ഒരു ആനയെ വെടിവെച്ച കഥ ലോക രാഷ്ട്രീയത്തെ എങ്ങനെ വിശദീകരിക്കുന്നു – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു


“ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ പലപ്പോഴും യഥാർത്ഥ സുരക്ഷാ ആവശ്യകതയേക്കാൾ ഉപരി ‘ദുർബലരായി തോന്നരുത്’ എന്ന രാഷ്ട്രീയ അന്തസ്സിനെ മുൻനിർത്തിയുള്ളതാണ്. നേതാക്കൾ പലപ്പോഴും യുദ്ധത്തിലേക്ക് തള്ളപ്പെടുന്നു, കാരണം പിൻവാങ്ങൽ ദുർബലതയായി തോന്നും.”

1936-ൽ പ്രസിദ്ധീകരിച്ച “Shooting an Elephant” എന്ന ജോർജ് ഓർവെലിന്റെ ഓർമ്മക്കുറിപ്പിൻറെ വിവർത്തനവും എന്റെ നിരീക്ഷണവും ആണ് താഴെ കൊടുത്തിരിക്കുന്നത്.

Shooting an Elephant

ബർമ്മയിലെ മൗൾമേനിൽ വെച്ച് ധാരാളം ആളുകളുടെ വെറുപ്പിന് പാത്രമായിരുന്നു ഞാൻ. ആ പട്ടണത്തിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസറായിരുന്നു ഞാൻ. അവിടെ യൂറോപ്യൻ വിരുദ്ധ വികാരം വളരെ കയ്പ്പേറിയതുമായ രീതിയിൽ നിലനിന്നിരുന്നു. ഒരു കലാപം ഉണ്ടാക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ലെങ്കിലും ഒരു യൂറോപ്യൻ സ്ത്രീ ഒറ്റയ്ക്ക് അങ്ങാടിയിലൂടെ പോയാൽ ആരെങ്കിലും അവരുടെ വസ്ത്രത്തിൽ വെറ്റില മുറുക്കിത്തുപ്പാൻ സാധ്യതയുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന എന്നെ സുരക്ഷിതമെന്ന് തോന്നുന്നിടത്തെല്ലാം അവർ പരിഹസിക്കുമായിരുന്നു. ഫുട്ബോൾ മൈതാനത്ത് വെച്ച് ഒരു ബർമ്മക്കാരൻ എന്നെ കാലുവെച്ച് വീഴ്ത്തുകയും റഫറി (മറ്റൊരു ബർമ്മക്കാരൻ) അത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്തപ്പോൾ കാണികൾ വികൃതമായ ചിരിയോടെ ആർപ്പുവിളിച്ചു. ഇത് ഒന്നിലധികം തവണ സംഭവിച്ചു. ഒടുവിൽ എല്ലായിടത്തും എന്നെ എതിരേൽക്കുന്ന യുവാക്കളുടെ ആ പരിഹാസം നിറഞ്ഞ മുഖങ്ങളും, സുരക്ഷിതമായ അകലത്തിൽ നിന്ന് എന്നെ കൂവിവിളിക്കുന്ന അധിക്ഷേപങ്ങളും എന്നെ ദേഷ്യം പിടിപ്പിക്കുമായിരുന്നു. യുവ ബുദ്ധ സന്യാസിമാരായിരുന്നു ഇതിൽ ഏറ്റവും മോശക്കാർ. ആയിരക്കണക്കിന് സന്യാസിമാർ ആ നഗരത്തിലുണ്ടായിരുന്നു. തെരുവ് കോണുകളിൽ നിന്ന് യൂറോപ്യന്മാരെ പരിഹസിക്കുക എന്നതല്ലാതെ അവർക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ഇതെല്ലാം ആശയക്കുഴപ്പമുണ്ടാക്കുന്നതും സങ്കടകരവുമായിരുന്നു. കാരണം, ആ സമയമായപ്പോഴേക്കും സാമ്രാജ്യത്വം ഒരു തിന്മയാണെന്നും എത്രയും വേഗം ജോലി ഉപേക്ഷിച്ച് അവിടെ നിന്ന് രക്ഷപ്പെടുന്നതാണ് നല്ലതെന്നും ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. സൈദ്ധാന്തികപരമായും രഹസ്യമായും ഞാൻ ബർമ്മക്കാർക്കൊപ്പവും അവരെ അടിച്ചമർത്തുന്നവരായ ബ്രിട്ടീഷുകാർക്ക് എതിരായിരുന്നു. എന്റെ ജോലി, എനിക്ക് വിവരിക്കാൻ കഴിയുന്നതിലുമധികം ഞാൻ വെറുത്തിരുന്നു. അത്തരമൊരു ജോലിയിൽ, സാമ്രാജ്യത്വത്തിന്റെ വൃത്തികെട്ട മുഖം നിങ്ങൾക്ക് വളരെ അടുത്തറിയാൻ കഴിയും. ലോക്കപ്പുകളിലെ ദുർഗന്ധം വമിക്കുന്ന കൂട്ടിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന പാവപ്പെട്ട തടവുകാർ, ദീർഘകാല തടവുകാരുടെ വിളറിയ ഭയചകിതമായ മുഖങ്ങൾ, ചൂരൽ കൊണ്ട് അടിയേറ്റ് തഴമ്പിച്ച മനുഷ്യരുടെ പിൻഭാഗം—ഇതെല്ലാം എന്നിൽ സഹിക്കാനാവാത്ത കുറ്റബോധം നിറച്ചു.

പക്ഷേ എനിക്കൊന്നും ശരിയായ രീതിയിൽ വിലയിരുത്താൻ കഴിഞ്ഞിരുന്നില്ല. ഞാൻ ചെറുപ്പമായിരുന്നു, അറിവില്ലാത്തവനായിരുന്നു; കിഴക്കൻ രാജ്യങ്ങളിലെ ഓരോ ഇംഗ്ലീഷുകാരനും നിർബന്ധിതമായി പാലിക്കേണ്ടി വരുന്ന കടുത്ത നിശബ്ദതയിൽ ഇരുന്ന് വേണമായിരുന്നു എനിക്ക് എന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ. ബ്രിട്ടീഷ് സാമ്രാജ്യം തകർന്നുകൊണ്ടിരിക്കുകയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു, അതിനെ മാറ്റിസ്ഥാപിക്കാൻ വരുന്ന പുതിയ സാമ്രാജ്യങ്ങളേക്കാൾ എത്രയോ ഭേദമാണ് ഇതെന്നും എനിക്കറിയില്ലായിരുന്നു. എനിക്ക് ആകെ അറിയാമായിരുന്നത്, ഞാൻ സേവിക്കുന്ന സാമ്രാജ്യത്തോടുള്ള എന്റെ വെറുപ്പിനും, എന്റെ ജോലി അസാധ്യമാക്കാൻ ശ്രമിക്കുന്ന ദുഷ്ടന്മാരായ ആ ചെറിയ മനുഷ്യരോടുള്ള എന്റെ ദേഷ്യത്തിനും ഇടയിൽ ഞാൻ കുടുങ്ങിപ്പോയി എന്നാണ്. മനസ്സിന്റെ ഒരു ഭാഗത്ത്, ബ്രിട്ടീഷ് ഭരണത്തെ അടിച്ചമർത്തപ്പെട്ട ജനതയുടെ മേൽ അടിച്ചേൽപ്പിച്ച, തകർക്കാനാവാത്ത ഒരു സ്വേച്ഛാധിപത്യമായി ഞാൻ കരുതി; മറുഭാഗത്ത്, ഒരു ബുദ്ധ സന്യാസിയുടെ വയറ്റിലേക്ക് ബയണറ്റ് കുത്തിയിറക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും ഞാൻ ചിന്തിച്ചു. ഇത്തരത്തിലുള്ള വികാരങ്ങൾ സാമ്രാജ്യത്വത്തിന്റെ സ്വാഭാവികമായ ഉപോൽപ്പന്നങ്ങളാണ്; ഏതെങ്കിലും ആംഗ്ലോ-ഇന്ത്യൻ ഉദ്യോഗസ്ഥനോട് അദ്ദേഹം ജോലി സമയതല്ലാത്തപ്പോൾ ചോദിച്ചു നോക്കൂ.

