ഇന്നുരാത്രി വിടുതല്‍ ലഭിക്കും, നാളെ പുലര്‍ച്ചെ കെട്ട് വിട്ടുപോകും എന്നൊക്കെ വാഗ്ദാനപെരുമഴ ചൊരിയുന്ന മതലഹരിപ്രസ്ഥാനങ്ങളില്‍നിന്നും വിടുതല്‍ ലഭിക്കാനാവാതെ കൂടുതല്‍ മതംഭക്ഷിക്കാന്‍ വിശ്വാസികള്‍ കുറിപ്പടി തേടി നടക്കുന്നതാണ് കൊറോണക്കാലത്തെ ഏറ്റവും വലിയ അശ്ലീല കാഴ്ച. സ്ഥിരം ഉപയോഗിക്കുന്ന സാധനംതന്നെ അഞ്ചുനേരം വരെ വെള്ളംതൊടാതെ അടിക്കണമെന്ന് ആവേശപൂര്‍വം കുറിപ്പടി എഴുതികൊടുക്കാന്‍ ‘മതഡോക്ടര്‍മാര്‍’ റെഡിയാണ്. തങ്ങളുടെ ആചാരങ്ങള്‍ കോവിഡ് നിയന്ത്രിക്കാന്‍ ഉപകാരപ്പെടുന്നു എന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട് എന്നാണ് മതലഹരികൊണ്ട് കഷ്ടപെടുന്നവരുടെ മറ്റൊരു കൂട്ടരുടെ പ്രചരണം. രാത്രിയില്‍ കൈകളുയര്‍ത്തി കൂട്ടിയടിച്ച് ഒച്ചവെച്ചാല്‍ സ്ഥലത്തെ കൊതുകുകളെല്ലാം നശിക്കുമെന്ന് പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ അവകാശപെടുന്നതിന് സമാനമാണ് വിശ്വാസികളുടെ പല കൊറോണ അവകാശവാദങ്ങളും. സര്‍ക്കാര്‍ രോഗം ഭേദപ്പെട്ടാല്‍ സര്‍ക്കാര്‍ ചെലവില്‍ തന്നെ സാക്ഷ്യം പറയണമെന്ന പുതിയ ഐറ്റവും പ്രത്യക്ഷപെട്ടിട്ടുണ്ട്. ഇവരെല്ലാം ഏകസ്വരത്തില്‍ പറയുന്ന കാര്യം ഒന്നുതന്നെ: ഞാന്‍ അടിച്ച സാധനമാണ് എന്നെ രക്ഷപെടുത്തിയത്, നീ അടിച്ചാല്‍ നീയുംകുടുംബവും രക്ഷപെടും!
ആറ്റുകാല്‍ പൊങ്കാല മുതല്‍ ദല്‍ഹിയിലെ നിസാമുദ്ദീന്‍ പള്ളി വരെയുള്ള കോവിഡ് സാഹസങ്ങള്‍ കണ്ട് പൊതുസമൂഹം ആകെ മരവിച്ചിരിക്കുകയാണ്. പൊതുധാര്‍മ്മികത, പൊതുജനാരോഗ്യം, പൊതുക്രമസമാധാനം എന്നിവ ഹനിക്കാത്ത രീതിയില്‍ ഏത് അന്ധവിശ്വാസവും ആചരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം എല്ലാ പൗരന്‍മാര്‍ക്കുമുണ്ട്. പക്ഷെ ഈ മൂന്ന് ഉപാധികളും ലംഘിച്ചുകൊണ്ടുള്ള മതാചാരമാണ് കോറോണകാലത്ത് ന്യൂനപക്ഷം വരുന്ന മതവിശ്വാസികളില്‍ നിന്നുണ്ടാകുന്നത്. ഏതെങ്കിലും ഒരു മതവുമായി മാത്രം ബന്ധപെട്ടോ ഇന്ത്യയില്‍ മാത്രമോ അല്ല ഈ പ്രശ്‌നമുള്ളത്. മതംതിന്ന് ജീവിക്കുന്ന മനുഷ്യര്‍ എവിടെയാണെങ്കിലും സമാനമായി പെരുമാറും എന്നാണ് കാണേണ്ടത്.
DW എന്ന ജര്‍മ്മന്‍ വാര്‍ത്താചാനലിന്റെ ഇംഗ്ലിഷ് പേജില്‍ ഹാരുണ്‍ ജനുജ കൊറോണവൈറസും പാകിസ്ഥാനും എന്ന തലവാചകത്തില്‍ ഇന്നലെ ഒരു ലേഖനം എഴുതിയിട്ടുണ്ട്((https://www.dw.com/…/coronavirus-and-islam-paki…/a-52969639…) കഴിഞ്ഞയാഴ്ച പാകിസ്താനില്‍ പ്രസിഡന്റ് ആരിഫ് അല്‍വി പ്രവിശ്യഗവര്‍ണ്ണമാരുടെയും സുന്നി-ഷിയ മതപണ്ഡിതരുടെയും ഒരു മീറ്റിംഗ് വിളിച്ച് കൊറോണ കാലത്ത് പള്ളികള്‍ അടച്ചിടേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്താന്‍ ശ്രമിച്ചിരുന്നു. ”സാധ്യമല്ല, ഒരു ഇസ്ലാമിക രാജ്യത്ത് ഒരു സാഹചര്യത്തിലും സാധ്യമല്ലാത്ത കാര്യമാണത്”-എന്നായിരുന്നു അല്‍വിക്ക് ലഭിച്ച മുഖത്തടിച്ച്ത് പോലുള്ള മറുപടി. പാകിസ്ഥാന്‍ ഏറെ കഷ്ടപെടാന്‍ പോകുന്നു എന്ന് വ്യക്തം. തബ്ലീലിഗ് ജമാഅത്ത് എന്ന തീവ്രവിശ്വാസികളുടെ സംഘടനയുടെ ഇന്ത്യന്‍-പാകിസ്ഥാന്‍ നേതൃത്വം തങ്ങളുടെ അനുയായികളോട് ആഹ്വാനം ചെയ്തുകൊണ്ടിരുന്നത് കൊറോണകാലത്ത് പള്ളികളില്‍ ചെന്ന് പ്രാര്‍ത്ഥിക്കനാണ്. ആദ്യ കോവിഡ്‌കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഫ്രെബ്രുവരി 27 ന് തന്നെ ഉംറ തീര്‍ത്ഥാടനം വിലക്കി സൗദിഅറേബ്യ ഒരു വന്‍ദുരന്തം ഒഴിവാക്കി. പക്ഷെ കോവിഡ് പിടിപെട്ട് ആളുകള്‍ മരിച്ചിട്ടും ഇറാന്‍ ഖൂമിലേക്കുള്ള ഷിയ തീര്‍ത്ഥാടനം നിറുത്തിവെച്ചില്ല. ഇറാനില്‍ ഇന്ന് കോവിഡ് രോഗികള്‍ 45000, മരണസംഖ്യ മൂവായിരത്തോട് അടുക്കുന്നു. സൗദിയില്‍ (രോഗബാധിതര്‍-1563, മരണം-10) ഇപ്പോഴും സ്ഥിതി നിയന്ത്രണാധീനം.
