ചൈനീസ് വൈറസ്’?


21 ദിവസം കഴിയുമ്പോള്‍ ഇന്ത്യയില്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക്ഡൗണ്‍ അവസാനിക്കും. രോഗബാധിതരുടെ എണ്ണം 900 കഴിഞ്ഞു. ലോകമെമ്പാടുമുള്ള കോവിഡ് വ്യാപന പ്രവണതകള്‍ കണക്കിലെടുത്താല്‍ ഈ നിരക്കില്‍, ഏപ്രില്‍ 14 ആകുമ്പോഴേക്കും 25000-34000 വരെ രോഗബാധിതര്‍ ഇന്ത്യയിലുണ്ടാകും എന്നാണ് വിലയിരുത്തലുകള്‍. രോഗബാധിതരുടെ എണ്ണം ഏതാനും ആയിരങ്ങളിലേക്ക് ഒതുങ്ങിയാല്‍ അത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന്റെ വിജയമായിരിക്കും. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ രാജ്യം നടത്തുന്ന പരമാവധി ത്യാഗമാണ്. It is heavy bleeding. ശേഷം എന്തുചെയ്യും എന്നതാണ് ചോദ്യം. മൂന്ന് മാസംവരെ നീളുന്ന ധനകാര്യ പാക്കേജുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആ കാലഘട്ടത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വ്യാപനപ്രതിരോധം നടപടികള്‍ തുടര്‍ന്നേക്കാം. ലോക്ക് ഡൗണിന്റെ നേട്ടം നിലനിറുത്താനായില്ലെങ്കില്‍ ചെയ്തതൊക്കെ പാഴാകും.

പരിശോധനകള്‍ (tests) നടത്താനാണ് കഴിഞ്ഞ ആഴ്ച ലോകാരോഗ്യസംഘടന അംഗരാജ്യങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. ലോക്ക് ഡൗണിനെ പ്രശംസിക്കുകയും ചെയ്തു. പക്ഷെ ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം പ്രശ്‌നപരിഹാരമാകില്ലെന്ന സൂചനകളാണ് ഇപ്പോഴവര്‍ നല്‍കുന്നത്. കാര്യം ശരിയാണ്, ലോക്ക് ഡൗണ്‍ മുന്‍കരുതല്‍ നടപടിയാണ്. വുഹാനിലെ രണ്ടുമാസം നീണ്ട സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. ഇപ്പോഴവിടെ വ്യാപനം ഗണ്യമായി നിയന്ത്രിക്കപെട്ടു, പുതിയതായി രോഗബാധിതരാകുന്നവരുടെ എണ്ണം തീരെ കുറവാണ്. ചൈനയില്‍ 23 പ്രവിശ്യകളുണ്ട്. അതിലൊരെണ്ണമാണ് വുഹാന്‍ നഗരം സ്ഥിതി ചെയ്യുന്ന ഹ്യൂബൈ. മറ്റ് നാല് പ്രവിശ്യകളെ കൂടി രോഗം നിസ്സാരമായ തോതില്‍ ബാധിച്ചെങ്കിലും മൂവായിരത്തിലധികംപേരും(above 95%) കൊല്ലപെട്ടത് ഹ്യൂബെയിലാണ്. കാനഡയിലും ഓസ്‌ട്രേലിയിലും എത്തിയ കോവിഡ് വൈറസ് എന്തുകൊണ്ട് ചൈനയിലെ മറ്റ് 18 പ്രവിശ്യകളെയും കാര്യമായി ബാധിക്കാതിരുന്നത് എന്നും പഠിക്കേണ്ടിയിരിക്കുന്നു.

കര്‍ഫ്യുവില്‍ അയവുവരുത്തിയതോടെ ഹ്യൂബൈ പ്രവിശ്യയില്‍നിന്നും ജനം പുറത്തേക്ക് കൂട്ടപലായനം ചെയ്യുകയാണ്. അയല്‍ പ്രവിശ്യയായ ജിയാംഗ്‌സിയിലേക്ക്(Jiangxi) രക്ഷപെടാന്‍ ശ്രമിക്കുന്ന ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട് (https://timesofindia.indiatimes.com/…/articles…) പോലീസുകാരെ മര്‍ദ്ദിച്ചും അവരുടെ വാഹനങ്ങള്‍ തകര്‍ത്തുമാണ് ജനക്കൂട്ടം അയല്‍പ്രവിശ്യയിലേക്ക് പോകാന്‍ ശ്രമിക്കുന്നത്. ഹ്യൂബൈയില്‍ രോഗം അടങ്ങിയെങ്കില്‍ ഇത്രയും അസ്വസ്ഥത ജനം കാണിക്കുന്നതെന്തിന് എന്ന ചോദ്യം ബാക്കിയാകുന്നു.

ലോകാരോഗ്യ സംഘടനയുടെ(WHO) ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അഡ്ഹനം ഗബ്രിയേസസ് (Tedros Adhanom Ghebreyesus )പുതിയ കൊറോണ വൈറസ് സംബന്ധിച്ച് ആദ്യഘട്ടത്തില്‍ ചൈന നടത്തിയ തമസ്‌കരണത്തിന് നേരെ കണ്ണടച്ചു എന്ന ആരോപണം നേരിടുന്നുണ്ട്. 2017 ല്‍ ചൈനീസ് പിന്തുണയോടെ ഡയറക്ടര്‍ ജനറാലായ ഗബ്രിയേസസ് പൊതുജനാരോഗ്യത്തില്‍ ഗവേഷണ ബിരുദക്കാരനാണ്. എത്യോപ്യയിലെ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് ഒന്നിലധികം കോളറ ഔട്ട് ബ്രേക്കുകള്‍ മൂടിവെച്ചു എന്ന ആരോപണം നേരിട്ടയാളാണ്(https://www.nytimes.com/…/candidate-who-director-general-et…). മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ചൈനയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ബ്രിട്ടന്റെ ഡോവിഡ് നബാറോയെ തോല്‍പ്പിച്ചാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വന്തംവിജയം പോലെയാണ് ചൈന അന്നത് ആഘോഷിച്ചത്. അന്താരാഷ്ട്ര സംഘടനകളിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ട് സംഘടിപ്പിക്കാനും ലോബിയിംഗും നടത്താനുള്ള ചൈനയുടെ ശേഷി ചില്ലറയല്ല.

ജനുവരി 14 ന് പോലും മനുഷ്യരില്‍ മനുഷ്യരിലേക്ക് രോഗം പടരുന്നതിന് തെളിവില്ലെന്ന ചൈനീസ് സന്ദേശം ലോകാരോഗ്യസംഘടന ഏറ്റുപിടിച്ചു. ലോകമെമ്പാടുമുള്ള ജാഗ്രതക്കുറവിന് ഇതൊരു കാരണമായി. കോവിഡ് 19 ന്റെ കാര്യത്തില്‍ ചൈന വളരെ സുതാര്യമായാണ് (‘committed and transparent’) പ്രവര്‍ത്തിച്ചതെന്നായിരുന്നു ചൈന നേരിട്ട് സന്ദര്‍ശിച്ച ശേഷം ഡോ ഗബ്രിയേസസ് നടത്തിയ പ്രഖ്യാപനം. ചൈന നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുകയും അത് ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ചൈന മൂന്നാഴ്ച മുമ്പ് പ്രതിരോധ ഇടപെടലുകള്‍ ആരംഭിച്ചിരുന്നുവെങ്കില്‍ രോഗവ്യാപനത്തിന്റെ 95 ശതമാനവും തടയാനാകുമായിരുന്നു എന്ന പഠനങ്ങള്‍ (https://www.axios.com/timeline-the-early-days-of-chinas-cor…?) വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ‘സര്‍ട്ടിഫിക്കറ്റുകള്‍ ‘വിവാദം ജനിപ്പിക്കുന്നുണ്ട്‌.

അതേസമയം അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയുമായുള്ള അതിര്‍ത്തികള്‍ അടച്ചതിനെ ഗബ്രിയേസസ് കുറ്റപെടുത്തി. ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായി ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു എന്ന് യു.എസ് പ്രസിഡന്റ് ട്രമ്പ് പലപ്പോഴും തുറന്നടിച്ചിട്ടുണ്ട്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍മാരും കോണ്‍ഗ്രസ്സ് അംഗങ്ങളും ഗബ്രിയേസസിനെതിരെ രംഗത്ത് വന്നിരുന്നു. ചൈനയുടെ വക്താവായി ലോകാരോഗ്യ സംഘടന മാറിയെന്നതാണ് പ്രധാന ആക്ഷേപം. ശീതയുദ്ധത്തിന് ശേഷമുള്ള ഏകധ്രൂവ ലോകത്തില്‍ അമേരിക്കന്‍ സ്വാധീനം കുറയുകയും ചൈന മുന്നേറുകയും ചെയ്തു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോടുള്ള സമീപനം മുമ്പ് ഇങ്ങനെ ആയിരുന്നില്ല. 2002 ലെ സാര്‍ ഔട്ട് ബ്രേക്കിന്റെ കാലത്ത് വന്യമൃഗങ്ങളെ വെച്ച് കശാപ്പ് വ്യാപാരം നടത്തുന്ന ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ക്കെതിരെ ശക്തമായ നിലപാടാണ് ലോകാരോഗ്യസംഘടന സ്വീകരിച്ചത്. മൂന്ന് തവണ നോര്‍വെ പ്രധാനമന്ത്രിയായിരുന്ന ഗ്രോ ഹാര്‍ലം ബ്രെറ്റ്‌ലന്‍ഡ് (Gro Harlem Brundtland) ആയിരുന്നു അന്ന് ഡയറക്ടര്‍ ജനറല്‍. കോവിഡ് 19 ന്റെ കാര്യത്തിലും ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളാണ് പ്രശ്‌നകാരണമായി ചൂണ്ടിക്കാട്ടപെടുന്നത്. പക്ഷെ 18 വര്‍ഷത്തിന് മുമ്പുള്ള ചൈനയോ ലോകാരോഗ്യസംഘടനയോ അല്ല ഇന്നുള്ളത്.

പുതിയ കൊറോണ വൈറസിനെ ട്രമ്പ് ‘ചൈനീസ് വൈറസ് ‘എന്നു വിളിച്ചത് വംശീയ അധിക്ഷേപമാണെന്നും വൈറസിന് ദേശമോ വംശമോ ഇല്ലെന്നും ചൈനീസ് പബ്ലിക് റിലേഷന്‍സ് യൂണിറ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിലും WHO ശക്തമായ പിന്തുണയാണ് ചൈനയ്ക്ക് നല്‍കിവരുന്നത്. കോവിഡ് വെറസിന്റെ പേരില്‍ ചൈനയെ കുറ്റപെടുത്തുന്നത് മാനവികവിരുദ്ധമാണ്. Trump is too brash to say so. പക്ഷെ വൈറസുകള്‍ പൊതുവെ പൊട്ടിപ്പുറപ്പെടുന്ന സ്ഥലത്തിന്റെ അല്ലെങ്കില്‍ നദികളുടെ ഒക്കെ പേരിലാണ്. എബോള വൈറസും വെസ്റ്റ് നൈല്‍വൈറസും മുതല്‍ ഹെന്റ വരെ നാമകരണം ചെയ്യപെട്ടത് അങ്ങനെയാണ്. മെക്‌സിക്കന്‍ ഫ്‌ളൂ, റഷ്യന്‍ ഫ്‌ളൂ, സ്പാനിഷ് ഫ്‌ളൂ എന്നൊക്കയുള്ള പേരുകളും അങ്ങനെ വന്നതാണ്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ജര്‍മ്മനിയിലുമുള്ള കൊറിയയിലും ഉള്ള സ്ഥലങ്ങളുടെയും നദികളുടെയും പേരില്‍ വൈറസുകള്‍ അറിയപ്പെടുന്നുണ്ട്. MERS പോലും മിഡില്‍ ഈസ്റ്റ് എന്ന മേഖലയുമായി ബന്ധപെട്ടാണ് ആ പേര് സ്വന്തമാക്കിയത്. പക്ഷെ ഇന്ന് വൈറസിനും കൊടുങ്കാറ്റിനുമൊക്കെ പേര് കൊടുക്കുന്നത് വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമാകാറുണ്ട്(https://www.bbc.com/…/20200214-coronavirus-swine-flu-and-sa…). 2002 ല്‍ ചൈനയില്‍ പുറപെട്ട സാര്‍സും 2019 ലെ കോവിഡും ചൈനയുമായി ബന്ധപെടുത്തി പറയുന്നതിനെ അവര്‍ പിന്തുണച്ചില്ല. അതിനുള്ള അധികാരവും സ്വാധീനവും ചൈന കഴിഞ്ഞ 20 വര്‍ഷംകൊണ്ട് കൈവരിച്ചിട്ടുണ്ടെന്ന് സാരം.

രോഗവുമായി എത്തുന്ന വിദേശീയരെ തടയുന്നതിലാണ് ഇപ്പോള്‍ ചൈനയുടെ ശ്രദ്ധ. ചൈനയില്‍ ഏറ്റവും അവസാനം രോഗംബാധിതരാണെന്ന് തിരിച്ചറിഞ്ഞ 54 ല്‍ 53 പേരും വിദേശത്ത് നിന്ന് വന്ന ചൈനക്കാരോ വിദേശികളോ ആണ്. വുഹാനിലെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 8 ന് പിന്‍വലിക്കുന്നതോടെ എന്തു സംഭവിക്കുന്നു എന്നറിയാന്‍ ലോകം കാത്തിരിക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം എങ്ങനെ ജീവിക്കണം എന്നതു സംബന്ധിച്ച് ഇന്ത്യയ്ക്ക് ധാരാളം പാഠങ്ങള്‍ ലഭിക്കാനിടയുണ്ട്. രോഗവ്യാപനം ചെറുക്കുന്നതില്‍ ചൈനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസിനെ മെരുക്കുന്നതുവരെ ചൈന നിര്‍ണ്ണായകമാണ്. They seem to know many things others don’t. ഒറ്റ പ്രവിശ്യയിലേക്ക് വൈറസിനെ ഒതുക്കിനിറുത്തിയ ചൈനീസ് മികവിനെ കുറിച്ചറിയാനാണ് ലോകം കാത്തിരിക്കുന്നത്. ഇന്ത്യയുള്‍പ്പടെയുള്ള പല രാജ്യങ്ങളുടെയും അതിജീവനം അത്തരം തിരിച്ചറിവുകളെ ആശ്രയിച്ചിരിക്കുന്നു.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →