ബഡ്ജറ്റുകൾ വരവ് ചിലവ് കണക്കുകൾ മാത്രമല്ല അതൊരു നയ വിശദീകരണം കൂടിയാണ്; ചില ബഡ്ജറ്റ് സംജ്ഞകൾ – ഹരിദാസൻ പി ബി


“എല്ലാവർക്കും അറിയാവുന്നതുപോലെ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് പോലെ തന്നെ ഈ വർഷത്തെ ബഡ്ജറ്റും ഒരു കോവിഡാനന്തര ബഡ്ജറ്റ് ആകാനേ നിവൃത്തിയുള്ളൂ. ധനകാര്യമന്ത്രി (FM) എത്ര വലിയ സാമ്പത്തിക കാര്യ വിദഗ്ധനോ വിദഗ്ധയോ ആയിട്ടും കാര്യമില്ല. കോവിഡ് ജനതതിക്കുണ്ടാക്കിയ കഷ്ടതകൾ, ലോക സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാക്കിയ ഉണ്ടാക്കികൊണ്ടിരിക്കുന്ന ക്ഷീണം, അത് ഇന്ത്യൻ ഇക്കണോമിയിൽ ഉണ്ടാക്കികൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇതൊക്കെ മുന്നിൽ വെച്ചുകൊണ്ടുമാത്രമേ ഒരു ധനമന്ത്രിക്ക് മുന്നോട്ടു പോകാനാവാവുകയുള്ളു.” – ഹരിദാസൻ പി ബി എഴുതുന്നു
ചില ബഡ്ജറ്റ് സംജ്ഞകൾ

ഒരു ബഡ്ജറ്റ് എന്താണെന്ന് വിശദീകരിക്കാൻ ശ്രീമതി നിർമല സീതാരാമൻറെ 2021-22 ബഡ്ജറ്റ് വേളയിലെ തിരുവള്ളുവരുടെ ഉദ്ധരണിയെക്കാൾ ഉചിതമായ വേറൊരെണ്ണം കണ്ടെത്തുക പ്രയാസം. “A king is the one who creates and acquires wealth, protects and distributes it for common good.” സമ്പത്തുണ്ടാക്കുകയും അതിനെ സംരക്ഷിച്ചു് പൊതു നന്മക്കായി ഉപയോഗിക്കുകയും ചെയ്യലാണ് ഒരു ഭരണാധികാരിയുടെ കടമ. ഇക്കാര്യം സമർത്ഥമായി നിർവ്വഹിക്കലാണ് ഒരു നല്ല ഭരണാധികാരിയുടെ ജോലി. ആ ഉദ്യമത്തിൻ്റെ പദ്ധതി രേഖ വിശദീകരണമാണ്‌ ആധുനിക കാലത്തെ ബഡ്ജറ്റ്. ബഡ്ജറ്റുകൾ വരവ് ചിലവ് കണക്കുകൾ മാത്രമല്ല അതൊരു നയ വിശദീകരണം കൂടിയാണ്. ചിലതു ആ വർഷം നടത്താനുദ്ദേശിക്കുന്നത് ചിലവ വരാൻ പോകുന്ന പല വർഷങ്ങളിലൂടെ നടപ്പാക്കപ്പെടാൻ പോകുന്നവ. ചില സർക്കാരുകൾക്ക് അവ നടപ്പാക്കാൻ കഴിയുന്നു. പല സർക്കാരുകൾക്കും പലതും നടപ്പാക്കാൻ കഴിയാറില്ല. എങ്കിലും നല്ലത്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി യഥാവിധി അത് ആസൂത്രണം ചെയ്തില്ലെങ്കിൽ രാജ്യം വികസിക്കില്ല. അല്ലെങ്കിൽ രാജ്യ പുരോഗതി പുറകോട്ട് പോകും. ഈ വർഷത്തെ ബഡ്ജറ്റിന് ഇനി അധിക ദിവസങ്ങളില്ല. യുവാക്കളെ മനസ്സിൽ കണ്ടുകൊണ്ട് കുറച്ചുകാര്യങ്ങൾ നമുക്ക് നോക്കാം.

