This is a poster received. യുഗങ്ങള്‍തോറുംവരുമെന്ന് വയലാര്‍ പാടിയിട്ടുണ്ട്. അതുപോലെ ഒരോ നൂറ് വര്‍ഷംകൂടുമ്പോഴും കലണ്ടറും വാച്ചുംനോക്കി പ്രകൃതി/ഈശ്വര്‍/മക്രോണി/മുകളില്‍ ഇരിക്കുന്നവന്‍/താഴെകിടക്കുന്നവന്‍… അങ്ങനെ ആരൊക്കയോ മനുഷ്യനെ കളി പഠിപ്പിക്കാന്‍ ദുരന്തങ്ങളും പരീക്ഷകളും അയക്കുന്നു എന്നതാണ് ഈ പോസ്റ്റര്‍ മുന്നോട്ടുവെക്കുന്ന ഡിങ്കോലാഫി. പ്രപഞ്ചചലനങ്ങള്‍ക്ക് പിന്നില്‍ ഒരു പ്രാപഞ്ചിക ഘടികാരം(cosmic clock) ഉണ്ട്, അഹങ്കാരിയും സ്വാര്‍ത്ഥനും ജോസ്പ്രകാശുമായ മനുഷ്യന്‍ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു… പ്രകൃതി കലണ്ടര്‍ നോക്കി കൃത്യമായി പണി കൊടുക്കുന്നു… ഇതാണ് സിദ്ധാന്തം. ആത്മീയവാദികളും ചില ശാസ്ത്രപണ്ഡിതരുമൊക്കെ ഇത്തരം പ്രാകൃതവാദങ്ങള്‍ ഉന്നയിക്കുന്നത് കാണാം.
ഈ നൂറ് വര്‍ഷത്തെ കണക്കും കഷ്ടപെട്ട് ഒപ്പിച്ചെടുത്തതാണ്. കോവിഡ് കണ്ടെത്തുന്നത് 2019 നവമ്പറിലാണ്. അതുകൊണ്ടാണ് അതിനെ covid19 എന്ന് വിളിക്കുന്നത്. സ്പാനിഷ് ഫ്‌ളൂ 1918-1920 കാലഘട്ടത്തില്‍. പത്തൊമ്പാതാംനൂറ്റാണ്ടില കോളറയുടെ കാലഘട്ടം 1817-1824 ആണ്. പതിനെട്ടാംനൂറ്റാണ്ടിലെ പ്ലേഗിന്റെ കാര്യത്തില്‍, ഫ്രാന്‍സ് (1720-1722), അമേരിക്കന്‍ കോളനികള്‍-1721-22, 1729, 1732-33, സ്‌പെയിന്‍-1730, കാനഡ, ന്യൂഫ്രാന്‍സ്-1733… എന്നിങ്ങനെയാണ് സമയക്രമം.
നീലക്കുറിഞ്ഞി പന്ത്രണ്ട് വര്‍ഷംകൊണ്ട് പൂക്കുന്നത് വ്യാഴത്തിന്റെ പ്രദക്ഷിണം അനുസരിച്ചാണ് എന്നൊക്കെ തട്ടിവിടുന്നതു പോലെയാണിതും. വ്യാഴം സൂര്യനെ ചുറ്റുന്നത് 11.862 ഭൗമവര്‍ഷങ്ങള്‍ കൊണ്ടാണ്. അതായത്, 12 വര്‍ഷം തികയാന്‍ 50 ദിവസത്തിലധികം കുറവ്. നീലക്കുറിഞ്ഞി അഥവാ സ്‌ട്രോബിലാന്തസ് കുന്തിയന(Strobilanthes kunthiana) എന്ന അക്കന്‍തേഷ്യ(Acanthaceae) കുടുംബത്തില്‍ പെട്ട ചെടികള്‍ കൃത്യമായും പന്ത്രണ്ടാം വര്‍ഷമാണോ പൂക്കുന്നത്? അല്ല എന്നാണ് ഉത്തരം. ഈ ജനുസ്സില്‍ ലോകമെമ്പാടുമായി ഏതാണ്ട് അഞ്ഞൂറിലധികം സ്പീഷിസുകളുണ്ട്. അതില്‍ 50 എണ്ണം മാത്രമേ ഇന്ത്യയിലുള്ളു. മൊത്തം ഇനങ്ങള്‍ പരിഗണിച്ചാല്‍ പുഷ്പ്പിക്കല്‍ കാലം ഒരു വര്‍ഷം മുതല്‍ 16 വര്‍ഷം വരെ വ്യത്യാസപ്പെടുന്നുണ്ട്. അതായത് എല്ലായിനം നീലക്കുറിഞ്ഞിക്കും വ്യാഴത്തോട് പ്രേമമില്ല! ബാക്കിയെല്ലാം മനോസിദ്ധാന്തമനുസരിച്ചുള്ള ഒപ്പിച്ചുവെക്കലാണ്.
മനുഷ്യന്റെ പെരുമാറ്റത്തില്‍ പ്രകൃതി ഒട്ടും ഹാപ്പിയല്ല. കൊറോണ പ്രകൃതിയെ മാനഭംഗപെടുത്തിയതിനുള്ള തിരിച്ചടിയാണ്. മനുഷ്യന്‍ മക്രോണിയെ മറന്ന് പുഴുക്കളെപോലെ അഹങ്കരിച്ച് മദിച്ചപ്പോള്‍ ഓര്‍ത്തില്ല എല്ലാം പലിശകൂട്ടി തിരികെകിട്ടുമെന്ന്… എന്നൊക്കെ പറയുന്നത് കഴമ്പില്ലാത്ത നിഗൂഡതാവാദമാണ്. ഇതുവഴി പ്രകൃതി-പരിസ്ഥിതി സംരക്ഷണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നല്ലത്. പരിസ്ഥിതിസംരക്ഷണം അനിവാര്യമാണ്;വിശേഷിച്ചും ആഗോളതാപനഭീഷണി മനുഷ്യരാശിയെ തുറിച്ചുനോക്കുമ്പോള്‍. പക്ഷെ പ്രകൃതിക്ക് ഒരു നിഗൂഡതാളമുണ്ട്. തെറ്റിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും, ചരിത്രം പരിശോധിച്ചാല്‍ എല്ലാ യുഗങ്ങളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്.. എന്നൊക്കെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മറ്റൊരു അന്ധവിശ്വാസം എന്നേ പറയാനാവൂ.
നിങ്ങള്‍ തുണിമാറുന്നതും ചക്കരകഞ്ഞി തിളപ്പിക്കുന്നതും പിറുപിറുക്കുന്നതും ശ്രദ്ധിച്ച് അയണോസ്പിയറിന്റെ അറ്റത്ത് കരുണാനിധിയായ ഒരു കാമറാമാമന്‍ ഉണ്ട്… എന്നുതുടങ്ങുന്ന മതരാഗത്തിലുള്ള മദ്രസാവാദവുമായി യാതൊരു വ്യത്യാസവും ഇവിടെയില്ല. കൂടുതല്‍ ഡൈക്കറേഷന്‍ ആവശ്യമില്ല. രണ്ടും ഒറ്റ ചരക്കാണ്. പ്രപഞ്ചത്തില്‍ തങ്ങള്‍ക്കിഷ്ടപെട്ട ശരികളും ഘടനകളും ക്രമങ്ങളും കല്‍പ്പിച്ചെടുക്കാനുള്ള മതാത്മകമനസ്സിന്റെ അത്യാഗ്രഹം രണ്ടിടത്തും പ്രകടം. പ്രിയപെട്ട അന്ധവിശ്വാസങ്ങളുടെ ‘തെളിവുകള്‍’ പ്രപഞ്ചത്തിലുടനീളം കണ്ടെത്താന്‍ നിങ്ങളുടെ മസ്തിഷ്‌കം സഹായിക്കും. പക്ഷെ അത് തെളിവാണ് എന്ന് തോന്നുന്നത് നിങ്ങള്‍ക്ക് മാത്രമാണ് എന്നതാണ് വിഷയം. അന്യമതജീവികള്‍പോലും അവഗണിക്കും.
മാനുഷിക വികാരവിചാരങ്ങളും പ്രതികാരബുദ്ധിയുമൊക്കെ പ്രകൃതിയില്‍ ആരോപിക്കുന്നത് സാഹിത്യബുദ്ധിയാണ്. Pathetic fallacy എന്നാണതിന്റെ വിളിപ്പേര്. അതൊരു ന്യായവൈകല്യമാണ്. സാഹിത്യത്തില്‍ പടം ഓടും;വേറെങ്ങും ഓടില്ല. മനുഷ്യരുണ്ടാക്കിയ കലണ്ടറും ഘടികാരവും നോക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളായി പ്രപഞ്ചത്തെയും പ്രകൃതിയേയും വിശദീകരിക്കുന്നത് അല്പത്തരമാണ്. ഭൗമപരിസ്ഥിതി വരുംതലമുറയ്ക്ക് കൂടി ഉപകാരപെടുന്ന രീതിയില്‍ ഉപയോഗിച്ചാല്‍ നമുക്ക് കൊള്ളാം. അതും നമ്മുടെ സ്വാര്‍ത്ഥതയാണ്. നാം പരിസ്ഥിതിസംരക്ഷണവാദം പറയുന്നത് പരിസ്ഥിതിക്ക് വേണ്ടിയല്ല, നമുക്ക് വേണ്ടിയാണ്. ‘സ്പീഷിസ് സ്പിരിറ്റ് ‘കാണിച്ചാലേ ദീര്‍ഘകാലം ഈ ഭൂമിയില്‍ അടിച്ചടിച്ച് നില്‍ക്കാനാവൂ. കുടിവെള്ളം കലക്കിയാല്‍ ചെളി വായില്‍പോകും. അത് വെള്ളത്തിന്റെ തിരിച്ചടിയല്ല, നിങ്ങളുടെ മാറത്തടി മാത്രം.