ഏതൊരു ഉൽപ്പന്നവും സേവനവും നിലനിൽക്കുന്നത് ആവശ്യക്കാർ ഉള്ളതുകൊണ്ടാണ്; മെറ്റാവേഴ്സിലെ ചായക്കട – പ്രവീൺ രവി എഴുതുന്നു


“മനുഷ്യ വംശത്തിൻ്റെ നിലനിൽപ്പ് ഈ പ്രപഞ്ചത്തിൻ്റെ അവസാനം വരെയാണ് എന്ന ഉദ്ദേശത്തിൽ ആണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. പ്രകൃതിക്ക് നമ്മളെ നിലനിർത്തണം എന്ന് യാതൊരു ആഗ്രഹവും ഇല്ല. അപ്പോൾ നമ്മൾ പ്രകൃതിയെയും മെരുക്കാവുന്ന സ്പീഷീസ് ആയി മാറുകയാണ് വേണ്ടത്. അതുകൊണ്ട് യാഥാർത്ഥ്യബോധത്തോടെ ഉള്ള പ്രകൃതിസംരക്ഷണം ആണ് നമ്മൾ മുന്നോട്ടു വയ്ക്കേണ്ടത്. നമ്മൾ മാറിക്കൊണ്ടിരിക്കും.” – പ്രവീൺ രവി എഴുതുന്നു

മെറ്റാവേഴ്സിലെ ചായക്കട

ഒരു ചെറിയ ടൗണിൽ 5000 പേര് താമസിക്കുന്നു എന്നിരിക്കട്ടെ. അവിടെ എത്ര കോഫീ ഷോപ്പുകൾക് സാധ്യത ഉണ്ട്? ആദ്യം ഈ 5000 പേരിൽ എത്ര പേര് പുറത്ത് നിന്നും കഴിക്കാൻ സാധ്യതയുണ്ട് എന്നറിയണം. അവരുടെ ജോലി, കുടുംബം ഇതൊക്കെ ആശ്രയിച്ച് ഇരിക്കും അവർ റെസ്റ്റോറന്റുകളെ ആശ്രയിക്കുന്നതും. നാട്ടിലെ ചായക്കടകളിൽ കഴിക്കാൻ ഏറ്റവുമധികം ആളുകൾ വരുന്നത് കൂലിപ്പണിക്കാരായ ആളുകൾ ആണ്. പിന്നെ ഞങ്ങടെ നാട്ടിൽ ഒക്കെ റബർ വെട്ടുകാരാണ് വന്നിരുന്നത്. കാരണം അവർക്ക് വെളുപ്പിനെ എഴുന്നേറ്റ് ജോലിക്ക് പോകണം, അപ്പോൾ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാനും വച്ച് വിളമ്പാനും ഒന്നും കഴിഞ്ഞു എന്നുവരില്ല. അപ്പോൾ ദിവസക്കൂലിക്കാർ ആണ് റസ്റ്ററൻ്റ് അല്ലങ്കിൽ ചായക്കടകളെ ആശ്രയിക്കുന്നതിൽ ഒരു വലിയ ശതമാനം

പിന്നെ സ്കൂൾ-കോളേജ് അങ്ങനെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെ ഉണ്ടെങ്കിൽ അവിടെ പഠിക്കാൻ വരുന്ന കുട്ടികളിൽ ചിലർ ഇത്തരം ചായക്കടകളെ ആശ്രയിക്കും. ഇതേ പോലെ മറ്റ് വ്യാപാരസ്ഥാപനങ്ങൾ, ബിസിനസ്, ഒക്കെ ഉള്ള കടകളിൽ നിന്നുള്ള കച്ചവടവും ചായക്കടക്കു കിട്ടാം.

അങ്ങനെ ഒരു സാങ്കൽപ്പിക നാട്ടിൽ നമ്മുടെ കേശവ ചേട്ടൻ ഒരു ചായക്കട തുടങ്ങുന്നു. ഇങ്ങനെ തുടങ്ങിയ കേശവച്ചേട്ടന്റെ ചായക്കട വിജയം കണ്ടതോടെ വേറെ ആളുകളും സമാനമായ ചായക്കട തുടങ്ങുന്നു.

ഈ വരുന്ന ആളുകൾ സ്വാഭാവികമായും കേശവൻ ചേട്ടന്റെ ചായകടയിലെ കച്ചവടം കണ്ടോ മറ്റോ ആയിരിക്കും പുതിയ കടകൾ തുടങ്ങുക. ആ പ്രദേശത്ത് എത്രമാത്രം കച്ചവടത്തിന് സാദ്ധ്യതയുണ്ട് എന്ന അടിസ്ഥാന പഠനം നടത്തുക എന്നതാണ് ബിസിനസ് ചെയ്യാൻ പോകുന്ന ആളുടെ ആദ്യത്തെ ഉത്തരവാദിത്വം പക്ഷേ പലരും ഇത് ചെയ്യാറില്ല. മറ്റുള്ള ബിസിനസിനെ അനുകരിച്ച് തുടങ്ങുന്ന ബിസിനസുകൾ ആണ് നമ്മുടെ നാട്ടിൽ ഭൂരിഭാഗവും, അത് കൊണ്ട് തന്നെ പുതുതായി വന്ന പല കടകളും വന്നപോലെ പൂട്ടി പോകുന്നു.

ഏതു പ്രദേശത്തും ഒരു ബിസിനസ് മോഡൽ വിജയിക്കുന്നത് ആ ബിസിനസിനെ ആശ്രയിക്കുന്ന എത്ര ആളുകൾ അവിടെ താമസിക്കുന്നു, നിങ്ങളുടെ സേവനം എത്രപേർക്ക് ആവശ്യമുണ്ട് എന്നതിൻറെ അടിസ്ഥാനത്തിൽ കൂടിയാണ്. അത് അനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ ചായകടകൾ വലിയ തരക്കേടില്ലാതെ പോകാം. ഈ കടകളുടെ ബിസിനസ് തകർത്തുകൊണ്ട് മാത്രമേ മറ്റൊരു കടക്ക് അവിടേക്കു കടന്നു വരാൻ സാധിക്കുകയുള്ളൂ. അപ്പോൾ മൽസരം മുറുകും, ചീനി തണ്ടൻ, ചേനത്തണ്ടൻ, മുതല വറുത്തത് ഇങ്ങനെ വ്യത്യസ്തമായ രുചികളും വിഭവങ്ങളും സർവീസുമായി ഇവർ പരസ്പരം മത്സരിക്കും. ഇതുകൊണ്ട് ഗുണം ഉപഭോക്താക്കൾക്ക് ആണ്. പണ്ടൊരു ഉണക്ക ചായയും പരിപ്പുവടയും ആയിരുന്നു കിട്ടിയിരുന്നെങ്കിൽ ഇന്ന് കല്ലുമ്മേക്കാ ഫ്രൈ വരെ കിട്ടാൻ സാദ്ധ്യതയുണ്ട്.

ഒരു പൂരിതാവസ്ഥയിൽ എത്തിയാൽ എല്ലാവരും അവരുടെ കച്ചവട വീതവും ആയി മുന്നോട്ട് പോകും. വീണ്ടും പുതിയ ഒരു സ്ഥാപനം നമ്മുടെ കഥയിൽ ഒരു ചായക്കട അവിടെ വന്നാൽ ഇതിൽ ഏറ്റവും മോശം കച്ചവടം ഉള്ളവൻ പൂട്ടി പോകും, അല്ലങ്കിൽ പുതുതായി വന്നവൻ പൂട്ടി പോകും. ഇതാണ് പൊതുവേ ബിസിനസ്സ് എന്ന് പറയുന്നത്.

നമ്മുടെ കഥയിൽ ഈ സാങ്കല്പിക സ്ഥലത്തേക്ക് പുതിയ ഒരു കോഫീ ഷോപ്പും ആയി ഷമീർ വരികയാണ്. ഷമീറിന്റെ ആധുനിക കോഫീ ഷോപ്പ് തുടങ്ങിയതോടെ അവിടെ ഉണ്ടായിരുന്ന ബാക്കി ചായക്കടകൾ എല്ലാം പരുങ്ങലിൽ ആകുന്നു. കയ്യിൽ കാശുള്ള ബാക്കി മൂന്നു പേരും അവരുടെ കട മോടി പിടിപ്പിക്കുന്നു, പുതിയ വിഭവങ്ങൾ കൊണ്ട് വരുന്നു. എന്നാല് എങ്ങനെയോ തട്ടിയും മുട്ടിയും പോയിരുന്ന കേശവൻ ചേട്ടന് ഈ മത്സരത്തോട് പിടിച്ചുനിൽക്കാൻ സാധിക്കാതെ തന്റെ ചായ കച്ചവടം അവസാനിപ്പിക്കുന്നു.

ഇങ്ങനെ കച്ചവടം അവസാനിപ്പിച്ച കേശവൻ ചേട്ടനോട് നിങ്ങൾക്ക് സഹതാപം തോന്നാം, പുതിയതായി വന്ന കോഫീ ഷോപ്പ് ഓണർ ഷമീറിനോട് ദേഷ്യം തോന്നാം. പക്ഷേ നിങ്ങളുടെ ബയസുകൾ, ഇമോഷണൽ കണക്ഷൻ ഒന്നുമല്ല ഇവിടെ കേശവ ചേട്ടനെ രക്ഷിക്കുക, നിങൾ പുതിയതായി വന്നവനെ കുറെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. ഈ മൽസരത്തിൽ കേശവ ചേട്ടൻ പരാജയപ്പെട്ടിരിക്കുന്നു. കേശവ ചേട്ടന്റെ കട പിന്നീട് അവിടെ തുടരുന്നത് കേശവ ചേട്ടനെ സംബന്ധിച്ച് കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുക ആണ് ചെയ്യുന്നത്.

ആ നാട്ടിലെ എല്ലാവരും കേശവ ചേട്ടൻറെ കഷ്ടപ്പാട് മനസ്സിലാക്കി വീണ്ടും അവിടെ തന്നെ ചായ കുടിക്കാൻ കയറണം എന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ മനുഷ്യ സമൂഹം അങനെ അല്ല പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കണം. ഏതൊരു ഉൽപ്പന്നവും സേവനവും ഒരു സമൂഹത്തിൽ നിലനിൽക്കുന്നത് അതിൻറെ ആവശ്യക്കാർക്ക് അതുകൊണ്ട് ഉപകാരവും ഗുണവും ഉള്ളത് കൊണ്ടു മാത്രം ആണ്. മെച്ചപ്പെട്ട ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭിക്കുമ്പോൾ ആളുകൾ അങ്ങോട്ട് പോകും. അതായത് ഏതെങ്കിലും ഒരു കച്ചവടം അല്ലങ്കിൽ വ്യവസായം നിലനിർത്തുക എന്നത് സമൂഹത്തിൻറെ ബാധ്യതയല്ല കച്ചവടക്കാരൻ്റെ മാത്രം ബാധ്യതയാണ്. ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ബൈ ഫോഴ്സ് സമൂഹത്തിന്റെ ഈ താൽപര്യങ്ങൾ അമർച്ച ചെയ്തു കൊണ്ടും നിഷേധിച്ചു കൊണ്ടും ആണ് തൊഴിലുകൾ സംരക്ഷിക്കുന്നത്.

ഉദാഹരണത്തിന് കേശവൻ ചേട്ടന്റെ ചായകടക്കും മുൻപ് ഒരു ഉന്തുവണ്ടിയിൽ ചായ വിറ്റിരുന്ന ഗോപാലൻ ചേട്ടന്റെ ബിസിനസ് ഇല്ലാതെ ആക്കി ആണ്, കേശവൻ ചേട്ടൻ തന്റെ ആദ്യത്തെ ചായക്കട തുടങ്ങിയത്. അതായത് കേശവൻ ചേട്ടന്റെ ചായകട ആധുനിക കോഫീ ഷോപ്പിന് മുന്നിൽ തോറ്റപ്പോൾ അവിടെ ചരിത്രം ആവർത്തിക്കുക മാത്രം ആണുണ്ടായത്. ഗോപാലൻ ചേട്ടന്റെ, അതുപോലെ പിന്നീട് വന്ന കേശവൻ ചേട്ടന്റെയോ കച്ചവടം സംരക്ഷിക്കേണ്ട ബാധ്യത സമൂഹത്തിന് ഇല്ല. പക്ഷേ ഒരു സമൂഹം എന്ന നിലക്ക് ഗോപാലൻ ചേട്ടനെയും കേശവൻ ചേട്ടനെയും വ്യക്തികൾ എന്ന നിലക്ക് സംരക്ഷിക്കേണ്ട ബാധ്യത ഉണ്ട്. ഇതിനാണ് വെൽഫെയർ. ഇത് സോഷ്യലിസം അല്ല. ഇതിനെ സോഷ്യലിസം ആയി തെറ്റിദ്ധരിച്ച് ചില ആളുകൾ നടപ്പുണ്ട്.

കേശവൻ ചേട്ടനും ഗോപാലൻ ചേട്ടനും ആരോഗ്യമുണ്ടെങ്കിൽ മറ്റ് ജോലികളിലേക്ക് മാറണം. മറ്റ് ജോലികൾ ഇല്ല എന്ന് പറയരുത്. ചിലപ്പോൾ അവർക്ക് ചെറിയ skill development വേണ്ടി വരും. അല്ലങ്കിൽ ചെറിയ ക്യാപിറ്റൽ ലോൺ ആയി കൊടുത്ത് കൊണ്ട് മറ്റൊരു സംരഭം തുടങ്ങാൻ സഹായിക്കാം. യാതൊരു നിവർത്തിയും ഇല്ലാത്ത ആളുകളെ നമ്മൾ സമൂഹം എന്ന നിലക്ക് സംരക്ഷിക്കണം. ഇതിങ്ങനെ ചെയ്യാതെ ഇവരുടെ തൊഴിലുകൾ സംരക്ഷിച്ചു കൊണ്ട് ഒരു സമൂഹത്തെ ബൈ ഫോഴ്സ് കേശവൻ ചേട്ടൻറെ ഉണക്ക ചായ കുടിക്കാൻ നിർബന്ധിച്ചാൽ ആ സമൂഹം പുരോഗതി പ്രാപിക്കില്ല. നമ്മുടെ അടുത്ത തലമുറയോട് ചെയ്യുന്ന ദ്രോഹം ആയിരിക്കും.

ഇനിയും, ഇവിടെ മക് ഡൊണാൾഡ്, KFC പോലെയുള്ള ഫൂഡ് ചെയിനുകൾ വന്നാൽ വീണ്ടും പ്രതിസന്ധി ഉണ്ടാകും. അപ്പൊൾ സോഷ്യലിസ്റ്റ് വാദികൾ ആദ്യം പറഞ്ഞ കേശവൻ ചേട്ടനെയും വിട്ട് അവസാനം വന്ന ഷമീറിന് വേണ്ടി വാദിക്കും. പുതിയത് എന്ത് വന്നാലും ഇവർ എതിരായിരിക്കും. ഒരു ചിന്താഗതിയുടെ പ്രശ്നം ആണത്. ഇത്തരം ഫൂഡ് ചെയിൻ വരുമ്പോൾ നിങ്ങളുടെ ബിസിനസിനു ഭീക്ഷണി ആകുമോ? ആകും. ഫുഡ് ചെയിൻ കോർപ്പറേറ്റുകളെ കച്ചവട മൽസരത്തിൽ മറികടന്ന ആളുകളുണ്ട് നമ്മുടെ ഇടയിൽ. പക്ഷേ ആളുകളുടെ ടേസ്റ്റ് KFC യിലേക്ക് പോയാൽ അവിടെ കച്ചവടം കൂടും.

ഇനിയും തൊഴിലാളികളുടെ കാര്യം പറഞ്ഞാൽ KFC, മക് ഡൊണാൾഡ് തുടങ്ങിയ ഷോപ്പുകളിൽ നിൽക്കുന്ന തൊഴിലാളിക്കാണോ കേശവ ചേട്ടൻറെ ചായക്കടയിൽ നിൽക്കുന്ന തൊഴിലാളിക്കാണോ കൂടുതൽ തൊഴിൽ സുരക്ഷയും ആനുകൂല്യങ്ങളും ഉള്ളത്?

തൊഴിലാളിയെ സംബന്ധിച്ച് ഫുഡ് ചെയിൻ റെസ്റ്റോറന്റ് തൊഴിൽ സ്ഥിരതയും സമൂഹത്തിൽ മാന്യമായ സ്ഥാനവും മറ്റ് തൊഴിൽ ആനുകൂല്യങ്ങളും നൽകുന്നു. ഒരു ബാങ്ക് ലോൺ എടുക്കാൻ KFC സ്റ്റാഫിന് എളുപ്പം കഴിയുമ്പോൾ കേശവ ചേട്ടന്റെ കടയിൽ മേശ തുടക്കുന്ന ആൾക്ക് അത് കിട്ടുന്നില്ല. ഗൾഫിൽ ഒക്കെ ചെറിയ കഫറ്റേരിയയിൽ വർക്ക് ചെയ്യുന്ന ചെറുപ്പക്കാർ ഒക്കെ രണ്ടു വർഷം കൂടുമ്പോൾ ആണ് ഒന്ന് നാട്ടിൽ പോകുന്നത്, മാത്രം അല്ല അതി രാവിലെ മുതൽ വൈകുവോളം പണിയെടുത്ത് നടുവ് ഒടിയും. അതേ സമയം KFC, മക് ഡൊണാൾഡ്‌സ് ഒക്കെ കൃത്യം ആയ ഷിഫ്ടുകൾ വച്ച് മുന്നോട്ട് പോകുന്നു. ചുരുക്കി പറഞ്ഞാല് ഇത്തരം ഫുഡ് ചെയിനുകൾ വരുന്നത് തൊഴിലാളികളെ സംബന്ധിച്ച് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ നൽകുന്നു. ഇവിടെ ഒക്കെ തൊഴിൽ ചൂഷണം നടക്കുന്നുണ്ടാകം പക്ഷേ അതിലും വളരെ വലിയ തൊഴിൽ ചൂഷണം ആണ് പല കേശവൻ ചേട്ടന്റെ ചായക്കടയിലും നടക്കുന്നത്.

പല സോഷ്യലിസ്റ്റുകളും വിചാരിക്കുന്നത് അവർ വലിയ മനുഷ്യസ്നേഹികൾ ആണെന്നാണ്, അല്ലെങ്കിൽ അങ്ങനെയാണ് കരുതുന്നത്. സത്യത്തിൽ ഇവരുടെ പിന്തിരിപ്പൻ ചിന്താഗതി മൂലം ഒരു സമൂഹത്തെ മുഴുവൻ കാലങ്ങളോളം പിന്തിരിപ്പൻ ആക്കി കഷ്ടപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. മനുഷ്യസ്നേഹവും പ്രകൃതിസ്നേഹവും സമാസമം വിളമ്പി മൊബൈലും കാറും എന്ന് വേണ്ട അത്യാധുനിക സൗകര്യങ്ങൾ എല്ലാം സ്വയം ഉപയോഗിച്ചുകൊണ്ട് അതൊന്നും ഇനിയും ലഭിക്കാത്ത ആളുകൾക്ക് അത് നിഷേധിക്കുന്ന പാരമ്പര്യവാദികളും ഉടോപ്യനിസ്റ്റ്കളും ഇവരുടെ കൂടെയുണ്ട് എന്ന് പറയുന്നതിൽ വിഷമം തോന്നരുത്.

ഇത്രയും എഴുതിയത് ചെറുകിട കച്ചവടക്കാരെ നശിപ്പിക്കുന്ന ഷോപ്പിംഗ് മാളുകൾ എന്ന ഒരു യുടൂബ് വീഡിയോ കണ്ടതുകൊണ്ടാണ്. ഇന്ന് അമേരിക്കയിലൊക്കെ ഷോപ്പിംഗ് മാളുകൾ തന്നെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഓൺ ലൈൻ ബിസിനസ് ആണ് ഷോപ്പിംഗ് മാളിനെ തകർക്കുന്നത്. അതിനെ പ്രതിരോധിക്കാൻ ഷോപ്പിംഗ് മാളുകൾ കൂടുതൽ entertainment ഫീച്ചേഴ്സ്, സിനിമ, മറ്റു ഓഫറുകൾ ഒക്കെ നൽകി കൊണ്ടാണ് പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നത്. ചില കാര്യങ്ങള് നിങ്ങൾക്ക് ഫിസിക്കൽ ആയി ഫീൽ ചെയ്താൽ മാത്രം consume ചെയ്യാൻ പറ്റുന്നതാണ്. ഭാവിയിൽ augmented റിയാലിറ്റിയും metaverse ഇവിടെയും വെല്ലുവിളികൾ ഉയർത്തും.

ഇതിങ്ങനെ മുന്നോട്ട് പോയി കൊണ്ട് ഇരിക്കും. പരമ്പരാഗത തൊഴിലുകൾ പലതും ഇല്ലാതാകും, പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടും, മനുഷ്യർ കൂടുതൽ ക്രിയേറ്റീവ് ആയ മേഖലകളിലേക്ക് മാറും. റിപ്പീറ്റ് ചെയ്യുന്ന ആക്ടിവിറ്റികൾ എല്ലാം റോബോട്ടുകളും ആർട്ടിഫിഷൽ ഇന്റലിജൻസും കൊണ്ടുപോകും. ഓരോ ട്രാൻസിഷനും അതാത് ജോലി ചെയ്യുന്ന ആളുകൾക്ക് പ്രശ്നങ്ങളുണ്ടാക്കും. പക്ഷേ ഈ ജോലികളെ preserve ചെയ്യാൻ റോബോട്ടുകളെ, ഷോപ്പിംഗ് മാളുകളെ, ഓൺലൈൻ ബിസിനസുകളെ നിരോധിച്ചു കൊണ്ടല്ല നമ്മൾ പ്രതിരോധിക്കേണ്ടത്. നമ്മുടെ ജനസംഖ്യാ പെരുപ്പം കുറച്ചു കൊണ്ട്, സാങ്കേതിക വിദ്യാഭ്യാസം കൂടുതൽ ആളുകളിലേക്ക് എത്തിച്ചു കൊണ്ട്, ഈ മത്സരത്തിൽ മാറ്റത്തിൽ പിന്തള്ളപ്പെട്ടവരെ മറ്റു മേഖലകളിലേക്ക് പുനരധിവാസം ചെയ്യാൻ സഹായിച്ചു കൊണ്ട് ഒക്കെയാണ്.

ക്രിയേറ്റീവ് മേഖലകൾ വളരുമ്പോൾ നമ്മൾ consume ചെയ്യുന്ന entertainment കൂടും, അവിടെ തൊഴിൽ അവസരം വർദ്ധിക്കും. മനുഷ്യ വംശത്തിൻ്റെ നിലനിൽപ്പ് ഈ പ്രപഞ്ചത്തിൻ്റെ അവസാനം വരെയാണ് എന്ന ഉദ്ദേശത്തിൽ ആണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. പ്രകൃതിക്ക് നമ്മളെ നിലനിർത്തണം എന്ന് യാതൊരു ആഗ്രഹവും ഇല്ല. അപ്പോൾ നമ്മൾ പ്രകൃതിയെയും മെരുക്കാവുന്ന സ്പീഷീസ് ആയി മാറുകയാണ് വേണ്ടത്. അതുകൊണ്ട് യാഥാർത്ഥ്യബോധത്തോടെ ഉള്ള പ്രകൃതിസംരക്ഷണം ആണ് നമ്മൾ മുന്നോട്ടു വയ്ക്കേണ്ടത്. നമ്മൾ മാറിക്കൊണ്ടിരിക്കും. നവീന ടെക്നോളജി നമ്മുടെ ജീവിതം കൂടുതൽ കൂടുതൽ ആയാസ രഹിതം ആക്കും. ഏതു കടുത്ത പ്രകൃതിപ്രതിഭാസങ്ങളോടും സമരസപ്പെട്ട് ജീവിക്കാനുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടും.

സോഷ്യലിസ്റ്റ് വണ്ടിയിൽ ഇരിക്കുന്നവർ അപ്പോഴും കേശവൻ ചേട്ടന്റെ പതപ്പിച്ച സമോവർ ചായയെ കുറിച്ച് ഗതകാല സ്മരണകൾ അയവിറക്കി, പറ്റിയാൽ രണ്ടു കഥയും കവിതയും എഴുതി നൊസ്റ്റാൾജിയ പറഞ്ഞു മെറ്റാവേഴ്‌സിലെ ചായക്കട ചർച്ചകളിൽ പങ്കെടുത്തു മുതലാളിത്തത്തെ കുറ്റം പറഞ്ഞു ഈ സമൂഹത്തിന് ഒപ്പം തന്നെ മുന്നോട്ട് പോകും.


Leave a Reply

Your email address will not be published. Required fields are marked *