ജീവിതം ഇടിച്ചുനില്‍ക്കുന്നു


സര്‍വതും സ്തംഭിപ്പിച്ചുകൊണ്ട്‌ ഏറെ മുന്നോട്ടുപോകാനാവില്ല, ഒരു രാഷ്ട്രത്തെ യുദ്ധമില്ലാതെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണത്-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഉള്‍പ്പടെ പലരും പരസ്യമായിതന്നെ ഇങ്ങനെ അഭിപ്രായപെടുന്നുണ്ട്. മനുഷ്യത്വരഹിതമായ അഭിപ്രായപ്രകടനം നടത്തിയെന്ന ആരോപണവും പരിഹാസവും പിന്നാലെയുണ്ട്. കോവിഡ് 19 രോഗവ്യാപനത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിച്ചതുപോലെ അമേരിക്ക ഒന്നാംസ്ഥാനത്ത് എത്തിയതോടെ ചൈനയ്ക്ക് നേരെയുള്ള ആരോപണങ്ങള്‍ കടുക്കുകയാണ്. രോഗബാധപട്ടികയില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ നിന്നും വൈകാതെ ചൈന പുറന്തള്ളപെടും. വുഹാനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 8 മുതല്‍ നീക്കംചെയ്യുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടും രോഗാണുക്കള്‍ വാരിവിതറിയശേഷമാണ് ചൈന ഇപ്പോള്‍ സ്വന്തം വീട് നേരെയാക്കി ആശ്വസിക്കുന്നത്. ആരംഭഘട്ടത്തില്‍ രോഗത്തെ നിസ്സാരവല്‍ക്കരിക്കുകയും തിരിച്ചറിഞ്ഞിട്ടും രോഗവിവരം മൂടിവെക്കുകയും ചെയ്തത് ലോകത്തോട് ചെയ്ത പൊറുക്കാനാവാത്ത തെറ്റാണ്. ആരംഭത്തില്‍തന്നെ തുറന്നു പറഞ്ഞിരുന്നുവെങ്കില്‍ ആഗോളവ്യാപനം തടയാനാവുമായിരുന്നു. രോഗം പൊട്ടിപുറപ്പെട്ട് ലോകം അറിയുന്നതുവരെയുള്ള ഇടവേളയില്‍ ഏകദേശം 75 ലക്ഷംപേരാണ് വൂഹാനില്‍ നിന്ന് പുറത്തേക്കു സഞ്ചരിച്ചതെന്ന് കണക്കാക്കപെടുന്നു; ഏതാണ്ട് അത്രതന്നെ തിരിച്ചും. തങ്ങളുടെ പബ്ലിക് റിലേഷന്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് എതിര്‍കഥകളും ഗൂഡാലോചനാ സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നതല്ലാതെ പിഴവ് ഏറ്റുപറഞ്ഞ് സുതാര്യ നിലപാട് സ്വീകരിക്കാന്‍ ചൈന ഇനിയും തയ്യാറാകുന്നില്ല എന്നതാണ് മുഖ്യ ആക്ഷേപം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സയന്‍സും പത്തൊമ്പതാം നൂറ്റാണ്ടിലെ രാഷ്ട്രീയവുമായി അവര്‍ ലോകത്തെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു.

സാമൂഹിക അകലം പാലിക്കുന്ന കാര്യത്തില്‍ ചൈന സ്വീകരിച്ച കാര്‍ക്കശ്യവും ദയാരാഹിത്യവും സ്വീകരിക്കാന്‍ മറ്റ് ജനാധിപത്യരാജ്യങ്ങള്‍ക്ക് പരിമിതികളുണ്ട്. എങ്കിലും ചിട്ടയായ പ്രതിരോധ നടപടികളും ബോധവത്കരണവുംവഴി ഭീഷണിയുടെ ആഴംകുറയ്ക്കാന്‍ ജനാധിപത്യ സമൂഹങ്ങള്‍ക്ക് കഴിയുമെന്നതിന്റെ ഉദാഹരണങ്ങളാണ് തയ്‌വാനും ദക്ഷിണകൊറിയയും. രോഗബാധിതരുടെ എണ്ണം 47000 കടന്നിട്ടും മരണസംഖ്യ 281 ല്‍ പിടിച്ചു നിറുത്താന്‍ കഴിഞ്ഞ ജര്‍മ്മനി ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മാതൃക ആയി നിലകൊള്ളുന്നു. വ്യാപനം വര്‍ദ്ധിക്കുമ്പോഴും മരണസംഖ്യ നിയന്ത്രിക്കുന്നതില്‍ യു.എസും മികച്ച നേട്ടമാണ് (രോഗം ബാധിച്ചവര്‍-85612, മരണസംഖ്യ-1303) കൈവരിച്ചിട്ടുള്ളത്. വുഹാനില്‍ നിയന്ത്രണം പിന്‍വലിക്കുന്നതോടെ ചൈനയിലെ മറ്റ് സ്ഥലങ്ങളില്‍ എന്തു സംഭവിക്കും എന്നതു സംബന്ധിച്ച് ആശങ്കള്‍ ഉയരുന്നുണ്ട്. ചൈനീസ് കണക്കുകള്‍ ഇപ്പോഴും ലോകം വിശ്വസിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തരകൊറിയയെ സംബന്ധിച്ചാകട്ടെ രോഗികളെ പട്ടിക്കിട്ട് കൊടുക്കുന്നു, വെടിവെച്ചുകൊല്ലുന്നു… എന്നൊക്കെയുള്ള ഊഹാപോഹ കഥകള്‍ മാത്രം.