ഇസ്രായേലില്‍ കൊറോണ രോഗബാധിതരില്‍ 40-60 ശതമാനംവരെ രാജ്യത്തെ ജനസംഖ്യയുടെ കേവലം 12 ശതമാനം വരുന്ന ഈ അതിതീവ്ര യഥാസ്ഥിക വിഭാഗങ്ങളില്‍പെട്ട ജൂതരാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.(https://www.nytimes.com/…/coronavirus-israel-cases-orthodox…). ടെല്‍ അവീവിന്റെ ഉള്‍പ്രദേശത്തുള്ള ബെനിബ്രാക് (Bnei Brak) എന്ന സ്ഥലത്തെ നിവാസികളില്‍ 95% ജനങ്ങളും അതിതീവ്ര യാഥാസ്ഥിക ജൂതരാണ്. ജാവന്‍ കളഞ്ഞും മതാചാരങ്ങള്‍ വെള്ളംചേര്‍ക്കാതെ പിന്തുടരുന്നവര്‍. അവിടുത്തെ കോവിഡ്ബാധിതരുടെ എണ്ണം ഇന്നലെ ഒരു ദിവസംകൊണ് 267 ല്‍നിന്നും 571 ആയി വര്‍ദ്ധിച്ചുവത്രെ. ഇവര്‍ കൂട്ടമായി പാര്‍ക്കുന്ന മേഖലകളില്‍ രോഗബാധ ഇസ്രായേലിലെ മറ്റുള്ള ഇടങ്ങളില്‍ ഉള്ളതിനെക്കാള്‍ 4-8 ഇരട്ടിവരെയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സര്‍ക്കാര്‍ വിലക്കുകള്‍ പാലിക്കാന്‍ മാത്രമല്ല കോവിഡ് ടെസ്റ്റുകള്‍ നടത്താനും വിസമ്മതിക്കുന്നതിനാല്‍ ഇവര്‍ക്കിടയില്‍ എത്ര രോഗികളുണ്ടെന്നറിയാന്‍ എളുപ്പമല്ല. സര്‍ക്കാരില്‍ വിശ്വസമില്ലാത്ത, ഇക്ട്രോണിക് ഉപകരണങ്ങളോട് അലര്‍ജിയുള്ള ഇവര്‍ക്ക് വലിയ കുടുംബങ്ങളാണുള്ളത്. നേതാക്കള്‍ക്കാകട്ടെ,ശാസ്ത്രബോധം കട്ട അലര്‍ജിയും. ഇസ്രയേലി ജനതയും ‘ദൈവഭയമുള്ളവര്‍’ എന്നറിയപ്പെടുന്ന ഇക്കൂട്ടരും തമ്മില്‍ ഇതിനകം ഈ വിഷയത്തില്‍ കടുത്ത അഭിപ്രായഭിന്ന ഉടലെടുത്തു കഴിഞ്ഞു. കൊറോണക്കാലത്തും സാമൂഹിക അകലംപാലിക്കാതെ കൂട്ടായ്മകള്‍ നടത്തുന്നതിന്റെ വീഡിയോകള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രസരിപ്പിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ബെനി ബ്രാക്കില്‍ ശനിയാഴ്ച നടന്ന ഈ വിഭാഗത്തില്‍പെട്ട ഒരു റാബിയുടെ ശവസംസ്‌കാര ചടങ്ങില്‍ നൂറ് കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഇവരെ കുറെക്കൂടി യാഥാര്‍ത്ഥ്യബോധമുള്ള മതവിശ്വാസികള്‍കൂടി അടങ്ങിയ പൊതുസമൂഹവും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘കൊലയാളികള്‍’ എന്നുവരെ അവര്‍ക്കെതിരെ അധിക്ഷേപങ്ങളുണ്ടായി.
