“മത ജയിലുകളില്‍ കഴിയുന്നവരെ, ബോധവല്‍ക്കരിക്കാനും ആധുനിക മൂല്യ ബോധങ്ങളുമായി പരിചയപ്പെടുത്താനും അവരെ തടവറകളില്‍ നിന്നും വിമോചിപ്പിക്കാനുള്ള താക്കോല്‍ എന്നത് ശാസ്ത്രീയ ചിന്ത പദ്ധതികളോടെ ഇടപെടല്‍ ആവശ്യമാണെന്ന് അടിവാര ഇടുന്ന പുസ്തകമാണ് ‘ ഡാനിയല്‍ സി ഡെന്നറ്റിന്റെ ‘Breaking the spell – Religion as a natural phenomenon’. തീര്‍ച്ചയായും മതത്തെയും അതിന്റെ അതിജീവന രീതികളും മനസിലാക്കുന്നതോടൊപ്പം അതില്‍ നിന്നും രക്ഷപ്പെടുന്നതിനും രക്ഷപ്പെടുത്തുന്നതിനും ഊര്‍ജ്ജം ഈ പുസ്തകം നല്‍കുന്നുണ്ട്.” -പ്രമോദ് കുമാര്‍ എഴുതുന്നു |
മതജീവിതത്തിന്റെ അടിസ്ഥാനം
എന്തുകൊണ്ട് മനുഷ്യര്‍ മതത്തില്‍ അല്ലെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുന്നു എന്നതിനെ കുറിച്ച് ആഴത്തില്‍ അന്വേഷിക്കുന്ന പുസ്തകമാണ് ഡാനിയല്‍ സി ഡെന്നറ്റിന്റെ ‘Breaking the spell : Religion as a natural phenomenon’. മതം മനുഷ്യരില്‍ സ്വാഭാവികമായി ഉണ്ടായതും നിലനിക്കുന്നതുമായ പ്രതിഭാസമാണോ? എന്ത് കൊണ്ട് മതം ഇപ്പോഴും നിലനില്‍ക്കുന്നു? സാധാരണ മതത്തെ കുറിച്ചും ദൈവത്തെ കുറിച്ചുമുള്ള പഠനങ്ങള്‍ നടക്കുന്നത് സാമൂഹിക ശാസ്ത്ര പദ്ധതികള്‍ ഉപയോഗിച്ചാണല്ലോ, എന്നാല്‍ ഡെന്നറ്റ് ഇവിടെ ഡാര്‍വിന്റെ ‘ഡൈഞ്ചറസ് ഐഡിയ’യും റിച്ചര്‍ഡ് ഡോക്കിന്‍സിന്റെ മീം തിയറി തുടങ്ങിയ പരിണാമശാസ്ത്രത്തിന്റെ അന്വേഷണ പദ്ധതികളുടെ സഹായത്തോടെ മതത്തെ വിശകലനം ചെയ്യുന്നത്.
ഉറുമ്പുകളിലെ ഭ്രാന്തന്‍മ്മാര്‍
പുസ്തകത്തിന്റെ തുടക്കത്തില്‍ ഡെന്നറ്റ് ചില ഉറുമ്പുകള്‍ക്ക് ബാധിക്കുന്ന ഒരു പ്രത്യേക പെരുമാറ്റ സവിശേഷതയെ കുറിച്ചു പറയുന്നുണ്ട്. ഇത്തരം ഉറുമ്പുകള്‍ പുല്‍നാമ്പിന്റെ അറ്റത്തേക്ക് കയറാന്‍ ശ്രമിക്കുന്നു, അത് എത്ര തവണ വീണാലും പിന്നെയും പിന്നെയും പുല്‍നാമ്പിന്റെ ആഗ്രത്തിലേക്ക് കയറാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു, എത്ര തവണ പരാജയപ്പെട്ടാലും അതിന്റെ ശ്രമം തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു! നമ്മുടെ നാറാണത്ത് ഭ്രാന്തന്‍ അല്ലെങ്കില്‍ ഗ്രീക്ക് പുരാണേതിഹാസ കഥാപാത്രമായ സിസിഫസ് മല മുകളിലേക്ക് പാറ ഉരുട്ടി കയറ്റി, താഴേക്ക് ഇടുന്നത് പോലെയുള്ള ശ്രമകരമായ ശ്രമം. എന്തിനാണ് ഉറുമ്പ് പുല്‍നാമ്പിന്റെ ആഗ്രത്തിലേക്ക് ഇങ്ങനെ കയറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ? കഠിനവും ഫലമില്ലാത്തതുമായ ഈ പ്രവര്‍ത്തനത്തില്‍ ഉറുമ്പ് ഏര്‍പ്പെടുന്നതിന്റെ കാരണമെന്ത്?
ഉറുമ്പിന് ഇത് കൊണ്ട് പ്രത്യേകിച്ച് ജൈവിക നേട്ടങ്ങളൊന്നുമില്ല. ഭൂപ്രദേശത്തെക്കുറിച്ച് മനസിലാക്കാനോ ഭക്ഷണം കണ്ടുപിടിക്കുകയോ ഇണയെ കാണിക്കുകയോ ഒന്നും ചെയ്യുന്നില്ല. അതിന്റെ തലച്ചോറിനെ നിയന്ത്രിക്കുന്നത് ഒരു ചെറിയ പരാദമായ ലാന്‍സെറ്റ് ഫ്‌ളൂക്ക് (ഡിക്രോസെലിയം ഡെന്‍ഡ്രിറ്റിക്കം) ആണ്. ഈ പരാദത്തിന് അതിന്റെ പ്രത്യുല്‍പാദന ചക്രം പൂര്‍ത്തിയാക്കുന്നതിന് ആടിന്റെയോ പശുവിന്റെയോ വയറ്റില്‍ എത്തേണ്ടതുണ്ട്. ഈ സൂക്ഷമ ജീവിക്ക് അതിന്റെ വംശവര്‍ദ്ധനവിനായി, അതിന്റെ വാഹകരായ ഉറുമ്പിനെ, അതിനു സഹായിക്കുന്ന ഒരു സ്ഥാനത്തേക്ക് (പുല്‍നാമ്പിലേക്ക്) എത്തിക്കുന്നു. അത് വഴി എളുപ്പം ഒരു പശുവിന്റെ വയറ്റിലേക്ക് എത്തുന്നു, ഉറുമ്പ് സ്വന്തം ജീവന്‍ കളഞ്ഞു കൊണ്ട് ഈ പരാദങ്ങളെ അനുസരിക്കുന്നു.
ഇത് ഉറുമ്പുകളില്‍ മാത്രം കാണുന്ന ഒറ്റപ്പെട്ട പ്രതിഭാസമല്ല. ഇതുപോലെ തന്നെ പരാദങ്ങള്‍ മത്സ്യത്തെയും എലികളെയും ബാധിക്കുന്നുണ്ട്. ഇവ അവരുടെ ആതിഥേയരെ തങ്ങളുടെ പ്രയോജനത്തിനായി, ആത്മഹത്യാപരമായി പോലും പെരുമാറാന്‍ ഇടയാക്കുന്നു.
ഇതുപോലൊന്ന് മനുഷ്യര്‍ക്ക് എപ്പോഴെങ്കിലും സംഭവിക്കുണ്ടോ? തീര്‍ച്ചയായുമുണ്ട്. മനുഷ്യര്‍ അവരുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍, ആരോഗ്യം, കുട്ടികളുണ്ടാകാനുള്ള അവസരങ്ങള്‍ എന്നിവ മാറ്റിവയ്ക്കുകയും അവരുടെ തലച്ചോറില്‍ പതിച്ച ഒരു ആശയത്തിന്റെ താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി അവരുടെ ജീവിതകാലം മുഴുവന്‍ നീക്കിവയ്ക്കുകയും ചെയ്യുന്നു. അതിനു വേണ്ടി മരിക്കാന്‍ മനുഷ്യര്‍ക്ക് കുറെ ആശയങ്ങള്‍ ഉണ്ട്. അത്തരം ആശയങ്ങളില്‍ ഏറ്റവും മാരകവും ദൂരവ്യാപക ശേഷിയുള്ളതുമായ ഒന്നായ മതത്തെയാണ് ഈ പുസ്തകത്തില്‍ സൂക്ഷമവിശകലനം ചെയ്യുന്നത്.
കുട്ടികള്‍ക്ക് മതപഠനം വേണോ?
മതപരമായ വളര്‍ത്തലും മതപരമായ വിദ്യാഭ്യാസവും ചെറിയ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ചര്‍ച്ച ചെയുന്ന ഭാഗം, ഡെന്നറ്റ് തുടങ്ങുന്നത്, മാര്‍ക്ക് ടൈ്വനിന്റെ ഒരു ഉദ്ധരണിയോടെയാണ്. ‘അങ്ങനെയല്ലെന്ന് നിങ്ങള്‍ക്കറിയാവുന്നത് വിശ്വസിക്കുന്നതാണ് വിശ്വാസം’ എന്ന് പറഞ്ഞത് സ്‌കൂള്‍ കുട്ടിയാണ്.
കുട്ടികളുടെ സ്വഭാവ രൂപീകരണം, ഭാഷാപഠനം, തുടങ്ങിയ കാര്യങ്ങളില്‍ മാതാപിതാക്കളുടെ തീരുമാനങ്ങള്‍, സമപ്രായക്കാരുടെ ഇടപെടല്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ആദ്യ പത്ത് പന്ത്രണ്ട് വര്‍ഷങ്ങളില്‍ സ്വാധീനിക്കുന്നു എന്നതിന് ധാരാളം ഗവേഷണ നിരീക്ഷണങ്ങളുണ്ട് . എന്നാല്‍ ഇത്തരം പഠനങ്ങളില്‍ (ചെറു പ്രായത്തില്‍ സ്വാധീനം ചെലുത്തുന്ന കാര്യങ്ങളില്‍ ) ശ്രദ്ധാപൂര്‍വം മതത്തെ മാറ്റിനിര്‍ത്തപ്പെടുന്നുണ്ട്.
ലഹരിപാനീയങ്ങളുടെ ഉപഭോഗം സംബന്ധിച്ച് നിരോധനം വേണോ, ആര്‍ക്ക്, എപ്പോള്‍, എവിടെ കൊടുക്കണം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചു, നമ്മുടെ നാട്ടിലുള്ള നിയമങ്ങളും സമ്പ്രദായങ്ങളും എല്ലാവരേയും ഒരുപോലെ ആഗ്രഹിക്കുന്നത് ആകാനിടയില്ല. പലയിടങ്ങളിലും പൊതു സമ്മതത്തോടെ കൂടിയല്ലെങ്കിലും നിരോധനം പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. എന്നാല്‍ ഫലപ്രാപ്തി ഉണ്ടായില്ലെന്ന് മാത്രമല്ല, മിക്കയിടത്തും പൂര്‍ണമായും പരാജയപ്പെടുകയാണ് ചെയ്തത്. നിലവിലെ അറിവ് അനുസരിച്ചു, നിരോധനത്തിലേക്ക് പോയത് കൊണ്ട് പ്രയോജനമില്ലെങ്കിലും, ഓരോ രാജ്യത്തും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നത് വിലക്കുന്ന നിയമങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്.
ഈ നിയമങ്ങള്‍ കറുപ്പും വെളുപ്പുമായി വിവേചിച്ചു മനസിലാക്കുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ഉദാഹരണത്തിന് മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് മദ്യം നല്‍കുന്നത് കണ്ടാല്‍ നമ്മള്‍ എന്തുചെയ്യണം? പൊതുയിടത്ത്, മാതാപിതാക്കള്‍ അങ്ങനെ ചെയ്താല്‍ കുഴപ്പത്തിലായേക്കാം. എന്നാല്‍, അവരുടെ സ്വന്തം വീടിന്റെ സ്വകാര്യതയിലോ? എല്ലാ വൈകുന്നേരവും ഗൃഹപാഠം ചെയ്യാന്‍ വേണ്ടി ഒരു ഗ്ലാസ് ബിയര്‍ കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലല്ലെങ്കിലും മൂത്ത സഹോദരിയുടെ വിവാഹത്തില്‍ ഒരു ഗ്ലാസ് ഷാംപെയ്ന്‍ കഴിക്കുന്നതിനെ എങ്ങനെ കാണും. അധികാരികള്‍ക്ക് എപ്പോഴാണ് ഇത് ദുരുപയോഗമാണോ അല്ലെ എന്ന് തീരുമാനിക്കാന്‍ കഴിയുക? തടയാനുള്ള ബാധ്യത ഉണ്ടാകുന്നത്? കഠിനമായ ചോദ്യങ്ങളല്ലേ? വിഷയം ലഹരി വസ്തുക്കളല്ല, മതമാകുമ്പോള്‍ അവയൊട്ടും എളുപ്പമാകില്ല. മദ്യത്തിന്റെ കാര്യത്തില്‍, നമുക്കൊരു രാഷ്ട്രീയബോധമുണ്ട്. ഹ്രസ്വ-ദീര്‍ഘകാലത്തേക്ക് അത് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ച കാര്യങ്ങളാണ് പ്രധാനമായി അതിന് വേണ്ടി ഉപയോഗിക്കുന്നത്, എന്നാല്‍ മതത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും അന്ധരായി തുടരുന്നു.
