നെഗറ്റിവിറ്റി മനുഷ്യര്‍ക്ക് പരിണാമപരമായി കിട്ടിയ അനുകൂലനമാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു


“9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയില്‍, ഇസ്ലാമിക തീവ്രവാദികള്‍ക്ക് ശരാശരി ഒരു വര്‍ഷം ഏഴു പേരെ മാത്രം ആണ് കൊല്ലാന്‍ സാധിച്ചത്. അമേരിക്കയില്‍ ഇടിമിന്നലേറ്റ് പ്രതിവര്‍ഷം 46 പേര്‍ മരിക്കുന്നു, 300 പേര്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുന്നു. എന്നാല്‍ ആളുകള്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ തീവ്രവാദ ആക്രമണത്തെ ഭയക്കുന്നു.” – രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
നിഷേധാത്മകതയുടെ ശാസ്ത്രം

മരണഭയം എന്ന മനുഷ്യന്റെ അടിസ്ഥാന വികാരത്തെ മുതലെടുത്തു കൊണ്ടാണ് ഓരോ മത സാഹിത്യവും സൃഷ്ട്ടിക്കപ്പെട്ടത്. മതം അനുശാസിക്കുന്ന കഠിനമായ നിഷ്ഠയോടെ ജീവിച്ചാല്‍, മരണശേഷം ഒന്നുകില്‍ ശ്രേഷ്ഠമായ പുനര്‍ജ്ജന്മം അല്ലെങ്കില്‍ പരമാനന്ദം ഉറപ്പായ മരണാന്തര ജീവിതം വാഗ്ദാനം ചെയ്യുകയാണ് മതങ്ങള്‍ ചെയ്തത്. വ്യാപകമായ ദുരന്തം (apocalypse) പ്രവചിക്കുന്നവ ചിലര്‍ക്ക്, പ്രിത്യേകിച്ചു മതമൗലികവാദികള്‍ക്ക് ആശ്വാസം പകരും. പ്രകൃതി ദുരന്തങ്ങള്‍ വരാനിരിക്കുന്ന ലോകാവസാനത്തിന്റെ സൂചനയായിട്ടാണ് മതമൗലികവാദികള്‍ കൂടുതല്‍ വിശ്വസിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ആളുകള്‍ കൂടുതല്‍ മതവിശ്വാസികളാകുമെന്ന് ചില പഠനങ്ങള്‍ പറയുന്നു (1). Apocalypse കൊണ്ടുണ്ടാവുന്ന സര്‍വ്വനാശം അവരുടെ മതപരമായ ലോകവീക്ഷണത്തെ ശക്തിപ്പെടുത്തുന്നു. അത് അവര്‍ക്ക് മരണത്തില്‍ ആശ്വാസവും ജീവിതത്തിന് അര്‍ത്ഥവും നല്‍കുന്നു. മിക്കവാറും ഉള്ള എല്ലാ മതസാഹിത്യങ്ങളും പറയുന്നത് കാലം മുന്നോട്ട് പോകും തോറും മനുഷ്യര്‍ ദുഷിക്കുകയും വ്യവസ്ഥിതി മോശമാകുകയും ലോകാവസാനം ഉണ്ടാകുകയും ചെയ്യും എന്നാണ്.

Apocalypse സങ്കല്‍പ്പം മനുഷ്യര്‍ക്ക് ഇഷ്ടമാണ് എന്നതിന് തെളിവാണ് ധാരാളമായി ഇറങ്ങിയിട്ടുള്ള apocalyptic സിനിമകള്‍. The day after tomorrow, War of the worlds, Iam legend, Mad Max: Road fury, Deep impact, Armageddon, 12 monkeys, Contagion, Gravity, Terminator, Waterworld, Wall-E, Snowpiercer, Planet of the apes, Don’t look up, Dr Strangelove തുടങ്ങിയവ ഞാന്‍ കണ്ടിട്ടുള്ള ഏതാനും apocalyptic സിനിമകള്‍ ആണ്. ഭീതിവ്യാപാരികള്‍ പറയുന്നതിന് വിരുദ്ധമായി ലോകത്തിന്റെ അവസ്ഥ പല അളവുകള്‍ എടുത്താലും കാലം ചെല്ലും തോറും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ പുരോഗതി അപ്പോക്കലിപ്റ്റിക് സിനിമകള്‍ ഇറങ്ങിയ അതേ കാലഘട്ടത്തില്‍ തന്നെ സംഭവിക്കുന്നു.

