ലിംഗാരാധനയുടെ ജൈവശാസ്ത്രം – മനോജ് ബ്രൈറ്റ് എഴുതുന്നു


“പ്രകൃതി അനുവദിക്കുന്ന ലിംഗത്തിന്റെ വലുപ്പത്തിന് പരിമിതിയുണ്ട്, എന്നാൽ ഭാവനയ്ക്ക് അതിരുകളില്ല. സ്വന്തമായി ഒന്ന് ഡിസൈൻ ചെയ്യാൻ അവസരം ലഭിക്കുന്ന പുരുഷന്റെ സ്വപ്ന സാക്ഷാത്കാരമാണ്  ലിംഗാവരണങ്ങൾ.”

പൗരുഷത്തിന്റെ വേവലാതിയും ജീവശാസ്ത്ര യാഥാർത്ഥ്യങ്ങളും

സ്വന്തം പൌരുഷത്തേക്കുറിച്ചുള്ള പുരുഷന്റെ വേവലാതി സാർവ്വത്രികമായ ഒരു പ്രതിഭാസമാണ്. മറ്റു പ്രിമേറ്റുകൾക്കെല്ലാം ലിംഗത്തിൽ ഒരു ബലത്തിനായി ഒരു എല്ലിന്റെ സഹായമുണ്ട്. Os priapi, os penis, Baculum എന്നൊക്കെ പറയും. എന്നാൽ മനുഷ്യ ലിംഗത്തിന് ഇത്തരമൊരു എല്ലിന്റെ താങ്ങില്ല. മനുഷ്യനിൽ ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം ഹൈഡ്രോളിക്ക് തത്ത്വ പ്രകാരമാണ്. സ്വന്തമായി മറ്റൊരു മനസ്സുള്ളതു പോലെയാണ് പലപ്പോഴും പെരുമാറ്റം. പലപ്പോളും സമയവും, സന്ദർഭവും നോക്കാതെ പ്രവർത്തനോൽസുകനാകുകയും, മറ്റുചിലപ്പോൾ സമയത്ത് സന്ദര്‍ഭത്തിനനുസരിച്ച് ഉയരാതിരിക്കുകയും ചെയ്യും.

ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രമേഹം, നാഡീ സംബന്ധമായ അസുഖങ്ങൾ, ഡിപ്രഷന്‍ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഇവയെല്ലാം ഈ ഹൈഡ്രോളിക്ക് സംവിധാനത്തെ തകരാറിലാക്കാം. ഇന്നലെ വരെ യന്ത്രം വർക്കു ചെയ്തു എന്നത്, തുടര്‍ന്നും വർക്ക് ചെയ്യും എന്നതിന് തെളിവല്ല എന്നര്‍ത്ഥം. അതിനാൽ ഈ വിഷയത്തിൽ പുരുഷന്മാര്‍ക്ക് ഒബ്സ്സെഷന്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

(ആവശ്യം വരുമ്പോൾ താങ്ങു കൊടുക്കാനുള്ള ഒരു ലിംഗാസ്ഥിയുടെ അഭാവവും, ഹൈഡ്രോളിക്ക് സംവിധാനം എപ്പോൾ വേണമെങ്കിലും പണിമുടക്കാം എന്ന ആകുലതയും ബൈബിളിലെ ഉൽപത്തി കഥയെ സ്വാധീനിച്ചിരിക്കാം.)

ലോക്കർ റൂം ഫോബിയയും ‘വലിപ്പ’ത്തിന്റെ പരിണാമവും

ശസ്ത്രക്രിയയിലൂടെ “അതിന്റെ” വലുപ്പം വർദ്ധിപ്പിക്കാൻ ആഗ്രഹിച്ച് പ്ലാസ്റ്റിക്ക് സർജ്ജറിക്ക് തയ്യാറായി വരുന്നവർ പറയുന്ന പ്രധാന കാരണം “locker room phobia” ആണ്. (അതായത് മറ്റുള്ള പുരുഷന്മാര്‍ “അത്” കാണാനിടയായാൽ ഉണ്ടാകുന്ന ഒരു “ഇത്”.) അപ്പോള്‍ മറ്റു പുരുഷന്മാരെ ‘ഇമ്പ്രസ്സ്’ ചെയ്യലും വലിയ ലിംഗത്തിന്റെ പ്രയോജനങ്ങളിൽ പെടുമോ? പുരുഷനെ ഭയപ്പെടുത്തുന്ന ഒന്നാണ് ലിംഗത്തിന്റെ വലുപ്പക്കുറവ്. നമ്മുടെ സെക്സോളജിസ്റ്റുകളും, മനഃശ്ശാസ്ത്രജ്ഞന്മാരും size doesn’t matter എന്ന് ആവര്‍ത്തിച്ച്‌ സമാധാനിപ്പിക്കുമെങ്കിലും, (അവരങ്ങിനെയേ പറയൂ. കാരണം അതു കേള്‍ക്കാന്‍ ആഗ്രഹിച്ചു വരുന്നവരായിരിക്കുമല്ലോ അവരുടെ അടുത്തു പോകുന്നത്.) Size does matter എന്നതാണ് സത്യം. അല്ലാതെ ചെറുതു കൊണ്ട് കാര്യം നടക്കുമെങ്കിൽ പരിണാമം ഒരിക്കലും വലുതൊന്ന് ഉണ്ടാകാൻ മെനക്കെടില്ല. മനുഷ്യന്റെ അടുത്ത ബന്ധുക്കളായ ഗോറില്ലയുടെ ലിംഗത്തിന്റെ നീളം ഒന്നേകാല്‍ ഇഞ്ചാണ്. ഒറാങ്ങ് ഉട്ടാന്റേത് ഒന്നര ഇഞ്ച്. ചിമ്പാൻസിക്ക് മൂന്നിഞ്ച്. മനുഷ്യന് മാത്രം ആറിഞ്ച്. എന്തുകൊണ്ട് മനുഷ്യന് ഇത്ര വലിയ ലിംഗം?

പ്രകൃതി അനുവദിക്കുന്ന ലിംഗത്തിന്റെ വലുപ്പത്തിന് പരിമിതിയുണ്ട്. സ്ത്രീ അനാട്ടമിയുമായി യോജിച്ചു പോകണമല്ലോ. (നമ്മുടെ വാത്സ്യായനന്‍ സ്ത്രീ പുരുഷന്മാരെ മൂന്നായി തിരിച്ച് ഏത് ഏതൊക്കെയായാണ് ചേർച്ച എന്നൊക്കെ പ്രസ്താവിച്ചിട്ടുണ്ട്.) എന്നാല്‍ ഭാവനക്ക് അതിരുകളില്ലാത്തതു കൊണ്ട് സ്വന്തമായി ഒന്ന് ഡിസൈൻ ചെയ്യാൻ അവസരം കിട്ടിയാൽ എന്തായിരിക്കും ഫലം? ന്യൂ ഗിനിയിലെ ആദിവാസികൾ ധരിക്കുന്ന ഫാലോകാർപ്പ് (phallocarp) അഥവാ penis sheath എന്ന് വിളിക്കുന്ന ലിംഗ ഉറയുണ്ട്. രണ്ടു മുതല്‍ നാല് അടി വരെ നീളവും, നാലിഞ്ച് വരെ വണ്ണവുമുള്ള ഇവ ചായം തേച്ചും, ചിത്രപണികൾ ചെയ്തും, തൊങ്ങലുകൾ പിടിപ്പിച്ചുമൊക്കെ മനോഹരമാക്കിയിരിക്കും. കത്തിക്ക് ഉറപോലെ ഈ ലിംഗ ഉറ പുരുഷന്‍ സ്വന്തമായി ഡിസൈന്‍ ചെയ്തിരുന്നെങ്കിൽ ലിംഗത്തിനു എത്ര മാത്രം നീളമുണ്ടാകും എന്നു കാണിക്കുന്നു. സ്വപ്നത്തില്‍ പകുതി രാജ്യം ആര്‍ക്കു വേണം? ഈ ലിംഗാവരണം പുരുഷന്റെ സ്വപ്ന സാക്ഷാത്കാരമാണ്.

മധ്യകാല യൂറോപ്പിൽ പുരുഷന്മാരുടെ വസ്ത്രത്തിൽ codpiece അഥവാ വൃഷണ പൊതി എന്നൊരു ഭാഗമുണ്ടായിരുന്നു. പലരും തുണിയൊക്കെ തിരുകി അത് പരമാവധി വലുപ്പത്തിൽ പ്രദര്‍ശിപ്പിച്ചിരുന്നു. യുദ്ധത്തിന് പോകുമ്പോൾ പടച്ചട്ടയിൽ പോലും ഇതുണ്ട്. (കിംഗ് ഹെന്റി എട്ടാമന്റെ പടച്ചട്ട ചിത്രത്തിൽ) ഇപ്പോഴത്തെ പാന്റ്സിൽ സിബ്ബിനോട് ചേർന്ന് വെറുമൊരു തയ്യൽ മാത്രമെ പഴയ കോഡ്പീസിന്റെ അവശിഷ്ടമായി ബാക്കിയുള്ളൂ.

വിധേയത്വത്തിന്റെ ശാരീരിക നില

സെക്സിനു ആണിന്റേയും, പെണ്ണിന്റേയും സഹകരണം ആവശ്യമാണെങ്കിലും, സസ്തനികളില്‍ പെണ്ണിന്റേത് വിധേയത്വമുള്ള ശാരീരിക നിലയാണ്. അധ്വാനമൊക്കെ ആണിന്റേതാണ്. എല്ലാ സസ്തനികളിലും ആണ് പെണ്ണിന്റെ പുറകില്‍ നിന്നു പ്രവേശിക്കുകയാണ് രീതി. പെണ്ണ് പിന്‍ഭാഗം ഉയര്‍ത്തിയും തല ഭാഗം താഴ്ത്തിയും ആണിനു പ്രവേശിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു.

ഒരു പ്രത്യേക ആവശ്യത്തിനായി രൂപമെടുത്ത അവയവമോ, പെരുമാറ്റ രീതിയോ ചില്ലറ മാറ്റങ്ങളോടെയോ, അല്ലാതെ തന്നെയോ ഉപയോഗിക്കുക എന്നത് ജൈവലോകത്ത് സർവ്വ സാധാരണമായി കാണുന്നതാണ്.
എല്ലാ മൃഗങ്ങളിലും വിധേയത്വവും, അധികാരവും സൂചിപ്പിക്കുന്ന പെരുമാറ്റം ലൈംഗിക ചേഷ്ടകളുമായി സാമ്യമുള്ളതാണ്. വിധേയത്വം പ്രകടിപ്പിക്കുന്ന പെരുമാറ്റത്തിന്റെ നേർ വിപരീതമായിരിക്കും അധികാരം പ്രകടിപ്പിക്കുന്ന പെരുമാറ്റം. മുകളിൽ പറഞ്ഞ പോലെ ആസനം ഉയര്‍ത്തിയും തല ഭാഗം താഴ്ത്തിയും, നാലു കാലിലുള്ള നില വിധേയത്വമായാണ് എല്ലാ മൃഗങ്ങളും മനസ്സിലാക്കുന്നത്‌. ഈ ചേഷ്ടക്ക് ലൈംഗികതയുമായി ബന്ധമൊന്നും ഉണ്ടാകണമെന്നില്ല. കുരങ്ങുകളിലും മറ്റും അക്രമിക്കാൻ വരുന്ന ശക്തനെ തണുപ്പിക്കാൻ മറ്റു ആണുങ്ങളും ഇതേ നിലയാണ് സ്വീകരിക്കുക. ശക്തൻ ദുര്‍ബ്ബലന്റെ പുറത്തു കയറി ലൈംഗികബന്ധം “അഭിനയിക്കും”. അതോടെ രണ്ടു കൂട്ടരും അവരവരുടെ ഉടയോൻ, അടിയാൻ നില മനസ്സിലാക്കി എന്നര്‍ത്ഥം.
പെൺ കുരങ്ങുകളും അവര്‍ക്ക് കീഴിലുള്ള മറ്റു പെൺ കുരങ്ങുകളുമായും ഇതേ പെരുമാറ്റം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വളർത്തു പൂച്ച യജമാനനോട് സ്നേഹം കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വാൽ വടി പോലെ പിടിച്ചും നട്ടെല്ലു വളച്ച് പിന്‍ഭാഗം ഉയര്‍ത്തിയുമാണ് പൂച്ച തന്റെ വിധേയത്വം പ്രകടിപ്പിക്കുന്നത്.

ആർക്കെങ്കിലും വിധേയത്വത്തിന്റെ ശാരീരിക നില നമസ്കാരമോ, നിസ്ക്കാരമോ ആയി സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് വെറും യാദൃശ്ചികമല്ല. ദൈവമെന്ന ആ വലിയ അധികാരിയെ പ്രീതിപ്പെടുത്താൻ കൂടെകൂടെ വിധേയത്വം പ്രകടിപ്പിക്കുകയല്ലതെ വേറെന്തു മാര്‍ഗ്ഗം? സാഷ്ടംഗ പ്രണാമം ഉടയോനേക്കാൾ താഴെയാണ് താൻ എന്ന് സിംബോളിക്കായി കാണിക്കുകയാണ്. അതു പോലെ ബഹുമാനം സൂചിപ്പിക്കാനുള്ള കൈകൂപ്പൽ സാധാരണ നെഞ്ചിന്റെ ലെവലിലാണ്. എന്നാൽ ഭക്തിയും, വിധേയത്വവും കൂടുമ്പോൾ കൈകൾ തലയ്ക്കു മീതെ ഉയർത്തിയാണ് കൈ കൂപ്പുന്നത്. അതും താൻ ശാരീരികമായി താഴെയാണ് എന്ന് സിമ്പോളിക്കായി കാണിക്കുന്നതാണ്.

ധീരതയുടെ പ്രദർശനങ്ങൾ

വാ പൊത്തി പല്ലുകൾ പുറത്തു കാണിക്കാതെ കുനിഞ്ഞ് ശാരീരിക വലുപ്പം പരമാവധി ചെറുതാക്കി നില്‍ക്കുന്നതും വിധേയത്വത്തിന്റെ ലക്ഷണമാണ്. (പല്ല് പുറത്തുകാണിക്കുന്നത് മൃഗങ്ങളില്‍ ആക്രമണ ഭാവമാണ്)
അപ്പോള്‍ അധികാരം പ്രകടിപ്പിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗം ഉപയോഗിക്കാം? ലിംഗം പരിക്കു പറ്റാൻ സാധ്യതയുള്ള, വളരെ വിലപ്പെട്ട അവയവമായതുകൊണ്ട് ആ ഭാഗം എതിരാളിക്ക് ആക്രമിക്കാൻ പാകത്തിൽ പ്രദര്‍ശിപ്പിക്കുക എന്നത് ധൈര്യത്തിന്റേയും, അധികാരത്തിന്റേയും ലക്ഷണമാണ്. ക്ലിന്റ് ഈസ്റ്റ് വുഡ്ഡിന്റേയും മറ്റും കൌബോയ് ചിത്രങ്ങളിൽ കാലുകൾ അകത്തി ഗുഹ്യഭാഗം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള (വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും) നില്‍പ്പ് ശ്രദ്ധിക്കുക. അതൊരു ലോ ആംഗിൾ ഷോട്ടായിരിക്കും. അതായത് കാഴ്ചക്കാർ താഴെ നിന്ന് മുകളിലേക്കു നോക്കുന്നപോലെ. ആരും പറഞ്ഞു തരാതെ തന്നെ നമുക്ക് സഹജമായിത്തന്നെ ഉടമയാര്, അടിമയാര് എന്ന് മനസ്സിലാകുന്നു.

ധീരനെക്കുറിച്ച് he’s got balls..!! എന്ന് ഇംഗ്ലീഷിൽ പറയാറുണ്ട്. മലയാളത്തിലും ഇതേ പ്രയോഗമുണ്ട്. സിംഹാസനത്തിലെ രാജകീയമായ ഇരുപ്പ് കാലുകൾ അകത്തി വച്ചുകൊണ്ടാണ്. രജനികാന്തിന്റെ പടയപ്പ പോലുള്ള സിനിമകളിലും ഇതേ പോസ് കാണാം. പ്രിത്വിരാജിന്റെ ഒരു സിനിമയുടെ പോസ്റ്റർ കമന്റ്റ് ബോക്സിൽ കാണാം. നായകന്റെ മാസ് കാണിക്കുന്നത് മുണ്ട് മടക്കിക്കുത്തി അണ്ടർ വെയർ കാണിച്ചിട്ടാണ്. എതിരാളിയെ കൊച്ചാക്കാന്‍ മുണ്ടു പൊക്കിക്കാണിക്കുന്ന നേതാക്കളുടെ കാര്യം മറന്നുപോകണ്ട.

ഇത്രയും വായിച്ചതില്‍നിന്നു ഉദ്ധരിച്ച ലിംഗവും എതിരാളികളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കാം എന്ന് ഊഹിക്കാം. പ്രസിദ്ധ മൃഗ പെരുമാറ്റ ശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസ് പറയുന്നു….“ആൺ കുരങ്ങുകൾ കാലുകൾ അകത്തി അവരുടെ കാഴ്ചപ്പണ്ടങ്ങൾ പ്രദർശിപ്പിക്കുന്നത് സാധാരണ കാഴ്ചയാണ്. മറ്റൊരു സംഘം അടുത്തു വന്നാൽ ലിംഗം പൂർണ്ണമായും ഉദ്ധരിക്കുകയും, ചിലപ്പോൾ ആവർത്തിച്ച് അതിന്റെ ഉടമയുടെ വയറ്റിൽ അതു കൊണ്ട് തട്ടുകയും ചെയ്യും. ഈ രീതിയിൽ അവക്ക് ഇരുന്നിടത്തു നിന്ന് അനങ്ങാതെ തന്നെ അവരുടെ പ്രമാണിത്തം പ്രകടിപ്പിക്കാൻ സാധിക്കും. നേതാവ് തന്റെ പ്രമാണിത്തം കാണിക്കാനായി താഴേക്കിടയിലുള്ളവനെ സമീപിച്ച് തന്റെ ഉദ്ധരിച്ച ലിംഗം അവന്റെ മുഖത്തിനു നേരെ നീട്ടും.”(ഡെസ്മണ്ട് മോറിസ്)
ലിംഗത്തിന്റെ സിംബോളിസം രസകരമാണ്. ഭാഷയിൽ പോലും അറിഞ്ഞോ, അറിയാതെയോ അത് ഉപയോഗിക്കുന്നുണ്ട്. സര്‍വ്വ സാധാരണമായ FUCK YOU..!! യഥാർത്ഥത്തിൽ “I fuck you” ആണ്. അതുപോലെതന്നെ FUCK OFF..!!. നിന്റെ ലിംഗം ഇങ്ങോട്ടെടുക്കണ്ട എന്ന്. എതിരാളിയെ അപമാനിക്കാനുപയോഗിക്കുന്ന prick എന്ന വാക്ക് നോക്കൂ. ചെറിയ സൂചി പോലെയാണ് എതിർ കക്ഷിയുടേത് എന്നാണ് പരിഹാസം. നമ്മുടെ സുരേഷ് ഗോപിയുടെ പ്രസിദ്ധമായ “ഷിറ്റ്” മറക്കാന്‍ പാടില്ലല്ലോ. ആ സീനില്‍ കൈ കൊണ്ടു ആക്ഷൻ കാണിക്കുന്നത് ലിംഗത്തെ ഉദ്ദേശിച്ചാണ്. I fuck you വിന്റെ വേറൊരു ആവിഷ്കാരം.

ലിംഗാരാധനയുടെ തുടക്കം

സ്വന്തം ലിംഗം രണ്ടോ, മൂന്നോ അടി നീളം വേണമെന്ന് ആഗ്രഹിക്കുന്ന (അതായത് സ്വന്തം ഉയരത്തിന്റെ മുപ്പതോ, നാല്പതോ ശതമാനം) പുരുഷന്റെ ദൈവ സങ്കല്‍പ്പം എന്തായിരിക്കും? ഏറ്റവും വലിയ യജമാനനായ ദൈവത്തിനായിരിക്കും ഏറ്റവും വലുതും, ശക്തിയുള്ളതുമായ ലിംഗം. പറ്റുമെങ്കില്‍ പൂര്‍ണ്ണമായും ലിംഗമായ ഒരു ദൈവം. ലിംഗാരാധനയുടെ തുടക്കം ഇതാണ്. ഏതാണ്ട് എല്ലാ ജനവിഭാഗങ്ങളിലും ലിംഗാരാധനയുണ്ട്. ബാച്ചുസ്, പ്രിയാപ്പസ്, ശിവൻ, ഒസിറിസ്സ്, ബാൽ ഒക്കെ ലിംഗ ദൈവങ്ങളാണ്. എല്ലാ ജനതയും ഒറ്റക്കൊറ്റക്ക്‌ ലിംഗാരാധന കണ്ടുപിടിച്ചിട്ടുണ്ട്. നമ്മുടെ തലച്ചോറിന് ആരും പഠിപ്പിക്കാതെ സഹജമായിത്തന്നെ ഉദ്ധരിച്ച ലിംഗത്തിന്റെ സിമ്പോളിസം മനസ്സിലാകുന്നുണ്ട് എന്നർത്ഥം.

