മനുഷ്യദൈന്യത ‘ഉപയോഗിക്കരുത് ‘

Ravichandran C

സോഷ്യലിസ്റ്റ് വിജയഗാഥയായി പ്രചരിപ്പിക്കപെടുന്ന ബൊളിവിയ ഇപ്പോള്‍ കോവിഡ് സാമൂഹിക വ്യാപനഘട്ടത്തിലാണ്(https://www.thenation.com/…/economics-socialism-bolivia-evo/). ജര്‍മ്മന്‍ ചാനലായ DW ല്‍ ഇതിനകം നിരവധി വാര്‍ത്തകള്‍ ഇതു സംബന്ധിച്ച് വന്നിട്ടുണ്ട്. (https://www.youtube.com/watch?v=azUTPWXUgA0). 80000 രോഗികളില്‍ ഏറെയും തലസ്ഥാനമായ ലാ പാസില്‍, മുഖ്യ പട്ടണങ്ങളായ സാന്താക്രൂസിലും കൊച്ചബാംബയിലും രോഗം പടരുകയാണ്. ആരോഗ്യസംവിധാനം തകര്‍ന്നടിഞ്ഞു…ചികിത്സ തേടിചെല്ലുന്നവരെ ആശുപത്രികള്‍ കയ്യൊഴിയുന്നു…ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞു കവിയുന്നു…ആംബുലന്‍സുകള്‍ക്ക് ആശുപത്രികളില്‍ എത്താനാകുന്നില്ല…രോഗികള്‍ വഴിയരുകില്‍ മരിച്ചു വീഴുന്നു…ശവശരീരങ്ങള്‍ ഉപേക്ഷിക്കപെടുന്നു…കഴിഞ്ഞ 5 ദിവസങ്ങള്‍ക്കിടയില്‍ 140 ശവശരീരങ്ങളാണ് ബൊളിവീയന്‍ പോലീസ് തെരുവുകളില്‍ നിന്ന് നീക്കംചെയ്തത്. അല്‍ ജസീറ ചാനല്‍ പറയുന്നത് 400 ശവശരീരങ്ങള്‍ നീക്കംചെയ്തു എന്നാണ്. അവയില്‍ 85 ശതമാനവും കോവിഡ് രോഗികളുടേതാണ്(https://www.aljazeera.com/…/bolivia-police-recover-400-bodi…). സെമിത്തേരികളില്‍ സ്ഥലമില്ല, ശവപെട്ടികള്‍ കിട്ടാനില്ല….കേട്ടിട്ട് ഭയനാകമായി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക. ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ നമുക്ക് അന്യമല്ലല്ലോ. ഭീതിവ്യാപാരത്തിന്റെയും മത-രാഷ്ട്രീയ കണക്കുതീര്‍ക്കലുകളുടെയും പരിചിത തിരക്കഥകള്‍ നിര്‍മ്മിക്കാന്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഈ കൊച്ചുകേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നതും നാം കണ്ടു.

യൂറോപ്യന്‍രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ കോവിഡ് ആഞ്ഞടിച്ചപ്പോള്‍ അവിടങ്ങളിലെ ആരോഗ്യസംവിധാനവും ഭരണകൂടങ്ങളും ആദ്യഘട്ടത്തില്‍ പകച്ചു നിന്നു. ബൊളിവിയയിലെ സാഹചര്യം പലയിടത്തും ഉണ്ടായി. വൈകാതെ അവര്‍ സ്വന്തം കാലില്‍ നിലയുറപ്പിച്ചു. വ്യവസ്ഥകള്‍ കാര്യക്ഷമമാക്കി. This is something one has to expect everywhere. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ദിവസവും പതിനായിരക്കണക്കിന് രോഗികളുമായി മുന്നോട്ടുപോകുന്നു. അപ്പോഴും വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും മരുന്നുകളും മറ്റുള്ളവര്‍ക്ക് കയറ്റുമതി ചെയ്യാവുന്ന അവസ്ഥയിലാണവര്‍. ദശലക്ഷക്കണക്കിന് രോഗികളുമായി മുന്നോട്ടുപോകുന്ന സമൂഹങ്ങളെ സാമൂഹികവ്യാപനം പോലും സംഭവിക്കാത്ത ഘട്ടത്തിലുള്ള സമൂഹങ്ങളുമായി താരതമ്യം ചെയ്ത് നിര്‍വൃതി കൊള്ളുന്നതും പ്രത്യയശാസ്ത്രവിജയങ്ങള്‍ ആഘോഷിക്കുന്നതും എത്ര അസംബന്ധമാണെന്ന് കോവിഡ് രോഗചരിത്രം നമ്മെ പഠിപ്പിക്കുന്നു.

അപ്രതീക്ഷിതമായ കനത്ത പ്രഹരങ്ങള്‍ ഏല്‍ക്കുമ്പോള്‍ ഏതൊരു സമൂഹവും പതറും. അത്തരം സമൂഹങ്ങളിലെ ദൈന്യതയും പരാജയങ്ങളും ആഘോഷിക്കുകയും വേറെ മതമായതിന്റെ പ്രശ്‌നമാണ്, മൂലധന സാമ്പത്തിക വ്യവസ്ഥയുടെ കുഴപ്പമാണ്, സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഭരണമായിരുന്നെങ്കില്‍ മറിച്ചേനെ എന്നൊക്കെ വിളിച്ചുപറയുന്ന വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വെബിനാറുകളും കേരളത്തെ ഉഴുതുമറിച്ചത് ഓര്‍ക്കുക. കിട്ടിയ ഗ്യാപ് നോക്കിയുള്ള തള്ളുകളായിരുന്നു മിക്കവയും. മനുഷ്യദൈന്യതയും രോഗവും പോലും മത-പ്രത്യയശാസ്ത്ര പ്രചരണത്തിനും സ്വന്തം സങ്കുചിത താല്പര്യങ്ങളുടെ സംരക്ഷണത്തിനുമായി ഉപയോഗിക്കുന്നവര്‍ കുറെക്കാലം വലിയ ആവേശത്തിലായിരുന്നു. കൊടിയ മാനവികവാദികളാണെന്നും മനുഷ്യത്വത്തിന്റെ ആള്‍രൂപങ്ങളാണെന്നും അഭിനയിച്ചുകാണിക്കാനുള്ള കാട്ടിക്കൂട്ടലുകളായിരുന്നു പലതും. ഇപ്പോള്‍ അധികം കേള്‍ക്കാനില്ല. ആകെ സ്ഥാപിക്കേണ്ടിയിരുന്നത് കോവിഡ് കാപിറ്റലിസത്തിന്റെ അപര്യാപ്തതകള്‍ തുറന്നുകാട്ടി-സോഷ്യലിസമാണ് മെച്ചമെന്ന് തെളിയിച്ചു എന്നായാരുന്നു. എത്ര നിഷ്‌കളങ്കമായ കൊതി!!

ക്യൂബന്‍ ഡോക്ടര്‍മാരെയും ബൊളിവിയേയും വിയറ്റ്‌നാമിനെയുമൊക്കെ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചരണമെങ്കിലും എവിടെയായിരുന്നു ഈ ‘സോഷ്യലിസത്തിന്റെ വിജയം’ എന്നുമാത്രം വ്യക്തമാക്കപെട്ടില്ല. ഈ രാജ്യങ്ങളെ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് വ്യവസ്ഥകള്‍(?!) കോവിഡിനെ പിടിച്ചുകെട്ടി എന്നൊക്കെയായിരുന്നു മറിപ്പുകള്‍. സത്യത്തില്‍ ആ ഘട്ടത്തില്‍ ഈ രാജ്യങ്ങളിലൊന്നും രോഗം കാര്യമായി എത്തിയിരുന്നില്ല. പരിഗണിക്കേണ്ടത്‌ രോഗംവ്യാപിച്ചു തുടങ്ങുമ്പോള്‍ എങ്ങനെ നേരിടുന്നു എന്നതാണ്. അല്ലാതെ രോഗമില്ലാത്തപ്പോഴുള്ള സ്വയംവീര്‍പ്പിക്കലുകളല്ല. പക്ഷെ ആഘോഷക്കമ്മറ്റിക്കാര്‍ക്ക് ക്ഷമ തീരെയില്ലെന്ന് വ്യക്തമാക്കപെട്ടു. ഇറ്റലിക്കാരുടെ നിലവിളികളും അമേരിക്കയുടെ പരാജയങ്ങളുമൊക്കെ സങ്കുചിത മനസ്സുകള്‍ വീഡിയോ ക്ലിപ്പും പോസ്റ്റുകളും വഴി ആഘോഷിച്ചു. ലോക്ക്ഡൗണ്‍ ചെയ്യാത്ത സ്വീഡനില്‍ രോഗവുംമരണവും കാട്ടുതീപോലെ പടരാന്‍ പോകുകയാണ് എന്നൊക്കെ ദി ഗാര്‍ഡിയന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ചെയ്ത, രണ്ടാം വരവിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇപ്പോഴും സ്വീഡന്റെ നില ഏറെ മെച്ചമാണ്(https://www.newsweek.com/sweden-covid-19-death-rate-lower-s…). ഇക്കാര്യത്തിലൊന്നും അഭിപ്രായം രൂപീകരിക്കാന്‍ തക്ക അനുഭവമോ ഡേറ്റയോ ഇനിയും കൈവന്നിട്ടില്ലെന്നതാണ് വാസ്തവം.

