ശരീഅത്ത് എന്ന വിശുദ്ധ മിഥ്യ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു


“വ്യാഖ്യാനങ്ങൾക്ക് വഴങ്ങുന്ന അവ്യക്തമായ നിയമങ്ങൾക്ക് പകരം, യുക്തിസഹവും മനുഷ്യപ്പറ്റുള്ളതുമായ നിയമങ്ങളാണ് ഒരു ആധുനിക സമൂഹത്തിന് ആവശ്യം. യാഥാസ്ഥിതികത്വത്തിന്റെ കെട്ടുപാടുകൾ ഭേദിച്ച്, ഭരണഘടനയിലൂന്നിയുള്ള കൃത്യമായ പരിഷ്കരണങ്ങളിലൂടെ മാത്രമേ നീതിയുക്തമായ ഒരു സാമൂഹികക്രമം കെട്ടിപ്പടുക്കാൻ സാധിക്കൂ.”

ശരീഅത്ത് ഏകീകൃതമാണോ ?

ഇന്ത്യയിലെ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട് നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മുസ്‌ലിം വ്യക്തിനിയമം അഥവാ ശരീഅത്ത്. ലോകമെമ്പാടുമുള്ള സകല മുസ്‌ലിംകളും ഒരുപോലെ അംഗീകരിക്കുന്ന, കാലദേശങ്ങൾക്കതീതമായ യാതൊരു മാറ്റവുമില്ലാത്ത ഒന്നാണ് ശരീഅത്ത് എന്നൊരു തെറ്റിദ്ധാരണ മതയാഥാസ്ഥിതികർ ബോധപൂർവം സമൂഹത്തിൽ നിലനിർത്തുന്നുണ്ട്. എന്നാൽ സർവസ്വീകാര്യമായ ഒരു മുസ്‌ലിം വ്യക്തിനിയമ സംഹിത ലോകത്തൊരിടത്തുമില്ല എന്നതാണ് വസ്തുത. വ്യത്യസ്ത മുസ്‌ലിം രാഷ്ട്രങ്ങളും വിവിധ മതസംഘടനകളും ഏകസ്വരത്തിൽ അംഗീകരിക്കുന്ന ഒരു ശരീഅത്തില്ല. ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സാഹചര്യങ്ങൾക്കനുസരിച്ച് തികച്ചും വിഭിന്നമായ നിയമങ്ങളാണ് പലയിടത്തും പ്രയോഗത്തിലുള്ളത്. ഉദാഹരണത്തിന്, സൗദി അറേബ്യയിൽ നടപ്പിലാക്കുന്ന കർക്കശമായ ശരീഅത്ത് നിയമങ്ങളും ഇന്തോനേഷ്യയിലോ മലേഷ്യയിലോ ഉള്ള ശരീഅത്ത് നിയമങ്ങളും തമ്മിൽ അടിസ്ഥാനപരമായിത്തന്നെ വലിയ അന്തരമുണ്ട്. ദൈവികവും അലംഘനീയവുമാണെന്ന് വാദിക്കപ്പെടുന്ന ഒരു നിയമം എപ്രകാരമാണ് ഓരോ രാജ്യത്തും തികച്ചും വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നത് എന്ന ലളിതമായ ചോദ്യത്തിന് മുന്നിൽത്തന്നെ ഏകീകൃത ശരീഅത്ത് എന്ന വാദം തകർന്നുവീഴുന്നുണ്ട്.

ഇന്ത്യയിലെ സാഹചര്യവും ഇതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല. ഇവിടെയുള്ള മുസ്‌ലിംകൾക്കിടയിൽ പോലും വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ഏകാഭിപ്രായമല്ല ഉള്ളത്. ഇന്ത്യയിൽ നടപ്പിലാക്കിവരുന്ന മുസ്‌ലിം വ്യക്തിനിയമത്തെ പ്രധാനമായും സുന്നി നിയമം, ഷിയാ നിയമം എന്നിങ്ങനെ രണ്ടു വ്യത്യസ്ത ധാരകളായി തിരിക്കാം. ഇവ രണ്ടും തമ്മിൽ അടിസ്ഥാനപരമായ പല കാര്യങ്ങളിലും യാതൊരു യോജിപ്പുമില്ല. ഇതിനുപുറമെ, ബഹുഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തിൽത്തന്നെ ഹനഫി, ഹംബലി, ശാഫിഈ, മാലിക്കി എന്നിങ്ങനെ നാല് പ്രധാന മദ്ഹബുകൾ (കർമ്മശാസ്ത്ര സരണികൾ) നിലവിലുണ്ട്. ഈ നാല് വിഭാഗങ്ങളും പല വിഷയങ്ങളിലും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ വെച്ചുപുലർത്തുന്നവരാണ്. പ്രത്യേകിച്ചും അനന്തരാവകാശ നിയമങ്ങളിലും വിവാഹമോചന നടപടിക്രമങ്ങളിലുമെല്ലാം ഈ വ്യത്യസ്തത വളരെ പ്രകടമായിത്തന്നെ കാണാൻ കഴിയും. സ്വത്തവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓരോ വിഭാഗവും പിന്തുടരുന്നത് പരസ്പരം പൊരുത്തപ്പെടാത്ത നിയമങ്ങളാണ്. ഇത്രയധികം ആഭ്യന്തര വൈരുദ്ധ്യങ്ങൾ നിലനിൽക്കെയാണ്, മാറ്റമില്ലാത്ത ഏകീകൃത ശരീഅത്ത് എന്ന അടിസ്ഥാനരഹിതമായ വാദവുമായി ഒരു വിഭാഗം നിരന്തരം രംഗത്തുവരുന്നത്.

മുസ്‌ലിം വ്യക്തിനിയമങ്ങളും ശരീഅത്തും

ഈയൊരു സങ്കീർണ്ണമായ പശ്ചാത്തലത്തിൽ വേണം 1973-ൽ നിലവിൽവന്ന ‘ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്’ (AIMPLB) എന്ന സംഘടനയുടെ അവകാശവാദങ്ങളെ വിലയിരുത്താൻ. തങ്ങളുടെ പേരിനൊപ്പം ‘അഖിലേന്ത്യാ’ എന്ന വിശേഷണം ചേർത്തിട്ടുണ്ടെങ്കിലും, ഈ സംഘടനയ്ക്ക് യാതൊരുവിധ ദേശീയ സ്വഭാവമോ രാജ്യത്തെ മൊത്തം മുസ്‌ലിംകളുടെ പ്രാതിനിധ്യമോ അവകാശപ്പെടാനാകില്ല. യാതൊരു നിയമപ്രാബല്യവുമില്ലാത്ത, സ്വയം പ്രഖ്യാപിതരായ ഒരു സ്വകാര്യ സംവിധാനം മാത്രമാണിത്. ഇന്ത്യയിലെ മുഴുവൻ മുസ്‌ലിംകൾക്കുവേണ്ടി സംസാരിക്കാൻ ഇവർക്ക് യാതൊരു അർഹതയുമില്ല. സമുദായത്തിനകത്തുനിന്നുതന്നെ ഈ ബോർഡിനെതിരെ ഉയർന്നുവന്നിട്ടുള്ള സമാന്തര സംഘടനകൾ ഇതിന്റെ തെളിവാണ്. ഷിയാ മുസ്‌ലിംകൾ ഈ ബോർഡിനെ അംഗീകരിക്കാത്തതുകൊണ്ടുതന്നെ അവർ ‘അഖിലേന്ത്യാ ഷിയാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്’ രൂപവത്കരിച്ചിട്ടുണ്ട്. അതുപോലെ, പുരോഗമന പക്ഷത്ത് നിൽക്കുന്ന മുസ്‌ലിം സ്ത്രീകളും മുഖ്യധാരയിലുള്ള പേഴ്സണൽ ലോ ബോർഡിന്റെ പുരുഷകേന്ദ്രീകൃതവും യാഥാസ്ഥിതികവുമായ നിലപാടുകളോട് ശക്തമായി വിയോജിക്കുന്നു. പിന്തിരിപ്പൻ നിയമങ്ങളെ ന്യായീകരിക്കുന്ന ബോർഡിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് അവർ ‘അഖിലേന്ത്യാ മുസ്‌ലിം വനിതാ വ്യക്തിനിയമ ബോർഡിന്’ രൂപം നൽകിയിട്ടുണ്ട്. ഈ വിയോജിപ്പുകൾ വ്യക്തമാക്കുന്നത് പേഴ്സണൽ ലോ ബോർഡ് എന്നത് സമുദായത്തിലെ ഒരു ചെറിയ ശതമാനം വരുന്ന യാഥാസ്ഥിതിക പുരുഷന്മാരുടെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുന്ന വേദി മാത്രമാണെന്നാണ്.

ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഏറ്റവും വലിയ പോരായ്മ അത് കൃത്യമായി ക്രോഡീകരിക്കപ്പെട്ട ഒരു നിയമമല്ല എന്നതാണ്. 1937-ൽ നിലവിൽവന്ന ‘മുസ്‌ലിം പേഴ്സണൽ ലോ (ശരീഅത്ത്) ആപ്ലിക്കേഷൻ ആക്ട്’ അനുസരിച്ച്, കക്ഷികൾ മുസ്‌ലിംകളാണെങ്കിൽ വ്യക്തിനിയമങ്ങൾ ബാധകമായ കാര്യങ്ങളിൽ ശരീഅത്ത് ആയിരിക്കും ബാധകമാകുക എന്ന് പറയുന്നുണ്ടെങ്കിലും, എന്താണ് ആ ശരീഅത്ത് എന്ന് അതിൽ കൃത്യമായി നിർവചിച്ചിട്ടില്ല. അപ്പോൾ, എന്താണ് ശരീഅത്ത് നിയമം എന്നതിനെക്കുറിച്ച് അടിസ്ഥാനപരമായ ഒരു ധാരണ പോലുമില്ലാത്തവരാണ് അതിന്റെ സംരക്ഷണത്തിനായി നിരന്തരം മുറവിളികൂട്ടുന്നത്. ശരീഅ നിയമങ്ങൾ എന്തൊക്കെയാണെന്നുള്ള വിശദാംശങ്ങൾ 1937-ലെ ഈ ആക്റ്റിൽ ഒരിടത്തും കൃത്യമായി പറയപ്പെട്ടിട്ടില്ല. അപര്യാപ്തമായ ഈ നിയമങ്ങൾ കൊണ്ട് ആധുനിക സമൂഹത്തിലെ സങ്കീർണ്ണമായ വ്യക്തിനിയമ പ്രശ്നങ്ങളെ കൈകാര്യം ചെയ്യേണ്ടിവരുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ച കാര്യമല്ല. വ്യക്തമായ നിർവചനങ്ങളില്ലാത്ത നിയമങ്ങളെ വെച്ചുകൊണ്ട് സമൂഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഇരുട്ടിൽ തപ്പുന്നതിന് തുല്യമാണ്.

ഒരു നിയമം കൃത്യമായി ക്രോഡീകരിക്കപ്പെടാത്തതിന്റെ ഭവിഷ്യത്തുകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയിലാണ്. ശരീഅത്ത് സംബന്ധമായ നിയമപ്രശ്നങ്ങൾ കോടതികളിൽ എത്തുമ്പോൾ, കൃത്യമായൊരു സിവിൽ കോഡിന്റെ അഭാവത്തിൽ കോടതികൾക്ക് മുസ്‌ലിം കർമ്മശാസ്ത്ര നിയമങ്ങളെ അഥവാ ഫിഖ്ഹിനെ ആശ്രയിക്കേണ്ടിവരുന്നു. ഈ ഫിഖ്ഹ് ഗ്രന്ഥങ്ങളാകട്ടെ നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ടവയും പരസ്പര വിരുദ്ധമായ ഒട്ടനവധി അഭിപ്രായങ്ങൾ നിറഞ്ഞതുമാണ്. അവലംബിക്കാൻ പറ്റുന്ന ഒരേകീകൃത ലിഖിത നിയമമില്ലാത്തപ്പോൾ കോടതികളും അഭിഭാഷകരും ഇതെല്ലാം വ്യാഖ്യാനിക്കാനും നിർവചിക്കാനും നിർബന്ധിതരാകുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ പരസ്പര വിരുദ്ധമായ ഈ ഗ്രന്ഥങ്ങളിൽ നിന്ന് തങ്ങൾക്ക് വേണ്ടത് കണ്ടെത്തി വ്യാഖ്യാനിക്കാനുള്ള വക്കീലിന്റെ മിടുക്ക് മാത്രമാണ് അപ്പോൾ ശരീഅ നിയമം എന്തെന്ന് തീരുമാനിക്കുന്നത്. യുക്തിബോധമുള്ള ഒരു സമൂഹത്തിൽ നീതി നിർണ്ണയിക്കപ്പെടേണ്ടത് സുവ്യക്തമായ ലിഖിത നിയമങ്ങളുടെ അടിസ്ഥാനത്തിലാകണം, അല്ലാതെ അഭിഭാഷകരുടെ വ്യാഖ്യാന സാമർഥ്യത്തിലോ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രന്ഥങ്ങളിലെ അവ്യക്തതകളിലോ അല്ല.

നിയമപരിഷ്കാരങ്ങളെ ഭയക്കുന്ന മതപണ്ഡിതർ

സമുദായത്തിനകത്ത് കാലാനുസൃതമായ നിയമപരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനെ എക്കാലത്തും നഖശിഖാന്തം എതിർക്കുന്നത് യാഥാസ്ഥിതികരായ മതപണ്ഡിത വിഭാഗമാണ്. സമുദായത്തിനകത്ത് വെളിച്ചം കടക്കരുതെന്ന് യാഥാസ്ഥിതികരായ ഈ വർഗം ആഗ്രഹിക്കുന്നത് അതവരുടെ അതിജീവനത്തിന്റെയും ഉപജീവനത്തിന്റെയും പ്രശ്‌നമായത് കൊണ്ടുകൂടിയാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നിയമങ്ങൾ ക്രോഡീകരിക്കപ്പെടുകയും സുവ്യക്തമാകുകയും ചെയ്താൽ, തങ്ങളുടെ വ്യാഖ്യാനങ്ങൾക്കും ഫത്‌വകൾക്കും സമൂഹത്തിലുള്ള പ്രസക്തി നഷ്ടപ്പെടുമെന്ന് ഇവർ ഭയപ്പെടുന്നു. രാജ്യം എല്ലാ മേഖലകളിലും മുന്നോട്ട് പോകുമ്പോൾ സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ഈ വിവരദോഷികളെ പാടേ അവഗണിക്കേണ്ടതുതന്നെയാണ്. കടലിലെ തിരയൊഴിഞ്ഞ് കപ്പലിറക്കാമെന്നത് എത്രത്തോളം അപ്രായോഗികമാണോ, അതുപോലെ തന്നെയാണ് യാഥാസ്ഥിതികരുടെ പൂർണ്ണ സമ്മതം ലഭിച്ചതിന് ശേഷം മാത്രം നിയമപരിഷ്കരണം കൊണ്ടുവരാം എന്ന് ചിന്തിക്കുന്നതും.

വ്യക്തിനിയമങ്ങളുടെ ജനാധിപത്യവൽക്കരണം

കാലഹരണപ്പെട്ടതും വിവേചനപരവുമായ വ്യക്തിനിയമങ്ങളെ അന്ധമായി ന്യായീകരിക്കുന്നതിന് പകരം, അവയെ വിമർശനാത്മകമായി വിലയിരുത്താൻ സമൂഹം തയ്യാറാകണം. വ്യക്തിനിയമ ബോർഡുകളെപ്പോലുള്ള പ്രാതിനിധ്യസ്വഭാവമില്ലാത്ത സമിതികളുടെ സ്ഥാപിത താല്പര്യങ്ങൾക്കപ്പുറം, ലിംഗസമത്വവും നീതിയും ഉറപ്പുവരുത്തുന്ന കൃത്യമായ നിയമങ്ങൾ രൂപപ്പെടുത്തുക എന്നത് ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ബാധ്യതയാണ്. വ്യാഖ്യാനങ്ങൾക്ക് വഴങ്ങുന്ന അവ്യക്തമായ നിയമങ്ങൾക്ക് പകരം യുക്തിസഹവും മനുഷ്യപ്പറ്റുള്ളതുമായ നിയമങ്ങൾ നിലവിൽ വരേണ്ടതുണ്ട്. യാഥാസ്ഥിതികത്വത്തിന്റെ കെട്ടുപാടുകളിൽ നിന്ന് കുതറിമാറി സ്വതന്ത്രവും നീതിയുക്തവുമായ ഒരു സാമൂഹികക്രമം കെട്ടിപ്പടുക്കാൻ ഭരണഘടനയിലൂന്നിയുള്ള കൃത്യമായ പരിഷ്കരണങ്ങൾ അനിവാര്യമാണ്.

Loading