ലോകമെമ്പാടും കാണപ്പെടുന്ന കടുത്ത മതപരമായ ഹിംസകളെയും പീഡനങ്ങളെയും മനസിലാക്കുന്നത് വരെ, മതപരമായി കുട്ടികളെ വളര്‍ത്തുന്നത് ഹാനികരമാകുമെന്ന ആശയത്തെ തന്നെ പലരും പരിഹസിക്കും. ഒരു കുട്ടിയും ഒരിക്കലും കത്തോലിക്കാ കുട്ടിയായോ മുസ്ലീം കുട്ടിയായോ അല്ലെങ്കില്‍ നിരീശ്വരവാദിയായ കുട്ടിയായോ ആയി തിരിച്ചറിയരുതെന്ന് പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനും നാസ്തികനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സ് നിര്‍ദ്ദേശിക്കുന്നു, കാരണം ഈ തിരിച്ചറിവ് തന്നെ അവരെ അപായപ്പെടുത്തുന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്.
മാതാപിതാക്കള്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നത് കൊണ്ട് അവരുടെ കുട്ടികളെ പുകവലിക്കുന്ന, മദ്യപിക്കുന്ന കുട്ടികളായി ആരെങ്കിലും സങ്കല്‍പ്പിക്കാറുണ്ടോ?എന്നാല്‍ മതത്തിന്റെ കാര്യം അങ്ങനെയാണോ? ‘ഏഴ് വയസ്സാകുന്നതിന് മുമ്പ് എനിക്ക് ഒരു കുട്ടിയെ തരൂ, ഞാന്‍ നിങ്ങള്‍ക്ക് വേണ്ട വ്യക്തിയെ തരാം,’ പലരും ഉപയോഗിച്ച് കണ്ടിട്ടുള്ള ഒരു ജെസ്യൂട്ട് ഉദ്ധരണിയാണിത്. എന്നാല്‍ കുട്ടികളെല്ലാം അത്രത്തോളം എളുപ്പം വഴങ്ങുന്നവരാണെന്ന് തോന്നുന്നില്ല. വര്‍ഷങ്ങളോളം മതപാരമ്പര്യങ്ങളില്‍ മുങ്ങിക്കുളിച്ച നടന്ന കുട്ടികള്‍ പിന്നീട് യുവാക്കളായി കഴിയുമ്പോള്‍ അതിനോട് പുറം തിരിഞ്ഞ് തോളു കുലുക്കിചിരിച്ചുകൊണ്ട് നടന്നുപോയതിന് അനവധി തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്.
പ്രത്യയശാസ്ത്ര ജയിലുകള്‍
മറുവശത്ത്, പ്രത്യയശാസ്ത്ര ജയിലില്‍ വളര്‍ത്തപ്പെടുന്ന, ചില കുട്ടികള്‍ സ്വമേധയാ അവരുടെ ജയിലര്‍മാരാകുന്ന അവസ്ഥയുമുണ്ട്. പ്രൈമേറ്റിന്റെ ബുദ്ധിവൈഭവത്തെ കുറിച്ച് പഠനങ്ങള്‍ നടത്തിയ ന്യൂറോ ഫിസിയോളജിസ്റ്റായ നിക്കോളാസ് ഹംഫ്രി പറഞ്ഞതുപോലെ, അവരുടെ മനസ്സിനെ മാറ്റിമറിച്ചേക്കാവുന്ന വിമോചന ആശയങ്ങളുമായുള്ള സമ്പര്‍ക്കം വിലക്കിക്കൊണ്ട്, ചില കുട്ടികള്‍ തങ്ങളുടെ തന്നെ ജയിലര്‍മാരാകുന്ന തരത്തില്‍, പ്രത്യയശാസ്ത്ര ജയിലില്‍ വളര്‍ത്തപ്പെടുന്നു. ‘ഞങ്ങള്‍ കുട്ടികളോട് എന്താണ് പറയുക?’ എന്ന തന്റെ ചിന്തോദ്ദീപനീമായ ലേഖനത്തില്‍, ‘കുട്ടികളെ എപ്പോള്‍ എങ്ങനെ, ഒരു വിശ്വാസ സമ്പ്രദായം പഠിപ്പിക്കുന്നത് ധാര്‍മ്മികമായി ന്യായികരിക്കന്നതാണെന്ന് ‘ തീരുമാനിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ധാര്‍മ്മിക പ്രശ്നങ്ങളെ കുറിച്ച് ഹംഫ്രി ചര്‍ച്ച ചെയ്യുന്നുണ്ട്.
ഈ കുട്ടികള്‍, പിന്നീടുള്ള ജീവിതത്തില്‍, എങ്ങനെയെങ്കിലും ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ അവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ എന്ത് തിരഞ്ഞെടുക്കും? ഇത്തരം സാങ്കല്‍പ്പിക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി നമ്മള്‍ എന്ത് തീരുമാനം എടുക്കും? യഥാര്‍ത്ഥത്തില്‍ ഇത്തരം ധാര്‍മിക പ്രശ്‌നങ്ങള്‍ക്ക് ധാരാളം അനുഭവപരമായ തെളിവുകളും പൊതു തത്വങ്ങളും ഉണ്ടെന്ന് അദ്ദേഹം വാദിക്കുന്നു, അതില്‍ നിന്ന് വ്യക്തമായ നിഗമനങ്ങളില്‍ നിന്ന് ഉത്തരത്തില്‍ എത്താന്‍ കഴിയും.
പല കാരണത്താല്‍, അറിവോടെയുള്ള തീരുമാനമെടുക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് വേണ്ടി, അത്തരം മനഃസാക്ഷിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഞങ്ങള്‍ ചിലപ്പോഴൊക്കെ അനുവദീയരും ബാധ്യസ്ഥരും ആയിത്തീരുന്നു. ഈ തത്വം ഉപയോഗിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. മറ്റ് പല വിഷയങ്ങളില്‍ രാഷ്ട്രീയ സമവായ ചര്‍ച്ചയിലൂടെ തീരുമാനമെടുത്ത് കടന്നുപോയിട്ടുണ്ട്, പിന്നെ എന്ത് കൊണ്ട് വിശ്വാസ സംബന്ധമായ വിഷയത്തില്‍ നമ്മള്‍ പിന്നോട്ട് പോകുന്നു…
ഭാവിയെ കുറിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് വേണ്ടി, അത്തരം മനഃസാക്ഷിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ മറ്റുള്ളവര്‍ക്ക് ധാര്‍മികമായി കഴിയേണ്ടത്തിന്റെ ആവശ്യകതയെ വ്യക്തമാകാന്‍ വേണ്ടി ഡെന്നറ്റ് മുതിര്‍ന്നവരെ കുറിച്ചുള്ള ഒരു ഉദാഹരണം പറയുന്നുണ്ട്.
ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍
ഇന്ത്യന്‍ ദ്വീപു സമൂഹങ്ങളായ ആന്‍ഡമാന്‍ നിക്കോബാറിലെ സെന്റിനന്റല്‍ ദ്വീപിലും, ജരാവ ദ്വീപിലും തീര്‍ത്തും ഒറ്റപ്പെട്ട് ഇപ്പോഴും ശിലായുഗത്തില്‍ ജീവിക്കുന്ന ആദിവാസി ജനവിഭാഗങ്ങളുണ്ട്. തങ്ങളുടെ ദ്വീപ് പ്രദേശങ്ങളിലെക്ക് എത്തുന്ന പര്യവേക്ഷകരെയും വ്യാപാരികളെയും പോലും അമ്പും വില്ലും ഉപയോഗിച്ച് നിര്‍ഭയരായ പ്രതിരോധിച്ചു കൊണ്ട് നൂറ്റാണ്ടുകളായി അകറ്റി നിര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. അതിനാല്‍ അവരെക്കുറിച്ച് വളരെക്കുറിച്ചേ പുറം ലോകത്തിന് അറിയൂ, കുറച്ചുകാലമായി ഇന്ത്യാ ഗവണ്‍മെന്റ് ഈ ദ്വീപുകളുമായുള്ള എല്ലാ സമ്പര്‍ക്കങ്ങളും നിരോധിച്ചിരിക്കുകയുമാണ്. 2004 ഡിസംബറിലെ വലിയ സുനാമിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇവരുടെ അവസ്ഥ ലോകശ്രദ്ധയിലേക്ക് വന്നിട്ടുണ്ട്. ( 1991ലെ സെന്‍സസ് പ്രകാരം 24 പേര്‍ മാത്രമുണ്ടായിരുന്ന സെന്റിനലീസ് ആദിവാസികള്‍ 2011-ഓടുകൂടി 15 പേരായി കുറഞ്ഞു. മൂന്ന് സ്ത്രീകള്‍ മാത്രമാണ് അതിജീവിക്കുന്നത്. ബാക്കി 12 പേരും പുരുഷന്മാരാണ്.)
ഈ ഒറ്റപ്പെടല്‍ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയുമോ എന്ന് സംശയമാണ്. ബാഹ്യമായ ഇടപെടല്‍ ഒന്നുമില്ലാതെ നാമാവശേഷര്‍ ആവാതെ സംരക്ഷിക്കേണ്ടതില്ലേ? പക്ഷേ അങ്ങനെയാണെങ്കില്‍പ്പോലും അത് വേണോ? കാര്യം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? തീര്‍ച്ചയായും നരവംശശാസ്ത്രജ്ഞരല്ല, പതിറ്റാണ്ടുകളായി ഈ ആളുകളെ, മറ്റു നാഗരികാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതെ സംരക്ഷിക്കാന്‍ അവര്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്, ഈ മനുഷ്യരെ ‘സംരക്ഷിക്കാന്‍’ അവര്‍ ആരാണ്? സൂക്ഷ്മമായി ശേഖരിക്കുകയും ‘മലിനീകരണ’ത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തു ലബോറട്ടറി മാതൃകകള്‍ പോലെ സൂക്ഷിക്കാന്‍ നരവംശശാസ്ത്രജ്ഞര്‍ക്ക് അവര്‍ സ്വന്തമല്ല. ഈ ദ്വീപുകളെ ഒരു മനുഷ്യ മൃഗശാലയായോ സംരക്ഷിക്കണമെന്ന ആശയം തന്നെ കുറ്റകരമാണ്.
മത ജയിലുകളില്‍ കഴിയുന്നവരെ, ബോധവല്‍ക്കരിക്കാനും ആധുനിക മൂല്യ ബോധങ്ങളുമായി പരിചയപ്പെടുത്താനും അവരെ തടവറകളില്‍ നിന്നും വിമോചിപ്പിക്കാനുള്ള താക്കോല്‍ എന്നത് ശാസ്ത്രീയ ചിന്ത പദ്ധതികളോടെ ഇടപെടല്‍ ആവശ്യമാണെന്ന് അടിവാര ഇടുന്ന പുസ്തകമാണ് ‘Breaking the spell’. തീര്‍ച്ചയായും മതത്തെയും അതിന്റെ അതിജീവന രീതികളും മനസിലാക്കുന്നതോടൊപ്പം അതില്‍ നിന്നും രക്ഷപ്പെടുന്നതിനും രക്ഷപ്പെടുത്തുന്നതിനും ഊര്‍ജ്ജം ഈ പുസ്തകം നല്‍കുന്നുണ്ട്.