‘നോൺവെജ്’ ഭക്ഷണം കഴിച്ചിട്ടാണോ ആനക്കിത്ര ശക്തി കിട്ടിയത്? – സംഗീത് കുമാർ സതീഷ്


“ചിക്കനും മട്ടനും ബീഫുമൊന്നും കഴിക്കാതെ, വെറും ഓലയും പനമ്പട്ടയും മാത്രം തിന്ന് ആനയും കുതിരയുമൊക്കെ എങ്ങനെയാണ് ഇത്രയും പേശിക്കരുത്ത് നേടുന്നത്? സസ്യാഹാരപ്രിയരുടെ മനസ്സിൽ ഇത്തരം ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണ്.”

സസ്യാഹാരവും പ്രോടീനും

ഈയിടെ ഒരു അഭിമുഖത്തിൽ പ്രശസ്ത നള പാചകൻ പഴയിടം പറയുന്നത് കേട്ടതാണ്, “മനുഷ്യ ശരീരം നിർമ്മിക്കപ്പെട്ടത് തന്നെ വെജിറ്റേറിയൻ ഭക്ഷണം കഴിച്ചു ജീവിക്കുവാൻ അനുയോജ്യമായിട്ടാണ്”, കൂടാതെ “ആനക്കിത്ര ശക്തി ഉണ്ടായത് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാതെ അല്ലെ” എന്നത്.

സംഗതി കേൾക്കുന്ന ആർക്കായാലും ഒറ്റയടിക്ക് ശരിയായി തോന്നാം, ആദ്യമായി കേൾക്കുമ്പോൾ കൗതുകകരമായി തോന്നുന്ന ഈ ചോദ്യം, ഭക്ഷണവും പ്രോട്ടീനും സംബന്ധിച്ച ചില ശാസ്ത്രീയ തെറ്റിദ്ധാരണകളിലേക്കാണ് നമ്മളെ നയിക്കുന്നത്. വെറും ഓലയും പനമ്പട്ടയും ആഹരിക്കുന്ന ആനയും കുതിരയുമൊക്കെ ചിക്കനും മട്ടണും മുട്ടയും ബീഫുമൊക്കെ കഴിക്കാതെ എങ്ങനെയാണ് ഇത്ര ശക്തമായ മസിൽ ഒക്കെ ഉണ്ടാക്കി ഇത്രയധികം ശക്തി ആർജിക്കുന്നതെന്ന്. പ്രത്യേകിച്ച് വെജിറ്റേറിയൻ ആരാധകർക്ക് അങ്ങനെ ഒരു ചിന്ത വരുന്നത് സ്വാഭാവികം.

അതേ ആനക്ക് മാത്രമല്ല എല്ലാ Herbivorous ജീവികൾക്കും മസിൽ ഉണ്ടാവുന്നത് മാംസ്യം (protein) കിട്ടുന്നത് കൊണ്ട് തന്നെയാണ്, അത് പഴയിടം കരുതുന്നത് പോലെ തന്നെ ആന എന്നും രാവിലെ മുട്ട പുഴുങ്ങി തിന്നിട്ടോ ഉച്ചക്ക് ആടും കോഴിയും തിന്നിട്ടോ അല്ല.

ആന, കുതിര, പശു, മാൻ എന്നിവ എല്ലാം Herbivorous (സസ്യാഹാര) ജീവികൾ ആണ്. ഇവ മാംസം, മുട്ട തുടങ്ങിയ animal protein ഒന്നും കഴിക്കുന്നില്ല. എന്നിരുന്നാലും ഇവയ്ക്ക് ശക്തമായ പേശികൾ ഉണ്ട്.