ഒരിക്കൽ, വക്രമായ രീതിയിലാണെങ്കിലും ഉൾക്കാഴ്ച നൽകുന്ന ഒരു സംഭവം ഉണ്ടായി. അതൊരു ചെറിയ സംഭവമായിരുന്നു, എങ്കിലും സാമ്രാജ്യത്വത്തിന്റെ യഥാർത്ഥ സ്വഭാവത്തെക്കുറിച്ചും സ്വേച്ഛാധിപത്യ സർക്കാരുകൾ പ്രവർത്തിക്കുന്നതിന്റെ യഥാർത്ഥ പ്രേരണകളെക്കുറിച്ചും മുമ്പത്തേക്കാൾ മികച്ച ഒരു കാഴ്ചപ്പാട് എനിക്കത് നൽകി. ഒരു ദിവസം അതിരാവിലെ, നഗരത്തിന്റെ മറ്റേ അറ്റത്തുള്ള പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എന്നെ ഫോണിൽ വിളിച്ച് ഒരു ആന ചന്തയിൽ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ടെന്ന് പറഞ്ഞു. അവിടെ വന്ന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അറിയില്ലായിരുന്നു, എങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ ഞാൻ ഒരു കുതിരപ്പുറത്ത് കയറി പുറപ്പെട്ടു. എന്റെ റൈഫിളും കൂടെ കരുതിയിരുന്നു; അതൊരു പഴയ 44 വിൻചെസ്റ്റർ ആയിരുന്നു, ഒരു ആനയെ കൊല്ലാൻ അത് ഒട്ടും പര്യാപ്തമായിരുന്നില്ല, എങ്കിലും അതിന്റെ ശബ്ദം ആനയെ ഭയപ്പെടുത്താൻ ഉപകരിക്കുമെന്ന് ഞാൻ കരുതി.

പോകുന്ന വഴിയിൽ പല ബർമ്മക്കാരും എന്നെ തടഞ്ഞുനിർത്തി ആനയുടെ പരാക്രമങ്ങളെക്കുറിച്ച് പറഞ്ഞു. അത് ഒരു കാട്ടാനയായിരുന്നില്ല, മറിച്ച് ‘മദം’ ഇളകിയ ഒരു നാട്ടാനയായിരുന്നു. മദം ഇളകുന്ന സമയത്ത് സാധാരണ ചെയ്യാറുള്ളതുപോലെ അതിനെ ചങ്ങലയ്ക്കിട്ടിരുന്നു, എന്നാൽ തലേദിവസം രാത്രി അത് ചങ്ങല പൊട്ടിച്ച് രക്ഷപ്പെട്ടു. ആ അവസ്ഥയിലായിരിക്കുമ്പോൾ അതിനെ നിയന്ത്രിക്കാൻ കഴിയുന്ന ഏക വ്യക്തിയായ പാപ്പാൻ ആനയെ തിരക്കി പോയിരുന്നു. എന്നാൽ അയാൾ തെറ്റായ ദിശയിലാണ് പോയത്, ഇപ്പോൾ അയാൾ പന്ത്രണ്ട് മണിക്കൂർ യാത്രാദൂരത്തിന് അപ്പുറത്താണ്. രാവിലെ ആന പെട്ടെന്ന് നഗരത്തിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ബർമ്മീസ് ജനതയുടെ പക്കൽ ആയുധങ്ങളൊന്നുമില്ലായിരുന്നു, അവർ ആനയ്ക്ക് മുന്നിൽ തികച്ചും നിസ്സഹായരായിരുന്നു. അത് ഇതിനകം തന്നെ ഒരാളുടെ മുളകൊണ്ടുള്ള കുടിൽ തകർക്കുകയും ഒരു പശുവിനെ കൊല്ലുകയും ചെയ്തിരുന്നു; കൂടാതെ ചില പഴക്കടകൾ ആക്രമിക്കുകയും അവിടുത്തെ സാധനങ്ങൾ തിന്നുതീർക്കുകയും ചെയ്തു. വഴിയിൽ നഗരസഭയുടെ മാലിന്യ വണ്ടിയുമായി അത് ഏറ്റുമുട്ടി; ഡ്രൈവർ വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെട്ടപ്പോൾ ആന വണ്ടി മറിച്ചിടുകയും അതിനോട് അക്രമാസക്തമായി പെരുമാറുകയും ചെയ്തു.

ആനയെ കണ്ടെന്നു പറയുന്ന ആ പ്രദേശത്ത് ബർമ്മീസ് സബ് ഇൻസ്പെക്ടറും കുറച്ച് ഇന്ത്യൻ കോൺസ്റ്റബിൾമാരും എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. പനയോല മേഞ്ഞ, മുളകൊണ്ടുള്ള ദരിദ്രമായ കുടിലുകൾ നിറഞ്ഞ ഒരു ചേരിപ്രദേശമായിരുന്നു അത്. കുത്തനെയുള്ള കുന്നിൻചരിവിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഒരു ഇടനാഴി പോലെയായിരുന്നു ആ സ്ഥലം. മഴക്കാലത്തിന്റെ തുടക്കത്തിലുള്ള ആ മൂടിക്കെട്ടിയതും ഉഷ്ണം നിറഞ്ഞതുമായ ആ പ്രഭാതം എനിക്കിപ്പോഴും ഓർമ്മയുണ്ട്. ആന എങ്ങോട്ടാണ് പോയതെന്ന് ഞങ്ങൾ ആളുകളോട് ചോദിക്കാൻ തുടങ്ങി, എന്നാൽ പതിവുപോലെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല. പൗരസ്ത്യ നാടുകളിൽ അത് എപ്പോഴും അങ്ങനെയാണ്; ദൂരെ നിന്ന് കേൾക്കുമ്പോൾ കഥകൾ വളരെ വ്യക്തമായി തോന്നും, എന്നാൽ സംഭവസ്ഥലത്തേക്ക് അടുത്തുവരുന്തോറും കാര്യങ്ങൾ കൂടുതൽ അവ്യക്തമാകും. ആന ഒരു വശത്തേക്ക് പോയെന്ന് ചിലർ പറഞ്ഞു, മറ്റു ചിലർ പറഞ്ഞത് മറ്റൊരു വശത്തേക്കാണെന്നാണ്; അങ്ങനെയൊരു ആനയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് ചിലർ നടിച്ചു.

ഈ കഥ മുഴുവൻ പച്ചക്കള്ളമാണെന്ന് ഞാൻ ഉറപ്പിക്കാനൊരുങ്ങിയപ്പോഴാണ് അല്പം അകലെ നിന്ന് നിലവിളികൾ കേട്ടത്. “പോകൂ കുട്ടികളേ! ഇപ്പോൾ തന്നെ ഇവിടെ നിന്ന് പോകൂ!” എന്ന പരിഭ്രാന്തിയോടെയുള്ള ഉച്ചത്തിലുള്ള വിളികൾ കേട്ടു. ഒരു ചെറിയ വടിയുമായി ഒരു വൃദ്ധ കുടിലിന്റെ മൂലയിൽ നിന്ന് പ്രത്യക്ഷപ്പെട്ടു, നഗ്നരായ ഒരു കൂട്ടം കുട്ടികളെ അവർ ആട്ടിയോടിക്കുകയായിരുന്നു. മറ്റു ചില സ്ത്രീകൾ കൂടി നാവുകൊണ്ട് ശബ്ദമുണ്ടാക്കി സങ്കടപ്പെട്ടുകൊണ്ട് അവർക്ക് പിന്നാലെ വന്നു; കുട്ടികൾ കാണാൻ പാടില്ലാത്ത എന്തോ ഒന്ന് അവിടെ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.