എല്ലാവർക്കും അറിയാവുന്നതുപോലെ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് പോലെ തന്നെ ഈ വർഷത്തെ ബഡ്ജറ്റും ഒരു കോവിഡാനന്തര ബഡ്ജറ്റ് ആകാനേ നിവൃത്തിയുള്ളൂ. ധനകാര്യമന്ത്രി (FM) എത്ര വലിയ സാമ്പത്തിക കാര്യ വിദഗ്ധനോ വിദഗ്ധയോ ആയിട്ടും കാര്യമില്ല. കോവിഡ് ജനതതിക്കുണ്ടാക്കിയ കഷ്ടതകൾ, ലോക സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാക്കിയ ഉണ്ടാക്കികൊണ്ടിരിക്കുന്ന ക്ഷീണം, അത് ഇന്ത്യൻ ഇക്കണോമിയിൽ ഉണ്ടാക്കികൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇതൊക്കെ മുന്നിൽ വെച്ചുകൊണ്ടുമാത്രമേ ഒരു ധനമന്ത്രിക്ക് മുന്നോട്ടു പോകാനാവാവുകയുള്ളു. ലോക ധനമന്ത്രിമാർക്കെല്ലാവർക്കും അവരുടെ വിഭാവനങ്ങൾ പ്രയോഗിക്കാൻ പരിധി ഉണ്ടായി എന്നർത്ഥം. അതുകൊണ്ടുതന്നെ ഈ വർഷത്തെ ബഡ്ജറ്റിൽ നിങ്ങൾ കേൾക്കാവുന്ന ഭാഷ റൂറൽ ഡിസ്ട്രെസ്സ്, എംപ്ലോയ്മെൻറ് ജനറേഷൻ, MSME സപ്പോർട്ട്, ട്രാവൽ ടൂറിസം മേഖലക്കുള്ള സഹായം എന്നൊക്കെയായിരിക്കും. അതായത് പഴയ പോലെ പുതിയ വൻ പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനങ്ങളോ, ബിഗ് ടിക്കറ്റ് നിക്ഷേങ്ങളെ കുറിച്ചുള്ള ഗംഭീര വാഗ്ദാനങ്ങളോ ആയിരിക്കില്ല.

ഇതോടനുബന്ധിച്ചു് ഈ വർഷം ഈ വിഷയത്തിൽ നിങ്ങൾ കേൾക്കുന്ന വേറൊരു പ്രധാന പദമായിരിക്കും increase consumption. ഉപഭോഗം വർദ്ധിപ്പിക്കുക. ഈ പ്രധാന ഫോക്കസിൽ നിന്ന് ധനമന്ത്രിക്ക് മാറി ചിന്തിക്കാനാവില്ല. ഉപഭോഗം വർദ്ധിപ്പിക്കുക, ഈ പദത്തിനോട് ചേർന്ന് പിന്നീട് വരുന്ന പദങ്ങളാണ് increase demand for goods and services. ഉപഭോഗം വർദ്ധിപ്പിക്കാൻ ഉണ്ടാകേണ്ട വഴി ഡിമാൻഡ് ഉണ്ടാക്കുക എന്നതാണ്. ധനമന്ത്രിയുടെ ധീഷണക്ക് സ്വപ്നങ്ങൾക്ക് പരിധി വീണു കഴിഞ്ഞു. പിന്നീടുള്ള കടമ്പയാണ് എങ്ങനെ എന്നത്, അതിനുള്ള ധനം എവിടെ എങ്ങനെയുണ്ടാക്കാം..? ഇതോടുകൂടി ഈ വർഷത്തെ ബഡ്‌ജറ്റ്‌ ഒരു വിധം തീരുമാനമാകുന്നു. പിന്നീടുള്ളതൊക്കെ കഴിഞ്ഞ വർഷത്തെ വരവ് ചിലവുകണക്കുകളും, അതിലെ പാളിച്ചകളും, അടുത്ത വർഷത്തെ വരവ് ചെലവിനുള്ള വഴികണ്ടുപിടിക്കലുമാണ്. കഴിയാവന്നത്ര കുറച്ചു് പേർക്ക് അലോസരമുണ്ടാക്കുന്ന വരവുകളെ കുറിച്ചുള്ള അരിത്തമാറ്റിക് ആലോചനകൾ മാത്രമാകുന്നു പിന്നീടുള്ളത്. ഇവിടത്തെ key word കഴിയാവുന്നത്ര കുറച്ചു് പേർക്ക് അലോസരമുണ്ടാക്കുന്ന എന്നതിലാണ്. വേറെ ചില വിഭാഗങ്ങളെ പ്രീതിപ്പെടുത്തുകയും വേണം.

