സോഷ്യൽ മീഡിയ, ഡേറ്റിംഗ് ആപ്പുകൾ, അശ്ലീല ദൃശ്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാറിവരുന്ന ലിംഗസമവാക്യങ്ങൾ എന്നിവ മനുഷ്യബന്ധങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഡെബ്ര സോഹ് പരിശോധിക്കുന്നു. പരിണാമ മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, മനഃശാസ്ത്രം, സമകാലിക സാംസ്കാരിക പ്രവണതകൾ എന്നിവയെ കൂട്ടിച്ചേർത്ത് മനുഷ്യരുടെ അടുപ്പം, പ്രണയം, വിവാഹം, ലൈംഗികത എന്നിവയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ഈ പുസ്തകം വായനക്കാരെ പ്രേരിപ്പിക്കുന്നു.
തീവ്രതകൾക്കപ്പുറം: സങ്കീർണ്ണമായ വിഷയങ്ങളെ സമീപിക്കുമ്പോൾ
Debra Soh എഴുതിയ “Sextinction: The Decline of Sex and the Future of Intimacy” എന്ന പുസ്തക അവലോകനം എന്റെ വ്യക്തിപരമായ നിലപാടുകളുടെ പ്രതിഫലനമായി കാണരുത്. ഈ പുസ്തകത്തിലെ ആശയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു എന്നത് കൊണ്ട് ഞാൻ അതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നു എന്നില്ല. ഇവിടെ പറയുന്ന കാര്യങ്ങൾ ഡെബ്ര സോയുടെ പുസ്തകത്തിൽ നിന്നുള്ളതാണ്. അവയെ ഇവിടെ വിശകലനം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ചില പെരുമാറ്റങ്ങൾക്കും താല്പര്യങ്ങൾക്കും പിന്നിൽ ജീവശാസ്ത്രപരമോ പരിണാമപരമോ ആയ കാരണങ്ങൾ ഉണ്ടെന്ന് പറയുന്നതിനർത്ഥം അവ ധാർമ്മികമായി ശരിയാണെന്നോ, സമൂഹത്തിന് നല്ലതാണെന്നോ, മാറ്റമില്ലാത്തതാണെന്നോ അല്ല. പരിണാമ മനഃശാസ്ത്രത്തിൽ (evolutionary psychology) നിന്നുള്ള വിശദീകരണങ്ങളെ ലിംഗവിവേചനത്തിനോ, അസമത്വത്തിനോ, പക്ഷപാതങ്ങൾക്കോ ഉള്ള ന്യായീകരണങ്ങളായി കാണരുത്.
ഒരു വാർത്തയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകന്റെയോ, അല്ലെങ്കിൽ ഒരു പ്രതിഭാസത്തെക്കുറിച്ച് പഠിക്കുന്ന സാമൂഹിക ശാസ്ത്രജ്ഞന്റെയോ ലക്ഷ്യത്തിന് സമാനമാണ് എന്റെ വിലയിരുത്തൽ. ഈ റിവ്യൂ തീവ്ര യാഥാസ്ഥിതിക ചിന്താഗതികൾക്കോ തീവ്ര പുരോഗമന ചിന്താഗതികൾക്കോ ഉള്ള പിന്തുണയല്ല. പല കാര്യങ്ങളിലും ഈ രണ്ട് കാഴ്ചപ്പാടുകളെയും ഞാൻ സംശയത്തോടെയാണ് കാണുന്നത്. ഇന്നത്തെ സാമൂഹിക പ്രശ്നങ്ങൾ ഈ തീവ്ര നിലപാടുകളിലെ കറുപ്പ്-വെളുപ്പ് ദ്വന്ദങ്ങൾക്കപ്പുറം വളരെ സങ്കീർണ്ണമാണെന്ന് ഞാൻ കരുതുന്നു.
കൂടാതെ, സാംസ്കാരികമായ പശ്ചാത്തലവും ഇവിടെ പ്രധാനമാണ്. ‘സെക്സ്റ്റിൻഷൻ’ ചർച്ച ചെയ്യുന്ന പല പഠനങ്ങളും ഉദാഹരണങ്ങളും അമേരിക്കയിൽ നിന്നും മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ഉള്ളതാണ്. അവയിലെ നിഗമനങ്ങൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് നേരിട്ട് ബാധകമാകണമെന്നില്ല. എങ്കിലും, നഗരങ്ങളിലും ഇന്റർനെറ്റ് വഴി ലോകവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങൾക്കിടയിലും ഇത്തരം ചില പ്രവണതകൾ ഇപ്പോൾ കണ്ടുവരുന്നുണ്ട്.
