മരണ കണക്കുകള്‍


യൂറോപ്പില്‍ ഏറ്റവുമധികം ചൈനക്കാരുള്ളത് ഇറ്റലിയിലാണ്-3.3 ലക്ഷം. കോവിഡ് പകര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വിമാന സര്‍വീസ് ആദ്യം നിറുത്തിവെക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യവും ഇറ്റലി തന്നെ-2020 ജനുവരി 31 ന്. ഷി ജിന്‍പിംഗിന്റെ സ്വപ്‌നമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവുമായി (Belt and Road Initiative – BRI) ഒപ്പുവെക്കുന്ന ഏക യൂറോപ്യന്‍ രാജ്യമായി 2019 മാര്‍ച്ചില്‍ അവര്‍ മാറി. ലോകമെമ്പാടും ചൈനയുടെ സഹായത്തോടെ പാലങ്ങളും റോഡുകളും തുറമുഖങ്ങളും നിര്‍മ്മിക്കുന്ന അതി ബൃഹത്തായ പദ്ധതിയാണിത്. ഇറ്റലി ചൈനയുമായുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും എതിര്‍പ്പുണ്ട്. ഫെബ്രുവരി ആദ്യവാരം ഇറ്റയില്‍ നടന്ന ‘Hug A Chineese’ (ഒരു ചൈനക്കാരനെ ആലിംഗനം ചെയ്യുക) കാംപെയിന്‍ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്. ഫ്‌ളോറന്‍സ് മേയര്‍ ഡാരിയോ നാര്‍ഡെല്ലയാണ് തുടക്കമിട്ടത്. കോവിഡ് വ്യാധിയുടെ പേരില്‍ ഇറ്റലിയില്‍ ചൈനക്കാര്‍ അനുഭവിക്കുന്ന വംശീയ വിവേചനത്തിനും വെറുപ്പിനും ഏതിരെ സന്ദേശം നല്‍കാനുള്ള ശ്രമമായിരുന്നു അത്. നൂറ് കണക്കിന് ഇറ്റാലിയന്‍ പൗരന്‍മാര്‍ ചൈനക്കാരെ ആലിംഗനം ചെയ്തും ചുംബിച്ചും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വാരിവിതറി. സാമൂഹികമായ അകലംപാലിക്കാന്‍ ലോകമെമ്പാടും പരസ്പരം ഉപദേശിക്കുന്ന കാലത്ത് ഇത്തരമൊരു സ്‌നേഹപ്രകടനം വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തി. മറ്റേതെല്ലാം രീതിയില്‍ ചൈനീസ് ജനതയോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാമായിരുന്നു എന്ന ചോദ്യം പലരും ഉന്നയിച്ചു.

പുറമേ നന്മപ്രകടനങ്ങള്‍ നടത്തുമ്പോഴും കോവിഡ് 19 തങ്ങളെ സംബന്ധിച്ചിടത്തോളം ഇറക്കുമതിരോഗമാണ് എന്ന നിലപാടിലായിരുന്നു ശരാശരി ഇറ്റലിക്കാരന്‍. പവിയ(Pavia) പ്രദേശത്തുകാരനായ ഒരു പാകിസ്ഥാനി ചെറുപ്പക്കാരനാണ് ഇറ്റലിയില്‍ രോഗംപടര്‍ത്തിയ ആദ്യത്തെ വ്യക്തി(Patient Zero) എന്ന അഭ്യൂഗം മാര്‍ച്ച് 5 ന് ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടിരുന്നു. കോവിഡ് പോസീറ്റീവാണെന്ന് കണ്ടെത്തിതിനെ തുടര്‍ന്ന് ക്വാറന്റീന്‍ ചെയ്യണമെന്ന നിര്‍ദ്ദേശം അവഗണിച്ച് ചൈനീസ്‌വിഭങ്ങളുടെ കൊറിയര്‍വിതരണം തുടരുകയായിരുന്നു ഇയാള്‍. ഇതൊരു ഫേക്ക് ന്യൂസ് ആണെന്ന് പിന്നീട് വെളിപ്പെട്ടു.

1.10 ലക്ഷം കോവിഡ് രോഗികളുള്ള ഇറ്റലിയില്‍ ഇപ്പോഴും അത്യാസന്ന നിലയില്‍ കഴിയുന്നത് ആയിരങ്ങളാണ്. പതിനായിരങ്ങള്‍ ദിവസവും രോഗികളാകുന്നു. ജനസംഖ്യയുടെ 23 ശതമാനംപേര്‍ 65 വയസ്സിന് മുകളിലുള്ള പ്രായംചെന്ന ജനത ആയതുകൊണ്ടാണ് ഇറ്റലി ഏറ്റവുമധികം മരണങ്ങള്‍ (13155) ഉണ്ടായതെന്നാണ് പൊതുവെ നാം പറയുക. ഇറ്റലിയേക്കാള്‍ ചൈനയുമായി വളരെ അടുത്തു കിടക്കുന്ന രാജ്യമാണ് ജപ്പാന്‍. ലോകത്തേറ്റവും കൂടുതല്‍ പ്രായംചെന്ന മനുഷ്യര്‍ ജീവിക്കുന്ന അവിടെ ജനസംഖ്യയുടെ 27 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരാണ്. ആദ്യഘട്ടത്തില്‍ തന്നെ രോഗം പൊട്ടിപുറപെട്ടിട്ടും 2384 പേര്‍ക്ക് മാത്രമാണ് ജപ്പാനില്‍ കോവിഡ് ബാധിച്ചത്. മരിച്ചതാകട്ടെ 58പേരും. ഇറ്റലിയിലെ കോവിഡ് മരണനിരക്ക് അമ്പരപ്പിക്കുന്നതാണ്-ഏതാണ്ട് 11% . സ്പെയിനും സമാനമായ നിരക്ക് (8.4%) കാണിക്കുന്നുണ്ട്. അതേസമയം ജര്‍മ്മനിയിലും ദക്ഷിണ കൊറിയയിലുമൊക്കെ ഒരു ശതമാനത്തിന് താഴെ ആളുകളേ മരിക്കുന്നുള്ളൂ. 2.25 ലക്ഷം പേര്‍ രോഗബാധിതരായ അമേരിക്കയില്‍ മരണനിരക്ക് 4.5% ആയി ഉയര്‍ന്നിട്ടുണ്ട്. എങ്കിലും അമേരിക്കയിലെ കോവിഡ് മരണങ്ങള്‍ (4609) ഇറ്റലിയിലും സ്പെയിനിലും(9053) സംഭവിച്ചതിനെക്കാള്‍ കുറവാണ്.

ഐസ് ലന്‍ഡ് പോലെയുള്ള രാജ്യങ്ങള്‍ സംശയമുള്ള ഏതാണ്ട് എല്ലാ ജനങ്ങളെയും (around 10% of total population) കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഇറ്റലിയില്‍ മരിച്ചതെല്ലാം വൃദ്ധരാണ് എന്നു നാം പറയാറുണ്ട്. ഇറ്റലിക്കാരുടെ ആയുര്‍ദൈര്‍ഘ്യം പ്രായം 82 വയസ്സാണ്. പ്രായമായാല്‍ പലതരംരോഗങ്ങളുണ്ടാവും, പ്രതിരോധവ്യവസ്ഥ മോശം അവസ്ഥയിലായിരിക്കും. എന്നാല്‍ ഇറ്റലിയില്‍ കോവിഡ്മൂലം മരിച്ചവരില്‍ 99 ശതമാനത്തിനും മറ്റെന്തെങ്കിലും ദീര്‍ഘകാല അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. അതേ 99%! ഇത് മാര്‍ച്ച 17 ന് (രോഗബാധിതര്‍ 28K, മരണം-2.5K, മരണനിരക്ക് 11.2%) ഇറ്റാലിയന്‍ നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിട്യൂട്ട് നല്‍കുന്ന വിവരമാണ്. മരിച്ചവരില്‍ 75% നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നു. 35% ന് പ്രമേഹം (https://www.bloomberg.com/…/99-of-those-who-died-from-virus…)

ഇറ്റലിയില്‍ മരിക്കുന്നവരില്‍ 12-14% പേര്‍ക്ക് മാത്രമേ മരണം കോവിഡ് മൂലം എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടുന്നുള്ളു എന്നാണറിയുന്നത്. ഡോക്ടര്‍മാര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ തീര്‍ച്ചയില്ല. People die with covid, not of covid! നിരവധി സങ്കീര്‍ണ്ണതകള്‍ അവിടെ കടന്നുവരുന്നുണ്ട്. ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലെത്തുന്നവരില്‍ 5-10% മാത്രമേ മരിക്കാറുള്ളൂ. അതാണ് ലോകശരാശരി. കോറോണ ബാധമൂലമോ അല്ലാതെയോ ന്യൂമോണിയ ഉണ്ടായാല്‍ രോഗിക്ക് കിട്ടുന്നത് ഒരേ രോഗമായിരിക്കുമെങ്കിലും അനന്തരഫലം സമാനമാകണമെന്നില്ല. കോറോണ വൈറസുകള്‍ ശ്വാസകോശത്തില്‍ കൂടുതല്‍ ദ്രവം നിറച്ച് സ്ഥിതി വഷളാക്കികൊണ്ടിരിക്കും. പ്രായത്തിന്റെയും അനുബന്ധരോഗങ്ങളുടെ പ്രശ്നങ്ങള്‍കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഏകകാരണം അസംഭവ്യമാണ് എന്ന പ്രപഞ്ചനിയമം തന്നെയാണ് ഇവിടെയും ബാധകം.

