്കുമ്പോള്‍ നടത്തിയ, മനുസ്മൃതി കത്തിക്കല്‍ സാദൃശ്യപെടുത്തി പറയുന്നത് അധിക പ്രസംഗമാകുമെങ്കിലും, അപ്രസക്തമല്ല. നൂറു വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം ഒരു പ്രവര്‍ത്തി ഒരു ‘സംഭവം’ എന്ന പോലെ, ഒരു പുസ്തകം കത്തിക്കലിനെ, സമൂഹം കാണുന്നു എന്നതാണ് അതിലെ പ്രസക്തി, അല്ലെങ്കില്‍ കുപ്രസക്തി. പുസ്തകം കത്തിച്ചിട്ടാണോടാ സിഗരറ്റ് കത്തിക്കുന്നത് എന്ന് ചോദിക്കുന്നതില്‍ മാത്രം ഒതുങ്ങേണ്ട ഒരു ഫോട്ടോ, ഇവിടത്തെ സമൂഹം എന്തോ സംഭവിച്ചിരിക്കുന്നു എന്നത് പോലെ കാണുമ്പോള്‍ ആ പ്രവര്‍ത്തിയില്‍ അന്തര്‍ലീനമായിരിക്കുന്ന പ്രതിഷേധത്തിന് പ്രസക്തി ഉണ്ടാക്കുന്നു.
നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും അതൊരു പ്രതിഷേധ വിഷയമാകുമ്പോള്‍ ആ സമൂഹത്തിന് അതൊരു ഷെയിം തന്നെയാണ്. ഇവിടെ ബാബാസാഹിബ് മഹദ് സത്യാഗ്രഹവേളയില്‍ നടത്തിയ മനുസ്മൃതി കത്തിക്കലിനെ കുറിച്ച് നടത്തിയ അഭിപ്രായം കാര്യങ്ങളെ കൂടുതല്‍ വിശദമാക്കും. 1938ല്‍ T V Parvate എന്ന ജേര്ണലിസ്റ്റിനോട് ആ സംഭവത്തെ കുറിച്ച് അംബേഡ്കര്‍ പറഞ്ഞു: ”The bonfire of Manusmruthi was quite intentional. It was a very cautious and drastic step, but was taken with a view to forcing the attention of Caste Hindus. At intervals such drastic remedies are a necessity’…( Dhananjay Keer page 106).

ഇടക്കിടക്ക്, ‘അറ്റ് ഇന്റെര്‍വെല്‍സ്’ , ഇത്തരം ‘ഡ്രാസ്റ്റിക് റെമെഡികള്‍’ അത്യാവശ്യമാകുന്നു. നൂറു വര്‍ഷങ്ങള്‍ക്കിപ്പുറവും അത് അത്യാവശ്യമാകുന്നു എന്നതാണ് ഈ പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയിലെ പ്രാധാന്യം. നമ്മുടെ സമൂഹത്തിന്റെ ഷെയിം ഇവിടെയാണ്. ഇന്ത്യ എന്ന നമ്മുടെ രാജ്യം ലോക രാഷ്ട്രങ്ങളുടെ മുന്നണി നേതാ രാഷ്ട്രമായി മുന്നേറികൊണ്ടിരിക്കുമ്പോള്‍, ലോക രാഷ്ട്രങ്ങളെ മുന്നോട്ടു നയിക്കുന്ന എന്‍ജിന്‍ ആയി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, അതിന്റെ ഒരറ്റം ഇന്നും ജാതി വിവേചനം, അധഃകൃതന്‍, മുതലായ വിവേചനകളുടെ മാലിന്യം ചുമന്നു കൊണ്ട്, അതും പ്രദര്‍ശിപ്പിച്ചുകൊണ്ട്, നടക്കേണ്ടിവരുമ്പോള്‍ അതൊരു നാണക്കേടുതന്നെയാണ്. അതൊരു മുടക്കാ ചരക്ക് ഭാരമാണ്. ആ ചളി ആണ് ഈ മെലിഞ്ഞ പെണ്‍കുട്ടി വേണ്ടവരെയെല്ലാം ഈ പ്രവൃത്തിയിലൂടെ ഓര്‍മിപ്പിച്ചത്. ഇത്തരം ഓര്‍മ്മിപ്പിക്കലുകള്‍ ഇന്ത്യയില്‍ ഇടക്കിടെ നടത്തേണ്ടിയിരിക്കുന്നു. ഷെയിം തന്നെ.