ഇപ്പോഴും ശിലായുഗ മസ്തിഷ്‌ക്കം

‘അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍’ എന്ന സിനിമയിലെ ‘താനോസ്’ എന്ന പേരുള്ള വില്ലന്‍ കഥാപാത്രം വിചാരിക്കുന്നത് പ്രപഞ്ചത്തിലെ വിഭവങ്ങള്‍ പരിമിതമാണ്, എന്നാല്‍ ജീവജാലങ്ങളുടെ ആവശ്യങ്ങള്‍ അനന്തമാണ്. അത് കൊണ്ട് ജീവനുകളുടെ എണ്ണം പകുതിയാക്കി കുറച്ചാല്‍, ബാക്കിയുള്ളവര്‍ക്ക് വിഭവങ്ങള്‍ ആവശ്യാനുസരണം വിതരണം ചെയ്യാന്‍ സാധിക്കും. സ്വന്തം മകളുടെ ജീവന്‍ ബലികൊടുത്തിട്ട് തന്റെ ഉദ്യമം നിറവേറ്റാന്‍ ചില മാന്ത്രിക രത്നങ്ങള്‍ തേടി താനോസ് പോകുകയാണ്. താനോസിനെ പോലെ ചിന്തിക്കുന്ന ധാരാളം പേരുണ്ട്.

1798-ല്‍ തോമസ് മാല്‍ത്തൂസ് പ്രവചിച്ചത്, മനുഷ്യ ജനസംഖ്യാ ഒരു ജോമട്രിക്ക് പ്രോഗഷന്‍പോലെ ആണ് വളരുന്നതെന്നാണ്. ആ വളര്‍ച്ച ഭക്ഷ്യോല്‍പ്പാദനത്തെ വൈകാതെ മറികടക്കും. അതിനാല്‍ ജീവിതനിലവാരത്തില്‍ അതുവരെ ഉണ്ടായ ഹ്രസ്വകാല നേട്ടങ്ങള്‍ അവസാനിച്ചു ഒരു കെട്ടകാലത്തിലേക്ക് പോകും. ഇതിനാല്‍ ജനസംഖ്യ കാര്യമായി നിയ്രന്തിക്കണം എന്നായിരുന്നു തോമസ് മാല്‍ത്തൂസിന്റെ വാദം. നസംഖ്യ കൂടിയെങ്കിലും മാല്‍ത്തൂസിന്റെ പ്രവചനത്തെ അട്ടിമറിച്ചു കൊണ്ട് ഹരിതവിപ്ലവങ്ങള്‍ ഉണ്ടാവുകയും മനുഷ്യര്‍ക്ക് ആവശ്യം ഉള്ള ഭക്ഷ്യ വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്തു. നമ്മള്‍ 100 വര്‍ഷം മുമ്പുള്ള നമ്മുടെ പൂര്‍വികരെ പോലെ ജീവിക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ 100 വയസ്സ് പോയിട്ട്, ശരാശരി 30 വയസ്സ് പോലും തികയ്ക്കുമായിരുന്നില്ല. ശിശു മരണനിരക്ക് അത്രക്ക് കൂടുതല്‍ ആയിരുന്നു ആ കാലം. അന്നും ആയുര്‍വ്വേദം ഉള്‍പ്പെടുന്ന പരമ്പരാഗത വൈദ്യങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ മോഡേണ്‍ മെഡിസിന്‍, വാക്സിനുകള്‍, ഹരിത വിപ്ലവം, വിദ്യാഭ്യാസം തുടങ്ങി അനവധി ആധുനിക കാരണങ്ങളാല്‍ നമ്മുടെ ശരാശരി ആയുസ്സ് 30 നിന്ന് 70 വയസ്സിന് മുകളില്‍ ആയി. അങ്ങനെ ജനസംഖ്യയും കൂടി.

പലതരത്തില്‍ ഉള്ള ദുരന്തവാര്‍ത്തകളോട് മനുഷ്യര്‍ക്കുള്ള ആഭിമുഖ്യം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തുണ്ടായ മനുഷ്യപരിണാമത്തില്‍ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മനുഷ്യര്‍ക്കുണ്ടായ അനുകൂലനമാണ് (adaptation). ഇന്ന് പല നെഗറ്റീവ് ബയാസുകളും ഒരു evolutionary mismatch ആയിട്ടുണ്ട്. Evolutionary mismatch എന്നാല്‍ പണ്ട് ഒരു കാലത്ത് അതിജീവനത്തിന് പ്രയോജനപ്രദമായിരുന്നെങ്കിലും പരിസ്ഥിതിയിലെ മാറ്റങ്ങള്‍ കാരണം ഇന്ന് അനാവശ്യമായി മാറിയ/ പരിണമിച്ച സ്വഭാവവിശേഷങ്ങള്‍ (2) (3). ഉദാഹരണത്തിന് obesity, anxiety, osteoporosis etc. ഈ ആധുനിക കാലത്തും ശിലായുഗ മസ്തിഷ്‌കവുമായിട്ടാണ് നാം ജീവിക്കുന്നത്. മൊറോക്കോയിലെ Jebal Irhoud എന്ന സ്ഥലത്തു നിന്നും മൂന്ന് ലക്ഷം വര്‍ഷം പഴക്കമുള്ള homosapien fossil കണ്ടെത്തിയിട്ടുണ്ട് (4). കഴിഞ്ഞ പതിനായിരം വര്‍ഷം മുമ്പ് കൃഷി കണ്ടുപിടിക്കുന്നതുവരെയും, അതായത് മനുഷ്യപരിണാമത്തിന്റെ ഭൂരിപക്ഷ കാലവും മനുഷ്യന്‍ വേട്ടയാടിയും ശേഖരിച്ചും സ്വയം വേട്ടയാടപ്പെടുന്നതില്‍ നിന്ന് രക്ഷതേടിയും ആണ് ജീവിച്ചു പോന്നിരുന്നത്. അത് കൊണ്ട് തന്നെ നമ്മുടെ മസ്തിഷ്‌കം നമ്മുടെ പൂര്‍വികര്‍ ഒരുകാലത്തു നേരിട്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ ആണ് പരുവപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യരുടെ ജീവിതനിലവാരം കുതിച്ചുയര്‍ന്നു.

മോശം വാര്‍ത്തകള്‍ പ്രധാനമാവുന്നു

ഭീഷണികളെ അടിയന്തിരമായി പരിഗണിക്കുന്ന ജീവജാലങ്ങള്‍ക്കാണ് അതിജീവിക്കാനും പുനരുല്‍പ്പാദിപ്പിക്കാനുമുള്ള സാധ്യത കൂടുതല്‍. അത് കൊണ്ട് തന്നെ മനുഷ്യര്‍ പരിണമിച്ചത് മോശം വാര്‍ത്തകള്‍ക്ക് മുന്‍ഗണന കൊടുക്കുക എന്ന തരത്തില്‍ ആണ്. നമ്മുടെ മസ്തിഷ്‌ക്കത്തിന്റെ കമ്പ്യൂട്ടിംഗ് പവറിന് പരിമിതികളുള്ളത് കൊണ്ട് അതിലേക്ക് വരുന്ന വിവരങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഒരു പുള്ളിപ്പുലി നമ്മുടെ അടുത്തേക്ക് ഓടി വരുന്നത് പരമപ്രധാനമായ വിവരവും മനോഹരമായ പൂക്കള്‍ ഉള്ള ഒരു മേട് അത്ര പ്രധാനമല്ലാത്ത ഒരു വിവരവും ആണ്. അതിജീവനത്തിനാണ് ഏറ്റവും പ്രാധാന്യം എന്നതിനാല്‍ മിക്ക വിവരങ്ങളും ആദ്യം മസ്തിഷ്‌കം അതിന്റെ ഭാഗമായ അമിഗ്ഡാലയിലൂടെ (Amygdala) അരിച്ചെടുക്കും. എന്തെന്നാല്‍ amygdala ഭയപ്പെടേണ്ട എന്തെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ക്രോധം, വിദ്വേഷം, ഭയം തുടങ്ങിയ പ്രാഥമിക വികാരങ്ങളുടെ ഉത്തരവാദിത്തം അമിഗ്ഡാലക്കാണ്.

