“പ്രത്യയശാസ്ത്രങ്ങൾക്ക് അപ്പുറം സോവിയറ്റ് താല്പര്യങ്ങൾ മാത്രം ലക്ഷ്യമിട്ട് സ്റ്റാലിൻ തന്റെ വിദേശനയങ്ങൾ പലതവണ മാറ്റിയെഴുതി. രാജ്യത്തിന്റെ അതിജീവനത്തിനായി ആരുമായും കൈകോർക്കാൻ മടിക്കാത്ത സമാനതകളില്ലാത്ത പ്രായോഗികതയായിരുന്നു അദ്ദേഹത്തിന്റെ ഭരണതന്ത്രം.”
നയതന്ത്രരംഗത്തെ വിദഗ്ദ്ധൻ
ചരിത്രത്തിന്റെ രചനാവഴികളിൽ എക്കാലത്തും ജോസഫ് സ്റ്റാലിൻ, അഡോൾഫ് ഹിറ്റ്ലർ, വിൻസ്റ്റൺ ചർച്ചിൽ, ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് തുടങ്ങിയ അതികായന്മാർക്കാണ് മുൻഗണന ലഭിച്ചിട്ടുള്ളത്. ആഗോള സംഭവവികാസങ്ങളുടെ ഗതിവിഗതികൾ നിർണ്ണയിച്ചത് ഇവരാണെന്നതിൽ തർക്കമില്ല. എന്നാൽ, ഒരു കാലഘട്ടത്തിന്റെ യഥാർത്ഥ സ്വഭാവവും രാഷ്ട്രീയത്തിന്റെ സങ്കീർണ്ണതകളും പലപ്പോഴും അനാവരണം ചെയ്യപ്പെടുന്നത് ഈ ഭരണാധികാരികളിലൂടെയല്ല, മറിച്ച് അവർക്കൊപ്പം സഞ്ചരിക്കുകയും അവരുടെ അധികാരത്തിന്റെ നിഴലിൽ പ്രവർത്തിക്കുകയും ചെയ്ത സഹയാത്രികരിലൂടെയാണ്. സോവിയറ്റ് യൂണിയന്റെ ചരിത്രം പരിശോധിക്കുമ്പോൾ, ലെനിനെയും ട്രോട്സ്കിയെയും സ്റ്റാലിനെയും ചുറ്റിപ്പറ്റിയുള്ള വിശകലനങ്ങൾക്കപ്പുറം നാം ഗൗരവമായി പരിഗണിക്കേണ്ട ഒരു വ്യക്തിത്വമുണ്ട്; സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് വിദേശനയത്തിന് രൂപം നൽകുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മാക്സിം ലിത്വിനോവ്.
മാക്സിം ലിത്വിനോവ് എന്ന നയതന്ത്രജ്ഞന്റെ ജീവിതം കേവലം ഒരു വ്യക്തിയുടെ ജീവചരിത്രമല്ല. പ്രത്യയശാസ്ത്രം, അധികാരം, ദേശീയ താല്പര്യം, രാഷ്ട്രീയ അതിജീവനം എന്നിവ തമ്മിലുള്ള സങ്കീർണ്ണവും പലപ്പോഴും വിരുദ്ധവുമായ ബന്ധങ്ങളെ മനസ്സിലാക്കാനുള്ള സുവർണ്ണമായൊരു ചരിത്രദർപ്പണമാണത്. സ്റ്റാലിന്റെ നയങ്ങൾ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന ലളിതമായ തർക്കങ്ങൾക്കപ്പുറം, ലിത്വിനോവിന്റെ ഔദ്യോഗിക ജീവിതം ഉന്നയിക്കുന്ന ഒരു വലിയ ദാർശനിക ചോദ്യമുണ്ട്: അധികാരത്തിന്റെ നിലനിൽപ്പിനും രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും മുന്നിൽ പ്രത്യയശാസ്ത്രപരമായ ധാർമ്മികതയ്ക്ക് എത്രത്തോളം പിടിച്ചുനിൽക്കാനാകും?
പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ (1876-ൽ) റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബിയാലിസ്റ്റോക്കിലേ (ഇന്നത്തെ പോളണ്ടിൽ) ഒരു ജൂത കുടുംബത്തിൽ ജനിച്ച മെയർ ഹെനോക് മൊയ്‌സ്‌സെവിച്ച് വാലച്ച്-ഫിങ്കൽസ്റ്റീൻ ആണ് പിന്നീട് ലോകമറിയുന്ന മാക്സിം ലിത്വിനോവ് ആയി മാറിയത്. 1898-ൽ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയിൽ ചേർന്ന അദ്ദേഹം, 1903-ലെ പിളർപ്പിന് ശേഷം ബോൾഷെവിക്കുകൾക്കൊപ്പം നിലയുറപ്പിച്ചു. രാഷ്ട്രീയ പോരാട്ടങ്ങളുടെ ഭാഗമായി യൂറോപ്പിൽ ഒരു നീണ്ട പ്രവാസജീവിതം തന്നെ നയിക്കാൻ അദ്ദേഹം നിർബന്ധിതനായി. ലെനിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം ‘ഇസ്ക്ര’ (Iskra) എന്ന പത്രത്തിന്റെ നടത്തിപ്പിലും വിപ്ലവകാരികൾക്ക് വേണ്ടി ആയുധങ്ങൾ സമാഹരിക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു.
1917-ലെ ഒക്ടോബർ വിപ്ലവത്തിന് ശേഷം ബ്രിട്ടനിലെ സോവിയറ്റ് പ്രതിനിധിയായി ലിത്വിനോവ് നിയമിതനായെങ്കിലും, പുതിയ കമ്മ്യൂണിസ്റ്റ് സർക്കാരിനോടുള്ള പാശ്ചാത്യ ലോകത്തിന്റെ ശത്രുത കാരണം 1918-ൽ അദ്ദേഹത്തിന് അവിടെനിന്ന് പുറത്തുപോകേണ്ടി വന്നു. പിന്നീട് സോവിയറ്റ് വിദേശകാര്യ കമ്മീഷണറായിരുന്ന ജോർജി ചിചെറിന്റെ ഡെപ്യൂട്ടിയായി പ്രവർത്തിച്ച അദ്ദേഹം പതുക്കെ ഒരു ഭരണതന്ത്രജ്ഞനായി രൂപാന്തരപ്പെട്ടു. യുദ്ധം ഒഴിവാക്കാനുള്ള അന്താരാഷ്ട്ര ശ്രമമായ കെല്ലോഗ്-ബ്രിയാൻഡ് (Kellogg-Briand Pact) ഉടമ്പടിയുടെ തത്വങ്ങൾ കിഴക്കൻ യൂറോപ്പിലേക്ക് വ്യാപിപ്പിച്ചുകൊണ്ടുള്ള 1929-ലെ ‘ലിത്വിനോവ് പ്രോട്ടോക്കോൾ’ അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ദ്ധ്യത്തിന്റെ ആദ്യത്തെ വലിയ അംഗീകാരമായിരുന്നു. തെരുവിലെ വിപ്ലവകാരിയിൽ നിന്ന്, അന്താരാഷ്ട്ര വേദികളിൽ സമവായങ്ങൾ രൂപപ്പെടുത്താൻ കഴിയുന്ന ഒരു പ്രതിനിധിയായി ലിത്വിനോവ് മാറിക്കഴിഞ്ഞിരുന്നു.
1930 മുതൽ 1939 വരെ സോവിയറ്റ് വിദേശകാര്യ കമ്മീഷണറായി പ്രവർത്തിച്ച കാലഘട്ടമാണ് ലിത്വിനോവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രസിദ്ധമായ അദ്ധ്യായം. വെറുമൊരു കമ്മ്യൂണിസ്റ്റ് സിദ്ധാന്തവാദി എന്നതിലുപരി, ഭൗമരാഷ്ട്രീയത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. യൂറോപ്പിൽ ഫാസിസവും നാസിസവും ഉയർത്തുന്ന വലിയ ഭീഷണി അദ്ദേഹം മുൻകൂട്ടിക്കണ്ടു.