ഇതിനുകാരണം, സസ്യങ്ങളിൽ തന്നെയുള്ള പ്രോട്ടീനും (Plant protein) ഇവയുടെ ദഹനവ്യവസ്ഥയിൽ ജീവിക്കുന്ന സഹവർത്തിത ബാക്ടീരിയകളുമാണ് (Symbiotic gut microbes). മനുഷ്യർക്ക് ദഹിപ്പിക്കാനാവാത്ത സെല്ലുലോസ് പോലുള്ള സസ്യഘടകങ്ങളെ വിഘടിപ്പിക്കാൻ ഈ സൂക്ഷ്മാണുക്കൾ സഹായിക്കുന്നു. ഈ പ്രക്രിയയിലൂടെ അമിനോ ആസിഡുകളും, മൈക്രോബിയൽ പ്രോട്ടീനും (സൂക്ഷ്മാണുജന്യ പ്രോട്ടീൻ), മറ്റു പോഷകങ്ങളും ഉത്പാദിപ്പിക്കപ്പെടുകയും, അതുവഴി പേശീനിർമ്മാണത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കുകയും ചെയ്യുന്നു.

ആന ഒരു Herbivorous (സസ്യാഹാര) ജീവിയാണ്. സിമ്പിൾ ആയി പറഞ്ഞാൽ മൃഗങ്ങളുടെ വയറ്റിലുള്ള symbiotic gut ബാക്റ്റീരിയകൾ ആഹാരത്തിലൂടെ ഉള്ളിലെത്തുന്ന സസ്യങ്ങളെ വിഘടിപ്പിച്ചു പ്രോട്ടീൻ ആക്കി മാറ്റുന്നു. ഉള്ളിലെത്തുന്ന സസ്യ പദാർത്ഥങ്ങളിൽ നിന്നും, മൈക്രോബിയൽ സൂക്ഷ്മ ജീവികൾ ഉത്പാദിപ്പിക്കുന്ന പോഷകങ്ങളിൽ നിന്നും അമിനോ ആസിഡുകളും പോഷകങ്ങളും ആഗിരണം ചെയ്യുന്നത് വഴിയാണ് ആവശ്യമായ മാംസ്യ തന്മാത്രകൾ (പ്രോട്ടീൻ ബ്ലോക്‌സ്) ഉത്പാദിപ്പിക്കപ്പെടുന്നത്.

ചവച്ചരച്ചു ഉള്ളിലെത്തുന്ന സസ്യ പദാർത്ഥങ്ങളിൽ നിന്ന് പ്രോട്ടീൻ നിർമ്മിക്കുന്നത് കുടലിൽ ഉള്ള സൂക്ഷ്മാണുക്കളുടെ Gut Microbes / ബാക്ടീരിയകളുടെ സഹായത്താലാണ്. ഇവ സസ്യതന്തുക്കളായ സെല്ലുലോസ് ഘടനയെ വിഘടിപ്പിച്ചു അമിനോ ആസിഡുകൾ ഉൾപ്പെടെയുള്ള പോഷകങ്ങളാക്കി മാറ്റുന്നു.

Hindgut Fermentation: ആനകളിലെ ദഹന പ്രക്രിയ പ്രധാനമായും Hindgut Fermentation പ്രക്രിയയിലൂടെ ആണ് നടക്കുന്നത്. Monogastric herbivores (animals with a simple, single-chambered stomach) ആയ ആനകൾ കഴിക്കുന്ന സെല്ലുലോസുകളെ അവയുടെ വൻകുടലിനു ഉള്ളിലും തുടർന്നുള്ള Cecum എന്ന് വിളിക്കുന്ന ചേംബറിലും, ചെറുകുടലിലും വെച്ച് Symbiotic ബാക്റ്റീരിയകളുടെ സഹായത്തോടെ എത്ര കഠിനമായ സസ്യങ്ങളെയും വിഘടിപ്പിക്കുന്നു. Cecum എന്ന ചേംബറിനുള്ളിൽ ബില്യൺ കണക്കിന് മൈക്രോബുകളും ബാക്റ്റീരിയകളും ആണുള്ളത്. ആനകളെ പൊതുവിൽ Hindgut Fermenters എന്നാണു വിളിക്കാറ്.