ഉപഭോഗം വർദ്ധിപ്പിക്കാനുള്ള വഴി ഡിമാൻഡ് സൈഡ് വലുതാക്കലാണ്. എന്നുവെച്ചാൽ പൗരന്റെ കൈവശം പർച്ചെസിങ് പവർ കൂടുതലായി എത്തിക്കണം. കോവിഡാനന്തരം മിക്ക കുടുംബങ്ങളും അരിഷ്ടതയിലാണ്. ഇക്കണോമിയിൽ ആക്ടിവിറ്റി കുറഞ്ഞു. അത് തിരിച്ചുകൊണ്ടുവരണം. കുടുംബങ്ങളിൽ മണി എത്തിക്കണം. ബഡ്ജറ്റ് ഉണ്ടാക്കുന്നവർക്ക് ഇവിടം മുതൽ ഒരുപാട് പ്രശ്നങ്ങളുടെ കൂമ്പാരം തുടങ്ങുകയായി. മിഡിൽ ക്ലാസ്, ലോവർ മിഡിൽ ക്ലാസ്, ബിലോ പോവെർട്ടി ലൈൻ – ഈ കുടുംബങ്ങളുടെ കൈകളിൽ ജനാധിപത്യപരമായി മണി, പർച്ചെസിങ് പവർ എത്തിക്കുന്നതെങ്ങനെ? സ്ലിപ്പേജുകൾ എങ്ങനെ തടയാം? ഡിമാൻഡ് വർദ്ധിപ്പിക്കാൻ പൗരൻറെ കൈവശം രാജ്യം മുഴുവനായി എത്തിക്കേണ്ട ആകെ തുക എത്ര? എത്തിക്കേണ്ട തുകയുടെ തോത് എത്ര? അത് GDP യുടെ എത്ര വേണ്ടിവരും, റിയൽ ടേമിലെത്ര? ഇന്നത്തെ നിലയിൽ GDP യുടെ എത്ര ശതമാനം വേണ്ടിവരും? അതിനുള്ള തുക എവിടെ നിന്ന്?

ടാക്സ് പിരിവിലൂടെ കഴിഞ്ഞകാല അനുഭവം വെച്ച് നടക്കില്ല പരിധികളുണ്ട്. അപ്പോൾ പിന്നെ രണ്ടു വഴി മാത്രം ബാക്കി. കടം വാങ്ങിക്കുക അല്ലെങ്കിൽ കമ്മട്ടത്തിൽ പോയി നോട്ടടിച്ചു് വിതരണം ചെയ്യുക. Everything has a cost. There is no free lunch. ഇവയൊക്കെ ഏതൊക്കെ അളവിൽ ആയാൽ എക്കണോമിക്ക് താങ്ങാനാവും. കമ്മട്ടത്തിൽ പോയി നോട്ടടിക്കുക എന്നുവെച്ചാൽ, കണക്ക് പിശകിയാൽ, ഇൻഫ്‌ളേഷൻ ഉറപ്പ്‌. എന്നുവെച്ചാൽ അടുത്ത ഇലക്ഷനിൽ പിന്നെ തിരിച്ചുവരാൻ കഴിഞ്ഞേക്കില്ല. കടം വാങ്ങിക്കുക എന്നുവെച്ചാൽ ജനിക്കാൻ പോകുന്ന കുട്ടികളുടെ തലയിൽ അടുത്ത തലമുറക്ക് ഭാരം വെച്ചുകൊടുക്കലാണ്. ഇപ്പോൾ തന്നെ ആവതു കടമുണ്ട്. എക്കണോമിക്ക് ഇനിയെത്ര കടം താങ്ങാൻ കഴിയും? വിദഗ്ധരെവിടെ? (ഇതൊക്കെ കൊണ്ടായിരിക്കും കമ്മ്യൂണിസ്റ്റുകാർക്ക് ചൈനയോടും, കിം യോങ് ഉൻ നോടും, ഇത്രക്ക് പിടുത്തം. അവരുടെ വ്യവസ്ഥയിലാണെങ്കിൽ ആരെയും ബോധിപ്പിക്കേണ്ടതില്ലല്ലോ).

മേല്പറഞ്ഞ നോട്ടടിയും കടങ്ങളും, നിയന്ത്രണമില്ലാത്ത പോയികൊണ്ടിരിക്കുന്ന ഫിസ്‌ക്കൽ ഡെഫിസിറ്റ് വരുതിയിൽ വരുത്താനായികൊണ്ടാണ് ശ്രീ യശ്വന്ത് സിൻഹ ധനമന്ത്രിയായിരിക്കുമ്പോൾ The Fiscal Responsibility and Budget Management Act, 2003 പാസ്സാക്കിയത്. (introduced The Bill in 2000 and became effective from July 2004). അതുപ്രകാരം രാജ്യത്തിന്റെ ഫിസ്‌ക്കൽ ഡെഫിസിറ്റ് GDP യുടെ 3 ശതമാനത്തിൽ നിലനിർത്തേണ്ടതുണ്ട്. പിന്നീട് 2007-08 കാലത്ത് ഫിസ്‌ക്കൽ ഡെഫിസിറ്റ്നെ 2.7 ശതമാനത്തിലേക്ക് കുറച്ചു കൊണ്ടുവരുവാൻ കഴിഞ്ഞു എങ്കിലും 2008 ലെ ലോക ഫിനാൻഷ്യൽ ക്രൈസിസ് ഘട്ടത്തിൽ അത് ഉയർന്ന് GDP യുടെ 6 ശതമാനത്തിന് മുകളിലേക്ക് പോയി. നിയന്ത്രിക്കാനായില്ല. പിന്നീട് ആ ലക്ഷ്യo 2021 ആകുമ്പോഴേക്ക് ഫിസ്‌ക്കൽ ഡെഫിസിറ്റ് GDP യുടെ 3 ശതമാനവും Govt Debt ജിഡിപി യുടെ 40 ശതമാനത്തിൽ കൂടരുത് എന്നാക്കി. അതാണ് ഇപ്പോഴുള്ള ടാർഗറ്റ്. പക്ഷെ കോവിഡാനന്തര അവസ്ഥയിൽ ഈ വർഷം അത് 7.5 ശതമാനത്തിനു അടുത്താണ്. അത് പതിയെ പതിയെ കുറച്ചു കൊണ്ടുവരാൻ 2025 നു മുൻപ് കഴിയില്ല. ഈ വർഷത്തെ Govt Debt ജിഡിപി യുടെ 60 ശതമാനം കടന്നു. സാധാരണക്കാരന്റെ കൈവശം പർച്ചെസിങ് പവർ എത്തിക്കുക എന്ന ലക്ഷ്യത്തിന് ഇതൊക്കെയാണ് പരിധികൾ. അത്യാവശ്യ ഘട്ടങ്ങളിൽ FRBM മറികടക്കാം എന്നൊരു വ്യവസ്ഥ ആ ആക്ടിൽ കൊടുത്തിട്ടുള്ളത് ഉപയോഗിച്ചാണ് നമ്മൾ കോവിഡ് ഇതുവരെ നേരിട്ടത്. ഫിസ്‌ക്കൽ ഡെഫിസിറ്റ് ജിഡിപി യുടെ 7.5 ശതമാനത്തിൽ നിൽക്കുന്ന അവസ്ഥയിൽ ഇനി അധികം ഇടമില്ല.

തുക സ്വരൂപിക്കലിന് സർക്കാരുകൾക്ക് ഇനിയൊരു സ്രോതസ്സ്‌ കൂടിയുണ്ട്. പബ്ലിക് സെക്റ്റർ സ്ഥാപനങ്ങളുടെ അസ്സെറ്റ് വിൽക്കുക. ഇംഗ്ലീഷുകാരുടെ ഭാഷയിൽ പറഞ്ഞാൽ selling off family silver. (മലയാളത്തിൽ പറഞ്ഞാൽ പത്തായത്തിലെ കിണ്ടി വിൽക്കുക). അതിന് പല വഴികളുണ്ട്. ഒരു സർക്കാർ കൊണ്ടുനടക്കേണ്ട കാര്യമില്ലാത്തവയെ out right sale (വിറ്റു തുലക്കൽ). BPCL, IDBI എന്നിവ. ഇനിയൊരു വഴിയാണ് Asset Monetization. LIC, Shipping Corporation of India, BEML എന്നിവ. (പക്ഷെ കേരളത്തിലെ വിറ്റുതുലക്കൽ ചാപ്പ ലോബികൾ എല്ലാറ്റിനെയും വിറ്റു തുലക്കൽ ലേബലിലാണ് എല്ലാം കൂട്ടി കെട്ടി പറയുന്നത്).

മേല്പറഞ്ഞ കമ്പനികളെ identify ചെയ്തുവെച്ചിട്ട് പല വർഷങ്ങളായി. ജനാധിപത്യ വ്യവസ്ഥയിലെ പല നൂലാമാലകൾ കാരണം അത് നീണ്ടു നീണ്ടു പോകുന്നു. വിൽപന നടക്കുന്നില്ല. സർക്കാരിന് ബഡ്ജറ്റ് സമയത്ത് വരുമാന സ്രോതസ്സായി പറയാൻ, അരിത്തമാറ്റിക് മുട്ടിക്കാൻ, ഇവ പല വർഷങ്ങളായി ആവർത്തിച്ചു പറഞ്ഞു വരുന്നു. ഉദാഹരണം BPCL. അവസാനം വില്പന നടക്കാതെ വരുമ്പോൾ ഈ തുകയൊക്കെ ഫിസ്‌ക്കൽ ഡെഫിസിറ്റ് എന്ന ജനിക്കാൻ പോകുന്ന കുട്ടികളുടെ ചുമലിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. നേരിട്ട് നമ്മുടെ തലമുറയെ ആരെയും ബാധിക്കാത്തതുകൊണ്ടായിരിക്കും ഇക്കാര്യത്തിൽ വലിയ ചർച്ചയൊന്നുമില്ല.

അമേരിക്കക്കാരൻ അവരുടെ പൗരന്മാരെ വീട്ടിലിരുത്തി വെറുതെ അവർക്ക് ഇടക്കിടക്ക് ചെക്ക് അയച്ചുകൊടുത്തിട്ടാണ് കോവിഡ് നേരിടുന്നത്. അവരുടെ ഡോളർ ഇന്റർനാഷണൽ കറൻസിയാണ്. അവർക്കതിനാവും. ഇന്ത്യൻ രൂപയ്ക്കു അതിനുള്ള ബലമില്ല. പരിധിയിൽ കഴിഞ്ഞു ചിലവുകൾ ചെയ്താൽ ഇൻഫ്‌ളേഷൻ പുറകെ വരും. ഇന്ത്യയുടെ ഒരു വർഷത്തെ ഫുഡ് സബ്‌സിഡി 375000 കോടി രൂപയാണ്. ഫെർട്ടിലൈസർ സബ്സിഡി ഒരു വര്ഷം 175000 കോടി രൂപയുടേതാണ്. ഇവയിലും കുറവുവരുത്താൻ കഴിയില്ല. PMGKP Anna Yojana 82 000 കോടി, Pradhan Mantri Garib Kalyan package (PMGKP) 192,0 00 കോടി, ഗരീബ് കല്യാണ യോജന, ഫാർമേഴ്‌സ് ഡയറക്ട് ക്രെഡിറ്റ്, MGNREGA മുതലായ വേറെയും സാധാരണക്കാരിൽ എത്തിക്കാനുള്ള കുറക്കാനാവാത്ത ചിലവുകൾ ഉണ്ട്. ഈ കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ജിഡിപി INR 232 ട്രില്യൺ ആണ്. എന്നു വെച്ചാൽ 232,000,000,000,000. ഇതിൻറെ 6 ശതമാനത്തിനകത്തു ഫിസ്‌ക്കൽ ഡെഫിസിറ്റ് നിർത്തുക. ആകെ കടബാധ്യത ഇതിൻറെ 40 ശതമാനത്തിനകത്തു നിർത്തുക, നിർത്താൻ കിണഞ്ഞു ശ്രമിക്കുക എന്നതാണ് ബഡ്ജറ്റിങ്.

മേല്പറഞ്ഞതൊക്കെ കൈകാര്യം ചെയ്യുന്ന മഹത്തായൊരു ഇന്ത്യൻ എക്സർസൈസ് ആകുന്നു എല്ലാ വർഷത്തെയും ഇന്ത്യയുടെ ബഡ്ജറ്റ്. (ഇടയ്ക്കു നിങ്ങൾ കേട്ടിരിക്കും, സോഷ്യൽ മീഡിയയിൽ കണ്ടിരിക്കും – “ആ GDP യില്ലേ, പെർക്യാപിറ്റ വരുമാനം, നിങ്ങളും ഞാനുമൊന്നും അതിലില്ല. ഹരിക്കാൻ മാത്രമേ നമ്മളെ കൂട്ടിട്ടുള്ളു.” ഈ പറച്ചിൽ, പ്രസംഗം, വെറും ഒരു കുപ്പുവച്ചൻ പറച്ചിലായി മാത്രമെ യുവാക്കളെ നിങ്ങൾ കേൾക്കാവൂ. ഒന്നുകിൽ ഇതിൻറെയൊക്കെ ഡിമെൻഷൻ മനസ്സിലാക്കാത്തവരുടെ Cynicism, അല്ലെങ്കിൽ വസ്തുതകളെ മനസ്സിലാക്കാത്തവരുടെ ജിബ്ബറീഷ്. ജിഡിപി വെറും ഒരു ടൂൾ ആകുന്നു. പല ടൂളുകളിൽ ഒന്ന്. കോടിക്കണക്കിന് വരുന്ന ജനതതിയുടെ, സ്വന്തം പൗരന്മാരുടെ, ജീവിത അവസ്ഥ കണക്കാക്കാൻ ഉപയോഗിക്കുന്ന ഉണ്ടാക്കിയെടുത്ത പല ടൂളുകളിൽ, കറ കുറഞ്ഞ ഒരു ടൂൾ മാത്രമാണ് GDP. ഇത്തരം ടൂളുകൾ ഇല്ലെങ്കിൽ ഒരു സർക്കാരിന് പ്ലാനിംഗ് നടത്താനാവില്ല. ഇരുട്ടിൽ തപ്പുന്നതിന് തുല്യമാണത്. ഷെയർ മാർക്കറ്റ് സൂചിക വെച്ചിട്ടല്ല ജിഡിപി കണക്കാക്കുന്നത്).

ഇനി സാധാരണക്കാരന്റെ കൈവശം പർച്ചെസിങ് പവർ ഉണ്ടാക്കുക ഡിമാൻഡ് വർദ്ധിപ്പിക്കുക ഇതൊക്കെ എങ്ങനെ പ്രാവർത്തിക തലത്തിൽ നടപ്പാക്കാൻ കഴിയും? ഉടനെ ഇൻകം ടാക്സ് റേറ്റ് കുറക്കുക കേരളത്തിൽ ചെയ്തതുപോലെ സർക്കാർ ഉദ്യഗസ്ഥന്മാരുടെ മാസ ശമ്പളം കൂട്ടികൊടുക്കുക എന്നതായിരിക്കരുത്. മിഡിൽ ക്ലാസ്സിനെ പ്രീണിപ്പിച്ചു് നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കുക എന്ന റൂട്ട് അഭികാമ്യമല്ല. ജോബ് ക്രീയേഷൻ, തൊഴിൽ മേഖലയിൽ ഉണർവുണ്ടാക്കുക ആ മേഖലയെ പോഷിപ്പിക്കുക അതായിരിക്കണം ഒരു നല്ല സർക്കാരിന്റെ ലക്‌ഷ്യം. സർക്കാർ ഒരു തൊഴിൽ ദാതാവല്ല. തൊഴിൽ കൊടുക്കുക സർക്കാരുകളുടെ ജോലി അല്ല. അത് നടക്കാത്ത കാര്യമാണ്. സ്വകാര്യ തൊഴിൽ മേഖല സാഹചര്യങ്ങൾ വികസിപ്പിക്കുക ആയിരിക്കണം സർക്കാരുകളുടെ ലക്‌ഷ്യം. അതിന് സൗകര്യങ്ങളൊരുക്കുന്ന അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കലായിരിക്കണം സർക്കാരിന്റെ ജോലി.

MSME കളെ പ്രോത്സാഹിപ്പിക്കുക. അവർക്ക് വേണ്ട മൂലധന ലഭ്യത ഉറപ്പുവരുത്തുക, ലോക മാർകെറ്റിൽ മത്സരിക്കാൻ കെൽപ്പുള്ളവരാക്കിയെടുക്കാൻ ആവശ്യമെങ്കിൽ ടാക്സ് കുറവുചെയ്തുകൊടുക്കുക, അതിലെല്ലാമുപരി അവരെ കേൾക്കുക. Liaison ഏജൻറ് മാരെ വെച്ച്, മധ്യസ്ഥകാരികളെ വെച്ചു്, അവരുടെ ആവശ്യങ്ങൾ നേടുന്നതിനുപകരം അവരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്ന മന്ത്രിമാരും ഉദ്യഗസ്ഥന്മാരും ഉണ്ടാവണം. പിരമിഡിൻറെ താഴെ തട്ടിലുള്ളവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്ന മേഖലകളിൽ ശ്രദ്ധാകേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. കൺസ്ട്രക്ക്ഷൻ, ഹൗസിങ്, ഓട്ടോ മൊബൈൽസ്, ടെക്‌സ്റ്റൈൽസ് എന്നീ വ്യവസായങ്ങൾക്ക് ആവശ്യമായ നയ പരിഷ്കരണം നൽകികൊണ്ട് അവയെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി ടെക്‌സ്‌റ്റൈൽസ്. ഇന്റർനാഷണൽ മാർക്കറ്റിൽ പരുത്തിവില കൂടി നിൽക്കുന്നു. അവർ ഇമ്പോർട്ട് ഡ്യൂട്ടി കുറച്ചുതരാൻ അപേക്ഷിക്കുന്നു. പരിഗണിക്കുക. അല്ലെങ്കിൽ കൺസ്ട്രക്ഷൻ മേഖലയുടെ മുരടിപ്പ് കുറക്കാൻ ആ മേഖലയിലെ അസംസ്‌കൃത സാധനങ്ങളുടെ GST കുറക്കുക. അതു പക്ഷെ സംസ്ഥാന സർക്കാരുകളുടെ സഹകരണം കൂടിയേ നടപ്പാക്കാൻ ആകുകയുള്ളു. അടുത്തൊന്നും അവർ തമ്മിൽ പൊതുസമ്മതം ഉണ്ടാക്കിയെടുക്കൽ നടക്കില്ല. ഇതൊക്കെയാണ് കടമ്പകൾ. ഇവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ കൊടുക്കുക എന്നുള്ളത് മേൽ വിവരിച്ചത് പോലെ വിഭവ പരിമിതിയിൽ നിൽക്കുന്ന ഒരു ധനമന്ത്രിക്ക് പ്രഖ്യാപിക്കാൻ കഴിയില്ല പരിമിതികളുണ്ട്. ഇതൊക്കെയാണ് നമ്മുടെ ബജറ്റ്.