കൊറോണ വൈറസിനെ ആദ്യഘട്ടത്തില്‍ നിസ്സാരവല്‍ക്കരിച്ച വകയില്‍ ട്രമ്പും ബോറിസ് ജോണ്‍സണും മറ്റും അവരവരുടെ രാജ്യത്ത് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. എങ്കിലും പത്തില്‍ പത്ത് മാര്‍ക്കാണ് ട്രമ്പ് സ്വയം നല്‍കിയിരിക്കുന്നത്. സാമൂഹികവ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിച്ചതുപോലെ കടുത്ത നടപടികള്‍ പല രാജ്യങ്ങളും തയ്യാറായിട്ടില്ല. മുഴുവന്‍ ലോക്ക് ഡൗണ്‍ ചെയ്യാന്‍ 35 കോടി ജനസംഖ്യയുള്ള അമേരിക്ക തയ്യാറല്ല. സാവധാനം പടരുന്ന ഒരു വൈറസിന് മുന്നില്‍ രാജ്യം മുഴുവന്‍ അടിച്ചിടുന്നത് അസംബന്ധമാണെന്നും ന്യൂയോര്‍ക്കും മറ്റും രോഗത്തിന് അടിപെട്ടുവെങ്കിലും പല സംസ്ഥാനങ്ങളിലും കാര്യമായ രോഗബാധയില്ലെന്നും പ്രസിഡന്റ് ട്രമ്പ് വാദിക്കുന്നു. സിംഗപ്പൂര്‍, തയ് വാന്‍, ജര്‍മ്മനി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും പൂര്‍ണ്ണമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ചൈനപോലും വുഹാന്‍ തലസ്ഥാനമായിട്ടുള്ള ഹ്യൂബെയ് പ്രവിശ്യയില്‍ മാത്രമാണ് 2 മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്ത്യയിലാകട്ടെ, ‘ഇറ്റലി മാതൃക’യില്‍ 137 കോടി ജനങ്ങള്‍ 21 ദിവസം അടിച്ചിരിക്കുന്നു. എങ്ങനെയും സാമൂഹികവ്യാപനം ഒഴിവാക്കാനാണ് നാം ഇത്ര വലിയ ത്യാഗം സഹിക്കുന്നത്. കാരണം നാം ഒരു കാട്ടുതീ ഭയക്കുന്നു.