ഭാഗികമായി ദഹിച്ച സസ്യങ്ങളും ഉള്ളിലുള്ള മൈക്രോബുകളും ചെറുകുടലിൽ വെച്ച് മൈക്രോബിയൽ പ്രോട്ടീൻ ഉണ്ടാക്കുന്നു. മാത്രമല്ല സസ്യങ്ങളിൽ തന്നെയുള്ള Plant Protein ഇൽ നിന്നും (ഇലകൾ, പുല്ലുകൾ, പയറുവർഗ്ഗങ്ങൾ, വിത്തുകളും ധാന്യങ്ങളും, തണ്ടുകളും വേരുകളും) ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാറുണ്ട്. സസ്യങ്ങളിൽ പ്രോട്ടീനുകളുടെ സാന്ദ്രത മാംസത്തേക്കാൾ നന്നേ കുറവായിരിക്കുന്നത് കൊണ്ടാണ്, സസ്യഭുക്കുകൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വലിയ അളവിൽ ഇലകളും മറ്റും കഴിക്കേണ്ടി വരുന്നത്.

ആനകൾക്ക് ശരാശരി ഒരുദിവസം 150 മുതൽ 300 കിലോഗ്രാം ഭക്ഷണം ആവശ്യമാണ്. ആനകൾക്ക് ഒറ്റ ചേംബർ ഉള്ള ദഹനയവ്യവസ്ഥ ആണുള്ളത്.

സസ്യഭുക്കുകളായ എല്ലാ മൃഗങ്ങളും ഇങ്ങനെയല്ല. അതൊക്കെ വേവ്വെറ പ്രക്രിയകളാണ്. ഉദാഹരണം റൂമിനന്റുകളായ (Ruminants) പശു, പോത്ത്, ആട്, മാൻ തുടങ്ങിയ ജീവികൾക്ക് നാല് അറകളുള്ള ദഹന വ്യവസ്ഥ ആണുള്ളത്.

ആനകൾ ഭക്ഷണം അയവെട്ടി (പകുതി ദഹിപ്പിച്ചതിനെ പിന്നെയും പുറത്തെടുത്തു) കഴിക്കാറില്ല എന്നാൽ റൂമിനന്റ്സ് വിഭാഗത്തിൽ പെടുന്ന സസ്തനികൾ അയവെട്ടി, അതായത് പകുതി ദാഹിച്ചതിനെ പിന്നെയും പുറത്തെടുത്തു ചവച്ചരച്ചാണ് ഭക്ഷണം കഴിക്കാറുള്ളത്.

Non-Ruminants: മനുഷ്യൻ, പന്നി, പട്ടി, കുതിര, മുയൽ ഒക്കെ non-ruminant വിഭാഗത്തിൽ പെടുന്ന ജീവികളാണ് (ഒറ്റ ചേംബർ ഉള്ള ദഹന വ്യവസ്ഥ / അയവെട്ടി ഭക്ഷണം കഴിക്കാത്ത ജീവികൾ). മനുഷ്യൻ Non-ruminant omnivore ആണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, Omnivorous ആയ മനുഷ്യന്റെ വയറ്റിൽ, മൃഗങ്ങളിലെ പോലെ സസ്യാഹാരത്തെ നേരിട്ട് പ്രോട്ടീൻ അഥവാ മാംസ്യം ഉണ്ടാക്കുന്ന സംവിധാനമില്ല.

മൃഗങ്ങളിൽ നിന്ന് വ്യസ്തമായി സസ്യാഹാരികൾ കൂടിയായ മനുഷ്യരിൽ, വയറ്റിനുള്ളിലെത്തി ദഹിപ്പിച്ച സസ്യപ്രോട്ടീനുകൾ (Plant protein) അമിനോ ആസിഡുകളായി വിഘടിപ്പിക്കുകയും വിഘടിപ്പിച്ച അമിനോ ആസിഡുകളെ ആഗിരണം ചെയ്യുകയും അവ രക്തത്തിലൂടെ കോശങ്ങളിൽ എത്തിച്ചു ശരീരത്തിനു വേണ്ട പ്രോട്ടീനുകൾ (പേശികൾ, എൻസൈമുകൾ, ഹോർമോണുകൾ മുതലായവ) നിർമ്മിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു.

