‘കോവിഡ് മാരിയ്ക്കിടയിലാണ് വാഴയ്ക്കക് വെള്ളമൊഴിച്ചാല്‍ ചീരയും നനയും എന്ന വിശ്വാസത്തില്‍ ആഴ്സനികം കപടതയുമായി കേരളത്തിലെ അറിയപെടുന്ന ഹോമിയോപാത്തുകള്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ ചികിത്സയുടെ സാധുത വ്യക്തമാക്കാനായി പത്തനംതിട്ടപഠനം എന്നൊരു കോപ്രായവും തട്ടിക്കൂട്ടി. ചപലവും കപടവും വിചിത്രവുമായ പ്രസ്തുത പഠന സാഹസത്തിന് ശേഷം പലതവണ കോവിഡ് തരംഗങ്ങള്‍ വരികയും ആഴ്സനികം ചികിത്സയുടെ കാര്യം ഹോമിയോപാത്തുകള്‍കൂടി മറക്കുകയും ചെയ്തു.’- സി രവിചന്ദ്രന്‍ എഴുതുന്നു |
ഹോമിയോ കപടതയ്ക്ക് എതിരെ സുപ്രിംകോടതിയില്‍
കോവിഡ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സ്‌കൂള്‍കുട്ടികള്‍ക്ക് ആഴ്സനികം ആല്‍ബം എന്ന ഹോമിയോ മരുന്ന് നല്‍കുന്നത് തടയണം എന്നാവശ്യപെട്ട് ശാസ്ത്ര കുതുകികളായ ഒരുകൂട്ടം പൗരന്‍മാര്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ എത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സെന്‍ട്രല്‍ ഫോര്‍ റിസര്‍ച്ച് ഹോമിയോപ്പതിക്കും സുപ്രിംകോടതിയുടെ ജസ്റ്റീസ് വിനീത് ശരണ്‍ അദ്ധ്യക്ഷനായ ബഞ്ച് നോട്ടീസ് അയച്ചു കഴിഞ്ഞു. ആഴ്സനികം ആല്‍ബം എന്ന പേരിലിലുള്ള ഹോമിയോ മരുന്ന് കോവിഡ് പ്രതിരോധം ശക്തമാക്കും എന്നത് ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ല എന്നും ഇത്തരം മരുന്നുകള്‍ ആഴ്സനിക് വിഷബാധ അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ സുപ്രിംകോടതിയെ ധരിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായി ആഴ്സനികം ആല്‍ബം നല്‍കുന്ന കേരളസര്‍ക്കാരിന്റെ നീക്കം തടയണമെന്നും ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപെടുന്നു.
ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതത്തെ സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലേക്ക് എത്തിക്കേണ്ടി വരുന്നു എന്നത് ശാസ്ത്ര സമൂഹം നേരിടുന്ന വെല്ലുവിളി തന്നെയാണ്. കോവിഡ് മാരിയ്ക്കിടയിലാണ് വാഴയ്ക്കക് വെള്ളമൊഴിച്ചാല്‍ ചീരയും നനയും എന്ന വിശ്വാസത്തില്‍ ആഴ്സനികം കപടതയുമായി കേരളത്തിലെ അറിയപെടുന്ന ഹോമിയോപാത്തുകള്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ ചികിത്സയുടെ സാധുത വ്യക്തമാക്കാനായി പത്തനംതിട്ടപഠനം എന്നൊരു കോപ്രായവും തട്ടിക്കൂട്ടി. ചപലവും കപടവും വിചിത്രവുമായ പ്രസ്തുത പഠന സാഹസത്തിന് ശേഷം പലതവണ കോവിഡ് തരംഗങ്ങള്‍ വരികയും ആഴ്സനികം ചികിത്സയുടെ കാര്യം ഹോമിയോപാത്തുകള്‍കൂടി മറക്കുകയും ചെയ്തു.
എങ്കിലും കിട്ടുന്ന അവസരങ്ങളിലെല്ലാം ഹോമിയോപതി എന്ന കപട ചികിത്സയുടെ മാഹാത്മ്യം പാടി സമൂഹത്തില്‍ ഇരുട്ട് നിറയ്ക്കാന്‍ ഹോമിയോപടുവാദികള്‍ ശ്രമിക്കാതിരുന്നിട്ടില്ല. ഡോ സിറിയക് ആബി ഫിലിപ്പ്, ഡോ ആരിഫ് ഹുസൈന്‍, ഡോ നന്ദകുമാര്‍, ശ്രീമതി ശ്രീലേഖ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ആഴ്സനികം ആല്‍ബം ചികിത്സയ്ക്ക് എതിരെ ബഹു.സുപ്രിംകോടതിയിലേക്ക് നീങ്ങിയത്. പലരും പലപ്പോഴും ചോദിക്കുന്ന കാര്യമാണ് ഹോമിയോ തട്ടിപ്പും ഉടായിപ്പുമാണെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല, നിരോധിക്കാന്‍ നടപടികള്‍ എടുക്കുന്നില്ല എന്നൊക്കെ. തിരുപ്പതിയും കലംകറക്കും മഷിയിട്ട് നോട്ടവും അംഗീകരിക്കപെടുന്ന ഒരു സമൂഹത്തില്‍ ഹോമിയോപ്പതിയെ കോടതി വഴിയും സര്‍ക്കാര്‍ മുഖേനെയും നിയന്ത്രിക്കാം എന്നത് അതിമോഹമാണ്. എങ്കിലും കോടതിയില്‍ പോകാത്തതെന്താ എന്ന ഉദാരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ വായിക്കാനാണ് ഈ വാര്‍ത്ത ഇവിടെ പോസ്റ്റുന്നത്.
സമൂഹത്തിലെ അശാസ്ത്രീയതയ്ക്കും അന്ധതതയ്ക്കും എതിരെയുള്ള ഭരണഘടനബദ്ധമായ പോരാട്ടത്തിലെ ഒരു നിര്‍ണ്ണായക പടവാണ് ഈ കേസ്. ഈ ഹര്‍ജിയുമായി കോടതിയിലെത്തിയ എല്ലാ ശാസ്ത്രപ്രചാരകര്‍ക്കും ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍. നിങ്ങള്‍ വലിയൊരു കാര്യമാണ് ചെയ്യുന്നത്. സമൂഹത്തിന്റെയും അധികാരികളുടെയും കണ്ണുതുറപ്പിക്കുന്ന ചര്‍ച്ചകളും വിശകലനങ്ങളും ഈ കേസുമായി ബന്ധപെട്ട് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. കേസ് കോടതിയുടെ മുന്നിലുണ്ട്. കോടതിക്ക് മുന്നില്‍ ഭരണഘടന കത്തി നില്‍ക്കുന്നു…ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) സ്പഷ്ടവും സുതാര്യവുമാണ്. കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ.
Reference:
1. https://www.indialegallive.com/top-news-of-the-day/news/supreme-court-prescription-arsenic-album-homeopathic/
2. https://www.mathrubhumi.com/news/india/sc-sends-notice-on-case-filed-against-giving-homeo-medicine-for-covid-among-children-1.7343075