ആളുകൾക്കിടയിലെ അടുപ്പം കുറയുന്നതിനും, വിവാഹങ്ങൾ കുറയുന്നതിനും, ജനനനിരക്ക് താഴുന്നതിനും ഈ പുസ്തകത്തിൽ അധികം ചർച്ച ചെയ്യാത്ത ചില കാരണങ്ങൾ കൂടിയുണ്ടാകാം. വീട്ടുചെലവുകളും വീട്ടുവാടകയും കൂടുന്നത്, വിവാഹം കഴിക്കാനുള്ള സാമ്പത്തിക ശേഷിയില്ലായ്മ, സാമ്പത്തികമായ അനിശ്ചിതാവസ്ഥ, കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത്, സ്വന്തം കാലിൽ നിൽക്കാൻ വൈകുന്നത്, ജോലിസ്ഥിരതയില്ലാത്ത അവസ്ഥ, മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയൊക്കെ ഇതിൽ പെടുന്നു. ഘടനപരമായ ഈ കാരണങ്ങൾ സാങ്കേതികവിദ്യയുമായും സംസ്കാരവുമായും ജീവശാസ്ത്രവുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇനിയും വേണ്ടത്ര പഠനവിധേയമായിട്ടില്ല.
ഒരാമുഖം
കനേഡിയൻ സെക്സ് ഗവേഷകയായ ഡെബ്ര സോഹ് എഴുതിയ Sextinction: The Decline of Sex and the Future of Intimacy എന്ന പുസ്തകം, ആധുനിക സമൂഹത്തിൽ മനുഷ്യബന്ധങ്ങൾ, ലൈംഗികത, വിവാഹം, സാങ്കേതികവിദ്യ, പരിണാമ മനഃശാസ്ത്രം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു വിശകലനമാണ്. ഇന്നത്തെ സമൂഹത്തിൽ ആളുകൾ പരസ്പരം കൂടുതൽ അകന്നുപോകുന്നതും, വിവാഹങ്ങൾ കുറയുന്നതും, ജനനനിരക്ക് താഴുന്നതും, യുവജനങ്ങൾക്കിടയിൽ ലൈംഗിക നിഷ്ക്രിയത വർധിക്കുന്നതും പോലുള്ള പ്രതിഭാസങ്ങളെ വിശദീകരിക്കാൻ പുസ്തകം ശ്രമിക്കുന്നു.
സോഷ്യൽ മീഡിയ, ഡേറ്റിംഗ് ആപ്പുകൾ, അശ്ലീല ദൃശ്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാറിവരുന്ന ലിംഗസമവാക്യങ്ങൾ എന്നിവ മനുഷ്യബന്ധങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഡെബ്ര സോഹ് പരിശോധിക്കുന്നു. പരിണാമ മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, മനഃശാസ്ത്രം, സമകാലിക സാംസ്കാരിക പ്രവണതകൾ എന്നിവയെ കൂട്ടിച്ചേർത്ത് മനുഷ്യരുടെ അടുപ്പം, പ്രണയം, വിവാഹം, ലൈംഗികത എന്നിവയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ഈ പുസ്തകം വായനക്കാരെ പ്രേരിപ്പിക്കുന്നു.
The Paradox of a Sexually Saturated Society
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു സാമൂഹിക മാറ്റത്തെ വിശദീകരിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്: ഇന്നത്തെ സമൂഹം ലൈംഗികതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഒന്നായി മാറിയിരിക്കുന്നു, എങ്കിലും ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ കുറഞ്ഞ അളവിൽ മാത്രമേ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നുള്ളൂ. അവർ മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ കുറയ്ക്കുന്നു, വൈകി മാത്രം വിവാഹം കഴിക്കുന്നു, പരമ്പരാഗതമായ പ്രണയരീതികളിൽ നിന്ന് കൂടുതൽ അകന്നുപോകുകയും ചെയ്യുന്നു.