ഞാൻ ആ കുടിൽ ചുറ്റി വന്നപ്പോൾ ചെളിയിൽ മലർന്നടിച്ചു കിടക്കുന്ന ഒരാളുടെ മൃതദേഹം കണ്ടു. അതൊരു ഇന്ത്യക്കാരനായിരുന്നു, കറുത്ത ദ്രാവിഡ വർഗ്ഗത്തിൽപ്പെട്ട ഒരു കൂലിപ്പണിക്കാരൻ. മിക്കവാറും നഗ്നനായ അയാൾ മരിച്ചിട്ട് അധികം മിനിറ്റുകളായിട്ടുണ്ടാവില്ല. കുടിലിന്റെ മൂലയിൽ വെച്ച് ആന പെട്ടെന്ന് അയാളുടെ മുന്നിൽപ്പെട്ടതാണെന്നും, തുമ്പിക്കൈ കൊണ്ട് അയാളെ പിടിച്ച് പുറത്ത് കാലമർത്തി മണ്ണിലേക്ക് ചവിട്ടിത്താഴ്ത്തുകയുമായിരുന്നെന്നും ആളുകൾ പറഞ്ഞു. മഴക്കാലമായതിനാൽ മണ്ണ് കുതിർന്നു കിടക്കുകയായിരുന്നു; അയാളുടെ മുഖം അമർന്ന് മണ്ണിൽ ഒരടി ആഴത്തിലും രണ്ട് വാര നീളത്തിലും ഒരു ചാല് തന്നെ രൂപപ്പെട്ടിരുന്നു. കൈകൾ ഇരുവശത്തേക്കും വിടർത്തി കുരിശിലേറ്റപ്പെട്ട രൂപത്തിൽ കമിഴ്ന്നാണ് അയാൾ കിടന്നിരുന്നത്, തല ഒരു വശത്തേക്ക് വല്ലാതെ തിരിഞ്ഞുപോയിരുന്നു. മുഖം മുഴുവൻ ചെളിയിൽ പുതഞ്ഞിരുന്നു, കണ്ണ് തുറന്നിരിക്കുകയും പല്ലുകൾ കാണത്തക്കവിധം അസഹനീയമായ വേദനയുടെ ഭാവത്തോടെയും ആയിരുന്നു ആ മൃതദേഹം. (മരിച്ചവർ സമാധാനപരമായാണ് കാണപ്പെടുന്നത് എന്ന് എന്നോട് ആരും പറയരുത്; ഞാൻ കണ്ടിട്ടുള്ള ശവങ്ങളിൽ മിക്കവയും അത്ര ഭീകരമായിരുന്നു.) ആ ഭീമൻ മൃഗത്തിന്റെ പാദത്തിന്റെ ഉരസലിൽ അയാളുടെ പുറത്തെ തൊലി ഒരു മുയലിന്റെ തൊലി ഉരിച്ചെടുക്കുന്നതുപോലെ അത്ര കൃത്യമായി അടർന്നുപോയിരുന്നു. ആ മൃതദേഹം കണ്ടയുടനെ, ഒരു ആനയെ കൊല്ലാൻ ഉതകുന്ന ഒരു വലിയ തോക്ക് കടം വാങ്ങാൻ ഞാൻ എന്റെ സഹായിയെ അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് അയച്ചു. ആനയുടെ മണം പിടിച്ചാൽ കുതിര ഭയന്ന് എന്നെ താഴെയിടുമെന്ന് കരുതി ഞാൻ അതിനെ നേരത്തെ തന്നെ തിരിച്ചയച്ചിരുന്നു.

ഏതാനും മിനിറ്റുകൾക്കുള്ളിൽ സഹായി ഒരു റൈഫിളും അഞ്ച് വെടിയുണ്ടകളുമായി തിരിച്ചെത്തി. ഇതിനിടയിൽ ചില ബർമ്മക്കാർ വന്ന് ആന ഏതാനും നൂറ് വാര മാത്രം അകലെയുള്ള താഴത്തെ നെൽവയലുകളിലുണ്ടെന്ന് ഞങ്ങളെ അറിയിച്ചു. ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങിയതോടെ ആ പ്രദേശത്തെ ജനങ്ങൾ ഏതാണ്ട് പൂർണ്ണമായും വീടുകളിൽ നിന്ന് പുറത്തുവന്ന് എന്നെ പിന്തുടർന്നു. എന്റെ കയ്യിലെ റൈഫിൾ കണ്ട അവർ, ഞാൻ ആനയെ വെടിവെക്കാൻ പോകുകയാണെന്ന് ആവേശത്തോടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആന അവരുടെ വീടുകൾ നശിപ്പിച്ചുകൊണ്ടിരുന്നപ്പോൾ അവർ അത്ര വലിയ താൽപ്പര്യം കാണിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ അതിനെ വെടിവെക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ കാര്യങ്ങൾ മാറി. ഒരു ഇംഗ്ലീഷ് ജനക്കൂട്ടത്തെപ്പോലെ അവർക്കും ഇതൊരു വിനോദമായിരുന്നു; കൂടാതെ അവർക്ക് ആനയിറച്ചിയും വേണമായിരുന്നു.

ഇത് എന്നിൽ നേരിയ അസ്വസ്ഥതയുണ്ടാക്കി. ആനയെ വെടിവെക്കാൻ എനിക്ക് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ല, ആവശ്യം വന്നാൽ സ്വയം പ്രതിരോധിക്കാൻ വേണ്ടി മാത്രമാണ് ഞാൻ തോക്ക് വരുത്തിയത്. ഒരു ജനക്കൂട്ടം പിന്തുടരുന്നത് എപ്പോഴും പരിഭ്രമമുണ്ടാക്കുന്ന കാര്യമാണ്. തോക്ക് തോളിൽ വെച്ച്, പിന്നിൽ തിക്കിത്തിരക്കി വരുന്ന ഒരു വലിയ ജനസഞ്ചയവുമായി, ഒരു വിഡ്ഢിയാണെന്ന തോന്നലോടെ ഞാൻ കുന്നിറങ്ങി. കുന്നിൻ താഴെ കുടിലുകൾ പിന്നിട്ടപ്പോൾ ഒരു ടാർ റോഡും അതിനപ്പുറം ആയിരം വാരയോളം പരന്നുകിടക്കുന്ന ചളി നിറഞ്ഞ നെൽവയലുകളുമായിരുന്നു. കൃഷി തുടങ്ങിയിരുന്നില്ലെങ്കിലും ആദ്യമഴയിൽ വയലുകൾ കുതിർന്നു കിടക്കുകയായിരുന്നു, അവിടെങ്ങും പരുക്കൻ പുല്ലുകൾ മുളച്ചുനിൽപുണ്ടായിരുന്നു. റോഡിൽ നിന്ന് എട്ട് വാര അകലെ ഞങ്ങൾക്ക് അഭിമുഖമായി ആന നിൽക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം വരുന്നത് അവൻ ഒട്ടും ശ്രദ്ധിച്ചതേയില്ല. പുല്ല് പിഴുതെടുത്ത് കാൽമുട്ടിലിട്ട് തട്ടി വൃത്തിയാക്കി അവൻ വായിലേക്ക് തിരുകിക്കൊണ്ടിരിക്കുകയായിരുന്നു.

ഞാൻ റോഡിൽ നിശ്ചലനായി നിന്നു. ആനയെ കണ്ട ആ നിമിഷം തന്നെ അതിനെ വെടിവെക്കരുതെന്ന് എനിക്ക് പൂർണ്ണമായ ബോധ്യമുണ്ടായിരുന്നു. പണിയെടുക്കുന്ന ഒരു ആനയെ വെടിവെച്ചു കൊല്ലുക എന്നത് വലിയൊരു കാര്യമാണ്. വിലപിടിപ്പുള്ളതും ഭീമാകാരവുമായ ഒരു യന്ത്രം നശിപ്പിക്കുന്നതിന് തുല്യമാണത്. ഒഴിവാക്കാൻ കഴിയുമെങ്കിൽ തീർച്ചയായും അത് ചെയ്യരുത്. ആ ദൂരത്തു നിന്ന് നോക്കുമ്പോൾ, സമാധാനമായി പുല്ല് തിന്നുകൊണ്ടിരിക്കുന്ന ആ ആന ഒരു പശുവിനെപ്പോലെ നിരുപദ്രവകാരിയായി തോന്നി. അവന്റെ മദം അപ്പോഴേക്കും ഇറങ്ങിക്കഴിഞ്ഞിട്ടുണ്ടാകുമെന്ന് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നു; അങ്ങനെയാണെങ്കിൽ പാപ്പാൻ വന്ന് പിടികൂടുന്നതുവരെ അവൻ അവിടെ വെറുതെ അലഞ്ഞുതിരിയുകയേ ഉള്ളൂ. മാത്രമല്ല, അവനെ കൊല്ലാൻ എനിക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. ആന വീണ്ടും അക്രമാസക്തനാവുന്നില്ലെന്ന് ഉറപ്പുവരുത്താൻ കുറച്ചുനേരം നിരീക്ഷിക്കാമെന്നും, അതിനുശേഷം വീട്ടിലേക്ക് മടങ്ങാമെന്നും ഞാൻ തീരുമാനിച്ചു.

പക്ഷേ, ആ നിമിഷം എന്നെ പിന്തുടർന്ന ജനക്കൂട്ടത്തെ ഞാൻ ഒന്ന് തിരിഞ്ഞുനോക്കി. അതൊരു കൂറ്റൻ ജനസഞ്ചയമായിരുന്നു, കുറഞ്ഞത് രണ്ടായിരം പേരെങ്കിലും കാണും, ഓരോ മിനിറ്റിലും അത് വർദ്ധിച്ചുകൊണ്ടിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും വലിയൊരു ദൂരത്തോളം അത് തടസ്സപ്പെട്ടിരുന്നു. ആഭരണങ്ങൾ ചാർത്തിയ വസ്ത്രങ്ങൾക്കുമേലെ തിളങ്ങുന്ന ആ മഞ്ഞമുഖങ്ങളുടെ കടലിലേക്ക് ഞാൻ നോക്കി, ഈ വിനോദത്തിൽ ആവേശഭരിതരായ, ആന വെടിയേറ്റ് വീഴുമെന്ന് ഉറച്ചു വിശ്വസിക്കുന്ന മുഖങ്ങൾ. ഒരു ഇന്ദ്രജാലക്കാരന്റെ പ്രകടനം കാണുന്നതുപോലെയാണ് അവർ എന്നെ നോക്കിയിരുന്നത്. അവർക്ക് എന്നോട് ഇഷ്ടമൊന്നുമില്ലായിരുന്നു, എങ്കിലും കയ്യിലൊരു മാന്ത്രിക തോക്കുള്ളതുകൊണ്ട് ആ നിമിഷം ഞാൻ അവർക്ക് കാണാൻ മൂല്യമുള്ളവനായി മാറി.

പെട്ടെന്നാണ് എനിക്ക് ബോധ്യപ്പെട്ടത്, ഒടുവിൽ എനിക്ക് ആ ആനയെ വെടിവെക്കേണ്ടി വരുമെന്ന്. ജനങ്ങൾ എന്നിൽ നിന്ന് അത് പ്രതീക്ഷിക്കുന്നു, എനിക്കത് ചെയ്തേ തീരൂ; അവരുടെ രണ്ടായിരം ഇച്ഛാശക്തികൾ എന്നെ മുന്നോട്ട് തള്ളുന്നത് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. കയ്യിൽ തോക്കുമായി അവിടെ നിൽക്കുമ്പോൾ, കിഴക്കൻ രാജ്യങ്ങളിലെ വെള്ളക്കാരന്റെ ആധിപത്യത്തിന്റെ പൊള്ളത്തരവും നിസ്സാരതയും ഞാൻ ആദ്യമായി തിരിച്ചറിഞ്ഞു. തോക്കേന്തിയ വെള്ളക്കാരനായ ഞാൻ, ആയുധമില്ലാത്ത തദ്ദേശീയരുടെ മുന്നിൽ നിൽക്കുന്നു. കാഴ്ചയിൽ ഈ നാടകത്തിലെ പ്രധാന നടൻ ഞാനാണ്; എന്നാൽ യഥാർത്ഥത്തിൽ പിന്നിലുള്ള ആ മഞ്ഞമുഖങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആടിത്തീർക്കുന്ന വെറുമൊരു കോമാളിപ്പാവ മാത്രമായിരുന്നു ഞാൻ.

വെള്ളക്കാരൻ സ്വേച്ഛാധിപതിയാകുമ്പോൾ അവൻ സ്വന്തം സ്വാതന്ത്ര്യമാണ് നശിപ്പിക്കുന്നതെന്ന് ആ നിമിഷം ഞാൻ മനസ്സിലാക്കി. അവൻ ഒരുതരം പൊള്ളയായ, അഭിനയിക്കുന്ന ഒരു പാവയായി മാറുന്നു, ഒരു ‘സാഹിബിന്റെ’ മാമൂൽ രൂപം. കാരണം, തന്റെ ജീവിതകാലം മുഴുവൻ തദ്ദേശീയരെ സ്വാധീനിക്കാൻ ശ്രമിക്കുക എന്നതാണ് അവന്റെ ഭരണത്തിന്റെ വ്യവസ്ഥ; അതിനാൽ ഓരോ പ്രതിസന്ധിഘട്ടത്തിലും തദ്ദേശീയർ അവനിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവോ അത് അയാൾക്ക് ചെയ്യേണ്ടി വരുന്നു. അവൻ ഒരു മുഖംമൂടി ധരിക്കുന്നു, ഒടുവിൽ അവന്റെ മുഖം ആ മുഖംമൂടിക്ക് അനുസൃതമായി വളരുന്നു.

എനിക്ക് ആനയെ വെടിവെക്കേണ്ടി വന്നു. തോക്ക് വരുത്തിയപ്പോൾ തന്നെ ഞാൻ അതിന് സ്വയം ബാധ്യസ്ഥനായിക്കഴിഞ്ഞിരുന്നു. ഒരു സാഹിബ് ഒരു സാഹിബിനെപ്പോലെ തന്നെ പെരുമാറണം; അയാൾ ദൃഢനിശ്ചയമുള്ളവനാണെന്ന് കാണിക്കണം, സ്വന്തം മനസ്സ് അറിയുന്നവനാകണം, കാര്യങ്ങൾ കൃത്യമായി ചെയ്യണം. കയ്യിൽ തോക്കുമായി ഇത്രയും ദൂരം വന്നിട്ട്, രണ്ടായിരം പേർ പിന്നാലെ വരുമ്പോൾ, ഒന്നും ചെയ്യാതെ ദുർബലനായി മടങ്ങിപ്പോകുക എന്നത് അസാധ്യമായിരുന്നു. ആ ജനക്കൂട്ടം എന്നെ പരിഹസിക്കും. എന്റെ ജീവിതം മുഴുവൻ, കിഴക്കൻ രാജ്യങ്ങളിലെ ഓരോ വെള്ളക്കാരന്റെയും ജീവിതം, മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാകാതിരിക്കാനുള്ള ഒരു നീണ്ട പോരാട്ടമായിരുന്നു.

