“ആരാധനാലയങ്ങളൊക്കെ പെട്ടെന്ന് തുറക്കണം. അമേരിക്കയില്‍ നമുക്ക് പ്രാര്‍ത്ഥന ഏറെ ആവശ്യമുണ്ട്. അതില്‍ കുറവ് പാടില്ല. ബാര്‍ബര്‍ഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കില്‍ ആരാധനാലയങ്ങളും അവശ്യ സേവനം തന്നെയാണ്. പക്ഷെ ചില ഗവര്‍ണ്ണമാര്‍ അങ്ങനെ ചിന്തിക്കുന്നില്ല. ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഞാനവര്‍ക്ക് അന്തിമ നിര്‍ദ്ദേശം നല്‍കുകയാണ്. ചെയ്തില്ലെങ്കില്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാനവരെ മറികടന്ന് ആ തീരുമാനം നടപ്പിലാക്കും…” – ഡൊണള്‍ഡ് ട്രമ്പ്.
കുറെ നാളായി അമേരിക്ക മുഴുവന്‍ തുറക്കണം, ലോക്ക്ഡൗണില്‍ കാര്യമായ ഇളവ് വരുത്തണം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ട്രമ്പ് വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കുന്നില്ല. ഡമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണമാര്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചു. ചിലര്‍ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. അവസാനം, അവരെ കീഴ്‌പെടുത്താനായി തനിക്കറിയാവുന്ന തറ നമ്പര്‍ ട്രമ്പ് പുറത്തടുത്തിരിക്കുകയാണ്- പച്ചയായ മതപ്രീണനം! തന്നെ താറടിക്കുന്നതുപോലെ എളുപ്പത്തില്‍ മതത്തെ മെരുക്കാന്‍ ഡമോക്രാറ്റുകള്‍ക്ക് സാധിക്കില്ലെന്ന് ട്രമ്പ് വിശ്വസിക്കുന്നു. സ്വന്തമായി വിജയിക്കാന്‍ കഴിയില്ലെന്നും മതങ്ങളുടെയും വിശ്വാസികളുടെയും അനുഗ്രഹാശിസ്സുകള്‍ ഇല്ലെങ്കില്‍ നിലനില്‍പ്പില്ലെന്നും വിശ്വസിക്കുന്ന ഭരണാധികാരികള്‍ മതേതര സമൂഹങ്ങളെ ബഹുദൂരം പിന്നോട്ടടിക്കും. ട്രമ്പിന്റെ പച്ചയായ മതരാഷ്ടീയപ്രഖ്യാപനത്തെ ഡമോക്രാറ്റുകള്‍ എങ്ങനെ നേരിടും എന്നാണ് ലോകമെമ്പാടുമുള്ള ജനാധിപത്യസമൂഹങ്ങള്‍ ഉറ്റുനോക്കുന്നത്.
മദ്യശാലയും ബ്യൂട്ടി പാര്‍ലറും ബാര്‍ബര്‍ഷോപ്പും തുറക്കാമെങ്കില്‍ പിന്നെയെന്തുകൊണ്ട് ആരാധാനലയങ്ങള്‍ തുറന്നുകൂടാ?
ഉത്തരം ലളിതം: മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലെല്ലാം മനുഷ്യന് ആവശ്യമുള്ള ഏതെങ്കിലും സാധനമോ സേവനമോ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ആ പ്രവൃത്തിയിലൂടെ സര്‍ക്കാരിന് നികുതി ലഭിക്കുന്നു, തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നു,സമ്പദ് വ്യവസ്ഥയുടെ ചാലകശക്തിയായി മാറുന്നു. ആരാധനാലയങ്ങളില്‍ അടഞ്ഞുകിടക്കുന്നത് കൊണ്ട് സമൂഹത്തിന് നഷ്ടമില്ലെന്ന് വമ്പന്‍ നേട്ടമുണ്ടുതാനും. മതം നികുതി കൊടുക്കുന്നില്ല, സര്‍ക്കാരില്‍ നിന്ന് പലരൂപത്തില്‍ സഹായം വാങ്ങുകയും ചെയ്യുന്നു. അദ്ധ്വാനിക്കാതെ, ഉദ്പാദനം നടത്താതെ സമൂഹത്തെ നിര്‍ദ്ദയം ചൂഷണം ചെയ്താണ് മതം എന്ന പരാദസ്ഥാപനം അതിജീവിക്കുന്നത്. അന്ധതയും അശാസ്ത്രീയതയും പരത്തി മനുഷ്യരുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നു എന്നതാണ് അവര്‍ ചെയ്യുന്ന ഏറ്റവും വലിയ സേവനം. മതം കൈമാറുന്ന സാങ്കല്‍പ്പിക ഉത്പന്നം മതലഹരിയാണ്. അതാകട്ടെ വ്യക്തിയുടെ അധ:പതനം മാത്രമല്ല സാമൂഹികവിഭജനവും മതസംഘര്‍ഷവും സൃഷ്ടിക്കുന്നതില്‍ മാത്രം വിജയിക്കുന്നു.
മതസ്ഥാപനങ്ങള്‍ തുറക്കാത്തത് മൂലം പലര്‍ക്കും മാനസികസമ്മര്‍ദ്ദവും പിരിമുറുക്കവും വര്‍ദ്ധിച്ചു എന്ന് മൂത്തതിരുമേനി പറയുമ്പോള്‍ ലോക്ക്ഡൗണ്‍ കാലത്ത് അത്തരം പിരി എങ്ങനെ വിജയകരമായി അയക്കാം എന്ന് ഇളയ തിരുമേനിമാര്‍ തെളിയിച്ചിട്ടും മതശാഠ്യങ്ങള്‍ക്ക് വഴങ്ങുന്നത് അനാവശ്യമാണ്. മതം സമൂഹത്തില്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്ക് ചെറിയ തോതില്‍ ശമനം ഉണ്ടായി എന്നതാണ് കോവിഡ് ലോക്ക്ഡൗണ്‍കൊണ്ട് ഉണ്ടായ പ്രധാന നേട്ടങ്ങളിലൊന്ന്. ലോക്ക്ഡൗണ്‍ മൂലം ഏത് സ്ഥാപനം അടഞ്ഞുകിടന്നാലും അത് സമൂഹത്തെ ദോഷകരമായി ബാധിക്കും. നേര്‍വിപരീതമാണ് മതത്തിന്റെ കാര്യം. പകര്‍ച്ചവ്യാധി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഏതൊരിടത്തും വിജയകരമായി അടിച്ചിടാവുന്ന സ്ഥാപനങ്ങളാണ് ആരാധനാലയങ്ങള്‍. മറ്റൊന്ന് മാഫിയസംഘങ്ങളാണ്.