ഒരു വിരോധാഭാസത്തോടെയാണ് സോഹ് പുസ്തകം ആരംഭിക്കുന്നത്. ലോകത്തിൽ, ലൈംഗിക ദൃശ്യങ്ങളും ഉള്ളടക്കങ്ങളും സ്വാതന്ത്ര്യവും ഇത്രയധികം പ്രകടമായ മറ്റൊരു കാലമുണ്ടായിട്ടില്ല. സോഷ്യൽ മീഡിയ, സ്ട്രീമിംഗ് സേവനങ്ങൾ, പരസ്യങ്ങൾ, മ്യൂസിക് വീഡിയോകൾ, ഡേറ്റിംഗ് ആപ്പുകൾ, സെലിബ്രിറ്റി സംസ്കാരം എന്നിവയെല്ലാം ലൈംഗികതയെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നിട്ടും പുതിയ തലമുറക്കാർ ലൈംഗികമായി കൂടുതൽ നിഷ്ക്രിയരായി മാറുന്നു എന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.
പല പഠനങ്ങളും അനുസരിച്ച്, യുവാക്കളിൽ മൂന്നിലൊന്നും യുവതികളിൽ അഞ്ചിലൊന്നും പേർ കഴിഞ്ഞ ഒരു വർഷമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്നു. ഈ പ്രവണത ‘മില്ലേനിയലുകൾ’ (Millennials), ‘ജനറേഷൻ ഇസഡ്’ (Generation Z) എന്നിവർക്കിടയിലാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ഈ കുറവ് അമേരിക്കയിൽ മാത്രമല്ല, പല പാശ്ചാത്യ രാജ്യങ്ങളിലും കിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങളിലും കാണാമെന്ന് എഴുത്തുകാരി വാദിക്കുന്നു.
ഈ പുസ്തകത്തിന്റെ പ്രധാന ചോദ്യം വളരെ ലളിതമാണ്: എങ്ങനെയാണ് ഒരു സമൂഹം ലൈംഗികതയോട് കൂടുതൽ തുറന്ന സമീപനം കാണിക്കുകയും, അതേസമയം തന്നെ ലൈംഗികമായി കൂടുതൽ നിഷ്ക്രിയമാകുകയും ചെയ്യുന്നത്?
Technology and Evolutionary Mismatch
മനുഷ്യചരിത്രത്തിന്റെ ബഹുഭൂരിപക്ഷം സമയവും മനുഷ്യർ ചെറിയ ഗോത്രങ്ങളായി ജീവിച്ച ജീവിയാണ്. അന്നത്തെ ചിന്തകൾക്കും പരിമിതി ഉണ്ടായിരുന്നു. ഈ അടുത്ത് മാത്രം ആണ് സാങ്കേതികവിദ്യ വളർന്നത്. മനുഷ്യന്റെ മസ്തിഷ്ക്കത്തിന് അതിനനുസരിച്ച് മാറാൻ (adaptation) കഴിയുന്നതിനേക്കാൾ വേഗത്തിൽ, ആധുനിക സാങ്കേതികവിദ്യ നമ്മുടെ പണ്ടുമുതലേയുള്ള സഹജവാസനകളെ ചൂഷണം ചെയ്യുന്നു.
പങ്കാളികളെ കണ്ടെത്താൻ പരിമിതമായ അവസരങ്ങൾ മാത്രം ഉണ്ടായിരുന്നതും, ആളുകൾ നേരിട്ട് കണ്ടുമുട്ടി സംസാരിച്ചിരുന്നതുമായ ചെറിയ സാമൂഹിക ഗ്രൂപ്പുകളിലാണ് മനുഷ്യൻ പരിണമിച്ചുണ്ടായത്. എന്നാൽ ആധുനിക സാങ്കേതികവിദ്യ, സോഷ്യൽ മീഡിയയിലൂടെയും ഡേറ്റിംഗ് ആപ്പുകളിലൂടെയും ലക്ഷക്കണക്കിന് ആളുകളിലേക്ക് പെട്ടെന്നാണ് നമ്മെ എത്തിക്കുന്നത്.
നമ്മുടെ പഴയകാല ജീവശാസ്ത്രവും ഇന്നത്തെ സാങ്കേതികവിദ്യയും തമ്മിലുള്ള ഈ പൊരുത്തക്കേട് ആളുകളിൽ യാഥാർത്ഥ്യത്തിന് നിരക്കാത്ത പ്രതീക്ഷകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് സോഹ് വാദിക്കുന്നു. സോഷ്യൽ മീഡിയ ആളുകളെ തികവുറ്റ സൗന്ദര്യം, പണം, പദവി, ആഡംബര ജീവിതരീതി എന്നിവ മാത്രമേ കാണിക്കുന്നുള്ളൂ. ഡേറ്റിംഗ് ആപ്പുകളാകട്ടെ പ്രണയത്തെ ഒരു കച്ചവടസ്ഥലമാക്കി മാറ്റുകയും ചെയ്തു.
വലിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ആകർഷിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് പുരുഷന്മാർ ചിന്തിച്ചേക്കാം. സ്ത്രീകൾ ആകട്ടെ കരിയറിൽ വലിയ വിജയങ്ങൾ നേടിയ, വലിയ പണക്കാരായ അല്ലെങ്കിൽ കാണാൻ അതീവ സുന്ദരന്മാരായ പങ്കാളികളെ കൂടുതൽ ആഗ്രഹിച്ചേക്കാം. അങ്ങനെ രണ്ടു കൂട്ടരും യാഥാർത്ഥ്യത്തിന് നിരക്കാത്ത അളവുകോലുകൾ വെച്ചാണ് സ്വയം താരതമ്യം ചെയ്യുന്നത്.
സാങ്കേതികവിദ്യ നമുക്ക് പെട്ടെന്നുള്ള സന്തോഷങ്ങൾ നൽകുന്നുണ്ടെങ്കിലും, അതോടൊപ്പം തന്നെ വലിയ തോതിലുള്ള അതൃപ്തിയും ഉണ്ടാക്കുന്നുണ്ട്. സാങ്കേതികവിദ്യ പൂർണ്ണമായും ദോഷകരമാണെന്നല്ല മറിച്ചു, മനുഷ്യന്റെ മനസ്സിന് ഒപ്പമെത്താൻ കഴിയുന്നതിനേക്കാൾ വളരെ വേഗത്തിലാണ് സാങ്കേതികവിദ്യയിലുള്ള മാറ്റങ്ങൾ സംഭവിച്ചത്.
The Sexual Recession
ഗവേഷകർ “ലൈംഗിക മാന്ദ്യം” (sex recession) എന്ന് വിളിക്കുന്ന പ്രതിഭാസത്തെക്കുറിച്ചു പറയുന്നത് എന്തെന്നാൽ മുൻ തലമുറകളെ അപേക്ഷിച്ച് ഇന്നത്തെ യുവാക്കൾക്കിടയിൽ ലൈംഗിക പ്രവർത്തികൾ വളരെ കുറവാണെന്നാണ്. യുവാക്കൾക്കിടയിലും, ഒരു പരിധിവരെ യുവതികൾക്കിടയിലും ലൈംഗികമായ നിഷ്ക്രിയത്വം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകൾ സോഹ് നിരത്തുന്നുണ്ട്.
ഈ കുറവ് അമേരിക്കയിൽ മാത്രം ഒതുങ്ങുന്നതല്ല. ജപ്പാൻ, ദക്ഷിണ കൊറിയ, ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, യുകെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ജനനനിരക്ക് കുറയുന്നതായും ലൈംഗിക പ്രവർത്തനങ്ങൾ ഇല്ലാതാകുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമായും, കോവിഡ്-19 (COVID-19) മഹാമാരി കൊണ്ട് മാത്രം ഈ പ്രവണതകളെ പൂർണ്ണമായി വിശദീകരിക്കാൻ കഴിയില്ല. ലോക്ക്ഡൗണുകളും സാമൂഹികമായ ഒറ്റപ്പെടലുകളും ഈ മാറ്റങ്ങളുടെ വേഗത കൂട്ടിയിട്ടുണ്ടാകാമെങ്കിലും, ഇതിൽ പല മാറ്റങ്ങളും മഹാമാരിക്ക് വളരെ മുമ്പ് തന്നെ തുടങ്ങിയതായിരുന്നു. യുവജനങ്ങൾ, പരസ്പരമുള്ള അടുപ്പം, ബന്ധങ്ങൾ എന്നിവ തമ്മിലുള്ള സമവാക്യങ്ങളിൽ അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് എഴുത്തുകാരി വാദിക്കുന്നത്.
Dating Apps and Hypergamy
ഡേറ്റിംഗ് മാർക്കറ്റുകളെയും പരിണാമ മനഃശാസ്ത്രത്തെയും (evolutionary psychology) കുറിച്ചുള്ള ചർച്ചയിൽ ഒരു പ്രധാന കാര്യം സോഹ് വ്യക്തമാക്കുന്നുണ്ട്.
സ്ത്രീകൾ പൊതുവെ തങ്ങളേക്കാൾ ഉയർന്ന പദവിയും, കൂടുതൽ സമ്പത്തും, സാമൂഹിക പദവിയുമുള്ള പങ്കാളികളെയാണ് ചരിത്രപരമായി മുൻഗണന നൽകി തിരഞ്ഞെടുത്തിട്ടുള്ളത്. തങ്ങളേക്കാൾ ഉയർന്ന നിലയിലുള്ളവരെ വിവാഹം കഴിക്കാനുള്ള ഈ പ്രവണതയെ ‘ഹൈപ്പർഗാമി’ (hypergamy – “marry up”) എന്നാണ് അവർ വിശേഷിപ്പിക്കുന്നത്.
അതേസമയം, ഇന്നത്തെ സ്ത്രീകൾ വിദ്യാഭ്യാസപരമായും തൊഴിൽപരമായും വൻ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളിലും ഇപ്പോൾ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ സർവ്വകലാശാലാ ബിരുദങ്ങൾ നേടുകയും ഉയർന്ന ഔദ്യോഗിക പദവികൾ അലങ്കരിക്കുകയും ചെയ്യുന്നു.
എഴുത്തുകാരിയുടെ അഭിപ്രായത്തിൽ, സ്ത്രീകളുടെ പരമ്പരാഗതമായ ഈ താല്പര്യങ്ങളിൽ മാറ്റം വരാതിരിക്കുകയും പുതിയ സാഹചര്യങ്ങൾ നിലനിൽക്കുകയും ചെയ്യുന്നത് ഒരു പൊരുത്തക്കേട് ഉണ്ടാക്കുന്നുണ്ട്. വിജയിച്ച സ്ത്രീകൾ തന്നെ തങ്ങൾക്ക് തുല്യരോ തങ്ങളേക്കാൾ സാമൂഹികപദവി ഉള്ള പങ്കാളികളെ തേടുമ്പോൾ, മറുഭാഗത്ത് പല യുവാക്കളും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോട്ട് പോകുന്നു. നമ്മുടെ നാട്ടിൽ തന്നെ വിദ്യാഭ്യാസം കുറഞ്ഞ ആണുങ്ങൾക്ക് വിവാഹ മാർക്കറ്റ് കുറവാണ്.
ഇതിന്റെ അർഥം എല്ലാ വ്യക്തികളും ഇങ്ങനെയാണ് പെരുമാറുന്നത് എന്നോ, അല്ലെങ്കിൽ ഇത്തരം താല്പര്യങ്ങൾ ധാർമ്മികമായി ശരിയാണെന്നോ അല്ല.
സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വിജയം സംശയമില്ലാതെ തന്നെ സമൂഹത്തിന് വലിയൊരു നേട്ടമാണ്. ഗോത്രകാലത്തെ, പങ്കാളികളെ തിരഞ്ഞെടുക്കുന്ന രീതികൾ (mating preferences) പുതിയ സാമൂഹിക സാഹചര്യങ്ങളിലും ഇപ്പോഴും തുടരുന്നുണ്ടോ എന്ന ചോദ്യം മാത്രമാണ് സോഹ് ഇവിടെ ഉയർത്തുന്നത്.
Marriage, Delayed Adulthood, and Economic Reality
ഈ പുസ്തകം പ്രധാനപ്പെട്ട ചില കാര്യങ്ങളെ വേണ്ടത്ര ഗൗരവത്തോടെ കാണാത്ത ഒരു മേഖല സാമ്പത്തിക ശാസ്ത്രമാണ്.
പുതിയ തലമുറയിലുള്ളവർ വീടുകളുടെ ഉയർന്ന വില/ വാടക, വലിയ വിവാഹച്ചെലവുകൾ, ജോലിസ്ഥിരതയില്ലാത്ത അവസ്ഥ, നീണ്ട പഠനകാലം, സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള താമസം എന്നിവ നേരിടുന്നുണ്ട്. മുൻ തലമുറകളെപ്പോലെ അതേ പ്രായത്തിൽ വിവാഹം കഴിക്കാനോ കുട്ടികളെ വളർത്താനോ പലർക്കും ഇന്ന് സാമ്പത്തികമായി സാധിക്കുന്നില്ല.
ഈജിപ്തിലെ ലൈംഗികാതിക്രമങ്ങളെ വെറുമൊരു വ്യക്തിഗതമായ തെറ്റായ പെരുമാറ്റമായി കാണാതെ, അതൊരു സങ്കീർണ്ണമായ സാമൂഹിക പ്രശ്നമായി ചിത്രീകരിക്കുന്ന Cairo 678 എന്ന സിനിമ കണ്ടത് ഞാൻ ഓർക്കുന്നു. തൊഴിലില്ലായ്മ, ഉയർന്ന വീട്ടുചെലവുകൾ, വൈകുന്ന വിവാഹങ്ങൾ, സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കാൻ യുവാക്കൾക്ക് സാധിക്കാത്ത അവസ്ഥ തുടങ്ങിയ സാമ്പത്തിക സമ്മർദ്ദങ്ങൾ സമൂഹത്തിൽ വലിയ ഫ്രസ്ട്രേഷന് കാരണമായേക്കാമെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നു. ദുർബലമായ സാമൂഹിക ഉത്തരവാദിത്തവും സ്ത്രീകളോടുള്ള മോശം മനോഭാവവും ഇതിനൊപ്പം ചേരുമ്പോൾ, ചിത്രത്തിലെ പല സ്ത്രീകൾക്കും പൊതുസ്ഥലങ്ങളും പൊതുഗതാഗതവും സുരക്ഷിതമല്ലാത്തതായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവും.
പുസ്തകത്തിൽ പരാമർശിക്കുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്, പല യുവാക്കളും വിവാഹത്തെ കാലഹരണപ്പെട്ടതോ, ചെലവേറിയതോ, അല്ലെങ്കിൽ അനാവശ്യമോ ആയ ഒന്നായിട്ടാണ് കാണുന്നത് എന്നാണ്. പലരും മാതാപിതാക്കളുടെ വിവാഹമോചനം നേരിട്ട് കണ്ടവരാണ്, അതിനാൽ അത്തരം അനുഭവങ്ങൾ തങ്ങളുടെ ജീവിതത്തിലും ആവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.
മുതിർന്ന ആളാവുക (adulthood) എന്ന സങ്കല്പം തന്നെ ഇന്ന് മാറിയിരിക്കുന്നു. പല യുവാക്കളും കൂടുതൽ കാലം മാതാപിതാക്കൾക്കൊപ്പം ജീവിക്കുകയും, സാമ്പത്തിക സ്വാതന്ത്ര്യം വൈകി മാത്രം നേടുകയും, കുടുംബജീവിതം തുടങ്ങുന്നത് നീട്ടിവെക്കുകയും ചെയ്യുന്നു.
സോഹ് സാങ്കേതികവിദ്യയ്ക്കും സംസ്കാരത്തിനും കൂടുതൽ പ്രാധാന്യം നൽകുമ്പോഴും, ഈ മാറ്റങ്ങളിൽ സാമ്പത്തിക സാഹചര്യങ്ങൾക്കും അത്രതന്നെ തുല്യമായ പങ്കുണ്ട് എന്നതാണ് എന്റെ വിലയിരുത്തൽ.
The Rise of Pornography and Artificial Intimacy
ഇന്റർനെറ്റിലെ അശ്ലീലദൃശ്യങ്ങൾ യഥാർത്ഥ ബന്ധങ്ങൾക്ക് പകരമായി മാറുന്നുണ്ടെന്ന് സോഹ് വാദിക്കുന്നു. നിരാകരണങ്ങൾ (rejection), മാനസികമായ ദുർബലതകൾ (vulnerability), വൈകാരികമായ നിക്ഷേപം, അല്ലെങ്കിൽ കഠിനാധ്വാനം എന്നിവയൊന്നും ഇല്ലാതെ തന്നെ ലൈംഗിക സംതൃപ്തി നൽകാൻ അശ്ലീലദൃശ്യങ്ങൾക്ക് കഴിയുന്നുണ്ട്. ഒറ്റപ്പെടൽ, ഉത്കണ്ഠ, വിരസത, അല്ലെങ്കിൽ കുറഞ്ഞ ആത്മവിശ്വാസം എന്നിവയിൽ നിന്നുള്ള ഒരു ഒളിച്ചോട്ടത്തിനായി ആളുകൾ അശ്ലീലദൃശ്യങ്ങളെ ആശ്രയിച്ചേക്കാം എന്ന് എഴുത്തുകാരി സൂചിപ്പിക്കുന്നു.
സോഹിന്റെ അഭിപ്രായത്തിൽ, അശ്ലീലദൃശ്യങ്ങൾ എന്നത് ഒരു സാങ്കേതിക കുറുക്കുവഴിയാണ്. മുൻകാലങ്ങളിൽ, ലൈംഗികമായ ആഗ്രഹങ്ങളാണ് പുരുഷന്മാരെ സ്വയം മെച്ചപ്പെടുത്താനും, പങ്കാളികളെ തേടാനും, സമൂഹത്തിൽ മത്സരിക്കാനും പ്രേരിപ്പിച്ചിരുന്നത്. എന്നാൽ ലൈംഗിക ഉത്തേജനങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നത് ഇത്തരം പ്രേരണകളെ കുറച്ചേക്കാം.
കുട്ടികളും കൗമാരക്കാരും വളരെ ചെറിയ പ്രായത്തിൽ തന്നെ അശ്ലീലദൃശ്യങ്ങൾ കാണാനിടയാകുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഈ പുസ്തകം പങ്കുവെക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യ കാരണം കുട്ടികൾക്ക് വളരെ ചെറിയ പ്രായത്തിൽ തന്നെ ലൈംഗികമായ ഉള്ളടക്കങ്ങൾ കാണേണ്ടി വരുന്നു. ഇത് ബന്ധങ്ങളെയും പരസ്പരമുള്ള അടുപ്പത്തെയും കുറിച്ചുള്ള അവരുടെ പ്രതീക്ഷകളെ ദോഷകരമായി സ്വാധീനിച്ചേക്കാം.
Artificial Intelligence and the Future of Relationships
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂട്ടാളികളും, വെർച്വൽ പങ്കാളികളും, കൃത്രിമമായ അടുപ്പവും (artificial intimacy) മനുഷ്യബന്ധങ്ങൾക്ക് പകരമായി കൂടുതലായി കടന്നുവന്നേക്കാമെന്ന് സോഹ് പ്രവചിക്കുന്നു.
യഥാർത്ഥ മനുഷ്യരുമായി ഇടപഴകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ തന്നെ വൈകാരികമായ പിന്തുണ, ലൈംഗികമായ ഇടപെടലുകൾ, കൂട്ട്, ശ്രദ്ധ എന്നിവ നൽകാൻ AI സംവിധാനങ്ങൾക്ക് കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ മെച്ചപ്പെടുന്നതോടെ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളും കൃത്രിമ ബന്ധങ്ങളും തമ്മിൽ വേർതിരിച്ചറിയുക എന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയേക്കാം.
മുൻകാലങ്ങളിൽ മനുഷ്യബന്ധങ്ങളിലൂടെ മാത്രം സാധ്യമായിരുന്ന കാര്യങ്ങളെ സാങ്കേതികവിദ്യ പടിപടിയായി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ഇതിലെ വലിയൊരു ആശങ്ക.
Criticism of Modern Sex Positivity
ഇന്നത്തെ കാലത്തെ തീവ്രമായ ചില ‘സെക്സ് പോസിറ്റിവിറ്റി’ (sex positivity – ലൈംഗികതയോടുള്ള അനുകൂല മനോഭാവം) രീതികളെയും സോഹ് വിമർശിക്കുന്നുണ്ട്.
ലൈംഗികതയെക്കുറിച്ചുള്ള അപകർഷതാബോധവും നാണക്കേടും കുറയ്ക്കുക എന്നതായിരുന്നു തുടക്കത്തിൽ സെക്സ് പോസിറ്റിവിറ്റി എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നതെന്ന് എഴുത്തുകാരി പറയുന്നു. എന്നാൽ ഇന്നത് എല്ലാത്തരം ലൈംഗിക പെരുമാറ്റങ്ങളും ഒരുപോലെ ആരോഗ്യകരമാണെന്നോ, സാധാരണമാണെന്നോ അല്ലെങ്കിൽ വ്യക്തികളെ ശാക്തീകരിക്കുന്നതാണെന്നോ വാദിക്കുന്ന ഒരു പ്രത്യയശാസ്ത്രമായി മാറിക്കഴിഞ്ഞുവെന്ന് അവർ കരുതുന്നു.
വ്യക്തിപരമായ അതിരുകൾ സൂക്ഷിക്കുന്നതോ, പരമ്പരാഗതമായ താല്പര്യങ്ങൾ പിന്തുടരുന്നതോ, അധികം പരീക്ഷണങ്ങൾക്ക് മുതിരാത്തതോ ആയ ലൈംഗിക തെരഞ്ഞെടുപ്പുകളെ പലപ്പോഴും ‘സെക്സ്-നെഗറ്റീവ്’ എന്ന് വിളിച്ച് തള്ളിക്കളയുന്ന അവസ്ഥയുണ്ടെന്ന് അവർ വാദിക്കുന്നു.