പക്ഷേ എനിക്ക് ആനയെ വെടിവെക്കാൻ ആഗ്രഹമില്ലായിരുന്നു. ആനകൾക്കുള്ള ആ ഒരു പ്രത്യേക തരം ഗൗരവഭാവത്തോടെ, അവൻ പുല്ല് കാൽമുട്ടിലിട്ട് തട്ടുന്നത് ഞാൻ നോക്കിനിന്നു. അവനെ വെടിവെക്കുന്നത് ഒരു കൊലപാതകത്തിന് തുല്യമായി എനിക്ക് തോന്നി. ആ പ്രായത്തിൽ മൃഗങ്ങളെ കൊല്ലുന്നതിനോട് എനിക്ക് അമിതമായ അറപ്പൊന്നും ഇല്ലായിരുന്നു, എങ്കിലും ഞാൻ ഇതുവരെ ഒരു ആനയെ വെടിവെച്ചിട്ടില്ല, അതിന് ആഗ്രഹിച്ചിട്ടുമില്ല. (എന്തുകൊണ്ടോ, ഒരു വലിയ മൃഗത്തെ കൊല്ലുന്നത് എപ്പോഴും കൂടുതൽ ക്രൂരമായി തോന്നും). കൂടാതെ, ആ മൃഗത്തിന്റെ ഉടമസ്ഥന്റെ കാര്യവും പരിഗണിക്കേണ്ടതുണ്ടായിരുന്നു. ജീവനുള്ളപ്പോൾ ആ ആനയ്ക്ക് കുറഞ്ഞത് നൂറ് പൗണ്ട് എങ്കിലും വിലയുണ്ടാകും; ചത്തുകഴിഞ്ഞാൽ അതിന്റെ കൊമ്പുകൾക്ക് ലഭിക്കുന്ന അഞ്ച് പൗണ്ട് മാത്രമേ മൂല്യമുണ്ടാവുകയുള്ളൂ. എങ്കിലും എനിക്ക് വേഗത്തിൽ എന്തെങ്കിലും ചെയ്തേ തീരൂ. ഞങ്ങൾ അവിടെ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന, പരിചയസമ്പന്നരായ ചില ബർമ്മക്കാരോട് ആന എങ്ങനെയാണ് പെരുമാറുന്നതെന്ന് ഞാൻ ചോദിച്ചു. അവർക്കെല്ലാം ഒരേ അഭിപ്രായമായിരുന്നു: നമ്മൾ അവനെ ശല്യം ചെയ്യാതിരുന്നാൽ അവൻ നമ്മളെ ശ്രദ്ധിക്കില്ല, എന്നാൽ വല്ലാതെ അടുത്തുചെന്നാൽ അവൻ ആക്രമിച്ചേക്കാം.

ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. ആനയുടെ ഏകദേശം ഇരുപത്തഞ്ച് വാര അടുത്ത് വരെ ചെന്ന് അവന്റെ പെരുമാറ്റം പരിശോധിക്കണമായിരുന്നു. അവൻ ആക്രമിക്കാൻ വരികയാണെങ്കിൽ എനിക്ക് വെടിവെക്കാം; അതല്ല അവൻ എന്നെ ശ്രദ്ധിക്കുന്നില്ലെങ്കിൽ, പാപ്പാൻ വരുന്നത് വരെ അവനെ അവിടെ വിടുന്നത് സുരക്ഷിതമായിരിക്കും. എന്നാൽ അങ്ങനെയൊന്നും ഞാൻ ചെയ്യാൻ പോകുന്നില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ റൈഫിൾ ഉപയോഗിക്കുന്നതിൽ അത്ര വിഗദ്ധനൊന്നുമായിരുന്നില്ല, പോരാത്തതിന് ഓരോ ചുവടിലും താഴ്ന്നുപോകുന്ന തരം കുഴഞ്ഞ ചെളിയായിരുന്നു ആ പ്രദേശം. ആന എന്നെ ആക്രമിക്കാൻ വരികയും എന്റെ വെടി ലക്ഷ്യം തെറ്റുകയും ചെയ്താൽ, ഒരു സ്റ്റീം റോളറിന് അടിയിൽപ്പെട്ട തവളയുടെ അവസ്ഥയാകും എന്റേത്.

പക്ഷേ അപ്പോഴും, ഞാൻ എന്റെ ജീവനെക്കുറിച്ചല്ല പ്രത്യേകമായി ചിന്തിച്ചിരുന്നത്, മറിച്ച് പിന്നിൽ എന്നെത്തന്നെ നോക്കി നിൽക്കുന്ന ആ മഞ്ഞമുഖങ്ങളെക്കുറിച്ചായിരുന്നു. ആ ജനക്കൂട്ടം എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ആ നിമിഷം, ഒറ്റയ്ക്കായിരുന്നെങ്കിൽ തോന്നാറുള്ള സാധാരണ പേടിയൊന്നും എനിക്ക് തോന്നിയില്ല. തദ്ദേശീയരുടെ മുന്നിൽ ഒരു വെള്ളക്കാരൻ ഭയപ്പെടാൻ പാടില്ല; അതുകൊണ്ട് തന്നെ പൊതുവേ അയാൾ ഭയപ്പെടാറുമില്ല. എന്റെ മനസ്സിലുണ്ടായിരുന്ന ഒരേയൊരു ചിന്ത, എന്തെങ്കിലും പിഴച്ചാൽ ആ രണ്ടായിരം ബർമ്മക്കാരും കാണുന്നത് ആന എന്നെ ഓടിക്കുന്നതും, പിടികൂടുന്നതും, ചവിട്ടി അരയ്ക്കുന്നതും, കുന്നിൻ മുകളിൽ കണ്ട ആ ഇന്ത്യക്കാരനെപ്പോലെ പല്ലുകൾ പുറത്തുകാട്ടി ചിരിച്ചുനിൽക്കുന്ന ഒരു ശവമായി ഞാൻ മാറുന്നതുമാണ്. അങ്ങനെ സംഭവിച്ചാൽ, അവരിൽ ചിലരെങ്കിലും അത് കണ്ടു ചിരിക്കാൻ സാധ്യതയുണ്ട്. അത് ഒരിക്കലും അനുവദിച്ചുകൂടാ.

മുന്നിൽ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. ഞാൻ വെടിയുണ്ടകൾ മാഗസിനിലേക്ക് തിരുകി, ഉന്നം പിഴയ്ക്കാതിരിക്കാൻ റോഡിൽ കമിഴ്ന്നു കിടന്നു. ജനക്കൂട്ടം പെട്ടെന്ന് നിശബ്ദമായി; ഒടുവിൽ തിയേറ്ററിലെ തിരശ്ശീല ഉയരുന്നത് കാണുന്ന കാണികളുടേതുപോലെ, അനേകം തൊണ്ടകളിൽ നിന്ന് ആഴത്തിലുള്ളതും സന്തോഷം നിറഞ്ഞതുമായ ഒരു ദീർഘനിശ്വാസം ഉയർന്നു. ഒടുവിൽ അവർക്ക് അവരുടെ വിനോദം ലഭിക്കാൻ പോകുകയാണ്. ആനയെ വെടിവെക്കുമ്പോൾ ഒരു ചെവിയിൽ നിന്ന് മറുചെവിയിലേക്ക് പോകുന്ന സങ്കൽപ്പരേഖ ലക്ഷ്യമാക്കി വേണം വെടിവെക്കാൻ എന്ന് അന്ന് എനിക്കറിയില്ലായിരുന്നു. ആന വശം തിരിഞ്ഞാണ് നിന്നിരുന്നത് എന്നതുകൊണ്ട്, ഞാൻ അവന്റെ ചെവിയുടെ ദ്വാരത്തിന് നേരെയായിരുന്നു ഉന്നം വെക്കേണ്ടിയിരുന്നത്. എന്നാൽ മസ്തിഷ്കം കുറച്ചുകൂടി മുന്നിലായിരിക്കുമെന്ന് കരുതി ഞാൻ അതിന് ഏതാനും ഇഞ്ച് മുന്നിലേക്കാണ് ഉന്നം പിടിച്ചത്.

