പ്രശ്‌നത്തെക്കാള്‍ മോശം പരിഹാരം?


ലോക്ക്ഡൗണ്‍ ഒരു പ്രദര്‍ശനമോ തപസ്സോ അല്ല. അന്ത്യത്തില്‍ ആരെങ്കിലും സംപ്രീതരായി വരം നല്‍കുന്ന ഏര്‍പ്പാടൊന്നുമില്ല. നന്നായി ചെയ്താല്‍ മാര്‍ക്കിടാനും ആളില്ല. നമുക്ക് വേണ്ടി നാം അനുവര്‍ത്തിക്കുന്ന രക്ഷാമാര്‍ഗ്ഗമാണത്. പരമാവധി സാമൂഹിക അകലം പാലിച്ച് വൈറസിന്റെ പ്രസരണം തടയുക എന്ന ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. അതിനാണ് നിയന്ത്രണങ്ങളെല്ലാം. അങ്ങനെനോക്കുമ്പോള്‍ ഇന്ന് നാം ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കാണുന്ന ഈ ഗ്രാമീണ തൊഴിലാളികളുടെ നീണ്ട മടക്കയാത്രകള്‍ എന്താണോ ലക്ഷ്യമിടുന്നത് അതിന് തീര്‍ത്തും വിപരീതമാണ്. പതിനായിരങ്ങള്‍ ആഹാരവും കുടിവെള്ളവുമില്ലാതെ മുപ്പത് ഡിഗ്രിക്ക് മേല്‍ ചൂടുള്ള കാലാവസ്ഥയില്‍ വീടെത്താനായി നൂറ് കണക്കിന് കിലോമീറ്റര്‍ നടക്കുകയാണ്.

പലരും കുടുംബസഹിതമാണ് യാത്ര. നഗരത്തില്‍ കഴിഞ്ഞിട്ട് കാര്യമില്ല. അവിടെ തൊഴിലോ ഭക്ഷണമോ ലഭിക്കില്ല. എത്ര ദിവസത്തെ ഭക്ഷണവും കുടിവെള്ളവും കരുതാന്‍ ഇവര്‍ക്ക് സാധിക്കും? ഭക്ഷണംചോദിച്ച് വാങ്ങി കഴിക്കാന്‍ വഴിയിലെങ്ങും കടകളോ ഭക്ഷണശാലകളോ ഇല്ല. ഒരുപക്ഷെ ദിവസങ്ങളെടുക്കും വീടുകളിലെത്താന്‍. നോക്കൂ, അവര്‍ തമ്മിലുള്ള സാമൂഹിക അകലം പൂജ്യമാണ്. പോകുന്ന വഴികളില്‍ മാത്രമല്ല സ്വന്തംഗ്രാമങ്ങളിലും രോഗപ്രസരണം നടത്താന്‍ ഈ പാവം മനുഷ്യര്‍ നിര്‍ബന്ധിതരാകും. ഇവര്‍ അന്തിയുറങ്ങുന്നതും തെരുവോരങ്ങളിലാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കോവിഡ് പടര്‍ന്നാല്‍ പിന്നെ ഏറെയൊന്നും എഴുതേണ്ടിവരില്ല. സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന്റെ പ്രധാന പ്രശ്‌നം സമ്പദ് വ്യവസ്ഥയുടെ നട്ടൊല്ല് ഒടിയും എന്നതിനേക്കാള്‍ അത് സഹിക്കാനാവാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഈ രാജ്യത്തുണ്ട് എന്ന് വസ്തുതയാണ്. ഭരണാധികാരികള്‍ ഇത് തിരിച്ചറിഞ്ഞുവേണം ജീവിതം സ്തംഭിപ്പിക്കാന്‍. അല്ലെങ്കില്‍ ആഹാരവും വസ്ത്രവും മറ്റ് സാമഗ്രികളും ശേഖരിച്ച് സ്വന്തം വീടുകളിലിരിക്കാനുള്ള സമയവും സാവകാശവും എല്ലാ പൗരന്‍മാര്‍ക്കും കൊടുക്കണം.