ഈ ഭീഷണിയെ നേരിടാൻ അദ്ദേഹം സോവിയറ്റിന്റെ ഭാഗത്ത് നിന്നും Collective Security എന്ന ആശയം ഉപയോഗിക്കാൻ തയ്യാറായി. നാസി ജർമ്മനിയെ ഒറ്റപ്പെടുത്താനും തടയാനും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളും സോവിയറ്റ് യൂണിയനും ഒരുമിച്ചു നിൽക്കണം എന്നതായിരുന്നു ഇതിന്റെ കാതൽ. ഇതിനായി അദ്ദേഹം പല നയതന്ത്ര വിജയങ്ങളും നേടിയെടുത്തു. 1933-ൽ അമേരിക്കയുമായി ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. 1934-ൽ സോവിയറ്റ് യൂണിയനെ ലീഗ് ഓഫ് നേഷൻസിൽ അംഗമാക്കി. 1935-ൽ ഫ്രാൻസുമായും ചെക്കോസ്ലോവാക്യയുമായും സുരക്ഷാ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. ആഗോളതലത്തിൽ ഫാസിസത്തിനെതിരായ ഒരു വലിയ സഖ്യം രൂപപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, സോവിയറ്റ് യൂണിയന്റെ ഏറ്റവും സൗമ്യവും സ്വീകാര്യവുമായ മുഖമായിരുന്നു ലിത്വിനോവിന്റേത്.
സ്റ്റാലിൻറെ ആഭ്യന്തര ഭീകരത
എന്നാൽ, ലിത്വിനോവിന്റെ ഈ നയതന്ത്ര സ്വപ്നങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. 1930-കളുടെ അവസാനത്തോടെ യൂറോപ്പിലെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞു. ജപ്പാന്റെ മഞ്ചൂറിയൻ അധിനിവേശം, ഇറ്റലിയുടെ എത്യോപ്യൻ ആക്രമണം എന്നിവ തടയുന്നതിൽ പാശ്ചാത്യ ശക്തികൾ തികഞ്ഞ പരാജയമായിരുന്നു. 1938-ലെ കുപ്രസിദ്ധമായ മ്യൂണിക്ക് ഉടമ്പടി സോവിയറ്റ് വിദേശനയത്തിൽ വലിയൊരു വഴിത്തിരിവായി മാറി. ചെക്കോസ്ലോവാക്യയുടെ ഒരു പ്രദേശം ഹിറ്റ്ലർക്ക് വിട്ടുകൊടുത്തുകൊണ്ട് ബ്രിട്ടനും ഫ്രാൻസും നടത്തിയ പ്രീണനനയം സ്റ്റാലിനിൽ കടുത്ത അവിശ്വാസമുണ്ടാക്കി. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളുമായി ചേർന്ന് ഫാസിസത്തെ നേരിടാമെന്ന ലിത്വിനോവിന്റെ വാദങ്ങൾക്ക് ഇതോടെ പ്രസക്തിയില്ലാതായി.
പക്ഷപാതരഹിതമായി ചരിത്രത്തിൽ നോക്കുമ്പോൾ ഇവരുടെ കൂട്ടായ സുരക്ഷയുടെ തകർച്ചയ്ക്ക് പാശ്ചാത്യ ശക്തികളെ മാത്രം കുറ്റപ്പെടുത്താനാവില്ല. ആഭ്യന്തരമായി സ്റ്റാലിൻ അഴിച്ചുവിട്ട ഭീകരവാഴ്ച ലിത്വിനോവിന്റെ വിദേശനയതന്ത്രത്തെ ഉള്ളിൽ നിന്ന് തന്നെ കാർന്നുതിന്നിരുന്നു. 1935-നും 1939-നും ഇടയിൽ സ്റ്റാലിന്റെ സോവിയറ്റ് രാഷ്ട്രീയം ഭയം, സംശയം, നിർബന്ധിത കുറ്റസമ്മതങ്ങൾ, കൂട്ട അറസ്റ്റുകൾ എന്നിവയാൽ അടിച്ചമർത്തപ്പെടുകയായിരുന്നു. 1936-ൽ തുടങ്ങിയ മോസ്കോയിലെ പരസ്യവിചാരണകൾ 1937-1938 ആയപ്പോഴേക്കും ‘മഹാഭീകരത’യുടെ പാരമ്യത്തിലെത്തി. സോവിയറ്റ് രേഖകൾ പ്രകാരം തന്നെ ആ കാലയളവിൽ ഏകദേശം 6,80,000-ത്തോളം പേർ രാഷ്ട്രീയ കുറ്റങ്ങൾ ചുമത്തപ്പെട്ട് വധിക്കപ്പെട്ടു. ഏറ്റവും നിർണ്ണായകമായി, ആഭ്യന്തര ശുദ്ധീകരണത്തിന്റെ പേരിൽ ചെമ്പടയുടെ മുതിർന്ന കമാൻഡർമാരിൽ പലരും വധിക്കപ്പെടുകയോ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയോ ചെയ്തു. ഇത് സോവിയറ്റ് സൈനിക സജ്ജീകരണങ്ങളെ വല്ലാതെ ദുർബലപ്പെടുത്തി.
വിദേശ രാജ്യങ്ങളോടുള്ള അവിശ്വാസവും ആഭ്യന്തര ഭീകരതയും പരസ്പരം ബന്ധപ്പെട്ടിരുന്നു. ഒരു വശത്ത് പാശ്ചാത്യ രാജ്യങ്ങൾ തന്നെ വഞ്ചിക്കുമെന്ന് സ്റ്റാലിൻ കരുതി. മറുവശത്ത് രാജ്യത്തിനകത്ത് എല്ലായിടത്തും ചാരന്മാരും രാജ്യദ്രോഹികളുമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ സാഹചര്യം ലിത്വിനോവിന്റെ നയതന്ത്രത്തെ പല രീതിയിൽ തകർത്തു. മോസ്കോയിലെ പരസ്യവിചാരണകളും പീഡനങ്ങളും കണ്ട പാശ്ചാത്യ രാജ്യങ്ങൾ സോവിയറ്റ് ഭരണകൂടത്തെ അസ്ഥിരവും അപകടകരവുമായ ഒന്നായി വിലയിരുത്തി. സൈനിക നേതൃത്വത്തെ സ്റ്റാലിൻ തന്നെ കൊന്നൊടുക്കിയത് കണ്ട ബ്രിട്ടനും ഫ്രാൻസിനും സോവിയറ്റ് യൂണിയൻ ഫലപ്രദമായ ഒരു സൈനിക പങ്കാളിയാകുമോ എന്നതിൽ പോലും കടുത്ത സംശയമുണ്ടായി.
ജൂത വിരോധവും ഫാഷിസ്റ്റ് സ്നേഹവും
ലിത്വിനോവിന്റെ ‘കൂട്ടായ സുരക്ഷ’ എന്ന നയത്തിന് പരസ്പര വിശ്വാസവും സുതാര്യതയും ആവശ്യമായിരുന്നു. എന്നാൽ സ്റ്റാലിന്റെ ആഭ്യന്തര രാഷ്ട്രീയം രഹസ്യാത്മകത, ഏകപക്ഷീയമായ നിയന്ത്രണം, സംശയം എന്നിവയ്ക്കാണ് മുൻഗണന നൽകിയത്. ഒരു ജൂതനും അന്താരാഷ്ട്രവാദിയുമായ ലിത്വിനോവ് സ്റ്റാലിന്റെ അങ്ങേയറ്റം സംശയാസ്പദമായ ഈ പുതിയ വ്യവസ്ഥിതിയിൽ രാഷ്ട്രീയമായി ദുർബലനായി മാറി. അങ്ങനെ 1939ന്റെ തുടക്കം ആയപ്പോഴേക്കും ലിത്വിനോവിന്റെ നയം ഉപേക്ഷിക്കാൻ സ്റ്റാലിന് വ്യക്തമായ കാരണങ്ങൾ ലഭ്യമായി. ഹിറ്റ്ലറെ തടയുന്നതിൽ ബ്രിട്ടനും ഫ്രാൻസും പരാജയപ്പെട്ടു, സോവിയറ്റ് സൈനികർക്ക് തങ്ങളുടെ രാജ്യത്തുകൂടി കടന്നുപോകാൻ അനുമതി നൽകാൻ പോളണ്ടും റൊമാനിയയും മടിച്ചു, എല്ലാറ്റിനുമുപരിയായി ‘കൂട്ടായ സുരക്ഷാ’ നയതന്ത്രത്തിൽ സ്റ്റാലിന് പൂർണ്ണമായും വിശ്വാസവും നഷ്ടപ്പെട്ടിരുന്നു.