പത്രമെടുത്താല്‍ മോശം വാര്‍ത്തകള്‍ മാത്രമേ ഉള്ളൂ എന്ന് പരിതപിച്ചു കൊണ്ട് പത്രത്തിലെ ചരമകോളം, കൊലപാതകങ്ങള്‍, പീഡന വാര്‍ത്തകള്‍ എന്നിവയൊക്കെ ആവേശത്തോടെ വായിക്കുന്ന ധാരാളം പേരുണ്ട്. കൂടുതല്‍ പോസിറ്റീവ് വാര്‍ത്തകളില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് ആളുകള്‍ പറയുമ്പോഴും, മോശം വാര്‍ത്തകളില്‍
ആണ് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് കൂടുതല്‍ താത്പര്യം എന്ന് Eye-tracking പരീക്ഷണങ്ങള്‍ കാണിക്കുന്നു. അതായത് ആളുകള്‍ പൊതുവെ നെഗറ്റീവ് വാര്‍ത്താ ഉള്ളടക്കത്തിന് മുന്‍ഗണന നല്‍കുന്നു (5). ഡിമാന്‍ഡ് ഉണ്ട് എന്ന് പത്രക്കാര്‍ മനസ്സിലാക്കിയത് കൊണ്ട് തന്നെ ആണ് അവര്‍ നെഗറ്റീവ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്.

അറിവിന്റെയും വാര്‍ത്തകളുടെയും സ്വഭാവം ഇടപഴകുന്നത് ലോകം യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ മോശമാണെന്ന് നമ്മെ ചിന്തിപ്പിക്കുന്ന രീതിയില്‍ ആണ്. സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് വാര്‍ത്തകള്‍ ഉണ്ടാവുന്നത്. നടക്കാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. യുദ്ധം ഉണ്ടാവുന്നത് ചൂടപ്പം പോലെ വിറ്റു പോകുന്ന ഒരു വാര്‍ത്തയാണ് എന്നാല്‍ യുദ്ധം ഒഴിവാക്കപ്പെട്ട സാഹചര്യം വാര്‍ത്തയാകാറില്ല. 2022 മാര്‍ച്ചില്‍ ഇന്ത്യ അബദ്ധവശാല്‍ പാകിസ്താനിലേക്ക് ബ്രഹ്‌മോസ് മിസൈല്‍ തൊടുത്തു വിട്ടു. സംഭവം നടന്ന പാടെ വളരെ കുറച്ചു അന്താരാഷ്ട്ര മാധ്യമങ്ങള്‍ മാത്രമാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം ഭൂരിപക്ഷം ഇന്ത്യന്‍ മാധ്യമങ്ങളും ഇത് അറിഞ്ഞ മട്ടുണ്ടായില്ല. സംഭവത്തില്‍ അന്വേഷണം നടത്തി ആഗസ്റ്റില്‍ മൂന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടപ്പോള്‍ മാത്രം ആണ് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഭൂരിപക്ഷം വായനക്കാരും ആ സംഭവം അപ്പോള്‍ മാത്രം ആണ് അറിഞ്ഞിട്ടുണ്ടാവുക. ഒരു 50 വര്‍ഷം മുമ്പ് ഇത്തരത്തില്‍ ഉള്ള ഒരു പ്രകോപനം യുദ്ധത്തിലേക്ക് വരെ നയിച്ചേനെ. എന്നാല്‍ ഒന്നും തന്നെ സംഭവിച്ചില്ല. ഏറ്റവും വലിയ ശത്രുക്കള്‍ പോലും സമാധാനത്തില്‍ നിന്ന് കൊണ്ട് പരസ്പരം വെറുക്കുന്നു.

ലോകത്ത് വയലന്‍സ് കൂടുകയാണോ?

ലോകത്തില്‍ വയലന്‍സ് കൂടുകയാണ് എന്ന് വിശ്വസിക്കുന്നവര്‍ മനസ്സിലാക്കേണ്ടത്, യുദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നത്. ഒരുപാട് യുദ്ധങ്ങള്‍/ ലഹളകള്‍ നയതന്ത്രത്തിലൂടെ ഒഴിവാക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് വംശീയവും മതപരവുമായ ആക്രമണങ്ങള്‍ എടുക്കുക. കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ വംശീയ വിഭാഗങ്ങള്‍ തമ്മില്‍ നടന്നു കഴിഞ്ഞതും ഇനി നടക്കാന്‍ സാധ്യത ഉള്ളതുമായ കലാപങ്ങള്‍ രാഷ്ട്രീയ ശാസ്ത്രജ്ഞര്‍ കണക്കാക്കിയിട്ടുണ്ട്. ആഫ്രിക്കയില്‍, പ്രതിവര്‍ഷം രണ്ടായിരം വംശീയ അക്രമങ്ങള്‍ നടക്കാന്‍ സാധ്യത ഉണ്ടായിരുന്നെങ്കിലും ആകെ ഒരൊറ്റ ആക്രമണം (1/2000) മാത്രമാണ് നടന്നത്. ഇന്ത്യയില്‍, പ്രതിവര്‍ഷം പത്ത് ദശലക്ഷം ആളുകള്‍ക്ക് ഒരു കലാപം നടന്നപ്പോള്‍ മരണനിരക്ക് പത്ത് ദശലക്ഷത്തിന് പതിനാറ് (16/10,000,000) എന്ന നിരക്കില്‍ ആയിരുന്നു. എല്ലാ മരണങ്ങളും ദാരുണമാണ് എന്നത് മറക്കുന്നില്ല. ഒരു ലക്ഷം ജനങ്ങള്‍ക്ക് പതിനാറ് കൊലപാതകങ്ങള്‍ (16/100,000) എന്നത് ഒരു വലിയ അമേരിക്കന്‍ നഗരത്തിലെ ശരാശരി കൊലപാതക നിരക്കാണ്. അതായത് ഇന്ത്യയിലെ വിഭാഗീയ കലാപങ്ങളില്‍ നിന്നുള്ള മരണങ്ങളേക്കാള്‍ നൂറിരട്ടി ഉയര്‍ന്ന നില (6). ഇന്ത്യയിലെ മുസ്ലിങ്ങളെ എല്ലാം ഉടനെ വംശഹത്യ ചെയ്യാന്‍ പോകുകയാണ് എന്ന് ഭീതിവ്യാപാരം നടത്തുന്നവരുടെ ആഖ്യാനങ്ങള്‍ക്ക് വിരുദ്ധമായാണ് വസ്തുതകള്‍ നിലനില്‍ക്കുന്നത്.

ഒരു പഠനമനുസരിച്ച്, 1945-നും 2005-നും ഇടയില്‍ ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനങ്ങളുടെയും, 1979-നും 2010-നും ഇടയില്‍ 130 രാജ്യങ്ങളില്‍ നിന്നുള്ള ലേഖനങ്ങളുടെയും പ്രക്ഷേപണങ്ങളുടെയും വൈകാരിക സ്വരം വിശകലനം ചെയ്യപ്പെട്ടു. ഈ കാലയളവില്‍ മനുഷ്യരുടെയെല്ലാം ശരാശരി ജീവിതനിലവാരം എല്ലാ തലങ്ങളിലും മെച്ചപ്പെട്ടിട്ടും, ലേഖനങ്ങളും പ്രക്ഷേപണങ്ങളും കാലക്രമേണ കൂടുതല്‍ നെഗറ്റീവ് ആയി മാറിയിരിക്കുന്നു (7). കൂടാതെ സോഷ്യല്‍ മീഡിയയുടെ വരവ് മോശം വാര്‍ത്തകള്‍ ഉടനടി എല്ലാവരിലേക്കും എത്തിക്കുന്നു.

ബ്രിട്ടീഷ് എഴുത്തുകാരനായ മാറ്റ് റിഡ്ലി ഇങ്ങനെ പറയുന്നു:’In my own adult lifetime, I have listened to the implacable predictions of growing poverty, coming famines, expanding deserts, imminent plagues, impending water wars, inevitable oil exhaustion, mineral shortages, falling sperm counts, thinning ozone, acidifying rain, nuclear winters, mad-cow epidemics, Y2K computer bugs, killer bees, sex-change fish, global warming, ocean acidification and even asteroid impacts that would presently bring this happy interlude to a terrible end. I cannot recall a time when one or other of these scares was not solemnly espoused by sober, distinguished and serious elites and hysterically echoed by the media.’ – Matt Ridley

‘Availability Heuristics’ എന്ന സൈക്കോളജിക്കല്‍ പ്രതിഭാസം കാരണം മനുഷ്യ മസ്തിഷ്‌കം അപകടങ്ങളെ അമിതമായി വിലയിരുത്തുന്നു. വിമാനാപകടങ്ങളുടെ വാര്‍ത്തകള്‍ നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു. 2018-ല്‍ ലോകമെമ്പാടും നടന്ന വിമാനാപകടങ്ങളില്‍ 500 പേര്‍ ആണ് മരിച്ചത്. 2012-2016 കാലയളവില്‍ ഒരു കൊമേര്‍ഷ്യല്‍ എയര്‍ലൈന്‍ വിമാനാപകടത്തില്‍ മരിക്കാനുള്ള സാധ്യത 3.37 ബില്യണില്‍ 1 മാത്രം ആയിരുന്നു. എന്നാല്‍ റോഡപകടങ്ങളില്‍ ഇന്ത്യയില്‍ മാത്രം 2018-ല്‍ 1,52,780 പേര്‍ ആണ് മരിച്ചത്. ഇത് നമ്മെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. എന്നാല്‍ ഏറ്റവും സുരക്ഷിതമായ ഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഒന്നായ വിമാനയാത്ര ഏതാണ്ട് 33-40% ആളുകളെ ഭയപ്പെടുത്തുന്നു.

ഇത് പോലെ മറ്റൊരു ഭയപ്പെടുത്തുന്ന ഉദാഹരണം ആണ് തീവ്രവാദി ആക്രമണം. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയില്‍, ഇസ്ലാമിക തീവ്രവാദികള്‍ക്ക് ശരാശരി ഒരു വര്‍ഷം ഏഴു പേരെ മാത്രം ആണ് കൊല്ലാന്‍ സാധിച്ചത്. അമേരിക്കയില്‍ ഇടിമിന്നലേറ്റ് പ്രതിവര്‍ഷം 46 പേര്‍ മരിക്കുന്നു, 300 പേര്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുന്നു. എന്നാല്‍ ആളുകള്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ തീവ്രവാദ ആക്രമണത്തെ ഭയക്കുന്നു.

മനുഷ്യര്‍ നേട്ടങ്ങളുടെ സന്തോഷത്തേക്കാള്‍ നഷ്ട്ടങ്ങളെയാണ് ഓര്‍ത്തിരിക്കുക. വിജയങ്ങള്‍ ആസ്വദിക്കുന്നതിനേക്കാള്‍ തിരിച്ചടികളില്‍ ദുഃഖിതരാകുകയും, പ്രശംസയേക്കാള്‍ വിമര്‍ശനങ്ങള്‍ ഓര്‍ത്തിരിക്കുകയും ചെയ്യുക എന്നത് മനുഷ്യന്റെ പൊതു സ്വഭാവം ആണ് (8). പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ആ പ്രശ്നത്തിന്റെ നിര്‍വചനങ്ങള്‍ വിപുലീകരിക്കാന്‍ ഇടയാക്കുന്നു. പ്രശ്നങ്ങള്‍ വിരളമാകുമ്പോള്‍ കാണുന്നതില്‍ എല്ലാം പ്രശ്നങ്ങള്‍ കണ്ടെത്താന്‍ നാം ശ്രമിക്കും. ലോകം മെച്ചപ്പെടുംതോറും നാം അതിന്റെ കടുത്ത വിമര്‍ശകര്‍ ആയി മാറി ലോകം മെച്ചപ്പെടുന്നില്ല എന്ന് സ്വയം വിശ്വസിക്കാന്‍ തുടങ്ങും.