ഞാൻ ട്രിഗർ വലിച്ചപ്പോൾ വെടിയൊച്ച കേൾക്കുകയോ തോക്കിന്റെ ആഘാതം അനുഭവപ്പെടുകയോ ചെയ്തില്ല, വെടി കൃത്യമായി ലക്ഷ്യസ്ഥാനത്ത് കൊള്ളുമ്പോൾ ഒരിക്കലും അത് അനുഭവപ്പെടാറില്ല. പക്ഷേ ജനക്കൂട്ടത്തിൽ നിന്ന് ഉയർന്ന സന്തോഷം നിറഞ്ഞ ആ ഭീകരമായ ആർപ്പുവിളി ഞാൻ കേട്ടു. ആ നിമിഷം, വെടിയുണ്ട അവിടെ എത്തുന്നതിന് വേണ്ടത്ര സമയം പോലും എടുക്കുന്നതിന് മുമ്പ്, ആനയിൽ നിഗൂഢവും ഭയാനകവുമായ ഒരു മാറ്റം സംഭവിച്ചു. അവൻ അനങ്ങുകയോ താഴെ വീഴുകയോ ചെയ്തില്ല, പക്ഷേ അവന്റെ ശരീരത്തിന്റെ ഓരോ വശവും മാറിപ്പോയിരിക്കുന്നു. വെടിയുണ്ടയുടെ ആ ഭീകരമായ ആഘാതം അവനെ താഴെയിടാതെ തന്നെ തളർത്തിക്കളഞ്ഞതുപോലെ, അവൻ പെട്ടെന്ന് തകർന്നുപോയതായും ചുരുങ്ങിയതായും വല്ലാതെ പ്രായം ചെന്നതായും തോന്നി. ഒടുവിൽ, ഒരുപാട് സമയമെന്ന് തോന്നിച്ച നിമിഷങ്ങൾക്ക് ശേഷം; ഏകദേശം അഞ്ച് സെക്കൻഡ് കാണും; അവൻ തളർന്ന് മുട്ടുകുത്തി. അവന്റെ വായിൽ നിന്ന് ഉമിനീർ ഒലിച്ചിറങ്ങി. അതിശയിപ്പിക്കുന്ന ഒരു വാർദ്ധക്യം അവനെ ബാധിച്ചതുപോലെ തോന്നി; അവന് ആയിരക്കണക്കിന് വർഷം പ്രായമുണ്ടെന്ന് ആർക്കും തോന്നിപ്പോകുമായിരുന്നു.

ഞാൻ അതേ സ്ഥാനത്തേക്ക് വീണ്ടും വെടിയുതിർത്തു. രണ്ടാമത്തെ വെടിയിൽ അവൻ തകർന്നു വീണില്ല, പകരം അതീവ ദയനീയമായ വേഗതയിൽ പണിപ്പെട്ട് എഴുന്നേറ്റ് നിന്നു; കാലുകൾ തളരുകയും തല താഴുകയും ചെയ്ത അവസ്ഥയിൽ അവൻ ദുർബലനായി നിലകൊണ്ടു. ഞാൻ മൂന്നാമതും വെടിവെച്ചു. ആ വെടിയുണ്ട അവനെ അവസാനിപ്പിച്ചു. ആ വേദന അവന്റെ ശരീരം മുഴുവൻ ഉലയ്ക്കുന്നതും, കാലുകളിലെ ശേഷിച്ച കരുത്ത് കൂടി ചോർത്തിക്കളയുന്നതും കാണാമായിരുന്നു. എന്നാൽ വീഴുന്ന നിമിഷം അവൻ ഒന്ന് ഉയരുന്നത് പോലെ തോന്നി; പിൻകാലുകൾ നിലംപതിച്ചപ്പോൾ ഒരു വലിയ പാറ മറിയുന്നതുപോലെ അവൻ ആകാശത്തേക്ക് ഉയർന്നു, അവന്റെ തുമ്പിക്കൈ ഒരു മരം പോലെ മുകളിലേക്ക് നീണ്ടു. അവൻ ആദ്യമായും അവസാനമായും ചിന്നംവിളിച്ചു. പിന്നെ, അവൻ വയർ എന്റെ ഭാഗത്തേക്ക് വരുംവിധം താഴേക്ക് പതിച്ചു; ഞാൻ കിടന്നിരുന്ന ഇടത്തെപ്പോലും കുലുക്കുന്ന ഒരു വലിയ ശബ്ദത്തോടെ അവൻ വീണു.

ഞാൻ എഴുന്നേറ്റു. അപ്പോഴേക്കും ബർമ്മക്കാർ ചെളിയിലൂടെ എന്നെ മറികടന്ന് ഓടുന്നുണ്ടായിരുന്നു. ആന ഇനി ഒരിക്കലും എഴുന്നേൽക്കില്ലെന്ന് വ്യക്തമായിരുന്നു, എങ്കിലും അവൻ മരിച്ചിരുന്നില്ല. വല്ലാതെ തടസ്സപ്പെടുന്ന ദീർഘനിശ്വാസങ്ങളോടെ അവൻ താളാത്മകമായി ശ്വസിക്കുന്നുണ്ടായിരുന്നു; കുന്നുകൂടിയതുപോലെയുള്ള അവന്റെ പാർശ്വഭാഗം വേദനയോടെ ഉയരുകയും താഴുകയും ചെയ്തു. അവന്റെ വായ അപ്പാടെ തുറന്നിരുന്നു; വിളറിയ പിങ്ക് നിറത്തിലുള്ള തൊണ്ടയുടെ ഉൾഭാഗം എനിക്ക് വ്യക്തമായി കാണാമായിരുന്നു. അവൻ മരിക്കാനായി ഞാൻ ഏറെ നേരം കാത്തുനിന്നു, പക്ഷേ അവന്റെ ശ്വാസം നിലച്ചില്ല. ഒടുവിൽ, അവന്റെ ഹൃദയമിരിക്കുന്ന ഭാഗമെന്ന് കരുതിയ ഇടത്തേക്ക് കയ്യിലുണ്ടായിരുന്ന ബാക്കി രണ്ട് വെടിയുണ്ടകൾ കൂടി ഞാൻ ഉതിർത്തു. കടുംചുവപ്പ് വെൽവെറ്റ് പോലെ കട്ടിയുള്ള രക്തം അവനിൽ നിന്ന് ഒഴുകിപ്പരന്നു, എന്നിട്ടും അവൻ മരിച്ചില്ല. വെടിയുണ്ടകൾ തറയ്ക്കുമ്പോൾ അവന്റെ ശരീരം ഒന്ന് വിറയ്ക്കുക പോലും ചെയ്തില്ല; ആ പീഡിത ശ്വസനം തടസ്സമില്ലാതെ തുടർന്നുകൊണ്ടിരുന്നു.