മതവിശ്വാസികള്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു? കേരളത്തില്‍ ഒന്നേകാല്‍കോടി മദ്യപാനികളുണ്ടെന്നാണ് കണക്ക്. അതില്‍ ആറ് ലക്ഷം മദ്യത്തിന് അടിമകളാണ്. അതായത് 1.20 കോടിക്കും മദ്യമില്ലെങ്കിലും വേണമെങ്കില്‍ പിടിച്ചുനില്‍ക്കാം. എന്നാല്‍ മദ്യാസക്തിമൂലം രോഗികളായവരുടെ കാര്യം അതല്ല. മദ്യമില്ലെങ്കില്‍ പ്രാണവായു നഷ്ടപെട്ട പോലെയാണവരിലും പലരും പെരുമാറുക. പ്രാണവായു നിഷേധിക്കപെട്ടാല്‍ മുന്നില്‍ എന്താണെന്ന് പോലും ശ്രദ്ധിക്കാന്‍ നമുക്കാവില്ലല്ലോ. കണ്ടുനില്‍ക്കുന്നവര്‍ക്ക് ദയനീയമായി തോന്നും. മദ്യത്തെക്കാള്‍ കടുത്ത ലഹരിയാണ് മതം കുത്തിവെക്കുന്നത്. കേരളത്തില്‍ രണ്ടര കോടി മതവിശ്വാസികള്‍ ഉണ്ടെങ്കില്‍ അതില്‍ പത്ത് ശതമാനമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ മതരോഗികളാണ്. കോവിഡ് കാലത്ത് പൊങ്കാലയിടാനും ആയിരക്കണക്കിന് കിലോമീറ്റര്‍ യാത്രചെയ്ത് തബ്ലീഗ് മീറ്റില്‍ പങ്കെടുക്കാനും പ്രാദേശിക ഉത്സവങ്ങളില്‍ ചെന്ന് കുതിരയെടുത്ത് കുത്തിമറിയാനും പോകുന്ന ഇക്കൂട്ടര്‍ ഇതൊക്കെ ചെയ്തില്ലെങ്കില്‍ തങ്ങള്‍ക്ക് എന്തോ ആനമുട്ട നഷ്ടപെടുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരാണ്. കാട്ടിക്കൂട്ടുന്നതൊക്കെ മുകളിലിരുന്ന് ആരോ കണ്ട് മാര്‍ക്കിടുന്നുണ്ടെന്ന് അവര്‍ കരുതുന്നു. അത്തരം വിഭ്രാന്തി ഉല്‍പ്പന്നങ്ങളുമായി അവര്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മദ്യരോഗികള്‍ക്ക് ധനികരായാല്‍ എന്തുണ്ടാകുമോ അതായിരിക്കും മതരോഗികള്‍ക്ക് കൂടുതല്‍ അക്കാദമിക് വിദ്യാഭ്യാസം കിട്ടിയാല്‍ സംഭവിക്കുക. സമ്പന്നനായ മദ്യരോഗി നിലവാരമുള്ള മദ്യം കൂടിയ അളവില്‍ അകത്താക്കി വീമ്പുപറഞ്ഞു നടക്കും. വിദ്യാഭ്യാസമുള്ള മതരോഗി കൂടുതല്‍ പോഷകമൂല്യമുള്ള മതം ഭക്ഷിക്കും. അതവസാനം ആടുമേയ്ക്കലിലും ബെല്‍റ്റ് ബോംബിലും വരെ ചെന്നെത്താം.
മുന്നോട്ടുപോകുന്തോറും പ്രസക്തി വര്‍ദ്ധിക്കുന്ന താരതമ്യമാണ് മതവും മദ്യവും തമ്മിലുള്ളത്. മദ്യരോഗികളെ ചികിത്സിച്ച് മാറ്റാന്‍ പൊതുസമൂഹം അനുവദിക്കും. വ്യക്തിയും സമൂഹവും മദ്യപരെ സ്വാഗതംചെയ്യുന്നില്ല. അവര്‍ക്ക് തെറ്റുപറ്റി എന്നാണ് സമൂഹവും അവരും ചിന്തിക്കുന്നത്. സ്വന്തം ചെയ്തികളില്‍ മദ്യരോഗികള്‍ പൊതുവെ അഭിമാനിക്കാറില്ല. മദ്യത്തില്‍നിന്നും മോചനം അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. മദ്യരോഗികള്‍ക്ക് മദ്യപര്‍ക്കിടയില്‍ നിന്നുതന്നെ കടുത്ത അപമാനംനേരിടേണ്ടി വരാറുണ്ട്. നേരെ തിരിച്ചാണ് മതരോഗികളുടെ കാര്യം. അവരെ പരിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത് മതഭയമുള്ള പൊതുസമൂഹം ഇഷ്ടപെടുന്നില്ല. ആചാരശുദ്ധിയോടെ ശരിയായ മതം പിന്തുടരുന്ന ഇവര്‍ വിട്ടുവീഴ്ചകളോ വെള്ളംചേര്‍ക്കലുകളോ ചെയ്യാത്തവരാണ് എന്ന ധാരണയാണ് അവരും മതവിശ്വാസികളില്‍ മഹാഭൂരിപക്ഷവും വെച്ചുപുലര്‍ത്തുന്നത്. തങ്ങള്‍ക്കത് സാധിക്കാത്തതിലെ കുറ്റബോധവും വിശ്വാസികള്‍ക്കുമുണ്ട്. സ്വാഭാവികമായും ചികിത്സയും ശുദ്ധീകരണവും തങ്ങള്‍ക്കാണെന്നും അവര്‍ കരുതുന്നു.