മുകളിൽ തന്ന ഒരു സംഖ്യ, ഇന്ത്യയുടെ ജിഡിപി Rs 232,000,000,000,000 എന്നു വായിച്ച ചില യുവാക്കളെങ്കിലും ചിന്തിച്ചുകാണും, ഇത്രയും പൂജ്യങ്ങളുള്ള ഒരു ജിഡിപി യുടെ മുകളിലല്ലേ കണക്കുകൾ? പക്ഷെ വായിക്കുക. ഇന്ത്യയുടെ Total Expenditure Rs 1,62,60,17,00,00,000 എന്ന ഒരു തുകയും, Total Debt/Liabilities 12,57,17,47,00,00,000 എന്ന ഒരു തുകയും ആണ് (Sept 2021) (https://dea.gov.in/public-debt-management). ഈ കടങ്ങളൊക്കെ നമ്മുടെ അടുത്തതലമുറ അതായത് നിങ്ങളുടെ മുകളിൽ ഇരിക്കുന്നവയാണ്. ഈ തുകകളിലെ പൂജ്യങ്ങൾ വായിക്കുന്നതോടുകൂടി ആ സംശയം മാറി എന്ന് കരുതുന്നു. ഇതൊക്കെ ഇത്ര വലിയ തുകകളാണെന്ന് വെച്ച് ധനമന്ത്രി ശ്രീമതി സീതാരാമന്‌ ഇക്കാര്യം അഡ്രസ്സ് ചെയ്യുന്ന പോപ്പുലിസ്റ്റ് അല്ലാത്ത ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിയുകയില്ല. കാരണം ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് അരികിലാണ്.

പാർട്ടികൾ തമ്മിൽ ഫ്രീബീസ്‌ വാഗ്ദാനങ്ങളുടെ മത്സരമാണ്. പ്രതിപക്ഷത്തിന്റേത് വാഗ്ദാനങ്ങളാണ്. ശ്രീമതിയുടെ വശത്തുനിന്നും ആക്ഷനാണ് എല്ലാവരുടെയും പ്രതീക്ഷ. ഈ ഇലക്ഷൻ ജയിച്ചാലല്ലേ ഇനിയൊരു ബഡ്ജറ്റ് അവതരിപ്പിക്കുവാനുള്ള അവസരം ഉണ്ടാകൂ. അതുകൊണ്ട് സ്വന്തം ധീഷണ അവിടെയിരിക്കട്ടെ. ആസന്നമായ കടമ്പ ഈ തിരഞ്ഞെടുപ്പാണ്. അതായിരിക്കും ഈ വർഷത്തെ ബഡ്ജറ്റിന്റെ സ്വഭാവം. ജനാധിപത്യങ്ങളുടെ ഒരു പ്രധാന പരിമിതിയും ഇതൊക്കെതന്നെ. നമുക്ക് ഒന്നാം തിയതിക്കുശേഷം ബാക്കി വായിക്കാം.

 


Leave a Reply

Your email address will not be published. Required fields are marked *