1939 മെയ് മാസത്തിൽ സ്റ്റാലിൻ ലിത്വിനോവിനെ വിദേശകാര്യ മന്ത്രി പദവിയിൽ നിന്ന് നീക്കി പകരം തന്റെ വിശ്വസ്തനായ വ്യാചെസ്ലാവ് മൊളോട്ടോവിനെ നിയമിച്ചു. ലിത്വിനോവിന്റെ പുറത്താക്കൽ വെറുമൊരു ഉദ്യോഗസ്ഥ മാറ്റമായിരുന്നില്ല. പരസ്യമായ ഫാസിസ്റ്റ് വിരുദ്ധ സഖ്യം കെട്ടിപ്പടുക്കുന്നതിൽ നിന്ന് രഹസ്യമായ ഉഭയകക്ഷി വിലപേശലുകളിലേക്ക് സ്റ്റാലിൻ മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയും കൂടി ആയിരുന്നു അത്. പാശ്ചാത്യരുമായുള്ള സഹകരണത്തിന്റെ പ്രതീകമായിരുന്നു ലിത്വിനോവ്. മാത്രമല്ല, നാസി ജർമ്മനിയുമായി ഒരു ധാരണയിലെത്താൻ സ്റ്റാലിൻ ശ്രമം തുടങ്ങിയപ്പോൾ, ഒരു ജൂതനായ വിദേശകാര്യ മന്ത്രിയെ വെച്ചുകൊണ്ട് ഹിറ്റ്ലറുമായി നയതന്ത്രം സംസാരിക്കുന്നത് പ്രായോഗികമായിരുന്നില്ല. ലിത്വിനോവിന് പകരം മൊളോട്ടോവിനെ നിയമിക്കുന്നത് ബെർലിന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ചൊരു സൂചനയാണെന്ന് സ്റ്റാലിന് അറിയാമായിരുന്നു.
ലിത്വിനോവിന്റെ പുറത്താക്കലിന് ശേഷം രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് 1939 ഓഗസ്റ്റ് 23-ന് ജർമ്മനിയും സോവിയറ്റ് യൂണിയനും തമ്മിൽ നാസി-സോവിയറ്റ് അനാക്രമണ ഉടമ്പടി ഒപ്പുവെച്ചു; കുപ്രസിദ്ധമായ മൊളോട്ടോവ്-റിബ്ബെൻട്രോപ്പ് കരാർ (Molotov-Ribbentrop Pact). 1935-ലെ പോപ്പുലർ ഫ്രണ്ട് നയത്തിന് ശേഷം ഫാസിസമാണ് കമ്മ്യൂണിസത്തിന്റെ പ്രധാന ശത്രുവെന്ന് പ്രഖ്യാപിച്ചിരുന്ന സോവിയറ്റ് ഭരണകൂടം, തങ്ങളുടെ പ്രധാന സൈദ്ധാന്തിക ശത്രുവുമായി താൽക്കാലിക തന്ത്രപരമായ ധാരണയിൽ എത്തി.
ഈ സംഭവം പ്രത്യയശാസ്ത്രത്തിൽ നിന്നും പെട്ടെന്നുള്ള വ്യതിചലനമായിരുന്നില്ല. മറിച്ച്, 1920-കൾ മുതൽ തന്നെ ട്രോട്സ്കിയെയും ബുഖാറിനെയും പോലുള്ള രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിലും, തന്റെ അധികാരം ഉറപ്പിക്കുന്നതിലും സ്റ്റാലിൻ പ്രകടിപ്പിച്ച അധികാര രാഷ്ട്രീയത്തിന്റെ തുടർച്ചയായിരുന്നു ഇത്. ലിത്വിനോവിന്റെ തന്ത്രം ഉപേക്ഷിച്ച്, സോവിയറ്റ് യൂണിയന്റെ ഭൗമരാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ സ്റ്റാലിൻ സ്വീകരിച്ച മറ്റൊരു പ്രായോഗിക നയതന്ത്രം മാത്രമായിരുന്നു ഈ കരാർ.
ഓപ്പറേഷൻ ‘ബാർബറോസ’
ഈ കരാറിലെ രഹസ്യ വ്യവസ്ഥകൾ പ്രകാരം കിഴക്കൻ യൂറോപ്പിനെ ജർമ്മനിയും സോവിയറ്റ് യൂണിയനും തമ്മിൽ വിഭജിച്ചു. വൈകാതെ സോവിയറ്റ് യൂണിയൻ കിഴക്കൻ പോളണ്ട് പിടിച്ചെടുക്കുകയും, ഫിൻലാൻഡിനെതിരെ ശൈത്യകാല യുദ്ധം (Winter War) പ്രഖ്യാപിക്കുകയും, എസ്തോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ ബാൾട്ടിക് രാജ്യങ്ങളെയും റൊമാനിയയിൽ നിന്ന് ബെസ്സറേബിയയും വടക്കൻ ബുക്കോവിനയും സ്വന്തം അതിർത്തിയോട് ചേർക്കുകയും ചെയ്തു. സ്റ്റാലിന് ഇതിൽ പ്രതിരോധപരവും സുരക്ഷാപരവുമായ (strategic depth) ലക്ഷ്യങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്നത് ശരിയാണ്; എങ്കിലും, ഒരു രഹസ്യക്കരാറിന്റെ മറവിൽ നടന്ന ഈ സൈനിക നീക്കങ്ങൾ അടിസ്ഥാനപരമായി അധിനിവേശങ്ങളും, അധീശത്വം അടിച്ചേൽപ്പിക്കലും, സാമ്രാജ്യത്വ വികസനവും തന്നെയായിരുന്നു എന്ന് നിസ്സംശയം പറയാം.
രാഷ്ട്രീയമായ പ്രായോഗികത ഒരുപാട് കാലത്തേക്ക് വിജയിക്കണമെന്നില്ല എന്നത് കാലം തെളിയിച്ചു. കിഴക്കൻ പോളണ്ടിനെ അനായാസം കീഴടക്കിയ സോവിയറ്റ് യൂണിയന് പക്ഷേ വിന്റർ വാറിൽ ഫിൻലൻഡിനെതിരെ നല്ല പോലെ വിയർപ്പൊഴുക്കേണ്ടി വന്നു. താരതമ്യേന ചെറിയ ശക്തി ആയ ഫിൻലൻഡിനോട് കഷ്ടപ്പെട്ട് വിജയിച്ച സോവിയറ്റിന്റെ സൈന്യത്തിനോട് ഹിറ്റ്ലറിനുള്ള മതിപ്പും അതോടെ അവസാനിച്ചു. മാത്രമല്ല സോവിയറ്റ് യൂണിയൻ തങ്ങൾക്ക് പറ്റിയ ഒരു കൂട്ടാളി അല്ല എന്ന നാസികളുടെ തോന്നൽ അതോടെ കൂടുതൽ കൂടുതൽ ബലപ്പെട്ടു. 1941 ജൂൺ 22-ന് ഹിറ്റ്ലർ അനാക്രമണ-ഉടമ്പടി ലംഘിച്ചുകൊണ്ട് സോവിയറ്റ് യൂണിയനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനികാക്രമണം ആരംഭിച്ചു; ‘ഓപ്പറേഷൻ ബാർബറോസ’. മൊത്തത്തിൽ നോക്കിയാൽ മൊളോട്ടോവ്-റിബ്ബെൻട്രോപ്പ് കരാർ സോവിയറ്റ് സൈന്യത്തിന് തയ്യാറെടുക്കാൻ കുറച്ചു സമയം നൽകിയെങ്കിലും (ആ സൈന്യത്തെ ദുർബലപ്പെടുത്തിയത് സ്റ്റാലിൻ തന്നെയായിരുന്നുവെന്നത് മറ്റൊരു യാഥാർത്ഥ്യം), ഹിറ്റ്ലറുടെ ആക്രമണസമയത്തെക്കുറിച്ചുള്ള സ്റ്റാലിന്റെ കണക്കുകൂട്ടലുകൾ പൂർണ്ണമായും തെറ്റായിരുന്നു. നാസി പട സോവിയറ്റ് മണ്ണിലേക്ക് ഇരച്ചുകയറിയപ്പോൾ, ഒറ്റപ്പെട്ടുപോയ സോവിയറ്റ് യൂണിയന് അടിയന്തരമായി പുതിയ സഖ്യകക്ഷികളെ ആവശ്യമായി വന്നു. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളുടെ സഹായമില്ലാതെ പിടിച്ചുനിൽക്കാനാകില്ല എന്ന് സ്റ്റാലിൻ വിഷമത്തോടെ തിരിച്ചറിഞ്ഞു.
സോവിയറ്റ് അംബാസഡറായി തിരിച്ചു വരവ്
ഈ പ്രതിസന്ധി ഘട്ടത്തിലാണ് സ്റ്റാലിൻ വീണ്ടും ലിത്വിനോവിനെ അന്വേഷിക്കുന്നത്. 1939-ൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ലിത്വിനോവ് കൊല്ലപ്പെട്ടിരുന്നില്ല. സ്വന്തം അനുയായികൾ NKVD യുടെ ഭേദ്യം ചെയ്യപ്പെടലിൽ കൊല്ലപ്പെട്ടപ്പോഴും സ്റ്റാലിനുമായി നേരിട്ട് തർക്കം ഒന്നുമില്ലായിരുന്നു എന്നത് ലിറ്റ്വിനോവിന് തുണയായി എന്ന് പറയാം. എന്നാലും 1930-കളിലെ മഹാഭീകരതയിൽ സോവിയറ്റ് രാഷ്ട്രീയത്തിലെ അതികായന്മാർ പലരും കൊലചെയ്യപ്പെട്ടപ്പോൾ, ലിത്വിനോവ് ജീവനോടെ അവശേഷിച്ചു എന്നത് സോവിയറ്റ് ചരിത്രത്തിലെ ഒരു വലിയ വിരോധാഭാസമാണ്. ഭാവിയിൽ പാശ്ചാത്യരുമായി വീണ്ടും ചർച്ചകൾ വേണ്ടിവന്നാൽ ഉപയോഗിക്കാൻ സ്റ്റാലിൻ കരുതിവെച്ച ഒരു ഉപകരണമായിരുന്നിരിക്കാം അദ്ദേഹം എന്ന് ചില ചരിത്രകാരന്മാർ അനുമാനിക്കുന്നു.
1941-ന്റെ അവസാനത്തോടെ വാഷിംഗ്ടണിലെ സോവിയറ്റ് അംബാസഡറായി ലിത്വിനോവ് വീണ്ടും നിയമിക്കപ്പെട്ടു. താൻ വർഷങ്ങളോളം വാദിച്ച അതേ സഖ്യം കെട്ടിപ്പടുക്കാൻ അദ്ദേഹം നിയോഗിക്കപ്പെട്ടത് ചരിത്രത്തിന്റെ ഒരു കാവ്യനീതിയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് റൂസ്‌വെൽറ്റുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി, നിർണ്ണായകമായ ലെൻഡ്-ലീസ് സഹായങ്ങൾ സോവിയറ്റ് യൂണിയനിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
ഹിറ്റ്ലറുമായുള്ള താൽക്കാലിക ആക്രമണരഹിത ധാരണയിൽ നിന്ന് റൂസ്‌വെൽറ്റുമായും ചർച്ചിലുമായുള്ള യുദ്ധകാല സഖ്യത്തിലേക്കുള്ള മാറ്റം സ്റ്റാലിന്റെ രണ്ടാമത്തെ വലിയ വിദേശനയ മലക്കംമറിച്ചിലായിരുന്നു. തലേന്ന് വരെ മുതലാളിത്തത്തെ കടന്നാക്രമിച്ചിരുന്ന സോവിയറ്റ് സംവിധാനം, ഇപ്പോൾ അതേ മുതലാളിത്ത രാജ്യങ്ങളെ ഫാസിസത്തിനെതിരായ പോരാട്ടത്തിലെ ഉറ്റ മിത്രങ്ങളായി പ്രഖ്യാപിച്ചു. സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രപരമായ നിലപാടുകൾ മാറ്റിവെക്കാനും, സ്വന്തം രാജ്യത്തിന്റെ അതിജീവനത്തിനായി ആരുമായും കൈകോർക്കാനും ഒരു ഭരണാധികാരി കാണിക്കുന്ന സമാനതകളില്ലാത്ത പ്രായോഗികതയാണ് നാം ഇവിടെ കാണുന്നത്.
1945-ൽ നാസി ജർമ്മനിയുടെ പതനത്തോടെ ലോകരാഷ്ട്രീയത്തിന്റെ ചിത്രം വീണ്ടും മാറി. പൊതുശത്രു ഇല്ലാതായതോടെ, സോവിയറ്റ് യൂണിയനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക സഖ്യത്തിൽ വീണ്ടും വിള്ളലുകൾ വീണുതുടങ്ങി. കിഴക്കൻ യൂറോപ്പിന്മേലുള്ള സോവിയറ്റ് ആധിപത്യം പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചു. ഫാസിസത്തിനെതിരായ പോരാട്ടം അവസാനിച്ചയിടത്ത് നിന്ന് പുതിയൊരു ശീതയുദ്ധം ജനിക്കുകയായിരുന്നു.
ജീവിതത്തിൽ നിന്നുള്ള പിൻവാങ്ങൽ
ഈ പുതിയ ലോകക്രമത്തിൽ പാശ്ചാത്യ രാജ്യങ്ങളുമായി സഹകരണം ആഗ്രഹിച്ച ലിത്വിനോവിന്റെ നയങ്ങൾക്ക് വീണ്ടും പ്രസക്തി നഷ്ടപ്പെട്ടു. അമേരിക്കയുമായും ബ്രിട്ടനുമായും സമാധാനപരമായ സഹവർത്തിത്വം സാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നെങ്കിലും, സ്റ്റാലിന്റെ നയം അതായിരുന്നില്ല. വീണ്ടും അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ലിത്വിനോവ്, 1951 ഡിസംബർ 31-ന് അന്തരിച്ചു. ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമായിരുന്നു അതെന്നാണ് ഔദ്യോഗികവും ചരിത്രപരമായി സ്വീകരിക്കപ്പെട്ടിട്ടുള്ളതുമായ വിശദീകരണമെങ്കിലും, അദ്ദേഹം രഹസ്യമായി കൊലചെയ്യപ്പെട്ടതാണെന്ന തെളിയിക്കപ്പെടാത്ത ചില അഭ്യൂഹങ്ങളും നിലവിലുണ്ട്. മരണകാരണം എന്തുതന്നെയായാലും, സോവിയറ്റ് വിദേശനയത്തിലെ ഒരു വലിയ അദ്ധ്യായമാണ് അതോടെ അവസാനിച്ചത്.
മാക്സിം ലിത്വിനോവിന്റെ ജീവിതം നമ്മോട് സംസാരിക്കുന്നത് അധികാരത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചാണ്. സ്റ്റാലിൻ കേവലം പ്രത്യയശാസ്ത്രത്തിൽ നിന്ന് പ്രായോഗികതയിലേക്ക് മാറുകയായിരുന്നില്ല, മറിച്ച് സോവിയറ്റ് യൂണിയന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അദ്ദേഹം പലതവണ തന്റെ വിദേശനയ തന്ത്രങ്ങൾ മാറ്റിയെഴുതുകയായിരുന്നു എന്ന് ലിത്വിനോവിന്റെ കരിയർ വ്യക്തമാക്കുന്നു. ലീഗ് ഓഫ് നേഷൻസിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മുതൽ മൊളോട്ടോവ്-റിബ്ബെൻട്രോപ്പ് കരാറിലേക്കും, അവിടെനിന്ന് രണ്ടാം ലോകമഹായുദ്ധത്തിലെ സഖ്യത്തിലേക്കും, ഒടുവിൽ ശീതയുദ്ധത്തിലേക്കും നീളുന്ന ആ ചരിത്രഘട്ടം വ്യക്തമാക്കുന്നത് ഭരണകൂടങ്ങൾക്ക് കേവലം ധാർമ്മികതയുടെ അടിസ്ഥാനത്തിൽ മാത്രം നിലനിൽക്കാനാകില്ല എന്നതാണ്.
ഈ ചരിത്രാനുഭവങ്ങളിൽ നിന്ന് നാം ഉൾക്കൊള്ളേണ്ട വലിയൊരു പാഠമുണ്ട്. രാഷ്ട്രീയ വ്യവസ്ഥകൾ പലപ്പോഴും മനുഷ്യനിൽ നിന്ന് സമ്പൂർണ്ണമായ വിധേയത്വമാണ് ആവശ്യപ്പെടുന്നത്, എന്നാൽ ചരിത്രം ആത്യന്തികമായി വിലയിരുത്തുന്നത് അവരുടെ ദീർഘവീക്ഷണത്തെയാണ്. അധികാരത്തിന്റെ അനിഷേധ്യമായ നിയന്ത്രണം ജോസഫ് സ്റ്റാലിന്റെ കൈകളിലായിരുന്ന ഒരു വ്യവസ്ഥിതിയിൽ ലിത്വിനോവ് ഒരിക്കലും സ്വതന്ത്രനായ ഒരു ബദൽ അധികാര കേന്ദ്രമായിരുന്നില്ല. എങ്കിലും, സോവിയറ്റ് നയതന്ത്രത്തിന് സ്വീകരിക്കാമായിരുന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു നയതന്ത്ര സമീപനത്തെ (diplomatic approach) അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രപരമായ ദുരന്തം കുടികൊള്ളുന്നത് അക്കാലത്തെ ഭരണാധികാരികൾ അനിവാര്യതയുടെ പേരിൽ കൈക്കൊണ്ട തീരുമാനങ്ങളിൽ മാത്രമല്ല, അവർ ബോധപൂർവ്വം ഉപേക്ഷിച്ച ഇത്തരം വ്യത്യസ്തമായ സാധ്യതകളിൽ കൂടിയാണ്.
![]()