‘Reminiscence bump’ എന്ന ഒരു സൈക്കോളജികള്‍ പ്രതിഭാസമുണ്ട്. പ്രായം കൂടും തോറും കുട്ടികാലത്തെ ഓര്‍മ്മകള്‍ നമ്മളില്‍ നൊസ്റ്റാള്‍ജിയ ഉണ്ടാക്കും. കുട്ടിക്കാലത്തു നേരത്തോട് നേരം ആഹാരം കഴിക്കാന്‍ കിട്ടിയിരുന്നില്ല എന്നും, നല്ല വസ്ത്രങ്ങള്‍ ഇല്ലായിരുന്നു എന്നും, ചോര്‍ന്ന് ഒലിക്കുന്ന വീട്ടിലാണ് താമസിച്ചിരുന്നത് എന്നും, സ്‌കൂളിലേക്ക് കിലോമീറ്ററുകള്‍ നടന്നാണ് പോയിരുന്നത് എന്നും, അനുഭവിച്ച ദാരിദ്ര്യവും രോഗങ്ങളും ഒക്കെ ഒരു പ്രായം കഴിഞ്ഞാല്‍ മറന്നിട്ട് പണ്ട് ജീവിതം എത്ര സുഖകരമായിരുന്നു എന്ന് തെറ്റായി ഓര്‍ക്കും. ഭൂതകാലത്തെക്കുറിച്ച് ഓര്‍ത്തു സുഖം തോന്നുന്നതിലൂടെ വര്‍ത്തമാനകാലം അസംതൃപ്തവും ഭാവി ഇരുളടഞ്ഞതാവും എന്ന് മനുഷ്യര്‍ കരുത്തുന്നതോടെ തങ്ങളുടെ ജീവിതം മുന്നോട്ട് പോകും തോറും മെച്ചപ്പെട്ടു വരുന്നത് കാണാന്‍ കഴിയാതെ പോകുന്നു.

നിഷേധാത്മക പക്ഷപാതം (Negativity bias) നമ്മില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അത് അത്ര പെട്ടന്ന് തേച്ചു മായ്ച്ചു കളയാന്‍ സാധിക്കില്ല. ഇത് നമ്മളില്‍ ഉണ്ടെന്ന തിരിച്ചറിവ് ഒരു പരിധി വരെ നമ്മെ യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ സഹായിക്കും.

”If you had to choose a time to be alive and you couldn’t pick what race, sex, sexual orientation, socio economic status or nationality you were. Future is uncertain and you would be totally wrong if you chose any other time than right NOW.’ – Steven Pinker

References:
1. Acts of God? Religiosity and natural disasters across subnational world districts- Jeanet Sinding Bentzen, 2019
2. The transition to modernity and chronic disease: Mismatch and natural selection- Stephen Corbett, Virpi Lummaa, Stephen C. Stearns, Alexandre Courtiol, Jacob A. Moorad, 2018
3. The nutrition transition: Worldwide obesity dynamics and their determinants- Barry M Popkin, Penny Gordon-Larsen, 2004
5. Consumer demand for cynical and negative news- Mark Trussler, Stuart Soroka, 2014
6. Why we fight: The roots of war and the paths to peace- Christopher Blattman, 2022
7. Thread: Culturomics 2.0: Forecasting large-scale human behavior using global news media tone in time and space- Kalev Hannes Leetaru, 2011
8. Bad is stronger than good- Roy F. Baumeister, Ellen Bratslavsky, Catrin Finkenauer, Kathleen D.Vohs, 2001

Leave a Reply

Your email address will not be published. Required fields are marked *