പുരാതന ഈജിപ്ത്തില്‍ ബബൂണ്‍ കുരങ്ങ് (sacred baboon) പൗരുഷത്തിന്റെ പ്രതീകമായി ആരാധിക്കപ്പെട്ടിരുന്നു. മമ്മികളായും ചിത്രങ്ങളിലും ഉദ്ധരിച്ച ലിംഗവുമായി ബബൂണിനെ കാണാം. (യഥാർത്ഥ ബബൂണുകളും പരസ്പരം അഭിവാദ്യം ചെയ്യുന്നത് ഇങ്ങനെ പരസ്പരം ലിംഗം പിടിച്ചു കുലുക്കിയാണ്)

പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തിൽ രസകരമായ ഒരു കഥയുണ്ട്. അബ്രഹാം തന്റെ ദാസനെക്കൊണ്ട് ഒരു പ്രതിജ്ഞ ചെയ്യിക്കുമ്പോൾ പറയുന്നത്, “നിന്റെ കൈ എന്റെ തുടയിൻകീഴിൽ വയ്ക്കുക” (ഉല്പത്തി 24:2 ) എന്നാണ്. ശരിക്കും ലിംഗം/വൃഷണം എന്ന വാക്കിനെയാണ് തുടയുടെ കീഴെ എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്. ഇതേ പ്രയോഗം ബൈബിളിൽ വേറെ ഇടങ്ങളിലും ഉണ്ട്. സൃഷ്ടി കർമ്മത്തിന് ഉപയോഗിക്കുന്ന അവയവം പ്രപഞ്ച സൃഷ്ടാവിന്റെ സിംബലായി മാറിയിരിക്കുന്നു. അതിൽ പിടിച്ചാണ് സത്യം ചെയ്യുന്നത്. (Testify, testimony തുടങ്ങിയ വാക്കുകൾ testis ൽ നിന്നാണ് വന്നതെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.) പഴയ നിയമത്തിലെ യഹോവയും, മനുഷ്യനും തമ്മിലുള്ള കരാറിന്റെ അടയാളമായി യഹോവ ലിംഗ പരിച്ഛേദന ആവശ്യപ്പെടുന്നതും അങ്ങനെയാണ്. സുന്നത്തു കർമ്മം ലിംഗാരാധനയുടെ ഭാഗമാണ് എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ?

ക്രിസ്തു മതത്തിനു മുന്‍പും കുരിശ് പ്രചാരത്തിലുണ്ടായിരുന്നു. ഒരു തലയും രണ്ടു വശങ്ങളിലേക്ക് വൃഷണങ്ങളും, തഴേക്ക്‌ ലിംഗവുമായുള്ള രൂപമായിരുന്നു അത്. ഒരു പക്ഷേ ക്രിസ്തു മതം കുരിശ് അവരുടെ അടയാളമായി സ്വീകരിക്കാനുള്ള കാരണം തന്നെ ലിംഗത്തിനെ “ജീവശക്തിയുടെ” ഉറവിടമായി പ്രത്യേകം വിശദീകരണമൊന്നും ഇല്ലാതെതന്നെ മനസ്സിലാകുന്നതു കൊണ്ടായിരിക്കാം എന്ന് അഭിപ്രായമുണ്ട്. യാഗത്തില്‍ അരണി കടഞ്ഞു അഗ്നിയെടുക്കുന്നത് നോക്കുക. ഒരു വടി (ലിംഗം) ഒരു കുഴിയുള്ള കല്ലില്‍ വച്ച് (യോനി) കടഞ്ഞെടുക്കുന്ന തീയാണ് യാഗത്തിന് ഉപയോഗിക്കുന്നത്.

ശിവലിംഗാരാധനയുടെ തുടക്കം 

നമ്മുടെ ശിവലിംഗാരാധനയുടെ കാര്യവും രസകരമാണ്. ആദ്യ കാലങ്ങളില്‍ വളരെ റിയലിസ്റ്റിക്കായ, ശരീരശാസ്ത്രപരമായി തനിരൂപത്തിലുള്ള ലിംഗമായിരുന്നു ആരാധിച്ചിരുന്നത്. ആറാം നൂറ്റാണ്ടിനു ശേഷമാണ് അബ്സ്റ്റ്റാക്ട് ലിംഗങ്ങള്‍ കാണപ്പെടുന്നത്. ശിവലിംഗത്തില്‍ നിന്ന് ഒഴുകുന്ന സാധനം യഥാര്‍ത്ഥത്തില്‍ ശുക്ളമാണ്. അത് കാലം മാറിയപ്പോള്‍ വിശ്വാസത്തെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ഗംഗാദേവിയായി നാം മാറ്റിയെങ്കിലും. ഭഗവാന്‍ എന്നാല്‍ വലിയ ഭഗമുള്ളവന്‍ എന്നു തന്നെയാണ് അര്‍ത്ഥം. എങ്ങനൊക്കെ അര്‍ത്ഥം വ്യാഖ്യാനിച്ചാലും.

Loading