മനുഷ്യര്‍ നിരാഹാരം അനുഷ്ഠിക്കുന്നത് പോലെയാണ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ലോക്ക് ഡൗണ്‍. സപ്‌ളൈ ചെയിനും ഡിമാണ്ട് ചെയിനും തകരുമ്പോള്‍ രണ്ട് കാലുകളും തല്ലിയൊടിക്കപ്പെട്ട അവസ്ഥയിലാവും. ഉദ്പാദനവും തുറന്ന മത്സരവും ഇല്ലാതാകുമ്പോള്‍ ഏതു സമ്പദ് വ്യവസ്ഥയും തകര്‍ച്ചയിലേക്ക് മൂക്കുകുത്തും. എത്ര കാലം? മൂന്ന് ദിവസം പിന്നിടുമ്പോള്‍ തന്നെ മാന്ദ്യം നേരിടുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഏറെ പിന്നോട്ടടിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ച, ഏറിയാല്‍ പത്ത് ദിവസം- അതിനപ്പുറമുള്ള ലോക്ക് ഡൗണ്‍ രാജ്യത്തിന് പരിഹരിക്കാനാവാത്ത തിരിച്ചടി സമ്മാനിക്കുമെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നല്‍കുന്നുണ്ട്. 21 വര്‍ഷം അടച്ചിരുന്നാലും ഒന്നും സംഭവിക്കാനില്ലാത്തവരുടെ കൂടെ 21 മണിക്കൂര്‍പോലും അത് സഹിക്കാനാവാത്തവരും കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ്. തയ്യാറെടുപ്പുകളില്ലാതെ ഉണ്ടായിരുന്നിടത്ത് കുടുങ്ങിപ്പോയവരുടെ കാര്യം പറയുകയുംവേണ്ട. വൃദ്ധര്‍, ആള്‍സഹായംവേണ്ട രോഗികള്‍, ദൈനംദിന തൊഴിലുകളിലൂടെ അന്നന്നത്തെ അന്നം കണ്ടെത്തുന്നവര്‍, ലഹരികള്‍ക്ക് അടിമപെട്ട് രോഗാവസ്ഥയിലുള്ളവര്‍…. എല്ലാവരും ഒരേ കളി കളിക്കുകയാണ്. എല്ലാവര്‍ക്കും ഒരുപോലെയല്ല എന്നതാണ് ലോക്ക് ഡൗണിനെ അസഹനീയമാക്കുന്നത്. സ്വാഭാവികമായും സഹായ പാക്കേജുകള്‍ അനിവാര്യമായി തീരുന്നു.

മനുഷ്യജീവിതം ഇടിച്ച് നില്‍ക്കുകയാണ്. 21 ദിവസം രാജ്യം അടച്ചിട്ടാല്‍ കോവിഡ് മരണങ്ങളില്‍ ഭൂരിപക്ഷവും കോറോണയുമായി ബന്ധപെട്ടതാവില്ല. പട്ടിണി മരണങ്ങളും ലഹളകളും അക്രമങ്ങളും വ്യാപകമായി അരങ്ങേറുമെന്ന പ്രവചനം മുന്നിലുണ്ട്. 21 ദിവസംകൊണ്ട് സാമൂഹികവ്യാപനം തടയാനായാല്‍ നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം അതൊരു വമ്പന്‍നേട്ടം തന്നെയായിരിക്കും. അത്രയും ഓടാനുള്ള ഊര്‍ജ്ജം നമുക്കുണ്ടോ എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. പ്രശ്‌നപരിഹാരം ഒരിക്കലും പ്രശ്‌നത്തെക്കാള്‍ മോശമാകാന്‍ പാടില്ലല്ലോ.

റഷ്യന്‍ ഫ്‌ളൂ (1889-90) രണ്ട് വര്‍ഷം നീണ്ടു. സാര്‍സും (2002-03) എബോളയും രണ്ടുവര്‍ഷം (2014-16) നിലനിന്നു, 2012 ല്‍ എത്തിയ മെര്‍സ് (MERS) ദുര്‍ബലമായെങ്കിലും ഇപ്പോഴും തുടരുന്നു. ഇവയെല്ലാം വൈറസ് രോഗങ്ങളാണ്. രോഗം തുടച്ചു നീക്കാനായില്ലെങ്കിലും നിയന്ത്രണവിധേയമായാല്‍ പഴയ നിലയിലേക്ക് തിരിച്ചുപോകാം-ആക്രമണങ്ങളുടെ തുടര്‍ഘട്ടം ഉണ്ടായില്ലെങ്കില്‍. മ്യൂട്ടേറ്റഡായ ഒരു വൈറസ് മനുഷ്യര്‍ക്കിടയില്‍ പകര്‍ച്ചവ്യാധിയായി പടര്‍ന്നു കഴിഞ്ഞാല്‍ അതു മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപെടണമെങ്കില്‍ താഴെപറയുന്ന സാഹചര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉരുത്തിരിയണം. (ഒന്ന്) രോഗഹേതുവായ വൈറസ് രോഗകാരിയല്ലാത്തവിധം മ്യൂട്ടേഷന് വിധേയമാകണം. (രണ്ട്) രോഗകാരിയായ പ്രാഗ്രൂപങ്ങള്‍ (ancient forms) സ്വാഭാവിക നിര്‍ധാരണം വഴി പുറന്തള്ളപ്പെടണം. അങ്ങനെവന്നാല്‍ രോഗ തീവ്രത കുറയും. മ്യൂട്ടേഷന്‍ കൂടുതല്‍ അപകടകാരിയായ പതിപ്പുകള്‍ക്ക് കാരണമായാല്‍ രോഗഭീഷണി വര്‍ദ്ധിക്കും. ഇപ്പോള്‍തന്നെ നോവല്‍ കൊറോണ വൈറസിന്റെ ആദിരൂപമായ ‘S’ നെക്കാള്‍ സക്രിയമാണ് വുഹാനില്‍ കൂടുതലും അപകടം വിതച്ചതായി കണ്ടെത്തിയ ‘L’ പതിപ്പ്. മ്യൂട്ടേഷന്‍ സംഭവിക്കണം എന്ന് നിയമം ഒന്നുമില്ല. അഥവാ സംഭവിച്ചാല്‍ തന്നെ നേരവുംകാലവും തീര്‍ച്ചപെടുത്താനുമാവില്ല. നിലവില്‍ നമ്മുടെ ഭാഗത്ത് നിന്ന് രണ്ട് കാര്യങ്ങള്‍ മാത്രമേ സാധ്യമാകൂം: (എ) വാക്‌സിന്‍ ഉള്‍പ്പടെയുള്ള ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ രോഗബാധ നിയന്ത്രണാധീനമാക്കുക. (ബി) വൈറസിനെ നേരിട്ട് സ്വാഭാവികമായ കൂട്ടപ്രതിരോധശേഷി നേടിയെടുക്കുക.

അവസാനത്തെ മാര്‍ഗ്ഗം ആധുനിക നാഗരികതയ്ക്ക് അചിന്ത്യം. കൂട്ടപ്രതിരോധം ആര്‍ജ്ജിക്കണമെങ്കില്‍ അസംഖ്യം മനുഷ്യജീവനുകള്‍ ബലികൊടുക്കണ്ടിവരും. ആ വഴിയിലൂടെയാണ് മനുഷ്യരാശി ഇവിടംവരെ എത്തിയത്. പക്ഷെ അന്നൊക്കെ നാം തീര്‍ത്തും നിസ്സഹായരായിരുന്നു. രോഗതാണ്ഡവം പെയ്‌തൊഴിയുന്നതുവരെ കാത്തിരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. എന്നാല്‍ സയന്‍സും സാങ്കേതികവിദ്യയും ആധുനികമനുഷ്യന്റെ നിസ്സഹായത ഗണ്യമായി കുറച്ചിട്ടുണ്ട്. കഴിഞ്ഞ 200 വര്‍ഷംകൊണ്ട് ലോകജനസംഖ്യ നൂറ് കോടിയില്‍ നിന്ന് 770 കോടിയായി വര്‍ദ്ധിച്ചതില്‍ പ്രധാനകാരണം ഈ മുന്നേറ്റമാണ്. പക്ഷെ ഇന്നും നമ്മുടെ പ്രതിരോധം പൂര്‍ണ്ണമല്ല. പകര്‍ച്ചവ്യാധികള്‍ ശിക്ഷയോ അനുഗ്രഹമോ അല്ലെന്നറിയണം. എക്കാലത്തും അവ വന്നുകൊണ്ടിരിക്കും. മനുഷ്യചരിത്രത്തില്‍ ഉടനീളം അങ്ങനെ ആയിരുന്നു. മനുഷ്യന്‍ അഹങ്കാരംകൊണ്ട് തലകുത്തി മറിഞ്ഞാലും വിനയംമൂത്ത് കൂമ്പിനിന്നാലും അതില്‍ മാറ്റമുണ്ടാകില്ല. മനുഷ്യന്‍ പൊട്ടിക്കരഞ്ഞാലും പൊട്ടിച്ചിരിച്ചാലും സംഭവഗതി മാറാന്‍പോകുന്നില്ല. മദഭക്തിയും മതഭ്രാന്തും അവിടെ അപ്രസക്തമാണ്. മഴ പെയ്യുന്നതുപോലെയാണത്. വിത്തിറക്കിയവന്‍ മഴ കാണുമ്പോള്‍ ആഹ്ലാദിക്കും. വിത്ത് നന്നായി വളരുമല്ലോ! വിളയെടുക്കാന്‍ ബാക്കിയുള്ളവന്റെ ഉള്ളില്‍ തീമഴ വീഴും. കാരണം അവന്റെ വിള നശിച്ച് മണ്ണോട് ചേരും. മഴ ഇതൊന്നുമറിയുന്നില്ല. മഴ പെയ്യുകയാണ്…

കുറുക്കുവഴികളൊന്നുമില്ല. സൈക്കിളില്‍ നിന്ന് വീഴാതിരിക്കാന്‍ അത് ചവിട്ടികൊണ്ടിരിക്കുക.

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →

Leave a Reply

Your email address will not be published. Required fields are marked *