മിശ്രഭുക്കുകളായ മനുഷ്യന് ഒരേസമയം സസ്യാഹാരവും മാംസാഹാരവും കഴിക്കാനും ദഹിപ്പിക്കാനുമുള്ള ശേഷി ഉണ്ടെങ്കിലും സസ്യപ്രധാനമോ, സസ്യം മാത്രമോ ആയ ഭക്ഷണരീതി അത്ര നല്ലതല്ല എന്നാണെന്റെ അഭിപ്രായം. മനുഷ്യന് അതിജീവനത്തിനാവശ്യമായ പേശികൾ ഉത്പാദിപ്പിച്ചെടുക്കുന്നതിനു മാംസാഹാരത്തിൽ നിന്നും ലഭ്യമാവുന്ന പ്രോട്ടീൻ കൂടിയേ തീരൂ. മനുഷ്യൻ്റെ ദൈനംദിന പ്രോട്ടീൻ ആവശ്യകത, അവരവരുടെ പ്രായം, ലിംഗഭേദം, പ്രവർത്തനക്ഷമത, ദിനചര്യ, തൊഴിൽസംബന്ധിയായ ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യാനില എന്നിവയൊക്കെ ആശ്രയിച്ചിരിക്കുമെങ്കിലും ശരാശരി ഒരു കിലോ ഗ്രാം ശരീര ഭാരത്തിനു 0.8 grams പ്രോട്ടീൻ മിനിമം വേണം എന്നാണു കണക്കു. ഉദാഹരണത്തിന് 70 കിലോ ഭാരമുള്ള ഒരു മുതിർന്ന മനുഷ്യന് 56 ഗ്രാം പ്രോട്ടീൻ ഒരു ദിവസം എന്ന കണക്കിന് ആവശ്യമാണ്. എന്നാൽ ഇത്രയും മാംസ്യം അഥവാ പ്രോട്ടീൻ ഒരു ദിവസം ഉള്ളിൽ എത്തണം എങ്കിൽ എത്രമാത്രം സസ്യാഹാരം കഴിക്കേണ്ടി വരും എന്നാലോചിക്കാവുന്നതേ ഉള്ളൂ. ഉദാഹരണം പറയുകയാണെങ്കിൽ, ഒരു നേരം ഒരു 200 ഗ്രാം അവിയലിൽനിന്നോ, 300 ഗ്രാം സാമ്പാറിൽ നിന്നോ ഏകദേശം 03 മുതൽ 06 ഗ്രാം പ്രോട്ടീൻ മാത്രമാണ് കിട്ടുന്നത്. ഇനി പ്രോട്ടീൻ കൂടുതൽ ഉള്ള കടല കറി എടുത്താൽ പോലും 300 ഗ്രാമിൽ ഏറിയാൽ ഒരു 10 – 13 ഗ്രാം പ്രോട്ടീൻ കിട്ടിയേക്കാം. അതേസമയം 100 ഗ്രാം ചിക്കനിൽ 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതായത് ഒരു 300 ഗ്രാം കഴിച്ചാൽ തന്നെ 80 ഗ്രാം പ്രോട്ടീൻ ഉള്ളിലെത്തും.

അമിതമായി മനുഷ്യൻ ഇല വർഗ്ഗങ്ങളും പച്ചക്കറികളും മാത്രം കഴിക്കുന്നത്‌, ഫൈബറിന്റെ അമിത ഉപയോഗം മൂലം ദഹന പ്രക്രിയയെ ബാധിക്കുകയും, വയർ കമ്പനം ഗ്യാസ് ഒക്കെ ഉണ്ടാവാനുള്ള സാധ്യത കൂടുതലുമാണ്.

മനുഷ്യന് അവന്റെ ശരീരത്തിനാവശ്യമായ സമീകൃതമായ (ആവശ്യത്തിന് Protein (മാംസ്യം), carbohydrate (അന്നജം) Fat (കൊഴുപ്പ്) അടങ്ങിയ ഭക്ഷണം ആണ് വേണ്ടത് അല്ലാതെ പച്ചക്കറികൾ മാത്രമല്ല.

മനുഷ്യന്റെ ദഹനവ്യവസ്ഥയിൽ ഹെവി സെല്ലുലോസ് അഥവാ അമിതമായ സസ്യ വർഗ്ഗങ്ങൾ ദഹിപ്പിക്കാനുള്ള ദഹനരസങ്ങളില്ല (cellulase enzymes) അതിനാലാണ് പശുവിനെ ഒക്കെ പോലെ നമുക്ക് പുല്ല് ഓല, പ്ലാവില ഒന്നും തിന്നാൻ പറ്റാത്തത്.

Note: പെറുക്കിതിന്നികളായിരുന്ന (Hunter Gatherers) നമ്മുടെ പൂർവികൾ മാംസം കഴിക്കാൻ തുടങ്ങിയത് മുതലാണ് നമ്മുടെ തലച്ചോർ വലുതാകാൻ തുടങ്ങിയതും നമുക്ക് ചിന്താ ശേഷി വന്നതും.

പുരാതന മനുഷ്യൻ ഫലങ്ങൾ മാത്രമായി ഭക്ഷണം കഴിച്ചിരുന്ന കാലം

ഏകദേശം 40 ലക്ഷം മുതൽ 70 ലക്ഷം വർഷം മുമ്പ് വരെ നമ്മുടെ പൂർവ്വികരുടെ ഭക്ഷണങ്ങൾ പ്രധാനമായും ഫലങ്ങൾ, ഇലകൾ, വിത്തുകൾ, ചെറിയ കീടങ്ങൾ ഒക്കെ ആയിരുന്നു. അന്നത്തെ അവന്റെ തലച്ചോർ ഭാരം ഓസ്ട്രലോപിഥിക്കസ് എന്ന വിഭാഗത്തിന് ഏകദേശം 400 മുതൽ 500 ഗ്രാം വരെയും, ഹോമോ ഹാബിലിസ് എന്ന വിഭാഗത്തിന് ഏകദേശം 600 മുതൽ 700 ഗ്രാം വരെ മാത്രമായിരുന്നു.

എന്നാൽ ആധുനിക മനുഷ്യനായ Homo sapiens എന്ന വിഭാഗത്തിന് (ഏകദേശം 2 ലക്ഷം വർഷം മുതൽ ഇന്നു വരെ) മസ്തിഷ്‌ക ഭാരം 1300–1400 ഗ്രാം ആണ്. മസ്തിഷ്‌ക ഭാരം പല ഹോമോ വിഭാഗങ്ങളിലായി  പല തവണ ക്രമേണ വർധിച്ചു കൊണ്ടിരുന്നു. വലിയ മാറ്റം ആണ് ഹോമോ എറെക്റ്റസ് മുതൽ ഹോമോ സാപിയൻസ് വരെ ഉള്ളവരിൽ സംഭവിച്ചത്. അതിനു സുപ്രധാനമായ കാരണം വേവിച്ച ഭക്ഷണം, മാംസ ഉപയോഗം, വെന്തതും അല്ലാത്തതുമായ വൈവിധ്യമാർന്ന ഭക്ഷണ രീതി തുടങ്ങിയവ കൂടിയാണ്. വേവിച്ച ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ അത് എളുപ്പത്തിൽ ദഹിപ്പിച്ചെടുക്കാനും അതുമൂലം ചെറിയ സമയത്തിന് ഉള്ളതിൽ കൂടുതൽ ഭക്ഷണം കഴിക്കാനും അവർക്കായി.

പാചകം ചെയ്ത ഭക്ഷണത്തിൽ നിന്നും മാംസാഹാരത്തിൽ നിന്നും ലഭിച്ച കൂടുതൽ മാംസ്യവും പോഷകവും നിറഞ്ഞ ഭക്ഷണത്തിലൂടെ മനുഷ്യന്റെ തലച്ചോറിനുണ്ടായ വികാസം, പ്രത്യേകിച്ച് Frontal Cortex നുണ്ടായ വികാസത്തിലൂടെ ചിന്തിക്കുവാനും, തീരുമാനങ്ങളെടുക്കുവാനും, ഭാവനയിലൂടെ കഥ പറയുവാനും, സാമൂഹ്യ ബന്ധങ്ങളുണ്ടാക്കുവാനും ഒക്കെ കഴിഞ്ഞതും ഒക്കെ കൊണ്ടാണ്, മനുഷ്യൻ ഇന്ന് കാണുന്ന എല്ലാ പുരോഗതിയും കൈവരിച്ചതും.

മാംസ ഭോജനത്തിന്റെ തെളിവുകൾ

ആദിമ മനുഷ്യർ മാംസാഹരികളായിരുന്നു എന്നതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പ്രധാനം അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളാണ്. കൂർപ്പിച്ച കല്ലുകളും മരക്കമ്പുകളും ഉപയോഗിച്ച് അവർ മൃഗങ്ങളെ വേട്ടയാടിയിരുന്നു. ഇത് വിനോദത്തിനല്ല, മറിച്ച് അതിജീവനത്തിന് വേണ്ടിയായിരുന്നു എന്ന് വ്യക്തം. കൂടാതെ, ഫോസിലുകളിൽ നടത്തിയ ഐസോടോപ്പ് അനാലിസിസ് വഴി, പുല്ലു തിന്നു ജീവിക്കുന്ന മൃഗങ്ങളെ മനുഷ്യർ ആഹാരമാക്കിയിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

സമ്പൂർണ സസ്യഭുക്കുകളായ ജീവികളെ നോക്കിയാൽ അറിയാം അവയുടെ വയറിന്റെ വലിപ്പം. ഉദാഹരണം പശു, എരുമ, പോത്തു, തുടങ്ങിയവ: അതിനു കാരണം അവയുടെ വലിപ്പമേറിയ വയറും, വിവിധ അറകളുള്ള വലിയ ദഹന വ്യവസ്ഥയും, വലിയ വൻകുടലും ഒക്കെയാണ്.

പൂർണമായ മാംസഭുക്കായ ജീവികളെ നോക്കിയാൽ ശക്തമായ ആസിഡ് (ദഹനരസങ്ങൾ) ഉള്ള ദഹന വ്യവസ്ഥയും, നീളമുള്ള ചെറുകുടലും അത്ര വലുതല്ലാത്ത വയറും ഒക്കെ ആയിരിക്കും.

മനുഷ്യന്റെ ശാരീരിക ഘടന പരിശോധിച്ചാൽ, അത് പൂർണ്ണമായും അല്ലെങ്കിലും മാംസാഹാരികളായ ജീവികളോട് ഏറെ സാമ്യമുള്ളതാണെന്ന് കാണാം. ശക്തമായ അമ്ലഗുണമുള്ള (Acidic) ആമാശയവും, നീളമേറിയ ചെറുകുടലും, ഒറ്റ അറയുള്ള ആമാശയവുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. നേരെമറിച്ച്, സസ്യാഹാരികളായ ജീവികളുടെ ദഹനവ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസങ്ങൾ പ്രകടമാണ്. സസ്യങ്ങളിലെ കടുപ്പമേറിയ ഘടകങ്ങളെ ദഹിപ്പിക്കാൻ അവയ്ക്കുള്ള പ്രത്യേക ദഹനപ്രക്രിയകളോ ശാരീരിക സവിശേഷതകളോ മനുഷ്യനിൽ കാണപ്പെടുന്നില്ല. ഇതെല്ലാം വിരൽചൂണ്ടുന്നത് മനുഷ്യൻ ഒരു സമ്പൂർണ്ണ സസ്യാഹാരിയല്ല എന്ന യാഥാർത്ഥ്യത്തിലേക്കാണ്.

ചുരുക്കത്തിൽ, ആന, കുതിര, പശു പോലുള്ള (Herbivores )ജീവികൾ മാംസം കഴിക്കാതെ തന്നെ ശക്തമായ മസിലുകൾ ഉണ്ടാക്കുന്നു.

പഴയിടത്തെ പോലുള്ളവർക്കു ഈ കാലത്തു ഇങ്ങനെ വന്നിരുന്നു ഇത്തരം അശാസ്ത്രീയ വാദങ്ങൾ ഉച്ചത്തിൽ വിളിച്ചു പറയാൻ പറ്റുന്നതും പഴയിടത്തിന്റെ പൂർവികർ കാട്ടുതീയിൽ വെന്ത നല്ല ചുട്ട ഇറച്ചി കഴിച്ചതുകൊണ്ടു കൂടിയാണ്.

Loading