എഴുത്തുകാരിയുടെ ഈ നിഗമനങ്ങളോട് വായനക്കാർക്ക് വിയോജിപ്പുണ്ടായേക്കാം. എങ്കിലും, ലൈംഗികത, സമ്മതം (consent), അതിരുകൾ, സാംസ്കാരിക നിയമങ്ങൾ എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകളെയാണ് അവരുടെ ഈ വിമർശനം പ്രതിഫലിപ്പിക്കുന്നത്. ഒരു കാര്യത്തെ സമൂഹം അംഗീകരിക്കുന്നു (social acceptance) എന്നതിനർത്ഥം അതിന് സമൂഹം പൂർണ്ണ പിന്തുണ നൽകുന്നു (social approval) എന്നാണോ എന്ന പ്രധാനപ്പെട്ട ചോദ്യവും ഈ ചർച്ച ഉയർത്തുന്നുണ്ട്.
Conclusion: A Warning Rather Than an Ideology
ഈ പുസ്തകത്തെ ഒരു യാഥാസ്ഥിതിക പ്രകടനപത്രികയായോ, സ്ത്രീവിരുദ്ധതയായോ, അല്ലെങ്കിൽ സാമൂഹിക പുരോഗതിയെ തള്ളിക്കളയുന്ന ഒന്നായോ കാണരുത്. പകരം, സാങ്കേതികവിദ്യയിലും സംസ്കാരത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാതെ വരുത്തിവെക്കുന്ന ആഫ്റ്റർ ഇഫക്റ്റുകളെക്കുറിച്ചുള്ള (unintended consequences) ഒരു മുന്നറിയിപ്പാണിത്.
മനുഷ്യൻ മാനസികമായി ഇനിയും തയ്യാറെടുത്തിട്ടില്ലാത്ത ഒരു പുതിയ സാഹചര്യത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത് എന്ന് ഡെബ്ര സോഹ് വാദിക്കുന്നു. സോഷ്യൽ മീഡിയ, ഡേറ്റിംഗ് ആപ്പുകൾ, അശ്ലീലദൃശ്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാറിവരുന്ന ലിംഗസമവാക്യങ്ങൾ എന്നിവയെല്ലാം ചേർന്ന്, ഇനിയും വേണ്ടത്ര മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത രീതിയിൽ മനുഷ്യബന്ധങ്ങളിലെ അടുപ്പത്തെ മാറ്റിമറിച്ചിരിക്കുന്നു.
ഈ പുസ്തകം ഉയർത്തുന്ന ചോദ്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്:
മനുഷ്യർ ഇന്ന് കൂടുതൽ കണക്റ്റഡ് ആണെങ്കിലും എന്തുകൊണ്ടാണ് കൂടുതൽ ഒറ്റപ്പെട്ടുപോകുന്നത്?
ഇന്നത്തെ സമൂഹം ലൈംഗികതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു, എങ്കിലും എന്തുകൊണ്ടാണ് മനുഷ്യർക്കിടയിൽ അടുപ്പം കുറയുന്നത്?
എന്തുകൊണ്ടാണ് പുതിയ തലമുറകൾ പ്രണയവും വിവാഹവും കുട്ടികളുണ്ടാകുന്നതും നീട്ടിവെക്കുന്നത്?
എന്തുകൊണ്ടാണ് മനുഷ്യബന്ധങ്ങൾക്ക് പകരം സാങ്കേതിക കുറുക്കുവഴികളെ ആളുകൾ കൂടുതലായി ആശ്രയിക്കുന്നത്?
വായനക്കാരെക്കൊണ്ട് ഈ ചോദ്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുക എന്നതാണ് ഈ പുസ്തകം ചെയ്യുന്നത്.
ഡെബ്ര സോഹിനോട് നിങ്ങൾ യോജിച്ചാലും ഇല്ലെങ്കിലും, ആധുനിക കാലത്തെ വലിയൊരു സാമൂഹിക പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടാൻ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്: കൃത്രിമമായി അടുപ്പം കാണിക്കാൻ (simulating intimacy) മനുഷ്യൻ ഒരുപാട് കഴിവ് നേടിയിട്ടുണ്ടാകാം, പക്ഷേ യഥാർത്ഥ അടുപ്പം പടിപടിയായി നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന അവസ്ഥയാണത്.
![]()