കോവിഡിനെക്കുറിച്ച് ലോകം എന്തിന് ഇത്രയധികം ആശങ്കപെടുന്നു? സര്‍വതും അടിച്ചിട്ട് കൂറ്റന്‍ സാമ്പത്തികനഷ്ടം വരുത്തുന്നു?നിയന്ത്രണ നടപടികള്‍ ഇല്ലെങ്കില്‍ അമേരിക്കയില്‍ 1.5-2.2 ദശലക്ഷംപേര്‍ കോവിഡ് പിടിപെട്ട് മരിക്കാം എന്നാണ് ഡോ ഡിബോറോ ബിക്‌സും ഡോ അന്റണി ഫൗച്ചിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന യു.എസ് പ്രസിന്റിന്റെ മോഡല്‍ പറയുന്നത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇത് 24000 കടക്കില്ല. ഓര്‍ക്കുക, ശരാശരി 30000-35000 പേരാണ് അമേരിക്കയില്‍ എല്ലാവര്‍ഷവും വരുന്ന influenza മൂലം മരിക്കുന്നത്. മുപ്പത് ലക്ഷംപേര്‍ക്കാണ് രോഗംബാധിച്ചത്. അമേരിക്കകാര്‍പോലും അത് വലിയ വാര്‍ത്തയായി കണ്ടില്ല. ഈ കണക്കനുസരിച്ച് മാര്‍ച്ച് മാസംപോലും കോവിഡ് മൂലം മരിച്ചവരെക്കാള്‍ കൂടുതല്‍പേര്‍ അമേരിക്കയില്‍ ഫ്‌ളൂ മൂലം മരിച്ചിട്ടുണ്ട്! ഇന്ത്യയിലേക്ക് വന്നാല്‍, പ്രതിരോധ മരുന്ന് ഉണ്ടായിട്ടും പ്രതിവര്‍ഷം രണ്ടര ലക്ഷമാണ് TB പിടിപെട്ട് മരിക്കുന്നത്. അതേസമയം, കോവിഡ് 19 മൂലം ഇന്ത്യയുടെ മിനിമം നഷ്ടമായി പല മോഡലുകളും പരിഗണിക്കുന്നത് 9000-10000 പേരാണ്(ചൈനയുടെ മൂന്നിരട്ടി). പരമാവധി എത്ര? ഒരു പിടിയുമില്ല. ഇന്ത്യയിലെ ശരാശരി മരണനിരക്ക് 7.3/1000 ആണ്. ഓരോ വര്‍ഷവും ശരാശരി 1 കോടി ജനങ്ങള്‍ ഇന്ത്യയില്‍ പല കാരണങ്ങളാല്‍ മരിക്കുന്നു.

കോവിഡ് 19 ഇന്ത്യയില്‍ ആഞ്ഞടിച്ചാലും ഇതില്‍ നേരിയ വര്‍ദ്ധന മാത്രമേ ഉണ്ടാകുകയുള്ളൂ. രോഗവും മരണങ്ങളും അപരിചിതമായതുകൊണ്ടല്ല കോവിഡ് വ്യാപനത്തെ ലോകജനത ആശങ്കയോടെ കാണുന്നതെന്ന് സാരം. പകര്‍ച്ചവ്യാധികള്‍ മനുഷ്യരെ വല്ലാതെ ഭയപെടുത്തും, വിശേഷിച്ചും ചികിത്സ കണ്ടുപിടിച്ചിട്ടില്ലെങ്കില്‍. ഏപ്രിലില്‍ ഇറ്റലിയിലെ രോഗാവസ്ഥ മൂര്‍ദ്ധന്യത്തിലെത്തുമെന്നും ജൂണ്‍-ജൂലൈ മാസങ്ങളില്‍ കെട്ടടങ്ങുമെന്നുമാണ് ഇപ്പോഴത്തെ കമ്പ്യൂട്ടര്‍-ഗണിത മാതൃക പ്രൊജക്ഷനുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാംവരവുണ്ടായാല്‍ ആദ്യത്തേത് പോലെ ശക്തമായിരിക്കില്ലെന്നും. രണ്ടാംലോകയുദ്ധത്തിന് ശേഷം ഇത്ര വലിയൊരു ആഘാതം ഇറ്റലി നേരിട്ടിട്ടില്ല. ഇവിടെ ശത്രു അദൃശ്യനാണെന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം. ദുരന്തങ്ങള്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സംഭവിക്കും എന്നു ചിന്തിക്കാന്‍ മനുഷ്യമസ്തിഷ്‌കം അശക്തമാണ്. എന്തിന് കൊറോണ വൈറസ് ഇറ്റലിയെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്നു എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സ്വാഭാവികമാണ്. ശത്രുവിനെ തിരയല്‍ അവിടെ ആരംഭിക്കുന്നു.

 

Loading


About Ravichandran C

Freethinker, Speaker, Writer, Teacher, Blogger...

View all posts by Ravichandran C →