ഇന്ത്യയിലെ യുവാക്കള്‍ ലോകത്തിന്റെ നെറുകയില്‍, വിവിധ മേഖലകളില്‍, നേതൃസ്ഥാനത്തേക്ക് വന്നിരിക്കുന്നു. അമേരിക്കയിലെ, ലോകത്തെ, ഒരു പാട് സ്ഥാപനങ്ങളില്‍. മേഖലകളില്‍, അവര്‍ വെന്നിക്കൊടി പാറിക്കുന്നു. ഉയര്‍ന്ന മാര്‍ക്കുകള്‍ നേടി ലോക സര്‍വ്വകലാശാലകളില്‍ നിന്ന് വിജയം വരിക്കുന്നു. ലോകം മുഴുവന്‍ ഇന്ത്യന്‍ യുവാക്കളുടെ ഈ നേട്ടം കണ്ട് ഇതെങ്ങനെ ഇന്ത്യ നേടുന്നു എന്ന് അത്ഭുതം കൂറുന്നു. വിലമതിക്കുന്നു. But Alas….. ഇതേ യുവാക്കള്‍ ഇന്ത്യയില്‍ വന്ന് ‘അച്ചി ലടിക്കി മിലേഗാ ക്യാ’ എന്നന്വേഷിക്കുന്നു. ഇതെന്തു വിരോധാഭാസം. ഡേറ്റിംഗ് ഉം മെയ്റ്റിംഗ് ഉം ബോള്‍ റൂം ഡാന്‍സും ഒക്കെ കഴിഞ്ഞു വരുന്ന ഒരു യുവാവ് അച്ഛനും അമ്മയും ‘തിരഞ്ഞു’ കൊണ്ടുവരുന്ന ‘അച്ചി ലടിക്കി’കളെ മാത്രം കല്യാണം കഴിച്ചു മടങ്ങുന്നു.

മേല്‍ജാതി എന്ന അപ്പര്‍ ജാതികളുടെ സവര്‍ണ്ണ മേല്‍ക്കോയ്മ ശുദ്ധി ബോധം അന്തര്‍ഗതമായി ഒരു പാട് ജനതികളില്‍ പ്രവര്‍ത്തിക്കുന്നു. അവരില്‍ വലിയൊരു വിഭാഗം ഇപ്പോഴും ഞങ്ങളില്‍ ഏതോ അന്യാദൃശമായ ഗുണങ്ങള്‍ കഴിവുകള്‍ നിലനില്‍ക്കുന്നതായി അവര്‍ കരുതുന്നു. പൂജയും പൂജാമുറിയും കുല ഗുരുക്കളും കുല ദേവതകളും എല്ലാം ചേര്‍ന്ന് ഞങ്ങള്‍ ഒരു ‘സെലെക്റ്റഡ്’ ജനതയാണെന്ന ബോധം അവരില്‍ പ്രവര്‍ത്തിക്കുന്നു. ബ്രാഹ്‌മണനായി ജനിക്കുന്നത് മുജ്ജന്മ സുകൃതം കൊണ്ടാണെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ പോലും, ജസ്റ്റിസ് ചിദംബരേശന്മാര്‍ പോലും, ഇത്രയേറെ പരിചയ സമ്പത്തും ലോക പരിചയവും ഉണ്ടായിട്ടുപോലും വിശ്വസിക്കുന്നു. അത്തരം വിഭാഗത്തിന്റെ വലിയൊരു സുഹൃദ് ബന്ധം ഈ ലേഖകന് ഉള്ളതുകൊണ്ടും അവരില്‍ പലരിലുമുള്ള അവരുടെ ആ അന്തര്‍ഗത വിശ്വാസം പലപ്പോഴും കാണുന്നതു കൊണ്ടുമാണ് ഇതെഴുതുന്നത്. അവരോട് അസ്വാരസ്യമൊന്നുമില്ല. സഹതാപം മാത്രം.

കാരണം എന്റെ കഴിഞ്ഞ തലമുറ അനുഭവിച്ച അപകര്‍ഷത എനിക്കില്ല. മനുസ്മൃതി കത്തിച്ച ആ പെണ്‍കുട്ടിയിലും അപകര്‍ഷതയുടെ ലെവലേശവും ഞാന്‍ കാണുന്നില്ല. ആല്‍മവിശ്വാസത്തോടെ ദൃഢമായ ശാരീരിക ഭാഷയോടെയാണ് അവള്‍ അത് ചെയ്യുന്നത്. എന്നാലും അംബേദ്കര്‍ പറഞ്ഞത് പോലെ ഇടക്കിടക്ക് ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പലരെയും ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു. അവരെ നിശ്ശബ്ദതയിലേക്ക് അയക്കേണ്ടിയിരിയ്ക്കുന്നു. അതുകൊണ്ടാണ് ഈ പെണ്‍കുട്ടിയുടെ പ്രവൃത്തി പ്രസക്തമാകുന്നത്.
മനുസ്മൃതി കത്തിച്ചുകൊണ്ട് ആ പെണ്‍കുട്ടി പറയുന്നു, മനുഷ്യരും മനുഷ്യരും തമ്മിലുള്ള ‘ഭേദഭാവങ്ങളുടെ’ പുസ്തകമാണത്. മനുഷ്യരില്‍ ഉച്ഛനീചത്വങ്ങള്‍ പറയുന്ന പുസ്തകമാണത്, ബാബാസാഹിബ് ചെയ്തതുപോലെ അത് കത്തിക്ക പെടേണ്ടതാണ്.

ഇവിടെ ‘പ്രബുദ്ധ’ മലയാളികള്‍ മനസ്സിലാക്കേണ്ട വേറൊരു കാര്യമുണ്ട്. അവിടെ അങ്ങ് യു പി യിലും ബീഹാറിലും അധഃകൃതന്‍ നിരന്തരം ‘പീഡിപ്പിക്കപ്പെടുന്നു’ ‘ചൂഷണം’ ചെയ്യപ്പെടുന്നവരാണ് എന്ന ഒരു ധാരണ അവര്‍ കൊണ്ടുനടക്കുന്നു. സഹോ, അത് വളയാറിന് പുറത്ത് പോകാത്തവരുടെ പറച്ചിലാണ്. യു പി യിലും ബീഹാറിലേയും യുവാക്കള്‍ മനുസ്മൃതി കത്തിക്കുയാണ് സഹോ, അവര്‍ നിരന്തരം പ്രതിഷേധങ്ങള്‍ നടത്തുകയാണ്. അവിടത്തെ പല പ്രദേശങ്ങളുലും അവര്‍ക്ക് മുന്‍കൈ ഉണ്ട്. അവരുടെ ആജ്ഞാനുവര്‍ത്തത്തിന്‍ കീഴില്‍ നടക്കുന്ന പ്രദേശങ്ങളും അവിടെയുണ്ട്. മറിച്ചു കേരളത്തിലെയും അട്ടപ്പാടിയിലെയും പാലക്കാട്ടെയും പല / മിക്ക ദളിതരില്‍ കാണുന്ന ആത്മവിശ്വാസ കുറവ് ആദ്യം പരിഹരിക്കാന്‍ നോക്കുക. എന്നിട്ട് ബീഹാറിലെ ദളിതരുടെ പിന്നോക്കാവസ്ഥ സംസാരിക്കാം.

നാഷണല്‍ ലെവലിലുള്ള മിക്ക മത്സര പരീക്ഷകളിലും ദളിത് റിസെര്‍വഷനുകള്‍, ആ പ്രദേശത്തുകാരാണ് കൊണ്ടുപോകുന്നത്. (കേരളത്തിലെ ദളിതര്‍ നാഷണല്‍ ലെവലിലുള്ള മത്സര പരീക്ഷകളില്‍ തെറ്റിയും തെറിച്ചും വളരെ കുറച്ചു പേരാണ് എത്തുന്നത്). ബീഹാറിലെ പല രാഷ്ട്രീയ നീക്കുപോക്കുകളുടെയും മുന ദളിതരുടെ ഡിമാന്‍ഡുകള്‍ക്കനുസരിച്ചും കൂടിയാണ്. അല്ലാതെ അവര്‍ കേരളത്തിലെ ദളിതരെ പോലെ വെറും വോട്ട് ബാങ്ക് പോക്കറ്റ് ആയി അല്ല പൊതുമണ്ഡലത്തിലുള്ളത്. ബീഹാറിലെയും മറ്റ് വടക്കേ വടക്കേ ഇന്ത്യയിലെയും ദളിത് സ്വത്വങ്ങള്‍ സംസ്‌കാരങ്ങള്‍ ഇപ്പോഴും സജീവമാണ്, കേരളത്തിലെ പോലെ ദളിത് സ്വത്വങ്ങളും സംസ്‌കാരങ്ങളും പതിയെ ഇല്ലാതായി കൊണ്ടിരിക്കുന്നില്ല. ഒരു ദളിത് എംപവര്‍മെന്റ് ല്‍ നിന്ന് വരുന്ന പ്രതിഫലനം കൂടിയാണ് ഈ ദളിത് പെണ്‍കുട്ടിയുടെ മനുസ്മൃതി കത്തിക്കല്‍. ഇതൊക്കെ എഴുതുന്നത് ആ പ്രദേശത്തുകാരയ കുറെ ദളിത് സൗഹൃദ ബന്ധങ്ങള്‍ എനിക്കുള്ളതുകൊണ്ടും അവരെ നിരീക്ഷിക്കാറുള്ളതുകൊണ്ടും കേരളത്തിലെ / പാലക്കാട്ടെ കുറെ ദളിത് സുഹൃത്തുക്കളെ നിരീക്ഷിച്ചതിനു ശേഷവും ആണ്. വെറും പത്രവാര്‍ത്ത ക്രോഡീകരണമല്ല.

മഹദ് സത്യാഗ്രഹത്തിലെ മനുസ്മൃതി കത്തിക്കലിലും ഈ പെണ്‍കുട്ടിയുടെ പ്രവൃത്തിയിലും കാണുന്ന ഇനിയൊരു പ്രധാന വ്യത്യാസ മെന്തെന്നാല്‍, അന്ന് ശ്രീ സഹ്രസബുദ്ധേ (Gangadhar Nilkanth Sahasrabuddhe) എന്ന ചിത് പവന്‍ ബ്രാഹ്‌മിന്‍, സംസ്‌കൃത ശ്ലോകങ്ങള്‍ ഉരുവിട്ടുകൊണ്ടായിരുന്നു ബാബാസാഹിബിന്റെ സാന്നിധ്യത്തില്‍ മനുസ്മൃതിയെ, ബോണ്‍ഫയറില്‍, (‘മനു സ്മൃതി ദഹന്‍ ഭൂമി’), പതിയെ പതിയെ കത്തിച്ചത്. എന്നാല്‍ ഈ പെണ്‍കുട്ടി കോഴിക്കറി വെക്കുകയാണ്. സിഗരറ്റ് അതില്‍ നിന്നാണ് കൊളുത്തുന്നത്. ഈ ഇമേജറികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്.

ഇന്നാണെങ്കില്‍ ഏതെങ്കിലും ഒരു ബ്രാഹ്‌മണ യുവാവിനെ ഈ പ്രവര്‍ത്തിക്കു കൂട്ടുകിട്ടുക എന്നത് സാധ്യമല്ല. അങ്ങനെ ചിന്തിച്ചാല്‍ സവര്‍ണ്ണ യുവാക്കള്‍ കൂടുതല്‍ കൂടുതല്‍ പിന്തിരിപ്പിലേക്ക് അല്ലെങ്കില്‍ മാനവികതയില്‍ പുറകോട്ടാണ് വളര്‍ന്നിരിക്കുന്നത് എന്ന് പറയേണ്ടിവരും. ഇതെന്തൊരു വിരോധാഭാസമാണ്. ഒരറ്റത്ത് അവര്‍, സവര്‍ണ്ണ യുവാക്കള്‍, ലോകോത്തര ഐഐടി കളില്‍ ഒന്നാമതെത്തുന്നു, പക്ഷെ മറ്റേ അറ്റത്ത് അവര്‍ അവരുടെ പുസ്തകങ്ങളിലെ പൊട്ടത്തരങ്ങള്‍ കാണാന്‍ മടിക്കുന്നു.

മനുസ്മൃതി കത്തിക്കല്‍ പലയിടത്തും തമിഴ്‌നാട്ടില്‍ ആവര്‍ത്തിക്കുകയുണ്ടായി; പെരുംതലൈവര്‍, പ്രൊഫസ്സര്‍ M C RAJA, അംബേദ്കറുടെ സുഹൃത്ത്, മഹദ് സംഭവത്തിന് മുന്‍പുതന്നെ, ആ 1927 ഒക്ടോബറില്‍ തമിഴ് നാട്ടില്‍ മനുസ്മൃതിയെ കത്തിക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ ചില സംഘടനകള്‍, മനുസ്മൃതിയും വേദ പുസ്തകങ്ങളും കത്തിക്കുമെന്ന് ഭീഷണി നടത്തിക്കൊണ്ടിരിക്കുന്നു. അവരുടേതും ഈ പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. ഈ കുട്ടി സംഘര്‍ഷ രഹിതമായി കാര്യങ്ങള്‍ ചെയ്തു എന്നതാണ്. പുസ്തകങ്ങള്‍ കത്തിക്കുന്നത് സംസ്‌കാരത്തിന് ചേര്‍ന്നതാണോ മുതലായ വാദങ്ങളിലേക്ക് നോക്കേണ്ട കാര്യമൊന്നുമില്ല. പഴയ കാലമല്ല. എത്ര പുസ്തകങ്ങള്‍ വേണമെങ്കിലും ചെലവ് കുറഞ്ഞു അടിച്ചിറക്കാവുന്നതേയുള്ളു

പ്രതിഷേധിക്കുന്നവര്‍ അവരവരുടെ വിലയിരുത്തലുകള്‍ക്കനുസൃതമായി അതങ്ങനെ ഉപയോഗിക്കട്ടെ. പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ പ്രതിഷേധ പരമാണോ എന്നത് മാത്രം നോക്കിയാല്‍ മതി. ജാതി വിവേചനം മാത്രമല്ല സ്ത്രീ വിവേചനത്തിന്റെ, സ്ത്രീയെ വെറും ഒരു ഉപകരണമായി കാണുന്ന ‘liberty, equality, fraternity’ എന്ന മാനുഷിക മൂല്യങ്ങള്‍ തൊട്ടുതീണ്ടിയില്ലാത്ത, എല്ലാതരം റേസിസവും സംഗ്രഹിച്ചു വെച്ചിരിക്കുന്ന, പുസ്തകമാണ് മനുസ്മൃതി.

ബാബാസാഹിബിനെ തന്നെയാണ് ഇക്കാര്യത്തില്‍ ഉദ്ധരിക്കേണ്ടത് : ”The Manusmruthi has been indeed the charter of rights for the caste Hindus and at the same time a Bible of slavery for the Untouchables’ … … ‘It is not that all the parts of the Manusmruti are condemnable, that it does not contain good principles, and that Manu himself was not a sociologist and was a mere fool’. ( … Dhananjay Keer) അപ്രസക്തമാക്കുന്ന കാലം വരെ ഇടക്കിടക്ക് ഈ പുസ്തകത്തെ കത്തിക്കുക എന്ന ‘drastic remedy ‘ ആരെങ്കിലുമൊക്കെ ഒരു ഓര്‍മപ്പെടുത്തല്‍ പോലെ ഇടക്കിടക്ക് ചെയ്തുകൊണ്ടിരിക്കട്ടെ.


Leave a Reply

Your email address will not be published. Required fields are marked *