അവൻ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു; അതീവ സാവധാനത്തിൽ, കൊടിയ വേദനയോടെ. എന്നാൽ വെടിയുണ്ടകൾക്ക് പോലും ഇനി തകർക്കാൻ കഴിയാത്തവിധം എന്നിൽ നിന്ന് വളരെ അകലെയുള്ള ഏതോ ഒരു ലോകത്തായിരുന്നു അവൻ. ആ ഭീകരമായ ശബ്ദത്തിന് ഒരു അന്ത്യം കുറിക്കണമെന്ന് എനിക്ക് തോന്നി. ചലിക്കാൻ ശേഷിയില്ലാതെ, എന്നാൽ മരിക്കാൻ പോലുമാകാതെ കിടക്കുന്ന ആ ഭീമൻ മൃഗത്തെ കാണുന്നതും, അവനെ ഒന്ന് അവസാനിപ്പിക്കാൻ പോലും എനിക്ക് കഴിയാത്തതും ഭയാനകമായി തോന്നി. ഞാൻ എന്റെ ചെറിയ റൈഫിൾ വരുത്തി അവന്റെ ഹൃദയത്തിലേക്കും തൊണ്ടയിലേക്കും തുടരെത്തുടരെ വെടിയുതിർത്തു. പക്ഷേ അവയൊന്നും യാതൊരു മാറ്റവും ഉണ്ടാക്കിയില്ല. ഒരു ഘടികാരത്തിന്റെ ചലനം പോലെ സ്ഥിരമായി ആ പീഡിത ശ്വാസം തുടർന്നുകൊണ്ടേയിരുന്നു.

ഒടുവിൽ സഹിക്കാനാവാതെ ഞാൻ അവിടെ നിന്ന് മടങ്ങി. അവൻ മരിക്കാൻ അരമണിക്കൂർ കൂടിയെടുത്തു എന്ന് പിന്നീട് ഞാൻ അറിഞ്ഞു. ഞാൻ അവിടെ നിന്ന് പോകുന്നതിന് മുമ്പ് തന്നെ ബർമ്മക്കാർ കത്തികളും കുട്ടകളുമായി എത്തിത്തുടങ്ങിയിരുന്നു; ഉച്ചകഴിഞ്ഞപ്പോഴേക്കും അവർ അവന്റെ ശരീരത്തിലെ മാംസമെല്ലാം അരിഞ്ഞെടുത്ത് അസ്ഥികൂടം മാത്രമാക്കി മാറ്റി എന്നറിയാൻ കഴിഞ്ഞു.

പിന്നീട്, ആനയെ വെടിവെച്ചതിനെക്കുറിച്ച് അനന്തമായ ചർച്ചകൾ നടന്നു. ആനയുടെ ഉടമസ്ഥൻ വല്ലാതെ ദേഷ്യപ്പെട്ടെങ്കിലും അയാൾ വെറുമൊരു ഇന്ത്യക്കാരനായതുകൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൂടാതെ, നിയമപരമായി ഞാൻ ചെയ്തതായിരുന്നു ശരി; കാരണം ഒരു ഭ്രാന്തൻ നായയെ എന്നപോലെ, ഉടമസ്ഥന് നിയന്ത്രിക്കാൻ കഴിയാത്ത ഭ്രാന്ത് പിടിച്ച ആനയെ കൊന്നേ തീരൂ. യൂറോപ്യന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മുതിർന്നവർ ഞാൻ ചെയ്തത് ശരിയാണെന്ന് പറഞ്ഞു; എന്നാൽ ഒരു കൂലിയെ കൊന്നതിന് ഒരാനയെ വെടിവെച്ചു കൊന്നത് കഷ്ടമായിപ്പോയി എന്നായിരുന്നു യുവാക്കളുടെ പക്ഷം. കാരണം, ഒരു ‘കോറിംഗി’ (Coringhee) കൂലിയേക്കാൾ എത്രയോ വിലയുള്ളതാണ് ഒരാന എന്നതായിരുന്നു അവരുടെ ചിന്ത. ആ കൂലി കൊല്ലപ്പെട്ട കാര്യത്തിൽ പിന്നീട് എനിക്ക് വലിയ ആശ്വാസം തോന്നി; അത് എന്നെ നിയമപരമായി ശരിയുടെ പക്ഷത്ത് നിർത്തുകയും ആനയെ വെടിവെക്കാൻ മതിയായ ഒരു കാരണം നൽകുകയും ചെയ്തു. വെറുമൊരു വിഡ്ഢിയായി കാണപ്പെടാതിരിക്കാൻ വേണ്ടിയാണ് ഞാൻ അത് ചെയ്തതെന്ന് മറ്റാരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.

——————————————————————————————————————————

“Shooting an Elephant” എന്ന കഥ ഒരു കോളനി അനുഭവത്തിന്റെ ഓർമ്മക്കുറിപ്പ് മാത്രമല്ല, ഇന്നത്തെ ലോക രാഷ്ട്രീയത്തിന്റെ മനശാസ്ത്രത്തെ പോലും വിശദീകരിക്കുന്ന ഒരു ദാർശനിക ലേഖനമാണ്.

“മുഖം രക്ഷിക്കൽ” എന്ന അന്താരാഷ്ട്ര രാഷ്ട്രീയ മനശാസ്ത്രം

ഓർവെൽ പറഞ്ഞ ഒരു വലിയ സത്യം: “അധികാരം ഉള്ളവൻ പോലും പലപ്പോഴും സ്വതന്ത്രനല്ല; അവൻ മറ്റുള്ളവരുടെ പ്രതീക്ഷകൾക്ക് അടിമയാകുന്നു.”

ഇത് രാജ്യങ്ങളുടെ കാര്യത്തിലും ശരിയാണ്. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പലപ്പോഴും “face-saving” അല്ലെങ്കിൽ “credibility” എന്ന ആശയം വലിയ പങ്ക് വഹിക്കുന്നു. ഒരു രാജ്യം പിൻവാങ്ങുകയോ ദുർബലമായി തോന്നുകയോ ചെയ്താൽ അവർ ആഭ്യന്തര രാഷ്ട്രീയത്തിൽ വിമർശനം നേരിടേണ്ടിവരികയും, സഖ്യരാജ്യങ്ങൾക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെടുകയും, എതിരാളികൾ ശക്തരാകുമെന്ന് കരുതപ്പെടും ചെയ്യും. അതിനാൽ പല നേതാക്കളും തെറ്റെന്ന് സ്വയം അറിയാമെങ്കിലും തെറ്റായ തീരുമാനം നടപ്പിലാക്കാം.

ഉദാഹരണത്തിന് റഷ്യ-ഉക്രൈൻ യുദ്ധമെടുത്താൽ സുരക്ഷാ ആശങ്കകൾ, നാറ്റോയുടെ വ്യാപനം, ചരിത്രപരമായ അവകാശവാദങ്ങൾ എന്നിവയെക്കൂടാതെ വലിയ ഒരു ഘടകം “prestige politics” ആണ് എന്നാണ് എനിക്ക് തോന്നുന്നത്. പുട്ടിന് റഷ്യയുടെ മഹാശക്തി പ്രതിച്ഛായ നിലനിർത്തുന്നത് ഒരു പ്രധാന രാഷ്ട്രീയ ലക്ഷ്യമാണ്. അതിനാൽ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുന്നത് രാഷ്ട്രീയമായി അപകടകരമായതായി തോന്നാം. പിൻവാങ്ങൽ ആഭ്യന്തരമായും അന്താരാഷ്ട്രത്തലത്തിലും പുട്ടിന്റെ ദുർബലതയായി ചിത്രീകരിക്കപ്പെടാം. സെലെൻസ്കിക്കും അതേ സമ്മർദ്ദം ഉണ്ടാവാം. അദ്ദേഹം ഒരു സമാധാന കരാറിന് തയ്യാറാകുമ്പോൾ, ജനങ്ങൾ അത് കീഴടങ്ങൽ ആയി കാണുമോ, പാശ്ചാത്യ രാജ്യങ്ങൾ പിന്തുണ കുറയ്ക്കുമോ എന്ന ആശങ്കകൾ ഉണ്ടാവാം. അതിനാൽ യുദ്ധം നീളുന്നത് സൈനിക കാരണങ്ങൾ മാത്രമല്ല, രാഷ്ട്രീയ പ്രതിച്ഛായയുടെ സമ്മർദ്ദം കൊണ്ടുമാണ് എന്നാണ് എന്റെ നിരീക്ഷണം.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പോലും ഈ മനശാസ്ത്രത്തെ വ്യക്തമാക്കുന്നു. കാശ്മീർ, അതിർത്തി സംഘർഷങ്ങൾ, ഭീകരാക്രമണങ്ങൾ എന്നിവയ്ക്ക് പിന്നാലെ പലപ്പോഴും കടുത്ത സൈനിക പ്രതികരണം ഉണ്ടാകുന്നു. ആക്രമണത്തിന് തിരിച്ചടിച്ചിക്കുന്നത് തന്നെ “രാജ്യം ദുർബലമല്ല” എന്ന സന്ദേശം കൊടുക്കാനാണ്. ഇവിടെ രണ്ടു രാജ്യങ്ങളിലുമുള്ള നേതാക്കൾക്ക് വലിയ സമ്മർദ്ദം ഉണ്ടാകും. ജനങ്ങളുടെ ദേശീയ വികാരം, മാധ്യമങ്ങളുടെ ആവേശം, പ്രതിപക്ഷത്തിന്റെ വിമർശനം എന്നിവയ്ക്ക് സമാധാനപരമായ ഒരു ശാശ്വത പരിഹാരം ഉണ്ടാവുക പ്രയാസമാകും.

ബംഗാൾ ക്ഷാമത്തിന്റെ സമയത്ത് ചർച്ചിൽ സ്വീകരിച്ച നിലപാടുകൾ പലപ്പോഴും ഒരു ‘സാമ്രാജ്യത്വ’ വാശിയുടെ ഭാഗമായിരുന്നു. ഇന്ത്യക്കാരോടുള്ള അദ്ദേഹത്തിന്റെ സമീപനം പലപ്പോഴും ബ്രിട്ടീഷ് ജനതയുടെ മുന്നിൽ താൻ ഒരു ‘ശക്തനായ സാമ്രാജ്യത്വവാദി’ ആണെന്ന് കാണിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷവും ഇതേ മനശാസ്ത്രത്തിന്റെ ഒരു ഉദാഹരണമായി കാണാം. ഇറാന്റെ ആണവപരിപാടി തടയണം എന്ന സുരക്ഷാ വാദം ഉണ്ടെങ്കിലും, അതിനൊപ്പം ഒരു വലിയ ഘടകം “prestige” അല്ലെങ്കിൽ “credibility” ആണ്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കാതിരുന്നാൽ അത് മധ്യപൂർവ്വേഷ്യയിൽ അവരുടെ ശക്തി കുറഞ്ഞതായി തോന്നുമെന്ന ഭയം അവർക്കുണ്ട്. പ്രത്യേകിച്ച് ഇസ്രായേലിന്, ഇറാന് ആണവ ശേഷി അനുവദിക്കുന്നത് സ്വന്തം പ്രതിരോധ വിശ്വാസ്യതയെ തന്നെ തകർക്കുന്ന ഒന്നായി കാണപ്പെടുന്നു. അതിനാൽ ചിലപ്പോൾ സൈനിക നടപടി യഥാർത്ഥ സുരക്ഷാ ആവശ്യകതയേക്കാൾ ഒരു പക്ഷെ “ദുർബലമായി തോന്നരുത്” എന്ന രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായിരിക്കാം.

ഓർവെലിന്റെ അനുഭവം പോലത്തെ അനുഭവങ്ങൾ പറഞ്ഞ ലോകനേതാക്കളുണ്ട്.

1962ലെ ക്യൂബൻ മിസൈൽ ക്രൈസിസ് സമയത്ത് ജോൺ എഫ്. കെനഡിക്ക് വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. അമേരിക്കൻ സൈനിക നേതൃത്വം ക്യൂബയെ ആക്രമിക്കാൻ ആവശ്യപ്പെട്ടു നല്ല സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ അദ്ദേഹം അവസാനം സമാധാനപരമായ പരിഹാരം തിരഞ്ഞെടുക്കുകയായിരുന്നു.

കെനഡി പിന്നീട് പറഞ്ഞത്: “നേതാക്കൾ പലപ്പോഴും യുദ്ധത്തിലേക്ക് തള്ളപ്പെടുന്നു, കാരണം പിൻവാങ്ങൽ ദുർബലതയായി തോന്നും.”

“എനിക്ക് യുദ്ധം വേണ്ടെന്ന് അറിയാമായിരുന്നു, പക്ഷേ പിൻവാങ്ങുന്നത് അമേരിക്കയുടെ യശസ്സിന് തിരിച്ചടിയാകും.” എന്ന് വിയറ്റ്നാം യുദ്ധത്തെ സംബന്ധിച്ചു പിന്നീട് ലിണ്ടൻ ബി. ജോൺസൺ സമ്മതിച്ചു. ഇത് ഓർവെലിന്റെ ആനയെ വെടിവെച്ച സംഭവവുമായി അതിശയകരമായി സമാനമാണ്.

സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ സമയത്ത്, കടുത്ത നടപടികൾ സ്വീകരിക്കാൻ സൈന്യത്തിൽ നിന്നും പാർട്ടിയിൽ നിന്നും മിഖായേൽ ഗോർബച്ചേവിന് വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ഓർവെല്ലിന്റെ കഥയിലെ കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായി, ജനക്കൂട്ടത്തെ ഭയന്ന് ഒരു ‘ഫാസിസ്റ്റ്’ ആകുന്നതിന് പകരം ജനാധിപത്യപരമായ മാറ്റങ്ങൾക്ക് അദ്ദേഹം ശ്രമിച്ചു. ഇത് അദ്ദേഹത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായെങ്കിലും, വലിയൊരു രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ സാധിച്ചു.

ആൾകൂട്ടമനശാസ്ത്രവും ദേശീയതയും

ഓർവെലിന്റെ കഥയിലെ ജനക്കൂട്ടം വിനോദം പ്രതീക്ഷിച്ചെത്തിയവർ ആണ്. ഇത് ഇന്ന് മാധ്യമങ്ങളും സോഷ്യൽ മീഡിയയും വഴി പലപ്പോഴും രാജ്യങ്ങളുടെ രാഷ്ട്രീയത്തിലും കാണാം.

ഉദാഹരണത്തിന് യുദ്ധം സംബന്ധിച്ച ആവേശകരമായ വാർത്തകൾ, “നമ്മുടെ രാജ്യം ജയിക്കണം” എന്ന വികാരം, ശത്രുരാജ്യത്തെ അപമാനിക്കുന്ന പ്രചാരണം എന്നിങ്ങനെ. ഈ സാഹചര്യത്തിൽ നേതാക്കൾക്ക് സമാധാനപരമായ തീരുമാനങ്ങൾ എടുക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്.

സമാപനം

Shooting an Elephant നമ്മെ പഠിപ്പിക്കുന്ന വലിയ രാഷ്ട്രീയ സത്യം:

  • അധികാരം ഉള്ളവരും സമൂഹത്തിന്റെ തടവുകാരാകാം.
  • “ദുർബലൻ” ആയി കാണപ്പെടാതിരിക്കാൻ നേതാക്കൾ പലപ്പോഴും തെറ്റായ തീരുമാനങ്ങൾ എടുക്കും.
  • ഫാസിസം പലപ്പോഴും ദുരുദ്ദേശ്യത്തിൽ നിന്ന് മാത്രമല്ല, ഭയത്തിൽ നിന്നും പ്രതിച്ഛായ സംരക്ഷണത്തിൽ നിന്നും വളരുന്നു.

ഓർവലിന്റെ ആനയെ പോലെ, ചിലപ്പോൾ ലോക രാഷ്ട്രീയത്തിലെ യുദ്ധങ്ങളും നേതാക്കൾക്ക് വേണ്ടിയല്ല, അവരുടെ പിന്നിൽ നിൽക്കുന്ന ‘ജനക്കൂട്ടത്തിന്’ വേണ്ടിയാണ്.

Loading