ഏതൊരു രോഗവും ചികിത്സിച്ച് ഭേദമാക്കാന്‍ ആദ്യംവേണ്ടത് രോഗമുണ്ടെന്ന് അംഗീകരിക്കുയും തിരിച്ചറിയുകയുമാണ്. കൊറോണക്കാലത്ത് മദ്യരോഗികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ കയ്യില്‍ നില്‍ക്കുന്നില്ല. But they are chemically helpless. കേരളത്തില്‍മാത്രം ആറ് പേര്‍ വിടുതല്‍ ലക്ഷണങ്ങളുടെ സമ്മര്‍ദ്ദംമൂലം ആത്മഹത്യ ചെയ്തു. പക്ഷെ അവര്‍ക്ക് കോവിഡ് പരത്തണമെന്ന് നിര്‍ബന്ധമില്ല. മതരോഗികളുടെ കാഴ്ചപാട് അതല്ല. ലോക്ക്ഡൗണ്‍കാലത്തും പ്രാര്‍ത്ഥനയും പൂജയും മന്ത്രവുമൊക്കെയായി പൊതുസമൂഹത്തിന് ഭീഷണിയാകുന്നതില്‍ അവര്‍ക്ക യാതൊരു മനപ്രയാസവുമില്ല. സഹജീവികള്‍ക്ക് എന്തു സംഭവിച്ചാലും തങ്ങളുടെ ആനമുട്ട പൊട്ടരുത് എന്ന സ്വാര്‍ത്ഥതയാണ് അവരെ ഭരിക്കുന്നത്. സാധാരണ തങ്ങള്‍ക്ക് നേരെ ഉയരുന്ന നിസ്സാര വിമര്‍ശനങ്ങളെപോലും ‘വ്രണപെടല്‍’ ആയുധം ഉപയോഗിച്ച് ചെറുത്തുകൊണ്ടിരുന്ന ഇക്കൂട്ടര്‍ അടിവാങ്ങിയാലും വ്രണപെടാത്ത അവസ്ഥയില്‍ എത്തിയതിന്റെ പിന്നിലെ മാനസികാവസ്ഥ അമിതമതാസക്തിയില്‍ നിന്നു വരുന്നതാണ്. ഈ രോഗികള്‍ക്ക് സാധാരണ വിശ്വാസികളുടെ മുകളിലുള്ള സ്വാധീനമുണ്ടെന്നതാണ് മതത്തെ ഒരു സാമൂഹികസ്ഥാപനം എന്ന നിലയില്‍ അപകടകരമാക്കുന്നത്. സ്വയം നശിപ്പിക്കുന്നു എന്നതല്ല സഹജീവികളെകൂടി നശിപ്പിക്കുന്നു എന്നതാണ് അവിടെ പൊറുക്കാനാവാത്ത കുറ്റം. മതത്തിന് എന്ത് കൊറോണ?!