മുന്‍ വെനിസ്വേലന്‍ സ്വച്ഛാധിപതിയായ ഹ്യൂഗോ ഷാവെസിന്റെ സോഷ്യലിസ്റ്റ് സുഹൃത്തായ ഇവോ മൊറൊല്‍സ് (Evo Morales) 14 കൊല്ലം(2006-19) ഭരിച്ച ബൊളിവിയയില്‍ ഇന്ന് കാര്യങ്ങള്‍ ഒട്ടും പന്തിയല്ല. കോവിഡിന്റെ ആരംഭപ്രഹരങ്ങളില്‍ സര്‍ക്കാരും വ്യവസ്ഥകളും നിലത്തു വീഴാനുള്ള സാധ്യതയുണ്ട്. മെല്ലെ കരകയറും, രോഗത്തെ നേരിടും-അതാണവരുടെ പോരാട്ടചരിത്രം. എല്ലാ രാജ്യങ്ങളും സമൂഹങ്ങളും അങ്ങനെയാവും മുന്നോട്ടുപോകുക. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ആദ്യം രോഗം ഇരച്ചുകയറിയപ്പോള്‍, ‘രോഗിപ്രളയം’ ഉണ്ടായപ്പോള്‍ അവര്‍ കുറെനേരം പകച്ചുനിന്നു. ഇന്ന് ലക്ഷക്കണക്കിന് രോഗികളെ ചികിത്സിച്ച് കോവിഡിനെ നേരിട്ട് ആ രാജ്യങ്ങള്‍ മുന്നോട്ടുപോകുന്നു. ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് നേരിട്ടത് കണ്ടുപഠിക്കാനും തയ്യാറെടുക്കാനും സമയം കിട്ടി.

ബൊളിവിയയുടെ ദൈനത്യ സോഷ്യലിസം നേരിടുന്ന തിരിച്ചടിയാണോ? അതൊരു ശരിയായ നിഗമനം ആയിക്കൊള്ളണമെന്നില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥകളുടെ കഴമ്പില്ലായ്മ മനസ്സിലാകാന്‍ കോവിഡ് വരേണ്ട കാര്യമില്ല. ചരിത്രപരമായും ഭൗതികമായും തെളിയിക്കപെട്ട വസ്തതുയാണത്. കാപിറ്റലിസ്റ്റ് രാജ്യങ്ങളിലും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടാവാം. ഇപ്പോള്‍ ബൊളിവിയയില്‍ സംഭവിക്കുന്നത് നാളെ മറ്റൊരു സമൂഹത്തില്‍ ആവര്‍ത്തിക്കപെടാം. ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളില്‍ പടര്‍ന്നാല്‍ വലിയ വിപത്തുകള്‍ സംഭവിച്ചേക്കാം. നമുക്കതില്‍ ആഘോഷിക്കാനോ മത-രാഷ്ട്രീയ വിജയം കാണാനോ ഒന്നുമില്ല. മനുഷ്യരുടെ ദൈന്യതയും ദുരിതങ്ങളും എല്ലായിടത്തും ഒന്നുതന്നെ. കോവിഡിനെതിരെയുള്ള യുദ്ധം നീണ്ടതാണ്. വാക്‌സിന്‍ എത്തുന്നത് വരെ അത് തുടര്‍ന്നേക്കും. ആദ്യഘട്ടം ശമിച്ചാലും തുടര്‍തരംഗങ്ങള്‍ സംഭവ്യമാണ്. ദിവസവും സ്‌കോര്‍ നോക്കി ആശ്വസിക്കുന്നതും കണക്കുകള്‍ താരതമ്യം ചെയ്യുന്നതും മനുഷ്യസഹജമാണ്. പക്ഷെ പലപ്പോഴും അവ കടല്‍ത്തീരത്ത് കോറിയിടുന്ന ചിത്രങ്ങള്‍ പോലെയാണെന്ന് നാം തിരിച്ചറിയണം.

2020 മാര്‍ച്ചിലെ കണക്കും ഓഗസ്തിലെ കണക്കും വ്യത്യസ്തമാണ്. ചിരിച്ചു നിന്നവര്‍ കരഞ്ഞുവീഴുന്നു. ഒരുപക്ഷെ ഇതായിരിക്കില്ല ഡിസമ്പറിലെ കണക്കുകള്‍. അടുത്തവര്‍ഷം ജൂലൈയില്‍ മറ്റൊരു ചിത്രമാവും മുന്നില്‍ തെളിയുക. ആരാണ് മെച്ചം, ആരാണ് മുന്നില്‍ എന്നൊക്കെ അന്വേഷിച്ച് സ്വയം ഇളിഭ്യരാകരുത്. മനുഷ്യന്‍ ഒരു സ്പീഷിസായി അതിജീവിക്കണം. കോവിഡുമായുള്ള പോരാട്ടം നീണ്ടതാണ്. അതൊരു മൂന്നാംലോകയുദ്ധംപോലെയാണ്. അത്രമാത്രം മനസ്സിലാക്കുക. ലോകയുദ്ധത്തില്‍ അവസാനം പിടിച്ചുനില്‍ക്കുന്നവരാണ് വിജയികള്‍. പക്ഷെ ഇവിടെ വിജയവും പരാജയവുമില്ല. നാം ആക്രമിക്കപെട്ടിരിക്കുന്നു, നമുക്ക് തിരിച്ചുവരണം, അതിജീവിക്കണം. ബാക്കിയൊക്കെ കേവലമായ പ്രചരണങ്ങള്‍. അമേരിക്കയിലും ഇസ്രയേലിലും സൗദിയിലും രോഗംവരുമ്പോള്‍ ആഘോഷിക്കുന്നത് രോഗം അവിടങ്ങളില്‍ അല്ലെന്നതിന്റെ സൂചനയാണ്.