ഏതൊരു ഭരണ തീരുമാനം എടുക്കുമ്പോഴും രാജ്യത്തെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം മനസ്സിലോര്‍ക്കണം എന്ന ഗാന്ധിജിയുടെ വാചകം ഇവിടെ പ്രസക്തമാണ്. ഏറ്റവും ദരിദ്രരും നിസ്വരുമായ ജനങ്ങള്‍ക്ക് കുഴപ്പമില്ലെങ്കില്‍ മറ്റാര്‍ക്കും കുഴപ്പമില്ല എന്നുവേണം ചിന്തിക്കാന്‍. നോട്ടു നിരോധനം നടപ്പിലാക്കിപ്പയപ്പോഴും അതിന്റെ വലിയ ന്യൂനത സാധാരണക്കാരും ദരിദ്രരും ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു എന്നതാണ്. ദിവസവേതനത്തിന് ജോലി ചെയ്യുന്നവര്‍ക്കും അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും അക്കാര്യത്തില്‍ പ്രഥമ പരിഗണന നല്‍കണം. തൊഴില്‍ ഇല്ലെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം നഷ്ടപെടുന്നത് ജീവിതം തന്നെയാണ്. ഇവിടെ പ്രശ്‌നമെന്തെന്നാല്‍ അവര്‍ എങ്ങനെയെങ്കിലും മാനേജ് ചെയ്യുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ കരുതുന്നു എന്നതാണ്. ഈ മനുഷ്യരുടെ കാര്യം പരിഗണിച്ചുവേണം എല്ലാവര്‍ക്കും ബാധകമാകുന്ന പ്രഖ്യാപനങ്ങള്‍ നടത്താന്‍. മറിച്ചായാല്‍ ജീവിക്കാനുള്ള അവകാശമാണ് ഇവിടെ ഹനിക്കപെടുന്നത്.

എന്തിനാണ് ലോക്ക് ഡൗണ്‍? മഹാമാരിയുടെ ആക്രമണത്തില്‍ നിന്ന് വിലപ്പെട്ട മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍. പക്ഷെ മനുഷ്യരുടെ ഇത്തരം മഹായാനങ്ങള്‍ ചെന്നവസാനിക്കുന്നതും വിലപ്പെട്ട ജീവനുകള്‍ നഷ്ടപെടുന്നതിലേക്കാണ്. അനാഥരെ പോലെ തെരുവിലൂടെ നടക്കുന്ന ഈ പട്ടിണിക്കാര്‍ ഭക്ഷ്യലഹളകള്‍ക്ക് വരെ കാരണമായേക്കാം. എഫ്.സി.ഐ ഗോഡൗണുകള്‍ നിറഞ്ഞു കവിയുന്ന ഒരു രാജ്യത്ത് ഭക്ഷണമില്ലാതെ മനുഷ്യര്‍ തെരുവോരങ്ങളില്‍ മരിച്ച് വീഴുന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ? 21 ദിവസത്തെ ലോക്ക് ഡൗണ്‍ വിരസതയോടെങ്കിലും സഹിക്കാന്‍ ഭൂരിപക്ഷത്തിനും സാധിക്കും. പക്ഷെ സത്യമായും ഇവര്‍ക്കത് സാധിക്കില്ല. എന്തോ പ്രശ്‌നമുണ്ടെന്ന് നാം അവരോട് പറയുന്നു. പരിഹാരവും നിര്‍ദ്ദേശിക്കുന്നു. അതൊരു വമ്പന്‍ ത്യാഗമാണ്. പക്ഷെ പരിഹാരം പ്രശ്‌നത്തെക്കാള്‍ ക്രൂരമാകുന്നത് കാട്ടുനീതിയാണ്. ദരിദ്ര്യര്‍, രോഗികള്‍, ലഹരിക്ക് അടിപ്പെട്ടവര്‍, ആള്‍തുണ വേണ്ട വൃദ്ധര്‍…ഇവര്‍ക്കെല്ലാം നീതി ലഭിക്കാതെ നാം നടത്തുന്ന ലോക്ക് ഡൗണ്‍ നീതിനിഷേധംകൂടിയാണ്.

ശരി തെറ്റായ രീതിയില്‍ നടപ്പിലാക്കാനാവില്ല. എല്ലാവര്‍ക്കും ചാടാനായി ഒരേ വളയംകൊടുക്കരുത്. രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആദ്യമാണ്. പക്ഷ ഇത്തരം പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മുന്‍കൂട്ടി കാണാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ക്രൂരതയാണ്. കൊവിഡ് രോഗവ്യാപനം മാനത്ത് നിന്ന് പൊട്ടിവീണതൊന്നുമല്ലല്ലോ. ലോകം ഗൗരവമായി സംസാരിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസമായി. ജനതാ കര്‍ഫ്യു നടത്തിയപ്പോഴെങ്കിലും വീടെത്താനുള്ള സാവകാശവും മുന്നറിയിപ്പും ഈ മനുഷ്യര്‍ക്ക് നല്‍കേണ്ടിയിരുന്നു. വീട്ടിലിരിക്കുന്ന മനുഷ്യര്‍ക്ക് പാക്കേജുകള്‍ എത്തിക്കുന്നതിനെക്കാള്‍ ശുഷ്‌കാന്തി ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ കാണിക്കണം. കേരളം ഇക്കാര്യത്തില്‍ അപവാദമാണ് എന്നതും കാണേണ്ടതുണ്ട്. പക്ഷെ ഈ കാഴ്ചകള്‍ ഹൃദയം ദ്രവീകരിക്കുന്നതാണ്. പഥ്യം എടുക്കുന്നത് ‘രോഗശാന്തി’ക്കായിരിക്കണം, രോഗിയുടെ ‘ആത്മശാന്തി’ക്കാവരുത്.


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *