കഴിഞ്ഞ 30-40 വർഷത്തിനിടെ, രാജ്യം വിട്ടുപോയവരിൽ, ഏറ്റവും പ്രഗത്ഭരായ പ്രൊഫഷണലുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു മസ്തിഷ്ക പ്രതി-പ്രവാഹം (റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ) രൂപകൽപ്പന ചെയ്യാൻ ഇന്ത്യയ്ക്ക് സമയമായോ?
റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് H-1B വിസ സംവിധാനത്തിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ ഇന്ത്യയിൽ പലവിധത്തിലുള്ള ചർച്ചകൾക്കു വഴിതെളിച്ചിരുന്നു. തിരിച്ച് കുടിയേറൽ (റിവേഴ്സ് മൈഗ്രേഷൻ) അഥവാ പ്രതിപ്രവാസം എന്ന സാധ്യത ഇതിൽ ഒരു പ്രധാന ചർച്ചാവിഷയമായിരുന്നു. കഴിഞ്ഞ 30-40 വർഷത്തിനിടെ, വിവര സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, മറ്റ് നൂതന വ്യവസായങ്ങൾ എന്നീ മേഖലകളിൽ രാജ്യം വിട്ടുപോയവരിൽ, ഏറ്റവും പ്രഗത്ഭരായ പ്രൊഫഷണലുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു മസ്തിഷ്ക പ്രതി-പ്രവാഹം (റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ) രൂപകൽപ്പന ചെയ്യാൻ ഇന്ത്യയ്ക്ക് സമയമായി എന്നതാണ് ഇതിൽ മുഖ്യമായ ഒരു വാദം. ഈ വാദം ശരിയാണോ? നമുക്ക് പരിശോധിക്കാം.
വിദേശ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്ന് രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാൻ സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. H-1B വിസകൾ എല്ലായ്പ്പോഴും ആതിഥേയ രാജ്യമായ അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാണ്. അതിനാൽ ഫീസ് വർദ്ധനവ് പ്രതിഭകളെ തിരിച്ചാകർഷിക്കാനുള്ള ഇന്ത്യയുടെ സാധ്യതക്കു അനുകൂലമായ സാഹചര്യമൊരുക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
യുഎസിലെ വർദ്ധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ അന്തരീക്ഷം ചില ഇന്ത്യക്കാരെ മടക്കയാത്രയെപ്പറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നു കരുതുന്നതിൽ തെറ്റില്ല. അപ്പ്രതീക്ഷിതമായിട്ടുണ്ടായ ഒരു മാറ്റത്തോടുള്ള ആലോചനയില്ലാത്ത ഒരു പ്രതികരണമായി (knee jerk reaction) വേണമെങ്കിൽ ഇതിനെ കാണാം. H-1B വിസ വിഷയത്തിൽ ഇതുവരെ പ്രഖ്യാപിച്ചതിൽ കൂടുതലായി വലിയ മാറ്റങ്ങളൊന്നും അമേരിക്കൻ സർക്കാരിൻറെ ഭാഗത്ത് നിന്ന് വരാനുണ്ടെന്ന് കരുതാൻ കാരണമൊന്നുമില്ല. ഫീസ് വർധന, ലോട്ടറി സംവിധാനത്തിലുള്ള ഭേദഗതി എന്നിവയാണ് ഇതുവരെ പ്രഖ്യാപിച്ചതിലെ പ്രധാന മാറ്റങ്ങൾ.
ഇവിടെ 4 സാദ്ധ്യതകൾ പരിഗണിക്കേണ്ടതുണ്ട്:
1. ഈ മാറ്റങ്ങൾ നിയമപരമായി നിലനിൽക്കുമോ എന്നത് ഇനിയും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
2. ഈ മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ H-1B വിസ പ്രയോജനപ്പെടുത്തിയിരുന്ന സ്ഥാപനങ്ങൾ കാലക്രമേണ മറികടക്കാൻ സാധ്യതയുണ്ട്.
3. വ്യവസായങ്ങളെ ഗണ്യമായ രീതിയിൽ പ്രതികൂലമായി ബാധിച്ചാൽ അടുത്ത സർക്കാർ ഈ പുതിയ വ്യവസ്ഥകൾ തിരുത്താൻ സാധ്യതയുണ്ട്.
4. യുഎസ് H-1B വിസ ചട്ടം കർശനമാക്കിയതോടെ, ജർമ്മനി പോലുള്ള രാജ്യങ്ങൾ വൈദഗ്ധ്യമുള്ള ഇന്ത്യൻ കുടിയേറ്റക്കാർക്ക് ഉടൻ തന്നെ ചുവപ്പ് പരവതാനി വിരിക്കുന്നത് നമ്മൾ കണ്ടതാണ്. മറ്റു പല രാജ്യങ്ങളും ഈ വഴി പിന്തുടർന്നേക്കാം.
ഇക്കാരണങ്ങൾകൊണ്ട് ഇപ്പോഴുണ്ടായിരിക്കുന്ന ആവേശം ചായക്കോപ്പയിലെ കൊടുംകാറ്റുപോലെ കെട്ടടങ്ങി എന്നും വരാം.
അമേരിക്കയിൽനിന്നു മറ്റും മടങ്ങിയെത്തി ഇന്ത്യയിൽ ബിസിനസ്സ് തുടങ്ങി വൻ വിജയം കണ്ടെത്തിയവരുടെ അനുഭവകഥകൾ ചുരുക്കമായിട്ടെങ്കിലും കേട്ടിട്ടുണ്ട്. അത്തരം ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടു തിരുച്ചു പോയവുരുടെ കഥകളും കേട്ടിട്ടുണ്ട്.
അപ്പോൾ കാര്യങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കുക എന്നതാണ് ഇവിടെ ശരിയായ മാർഗ്ഗം. ആദ്യംതന്നെ ചരിത്രമൊന്നു പരിശോധിക്കാം.
പ്രതി-പ്രവാസ ചരിത്രം
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പണ്ട് ബഹിരാകാശ ഗവേഷണം, ആണവ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഉന്നതരെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (Indian Institute of Science) പോലുള്ള സ്ഥാപനങ്ങൾ തുടങ്ങാൻ ശ്രമിക്കുകയും ഒരു നല്ല പരിധിവരെ വിജയിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടായ ശക്തമായ ദേശീയതാബോധവും ഗവർമെന്റിന്റെ വ്യക്തമായ ലക്ഷ്യബോധവും ഈ വിജയത്തിൽ സഹായകരമായി എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയതാബോധം വളർത്തൽ പ്രക്രിയ ഇക്കാര്യത്തിൽ സഹായകരമാവില്ല എന്ന് മനസ്സിലാക്കാൻ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ.
അപ്രായോഗികമായ നിയന്ത്രണ വ്യവസ്ഥ (regulatory system), ആളെ മടുപ്പിക്കുന്ന ഉദ്യോഗസ്ഥ സംവിധാനം, പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ, സങ്കീർണ്ണമായ നികുതി നിയമങ്ങൾ, വല്ലപ്പോഴുമാണെങ്കിലും ഉണ്ടാകാറുള്ള സാമൂഹ്യ/വർഗീയ ലഹളകൾ അങ്ങിനെ വ്യവസായ സൗഹൃദമല്ലാത്ത പല പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കാൻ ബാക്കിയുണ്ട്.
ഗോൾഡൻ വിസ, ഇൻവെസ്റ്റ്മെന്റ് വിസ മുതലായവയിലൂടെ സ്ഥിര താമസമോ (permanent residency) പൗരത്വമോ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. തൊഴിൽ തേടി പോകുന്നതിനു പുറമെ സമ്പന്നരും ഉയർന്ന വരുമാനമുള്ളവരുമായ ഇന്ത്യക്കാരുടെ പലായനത്തിന് ഇങ്ങിനെ വേറെയും കാരണങ്ങളുണ്ട്.
ഉള്ളിൽ നിന്ന് പുറത്തേക്ക് തള്ളുന്നതും, പുറത്തുനിന്ന് ആകർഷിക്കുന്നതുമായ നിരവധി ഘടകങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നതുകൊണ്ട് റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ അഥവാ പ്രതി-പ്രവാസം എന്നതിനേപറ്റി ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ഉയർന്നുകാണുന്ന പ്രതീക്ഷയും ആവേശവും നിലവിലുള്ള യാഥാർഥ്യവുമായി വേണ്ടവണ്ണം പൊരുത്തപ്പെടുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
![]()

